Friday, July 25, 2025

കോൾഡ് ഹാർബർ - 49

സ്റ്റെയർകെയ്സ് കയറി എതിരെ വരുന്ന ഷോണ്ടെലയുടെ കൈയിൽ മൂടി വച്ച ഒരു ട്രേ ഉണ്ടായിരുന്നു.

 

“എന്താണിത്?” ജെനവീവ് ചോദിച്ചു.

 

“ഇന്നത്തെ അത്താഴം സ്വന്തം റൂമിൽ വച്ചു തന്നെ കഴിക്കാമെന്നാണ് പ്രഭ്വിയുടെ തീരുമാനം” അവരുടെ സ്വരത്തിൽ പതിവ് പോലെ കോപം കലർന്നിരുന്നു. “അദ്ദേഹവും അവിടെയുണ്ട്

 

ജെനവീവ് മുറിയുടെ വാതിൽ തുറന്നു കൊടുത്തു. നെരിപ്പോടിനരികിലെ ചാരുകസേരയിൽ ഹോർടെൻസ് പ്രഭ്വി ഇരിക്കുന്നുണ്ടായിരുന്നു. കറുപ്പും സുവർണ്ണനിറവും ഇടകലർന്ന പകിട്ടേറിയ ഒരു ചൈനീസ് ഹൗസ്കോട്ടാണ് അവർ ധരിച്ചിരുന്നത്. ഗാംഭീര്യമാർന്ന യൂണിഫോം ധരിച്ച ജനറൽ കാൾ സീംകാ അവർ ഇരിക്കുന്ന കസേരയുടെ പിന്നിൽ തൊട്ടുചേർന്ന് നിൽക്കുന്നുണ്ട്. ആ യൂണിഫോമിൽ ആകർഷകമായിരുന്നു അദ്ദേഹത്തിന്റെ രൂപം. ജെനവീവിനെ കണ്ടതും അദ്ദേഹത്തിന്റെ മുഖത്ത് വിടർന്ന പുഞ്ചിരി തികച്ചും ആത്മാർത്ഥമായിരുന്നു.

 

“അങ്ങനെ അവസാനം” ഹോർടെൻസ് പറഞ്ഞു. “ഇനി എനിക്കല്പം സമാധാനം കിട്ടുമെന്ന് തോന്നുന്നു ചിലപ്പോഴൊക്കെ തോന്നും എനിക്ക് ചുറ്റും വിഡ്ഢികൾ മാത്രമേയുള്ളൂവെന്ന്

 

ജനറൽ സീംകാ ജെനവീവിന്റെ കൈയിൽ ചുംബിച്ചു. “നിങ്ങളെ ശരിക്കും മിസ് ചെയ്തു കേട്ടോ

 

“ഓ, ഒന്ന് പുറത്ത് പോയിത്തരുമോ” അക്ഷമയോടെ ഹോർടെൻസ് പറഞ്ഞു. എന്നിട്ട് ഷോണ്ടെലയെ നോക്കി ട്രേ കൊണ്ടുവരുവാൻ ആംഗ്യം കാണിച്ചു. “എന്താണ് ഇന്നത്തെ അത്താഴത്തിന്?”

 

സീംകാ പുഞ്ചിരിച്ചു. “നല്ലൊരു ജനറലിന് വേണ്ട ഏറ്റവും വലിയ ഗുണം എന്താണെന്നറിയുമോ? എപ്പോഴാണ് പിൻ‌വാങ്ങേണ്ടത് എന്ന തിരിച്ചറിവ് ഇത് അത്തരത്തിലുള്ള ഒരു നിമിഷമാണെന്ന് തോന്നുന്നു

 

അദ്ദേഹം ജെനവീവിനായി വാതിൽ തുറന്നു പിടിച്ച് തല കുനിച്ചു. അവൾ പുറത്തേക്ക് നടന്നു. പിന്നാലെ അദ്ദേഹവും.

