Thursday, March 27, 2025

കോൾഡ് ഹാർബർ - 33

മരങ്ങൾക്കിടയിലൂടെ ജെനവീവ് മുന്നോട്ട് നീങ്ങവെ ചെറുതായി മഴ ചാറിത്തുടങ്ങി. മരങ്ങൾ വെട്ടിമാറ്റി തരിശായി കിടക്കുന്നയിടത്ത് എത്തിയപ്പോഴാണ് ഈയം ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നൂറ്റാണ്ടിലെപ്പോഴോ ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിന്റെ അവശേഷിപ്പ് കണ്ടത്. അതിന്റെ കവാടത്തിന് മുന്നിൽ ഒന്ന് സംശയിച്ചു നിന്നിട്ട് അവൾ ഉള്ളിലേക്ക് കയറി. ഇരുണ്ട് ദൂരൂഹത നിറഞ്ഞത് പോലെ ഉയർന്നു കാണപ്പെട്ട ആ ഗോപുരത്തിന്റെ മേൽക്കൂര കാലപ്പഴക്കത്താൽ നഷ്ടമായിരുന്നു.

 

“വിഷാദകന്യകേ, എങ്ങോട്ടാണ് നിന്റെ യാത്ര?” ഞെട്ടിത്തിരിഞ്ഞ അവൾ കണ്ടത് കെട്ടിടത്തിന്റെ കവാടത്തിൽ നിൽക്കുന്ന ജോ എഡ്ജിനെയാണ്. പുറത്തിറങ്ങാനായി തിരിഞ്ഞ ജെനവീവിന്റെ വഴി മുടക്കികൊണ്ട് അവൻ വാതിൽക്കൽ നിന്നു. “എന്തു തന്നാലാണ് നീ കുറച്ചുകൂടി അടുപ്പം കാണിക്കുക?” അവൻ ചോദിച്ചു.

 

“നീ ഒന്നും തരണ്ട, വഴി മാറിത്തരൂ

 

മുടിക്കെട്ടിൽ പിടിച്ച് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച അവൻ മറുകൈ കൊണ്ട് അവളുടെ തുടയിടുക്കിൽ പിടിച്ചമർത്തി. വേദനയാൽ അലറി വിളിച്ച അവൾ മുഷ്ടി ചുരുട്ടി അവന്റെ മുഖത്ത് ആഞ്ഞിടിച്ചു. രോഷാകുലനായ എഡ്ജ് കൈ മടക്കി അവളുടെ മുഖത്ത് പ്രഹരമേൽപ്പിച്ചു. നിലതെറ്റി പിറകോട്ട് മാറിയ അവൾ ഒരു കല്ലിൽ കാൽ തട്ടി മലർന്ന് വീണു. അടുത്ത നിമിഷം മുന്നോട്ട് വന്ന എഡ്ജ് മുട്ടുകുത്തി അവളുടെ മുകളിലേക്ക് കവച്ചിരുന്നു.

 

“അത്രയ്ക്കായോ? നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോയെന്ന് ഒന്ന് നോക്കട്ടെ ഞാൻ” അവൻ പറഞ്ഞു.

 

അവസാനത്തെ നൂറ് വാര കമാൻഡർ മാർട്ടിൻ ഹെയർ ഓടുകയായിരുന്നുവെന്ന് വേണം പറയാൻ. ഡോക്ടർമാർ കർശനമായി വിലക്കിയിട്ടുള്ളതാണത്. ആ കെട്ടിടത്തിന്റെ കവാടത്തിലൂടെ ഉള്ളിൽ കടക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു. കിതപ്പേറിയതിനാൽ ശ്വാസമെടുക്കുവാൻ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടി. അവശേഷിച്ചിരുന്ന ശക്തിയെടുത്ത് അദ്ദേഹം എഡ്ജിന്റെ മുടിയിൽ പിടിച്ച് ജെനവീവിന്റെ ദേഹത്ത് നിന്നും വലിച്ചുയർത്തി.

