അദ്ധ്യായം – പതിനേഴ്
അടുത്ത ദിവസം മദ്ധ്യാഹ്നത്തിലാണ്
ജാക്ക് കാർട്ടർ അവളെ കാംബർവെല്ലിൽ ഉള്ള പരികർമ്മിയുടെ അടുത്ത് എത്തിച്ചത്. അദ്ദേഹം
പുറത്ത് കാത്തുനിൽക്കവെ ജെനവീവ് കെട്ടിടത്തിനുള്ളിലേക്ക് പോയി. ഓക്ക് പാനലിങ്ങ് ചെയ്ത
ചെറിയൊരു വെയ്റ്റിങ്ങ് റൂമിലേക്കാണ് അവൾ എത്തിയത്. വാതിൽക്കൽ ഉള്ള പിച്ചള ഫ്ലവർവെയ്സിൽ
ഒരു പിടി വെള്ള ലില്ലിപ്പൂക്കൾ വച്ചിരിക്കുന്നു. മുറിയിലെമ്പാടും മെഴുകുതിരിയുടെ ഗന്ധം.
വളരെ വയസ്സായ, പഞ്ഞിക്കെട്ട് പോലെ തൂവെള്ള മുടിയുള്ള ഒരാളാണ് അവളെ സ്വീകരിച്ചത്. യുദ്ധം
നടന്നുകൊണ്ടിരിക്കുന്നതിനാലാവാം ഒരു പക്ഷേ അപ്പോഴും അയാൾ ആ ജോലിയിൽ തുടരുന്നത്. പ്രായാധിക്യം
കൊണ്ടാവാം, ഹസ്തദാനം നൽകവെ അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
“ആഹ്, യെസ്…” അയാൾ പറഞ്ഞു. “മിസ്സ്, നിങ്ങൾ വരുന്ന കാര്യത്തിന് ഫോൺ കോൾ ഉണ്ടായിരുന്നു… അവിടെ മൂന്നാം നമ്പർ ക്യുബിക്കിളിലാണ്… ചെറിയൊരു പ്രശ്നം മാത്രം… ഒരു സന്ദർശകൻ കൂടിയുണ്ട് ഇപ്പോൾ അവിടെ…”
അയാളെ താണ്ടി അവൾ ആ ചെറിയ
ഇടനാഴിയിലേക്ക് പ്രവേശിച്ചു. ആദ്യത്തെ ക്യുബിക്കിളിൽ അടച്ചു വച്ച ഒരു ശവപ്പെട്ടിയുണ്ട്.
രണ്ടാമത്തേത് കാലിയായിരുന്നു. മൂന്നാമത്തെ ക്യുബിക്കിളിന്റെ മുന്നിൽ പച്ച നിറമുള്ള
ഒരു കർട്ടൻ വലിച്ചിട്ടിരിക്കുന്നു. അതിനുള്ളിൽ നിന്നും പതിഞ്ഞ സ്വരത്തിൽ കേട്ടുകൊണ്ടിരുന്ന
സ്വരം ഹീബ്രൂ ഭാഷയിലുള്ളതായിരുന്നു. മരണമടഞ്ഞവർക്കായുള്ള പ്രാർത്ഥന. ബാർട്ട്സ് ഹോസ്പിറ്റലിൽ
ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഇത്തരം പ്രാർത്ഥന പലപ്പോഴും കേട്ടിട്ടുണ്ട്. ജർമ്മൻ ബോംബിങ്ങിനെ
തുടർന്ന് കൂട്ടമരണങ്ങൾ സംഭവിച്ച സമയത്ത്.
അവൾ കർട്ടൻ ഒരു വശത്തേക്ക്
വകഞ്ഞു മാറ്റി. കൈയിൽ പ്രാർത്ഥനാ പുസ്തകവുമായി നിന്നിരുന്ന ഡോക്ടർ ബാം തിരിഞ്ഞു നോക്കി.
അയാളുടെ തലയിൽ ജൂതന്മാർ ധരിക്കുന്ന തരം ചെറിയ തൊപ്പിയുണ്ടായിരുന്നു. ആ മിഴികളിൽ നിന്നും
കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
“അയാം സോറി… സോ സോറി… ദൈവം സാക്ഷിയായി ഞാൻ പറയുന്നു… ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കണമെന്ന ഒരുദ്ദേശ്യവും എനിക്കുണ്ടായിരുന്നില്ല…” ഡോക്ടർ ബാം പറഞ്ഞു.
