അവർ നൽകിയ കുറിപ്പുകൾ
വായിച്ചു പഠിക്കുവാനായി ഉച്ചയ്ക്ക് ശേഷമുള്ള സമയം അവൾ മാറ്റി വച്ചു. അതിൽ പ്രതിപാദിച്ചിരിക്കുന്ന
ഓരോരുത്തരും ആരൊക്കെയാണെന്നും അവരുടെ പശ്ചാത്തലം എന്താണെന്നും ഒക്കെ ഹൃദിസ്ഥമായി എന്നുറപ്പായപ്പോൾ
റിനേയോടൊപ്പമുള്ള അടുത്ത സെഷനായി അവൾ ലൈബ്രറിയിലേക്ക് ചെന്നു. അത് കഴിഞ്ഞപ്പോഴേക്കും
ഡിന്നറിനുള്ള സമയമായിക്കഴിഞ്ഞിരുന്നു.
അത്താഴത്തിന് ക്രെയ്ഗും
മൺറോയും റിനേയും കിച്ചണിൽ ഉണ്ടായിരുന്നു. ഗംഭീരമായിരുന്നു ജൂലി തയ്യാറാക്കിയ വിഭവങ്ങൾ.
സ്റ്റീക്ക്, പുഡ്ഡിങ്ങ്, പൊട്ടാറ്റോ റോസ്റ്റ്, ക്യാബേജ്, ആപ്പിൾ പൈ, മുന്തിയ ഇനം വൈൻ
എല്ലാം ഒന്നിനൊന്ന് മെച്ചം. എങ്കിലും അവയൊന്നും തന്നെ ക്രെയ്ഗിന് ഉണർവ്വേകിയില്ല എന്നതാണ്
യാഥാർത്ഥ്യം. വിവിധ ചിന്തകളുമായി അസ്വസ്ഥനായിരുന്നു അദ്ദേഹം.
“നല്ല ഒന്നാം തരം ഇംഗ്ലീഷ്
ഭക്ഷണം…” ജൂലിയുടെ കവിളിൽ മുത്തം നൽകിയിട്ട് മൺറോ പറഞ്ഞു.
“ഒരു ഫ്രഞ്ച്കാരി എന്ന നിലയിൽ ശരിയ്ക്കും ബുദ്ധിമുട്ടിക്കാണുമല്ലോ ഇതൊക്കെ ഉണ്ടാക്കാൻ…” അദ്ദേഹം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “ഞാൻ പബ്ബിലേക്ക് പോകുകയാണ്… എന്നോടൊപ്പം വരുന്നോ നടക്കാൻ…?”
“ഇല്ല, ഞാനില്ല…” ക്രെയ്ഗ് പറഞ്ഞു.
“ശരി, നിങ്ങളുടെ ഇഷ്ടം
പോലെ… റിനേ, നിങ്ങൾ എന്തു പറയുന്നു…? വരുന്നോ…? അല്പം ഡ്രിങ്ക്സ് അകത്താക്കുകയും ചെയ്യാം…”
“തീർച്ചയായും മൊസ്യേ ജനറൽ…” ചിരിച്ചു കൊണ്ട് റിനേ അദ്ദേഹത്തോടൊപ്പം പുറത്തേക്ക് നടന്നു.
“ക്രെയ്ഗ്, ഞാൻ കോഫി കൊണ്ടു
വരാം… ജെനവീവിനെയും കൂട്ടി ബ്ലൂ റൂമിലേക്ക് ചെന്നോളൂ…” ജൂലി പറഞ്ഞു.
ലൈബ്രറിയുടെ തൊട്ടടുത്ത
റൂം ആയിരുന്നു അത്. നല്ലയിനം ഫർണീച്ചറും കനൽ എരിയുന്ന നെരിപ്പോടും ഒക്കെയായി സുഖകരമായ
ഒരു സിറ്റിങ്ങ് റൂം. മനോഹരമായ ഒരു പിയാനോയും അവിടെയുണ്ടായിരുന്നു.
ജെനവീവ് ശ്രദ്ധാപൂർവ്വം
പിയാനോയുടെ മൂടി ഉയർത്തി വച്ചു. ഈ ലോകത്ത് മറ്റെന്തിനെക്കാളും അധികം പിയാനോയെയും സംഗീതത്തെയും
സ്നേഹിച്ചിരുന്ന, അല്ലെങ്കിൽ അതായിരിക്കണം തന്റെ മേഖല എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
പക്ഷേ, പ്രതീക്ഷ പോലെ ആയിരിക്കില്ലല്ലോ ജീവിതം മുന്നോട്ട് പോകുന്നത്.
