Thursday, November 20, 2025

കോൾഡ് ഹാർബർ - 63

സമയം ആറു മണിയോടടുക്കുന്നു. പകൽ‌വെട്ടം മങ്ങിത്തുടങ്ങവെ ആളും ആരവവും ഇല്ലാത്ത ഗ്രോസ്നെസ് കടൽപ്പാലം ലക്ഷ്യമാക്കി കുതിക്കുകയാണ് ലിലി മർലിൻ. ചെറിയ തോതിൽ മൂടൽമഞ്ഞ് ഉണ്ട്. നേരിയ കാറ്റു പോലും ഇല്ലാത്തതിനാൽ വളരെ ശാന്തമാണ് കടൽ. കൊടിമരത്തിൽ ചലനമില്ലാതെ തൂങ്ങിക്കിടക്കുന്ന ക്രീഗ്സ്മറീൻ പതാക. ലാങ്ങ്സ്ഡോർഫ് ആണ് വീൽ നിയന്ത്രിക്കുന്നത്. മാർട്ടിൻ ഹെയർ ബൈനോക്കുലറിലൂടെ തീരത്തേക്ക് നോക്കി.

 

“യെസ്, അവരവിടെയുണ്ട്” പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “അയാളുടെ ധൈര്യവും ആത്മാർത്ഥതയും സമ്മതിച്ചു കൊടുക്കുക തന്നെ വേണം രണ്ട് വാഹനങ്ങളാണ് അയാൾ കൊണ്ടുവന്നിരിക്കുന്നത് ഒരു ക്യൂബൽവാഗണും പിന്നെ ഒരു സെഡാനും യൂണിഫോമിൽ ആണ് അവരെല്ലാം

 

അദ്ദേഹം കൈമാറിയ ബൈനോക്കുലേഴ്സ് വാങ്ങി ക്രെയ്ഗ് കരയിലേക്ക് നോക്കി. ജർമ്മൻ ആർമി യൂണിഫോം ധരിച്ച മൂന്നു പേർ ആ ക്യൂബൽവാഗണിന് സമീപം നിൽക്കുന്നുണ്ടായിരുന്നു. അതിൽ ചാരി നിൽക്കുന്ന ഗ്രാൻഡ് പിയർ ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുകയാണ്.

 

“അയാളുടെ സ്റ്റൈൽ ഒന്ന് വേറെ തന്നെ പറയാതിരിക്കാനാവില്ല” ക്രെയ്ഗ് പറഞ്ഞു. “എന്നാൽ ശരി, ഞാൻ താഴെ ചെന്ന് ഡ്രെസ്സ് മാറിയിട്ട് വരാം

 

ക്രെയ്ഗ് വീൽഹൗസിൽ നിന്നും പുറത്തിറങ്ങിയതും ഹെയർ ലാങ്ങ്സ്ഡോർഫിനോട് പറഞ്ഞു. “വേഗത നന്നേ കുറച്ചോളൂ ഞാൻ താഴേക്ക് ചെല്ലട്ടെ

 

ഹെയർ ഡെക്കിലേക്ക് ഇറങ്ങി. നാവികരെല്ലാവരും തങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. മെഷീൻ ഗണ്ണുകൾ എല്ലാം പ്രവർത്തന സജ്ജമാക്കി വച്ചിരിക്കുന്നു. ഹെയർ ഇടനാഴിയിലേക്ക് ഇറങ്ങി. ആ ചെറിയ ക്യാബിനിലേക്ക് പ്രവേശിച്ച അദ്ദേഹം കണ്ടത് Waffen-SS യൂണിഫോമിന്റെ ബട്ടൺ ഇട്ടുകൊണ്ടിരിക്കുന്ന ക്രെയ്ഗിനെയാണ്.

 

ഹെയർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ഇത് വിജയിക്കുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?”

