രാവിലെ മുതൽ ക്രെയ്ഗ്
നൽകിയ ഫയലുകൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ജെനവീവ്. ഉച്ചഭക്ഷണ സമയത്ത് പബ്ബിലേക്ക്
പോകുമെന്ന് ജൂലി പറഞ്ഞിരുന്നു. ഉച്ചയോടടുത്തതും ഫയൽ അടച്ചു വച്ച് അവൾ എഴുന്നേറ്റു.
ഹാളിലെ കബോർഡിൽ തൂക്കിയിട്ടിരുന്ന ഒരു ഷീപ്സ്കിൻ ജാക്കറ്റ് എടുത്തണിഞ്ഞ് അവൾ പുറത്തിറങ്ങി.
ഹാർബറിലെ ഡോക്കിൽ നിന്നുകൊണ്ട്
ജെട്ടിയിൽ കിടക്കുന്ന ലിലി മർലിനിലേക്ക് അവൾ നോക്കി. ഏതാനും പേർ ഡെക്ക് കഴുകി വൃത്തിയാക്കുന്നുണ്ട്.
വീൽഹൗസിന്റെ ജാലകത്തിലൂടെ മാർട്ടിൻ ഹെയർ പുറത്തേക്ക് നോക്കി.
“കപ്പലിൽ ഒന്ന് കയറി നോക്കുന്നോ…? വരൂ…” അദ്ദേഹം അവളോട് പറഞ്ഞു.
“തീർച്ചയായും…”
ഡോക്കിൽ നിന്നും തൂങ്ങിക്കിടക്കുന്ന
കയറേണിയിലൂടെ ശ്രദ്ധയോടെ അവൾ താഴേയ്ക്കിറങ്ങി. ഡെക്കിൽ ഉണ്ടായിരുന്നവരിൽ ഒരാൾ അവളെ
കപ്പലിലേക്ക് ഇറങ്ങുവാൻ സഹായിച്ചു.
“ഇങ്ങോട്ട് വന്നോളൂ…” ഹെയർ വിളിച്ചു പറഞ്ഞു.
ഡെക്കിൽ നിന്നും ബ്രിഡ്ജിലേക്കുള്ള
ഇരുമ്പുഗോവണി വഴി അവൾ മുകളിലേക്ക് കയറി. അവിടെ കാത്തു നിന്നിരുന്ന മാർട്ടിൻ ഹെയർ അവളെ
വീൽഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി.
“കൊള്ളാമല്ലോ ഇവിടം…” അവൾ പറഞ്ഞു.
“നിങ്ങൾക്ക് ബോട്ടുകൾ
ഇഷ്ടമാണോ…?”
“ഇഷ്ടമാണ്… വളരെയേറെ…”
“ജർമ്മൻകാർ ഇതിനെ സ്പീഡ്ബോട്ട്
എന്നർത്ഥം വരുന്ന ഷ്നെൽബൂട്ട് എന്നാണ് വിളിക്കുന്നത്… അക്ഷരാർത്ഥത്തിൽ അത് ശരിയാണ് താനും… സുഖസൗകര്യങ്ങളൊക്കെ
അല്പം കുറവാണെങ്കിലും വേഗതയുടെ കാര്യത്തിൽ ഇതിനെ തോൽപ്പിക്കാനാവില്ല…” ഹെയർ പറഞ്ഞു.
“എന്ത് വേഗതയുണ്ടിതിന്…?”
“മൂന്ന് ഡെയിംലർ ബെൻസ്
ഡീസൽ എഞ്ചിനുകൾ… കൂടാതെ ബ്രിട്ടീഷുകാരുടെ കൈയിൽ കിട്ടിയപ്പോൾ നടത്തിയ
ചില മോഡിഫിക്കേഷനുകളും കൂടി ആയപ്പോൾ ഏതാണ്ട് നാല്പത്തിയഞ്ച് നോട്ടിക്കൽ മൈൽ വരെ ലഭിക്കുന്നുണ്ട്…”
അവൾ അതിന്റെ കൺട്രോൾ ബോർഡിലൂടെ
വിരലോടിച്ചു. “ഈ കപ്പലിൽ കടലിലൊന്ന് ചുറ്റിവരാൻ മോഹം തോന്നുന്നു…”
“വരൂ, എല്ലാം വിശദമായി
ഞാൻ കാണിച്ചു തരാം…”
അദ്ദേഹം അവളെ താഴെയുള്ള
എഞ്ചിൻ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇടുങ്ങിയ ഇടനാഴികളും വാർഡ്റൂമും ഒക്കെ കാണിച്ചു
കൊടുത്തിട്ട് അദ്ദേഹം തന്റെ സ്വന്തം ക്യാബിനിലേക്ക് നയിച്ചു. വളരെ ചെറിയ ഒരു റൂമായിരുന്നു
അത്. പിന്നെ അവർ പോയത് ആയുധങ്ങൾ കാണുവാനായിരുന്നു. രണ്ട് ടോർപിഡോ ട്യൂബുകൾ, ഡെക്കിൽ
ഘടിപ്പിച്ചിരിക്കുന്ന 20mm ബോഫോഴ്സ് ഗണ്ണുകൾ എന്നിവയെല്ലാം അവൾ സാകൂതം പരിശോധിച്ചു.
