Thursday, April 10, 2025

കോൾഡ് ഹാർബർ - 35

ലിലി മർലിന്റെ വീൽഹൗസിൽ മങ്ങിയ വെട്ടം മാത്രമേയുണ്ടായിരുന്നുള്ളൂ. ഡെക്കിലെങ്ങും ഇരുട്ട് പരന്നിരിക്കുന്നു. കയറേണി വഴി അവർ ഓരോരുത്തരായി ഡെക്കിലേക്കിറങ്ങി.

 

“കമാൻഡർ, നമുക്ക് വീൽഹൗസിൽ ചെന്ന് ഓബർസ്റ്റീർമാനെ കാണാം അതേ സമയം തന്നെ എന്റെയൊപ്പമുള്ള ഒരാൾ താഴെ പോയി നിങ്ങളുടെ എഞ്ചിനീയർ എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ” സ്റ്റേം പറഞ്ഞു.

 

ഇടനാഴിയുടെ വാതിൽ തുറന്ന് ഷ്മിഡ്റ്റ് പുറത്തേക്ക് വന്നത് പെട്ടെന്നായിരുന്നു. അവിടെ നിന്നുള്ള വെട്ടം അവർ നിന്നിരുന്ന ഇടത്തേക്ക് വ്യാപിച്ചു. ആരോടോ സംസാരിച്ചിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് വന്ന അവൻ അവരെ കണ്ടതും നടുങ്ങി. അവന്റെ മുഖത്തെ ചിരി മാഞ്ഞു.

 

“എന്താണിതെല്ലാം? ആരാണ് നിങ്ങളൊക്കെ?” ഇംഗ്ലീഷിലാണ് അവൻ ചോദിച്ചത്.

 

സ്റ്റേമിന്റെ കൈയിലെ വാൾട്ടർ ഒരിക്കൽക്കൂടി ഉയർന്നു. പോയിന്റ് ബ്ലാങ്കിലാണ് അയാൾ അവന് നേരെ വെടിയുതിർത്തത്. പിന്നിലേക്ക് തെറിച്ച ഷ്മിഡ്റ്റ് ഇടനാഴിയിൽ മലർന്ന് വീണു.

 

തന്റെ ഒപ്പമുള്ളവരിൽ ഒരുവന് നേർക്ക് സ്റ്റേം ആംഗ്യം കാണിച്ചു. “താഴെ പോയി ആ എഞ്ചിനീയർക്ക് കാവൽ നിൽക്കൂ ബാക്കിയുള്ളവരെല്ലാം ബ്രിഡ്ജിലേക്ക് കയറിക്കോളൂ

 

ലാഡർ വഴി സ്റ്റേം തന്നെ ആദ്യം മുകളിലേക്ക് കയറി. തൊട്ടു പിറകിൽ ജെനവീവും. പിന്നാലെ ഹെയറും ക്രെയ്ഗും അവർക്ക് അകമ്പടിയായി രണ്ടാമത്തെ പാരാട്രൂപ്പറും ബ്രിഡ്ജിലേക്ക് കയറി. ചാർട്ട് ടേബിളിന് മുന്നിൽ ഇരിക്കുകയായിരുന്ന ലാങ്ങ്സ്ഡോർഫ് അവരെ കണ്ടതും പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു.

 

“എഞ്ചിൻ സ്റ്റാർട്ട് ചെയ്യൂ” സ്റ്റേം ആജ്ഞാപിച്ചു.

 

ലാങ്ങ്സ്ഡോർഫ് ഹെയറിന് നേരെ ഒന്ന് നോക്കി. അദ്ദേഹം തലകുലുക്കി. “ഇയാൾ പറയുന്നത് അനുസരിച്ചോളൂ

 

ഒരു നിമിഷനേരത്തെ മൗനത്തിന് ശേഷം ലാങ്ങ്സ്ഡോർഫ് ഫോൺ എടുത്ത് താഴെ എഞ്ചിൻ റൂമിലേക്ക് വിളിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും എഞ്ചിനുകൾക്ക് ജീവൻ വച്ചു.

 

“ജെട്ടിയുമായി ബന്ധിച്ചിരിക്കുന്ന കയറുകൾ വിച്ഛേദിക്കേണ്ടതുണ്ട്” ഹെയർ പറഞ്ഞു.

 

സ്റ്റേം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ പോയി അത് ചെയ്തിട്ട് തിരികെ വരൂ

 

ഡെക്കിലേക്കിറങ്ങിയ ക്രെയ്ഗ് ബോട്ടിനെ ബന്ധിപ്പിച്ചിരുന്ന കയറുകൾ അഴിച്ച് വെള്ളത്തിലേക്കിട്ടു. അടുത്ത നിമിഷം ജെട്ടിയിൽ നിന്നും അകന്ന ലിലി മർലിൻ തുറമുഖത്തിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങി.