 

“കൗമാരകാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിലെല്ലാം ഒടുവിൽ നായകൻ നായികയെ തേടി മടങ്ങിയെത്തുകയായിരുന്നു അത് എന്റെ മനസ്സിനെ പരുവപ്പെടുത്തി എനിക്കും അതല്ലാതെ വേറെ മാർഗ്ഗമൊന്നും ഇല്ലെന്ന് പറയാം ” അദ്ദേഹം വാൾട്ടർ പിസ്റ്റൾ ബെൽറ്റിൽ ഘടിപ്പിച്ചു. അതിന്റെ സിൽവർ നിറത്തിലുള്ള SS ബക്കിൾ തിളങ്ങുന്നുണ്ടായിരുന്നു. ശേഷം, ക്യാപ് എടുത്ത് തലയിൽ വച്ചു. “എങ്ങനെയുണ്ട്? ഇന്നത്തെ ദൗത്യത്തിന് ഈ യൂണിഫോം ധാരാളമല്ലേ?”

 

“റോഡിലെ മിലിട്ടറി പൊലീസുകാർ മുതൽ ഗേറ്റിൽ നിൽക്കുന്ന ഗാർഡുമാർ വരെയുള്ള ഒരൊറ്റ ഉദ്യോഗസ്ഥന് പോലും ഈ യൂണിഫോമിലുള്ളയാളെ ചോദ്യം ചെയ്യാനുള്ള ധൈര്യമുണ്ടാവില്ല” ഹെയർ അദ്ദേഹത്തെ ഡെക്കിലേക്ക് ആനയിച്ചു.

 

ലോവർ ജെട്ടിയിലേക്ക് ബോട്ട് അടുത്തതും ഗ്രാൻഡ് പിയർ പടവുകളിറങ്ങി തന്റെ പതിവ് നിസ്സംഗ ഭാവത്തോടെ അവരെ സ്വീകരിക്കാനെത്തി. എന്നാൽ ക്രെയ്ഗിനെ കണ്ടതും അത്ഭുതത്തോടെ അയാൾ പുഞ്ചിരിച്ചു. “ദൈവമേ, ഞാൻ ഓക്സ്ഫഡിൽ ഉണ്ടായിരുന്ന കാലത്തെ വേഷപ്രച്ഛന്ന മത്സരവേദിയാണ് എനിക്കോർമ്മ വരുന്നത് ഓസ്ബോൺ, നിങ്ങളുടെ വേഷം ഗംഭീരമായിട്ടുണ്ട്

 

“ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു” ക്രെയ്ഗ് പറഞ്ഞു. “ഇത് ഒരു സ്വകാര്യ ദൗത്യമാണ് ആ പെൺകുട്ടിയെ തിരികെ കൊണ്ടുപോകാൻ വേണ്ടി സ്വന്തം തീരുമാനപ്രകാരം എത്തിയതാണ് ഞങ്ങൾ

 

“അവളെ രക്ഷിച്ചു കൊണ്ടുപോകൂ മകനേ ജൂലി ലെഗ്രാൻഡ് കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞിരുന്നു സത്യം പറയാമല്ലോ, ഈ വിഷയത്തിൽ സഹകരിക്കാൻ എന്റെ പ്രസ്ഥാനത്തിലുള്ളവർക്ക് അത്ര താല്പര്യമൊന്നും ഉണ്ടായിരുന്നില്ല ഒരു യുവതിയുടെ ജീവൻ, അത് ബ്രിട്ടീഷ് ഏജന്റിന്റെയോ മറ്റാരുടെയോ ആകട്ടെ, അവർക്ക് അത്ര വിഷയമേയല്ല കാരണം, അവരുടെയൊക്കെ കുടുംബാംഗങ്ങളിൽ എത്രയോ പേർ ഈ യുദ്ധവുമായി ബന്ധപ്പെട്ട് ജീവൻ വെടിഞ്ഞിരിക്കുന്നു എങ്കിലും അവർക്കിടയിൽ എനിക്ക് അല്പമൊക്കെ മേധാവിത്വം ഉണ്ടെന്ന് കൂട്ടിക്കോളൂ നിങ്ങൾക്ക് വേണ്ടി ഒരു മെഴ്സെഡിസ് കാറും ഒരു ക്യൂബൽ‌വാഗണും ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് ഞങ്ങളുടെ മൂന്ന് പ്രവർത്തകർ ജർമ്മൻ യൂണിഫോമിൽ നിങ്ങൾക്ക് അകമ്പടി സേവിക്കുന്നതായിരിക്കും കൊള്ളാമല്ലേ? നിങ്ങൾ കൊട്ടാരത്തിനുള്ളിൽ കയറിയതും അവർ തിരിച്ച് പോരുന്നതായിരിക്കും