എല്ലാം കണ്ടു കഴിഞ്ഞതും
അവൾ പറഞ്ഞു. “അഭിനന്ദനീയം എന്ന് പറയാതെ വയ്യ… തീർത്തും പരിമിതമായ സ്ഥലത്ത് ഇത്രയും ആയുധങ്ങളും
വസ്തുവകകളും എത്ര ഭംഗിയായി ക്രമീകരിച്ചു വച്ചിരിക്കുന്നു…”
“സത്യമാണ്…” ഹെയർ പറഞ്ഞു. “ജർമ്മൻകാരുടെ കഴിവിനെയും കാര്യക്ഷമതയെയും അംഗീകരിച്ചു
കൊടുത്തേ തീരൂ… അത് പറയാതിരിക്കാൻ പറ്റില്ല… പിന്നെ, എന്റെ അമ്മയും ഒരു ജർമ്മൻകാരിയായിരുന്നു കേട്ടോ…”
“അതിൽ നിങ്ങൾക്ക് നാണക്കേട്
തോന്നുന്നുണ്ടോ…?” അവൾ ചോദിച്ചു.
“ഹിറ്റ്ലർ, ഗീബൽസ്, ഹിംലർ
എന്നിവരെയോർത്ത് നാണക്കേട് തോന്നാറുണ്ട്… എങ്കിലും ഗോയ്ഥേ, ഷില്ലർ, ബീഥോവൻ തുടങ്ങി ഏതാനും
ചില നല്ല മനുഷ്യരും ഉണ്ടായിരുന്നു എന്നതിൽ അഭിമാനവും ഉണ്ട്…”
അവൾ മുന്നോട്ടാഞ്ഞ് അദ്ദേഹത്തിന്റെ
കവിളിൽ ഒരു മുത്തം നൽകി. “ഐ ലൈക്ക് യൂ മാർട്ടിൻ ഹെയർ…”
അദ്ദേഹം ഊഷ്മളമായി പുഞ്ചിരിച്ചു.
“ഏയ്, അതൊന്നും ശരിയാവില്ല… നാം തമ്മിൽ ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്… പിന്നീട് നിനക്ക് നിരാശപ്പെടേണ്ടി വന്നേക്കാം…”
“വാഗ്ദാനങ്ങൾ… എന്നും അത് മാത്രമേ എനിക്ക് ലഭിക്കാറുള്ളൂ…” അവൾ പറഞ്ഞു.
“അങ്ങനെ പറയരുത്… ഇന്നത്തെ ഉച്ചഭക്ഷണം എന്തായാലും ലഭിച്ചിരിക്കും…” അദ്ദേഹം അവളെയും കൂട്ടി ഡോക്കിലേക്ക് കയറാനുള്ള കയറേണിയുടെ സമീപത്തേക്ക്
നടന്നു.
***
ലിലി മർലിനിലെ മുഴുവൻ
നാവികരും ക്രെയ്ഗും ഉൾപ്പെടെ എല്ലാവരും തന്നെ The Hanged Man പബ്ബിൽ ഉണ്ടായിരുന്നു.
ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജോ എഡ്ജ് ആകട്ടെ എല്ലാവരുമായും സൗഹൃദം പങ്കിടുന്ന മട്ടിൽ അവർക്കിടയിൽ
ഓടി നടക്കുന്നു. കിച്ചണിൽ നിന്നും പുറത്തു വന്ന ജൂലി ചൂടുള്ള കോർണിഷ് പേസ്റ്റി ഷ്മിഡ്റ്റിന്റെ
പക്കൽ കൊടുത്തു. ബീഫ്, ഉരുളക്കിഴങ്ങ്, സവാള, കുരുമുളക് എന്നിവ ചേർത്ത് ഉണ്ടാക്കിയ സ്വാദിഷ്ടമായ
ആ വിഭവം അയാൾ തന്റെ പതിവ് നർമ്മഭാഷണത്തിന്റെ അകമ്പടിയോടെ അവർക്ക് വിതരണം ചെയ്യുവാൻ
തുടങ്ങി.