 

                                                              ***

 

ഡൈനിങ്ങ് ടേബിളിന് ചുറ്റും ഏകദേശം ഇരുപതോളം പേരുണ്ടായിരുന്നു. ഭൂരിഭാഗവും പുരുഷന്മാർ. ഈവനിങ്ങ് ഗൗൺ ധരിച്ച ഏതാനും വനിതകൾ സെക്രട്ടറിമാരാണെന്ന് തോന്നുന്നു. യൂണിഫോമിന്റെ ഇടതുകൈയിൽ തിളങ്ങുന്ന ഫ്ലാഷ് ലൈറ്റ് ഘടിപ്പിച്ച അതീവസുന്ദരികളായ രണ്ട് പെൺകുട്ടികൾ അവർക്കിടയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റേഡിയോ റൂമിൽ വർക്ക് ചെയ്യുന്ന സിഗ്നൽ ഓപ്പറേറ്റർമാരാണ്. അവരെക്കുറിച്ച് റിനേ സൂചിപ്പിച്ചിരുന്നു. ഓഫീസർമാർക്കിടയിൽ ആ പെൺകുട്ടികൾക്ക് നല്ല ഡിമാന്റാണെന്ന് അയാൾ പറഞ്ഞിരുന്നത് അവൾക്ക് ഓർമ്മ വന്നു. ഇപ്പോൾ നേരിൽ കണ്ടപ്പോൾ അയാൾ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് അവൾക്ക് ബോദ്ധ്യമായി.

 

അവൾക്കെതിരെയുള്ള കസേരയിലാണ് മാക്സ് പ്രീം ഇരുന്നത്. മേശയുടെ അറ്റത്ത് മറ്റ് SS ഓഫീസർമാർക്കൊപ്പം ഇരിക്കുന്ന റൈലിംഗെറെ അവൾ ശ്രദ്ധിക്കാതിരുന്നില്ല. തന്റെ നേർക്ക് ഒരു നിമിഷം നോക്കിയ അയാളുടെ കണ്ണിൽ വെറുപ്പ് ജ്വലിക്കുന്നത് അവൾ കണ്ടു. കോൾഡ് ഹാർബറിൽ വച്ച് ജോ എഡ്ജിന്റെ കണ്ണിൽ കണ്ട അതേ വെറുപ്പ്. അതെ, ഇവിടെയും താൻ ഒരു ശത്രുവിനെ സൃഷ്ടിച്ചിരിക്കുന്നു.

 

യൂണിഫോമും വെള്ള കൈയുറകളും ധരിച്ച ഏതാനും ഓർഡർലിമാർ വൈൻ കുപ്പികളുമായി എത്തി. ആൻ മേരിയ്ക്ക് ചുവന്ന വൈൻ ഒട്ടും ഇഷ്ടമില്ലെന്നും എന്നാൽ വെളുത്ത വൈൻ ധാരാളമായി കഴിയ്ക്കാറുണ്ടെന്നും ഉള്ള കാര്യം പെട്ടെന്ന് അവൾക്ക് ഓർമ്മ വന്നു. അവൾ കഴിക്കുന്ന അത്രയും അളവ് വൈൻ ഒരിക്കലും തനിക്ക് കഴിക്കാൻ സാധിക്കാറില്ല. ആന്റിയുടെ ശേഖരത്തിലുള്ള വിലയേറിയ ഇനമായ വെളുത്ത സാൻസിയർ വൈൻ ആയിരുന്നു അത്. ജർമ്മൻകാർ ഇവിടെ കൈയേറിയതോടെ ഒരു നിയന്ത്രണവുമില്ലാതെ എടുത്ത് അതൊക്കെ തീരാറായിക്കാണണം.

