ജെനവീവ് അടുക്കളയിൽ ചെല്ലുമ്പോൾ
സിങ്കിനുള്ളിൽ കിടക്കുന്ന പാത്രങ്ങൾ കഴുകുകയായിരുന്നു ജൂലി ലെഗ്രാൻഡ്.
“മദാം ലെഗ്രാൻഡ്, ബ്രേക്ക്ഫസ്റ്റ്
ഗംഭീരമായിരുന്നു…” പാത്രം തുടയ്ക്കാനുള്ള ടവൽ ജെനവീവ് കൈയിലെടുത്തു.
“ഞാൻ സഹായിക്കട്ടെ…?”
“എന്നെ ജൂലി എന്ന് വിളിച്ചാൽ മതി ഷെറീ…” ഊഷ്മളമായി പുഞ്ചിരിച്ചു കൊണ്ട് അവർ പറഞ്ഞു. (ഷെറി
- ഡാർലിങ്ങ് എന്നതിന്റെ ഫ്രഞ്ച് പദം)
പെട്ടെന്നാണ് അവൾക്ക്
ഓർമ്മ വന്നത്, ഹോർടെൻസ് ആന്റി എപ്പോഴും തന്നെ ഷെറി എന്നാണ് വിളിച്ചിരുന്നതെന്ന്. തന്നെ
മാത്രമേ അവർ അങ്ങനെ വിളിക്കാറുള്ളൂ. ആൻ മേരിയെ അങ്ങനെ വിളിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ല.
ജൂലി ലെഗ്രാൻഡിനോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല
അവൾക്ക്. ഒരു പ്ലേറ്റ് കൈയിലെടുത്ത് പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. “ഞാൻ ജെനവീവ്…”
“എല്ലാം ഓകെയല്ലേ…?”
“അതെ… ആ മാർട്ടിൻ ഹെയർ… നല്ലൊരു മനുഷ്യൻ, അല്ലേ…?”
“അപ്പോൾ ക്രെയ്ഗ്…?” ജൂലി ചോദിച്ചു.
ജെനവീവ് ചുമൽ ഒന്ന് വെട്ടിച്ചു.
“ഓ, അദ്ദേഹത്തിനെന്താ കുഴപ്പം…? തികച്ചും മാന്യൻ…”
“എന്ന് വച്ചാൽ നീ അദ്ദേഹത്തെ
വളരെയേറെ ഇഷ്ടപ്പെടുന്നുവെന്ന്…” ജൂലി ഒരു നെടുവീർപ്പിട്ടു. “തീരുമാനങ്ങൾ എടുക്കാൻ
എളുപ്പമാണ് ഷെറീ… പക്ഷേ, ഒരു കാര്യം ഓർക്കണം, അപകടം നിറഞ്ഞ ദൗത്യങ്ങളിലേക്ക്
ഇടംവലം നോക്കാതെ ഇറങ്ങിത്തിരിക്കുന്ന സ്വഭാവക്കാരനാണ്…”
“ആ ജോ എഡ്ജ് ആളെങ്ങനെ…?” ജെനവീവ് ചോദിച്ചു.
“ചെളിക്കുഴിയിൽ നിന്നും
കയറി വന്നവൻ… അവനിൽ നിന്നും അകലം പാലിക്കുന്നതാണ് നല്ലത്…”
പ്ലേറ്റുകൾ തുടച്ച് വൃത്തിയാക്കുന്നതിനിടയിൽ
ജെനവീവ് അടുത്ത ചോദ്യമെയ്തു. “ഇവർക്കെല്ലാം ഇടയിൽ നിങ്ങളുടെ റോൾ എന്താണ്…?”