പോളിഷ് സംഗീതജ്ഞൻ ചോപ്പിൻ
ഈണം നൽകിയ ഒരു മെലഡിയാണ് അവൾ വായിച്ചു തുടങ്ങിയത്. ബേസ് നോട്ടിലുള്ള ആ ഈണം വിഷാദവീചികളായി
പ്രവഹിക്കുമ്പോൾ അവിടെങ്ങും ദുഃഖം ഘനീഭവിച്ചു നിൽക്കുന്നത് പോലെ തോന്നി. കിച്ചണിൽ നിന്നും
കോഫിയുമായി എത്തിയ ജൂലി താൻ കൊണ്ടുവന്ന ട്രേ നെരിപ്പോടിനരികിൽ വച്ചു. ക്രെയ്ഗ് ആകട്ടെ,
അവൾക്കരികിൽ വന്ന് ജെനവീവിന്റെ വിരലുകൾ പിയാനോയിൽ ഇന്ദ്രജാലം തീർക്കുന്നത് നോക്കി നിന്നു.
‘Claire de Lune’ എന്ന
ഗാനത്തിലേക്ക് മാറിയതും അദ്ദേഹം ചോദ്യരൂപേണ അവളെ നോക്കി. വിഷാദത്തിന്റെ മൂർദ്ധന്യമായിരുന്നു
മനോഹരമായ ആ ഗാനം. ഏറെക്കാലത്തിന് ശേഷമാണെങ്കിലും വളരെ നന്നായിട്ട് തന്നെയായിരുന്നു
അവൾ അത് വായിച്ചത്. അവൾക്കത് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തു. ഗാനം കഴിഞ്ഞ് അവൾ തലയുയർത്തി
നോക്കിയപ്പോൾ ക്രെയ്ഗിനെ അവിടെ കാണാനുണ്ടായിരുന്നില്ല. ഒന്ന് സംശയിച്ചിട്ട് പിയാനോയുടെ
മൂടി താഴ്ത്തി വച്ച് അവൾ അദ്ദേഹത്തെ തേടി പുറത്തേക്ക് ഇറങ്ങി.
***
ടെറസിലെ ഇരുട്ടിൽ ഒരു
സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ സ്റ്റെയർകെയ്സിന്റെ പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
പാരപെറ്റിൽ ചാരി അവൾ അദ്ദേഹത്തെയും നോക്കി നിന്നു.
“നിങ്ങളുടെ പ്രകടനം തരക്കേടില്ലായിരുന്നു…” അദ്ദേഹം പറഞ്ഞു.
“ശത്രുവിന്റെ കഴിയുന്നതും
അടുത്ത് നിൽക്കുകയാണെങ്കിൽ, അല്ലേ…?” ജെനവീവ് ചോദിച്ചു.
“ഓൾറൈറ്റ്…” ക്രെയ്ഗ് പറഞ്ഞു. “ഞാൻ കുറച്ച് കഷ്ടപ്പെടുത്തി, അല്ലേ…? പക്ഷേ, അങ്ങനെ ചെയ്യാതെ മാർഗ്ഗമില്ലായിരുന്നു… ഫ്രാൻസിൽ ചെല്ലുമ്പോൾ എന്താണവിടുത്തെ അവസ്ഥ എന്ന് പറയാൻ കഴിയില്ല…”
“എന്താണ് നിങ്ങൾക്ക് വേണ്ടത്…? എന്റെ ക്ഷമയോ…?” അവൾ ചോദിച്ചു. “ഞാൻ അങ്ങോട്ട് പോയേ തീരൂ എന്നല്ലേ
നിങ്ങൾ പറഞ്ഞത്…? അതല്ലാതെ ഒരു മാർഗ്ഗവുമില്ലെന്നും… കാരണം ആൻ മേരിയായി അങ്ങോട്ട് പോകാൻ വേറെ ആളില്ലെന്നത് തന്നെ… അത് നിങ്ങളുടെ കുറ്റമല്ല… കാരണം, നിങ്ങൾ വെറുമൊരു ഉപകരണം മാത്രമാണ്…”
അദ്ദേഹം എഴുന്നേറ്റ് സിഗരറ്റ്
താഴേക്ക് വലിച്ചെറിഞ്ഞു. മുറ്റത്തെ ചരലിൽ വീണുരുണ്ട് അത് ജ്വലിച്ചു. “നാളെ ഒരു ദിവസം
കൂടിയുണ്ട് തയ്യാറെടുപ്പിന്… രാവിലെ തന്നെ നിങ്ങൾ മൺറോയെ ചെന്ന് കാണണം… പോയി ഉറങ്ങാൻ നോക്കൂ…” അദ്ദേഹം പറഞ്ഞു.
