Thursday, February 20, 2025

കോൾഡ് ഹാർബർ - 29

അദ്ധ്യായം – എട്ട്

 

രാവിലെ എഴുന്നേൽക്കുമ്പോഴും തലേന്ന് രാത്രിയിലെ സംഭവങ്ങളുടെ ഹാങ്ങോവർ വിട്ടു മാറിയിരുന്നില്ല. ഇതുപോലൊരു അനുഭവം ഇതിന്  മുമ്പ് ഉണ്ടായിട്ടില്ല. കഥാപാത്രങ്ങൾ ഏറെയും മനസ്സിൽ കുടിയേറിക്കഴിഞ്ഞു. അവരുമായി താൻ ഇടപഴകാൻ തുടങ്ങിയിരിക്കുന്നുവെന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഭയമാകുന്നു. താൻ തന്നെയാണ് ആൻ മേരി ട്രെവോൺസ് എന്ന ചിന്ത കടുത്ത മാനസിക സമ്മർദ്ദത്തിനിടയിലും അവളിൽ വേരോടിത്തുടങ്ങിയിരുന്നു.

 

ഒരു ജിറ്റാൻ സിഗരറ്റ് പുകച്ചു കൊണ്ട് ജെനവീവ് ജാലകത്തിനരികിൽ ഇരുന്നു. പുക ഉള്ളിൽ ചെല്ലുമ്പോഴുള്ള ചുമ ഇപ്പോൾ കുറവുണ്ട്. അതുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. നരച്ച മരങ്ങളുടെ ചില്ലകൾക്കപ്പുറം ചക്രവാളത്തിൽ ഓറഞ്ച് നിറമുള്ള സൂര്യൻ പതുക്കെ തല പൊക്കി. പ്രഭാതകിരണങ്ങൾ വീണ് തടാകത്തിലെ വെള്ളം തിളങ്ങുവാൻ തുടങ്ങി.

 

പിന്നെ നടന്നതെല്ലാം പെട്ടെന്നായിരുന്നു. ഒരു ഉൾപ്രേരണയാലെന്നോണം ബാത്ത്റൂം ഡോറിന്റെ പിന്നിൽ കൊളുത്തിയിട്ടിരുന്ന പഴയ ടവൽ എടുത്ത് പുതച്ചു കൊണ്ട് അവൾ പുറത്തിറങ്ങി. ഹാളിൽ ആരെയും കാണാനുണ്ടായിരുന്നില്ല. പുറത്തേക്ക് നടക്കവെ അടുക്കള ഭാഗത്ത് നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും ഒക്കെ കേൾക്കാറായി. കിച്ചണിൽ നിന്നും പതിഞ്ഞ സ്വരത്തിൽ ജൂലിയുടെ മൂളിപ്പാട്ട് കേൾക്കുന്നുണ്ട്.

 

അടുത്തു കണ്ട മറ്റൊരു വാതിൽ തുറന്നത് ഒരു സിറ്റിങ്ങ് റൂമിലേക്കായിരുന്നു. അതിന്റെ ഫ്രഞ്ച് ജാലകം തുറന്ന് പുറത്തേക്ക് കാലെടുത്തു വച്ചതും പ്രഭാതത്തിലെ മഞ്ഞുകണങ്ങളെയും കൊണ്ടു വന്ന മന്ദമാരുതൻ അവളുടെ ദേഹമാസകലം തഴുകി. കുളിരുകോരുന്ന ശരീരവുമായി തെല്ല് ചെരിഞ്ഞ് കിടക്കുന്ന ആ പുൽത്തകിടിയിലൂടെ തടാകത്തിനരികിലേക്ക് ഓടവെ ആ വെളുത്ത ടവൽ ഒരു പട്ടം കണക്കെ പിറകോട്ട് ചാഞ്ചാടി.

 

പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് ആ കൊച്ചുതടാകം വെള്ളിയും സ്വർണ്ണവും നിറങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന മൂടൽമഞ്ഞ് ചുരുളുകളായി തടാകത്തിന് മുകളിൽ തത്തിക്കളിക്കുന്നു. പുതച്ചിരുന്ന ടവൽ താഴെയിട്ട് അവൾ തന്റെ നിശാവസ്ത്രം തലവഴി മുകളിലേക്ക് ഊരിയെടുത്തു. തടാകത്തിന്റെ കരയിലെ ആറ്റുവഞ്ഞികൾ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങിയ അവൾ പൂർണ്ണനഗ്നയായി വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു.