“ഈ പബ്ബും പിന്നെ ഇവിടുത്തെ
ബംഗ്ലാവും നോക്കി നടത്തുന്നത് ഞാനാണ്… കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് പോകാം നമുക്ക്… അവിടെയാണ് നിനക്കുള്ള താമസം ഏർപ്പാടാക്കിയിരിക്കുന്നത്…”
വാതിൽ തുറന്ന് ബ്രിഗേഡിയർ
മൺറോ എത്തിനോക്കി. “ക്രെയ്ഗും ഞാനും ബംഗ്ലാവിലേക്ക് പോകുകയാണ്… കുറേയേറെ ജോലികളുണ്ട് ചെയ്തു തീർക്കാൻ…”
“നിങ്ങൾ പൊയ്ക്കോളൂ… ഞാൻ ജെനവീവിനെയും കൊണ്ട് കുറച്ചു കഴിഞ്ഞിട്ട് വരാം…” ജൂലി പറഞ്ഞു.
“ഫൈൻ…” അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു ലെറ്റർ എടുത്ത് ജെനവീവിന് കൊടുത്തു.
“ഇത് നിങ്ങൾക്കുള്ളതാണ്… കാർട്ടറെ ഇന്ന് രാവിലെ ഞാൻ നിങ്ങളുടെ ഹോസ്പിറ്റലിലേക്ക്
അയച്ചിരുന്നു… സഹോദരിയുടെ മരണത്തെത്തുടർന്ന് നിങ്ങൾ അവധി നീട്ടുന്ന
കാര്യം അറിയിക്കുവാനായി… ഉടൻ തന്നെ
തിരികെയെത്തും എന്ന പ്രതീക്ഷയിൽ നിങ്ങൾക്ക് വന്ന ആ ലെറ്റർ ഫോർവേഡ് ചെയ്യാതെ അവിടെത്തന്നെ
വച്ചിരിക്കുകയായിരുന്നു അവർ…”
ഫ്ലാപ്പിന്റെ ഭാഗത്ത്
വളരെ വൃത്തിയായി തുറന്ന നിലയിലായിരുന്നു ആ ലെറ്റർ. “താങ്കളിത് വായിച്ചു അല്ലേ…?” ജെനവീവ് ചോദിച്ചു.
“തീർച്ചയായും…” പുറത്തിറങ്ങി വാതിൽ ചാരിയിട്ട് അദ്ദേഹം നടന്നകന്നു.
“എന്തു നല്ല മനുഷ്യൻ,
അല്ലേ…” തെല്ല് നീരസത്തോടെ ജൂലി പറഞ്ഞു.
ആ കത്ത് താഴെ വച്ചിട്ട്
ജെനവീവ് പ്ലേറ്റുകൾ തുടയ്ക്കുന്ന ജോലി തുടർന്നു. “ഇതിന് മുമ്പ് നിങ്ങൾ എന്തു ജോലിയാണ്
ചെയ്തിരുന്നത്…?”
“ഞാൻ ഫ്രാൻസിലായിരുന്നു… സോർബോണിൽ ഫിലോസഫി പ്രൊഫസറായിരുന്നു എന്റെ ഭർത്താവ്…”
“ഇപ്പോൾ അദ്ദേഹം എന്തു
ചെയ്യുന്നു…?”
“അദ്ദേഹം ഇന്നില്ല… ഒരു രാത്രിയിൽ ഗെസ്റ്റപ്പോ ഞങ്ങളെ തേടി വന്നു… കുറേ നേരത്തേക്ക് അദ്ദേഹം അവരോട് തർക്കിച്ചു നിന്നു… ആ സമയം കൊണ്ട് ഞാനും കുറച്ചു പേരും കൂടി അവിടെ നിന്നും രക്ഷപെട്ടു…” ശൂന്യതയിലേക്ക് കണ്ണും നട്ട് ഒരു നിമിഷം അവർ അങ്ങനെ നിന്നു. “ഗെസ്റ്റപ്പോ
പിടിച്ചു കൊണ്ടുപോയ അദ്ദേഹത്തെയും തേടി ക്രെയ്ഗ് പിന്നാലെ പോയി… അവരുടെ പിടിയിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടു വന്ന് ഞങ്ങളെ ഇംഗ്ലണ്ടിലേക്ക്
കടക്കാൻ സഹായിച്ചു…”
“അപ്പോൾ ക്രെയ്ഗ് ഓസ്ബോൺ
ആണ് നിങ്ങളുടെ ഭർത്താവിന്റെ ജീവൻ രക്ഷിച്ചത്…?”