മേശമേൽ കിടക്കുന്ന ആൻ
മേരിയെ അവൾ നോക്കി. കൈകൾ നെഞ്ചിൽ മടക്കി വച്ച് ചേതനയറ്റ് കിടക്കുന്ന തന്റെ സഹോദരി.
മെഴുകുതിരിയുടെ മങ്ങിയ വെട്ടത്തിൽ ശാന്തമായി ഉറങ്ങുന്ന ആ മുഖം തന്റെ തന്നെ മുഖമായിരുന്നു.
ജെനവീവ് ഡോക്ടർ ബാമിന്റെ കരം തന്റെ കൈകളിലെടുത്ത് മുറുകെ പിടിച്ച് ഒന്നും ഉരിയാടാതെ
നിന്നു. കാരണം, അവൾക്ക് പറയാൻ ഒന്നും തന്നെയുണ്ടായിരുന്നില്ല.
***
അതൊരു നരച്ച പ്രഭാതമായിരുന്നു.
ഹൈഗേറ്റ് സെമിത്തേരിയുടെ പരിസരത്ത് മൂടൽമഞ്ഞ് വ്യാപിച്ചിരുന്നു. മൗനം ഘനീഭവിച്ച് നിൽക്കുന്ന
ആ അന്തരീക്ഷത്തിൽ പച്ച നിറമുള്ള ഒരു ഹംബർ ലിമോസിനിൽ ജാക്ക് കാർട്ടർ അവളെ സെമിത്തേരിയുടെ
ഗേറ്റിനു മുന്നിൽ ഇറക്കി.
“കാത്തുനിൽക്കേണ്ട ആവശ്യമില്ല…” ജെനവീവ് പറഞ്ഞു. “തിരികെ ഞാൻ തനിയേ പൊയ്ക്കോളാം…”
വിചിത്രമെന്ന് പറയട്ടെ,
അദ്ദേഹം തർക്കിക്കാൻ നിന്നില്ല. വാഹനം മുന്നോട്ടെടുത്ത് അദ്ദേഹം പോകവെ അവൾ ജാക്കറ്റിന്റെ
പോക്കറ്റിൽ കൈകൾ തിരുകി സെമിത്തേരിയിലേക്ക് കടന്നു. പ്ലോട്ട് നമ്പർ തേടി അലയേണ്ട ആവശ്യമുണ്ടായിരുന്നില്ല.
ദുരെ ഒരു മൂലയിലായി അവർ നിൽക്കുന്നുണ്ടായിരുന്നു. കറുത്ത ഒരു ഓവർകോട്ട് ധരിച്ച്, നരച്ച
മുടിയുള്ള ഒരു വൃദ്ധൻ കൈയിൽ ഹാറ്റുമായി നിൽക്കുന്നു. കുഴിവെട്ടുവാൻ വന്ന രണ്ടു പേർ
ഷവലുകൾ നിലത്ത് കുത്തി അതിൽ ചാരി കുഴിയിലേക്ക് നോക്കി നിൽക്കുന്നുണ്ട്. കറുത്ത ളോഹ
ധരിച്ച ഒരു പുരോഹിതൻ ശവസംസ്കാര ശുശ്രൂഷകൾ ചെയ്യുന്നു.
ചടങ്ങുകൾ പൂർത്തിയാവാൻ
അവൾ കാത്തു നിന്നു. പ്രാർത്ഥന അവസാനിപ്പിച്ച് ആ പുരോഹിതൻ പരികർമ്മിയോടൊപ്പം നടന്നു
നീങ്ങിയതും അവൾ കുഴിമാടത്തിനരികിലേക്ക് ചെന്നു. കുഴിവെട്ടികൾ രണ്ടുപേരും ചേർന്ന് അപ്പോഴേക്കും
ശവപ്പെട്ടിയുടെ മേൽ മണ്ണ് വെട്ടിയിട്ടു തുടങ്ങിയിരുന്നു. അവളെ കണ്ടതും ആ വൃദ്ധന്മാർ
തലയുയർത്തി നോക്കി.
“എന്തെങ്കിലും സഹായം ആവശ്യമുണ്ടോ
മിസ്സ്…? നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലുമാണോ ഇത്…?” അവരിൽ ഒരാൾ ചോദിച്ചു.