 

അസ്ഥികൾ ഉറയുന്ന തണുപ്പായിരുന്നു വെള്ളത്തിന്. ശരീരം മരവിക്കുന്നതൊന്നും അവൾ അറിഞ്ഞതേയില്ല. കാറ്റിലാടുന്ന ആറ്റുവഞ്ഞിച്ചെടികളെയും അതിനപ്പുറം തലയുയർത്തി നിൽക്കുന്ന മരങ്ങളെയും നോക്കിക്കൊണ്ട് മറ്റേതോ ലോകത്തെന്ന പോലെ അവൾ നീന്തിത്തുടിച്ച് കിടന്നു. തികച്ചും ശാന്തമായിരുന്നു തടാകം. കറുത്ത സ്ഫടികത്തിന്റെ പ്രതലം പോലെ. തലേന്ന് രാത്രി കണ്ട സ്വപ്നം അവൾക്കോർമ്മ വന്നു. ഇതുപോലെ ഇരുണ്ട ഒരു തടാകത്തിനടിയിൽ നിന്നും സ്ലോ മോഷനിൽ എന്ന പോലെ ഉയർന്നു വരുന്ന ആൻ മേരി. വെള്ളത്തിലേക്ക് വലിച്ചിറക്കുവാനായി തന്റെ നേർക്ക് നീണ്ടു വരുന്ന അവളുടെ കൈകൾ.

 

പരിഭ്രാന്തിയെക്കാൾ ഉപരി ഒരു തരം മടുപ്പാണ് പെട്ടെന്നവൾക്ക് തോന്നിയത്. ജെനവീവ് തിരിഞ്ഞ് കരയിലേക്ക് നീന്തി. ആറ്റുവഞ്ഞികൾ വകഞ്ഞ് മാറ്റി അവൾ കരയിൽ കയറി. ടവൽ എടുത്ത് ദേഹത്ത് ചുറ്റി നിശാവസ്ത്രം കൊണ്ട് തല തുവർത്തിക്കൊണ്ട് മരങ്ങൾക്കിടയിലൂടെ അവൾ വീടിന് നേർക്ക് നടന്നു.

 

മുറ്റത്തിന്റെ അതിരിലുള്ള അരമതിലിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ ഇരിക്കുന്നുണ്ടായിരുന്നു. പുൽത്തകിടിയിലൂടെ പാതിവഴി എത്തിയപ്പോഴാണ് അദ്ദേഹം അവിടെ ഇരിക്കുന്ന കാര്യം ജെനവീവ് ശ്രദ്ധിച്ചത്.

 

“എങ്ങനെയുണ്ടായിരുന്നു? നീന്തൽ ആസ്വദിച്ചുവോ?” അദ്ദേഹം ചോദിച്ചു.

 

“നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നോ?”

 

“അതെ നിങ്ങൾ പുറത്തേക്കിറങ്ങുന്നത് ഞാൻ കണ്ടു അതുകൊണ്ട് പിന്തുടർന്നു

 

“ബുദ്ധിമാനായ ഒരു ഇന്റലിജൻസ് ഓഫീസറെപ്പോലെ? ഞാൻ എന്ത് ചെയ്യാൻ  പോകുകയാണെന്നാണ് നിങ്ങൾ കരുതിയത്? തടാകത്തിൽ ചാടി മരിക്കാൻ പോകുകയാണെന്നോ? അങ്ങനെയാവുമ്പോൾ നിങ്ങളുടെ പദ്ധതികളെല്ലാം വെള്ളത്തിലാവുമല്ലോ അല്ലേ?”

 

“അത് പിന്നെ പറയാനുണ്ടോ?”

 

                                                       ***

 

ബെഡ്‌റൂമിന്റെ വാതിൽ തുറന്ന അവൾ കണ്ടത് ജാലകത്തിനരികിലുള്ള ചെറിയ മേശപ്പുറത്ത് ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ചുകൊണ്ടിരിക്കുന്ന ജൂലിയെയാണ്. പച്ച നിറമുള്ള വെൽവെറ്റ് ഹൗസ്കോട്ടിൽ അവർ അതിമനോഹരിയായി കാണപ്പെട്ടു.

 

“മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ ഷെറീ എന്തു പറ്റി?” അവർ ചോദിച്ചു.

 

“ആ നശിച്ച മനുഷ്യൻ” ജെനവീവ് പറഞ്ഞു.

 

“ആര്, ക്രെയ്ഗിന്റെ കാര്യമാണോ?”

 

“അതെ നീന്തുവാനായി ഞാൻ തടാകത്തിൽ പോയിരുന്നു എന്നെ പിന്തുടർന്ന് വന്ന് ആദ്യന്തം നോക്കിക്കൊണ്ട് നിന്നു

 

“കോഫി കുടിച്ചിട്ട് നീ ഇതൊന്ന് കഴിച്ചു നോക്കൂ എന്റെ സ്പെഷ്യൽ ഐറ്റമാണ് മുട്ട ചിക്കിപ്പൊരിച്ചത് സമാശ്വസിപ്പിക്കുന്ന മട്ടിൽ ജൂലി പറഞ്ഞു.

 

അവൾ കോഫി കുടിക്കുവാൻ തുടങ്ങി. “ആവശ്യമില്ലാതെ വെറുപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹമെന്ന് തോന്നുന്നു” മുട്ട പൊരിച്ചത് രുചിച്ചു നോക്കിക്കൊണ്ട് ജെനവീവ് പറഞ്ഞു.

