Thursday, April 10, 2025

കോൾഡ് ഹാർബർ - 35

ലിലി മർലിന്റെ വീൽഹൗസിൽ മങ്ങിയ വെട്ടം മാത്രമേയുണ്ടായിരുന്നുള്ളൂ. ഡെക്കിലെങ്ങും ഇരുട്ട് പരന്നിരിക്കുന്നു. കയറേണി വഴി അവർ ഓരോരുത്തരായി ഡെക്കിലേക്കിറങ്ങി.

 

“കമാൻഡർ, നമുക്ക് വീൽഹൗസിൽ ചെന്ന് ഓബർസ്റ്റീർമാനെ കാണാം അതേ സമയം തന്നെ എന്റെയൊപ്പമുള്ള ഒരാൾ താഴെ പോയി നിങ്ങളുടെ എഞ്ചിനീയർ എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ” സ്റ്റേം പറഞ്ഞു.

 

ഇടനാഴിയുടെ വാതിൽ തുറന്ന് ഷ്മിഡ്റ്റ് പുറത്തേക്ക് വന്നത് പെട്ടെന്നായിരുന്നു. അവിടെ നിന്നുള്ള വെട്ടം അവർ നിന്നിരുന്ന ഇടത്തേക്ക് വ്യാപിച്ചു. ആരോടോ സംസാരിച്ചിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് വന്ന അവൻ അവരെ കണ്ടതും നടുങ്ങി. അവന്റെ മുഖത്തെ ചിരി മാഞ്ഞു.

 

“എന്താണിതെല്ലാം? ആരാണ് നിങ്ങളൊക്കെ?” ഇംഗ്ലീഷിലാണ് അവൻ ചോദിച്ചത്.

 

സ്റ്റേമിന്റെ കൈയിലെ വാൾട്ടർ ഒരിക്കൽക്കൂടി ഉയർന്നു. പോയിന്റ് ബ്ലാങ്കിലാണ് അയാൾ അവന് നേരെ വെടിയുതിർത്തത്. പിന്നിലേക്ക് തെറിച്ച ഷ്മിഡ്റ്റ് ഇടനാഴിയിൽ മലർന്ന് വീണു.

 

തന്റെ ഒപ്പമുള്ളവരിൽ ഒരുവന് നേർക്ക് സ്റ്റേം ആംഗ്യം കാണിച്ചു. “താഴെ പോയി ആ എഞ്ചിനീയർക്ക് കാവൽ നിൽക്കൂ ബാക്കിയുള്ളവരെല്ലാം ബ്രിഡ്ജിലേക്ക് കയറിക്കോളൂ

 

ലാഡർ വഴി സ്റ്റേം തന്നെ ആദ്യം മുകളിലേക്ക് കയറി. തൊട്ടു പിറകിൽ ജെനവീവും. പിന്നാലെ ഹെയറും ക്രെയ്ഗും അവർക്ക് അകമ്പടിയായി രണ്ടാമത്തെ പാരാട്രൂപ്പറും ബ്രിഡ്ജിലേക്ക് കയറി. ചാർട്ട് ടേബിളിന് മുന്നിൽ ഇരിക്കുകയായിരുന്ന ലാങ്ങ്സ്ഡോർഫ് അവരെ കണ്ടതും പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു.

 

“എഞ്ചിൻ സ്റ്റാർട്ട് ചെയ്യൂ” സ്റ്റേം ആജ്ഞാപിച്ചു.

 

ലാങ്ങ്സ്ഡോർഫ് ഹെയറിന് നേരെ ഒന്ന് നോക്കി. അദ്ദേഹം തലകുലുക്കി. “ഇയാൾ പറയുന്നത് അനുസരിച്ചോളൂ

 

ഒരു നിമിഷനേരത്തെ മൗനത്തിന് ശേഷം ലാങ്ങ്സ്ഡോർഫ് ഫോൺ എടുത്ത് താഴെ എഞ്ചിൻ റൂമിലേക്ക് വിളിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും എഞ്ചിനുകൾക്ക് ജീവൻ വച്ചു.