 

“നോക്കൂ, ജീവിതം എത്ര ലളിതമാണെന്ന്” സ്റ്റേം പറഞ്ഞു. “ഒരു കാര്യം മാത്രമാണ് എന്നെ അലോസരപ്പെടുത്തുന്നത്, കമാൻഡർ ഈ മെഡൽ ധീരന്മാർക്കുള്ളതാണ് നിങ്ങളെപ്പോലെ വേഷം കെട്ടുന്നവർക്കുള്ളതല്ല നിങ്ങൾ അത് അണിഞ്ഞിരിക്കുന്നതിൽ ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു

 

ഹെയറിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന നൈറ്റ്സ് ക്രോസ് മെഡൽ സ്റ്റേം വലിച്ചു പറിച്ചെടുത്തു. ആ നിമിഷം തന്നെ ഹെയർ അയാളുടെ കൈത്തണ്ടയിൽ പിടിച്ച് തിരിച്ച് തോക്ക് ഒരു വശത്തേക്ക് മാറ്റി. ചെറിയൊരു മുരടനക്കത്തോടെ വെടിയുതിർന്നെങ്കിലും ആരുടെയും ദേഹത്ത് കൊണ്ടില്ല. ജെനവീവ് തന്റെ നീണ്ട നഖങ്ങൾ കൊണ്ട് സ്റ്റേമിന്റെ മുഖത്ത് ശക്തിയായി വരഞ്ഞു. ഒപ്പം അയാളുടെ മുട്ടിന് താഴെ ഒരു ചവിട്ടും കൊടുത്തു.

 

“ഗെറ്റ് ഹെർ ഔട്ട് ഓഫ് ഇറ്റ്, ക്രെയ്ഗ്…! നൗ!” സ്റ്റേമുമായി മൽപ്പിടുത്തം നടത്തുന്നതിനിടയിൽ ഹെയർ വിളിച്ചു പറഞ്ഞു.

 

വാതിൽ വലിച്ചു തുറന്ന ക്രെയ്ഗ് ജെനവീവിനെയും കൊണ്ട് താഴെ ഡെക്കിലേക്ക് ഇറങ്ങി. ആ തിരക്കിനിടയിൽ അവളുടെ ഒരു ഷൂ ഊരിപ്പോയി. ഡിങ്കികൾ സൂക്ഷിച്ചിരുന്ന ഹാച്ചിനുള്ളിൽ നിലയുറപ്പിച്ചിരുന്ന പാരാട്രൂപ്പർ തന്റെ മെഷീൻ ഗണ്ണിൽ നിന്നും വെടിയുതിർത്തു. ക്രെയ്ഗ് ജെനവീവിനെ തള്ളി ഡെക്കിലെ കൈവരികൾക്ക് സമീപം കൊണ്ടു ചെന്നു നിർത്തി.

 

“താഴേയ്ക്ക് ചാടൂ പെട്ടെന്ന് ദൈവത്തെയോർത്ത്…!” അദ്ദേഹം അലറി.

 

അവൾ ഒരു കാൽ റെയിലിന് മുകളിലേക്ക് വച്ചതും ക്രെയ്ഗ് അവളെ ഉയർത്തി. അടുത്ത നിമിഷം കടലിലേക്ക് വീണ അവൾ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ജലനിരപ്പിലേക്ക് ഉയർന്നു വന്നപ്പോൾ അവൾ കണ്ടത് തനിക്ക് സമീപം വന്നു വീഴുന്ന ക്രെയ്ഗിനെയാണ്. E-ബോട്ട് ആകട്ടെ അവർ കിടക്കുന്നയിടത്തു നിന്നും ദൂരേയ്ക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഡെക്കിലെ മെഷീൻ ഗൺ ഒരിക്കൽക്കൂടി തീ തുപ്പി നിശബ്ദമായി. അവർ ഇരുവരും വെള്ളത്തിൽ തുടിച്ചു കൊണ്ട് പൊന്തിക്കിടന്നു.

 

“യൂ ഓൾറൈറ്റ്?” അവളോട് ചോദിക്കവെ ക്രെയ്ഗ് ചുമയ്ക്കുന്നുണ്ടായിരുന്നു.

 

“യെസ് കുഴപ്പമൊന്നുമില്ല ക്രെയ്ഗ് പക്ഷേ, മാർട്ടിന്റെ കാര്യം?”