 

“നിങ്ങൾ ആ പരിസരത്തൊക്കെത്തന്നെ ഉണ്ടാവില്ലേ?” ക്രെയ്ഗ് ചോദിച്ചു.

 

“തീർച്ചയായും പ്രവർത്തകരോടൊപ്പം കൊട്ടാരത്തിന് സമീപത്തെ വനത്തിൽ ഉണ്ടാവും ഞാൻ നിങ്ങൾ വന്ന ബോട്ട് കാത്തുനിൽക്കില്ലേ?”

 

ഹെയർ ലാങ്ങ്സ്ഡോർഫിന് നേർക്ക് തിരിഞ്ഞു. “എഞ്ചിൻ റിപ്പയർ എന്ന വ്യാജേന, അല്ലേ?”

 

ലാങ്ങ്സ്ഡോർഫ് തല കുലുക്കി. “എന്തായാലും പെട്ടെന്ന് ഇരുട്ടാവുന്നതുകൊണ്ട് കുഴപ്പമില്ല, ഹെർ കപ്പിത്താൻ

 

“പക്ഷേ, അവളെയും കൊണ്ട് എപ്പോൾ തിരിച്ചെത്താനാവും എന്ന് ഒരു പിടിയുമില്ല” ക്രെയ്ഗ് പറഞ്ഞു.

 

“വിഷമിക്കേണ്ട, ഞങ്ങൾ ഇവിടെത്തന്നെയുണ്ടാവും, ക്രെയ്ഗ്” ഹെയർ പുഞ്ചിരിച്ചു.

 

എല്ലാം വീക്ഷിച്ചു കൊണ്ട് നിൽക്കുന്ന ബോട്ടിലെ നാവികരെ നോക്കി ക്രെയ്ഗ് സല്യൂട്ട് ചെയ്തു. “മെൻ” അദ്ദേഹം ഇംഗ്ലീഷിൽ അഭിസംബോധന ചെയ്തു. “ഇറ്റ്സ് ബീൻ ആൻ ഓണർ റ്റു സെർവ് വിത്ത് യൂ

 

ഡെക്കിലുള്ള നാവികർ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി. ഷ്മിഡ്റ്റ് ആണ് മറുപടി പറഞ്ഞത്. “ഗുഡ് ലക്ക്, മേജർ അവന്മാരെ അടിച്ച് നിരപ്പാക്കിയിട്ട് വരൂ

 

പടികൾ കയറി അവർ കാറുകൾക്കടുത്തേക്ക് നടന്നു. ജർമ്മൻ യൂണിഫോമിലുള്ള തന്റെ സഹപ്രവർത്തകർ മൂന്നു പേരോടും കൂടി ഫ്രഞ്ച് ഭാഷയിൽ ഗ്രാൻഡ് പിയർ പറഞ്ഞു. “ദേ, മനുഷ്യരേ, ഇദ്ദേഹത്തെ നന്നായി നോക്കിക്കോണം ദൗത്യത്തിൽ എന്തെങ്കിലും പിഴവ് വരുത്തിയാൽ പിന്നെ നിങ്ങൾ എന്റെയടുത്തേക്ക് വരികയേ വേണ്ട

 

പുഞ്ചിരിയോടെ അവർ ക്യൂബൽവാഗണിൽ കയറി. ക്രെയ്ഗ് മെഴ്സെഡിസിന്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറി ഇരുന്നു.