 

“ജെട്ടിയുമായി ബന്ധിച്ചിരിക്കുന്ന കയറുകൾ വിച്ഛേദിക്കേണ്ടതുണ്ട്” ഹെയർ പറഞ്ഞു.

 

സ്റ്റേം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ പോയി അത് ചെയ്തിട്ട് തിരികെ വരൂ

 

ഡെക്കിലേക്കിറങ്ങിയ ക്രെയ്ഗ് ബോട്ടിനെ ബന്ധിപ്പിച്ചിരുന്ന കയറുകൾ അഴിച്ച് വെള്ളത്തിലേക്കിട്ടു. അടുത്ത നിമിഷം ജെട്ടിയിൽ നിന്നും അകന്ന ലിലി മർലിൻ തുറമുഖത്തിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങി.

 

“നോക്കൂ, ജീവിതം എത്ര ലളിതമാണെന്ന്” സ്റ്റേം പറഞ്ഞു. “ഒരു കാര്യം മാത്രമാണ് എന്നെ അലോസരപ്പെടുത്തുന്നത്, കമാൻഡർ ഈ മെഡൽ ധീരന്മാർക്കുള്ളതാണ് നിങ്ങളെപ്പോലെ വേഷം കെട്ടുന്നവർക്കുള്ളതല്ല നിങ്ങൾ അത് അണിഞ്ഞിരിക്കുന്നതിൽ ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു

 

ഹെയറിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന നൈറ്റ്സ് ക്രോസ് മെഡൽ സ്റ്റേം വലിച്ചു പറിച്ചെടുത്തു. ആ നിമിഷം തന്നെ ഹെയർ അയാളുടെ കൈത്തണ്ടയിൽ പിടിച്ച് തിരിച്ച് തോക്ക് ഒരു വശത്തേക്ക് മാറ്റി. ചെറിയൊരു മുരടനക്കത്തോടെ വെടിയുതിർന്നെങ്കിലും ആരുടെയും ദേഹത്ത് കൊണ്ടില്ല. ജെനവീവ് തന്റെ നീണ്ട നഖങ്ങൾ കൊണ്ട് സ്റ്റേമിന്റെ മുഖത്ത് ശക്തിയായി വരഞ്ഞു. ഒപ്പം അയാളുടെ മുട്ടിന് താഴെ ഒരു ചവിട്ടും കൊടുത്തു.

 

“ഗെറ്റ് ഹെർ ഔട്ട് ഓഫ് ഇറ്റ്, ക്രെയ്ഗ്…! നൗ!” സ്റ്റേമുമായി മൽപ്പിടുത്തം നടത്തുന്നതിനിടയിൽ ഹെയർ വിളിച്ചു പറഞ്ഞു.

 

വാതിൽ വലിച്ചു തുറന്ന ക്രെയ്ഗ് ജെനവീവിനെയും കൊണ്ട് താഴെ ഡെക്കിലേക്ക് ഇറങ്ങി. ആ തിരക്കിനിടയിൽ അവളുടെ ഒരു ഷൂ ഊരിപ്പോയി. ഡിങ്കികൾ സൂക്ഷിച്ചിരുന്ന ഹാച്ചിനുള്ളിൽ നിലയുറപ്പിച്ചിരുന്ന പാരാട്രൂപ്പർ തന്റെ മെഷീൻ ഗണ്ണിൽ നിന്നും വെടിയുതിർത്തു. ക്രെയ്ഗ് ജെനവീവിനെ തള്ളി ഡെക്കിലെ കൈവരികൾക്ക് സമീപം കൊണ്ടു ചെന്നു നിർത്തി.

 

“താഴേയ്ക്ക് ചാടൂ പെട്ടെന്ന് ദൈവത്തെയോർത്ത്…!” അദ്ദേഹം അലറി.