 

“നെവർ മൈൻഡ് ദാറ്റ് നൗ നമുക്ക് കരയിലേക്ക് നീന്താം എന്നെ പിന്തുടർന്നോളൂ

 

ഇരുട്ടിലൂടെ അവർ നീന്തുവാൻ തുടങ്ങി. അസ്ഥികൾ മരവിയ്ക്കുന്ന തണുപ്പായിരുന്നു വെള്ളത്തിന്. പെട്ടെന്നാണ് ആ E-ബോട്ടിന്റെ എഞ്ചിൻ ശബ്ദം വീണ്ടും അവൾ കേട്ടത്.

 

“അത് തിരിച്ചു വരികയണെന്ന് തോന്നുന്നു” പരിഭ്രമത്തോടെ അവൾ പറഞ്ഞു.

 

“അത് കാര്യമാക്കണ്ട നമുക്ക് നീന്തൽ തുടരാം

 

എഞ്ചിനുകളുടെ ശബ്ദം തൊട്ടരികിലെത്തിയിരിക്കുന്നു ഇപ്പോൾ. സകല ശക്തിയുമെടുത്ത് അവൾ മുന്നോട്ട് നീന്തി. പെട്ടെന്നാണ് ഒരു സെർച്ച് ലൈറ്റിന്റെ വെട്ടം അവർക്ക് മേൽ പതിഞ്ഞത്. അതേ സമയം തന്നെ ജെട്ടിയുടെ പ്ലാറ്റ്ഫോമിലും ലൈറ്റ് തെളിഞ്ഞു. അതോടൊപ്പം കുറച്ചുപേരുടെ ആഹ്ലാദാരവവും ഉയർന്നു. വെള്ളത്തിൽ തുടിച്ചു കിടന്നുകൊണ്ട് അവൾ കരയിലേക്ക് നോക്കി. ലിലി മർലിന്റെ ക്രൂവിലെ സകലരും ആ ജെട്ടിയിൽ നിൽക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം ഇരുകൈകളും ഓവർകോട്ടിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് ബ്രിഗേഡിയർ ഡോഗൽ മൺറോയും.

 

“വെൽ ഡൺ, ജെനവീവ്” അദ്ദേഹം വിളിച്ചു പറഞ്ഞു.

 

ലിലി മർലിൻ അവരെ താണ്ടി ജെട്ടിയിലേക്കടുത്തു. ബന്ധിക്കുവാനുള്ള കയറുകൾ അതിന്റെ ഡെക്കിൽ നിന്നും കരയിലേക്ക് എറിയപ്പെട്ടു. ജെട്ടിയിൽ നിന്നുള്ള വെട്ടത്തിൽ ബോട്ടിന്റെ ഡെക്കിലെ റെയിലിനരികിൽ നിൽക്കുന്ന മാർട്ടിൻ ഹെയറിനെ അവൾ കണ്ടു. ഒപ്പം അരികിൽ നിൽക്കുന്ന സ്റ്റേമിനെയും ഷ്മിഡ്റ്റിനെയും.

 

 തിരിഞ്ഞ് ക്രെയ്ഗിനെ നോക്കിയ അവൾ പൊട്ടിച്ചിരിച്ചു പോയി. “യൂ ബാസ്റ്റർഡ്

 

ഏതാനും പേർ ചേർന്ന് അവർ ഇരുവരെയും ലാഡർ വഴി ജെട്ടിയിലേക്ക് പിടിച്ചു കയറ്റി. ആരോ അവൾക്ക് ഒരു ബ്ലാങ്കറ്റ് നൽകി. മൺറോ അവൾക്കരികിലേക്ക് വന്നു. തൊട്ടു പിന്നിൽ സ്റ്റേമും ഹെയറും.

 

“എക്സലന്റ് ജെനവീവ് ഒരു ഫിലിമിൽ എന്നത് പോലെ ക്യാപ്റ്റൻ റോബർട്ട് ഷെയ്നിനെ ഞാൻ പരിചയപ്പെടുത്തട്ടെ സ്പെഷ്യൽ എയർ സർവീസസ്

 

ക്യാപ്റ്റൻ ഷെയ്ൻ അവളെ നോക്കി പുഞ്ചിരിച്ചു. “ചുരുങ്ങിയ സമയത്തേക്കാണെങ്കിലും നിങ്ങളോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം” തന്റെ മുഖത്ത് അവൾ മാന്തിയ മുറിപ്പാടുകളിൽ വിരലോടിച്ചു കൊണ്ട് അയാൾ പറഞ്ഞു. “ഈ മുറിപ്പാട് മാറ്റി നിർത്തിയാൽ

 

അവിടെ കൂടി നിന്നവരെ വകഞ്ഞു മാറ്റി ജൂലി മുന്നോട്ട് വന്നു. തൊട്ടു പിന്നിൽ റിനേയും. “ആർക്കും ഒരപകടവും സംഭവിച്ചിട്ടില്ല കേട്ടോ വരൂ, നമുക്ക് പോകാം, ഈ തണുപ്പിൽ നിന്ന് ന്യുമോണിയ പിടിക്കണ്ട” അവർ ജെനവീവിനോട് പറഞ്ഞു. “അല്പം സ്കോച്ച് അകത്ത് ചെല്ലുന്നതോടെ എല്ലാം ശരിയാവും