ജാലകത്തിനരികിലെ മേശയ്ക്ക്
ചുറ്റും ഇരിക്കുന്ന ജെനവീവിനും ക്രെയ്ഗിനും ഹെയറിനുമായി മൂന്നെണ്ണം അയാൾ കൊണ്ടുവന്നു.
“ജൂതമതചര്യകൾ പാലിച്ച് പാചകം ചെയ്തതാണോ എന്നൊന്നും അറിയില്ല, എന്തായാലും ഇതിന്റെ സുഗന്ധം
ഒരു രക്ഷയുമില്ല…” അയാൾ പറഞ്ഞു.
ക്രെയ്ഗ് അതീവ സന്തുഷ്ടനായി
കാണപ്പെട്ടു. ബിയറിനൊപ്പം പേസ്റ്റി കഴിച്ചു കൊണ്ടിരിക്കവെ അദ്ദേഹവും ഹെയറും തമാശകൾ
പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ജെനവീവ് ആകട്ടെ സിഗരറ്റ് പാക്കറ്റിൽ നിന്നും വീണ്ടും
ഒരു ജിറ്റാൻ എടുത്ത് തീ കൊളുത്തി പുകയെടുത്തു. അംഗീകരിക്കാൻ മടിയാണെങ്കിലും താൻ സിഗരറ്റ്
ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം അവൾ പതിയെ അറിയുകയായിരുന്നു.
“എക്സ്ക്യൂസ് മീ ഫോർ എ
മോമന്റ്… ജൂലിയെ കണ്ട് ഒരു കാര്യം പറയാനുണ്ടായിരുന്നു… ഞാൻ പെട്ടെന്ന് തന്നെ വരാം…” ക്രെയ്ഗ്
എഴുന്നേറ്റു.
ബാറിന് പിറകിലുള്ള കിച്ചണിലേക്ക്
അയാൾ പോയി. ഷ്മിഡ്റ്റ് നൽകിയ പേസ്റ്റി ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ് മാർട്ടിൻ
ഹെയർ. ബാറിന്റെ അങ്ങേയറ്റത്തെ മേശയ്ക്ക് മുന്നിൽ തിളങ്ങുന്ന കണ്ണുകളോടെ തന്റെ നേർക്ക്
തന്നെ നോക്കിയിരിക്കുന്ന ജോ എഡ്ജിനെ ജെനവീവ് ശ്രദ്ധിക്കാതിരുന്നില്ല. വല്ലാത്തൊരു അസ്വസ്ഥതയാണ്
അവൾക്കത് സൃഷ്ടിച്ചത്.
“മൈ ഗോഡ്, ഈ പേസ്റ്റിയുടെ
സ്വാദ് അപാരം തന്നെ… ഒരെണ്ണം കൂടി കഴിച്ചാൽ കൊള്ളാമെന്നുണ്ട്…” ഹെയർ എഴുന്നേറ്റു.
“എനിക്ക് വേണമെന്നില്ല… പുറത്തു പോയി അല്പം ശുദ്ധവായു ശ്വസിക്കണം… ഞാൻ ഒന്ന് നടന്നിട്ടു വരാം…” ജെനവീവ് പറഞ്ഞു.
പുറത്തേക്ക് നടക്കവെ ജോ
എഡ്ജിന്റെ കണ്ണുകൾ തന്നെ പിന്തുടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവളുടെയുള്ളിൽ
രോഷം നുരഞ്ഞു പൊങ്ങി. അയാളുടെ അസഹ്യമായ ആ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാത്രമാണ്
താനിപ്പോൾ പുറത്ത് പോകുന്നത്. മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ തലയും താഴ്ത്തി തിടുക്കത്തിൽ
അവൾ നടന്നു. ഒരു നിമിഷം കഴിഞ്ഞതും പബ്ബിൽ നിന്നും പുറത്തിറങ്ങിയ എഡ്ജ് അവൾ പോയ വഴി
ലക്ഷ്യമാക്കി നീങ്ങി. അല്പദൂരം കഴിഞ്ഞ് സമാന്തരമായ മറ്റൊരു കുറുക്കുവഴിയിലേക്ക് കയറിയ
അയാൾ അവൾക്ക് മുന്നിൽ എത്താനായി ഓടി.