മണ്ണ് വീണു കിടക്കുന്ന
ആ ശവപ്പെട്ടിയിലേക്ക് അവൾ നോക്കി. “പരിചയമുണ്ടായിരുന്നുവെന്ന് തോന്നുന്നു… എപ്പോഴോ… പക്ഷേ, ഇപ്പോൾ എന്തോ എനിക്ക് ഉറപ്പില്ല…” പെട്ടെന്ന് മഴ ചാറുവാൻ തുടങ്ങി. അവൾ മുകളിലേക്ക് നോക്കി. “ഒരു പക്ഷേ,
ഇങ്ങനെയൊരു പ്രഭാതം ഉണ്ടാവണമെന്ന് ദൈവം പോലും ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല…”
അമ്പരപ്പോടെ ആ വൃദ്ധന്മാർ
പരസ്പരം നോക്കി. “യൂ ഓൾറൈറ്റ് മിസ്സ്…?” അതിലൊരാൾ ചോദിച്ചു.
“പെർഫെക്റ്റ്‌ലി… താങ്ക് യൂ…” അവൾ പറഞ്ഞു.
മടങ്ങിപ്പോകാനായി തിരിഞ്ഞ
അവൾ കണ്ടത് ഏതാനും വാര അകലെ അവളെയും വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ക്രെയ്ഗ് ഓസ്ബോണിനെയാണ്.
***
യൂണിഫോമിൽ ആയിരുന്നു അദ്ദേഹം.
ഫോറേജ് ക്യാപ്പും ട്രെഞ്ച് കോട്ടും ഊരി മാറ്റിയപ്പോൾ ഒലിവ് നിറമുള്ള ബാറ്റ്‌ൽ ഡ്രെസ്സ്
ആണ് അദ്ദേഹം ധരിച്ചിരിക്കുന്നതെന്ന് അവൾ ശ്രദ്ധിച്ചു. പാന്റ്സ് ജമ്പ് ബൂട്ട്സിനുള്ളിലേക്ക്
ടക്ക് ചെയ്തിരിക്കുന്നു. മെഡൽ റിബൺസും വലതു കൈയിലെ വിങ്ങ്സ് ബഹുമതികളും എല്ലാം കൂടി
ആ നരച്ച പ്രഭാതത്തിൽ നല്ലൊരു കാഴ്ച്ചയാണ് അവൾക്ക് സമ്മാനിച്ചത്.
“കഴിഞ്ഞ തവണത്തേതിനേക്കാൾ
നന്നായി തോന്നുന്നു…” അവൾ പറഞ്ഞു. “യൂണിഫോമിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്…”
മറുപടിയൊന്നും പറയാതെ
അദ്ദേഹം ആ ട്രെഞ്ച്കോട്ട് അവളെ അണിയിച്ചു കൊടുത്തു. ശേഷം, സ്മാരകശിലകൾക്കിടയിലെ പാതയിലൂടെ
ഗേറ്റ് ലക്ഷ്യമാക്കി അവർ നടന്നു. മഴ ചാറുന്നുണ്ടെങ്കിലും മൂടൽമഞ്ഞിന് ഒട്ടും കുറവില്ല.
പുകച്ചുരുൾ പോലെ ആ മഞ്ഞിന്റെ ആവരണം അവരെ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്നും മറച്ചു. ഇപ്പോൾ
ഈ ലോകത്തിൽ അവർ ഇരുവരും മാത്രം. പെട്ടെന്നാണ് മഴ ശക്തി പ്രാപിച്ചത്. അപ്പുറത്ത് ഫൗണ്ടന്
അരികിൽ ഏതാനും ബെഞ്ചുകൾ ഇട്ടിട്ടുള്ള ഒരു ചെറിയ ഷെഡ്ഡിനരികിലേക്ക് ഇരുവരും ഓടി. അവളുടെ
മനോമുകുരത്തിൽ അപ്പോൾ തെളിഞ്ഞത് ഇതുപോലെ മഴ ആർത്തലച്ചു പെയ്യുന്ന മറ്റൊരു സെമിത്തേരിയായിരുന്നു.
ഒപ്പം മാക്സ് പ്രീമിന്റെ മുഖവും.
അവൾ ആ ബെഞ്ചിൽ ഇരുന്നു.