 

എല്ലാവരും Hanged Man പബ്ബിന് നേർക്ക് നടന്നു. ചുമലിലൂടെ കൈയിട്ട് ക്രെയ്ഗ് ജെനവീവിനെ ചേർത്തു പിടിച്ചു. “ഇതൊരു ടീസർ മാത്രം അവിടെയെത്തുമ്പോൾ കാര്യങ്ങൾ എത്രത്തോളം വഷളാകും എന്നറിയില്ലല്ലോ യൂ ഡിഡ് വെൽ

 

“എന്നെയോർത്ത് അഭിമാനം കൊള്ളുന്നു എന്ന് മാത്രം പറഞ്ഞേക്കരുത്” തണുത്തു വിറച്ചു കൊണ്ട് അവൾ പറഞ്ഞു.

 

“അങ്ങനെ പറയുന്നതിൽ എന്താണ് തെറ്റ്?” പബ്ബിന്റെ വാതിൽ തുറന്ന് അദ്ദേഹം അവളെ ഉള്ളിലേക്ക് ആനയിച്ചു.

 

(തുടരും)

Friday, April 4, 2025

കോൾഡ് ഹാർബർ - 34

ആൻ മേരി ധരിക്കാറുള്ളത് പോലുള്ള വസ്ത്രങ്ങൾ ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല ജെനവീവിന്. തന്റെ സഹോദരിയുടെ സ്യൂട്ട്കെയ്സുകളെല്ലാം ഫ്രാൻസിലെ സെന്റ് മോറിസിൽ പാർക്ക് ചെയ്തിരിക്കുന്ന റോൾസ് റോയ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. എങ്കിലും ജൂലി തന്റെ ശേഖരത്തിൽ നിന്നും പഴയ ഫാഷനിലുള്ള ഒരു നീല സിൽക്ക് വസ്ത്രം തെരഞ്ഞെടുത്തു കൊണ്ടുവന്നു. അത് ധരിച്ച് താഴെയെത്തിയ ജെനവീവ് സ്റ്റെയർകെയ്സിന് സമീപമുള്ള നിലക്കണ്ണാടിയിൽ നോക്കി തന്റെ രൂപം വിലയിരുത്തി. തരക്കേടില്ല എന്ന് പറയാം.

 

ലൈബ്രറി ഹാളിൽ ആണ് ജൂലി ഡൈനിങ്ങ് ടേബിൾ ഒരുക്കിയിരുന്നത്. യുദ്ധകാലത്ത് ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച വസ്തുക്കളാണ് ആ മേശ അലങ്കരിച്ചിരുന്നത്. വിലയേറിയ ലിനൻ ടേബിൾ ക്ലോത്തുകൾ, സിൽ‌വർ പാത്രങ്ങൾ, ചൈനീസ് നിർമ്മിതമായ പ്ലേറ്റുകൾ എന്നിങ്ങനെ. മുനിഞ്ഞു കത്തുന്ന മെഴുകു തിരികളുടെയും നെരിപ്പോടിലെ കനലുകളുടെയും പ്രകാശം മാത്രമായിരുന്നു ആ മുറിയിൽ അപ്പോൾ ഉണ്ടായിരുന്നത്. എല്ലാം കൂടി അലൗകികമായ ഒരു അന്തരീക്ഷം.

 

മനോഹരമായ ഒരു ഫ്രഞ്ച് വസ്ത്രമാണ് ജൂലി അപ്പോൾ ധരിച്ചിരുന്നത്. ഒരു വെൽവെറ്റ് ബോ കൊണ്ട് മുടി പിറകോട്ട് ഒതുക്കി വച്ചിരിക്കുന്നു. കിച്ചണിലെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന നിർബന്ധമുള്ളത് പോലെ ഓടി നടക്കുകയാണ് ശുഭ്രവർണ്ണത്തിലുള്ള ഒരു ഏപ്രൺ അണിഞ്ഞിരിക്കുന്ന അവർ. അടുക്കളയിൽ നിന്നും വിഭവങ്ങൾ ഡൈനിങ്ങ് ടേബിളിൽ എത്തിക്കുന്ന വെയ്റ്ററുടെ റോളിൽ ആയിരുന്നു റിനേ.

