Thursday, December 4, 2025

കോൾഡ് ഹാർബർ - 65

അവളെയും കാത്ത് ഷോണ്ടെല ബെഡ്റൂമിൽ നിൽക്കുന്നുണ്ടായിരുന്നു. കറുത്ത ഒരു സ്വെറ്ററും കടുംനിറമുള്ള ട്രൗസേഴ്സും കട്ടിലിൽ നിവർത്തിയിട്ടിട്ടുണ്ട്. “നീ വരാൻ വൈകിയല്ലോ” അവർ അവളെ ശകാരിച്ചു.

 

“അതൊന്നും സാരമില്ല, ഈ ഡ്രെസ്സിൽ നിന്നും പുറത്ത് കടക്കാൻ ഒന്നെന്നെ സഹായിക്കൂ

 

ഷോണ്ടെല അവളുടെ വസ്ത്രത്തിന്റെ പിൻഭാഗത്തുള്ള സിബ്ബ് അഴിച്ചു കൊടുത്തു. പ്രൗഢ ഗംഭീരമായ ആ തൂവെള്ള വസ്ത്രം നിലത്തേക്ക് ഊർന്നു വീണു. ട്രൗസേഴ്സ് ധരിച്ചതിന് ശേഷം അവൾ ആ സ്വെറ്റർ എടുത്തണിഞ്ഞു. ഒരു പോക്കറ്റിൽ ക്യാമറാ സംവിധാനമുള്ള ആ സിഗരറ്റ് പാക്കറ്റും അലമാരയുടെ താക്കോലും മറുപോക്കറ്റിൽ ടോർച്ചും നിക്ഷേപിച്ചതിന് ശേഷം അവൾ തിരിഞ്ഞു.

 

“ഇനി നേരെ കളിക്കളത്തിലേക്ക്

 

ഷോണ്ടെല അവളുടെ കവിളിൽ മുത്തം നൽകി. “പോയി വിജയിച്ചു വരൂ, ജെനവീവ് ട്രെവോൺസ്

 

ജെനവീവ് അവരെ തുറിച്ചു നോക്കി. “നിങ്ങൾ എപ്പോഴാണ് എന്നെ തിരിച്ചറിഞ്ഞത്?”

 

“ഞാനൊരു വിഡ്ഢിയാണെന്നാണോ നീയും നിന്റെ ആന്റിയും വിചാരിച്ചു വച്ചിരിക്കുന്നത്? വിവരം കെട്ട കിഴവി ഷോണ്ടെല അല്ലേ? കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ കണ്ടു തുടങ്ങിയതല്ലേ നിന്നെ ഞാൻ? നിന്റെ നാപ്പി ഞാനല്ലേ മാറ്റിക്കൊണ്ടിരുന്നത്? നീയും ആൻ മേരിയും തമ്മിലുള്ള വ്യത്യാസങ്ങൾ എനിക്ക് മനസ്സിലാവില്ലെന്നാണോ നീ കരുതിയത്?”

 

എന്നാൽ അതേക്കുറിച്ചെല്ലാം കൂടുതൽ സംസാരിക്കാനുള്ള സമയമായിരുന്നില്ല അത്. ഒന്ന് പുഞ്ചിരിച്ചിട്ട് ജെനവീവ് കർട്ടൻ വകഞ്ഞു മാറ്റി ബാൽക്കണിയിലേക്കിറങ്ങി. പരിസരത്തൊന്നും ആരുമില്ല.  നൃത്തവേദിയിലെ ഗാനവീചികൾ അങ്ങകലെയെന്ന പോലെ പതിഞ്ഞു കേൾക്കാം. അവൾ വീണ്ടും ആ പഴയ പന്ത്രണ്ടു വയസ്സുകാരിയായി മാറി. രാത്രിയിൽ ആരും കാണാതെ ആൻ മേരിയോടൊപ്പം രാത്രി സഞ്ചാരത്തിന് ഇറങ്ങുന്ന ആ കൊച്ചു പെൺകുട്ടി. ബാൽക്കണിയുടെ മുകളിൽ കയറി പടികൾ പോലുള്ള ഇഷ്ടികകളിൽ മുറുകെ പിടിച്ച് അവൾ പെട്ടെന്ന് തന്നെ താഴോട്ട് ഇറങ്ങി.

 

                                                       ***

 

ജെനവീവ് ചുറ്റിനും നോക്കി. ടെറസ് വിജനമാണ്. മൂന്നാമത്തെ ഫ്രഞ്ച് ജാലകത്തിന് നേർക്ക് നീങ്ങിയ അവൾ അതിന്റെ മദ്ധ്യത്തിലുള്ള കതകിൽ പതുക്കെ തള്ളി നോക്കി. കുറച്ചു കൂടി ശക്തിയിൽ തള്ളണമെന്ന് തോന്നുന്നു. പണ്ടും അത് ഇങ്ങനെ തന്നെയായിരുന്നു. ബലം പ്രയോഗിച്ചപ്പോൾ തുറന്ന വാതിൽപ്പാളികൾക്കിടയിലൂടെ കർട്ടൻ വകഞ്ഞു മാറ്റി അവൾ ഉള്ളിൽ കടന്നു.