ക്രെയ്ഗ് തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് അവൾക്ക് നീട്ടി. “അയാം സോറി…” അദ്ദേഹം പറഞ്ഞു. “ആൻ മേരിയുടെ കാര്യം കഴിഞ്ഞ രാത്രിയാണ് മൺറോ എന്നോട്
പറഞ്ഞത്…”
“നിങ്ങൾ സുരക്ഷിതനായിരിക്കുന്ന
കാര്യം അദ്ദേഹം എന്നോട് പറഞ്ഞില്ല… ജാക്ക് പോലും ഒരു വാക്ക് എന്നോട് പറഞ്ഞില്ല…” അവൾ പരിഭവിച്ചു.
“അർദ്ധരാത്രി കഴിഞ്ഞിരുന്നു
ഞാൻ എത്തിയപ്പോൾ… ഇന്ന് രാവിലെ നീ ഇവിടെ വരുന്നുണ്ടെന്ന് അവർ പറഞ്ഞു…” അദ്ദേഹം ചുമൽ വെട്ടിച്ചു. “ഞാൻ എത്തിയ കാര്യം പറയേണ്ടെന്ന് ഞാൻ തന്നെയാണ്
ജാക്കിനോട് പറഞ്ഞത്… നേരിൽ വന്ന് നിന്നെ കണ്ട് കാര്യങ്ങൾ പറയണമെന്ന്
എനിക്ക് നിർബന്ധമുണ്ടായിരുന്നു…”
“ശരിയ്ക്കും എന്താണ് സംഭവിച്ചത്…?” അവൾ ചോദിച്ചു.
“ലിലി മർലിൻ മുങ്ങിയതോടെ
ഞാൻ ദൂരേയ്ക്ക് ഒഴുകിപ്പോയി… ഷ്മിഡ്റ്റും എന്നോടൊപ്പം ഉണ്ടായിരുന്നു… ഞങ്ങൾ ഇരുവരും കൈ കോർത്തു പിടിച്ചു… ഏറെ നേരം… ഒടുവിൽ ലിസാർഡ് പോയിന്റിനടുത്തുള്ള ബീച്ചിൽ ഞങ്ങൾ കരയ്ക്കടിഞ്ഞു…”
“മാർട്ടിന്റെ കാര്യമോ…?”
“പോയി ജെനവീവ്… എല്ലാവരും പോയി… എന്നെന്നേയ്ക്കുമായി…”
തല താഴ്ത്തി അവൾ തന്റെ
സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും ഒരു ഫ്രഞ്ച് സിഗരറ്റ് പുറത്തെടുത്തു. “നിങ്ങളുടെ
കാര്യത്തിൽ ഇനി എന്താണ് സംഭവിക്കുക…? നിങ്ങൾ രക്ഷപെട്ടതിൽ മൺറോയ്ക്ക് അത്ര സന്തോഷമൊന്നും
കാണുമെന്ന് തോന്നുന്നില്ല…”
“എന്നെ കണ്ടതും അദ്ദേഹത്തിന്റെ
സമനില തെറ്റിയത് പോലെയായിരുന്നു ആദ്യം… എന്നെ ചൈനയിലേക്ക് അയയ്ക്കാൻ പോകുകയാണെന്ന് പറഞ്ഞു… ചൈനീസ് കമാൻഡോകളെ ഹിറ്റ്-ആൻഡ്-റൺ തന്ത്രങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിനുള്ള
ഒരു പ്രോജക്റ്റ് OSS അവിടെ തുടങ്ങുന്നുണ്ടത്രെ… പാരച്യൂട്ട്
ജമ്പിങ്ങും അതിനോട് അനുബന്ധിച്ച ട്രെയിനിങ്ങും എല്ലാം…”
“എന്നിട്ടോ…?”
“നീ കൊണ്ടുവന്ന ആ ഫോട്ടോകളെല്ലാം
സുപ്രീം കമാൻഡർ കാണുകയുണ്ടായി…”
“അതോടെ കാര്യങ്ങളെല്ലാം
മാറി മറിഞ്ഞു…?”