 

ഗ്രാൻഡ് പിയർ ക്രെയ്ഗിനോട് പറഞ്ഞു. “സൂക്ഷിച്ച് പോകണം ഇന്ന് രാത്രിയിൽ അവിടെ നൃത്ത പരിപാടിയൊക്കെയുണ്ട് രസമായിരിക്കും എനിക്കും വരണമെന്നുണ്ടായിരുന്നു പക്ഷേ, ഡിന്നർ ജാക്കറ്റ് ഇല്ലാതെ പോയി

 

ക്യൂബൽ‌വാഗൺ മുന്നോട്ട് നീങ്ങിയതും ക്രെയ്ഗ് തന്റെ മെഴ്സെഡിസ് സ്റ്റാർട്ട് ചെയ്ത് അതിനെ അനുഗമിച്ചു. റിയർവ്യൂ മിററിൽ ഗ്രാൻഡ് പിയർ അകന്ന് അപ്രത്യക്ഷമായതും അദ്ദേഹം കുന്നിൻമുകളിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞു.

 

                                                              ***

 

തൂവെള്ള നിറമുള്ള അതിമനോഹരമായ ആ സിൽക്ക് വസ്ത്രം ധരിക്കുവാൻ മരീസ ജെനവീവിനെ സഹായിച്ചു. മെയ്ക്കപ്പ് ഇടുവാനായി ഇരുന്ന ജെനവീവിന്റെ ചുമലിൽ അവൾ ഒരു ടവൽ വിരിച്ചു കൊടുത്തു.

 

“റിനേയെ നീയിന്ന് എവിടെയെങ്കിലും കണ്ടിരുന്നോ?” ജെനവീവ് അവളോട് ചോദിച്ചു.

 

“ഇല്ല മോസെലാ വൈകുന്നേരത്തെ ഭക്ഷണത്തിന് പരിചാരകരുടെ ഹാളിൽ അയാൾ ഉണ്ടായിരുന്നില്ല ആരെയെങ്കിലും വിട്ട് വിളിപ്പിക്കണോ?”

 

“ഓ, അതിന്റെയൊന്നും ആവശ്യമില്ല എന്തെല്ലാം കാര്യങ്ങളാണ് നിനക്ക് ചെയ്യാനുള്ളത് എന്തൊക്കെയാണെന്ന് ശരിയ്ക്കും ഓർമ്മയുണ്ടല്ലോ അല്ലേ?”

 

“ഒമ്പത് മണിക്ക് എറിക്കിനെ സമ്മർഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴിയാവുന്നിടത്തോളം സമയം അവിടെ പിടിച്ചു വയ്ക്കുക

 

“എന്ന് വച്ചാൽ, ചുരുങ്ങിയത്  ഒരു ഇരുപത് മിനിറ്റ് നേരത്തേക്കെങ്കിലും” ജെനവീവ് പറഞ്ഞു. “അതിനും മുമ്പ് അയാൾ പുറത്ത് വന്നാൽ അപകടമാണ്” അവൾ മരീസയുടെ കവിളിൽ പതിയെ തട്ടി. “വിഷമിക്കാതിരിക്കൂ മരീസാ ജനറലിന്റെയടുത്ത് നമ്മൾ ഒരു ചെറിയൊരു ഗെയിം കളിക്കാൻ പോകുന്നു അത്ര മാത്രം

 

അത് അത്ര വിശ്വാസമായിട്ടില്ലെന്ന് അവളുടെ കണ്ണുകളിൽ നിന്നും ജെനവീവിന് മനസ്സിലാക്കാൻ കഴിഞ്ഞു. അതെന്തെങ്കിലുമാവട്ടെ തന്റെ ഹാൻഡ്ബാഗ് എടുത്ത്, പുഞ്ചിരിച്ചു കൊണ്ട് അവൾ പുറത്തിറങ്ങി.

 

(തുടരും)

4 comments:

  1. നിർണായകമായ നിമിഷങ്ങൾ.. എന്താവുമോ എന്തോ!

    ReplyDelete
    Replies
    1. ചിലതൊക്കെ ഇവിടെ നടക്കും...

      Delete
  2. ആ തെണ്ടി റിനെ പണി തരുമോ..?
    എല്ലാം നന്നായി വന്നാൽ മതിയാരുന്നു..
    അതോ ദുരന്തം ആവുമോ..?

    ReplyDelete