“അതെ…”
“ക്രെയ്ഗിനെക്കുറിച്ച്
പറയൂ… നിങ്ങൾക്ക് അറിയാവുന്നതെല്ലാം…” ജെനവീവ് പറഞ്ഞു.
“അതിനെന്താ, തുടക്കം മുതൽ
പറയാമല്ലോ…” ജൂലി ചുമൽ വെട്ടിച്ചു. “അദ്ദേഹത്തിന്റെ പിതാവ്
ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു… മാതാവ് ഫ്രഞ്ചുകാരിയും… ബാല്യകാലം അധികവും ബെർലിനിലും പാരീസിലും ആയിരുന്നതിനാൽ ജർമ്മനും ഫ്രഞ്ചും
അനായാസം സംസാരിക്കാൻ കഴിയും അദ്ദേഹത്തിന്… 1940 ൽ ജർമ്മൻകാർ ഫ്രാൻസ് പിടിച്ചടക്കുമ്പോൾ ലൈഫ്
മാഗസിന് വേണ്ടി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം…”
“അതെ… ആ സമയത്താണ് എന്റെ സഹോദരിയുമായി അദ്ദേഹം പരിചയത്തിലാവുന്നത്… നിങ്ങൾ എപ്പോഴെങ്കിലും അവളെ കണ്ടിട്ടുണ്ടോ…?”
“ഇല്ല… അദ്ദേഹം ഫ്രാൻസിലുള്ള ജൂതന്മാരെ സ്പെയിൻ വഴി പുറത്തെത്തിക്കുന്ന ഒരു
അധോലോക സംഘവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു… ജേർണലിസത്തിന്റെ മറവിൽ എന്താണ് യഥാർത്ഥത്തിൽ ചെയ്യുന്നതെന്ന് ജർമ്മൻകാർ
കണ്ടുപിടിച്ചപ്പോൾ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടത്… അങ്ങനെയാണ് അദ്ദേഹം ഇംഗ്ലണ്ടിൽ എത്തുന്നതും അവരുടെ സീക്രറ്റ് സർവീസ്
ആയ SOE യിൽ അംഗമാകുന്നതും… പിന്നീട് കൂടുതൽ അമേരിക്കക്കാർ എത്തിയതോടെ അവർ
അദ്ദേഹത്തെ OSS ലേക്ക് ട്രാൻസ്ഫർ ചെയ്തു…” അവർ ചുമൽ വെട്ടിച്ചു. “പേര് മാത്രമേ മാറ്റമുള്ളൂ… എല്ലാവരും ചെയ്യുന്നത് ഒന്ന് തന്നെ… ജർമ്മനിയുമായുള്ള
യുദ്ധം…”
“പിന്നെയും അദ്ദേഹം ഫ്രാൻസിലേക്ക്
പോയി…?”
“രണ്ട് തവണ അവർ പാരച്യൂട്ടിൽ
ഡ്രോപ്പ് ചെയ്തു… മൂന്നാമത്തെ പ്രാവശ്യം ഒരു ലൈസാൻഡറിലാണ് അദ്ദേഹത്തെ
അവിടെയെത്തിച്ചത്… മാസങ്ങളോളം ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ
ലോയിർ താഴ്വര ഘടകത്തിന് നേതൃത്വം നൽകി... ഒടുവിൽ ഒറ്റുകൊടുക്കപ്പെടുന്നത് വരെയും ജർമ്മൻ
സേനയ്ക്കെതിരെ ധാരാളം ഒളിപ്രവർത്തനങ്ങൾ അദ്ദേഹം നടത്തി…”
“എങ്ങോട്ടാണ് അദ്ദേഹം
രക്ഷപെട്ടത്…?”
“പാരീസിലേക്ക്… ഞാനും ഭർത്താവും അന്ന് പാരീസിലുണ്ടെങ്കിലും ക്രെയ്ഗുമായി പരിചയമുണ്ടായിരുന്നില്ല… അദ്ദേഹം അവിടെയുള്ള ഒരു കഫേയിൽ കുറച്ചു ദിവസം തങ്ങി… സ്പെയിൻ വഴി രക്ഷപെടാനായിരുന്നു പ്ലാൻ…” അവർ ഒന്ന് നിർത്തി.