 

അവിടെയുണ്ടായിരുന്നവർ സംസാരിക്കുന്ന ശബ്ദത്തിനും മേലെ ഉച്ചത്തിൽ റൈലിംഗെർ പൊട്ടിച്ചിരിച്ചു. കൂടെയുള്ളവർക്ക് അതത്ര രസിക്കുന്നുണ്ടായിരുന്നില്ല എന്ന് അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു.

 

ജനറൽ സീംകാ അവൾക്കരികിലേക്ക് വന്നു. “നാളെ ആകുമ്പോഴേക്കും പ്രഭ്വിയുടെ പെരുമാറ്റം സാധാരണ നിലയിലാകുമെന്ന് കരുതുന്നു

 

“എന്നെപ്പോലെ തന്നെ താങ്കളും അവരുടെ മാനസികനില ശരിയ്ക്കും മനസ്സിലാക്കിയിരിക്കുന്നു

 

“മറ്റന്നാളാണ് ഫീൽഡ് മാർഷൽ റോമൽ ഇവിടെ സന്ദർശനത്തിന് എത്തുന്നത് സ്വാഭാവികമായും ഞങ്ങൾ അദ്ദേഹത്തിന് ഒരു സ്വീകരണവും അതിന് ശേഷം ഒരു നൃത്ത പരിപാടിയും ഏർപ്പാടാക്കുന്നുണ്ട് ആ സമയത്തും പ്രഭ്വി ഇടഞ്ഞു നിൽക്കുകയാണെങ്കിൽ” അദ്ദേഹം ചുമൽ വെട്ടിച്ചു. “തീർത്തും നിർഭാഗ്യകരമായിരിക്കും അത്

 

“താങ്കളുടെ ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു ജനറൽ” ജെനവീവ് അദ്ദേഹത്തിന്റെ കൈയിൽ പതുക്കെ തട്ടി. “എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം

 

“ആ സമയത്ത് അവിടെ സന്നിഹിതയാകണമെന്ന് ആജ്ഞാപിക്കാൻ എനിക്ക് താല്പര്യമില്ല... സത്യം പറയാമല്ലോ, എനിക്കതിന് ഭയവുമാണ്” അദ്ദേഹം പറഞ്ഞു. “ഞാനും പ്രീമും ആദ്യമായി ഇവിടെയെത്തിയ സമയത്ത് നിങ്ങളിവിടെ ഉണ്ടായിരുന്നില്ല മൈ ഗോഡ്! ഞങ്ങളെ അന്ന് കുറച്ചൊന്നുമല്ല അവർ ബുദ്ധിമുട്ടിച്ചത് അല്ലേ, പ്രീം?”

 

“അവരെ എനിക്കങ്ങ് ഇഷ്ടപ്പെട്ടു പോയി എന്ന് പറഞ്ഞാൽ മതി” പ്രീം പറഞ്ഞു.

 

“മിക്ക ആളുകൾക്കും അങ്ങനെയൊരു ദൗർബല്യമുണ്ട്” ജെനവീവ് അദ്ദേഹത്തോട് പറഞ്ഞു.

 

അദ്ദേഹത്തിന്റെ മന്ദഹാസത്തിൽ അസ്വസ്ഥയായിരുന്നു അവൾ. ആ നീലക്കണ്ണുകളുടെ തുളഞ്ഞു കയറുന്ന നോട്ടത്തിൽ നിന്നും രക്ഷപെടാൻ അവൾ മിഴികൾ മാറ്റി. അവളുടെ ഹൃദയമിടിപ്പ് കൂടി. തന്റെയുള്ളിലെ സകല രഹസ്യങ്ങളും അദ്ദേഹം കണ്ടുപിടിച്ചത് പോലെ ഒരു പ്രതീതി.