“അതെ, ഞാൻ പോകുകയാണ്…” അവൾ അദ്ദേഹത്തിന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ചു. “വളരെ നന്ദിയുണ്ട്… മനുഷ്യജീവിയെപ്പോലെ ഒരു തവണയെങ്കിലും എന്നോട് പെരുമാറിയതിന്…”
മറുപടി പറയവെ അദ്ദേഹത്തിന്റെ
സ്വരത്തിൽ ഒരു അപരിചിതത്വം നിറഞ്ഞിരുന്നു. “എന്നോട് അത്ര അലിവൊന്നും കാണിക്കേണ്ട ആവശ്യമില്ല… പ്രത്യേകിച്ചും ഇപ്പോൾ… നിങ്ങളുടെ പരിശീലന പരിപാടി ഇനിയും അവസാനിച്ചിട്ടില്ല…” അദ്ദേഹം തിരിഞ്ഞ് ധൃതിയിൽ തന്റെ മുറിയ്ക്കുള്ളിലേക്ക് കയറിപ്പോയി.
***
അന്ന് രാത്രിയാണ് അവളെ
തേടി അവരെത്തിയത്. ഉറക്കത്തിൽ നിന്നും അവളെ ശക്തിയായി കുലുക്കിയുണർത്തിയ അവർ കണ്ണുകളിലേക്ക്
ടോർച്ച് ലൈറ്റ് തെളിയിച്ചു പിടിച്ചു. പുതച്ചിരുന്ന ബ്ലാങ്കെറ്റും ബെഡ്ഷീറ്റുമെല്ലാം
വലിച്ചു ദൂരേയ്ക്കെറിഞ്ഞിട്ട് അവളെ വലിച്ചുയർത്തി കിടക്കയിൽ ഇരുത്തി.
“നിങ്ങളാണോ ആൻ മേരി ട്രെവോൺസ്…?” ഫ്രഞ്ച് ഭാഷയിൽ ദാക്ഷിണ്യമില്ലാത്ത സ്വരത്തിൽ അവരിലൊരുവൻ ചോദിച്ചു.
“നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെയൊക്കെ
വിചാരം…?” അപ്രതീക്ഷിതമായ അതിക്രമത്തിൽ അങ്ങേയറ്റം രോഷാകുലയായിരുന്നു
അവൾ. കട്ടിലിൽ നിന്നും ചാടിയെഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ മുഖത്ത് ആരുടെയോ പ്രഹരമേറ്റു.
“ചോദിച്ചതിന് ഉത്തരം പറയൂ,
നിങ്ങളാണോ ആൻ മേരി ട്രെവോൺസ്…?”
പ്രകാശവലയത്തിനപ്പുറം
നിഴൽ രൂപത്തിൽ കാണപ്പെട്ട ആ രണ്ടുപേരും ധരിച്ചിരിക്കുന്നത് ജർമ്മൻ യൂണിഫോം ആണെന്ന വസ്തുത
അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ പെട്ടത്. കാര്യങ്ങളുടെ ഒരു ഏകദേശ രൂപം അവൾക്ക് പിടികിട്ടി.
“അതെ, ഞാൻ തന്നെയാണ് ആൻ
മേരി ട്രെവോൺസ്... നിങ്ങൾക്കെന്താണ് വേണ്ടത്…?” ഫ്രഞ്ച് ഭാഷയിൽത്തന്നെ അവൾ ചോദിച്ചു.
“നന്നായി… വളരെ നന്നായി… ഇനി മേലങ്കി എടുത്ത് ധരിച്ച് ഞങ്ങളോടൊപ്പം വരൂ…”
***
“നിങ്ങളാണോ ആൻ മേരി ട്രെവോൺസ്…?”
ലൈബ്രറിയിലെ മേശയ്ക്കരികിൽ
പിടിച്ചിരുത്തിയ അവളോട് ചുരുങ്ങിയത് ഒരു ഇരുപതാമത്തെ തവണയെങ്കിലും ആയിരിക്കും ആ ചോദ്യം
അവർ ചോദിക്കുന്നത്. മുഖത്തേയ്ക്ക് പതിയ്ക്കുന്ന ലൈറ്റുകളുടെ വെള്ള വെളിച്ചത്തിന്റെ
തീവ്രതയിൽ അവൾക്ക് ഒന്നും തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
“അതെ…” പരിക്ഷീണിതയായി അവൾ പറഞ്ഞു. “എത്ര വട്ടം ഞാനിത് പറയണം നിങ്ങളോട്…?”
“വോൺകോർട്ട് കൊട്ടാരത്തിൽ
നിങ്ങളുടെ ആന്റിയോടൊപ്പമാണോ താമസിക്കുന്നത്…?”
“അതെ…”
“നിങ്ങളുടെ പരിചാരിക മരീസയുടെ
കുടുംബത്തെക്കുറിച്ച് പറയൂ…”
അവൾ ഒരു ദീർഘശ്വാസമെടുത്തു.