 

എഴുന്നേറ്റ് നിന്ന എഡ്ജ് കോപത്താൽ അലറിക്കൊണ്ട് ഹെയറിന്റെ വലതു കവിളിൽ ആഞ്ഞ് ഒരു ഇടി കൊടുത്തു. അത് തടയാനായി കൈ ഉയർത്താൻ ശ്രമിച്ചുവെങ്കിലും ശ്വാസമെടുക്കാനാവാതെ അദ്ദേഹം മുന്നോട്ട് കുനിഞ്ഞു. അതേ സമയം തന്നെ എഡ്ജ് അവന്റെ കാൽമുട്ട് ഉയർത്തി അദ്ദേഹത്തിന്റെ മുഖത്തിന് നേർക്ക് വച്ചുകൊടുത്തു. നിലത്ത് നിന്നും എഴുന്നേറ്റ ജെനവീവ് പിറകിലൂടെ വന്ന് ജാക്കറ്റിൽ പിടിച്ച് വലിച്ച് അവനെ പിറകോട്ട് മാറ്റുവാൻ നോക്കി. അവൻ ശപിച്ചു കൊണ്ട് അവൾക്ക് വീണ്ടുമൊരു പ്രഹരം നൽകി. അതോടൊപ്പം മാർട്ടിൻ ഹെയർ മുട്ടുകുത്തി മുന്നോട്ട് വീണു.

 

പിറകോട്ട് തിരിഞ്ഞ എഡ്ജ് ജെനവീവിന്റെ കഴുത്തിൽ കയറിപ്പിടിച്ചു. അതു കണ്ടുകൊണ്ടാണ് ക്രെയ്ഗ് ഓസ്ബോൺ അവിടേയ്ക്ക് ഓടിയെത്തിയത്. മുഷ്ടി ചുരുട്ടി അവന്റെ അടിവയറ്റിൽ വൃക്കയുടെ സ്ഥാനം നോക്കി ക്രെയ്ഗ് ഒരു കനത്ത പ്രഹരമേൽപ്പിച്ചു. അസഹനീയമായ വേദനയാൽ നിലവിളിച്ച അവന്റെ അതേയിടത്തിൽ തന്നെ മറ്റൊരു പ്രഹരവും കൂടി അദ്ദേഹം നൽകി. എന്നിട്ട് കഴുത്തിൽ പിടിച്ച് വാതിൽക്കൽ കൊണ്ടു വന്ന് അവനെ പുറത്തേക്കെറിഞ്ഞു.

 

ക്രെയ്ഗ് അവർക്കരികിലേക്ക് തിരിച്ചെത്തി. ഹെയറിനെ പിടിച്ച് എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു ജെനവീവ്. മാർട്ടിൻ ഹെയർ നിസ്സഹായതയോടെ പുഞ്ചിരിച്ചു. “ഒന്നിനും കൊള്ളാത്തവനായി മാറിപ്പോയി ഞാൻ അല്ലേ

 

“ഇല്ല, നിങ്ങൾ എന്നും എന്റെ ഹീറോ ആണ്” ജെനവീവ് പറഞ്ഞു.

 

“നോക്കൂ കമാൻഡർ” ക്രെയ്ഗ് പറഞ്ഞു. “എല്ലാം നമ്മുടെ ചിന്തകൾ പോലെയിരിക്കും കമോൺ നിങ്ങൾക്ക് എന്റെ വക ഒരു ഡ്രിങ്ക്” അദ്ദേഹം എഡ്ജിന് നേർക്ക് തിരിഞ്ഞു. “ഇനി നിനക്ക് ഇനി ഇതുപോലെ എന്തെങ്കിലും കാണിക്കാൻ മുതിർന്നാൽ നീ കോർട്ട് മാർഷൽ നടപടികൾക്ക് വിധേയനായി എന്ന് ഉറപ്പ് വരുത്തിയിട്ടേ ഞാൻ പിൻവാങ്ങൂ

 

നിലത്ത് വീണ് ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുന്ന എഡ്ജിനെ അവിടെ വിട്ടിട്ട് അവർ മൂവരും തിരികെ കോൾഡ് ഹാർബർ ലക്ഷ്യമാക്കി നടന്നു.

 

(തുടരും)