 

“ഇന്നത്തെ സായാഹ്നം പൂർണ്ണമായും ഫ്രഞ്ച് രീതിയിലുള്ളതാണ്” ജൂലി പറഞ്ഞു. “അതുകൊണ്ട് എല്ലാം എന്റെ വകയാണ് ഇന്ന് എല്ലാം ഫ്രഞ്ച് വിഭവങ്ങൾ ബ്രിഗേഡിയർ മൺറോ ഇവിടെയില്ലാത്തത് നമ്മുടെ ഭാഗ്യം

 

അവർ പറഞ്ഞത് ശരിയായിരുന്നു. ലിവർ പേസ്റ്റ് പുരട്ടിയ ബ്രെഡ് ടോസ്റ്റ്, ഔഷധച്ചെടികളുടെ ഇലകളിട്ട് പാചകം ചെയ്ത ആട്ടിറച്ചി, മികച്ചയിനം ഉരുളക്കിഴങ്ങ് ബേക്ക് ചെയ്തത്, സാലഡ് എന്നിവയാൽ വിഭവസമൃദ്ധമായിരുന്നു അത്താഴം. അവസാനം, വായിൽ വയ്ക്കുമ്പോഴേക്കും അലിഞ്ഞു പോകുന്ന പഴച്ചാറുകൾ ചേർത്ത ക്രീമും.

 

“ഇതൊക്കെ കാണുമ്പോൾ യുദ്ധകാലമാണെന്ന കാര്യം പോലും മറന്നു പോകുന്നു” ഗ്ലാസുകൾ വീണ്ടും നിറച്ചു കൊണ്ട് മേശയ്ക്കരികിൽ നിൽക്കവെ ക്രെയ്ഗ് അഭിപ്രായപ്പെട്ടു. തന്റെ യൂണിഫോമിൽ അത്യന്തം ആകർഷവാനായി കാണപ്പെട്ടു അദ്ദേഹം.

 

ക്രീഗ്സ്മറീൻ യൂണിഫോം ധരിച്ച മാർട്ടിൻ ഹെയർ ജെനവീവിന് അഭിമുഖമായിട്ടാണ് ഇരുന്നിരുന്നത്. പതിവിന് വിപരീതമായി അദ്ദേഹം കോളറും ടൈയും ധരിച്ചിരുന്നു. കഴുത്തിൽ ഒരു മെഡലും.

 

ജെനവീവ് മുന്നോട്ടാഞ്ഞ് ആ മെഡലിൽ പിടിച്ചു നോക്കി. “ഈ മെഡലിന്റെ പേരെന്താണ്?”

 

“നൈറ്റ്സ് ക്രോസ്

 

“എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?”

 

“നിങ്ങൾ ബ്രിട്ടീഷുകാരുടെ വിക്ടോറിയ ക്രോസ് മെഡലിന് സമാനമെന്ന് പറയാം എന്ന് വച്ചാൽ എപ്പോഴോ വീരചരമം പ്രാപിച്ചിരിക്കേണ്ടവൻ എന്നും വിശേഷിപ്പിക്കാം

 

ജെനവീവ് ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “അവിടെ കൊട്ടാരത്തിന്റെ ചുമതലയുള്ള മാക്സ് പ്രീമിന് ഈ മെഡൽ ഉണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞത്?”

 

“അതെ, നൈറ്റ്സ് ക്രോസ് വിത്ത് ഓക്ക് ലീവ്സ് ആൻഡ് സ്വോഡ്സ്” ക്രെയ്ഗ് പറഞ്ഞു. “അതായത് മൂന്ന് അവാർഡുകൾ എന്ന് വച്ചാൽ എന്നോ കൊല്ലപ്പെടേണ്ടവൻ ഇപ്പോഴത്തെ ജീവിതം തന്നെ ഒരു ബോണസായി കരുതിയാൽ മതി എന്നർത്ഥം

 

“അപ്പോൾ അസാമാന്യ ധീരൻ എന്ന് പറയാം” അവൾ അഭിപ്രായപ്പെട്ടു.

 

“ഞാൻ യോജിക്കുന്നു” ക്രെയ്ഗ് തന്റെ ഗ്ലാസ് ഉയർത്തി. “ലോകത്തെല്ലായിടത്തുമുള്ള വീരയോദ്ധാക്കൾക്ക് വേണ്ടി നമുക്ക് ഈ ഷാമ്പെയ്ൻ നുകരാം

 

കോഫി ട്രേയുമായി ജൂലി അവിടെയെത്തി. “ഞാൻ വരുന്നതിന് മുമ്പ് കഴിച്ചു തുടങ്ങിയല്ലേ?” ട്രേ മേശപ്പുറത്ത് വച്ചിട്ട് അവർ തന്റെ ഗ്ലാസ് എടുത്തു.