 

ലൈബ്രറിയുടെ ഉള്ളിൽ ഇരുട്ടായിരുന്നു. താഴെ ഗാലറിയിൽ നിന്നുള്ള ശബ്ദവീചികൾ കുറേക്കൂടി അരികിലെന്ന പോലെ കേൾക്കാം. ടോർച്ച് ഓൺ ചെയ്ത് അവൾ എലിസബത്ത് പ്രഭ്വിയുടെ ഛായാചിത്രം കണ്ടുപിടിച്ചു. ഹോർടെൻസ് ആന്റിയുടെ അതേ ഛായയുള്ള ആ ചിത്രത്തിലേക്ക് ഒരു നിമിഷം അവൾ നോക്കി നിന്നു. പിന്നെ ആ ചിത്രം കൊളുത്തിൽ നിന്നും എടുത്തു മാറ്റി. അതിന് പിന്നിൽ കണ്ട സേഫ് തന്റെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് കീ കൊണ്ട് തുറക്കാൻ അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

 

പ്രതീക്ഷിച്ചത് പോലെ നിറയെ പേപ്പറുകൾ അടുക്കി വച്ചിട്ടുണ്ടായിരുന്നു അതിനുള്ളിൽ. എന്ത് ചെയ്യും എന്ന അമ്പരപ്പിൽ നിൽക്കവെയാണ് റോമൽ എന്ന് സ്വർണ്ണനിറമുള്ള ഫ്ലാപ്പിൽ മുദ്രണം ചെയ്തിട്ടുള്ള ആ ലെതർ ബ്രീഫ്കെയ്സ് കണ്ടത്.

 

വിറയ്ക്കുന്ന കൈകളോടെ പെട്ടെന്ന് തന്നെ അവളത് തുറന്നു. ഒരേയൊരു ഫയൽ മാത്രമേ അതിനുള്ളിൽ ഉണ്ടായിരുന്നുള്ളൂ. പീരങ്കികൾ വിന്യസിച്ചിരിക്കുന്ന ഇടങ്ങളുടെയും തീരദേശത്തെ പ്രതിരോധ ലൈനുകളുടെയും ചിത്രങ്ങളാണ് അതു തുറന്നപ്പോൾ അവളെ വരവേറ്റത്. താൻ തേടി വന്നത് ഇതിന് വേണ്ടിത്തന്നെ.

 

ബ്രീഫ്കെയ്സ് തിരികെ സേഫിനുള്ളിൽ വച്ച അവൾ ആ ഫയൽ പ്രീമിന്റെ ഡെസ്കിന് മുകളിൽ തുറന്നു വച്ച് ടേബിൾ ലാമ്പ് ഓൺ ചെയ്തു. ശേഷം ക്യാമറ സംവിധാനമുള്ള തന്റെ സിഗരറ്റ് കെയ്സ് പുറത്തെടുത്തു. ആ നിമിഷമാണ് വാതിലിനപ്പുറം അധികം അകലെയല്ലാതെ മാക്സ് പ്രീമിന്റെ സ്വരം കേട്ടത്.

 

ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും അത്രയും ചടുലമായ നീക്കം അവൾ നടത്തിയത്. സേഫിന്റെ ഡോർ അടച്ച അവൾ എലിസബത്ത് പ്രഭ്വിയുടെ ഛായാചിത്രം യഥാസ്ഥാനത്ത് കൊളുത്തിയിട്ടു. സേഫിന്റെ ഡോർ ലോക്ക് ചെയ്യാനുള്ള സമയമൊന്നും അവൾക്കുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ടേബിൾ ലാമ്പ് ഓഫ് ചെയ്ത അവൾ ടോർച്ചും ആ ഫയലും കൈയിലെടുത്തു.

 

വാതിലിലെ താക്കോൽദ്വാരത്തിൽ ചാവി തിരിയുമ്പോഴേക്കും കർട്ടനുകൾക്കിടയിലൂടെ പുറത്തു കടന്ന അവൾ ഫ്രഞ്ച് ജാലകത്തിന്റെ കതകുകൾ പതുക്കെ ചേർത്തടച്ചു. അടുത്ത മാത്രയിൽ വാതിൽ തുറന്ന് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുന്ന ശബ്ദം കേൾക്കാറായി. ജാലകത്തിന്റെ വിടവിലൂടെ ഒളിച്ചുനോക്കിയ അവൾ കണ്ടത് മുറിയിലേക്ക് പ്രവേശിക്കുന്ന മാക്സ് പ്രീമിനെയാണ്.

 

എന്തു ചെയ്യണമെന്ന് ആലോചിച്ചു കൊണ്ട് ഒരു നിമിഷം അവൾ ടെറസിലെ ഇരുട്ടിൽ നിന്നു. അവൾക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. ടെറസിന്റെ മൂലയിൽ ചെന്ന അവൾ തിരികെ മുകളിലെ ബാൽക്കണിയിലേക്ക് പിടിച്ചു കയറി.