 

അവൾ ഒരു കാൽ റെയിലിന് മുകളിലേക്ക് വച്ചതും ക്രെയ്ഗ് അവളെ ഉയർത്തി. അടുത്ത നിമിഷം കടലിലേക്ക് വീണ അവൾ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ജലനിരപ്പിലേക്ക് ഉയർന്നു വന്നപ്പോൾ അവൾ കണ്ടത് തനിക്ക് സമീപം വന്നു വീഴുന്ന ക്രെയ്ഗിനെയാണ്. E-ബോട്ട് ആകട്ടെ അവർ കിടക്കുന്നയിടത്തു നിന്നും ദൂരേയ്ക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഡെക്കിലെ മെഷീൻ ഗൺ ഒരിക്കൽക്കൂടി തീ തുപ്പി നിശബ്ദമായി. അവർ ഇരുവരും വെള്ളത്തിൽ തുടിച്ചു കൊണ്ട് പൊന്തിക്കിടന്നു.

 

“യൂ ഓൾറൈറ്റ്?” അവളോട് ചോദിക്കവെ ക്രെയ്ഗ് ചുമയ്ക്കുന്നുണ്ടായിരുന്നു.

 

“യെസ് കുഴപ്പമൊന്നുമില്ല ക്രെയ്ഗ് പക്ഷേ, മാർട്ടിന്റെ കാര്യം?”

 

“നെവർ മൈൻഡ് ദാറ്റ് നൗ നമുക്ക് കരയിലേക്ക് നീന്താം എന്നെ പിന്തുടർന്നോളൂ

 

ഇരുട്ടിലൂടെ അവർ നീന്തുവാൻ തുടങ്ങി. അസ്ഥികൾ മരവിയ്ക്കുന്ന തണുപ്പായിരുന്നു വെള്ളത്തിന്. പെട്ടെന്നാണ് ആ E-ബോട്ടിന്റെ എഞ്ചിൻ ശബ്ദം വീണ്ടും അവൾ കേട്ടത്.

 

“അത് തിരിച്ചു വരികയണെന്ന് തോന്നുന്നു” പരിഭ്രമത്തോടെ അവൾ പറഞ്ഞു.

 

“അത് കാര്യമാക്കണ്ട നമുക്ക് നീന്തൽ തുടരാം

 

എഞ്ചിനുകളുടെ ശബ്ദം തൊട്ടരികിലെത്തിയിരിക്കുന്നു ഇപ്പോൾ. സകല ശക്തിയുമെടുത്ത് അവൾ മുന്നോട്ട് നീന്തി. പെട്ടെന്നാണ് ഒരു സെർച്ച് ലൈറ്റിന്റെ വെട്ടം അവർക്ക് മേൽ പതിഞ്ഞത്. അതേ സമയം തന്നെ ജെട്ടിയുടെ പ്ലാറ്റ്ഫോമിലും ലൈറ്റ് തെളിഞ്ഞു. അതോടൊപ്പം കുറച്ചുപേരുടെ ആഹ്ലാദാരവവും ഉയർന്നു. വെള്ളത്തിൽ തുടിച്ചു കിടന്നുകൊണ്ട് അവൾ കരയിലേക്ക് നോക്കി. ലിലി മർലിന്റെ ക്രൂവിലെ സകലരും ആ ജെട്ടിയിൽ നിൽക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം ഇരുകൈകളും ഓവർകോട്ടിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് ബ്രിഗേഡിയർ ഡോഗൽ മൺറോയും.

 

“വെൽ ഡൺ, ജെനവീവ്” അദ്ദേഹം വിളിച്ചു പറഞ്ഞു.

 

ലിലി മർലിൻ അവരെ താണ്ടി ജെട്ടിയിലേക്കടുത്തു. ബന്ധിക്കുവാനുള്ള കയറുകൾ അതിന്റെ ഡെക്കിൽ നിന്നും കരയിലേക്ക് എറിയപ്പെട്ടു. ജെട്ടിയിൽ നിന്നുള്ള വെട്ടത്തിൽ ബോട്ടിന്റെ ഡെക്കിലെ റെയിലിനരികിൽ നിൽക്കുന്ന മാർട്ടിൻ ഹെയറിനെ അവൾ കണ്ടു. ഒപ്പം അരികിൽ നിൽക്കുന്ന സ്റ്റേമിനെയും ഷ്മിഡ്റ്റിനെയും.