 

നെരിപ്പോടിലെ കനലുകൾക്ക് പുതുജീവൻ വച്ചത് പോലെ പെട്ടെന്ന് ഒന്ന് ജ്വലിച്ചു. തണുത്ത ഷാമ്പെയ്ൻ അല്പാല്പമായി ഇറക്കവെ എങ്ങു നിന്നോ എത്തിയ കുളിർകാറ്റേറ്റ് ജെനവീവിന്റെ ശരീരം വിറച്ചു. നെരിപ്പോടിന് സമീപത്തെ ചുവരിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ ഫ്രഞ്ച് ജാലകത്തിന്റെ പ്രതിബിംബം കാണാമായിരുന്നു. കാറ്റിൽ പുറത്തേക്ക് വലിഞ്ഞ കർട്ടൻ പെട്ടെന്ന് ഇരുവശത്തേക്കും വകഞ്ഞു മാറ്റപ്പെട്ടു. അതിനുള്ളിലൂടെ അകത്തേക്ക് പ്രവേശിച്ച മൂന്നു പേർ ജാലകത്തിനടുത്ത് നിലയുറപ്പിച്ചു. ക്രെയ്ഗ് അവൾക്ക് നൽകിയ ജർമ്മൻ സൈനികരുടെ ചിത്രങ്ങളുള്ള ആ പുസ്തകത്തിന്റെ ഏടുകളിൽ നിന്നും നേരെ ഇറങ്ങി വന്നത് പോലെ തോന്നി ജെനവീവിന് അവരെ കണ്ടപ്പോൾ. ഇറക്കം കൂടിയ കാമുഫ്ലാഷ് ജാക്കറ്റും റിം ഇല്ലാത്ത സ്റ്റീൽ ഹെൽമറ്റുമായിരുന്നു അവരുടെ വേഷം. പരുക്കൻ മുഖഭാവത്തിൽ നിൽക്കുന്ന രണ്ടു പേരുടെ കൈകളിൽ ഏതു നിമിഷവും വെടിയുതിർക്കാനെന്ന മട്ടിൽ മെഷീൻ ഗണ്ണുകളുണ്ട്. അതുപോലുള്ള ഒരു തോക്ക് കഴുത്തിൽ നിന്നും നെഞ്ചിലൂടെ തൂക്കിയിട്ട് നടുവിൽ നിൽക്കുന്നയാളുടെ വലതുകൈയിൽ ഒരു വാൾട്ടർ പിസ്റ്റൾ ഉണ്ട്. ക്രെയ്ഗ് കാണിച്ചു കൊടുത്ത ചിത്രത്തിലേത് പോലെ അതിന്റെ കുഴലിൽ ഒരു സൈലൻസറും ഘടിപ്പിച്ചിരിക്കുന്നു.

 

“ലേഡീസ് ആൻഡ് ജെന്റിൽമെൻ, എന്തായാലും ഭക്ഷണം കഴിച്ചു തീർത്തോളൂ” അയാൾ മേശയ്ക്ക് അരികിലേക്ക് വന്ന് ബക്കറ്റിൽ നിന്നും ഒരു ബോട്ട്‌ൽ എടുത്ത് അതിന്റെ ലേബൽ പരിശോധിച്ചു. “നയന്റീൻ തേർട്ടിവൺ മോശമില്ലല്ലോ” ഒരു ഗ്ലാസെടുത്ത് അതിലേക്ക് അല്പം പകർന്നു കൊണ്ട് അയാൾ പറഞ്ഞു. “ഇത് നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടി എന്റെ പേര് സ്റ്റേം ഒമ്പതാം പാരച്യൂട്ട് റെജിമെന്റിലെ സ്പെഷ്യൽ ഡ്യൂട്ടി സ്ക്വാഡ്രണിൽ ഹോപ്റ്റ്മാൻ” അയാളുടെ ഇംഗ്ലീഷ് തരക്കേടില്ലായിരുന്നു.

 

“എന്താണ് നിങ്ങൾക്ക് വേണ്ടത്?” ക്രെയ്ഗ് ഓസ്ബോൺ ചോദിച്ചു.

 

“ഞങ്ങളുടെ നിർദ്ദേശം അക്ഷരം പ്രതി പാലിക്കുക അത്രമാത്രം, മേജർ നിങ്ങളെയും ഈ യുവതിയെയും പിന്നെ ഫ്രെഗാറ്റെൻ കപ്പിത്താൻ ഹെയറിനെയും എത്രയും പെട്ടെന്ന് ജർമ്മൻ അധിനിവേശ പ്രദേശത്തേക്ക് എത്തിക്കുക എന്നതാണ് ഈ രാത്രിയിൽ ഞങ്ങളുടെ ദൗത്യം

 

“റിയലി? അതത്ര എളുപ്പമാണെന്ന് തോന്നുന്നില്ലല്ലോ

 