“എന്നിട്ട്…?”
“ഗെസ്റ്റപ്പോ അദ്ദേഹത്തിന്റെ
നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു… ക്രെയ്ഗിനെ പിടികൂടി അവർ റീ ഡി സൂസെയിലെ ആഭ്യന്തര
മന്ത്രാലയത്തിന് സമീപമുള്ള ഹെഡ്ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി…”
“വേഗം പറയൂ…!” ജെനവീവിന്റെ മുഖം വിളറിയിരുന്നു.
“അദ്ദേഹത്തിന്റെ ഫോട്ടോയും
വിരലടയാളവും അവർ എടുത്തു…
ചോദ്യം ചെയ്യൽ ഉൾപ്പെടെ പതിവ് നടപടികൾ… മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ കടുത്ത മൂന്നാം മുറയും
പ്രയോഗിച്ചു… അദ്ദേഹത്തിന്റെ കൈകൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിരുന്നുവോ…? ആ നഖങ്ങളുടെ വൈരൂപ്യം…? ചോദ്യം ചെയ്യുന്ന സമയത്ത് അവയെല്ലാം പിഴുതെടുത്തിരുന്നു
അവർ…”
ജെനവീവ് ആകെപ്പാടെ അസ്വസ്ഥയായി
കാണപ്പെട്ടു. “എന്നിട്ടും അദ്ദേഹം രക്ഷപെട്ടു…?”
“അതെ… ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നു… അദ്ദേഹത്തെയും
കൊണ്ടുപോയിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചു… അതിന്റെ ബഹളത്തിനിടയിൽ ചാടി രക്ഷപെട്ട ക്രെയ്ഗ് ഒരു ദേവാലയത്തിൽ കയറി
ഒളിച്ചിരുന്നു… അദ്ദേഹത്തെ കണ്ടെത്തിയ അവിടുത്തെ പുരോഹിതൻ വിവരം
എന്റെ ഭർത്താവിനെ അറിയിച്ചു… ആ പ്രദേശത്തെ പ്രതിരോധ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു
എന്റെ ഭർത്താവ് അന്ന്…”
“അന്നാണല്ലേ അദ്ദേഹം ഗെസ്റ്റപ്പോയെ
തടഞ്ഞു നിർത്തി നിങ്ങളെയും ക്രെയ്ഗിനെയും രക്ഷപെടാൻ അവസരമൊരുക്കിയത്…?”
“അതെ ഷെറീ…” ശാന്തസ്വരത്തിൽ അവർ പറഞ്ഞു. “കാലിന്റെ അടിഭാഗത്ത് വരെ പ്രഹരമേല്പിച്ചിരുന്നതിനാൽ
ക്രെയ്ഗിന് നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു… “ ജെനവീവിന്റെ
വലതുകൈയിൽ മുറുകെപ്പിടിച്ച് ഒരു നിമിഷം അവർ ഇരുന്നു. “ഇത് ഏതെങ്കിലും ഒരു ഹോളിവുഡ്
സിനിമയിലെ കഥയൊന്നുമല്ല… പച്ചയായ യാഥാർത്ഥ്യം… ഫ്രാൻസിലെ ഇന്നത്തെ അവസ്ഥ ഇതാണ്… ഇതെല്ലാം
നിനക്കും സംഭവിച്ചേക്കാം… അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലൂടെ നീ കടന്നു
പോകേണ്ടതുണ്ട്… വ്യാഴാഴ്ച്ച രാത്രി കഴിഞ്ഞാൽ പിന്നെ സമയമുണ്ടാവില്ല…”
അവരെ തുറിച്ചുനോക്കിക്കൊണ്ട്
ജെനവീവ് ഇരുന്നു. ജൂലി തുടർന്നു. “അന്ന് മാർക്കറ്റിലേക്ക് പോകുന്ന ഒരു ട്രക്കിലാണ്
ഞങ്ങളെ അമീൻസ് നഗരത്തിൽ എത്തിച്ചത്… മൂന്ന് ദിവസം കഴിഞ്ഞ് ഞങ്ങളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാനായി
അവർ ഒരു ലൈസാൻഡർ അയച്ചു തന്നു…”
“അതിന് ശേഷം ക്രെയ്ഗിന്
എന്തു സംഭവിച്ചു…?”