“അവളുടെ മാതാവ് ഒരു വിധവയാണ്… കൊട്ടാരത്തിൽ നിന്നും ഏകദേശം പത്ത് മൈൽ ദൂരെ ചെറിയൊരു
ഫാമുണ്ട് അവർക്ക്… തന്റെ മകൻ ജ്വാങ്ങിനൊപ്പം ആ കൃഷിയിടം നോക്കി നടത്തുകയാണവർ… മരീസയ്ക്ക് പിയർ എന്ന് പേരുള്ള മറ്റൊരു സഹോദരൻ കൂടിയുണ്ട്… ഒരു ഫ്രഞ്ച് ടാങ്ക് റെജിമെന്റിൽ കോർപ്പറൽ ആണയാൾ… ചാനൽ ഐലണ്ട്സിലെ ആൽഡർണിയിലുള്ള ഒരു ലേബർ ക്യാമ്പിലാണ് അയാളുടെ ഡ്യൂട്ടി…”
“ശരി, ഇനി ജനറൽ സീംകാ… അദ്ദേഹത്തെക്കുറിച്ച് പറയൂ…”
“അദ്ദേഹത്തെക്കുറിച്ച്
ഞാൻ പറഞ്ഞതാണല്ലോ… സകല കാര്യങ്ങളും… ചുരുങ്ങിയത് ഒരു നാല് തവണയെങ്കിലും…”
“ഒരിക്കൽക്കൂടി പറയൂ…” നിർവ്വികാരതയോടെ അയാൾ പറഞ്ഞു.
***
ആരോ വാതിലിനടുത്ത് ചെന്ന്
മെയിൻ ലൈറ്റ് ഓൺ ചെയ്തു. അതോടെ ആ നാടകത്തിന് അന്ത്യമായി. നേരത്തെ അവൾ സംശയിച്ചത് പോലെ
അവരിൽ രണ്ടു പേർ ജർമ്മൻ യൂണിഫോം ധരിച്ചവരായിരുന്നു. നെരിപ്പോടിനരികിൽ ഒരു സിഗരറ്റും
പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ നിൽക്കുന്നുണ്ടായിരുന്നു.
“മോശമില്ല… ഒട്ടും മോശമില്ല…” അദ്ദേഹം അഭിപ്രായപ്പെട്ടു.
“വിചിത്രം എന്നല്ലാതെ
എന്തു പറയാൻ…” അവൾ പറഞ്ഞു.
“ഇനി നിങ്ങൾ പോയി ഉറങ്ങിക്കോളൂ…” അവൾ വാതിൽക്കൽ എത്തിയതും അദ്ദേഹം വിളിച്ചു. “ഓ, ജെനവീവ്…?”
അവൾ തിരിഞ്ഞ് അദ്ദേഹത്തെ
നോക്കി. “യെസ്…?” ക്ഷീണിത സ്വരത്തിൽ അവൾ ചോദിച്ചു.
ഒരു നീണ്ട മൗനം. ഇരുവരും
മുഖത്തോട് മുഖം നോക്കി അല്പനേരം നിന്നു. ചിരപുരാതനമായ ആ കെണിയിൽ അവൾ വീണിരിക്കുന്നു.
“ഈ വിഡ്ഢിത്തം അവിടെ ചെന്ന് നിങ്ങൾ ആവർത്തിക്കില്ലെന്ന് വിശ്വസിക്കുന്നു…” ശാന്തസ്വരത്തിൽ അദ്ദേഹം പറഞ്ഞു.
(തുടരും)
“ഓ, ജെനവീവ്…?”
ReplyDeleteസ്വന്തം പേര് വിളിച്ചാൽ ആരായാലും വിളി കേൾക്കും!!
ഓ, ജെനി.. നിനക്ക് നീ തന്നെ തുണ!!
അതെ... ആ കെണിയിൽ പോലും വീഴാൻ പാടില്ലെന്നാണ്...
Deleteഇതിപ്പോ പേര് വിളിച്ചാൽ പോലും തിരിഞ്ഞു നോക്കാൻ പറ്റില്ല എന്ന് പറഞ്ഞാല് ചുറ്റി പോകുമല്ലോ
ReplyDeleteഎളുപ്പമല്ല, പക്ഷേ അതിജീവിച്ചേ പറ്റൂ...
Deleteവല്ലാത്ത പരീക്ഷണങ്ങൾ..പാവം ജെനവീവ്.
ReplyDeleteഇനിയും എന്തെല്ലാം പരീക്ഷണങ്ങൾ കാണാനിരിക്കുന്നു...!
Deleteയുദ്ധമല്ലേ തല പോണ പരിപാടി അല്ലേ.. എന്നാലും പാവം കൊച്ചു്. എന്തെല്ലാം പരീക്ഷണങ്ങൾ
ReplyDeleteപാവം ജെനവീവ്...
Delete