“എന്തുകൊണ്ട് എളുപ്പമല്ല?” സ്റ്റേം അല്പം ഷാമ്പെയ്ൻ നുണഞ്ഞു. “ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഈ വേലിയേറ്റ സമയത്ത് പാരച്യൂട്ടിൽ ഇവിടെ ഇറങ്ങുക എന്നതായിരുന്നു തിരികെ പോകുന്നത് വളരെ എളുപ്പം നിങ്ങളുടെ ഈ ക്രീഗ്സ്മറീൻ സുഹൃത്തിന്റെ E- ബോട്ട് ഉണ്ടല്ലോ

 

ജെനവീവിന് പൊട്ടിച്ചിരിക്കുവാൻ തോന്നിയെങ്കിലും അവൾ നിയന്ത്രിച്ചു. ഈ സന്ദർഭത്തിൽ ആൻ മേരി എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നോർത്ത് ഒരു ചെറുപുഞ്ചിരിയോടെ അവൾ ക്രെയ്ഗിന് നേരെ നോക്കി.

 

എന്നാൽ അദ്ദേഹം തികച്ചും ഗൗരവ ഭാവത്തിലായിരുന്നു. രോഷം കൊണ്ട് ചുവന്ന റിനേ ആകട്ടെ, തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും പിസ്റ്റൾ പുറത്തെടുത്ത് അലറി. “ജർമ്മൻ തെമ്മാടീ

 

സ്റ്റേമിന്റെ വലതുകൈയിലെ വാൾട്ടർ ഒന്ന് ചുമച്ചു. പിന്നിലെ കസേരയിലേക്ക് വീണ റിനേയുടെ കൈയിൽ  നിന്നും പിസ്റ്റൾ താഴെ വീണു. നെഞ്ചിൽ അമർത്തിപ്പിടിച്ച ഇടതുകൈയിലെ രക്തം കണ്ട് പരിഭ്രമിച്ച റിനേ തിരിഞ്ഞ് യാചനാഭാവത്തിൽ ജെനവീവിനെ ഒന്ന് നോക്കിയിട്ട് തറയിലേക്ക് മറിഞ്ഞു വീണു.

 

അതു കണ്ട് ഭയന്ന ജൂലി മുഖം പൊത്തി നിലവിളിച്ചു. പിന്നെ തിരിഞ്ഞ് ലൈബ്രറിയുടെ അറ്റത്തുള്ള വാതിൽ ലക്ഷ്യമാക്കി ഓടി. സ്റ്റേം തന്റെ വാൾട്ടർ വീണ്ടും ഉയർത്തി.

 

“നോ!” ജെനവീവ് അലറി.

 

അയാളുടെ തോക്ക് ഒരു വട്ടം കൂടി ചുമച്ചു. ഒരു വശത്തേക്ക് വേച്ചു പോയ ജൂലി മുഖമടിച്ച് മുന്നോട്ട് വീണു. അവരുടെ അടുത്തേക്ക് ഓടാൻ തുനിഞ്ഞ ജെനവീവിനെ പിടിച്ചു നിർത്തിയിട്ട് സ്റ്റേം പറഞ്ഞു. “നിൽക്കുന്നയിടത്ത് നിന്നും ഒരടി പോലും നിങ്ങൾ നീങ്ങില്ല, ഫ്രോലീൻ

 

സ്റ്റേമിന്റെ ഒപ്പമുണ്ടായിരുന്നവർ തോക്കുകളുമായി അവർക്ക് ചുറ്റും കാവൽ നിന്നു. മുറിയുടെ അറ്റത്തേക്ക് നടന്നു ചെന്ന സ്റ്റേം ജൂലിയുടെയടുത്ത് മുട്ടുകുത്തിയിരുന്ന് പരിശോധിച്ചിട്ട് തിരികെ വന്നു.

 

“കഷ്ടം, മരിച്ചു പോയി പാവം

 

“കശാപ്പുകാരൻ!” ജെനവീവ് അലറി.

 

“അത് നിങ്ങൾ ഏതു ഭാഗത്താണെന്നതിനെ ആശ്രയിച്ചിരിക്കും” സ്റ്റേം ഹെയറിന് നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ ക്രൂ ഇപ്പോൾ E- ബോട്ടിലുണ്ടോ?” ഹെയർ മറുപടിയൊന്നും പറഞ്ഞില്ല. “വരൂ കമാൻഡർ നമുക്ക് അങ്ങോട്ട് പോകാം എന്തായാലും അവിടെ ചെല്ലുമ്പോൾ അറിയാമല്ലോ

 

“ഓൾറൈറ്റ്” ഹെയർ പറഞ്ഞു. “എഞ്ചിനീയർ താഴെ എന്തോ റിപ്പയറിങ്ങിലാണെന്ന് തോന്നുന്നു ഓബർസ്റ്റീർമാൻ ലാങ്ങ്സ്ഡോർഫ് വീൽഹൗസിലുണ്ടാവും