“ഫ്രഞ്ച് ഗവണ്മന്റ് അദ്ദേഹത്തിന്
കമാൻഡർ ഓഫ് ലെജിയൻ ഓഫ് ഓണർ ബഹുമതി നൽകി ആദരിച്ചു… അമേരിക്കയാവട്ടെ
ഒരു DSC മെഡൽ നൽകി ആദരിച്ചിട്ട് അദ്ദേഹത്തെ OSS ലേക്ക് ചേർത്തു. ഇപ്പോൾ വിരോധാഭാസം
എന്താണെന്ന് വച്ചാൽ അദ്ദേഹം വീണ്ടും ഡോഗൽ മൺറോയുടെ നിയന്ത്രണത്തിലായി എന്നതാണ്…”
“ബ്രിഗേഡിയറിന് എന്താണ്
കുഴപ്പം…?” ജെനവീവ് ചോദിച്ചു.
“എന്റെ നോട്ടത്തിൽ, മരണം
തേടി നടക്കുന്ന ഒരു മനുഷ്യൻ…” ജൂലി പറഞ്ഞു. “അഥവാ ഈ യുദ്ധത്തെ അതിജീവിക്കുകയാണെങ്കിൽത്തന്നെ
ഇനിയെന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിൽ ആയിരിക്കില്ലേ അദ്ദേഹം എന്ന് പലപ്പോഴും ഞാൻ
ചിന്തിക്കാറുണ്ട്…”
“ദാറ്റ്സ് നോൺസെൻസ്…” ചെറുതായൊന്ന് വിറച്ചുകൊണ്ട് ജെനവീവ് പറഞ്ഞു.
“ആയിരിക്കാം…” ജൂലി ചുമൽ വെട്ടിച്ചു. “അതുപോട്ടെ, നിനക്കുള്ള ആ ലെറ്റർ… നീയത് തുറന്നു നോക്കിയില്ലല്ലോ ഇതുവരെ…”
ശരിയായിരുന്നു. അവൾ അത്
തുറന്നു. മുഴുവനും വായിച്ചു കഴിഞ്ഞതും അത് ചുരുട്ടി ഒരു ഉണ്ടയാക്കി ഞെരടി.
“എന്തു പറ്റി…? നല്ല വാർത്തയല്ലെന്ന് തോന്നുന്നു…?” ജൂലി
ചോദിച്ചു.
“ഈ വാരാന്ത്യത്തിൽ നടക്കുന്ന
ഒരു പാർട്ടിയിലേക്കുള്ള ഇൻവിറ്റേഷനാണ്… എന്തായാലും എനിക്ക് പോകാൻ സാധിക്കില്ലല്ലോ… കഴിഞ്ഞ വർഷം ഞാൻ പരിചയപ്പെട്ട ഒരു ചെറുപ്പക്കാരന്റെ… RAFൽ ബോംബർ പൈലറ്റാണയാൾ…”
“അവനുമായി പ്രണയത്തിലാണോ
നീ…?”
“അല്ല… അങ്ങനെയൊന്ന് ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായതായി തോന്നുന്നില്ല… ആഗ്രഹമുണ്ടെങ്കിലും ഗാഢമായ ഒരു ബന്ധത്തിന് സമയമോ സൗകര്യമോ ഇതുവരെ ഒത്തു
വന്നില്ല… ഇനിയും അലയേണ്ടി വരുമെന്നാണ് തോന്നുന്നത്…”
“നിന്റെ ഈ ചെറുപ്രായത്തിലോ
ഷെറീ…?” ജൂലി പൊട്ടിച്ചിരിച്ചു.