 

                                                       ***

 

മുറിയ്ക്കുള്ളിലേക്ക് കാലെടുത്ത് വച്ചതും ഷോണ്ടെല അവൾക്ക് പിന്നിൽ കർട്ടൻ വലിച്ചിട്ടു. “എന്തു പറ്റി? എവിടെയെങ്കിലും പിഴവ് സംഭവിച്ചോ?” അവർ ചോദിച്ചു.

 

“അപ്രതീക്ഷിതമായി പ്രീം അവിടെയെത്തി ഭാഗ്യത്തിനാണ് അയാളുടെ കണ്ണിൽ പെടാതെ ഞാൻ പുറത്തു കടന്നത് അതുകൊണ്ട് ഫോട്ടോ എടുക്കാനൊന്നും പറ്റിയില്ല ഇനി വേണം അതെടുക്കാൻ

 

ആ ഫയൽ ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ വച്ചിട്ട് കൂടുതൽ വെളിച്ചത്തിനായി അവൾ കട്ടിലിനരികിലെ ലാമ്പ് എടുത്തു കൊണ്ടുവന്നു.

 

“അപ്പോൾ ഇനി എന്ത് ചെയ്യും നീ?”

 

“അവർ അറിയുന്നതിന് മുമ്പ് ഈ ഫയൽ തിരികെ കൊണ്ടുവയ്ക്കാൻ വീണ്ടും താഴേയ്ക്ക് പോകണം ഉടൻ തന്നെ അദ്ദേഹം നൃത്തശാലയിലേക്ക് മടങ്ങുമെന്ന് ആശിയ്ക്കാം

 

“അപ്പോൾ എറിക്കിന്റെ കാര്യമോ?”

 

“കുറച്ചു നേരം കൂടി അയാളെ അവിടെ പിടിച്ചു വയ്ക്കാനുള്ള വിദ്യയൊക്കെ നമ്മുടെ മരീസ ചെയ്യുമെന്ന് പ്രതീക്ഷിക്കാം..”

 

സിഗരറ്റ് കെയ്സിന്റെ ഫ്ലാപ്പ് തുറന്ന് ക്രെയ്ഗ് പഠിപ്പിച്ചു കൊടുത്തത് പോലെ അവൾ ഫോട്ടോ എടുക്കുവാൻ തുടങ്ങി. ഷോണ്ടെല പേജുകൾ ഓരോന്നായി മറിച്ചുകൊണ്ടിരുന്നു. ഇരുപത് ഷോട്ടുകൾ മാത്രം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ, അതിലുമധികം പേജുകൾ ഉണ്ടായിരുന്നു ആ ഫയലിൽ. ഇരുപതെങ്കിൽ ഇരുപത്, അത്രയുമായല്ലോ.

 

ഫോട്ടോകൾ എടുത്തു കഴിഞ്ഞതേയുള്ളൂ, ആരോ കതകിൽ മുട്ടുന്ന ശബ്ദം കേൾക്കാറായി. അവർ മരവിച്ചു നിന്നുപോയി. “വാതിൽ ഞാൻ ലോക്ക് ചെയ്തിരുന്നു” ഷോണ്ടെല മന്ത്രിച്ചു.

 

വീണ്ടും കതകിൽ മുട്ടുന്ന ശബ്ദം. ഒപ്പം വാതിലിന്റെ പിടി താഴോട്ട് തിരിഞ്ഞു. മിണ്ടാതെ നിന്നിട്ട് കാര്യമില്ല എന്ന് ജെനവീവിന് മനസ്സിലായി. “ആരാണത്?” അവൾ വിളിച്ചു ചോദിച്ചു.

 

പക്ഷേ, അതിന് മറുപടിയുണ്ടായില്ല. ഷോണ്ടെലയെ അവൾ ബാത്ത്റൂമിനടുത്തേക്ക് പിടിച്ചു കൊണ്ടുപോയി. “ഇതിനകത്ത് കയറി വാതിലടച്ചോളൂ എന്തു സംഭവിച്ചാലും മിണ്ടരുത്

 

അവൾ പറഞ്ഞത് പോലെ, ഷോണ്ടെല ബാത്ത്റൂമിലേക്ക് കയറി. റോമലിന്റെ ഫയൽ അടുത്തു കണ്ട മേശവലിപ്പിനുള്ളിലേക്ക് ഇട്ടിട്ട് തന്റെ ഡ്രെസ്സിങ്ങ് ഗൗൺ എടുക്കാനായി ജെനവീവ് തിരിഞ്ഞു. പുറമെ നിന്നും ഇടപ്പെട്ട ചാവി വാതിലിലെ താക്കോൽദ്വാരത്തിൽ തിരിഞ്ഞു. ഉള്ളിലുണ്ടായിരുന്ന ചാവി താഴേയ്ക്ക് തെറിച്ചു വീണു. അടുത്ത നിമിഷം വാതിൽ തുറന്ന് മാക്സ് പ്രീം ഉള്ളിലേക്ക് പ്രവേശിച്ചു.

 

(തുടരും)