ഷ്മിഡ്റ്റ് കൊണ്ടു വന്ന്
നൽകിയ മറ്റൊരു പേസ്റ്റി എടുത്ത് കഴിക്കാൻ തുടങ്ങുമ്പോഴാണ് മരങ്ങൾക്കിടയിലൂടെ ദൂരേയ്ക്ക്
നടന്നകലുന്ന ജെനവീവിനെ ജാലകത്തിലൂടെ ഹെയർ കണ്ടത്. അടുത്ത നിമിഷം, അവൾ പോയ ദിശ ലക്ഷ്യമാക്കി
ഓടിപ്പോകുന്ന ജോ എഡ്ജിനെയും. പേസ്റ്റി താഴെ വച്ചിട്ട് അദ്ദേഹം എഴുന്നേറ്റു. “ഇത് ഇവിടെയിരിക്കട്ടെ,
ഞാൻ പിന്നെ കഴിച്ചോളാം…”
“അതായിരിക്കും നല്ലത്
സർ…” ഷ്മിഡ്റ്റ് പറഞ്ഞു.
തിടുക്കത്തിൽ പുറത്തിറങ്ങിയ
ഹെയർ മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ അതിവേഗം കുതിച്ചു.
***
കൂടുതൽ പേസ്റ്റി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന
ജൂലിയെയും വീക്ഷിച്ചുകൊണ്ട് കിച്ചണിലെ സിങ്കിൽ ചാരി നിന്ന് സിഗരറ്റ് പുകയ്ക്കുകയാണ്
ക്രെയ്ഗ്.
“ഇന്ന് രാത്രി സ്പെഷ്യൽ
വിഭവങ്ങൾ വേണം അല്ലേ… അത് പറയാനല്ലേ വന്നത്…?” അവർ ചോദിച്ചു.
“അതെ…” അദ്ദേഹം പറഞ്ഞു. “നിങ്ങളും ഞാനും മാർട്ടിനും റിനെയും ജെനവീവും… ഇവിടെ അവളുടെ അവസാനത്തെ രാത്രിയല്ലേ ഇന്ന്… നല്ലൊരു ഡിന്നർ കൊടുക്കുക തന്നെ വേണം…”
“അതിനെന്താ…?” അവൾ പറഞ്ഞു. “നിങ്ങൾ ആവശ്യപ്പെട്ടതു കൊണ്ട് മാത്രം… കുറച്ച് മട്ടൺ ബാക്കിയുണ്ട്… അധികമൊന്നുമില്ല… എങ്കിലും ധാരാളം… പിന്നെ മൂന്ന് ബോട്ട്ൽ ഷാമ്പെയ്നും ഉണ്ട്… മോയ്റ്റ് ആണെന്ന് തോന്നുന്നു…”
“ആഹാ, പിന്നെന്ത് വേണം…”
“ക്രെയ്ഗ്, അവളോട് സ്നേഹത്തോടെ
പെരുമാറണം കേട്ടോ…” മാവ് പുരണ്ട കൈ കൊണ്ട് ജൂലി അദ്ദേഹത്തിന്റെ ഷർട്ടിന്റെ
കൈയിൽ പിടിച്ചു. “അവൾക്ക് നിങ്ങളെ ഇഷ്ടമാണ്…”
പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന്
ഷ്മിഡ്റ്റ് അവിടെയെത്തിയത്. “എക്സ്ക്യൂസ് മീ സർ…”
“എന്തു പറ്റി…?” ക്രെയ്ഗ് ചോദിച്ചു.
“ചെറിയൊരു പ്രശ്നമുണ്ട്… മിസ് ട്രെവോൺസ് നടക്കാൻ വേണ്ടി ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് പോയി… പിന്നെ ഞങ്ങൾ കാണുന്നത് അവർ പോയ വഴിയ്ക്ക് ഓടിച്ചെല്ലുന്ന ഫ്ലൈറ്റ്
ലെഫ്റ്റനന്റ് എഡ്ജ്നെയാണ്… അതു കണ്ടതും മറ്റൊന്നും ആലോചിക്കാതെ ഇരുവരുടെയും
പിന്നാലെ കമാൻഡർ ഹെയറും പോയിട്ടുണ്ട്…”
“അതിന്…?” ക്രെയ്ഗ് ചോദിച്ചു.
“ദൈവത്തെയോർത്ത് സർ… ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം…” ഷ്മിഡ്റ്റ് പറഞ്ഞു. “അദ്ദേഹത്തിന്റെ ഒരു ശ്വാസകോശം മാത്രമേ ശരിയ്ക്കും
പ്രവർത്തിക്കുന്നുള്ളൂ… അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ………….” അയാൾ അത് പറഞ്ഞു തീരുന്നതിന്
മുമ്പ് തന്നെ പുറത്ത് കടന്ന ക്രെയ്ഗ് ഓസ്ബോൺ ആ ഒറ്റയടിപ്പാതയിലൂടെ മുന്നോട്ട് കുതിച്ചു
കഴിഞ്ഞിരുന്നു.
(തുടരും)