 

 തിരിഞ്ഞ് ക്രെയ്ഗിനെ നോക്കിയ അവൾ പൊട്ടിച്ചിരിച്ചു പോയി. “യൂ ബാസ്റ്റർഡ്

 

ഏതാനും പേർ ചേർന്ന് അവർ ഇരുവരെയും ലാഡർ വഴി ജെട്ടിയിലേക്ക് പിടിച്ചു കയറ്റി. ആരോ അവൾക്ക് ഒരു ബ്ലാങ്കറ്റ് നൽകി. മൺറോ അവൾക്കരികിലേക്ക് വന്നു. തൊട്ടു പിന്നിൽ സ്റ്റേമും ഹെയറും.

 

“എക്സലന്റ് ജെനവീവ് ഒരു ഫിലിമിൽ എന്നത് പോലെ ക്യാപ്റ്റൻ റോബർട്ട് ഷെയ്നിനെ ഞാൻ പരിചയപ്പെടുത്തട്ടെ സ്പെഷ്യൽ എയർ സർവീസസ്

 

ക്യാപ്റ്റൻ ഷെയ്ൻ അവളെ നോക്കി പുഞ്ചിരിച്ചു. “ചുരുങ്ങിയ സമയത്തേക്കാണെങ്കിലും നിങ്ങളോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷം” തന്റെ മുഖത്ത് അവൾ മാന്തിയ മുറിപ്പാടുകളിൽ വിരലോടിച്ചു കൊണ്ട് അയാൾ പറഞ്ഞു. “ഈ മുറിപ്പാട് മാറ്റി നിർത്തിയാൽ

 

അവിടെ കൂടി നിന്നവരെ വകഞ്ഞു മാറ്റി ജൂലി മുന്നോട്ട് വന്നു. തൊട്ടു പിന്നിൽ റിനേയും. “ആർക്കും ഒരപകടവും സംഭവിച്ചിട്ടില്ല കേട്ടോ വരൂ, നമുക്ക് പോകാം, ഈ തണുപ്പിൽ നിന്ന് ന്യുമോണിയ പിടിക്കണ്ട” അവർ ജെനവീവിനോട് പറഞ്ഞു. “അല്പം സ്കോച്ച് അകത്ത് ചെല്ലുന്നതോടെ എല്ലാം ശരിയാവും

 

എല്ലാവരും Hanged Man പബ്ബിന് നേർക്ക് നടന്നു. ചുമലിലൂടെ കൈയിട്ട് ക്രെയ്ഗ് ജെനവീവിനെ ചേർത്തു പിടിച്ചു. “ഇതൊരു ടീസർ മാത്രം അവിടെയെത്തുമ്പോൾ കാര്യങ്ങൾ എത്രത്തോളം വഷളാകും എന്നറിയില്ലല്ലോ യൂ ഡിഡ് വെൽ

 

“എന്നെയോർത്ത് അഭിമാനം കൊള്ളുന്നു എന്ന് മാത്രം പറഞ്ഞേക്കരുത്” തണുത്തു വിറച്ചു കൊണ്ട് അവൾ പറഞ്ഞു.

 

“അങ്ങനെ പറയുന്നതിൽ എന്താണ് തെറ്റ്?” പബ്ബിന്റെ വാതിൽ തുറന്ന് അദ്ദേഹം അവളെ ഉള്ളിലേക്ക് ആനയിച്ചു.

 

(തുടരും)

6 comments:

  1. അയ്യട മനമേ.. പ്ലിംഗ്!!

    “ഇതൊരു ടീസർ മാത്രം… അവിടെയെത്തുമ്പോൾ കാര്യങ്ങൾ എത്രത്തോളം വഷളാകും എന്നറിയില്ലല്ലോ…"

    ReplyDelete
    Replies
    1. അതും ഒരു മോക്ക് ഡ്രിൽ ആയിരുന്നു...!

      Delete
  2. ജെനവീവ് ഡിഡ് വെൽ

    ReplyDelete
    Replies
    1. വില്യം വേഡ്സ്‌വർത്തിന്റെ കവിതയായ "ഹാർട്ട് ലീപ്‌ വെൽ" എന്ന് പറഞ്ഞത് പോലെ...

      Delete