 

അവൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നിട്ട് ജൂലി കോഫി എടുത്ത് അല്പം കുടിച്ചു. “റിയലി? എനിക്ക് അങ്ങനെയല്ല തോന്നിയത് നിന്നെ വലിയ കാര്യമാണ് അദ്ദേഹത്തിന്

 

പെട്ടെന്നാണ് വാതിൽ തുറന്ന് ക്രെയ്ഗ് ഓസ്ബോൺ എത്തി നോക്കിയത്. വാതിലിൽ ഒന്ന് മുട്ടുവാൻ പോലും അദ്ദേഹം തുനിഞ്ഞിരുന്നില്ല. “നിങ്ങൾ ഇവിടെയുണ്ടായിരുന്നോ?”

 

“മൈ ഗോഡ്, ഇതെന്തൊരു കഷ്ടമാണ്…!” ജെനവീവ് പറഞ്ഞു. “അല്പം പോലും സ്വകാര്യത തരില്ലെന്ന് വച്ചാൽ

 

ആ പറഞ്ഞത് അദ്ദേഹം അവഗണിച്ചു. “നിങ്ങളെ എത്രയും പെട്ടെന്ന് കാണണമെന്ന് മൺറോ പറഞ്ഞു അദ്ദേഹത്തെ തിരികെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ തന്നെ ഗ്രാന്റ് എത്തുന്നുണ്ട് ഞാൻ ലൈബ്രറിയിലുണ്ടാവും” അദ്ദേഹം പുറത്തിറങ്ങി വാതിൽ ചാരി.

 

“എന്താണാവോ മൺറോയ്ക്ക് വേണ്ടത്…!” ജൂലി അത്ഭുതപ്പെട്ടു.

 

“പോകുന്നതിന് മുമ്പ് എനിക്ക് ആശംസകൾ നേരാനായിരിക്കുമോ…? ആർക്കറിയാം…!” ജെനവീവ് ചുമൽ വെട്ടിച്ചു. “അദ്ദേഹം അല്പനേരം കൂടി അവിടെ കാത്തിരിക്കട്ടെ എനിക്ക് ഒരു കോഫി കൂടി വേണം” അവൾ കാപ്പിപ്പാത്രം എടുക്കാാനായി എഴുന്നേറ്റു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


9 comments:

  1. “എന്താണാവോ മൺറോയ്ക്ക് വേണ്ടത്…!”

    രാവിലെ തന്നെ കുളിരുകോരി.. ഒരു കോഫി കൂടെ കുടിച്ചേക്കാം 🤪

    ReplyDelete
    Replies
    1. ഉം, മനസ്സിലായി മനസ്സിലായി... 😄

      Delete
  2. രാവിലെ തന്നെ നല്ല കുളിരാണല്ലോ. എനിക്ക് ഈ വെള്ളക്കാരുടെ പ്രൈവസി സംഭവം അത്രകണ്ട് മനസിലാവാറില്ല. രാവിലെ നഗ്നയായി പുഴയിൽ ചാടണം, എന്നാൽ അതാരും നോക്കരുത് എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസിലാവുന്നില്ല സാർ.

    ReplyDelete
    Replies
    1. പല നാടുകളിൽ പല മനിതർകൾ സാർ... 😄

      Delete
  3. ക്രെയ്ഗ് ശല്യമായി. മൺറോ ആശംസ നേരാൻ ആവുമോ

    ReplyDelete
    Replies
    1. കാത്തിരിക്കാം നമുക്ക്, സുകന്യാജീ...

      Delete
  4. ആ വെളുത്ത ടവൽ ഒരു പട്ടം കണക്കെ പിറകോട്ട് ചാഞ്ചാടി. ദിങ്ങനെ ഓടണ കണ്ടാ ക്രെയ്ഗ് അല്ല അയാൾക്കടെ അപ്പൂപ്പൻ ആണേലും പിറകെ ഓടില്ലേ.. നുമ്മ ആണേൽ ഓടും .ഇല്ലേ ജിമ്മാ.. അദ്ദാണ്.. എവിടേലും തട്ടി വീണാൽ ആരുണ്ട് ഒരു സഹായത്തിന്... അയ്യേ അല്ലാതെ ഓള് വെള്ളത്തിൽ ഇങ്ങനെ ചാടും എന്ന് ആരോർത്ത്...

    ReplyDelete
    Replies
    1. എന്നാലും ചിക്കിപ്പൊരിച്ച മോട്ട തന്നല്ല്...സ്പെഷ്യൽ എന്നൊക്കെ പറഞ്ഞ് ഈ കൊച്ചിനെ ഇങ്ങനെ പറ്റിക്കാവാ ?

      Delete
    2. അമ്പട ഉണ്ടാപ്രീ... കൊള്ളാല്ലോ...

      Delete