“കുറച്ചുനാൾ ഞങ്ങൾ ഒരുമിച്ച്
കറങ്ങാനൊക്കെ പോയിരുന്നു… അത്ര മാത്രം… പക്ഷേ,
എന്തുകൊണ്ടോ കൂടുതൽ അടുക്കാൻ കഴിഞ്ഞില്ല… പലപ്പോഴും അവരവരുടെ തുരുത്തുകളിലേക്ക് ഒതുങ്ങിക്കൂടുകയായിരുന്നു
ഇരുവരും…”
“ഒടുവിൽ എന്തുണ്ടായി…?”
“തന്നെ വിവാഹം കഴിച്ചുകൂടേ
എന്ന് അയാൾ ചോദിച്ചു… മിഡിൽ ഈസ്റ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകുന്നതിന്
മുമ്പായിരുന്നു അത്…”
“എന്നിട്ട് നീയത് നിരസിച്ചുവോ…?”
“അയാൾ ഇപ്പോൾ തിരികെയെത്തിയിട്ടുണ്ട്… ഒഴിവുകാലം ചെലവഴിക്കാൻ സറേയിലുള്ള മാതാപിതാക്കളുടെ അടുത്ത്…”
“ഇപ്പോഴും അയാൾക്ക് പ്രതീക്ഷയുണ്ടാകുമല്ലേ…?”
ജെനവീവ് തല കുലുക്കി.
“എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല… എന്തു പറഞ്ഞ് അയാളെ ഒഴിവാക്കുമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല…”
“ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായിരുന്നുവല്ലേ…?”
“ഇന്നലെ രാവിലെ വരെ… പക്ഷേ, ഇപ്പോൾ അങ്ങനെയല്ല…” ജെനവീവ് ചുമൽ വെട്ടിച്ചു. “പല കഴിവുകളും എന്നിൽ
ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു… എന്റെ
മുന്നിൽ അനന്തമായ സാദ്ധ്യതകളാണുള്ളതെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു…”
“അങ്ങനെ വലിയൊരു മണ്ടത്തരം
ആകുമായിരുന്ന തീരുമാനത്തിൽ നിന്നും നീ രക്ഷപെട്ടിരിക്കുന്നു… നോക്കൂ, നിർഭാഗ്യകരമായ ഏത് സന്ദർഭത്തിൽ നിന്നും നല്ലതായ എന്തെങ്കിലുമൊന്ന്
എല്ലായ്പ്പോഴും ഉരുത്തിരിഞ്ഞു വരുമെന്ന് മനസ്സിലായില്ലേ…? ക്രെയ്ഗിനെ കുറിച്ച് കുറേ കാര്യങ്ങൾ കൂടി മനസ്സിലാക്കാനും കഴിഞ്ഞില്ലേ…?”
മറുപടി പറയാൻ ജെനവീവ്
തുനിഞ്ഞതാണ്. പക്ഷേ, അപ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് ജോ എഡ്ജ് അവിടെയെത്തി. “ആഹാ,
പാത്രം കഴുകുന്ന വനിതകൾ… മനോഹരമായ കാഴ്ച്ച…”
“ജോ, പുറത്ത് പോയി നിന്റെ
കളിപ്പാട്ടങ്ങളുമായി കളിക്കാൻ നോക്ക്… നിനക്ക് പറ്റിയ പണി അതാണ്…” ജൂലി അവനോട് പറഞ്ഞു.
“കളിക്കാനുള്ള വക ഇവിടെത്തന്നെ
ധാരാളമുണ്ടല്ലോ ഡാർലിങ്ങ്…” അവൻ ജെനവീവിന്റെ പിന്നിൽ ചെന്ന് അവളുടെ അരക്കെട്ടിൽ
കൈചുറ്റി തന്നോട് അടുപ്പിച്ചു. അവന്റെ നിശ്വാസം തന്റെ പിൻകഴുത്തിൽ പതിക്കുന്നത് അവൾ
അറിഞ്ഞു. അവന്റെ കൈ അവളുടെ അരക്കെട്ടിൽ നിന്നും പതുക്കെ മാറിലേക്ക് ഇഴഞ്ഞു നീങ്ങി.
“ലീവ് മീ എലോൺ…!” അവൾ പ്രതിഷേധിച്ചു.