“അങ്ങനെയാണ് മനസ്സിലാവുന്നത്… ആ ദിനം അടുത്തു കൊണ്ടിരിക്കുകയാണ് ജെനവീവ്… മഹത്തായ D-Day… സമയമാകുന്നതോടെ ഫ്രാൻസിലുള്ള ജർമ്മൻ പോർമുഖത്തിന്
പിന്നിൽ SAS, OSS യൂണിറ്റുകളെ ഡ്രോപ്പ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്… എന്നിട്ട് അവിടുത്തെ ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനവുമായി യോജിച്ച് പ്രവർത്തിച്ച്
കഴിയാവുന്നത്ര നാശനഷ്ടങ്ങൾ ഏല്പിക്കുക എന്നതാണ് പ്ലാൻ…”
“ചുരുക്കി പറഞ്ഞാൽ നിങ്ങളെ
ഇനിയും ആവശ്യമുണ്ടെന്നാണോ മൺറോയുടെ ഇപ്പോഴത്തെ കാഴ്ച്ചപ്പാട്…?” അവൾ ചോദിച്ചു. “എന്തിന് വേണ്ടി മേജർ…? നിങ്ങളുടെ DSC മെഡലുകൾക്കൊപ്പം ഒരു ഓക്ക് ലീഫ് ക്ലസ്റ്റർ കൂടി കൂട്ടിച്ചേർക്കാനോ…?”
അദ്ദേഹം അതിന് മറുപടി
പറഞ്ഞില്ല. പകരം പറഞ്ഞത് ഇതായിരുന്നു. “ജാക്ക് പറയുന്നത് കേട്ടു, ആ കിഴവൻ ബാസ്റ്റർഡിന്
നിന്നെ SOE യിലേക്ക് എടുക്കാനാണ് പദ്ധതിയെന്ന്…”
“അങ്ങനെയാണ് എനിക്കും
മനസ്സിലാവുന്നത്…”
“ഡാംൻ ഹിം റ്റു ഹെൽ…!” അദ്ദേഹം അവളുടെ ഇരുചുമലുകളിലും കൈകൾ വച്ചു. “നീ എന്നും നീ മാത്രമായിരുന്നു
ജെനവീവ്… ഒരിക്കലും അവൾ ആയിരുന്നില്ല… അത് ഓർമ്മയിരിക്കട്ടെ…”
ഇതേ വാചകം ഒരിക്കൽ മാക്സ്
പ്രീമും അവളോട് പറഞ്ഞിരുന്ന കാര്യം അവൾക്ക് ഓർമ്മ വന്നു. ക്രെയ്ഗും പ്രീമും എത്ര മാത്രം
സമാന ചിന്താഗതിക്കാരായിരുന്നു എന്ന് അവൾ അത്ഭുതപ്പെട്ടു. അവൾ തല കുലുക്കി. “തീർച്ചയായും,
ഓർമ്മയിലുണ്ടാകും…”
അവളെയും നോക്കിക്കൊണ്ട്
അദ്ദേഹം അങ്ങനെ നിന്നു. “അപ്പോൾ പിന്നെ, വേറൊന്നുമില്ല…?”
“എന്ന് തോന്നുന്നു…”
ഒന്നും ഉരിയാടാതെ നടന്നകന്ന
അദ്ദേഹം മൂടൽമഞ്ഞിന്റെ ആവരണത്തിൽ അദൃശ്യനായി. അത് അവൾക്ക് താങ്ങാനായില്ല. ഹൃദയത്തിന്റെ
കോണുകളിൽ എവിടെയൊക്കെയോ കത്തിമുനയാൽ വരയുന്നത് പോലെ… യുദ്ധം
നടന്നു കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനിടയിൽ നിങ്ങൾ ജീവിക്കുന്നു… അതിന്റെ പ്രത്യാഘാതങ്ങൾ എന്തു തന്നെയായാലും നേരിടുന്നു, അനുഭവിക്കുന്നു… വളരെ ലളിതം…
അദ്ദേഹത്തിന്റെ
പേര് വിളിച്ചു കൊണ്ട് അവൾ മുന്നോട്ടോടി. “ക്രെയ്ഗ്…!”
യൂണിഫോമിന്റെ പോക്കറ്റിൽ തിരുകിയ കൈകളുമായി അദ്ദേഹം തിരിഞ്ഞു നിന്നു. “യെസ്…?”
“സവോയ് ഹോട്ടലിലെ ഡിന്നറിനെക്കുറിച്ച് അന്ന് എന്തോ പറഞ്ഞിരുന്നില്ലേ നിങ്ങൾ…?”
(അവസാനിച്ചു)