 

“ബാക്കിയുള്ളവരെല്ലാം ആ പബ്ബിൽ ആയിരിക്കുമല്ലേ അത്താഴം കഴിക്കാനായി? അവരെ ശല്യപ്പെടുത്തേണ്ട ഈ പറയുന്ന എഞ്ചിനീയറും ഓബർസ്റ്റീർമാനും പിന്നെ നിങ്ങളും മതിയല്ലോ ബോട്ട് കടലിലേക്ക് ഇറക്കാൻ” അയാൾ ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “സാഹസികതയ്ക്ക് പേരെടുത്തവനാണ് നിങ്ങളെന്ന് ഞാൻ കേട്ടിട്ടുണ്ട് ഈ അവസരത്തിൽ അത്തരത്തിൽ ഒന്നിനും തുനിയരുതെന്ന് ഞാൻ ആത്മാർത്ഥമായി അപേക്ഷിക്കുകയാണ്” അയാൾ ജെനവീവിന്റെ ചുമലിൽ പിടിച്ചിട്ട് തോക്കിന്റെ സൈലൻസർ കവിളിൽ മുട്ടിച്ചു വച്ചു. “അങ്ങനെ എന്തിനെങ്കിലും മുതിർന്നാൽ ഫ്രോലീൻ ട്രെവോൺസ് പിന്നെ ജീവനോടെയുണ്ടാവില്ല ഞാൻ പറഞ്ഞത് വ്യക്തമായെന്ന് കരുതുന്നു

 

“തീർച്ചയായും” ക്രെയ്ഗ് പറഞ്ഞു.

 

“ഗുഡ് എങ്കിൽ നമുക്ക് നീങ്ങാം നിങ്ങളുടെ ജീപ്പ് ഇവിടെത്തന്നെ കിടക്കട്ടെ ഗാർഡനിലൂടെ കാൽനടയായി പോകാം നമുക്ക് കഴിയുന്നതും ഞങ്ങളെ ആരും കാണാതിരിക്കുന്നതാണ് നല്ലത്

 

ജെനവീവിന്റെ കൈ പിടിച്ച് ഫ്രഞ്ച് ജാലകത്തിലൂടെ അയാൾ പുറത്തിറങ്ങി. അയാളുടെ മറുകൈയിൽ അപ്പോഴും വാൾട്ടർ പിസ്റ്റൾ ഉണ്ടായിരുന്നു. ക്രെയ്ഗും ഹെയറും അയാളെ പിന്തുടർന്നു. അവർക്ക് അകമ്പടി സേവിച്ചുകൊണ്ട് സായുധരായ മറ്റു രണ്ട് പാരാട്രൂപ്പേഴ്സും.

 

പുറത്ത് നല്ല തണുപ്പായിരുന്നു. ഗാർഡനിൽ നിന്നും മരക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് ഗ്രാമത്തിലെ ആദ്യത്തെ കോട്ടേജിന് മുന്നിലെത്തിയപ്പോൾ അവൾ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.

 

“ആർ യൂ ഓൾറൈറ്റ് ഫ്രോലീൻ? നിങ്ങൾ വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ” സ്റ്റേം ചോദിച്ചു.

 

“വെറുമൊരു സിൽക്ക് ഫ്രോക്ക് മാത്രം ധരിച്ച് ഈ സമയത്ത് നടക്കുകയാണെങ്കിൽ നിങ്ങളും വിറയ്ക്കും അത്രയ്ക്കും തണുപ്പുണ്ട്

 

“സാരമില്ല പെട്ടെന്ന് തന്നെ നമ്മൾ ബോട്ടിനുള്ളിലെത്തും

 

എന്നിട്ട്? അവൾ ആലോചിച്ചു നോക്കി. കടലിനപ്പുറത്ത് എന്തായിരിക്കും കാത്തിരിക്കുന്നത്?  എവിടെയാണ് തങ്ങൾക്ക് അപകടകരമായ പിഴവ് സംഭവിച്ചത്? Hanged Man പബ്ബിന് മുന്നിലൂടെ കടന്നു പോകുകയായിരുന്നു അവരപ്പോൾ. ജാലകങ്ങളുടെയെല്ലാം കർട്ടനുകൾ വലിച്ചിട്ടിരിക്കുന്നു. അതിന്റെ നേരിയ വിടവിലൂടെ കടന്നു വരുന്ന പ്രകാശവീചികൾ മാത്രം കാണാം. ഉള്ളിൽ നിന്നും മുഴങ്ങുന്ന സംഗീതത്തിന്റെയും പൊട്ടിച്ചിരിയുടെയും ആരവങ്ങൾ പതുക്കെ അകന്നു പോയി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...