“നോക്കൂ, ഇവൾക്ക് ഇഷ്ടപ്പെട്ടെന്ന്
തോന്നുന്നു…” പരിഹാസരൂപേണ അവൻ പറഞ്ഞു.
“ഇഷ്ടപ്പെടുകയോ…? അറപ്പും ഭയവുമാണ് എനിക്ക് തോന്നുന്നത്…” ജെനവീവ് അവനെ തട്ടിമാറ്റാൻ ശ്രമിച്ചു.
“ശരിയ്ക്കും…? അത് കൊള്ളാമല്ലോ സ്വീറ്റീ… എങ്കിൽ നിന്റെ ഭയം ഒന്ന് കണ്ടിട്ടു തന്നെ ബാക്കി
കാര്യം…”
അവന്റെ പിടിയിൽ നിന്നും
കുതറി മാറാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് വേദനയാൽ എഡ്ജ് അലറി വിളിച്ചത്.
പിന്നിൽ എത്തിയ മാർട്ടിൻ ഹെയർ അവന്റെ കൈയിൽ കയറിപ്പിടിച്ച് ശക്തിയായി തിരിച്ചതായിരുന്നു
കാരണം. ജെനവീവിനെ സ്വതന്ത്രയാക്കിയെങ്കിലും
എഡ്ജിന്റെ കൈയിലെ പിടി വിടാൻ ഹെയർ കൂട്ടാക്കിയില്ല. അവൻ വേദന കൊണ്ട് പുളഞ്ഞു. “ജോ,
നീ ശരിയ്ക്കും ഒരു കീടം തന്നെ… ഗെറ്റ് ഔട്ട് ഓഫ് ഇറ്റ്…”
എവിടെ നിന്നോ ഓടിയെത്തിയ
ഷ്മിഡ്റ്റ് കിച്ചന്റെ പിൻഭാഗത്തെ വാതിൽ തള്ളിത്തുറന്നു. സകല ശക്തിയുമെടുത്ത് മാർട്ടിൻ
ഹെയർ എഡ്ജിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മുട്ടുകുത്തി വീണ ജോ എഡ്ജ് സാവധാനം എഴുന്നേറ്റു.
അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
“ഹെയർ, ഇതിന് ഞാൻ പകരം
ചോദിച്ചിരിക്കും… കൊടിച്ചിപ്പട്ടീ, നിന്നോടും കൂടിയാണ് പറഞ്ഞത്…” ജെനവീവിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അവൻ തിടുക്കത്തിൽ നടന്നകന്നു.
“ഇത്രയും വൃത്തികെട്ട
ഒരുത്തൻ… പറയാതിരിക്കാൻ പറ്റുന്നില്ല സർ…” ഷ്മിഡ്റ്റ് വാതിൽ അടച്ചു.
“നൂറ് ശതമാനവും യോജിക്കുന്നു… നീ പോയി ബോട്ടിൽ നിന്നും മിസ്സ് ട്രെവോൺസിന് ചേരുന്ന ഒരു ജോഡി സീ ബൂട്ട്സ്
എടുത്തു കൊണ്ടുവരൂ…”
“സൂ ബെഫെഹ്‌ൽ, ഹെർ കപ്പിത്താൻ…” ആഹ്ലാദത്തോടെ പറഞ്ഞിട്ട് ഷ്മിഡ്റ്റ് പുറത്തേക്ക് പോയി.
അപ്പോഴും രോഷം കൊണ്ട്
വിറയ്ക്കുകയായിരുന്നു ജെനവീവ്. “സീ ബൂട്ട്സ്…? എന്തിന്…?” അവൾ
ചോദിച്ചു.
“നമുക്ക് ഒന്ന് നടന്നിട്ടു
വരാം…” മാർട്ടിൻ ഹെയർ പുഞ്ചിരിച്ചു. “ഉപ്പുരസമുള്ള കാറ്റ്,
കടൽത്തീരം… മനസ്സിനെ ശാന്തമാക്കാൻ പ്രകൃതിയുടെ മനോഹാരിത പോലെ
മറ്റൊന്നുമില്ല…”
(തുടരും)