 

ജനറൽ സംസാരിച്ചുകൊണ്ടേയിരുന്നു. “ഞങ്ങൾ അന്ന് വന്ന ദിവസം നിങ്ങൾ ഗ്രാമത്തിലെവിടെയോ പോയിരിക്കുകയായിരുന്നു എന്നാണ് എന്റെ ഓർമ്മ. കൊട്ടാരത്തിന്റെ വാതിൽ തുറക്കാതെ ഏറെ നേരമാണ് പ്രഭ്വി ഞങ്ങളെ പുറത്ത് നിർത്തിയത് അവസാനം അനുമതി ലഭിച്ച് അകത്തു പ്രവേശിച്ചപ്പോൾ ചുമരുകളിൽ അലങ്കരിച്ചിരുന്ന പലതും എടുത്തു മാറ്റപ്പെട്ടത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു

 

“അറകൾ തുറന്ന് പരിശോധിച്ചില്ലേ നിങ്ങൾ?”

 

അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചുപോയി. പിന്നീടങ്ങോട്ട് ഭക്ഷണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എന്നാൽ ജെനവീവാകട്ടെ, താൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന റോളിന്റെ സമ്മർദ്ദത്തിലായിരുന്നു. അത്ര എളുപ്പമല്ല ഇതെന്ന് നിമിഷം തോറും അവൾക്ക് ബോദ്ധ്യമായിക്കൊണ്ടിരുന്നു.

“കോഫി വച്ചിരിക്കുന്നത് ഡ്രോയിങ്ങ് റൂമിലാണെന്ന് തോന്നുന്നു” ജനറൽ സീംകാ എല്ലാവരോടുമായി പറഞ്ഞു.

 

എല്ലാവരും എഴുന്നേറ്റ് അങ്ങോട്ട് പോകാനൊരുങ്ങവെ പ്രീം അവളുടെ അരികിലെത്തി. “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

 

ചുരുങ്ങിയത് ഇപ്പോഴത്തേക്കെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയേ തീരൂ. “ഇപ്പോൾ വേണ്ട, പിന്നീട്” തിടുക്കത്തിൽ പറഞ്ഞിട്ട് അവൾ ജനറൽ സീംകായുടെ അടുത്തേക്ക് ചെന്നു.

 

“മൈ ഡിയർ” സീംകാ പറഞ്ഞു. “നിങ്ങളുടെ ഒരു നാട്ടുകാരനെ ഞാൻ പരിചയപ്പെടുത്താം SS ന്റെ ഷാൾമാഗ്‌നെ ബ്രിഗേഡിലാണ് ഇപ്പോൾ സേവനമനുഷ്ടിക്കുന്നത് മെയിലുമായി എത്തിയതാണ്

 

ആ ഓഫീസർ തല കുനിച്ച് അവളെ വണങ്ങി. അയാളുടെ ഇടതു കൈയിലെ മൂവർണ്ണ കഫ് ടൈറ്റിൽ അവൾ ശ്രദ്ധിച്ചു. തന്റെ കരങ്ങൾ കൈയിലെടുത്ത് ചുണ്ടോട് ചേർത്തത് ഒരു ഫ്രഞ്ചുകാരൻ മാത്രം ചെയ്യുന്ന തരത്തിലായിരുന്നു. ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള ആ സുമുഖനെ കണ്ടാൽ ജർമ്മൻകാരനാണെന്നേ തോന്നൂ.

 

 “കാണാൻ സാധിച്ചതിൽ വളരെ സന്തോഷം” അയാൾ പറഞ്ഞു. ആ യൂണിഫോം അയാൾക്ക് എത്ര നന്നായി ചേരുന്നു എന്നവൾ അത്ഭുതം കൊണ്ടു. SS സേനയിൽ ഒരു ഫ്രഞ്ചുകാരൻ...!

 

ജനറൽ സീംകാ ആ തിരക്കിൽ നിന്നും അവളെയും കൂട്ടി ഫ്രഞ്ച് ജാലകം വഴി ടെറസിലേക്ക് കടന്നു. “ഇവിടെയാണ് നല്ലത് അല്പം ശുദ്ധവായു ശ്വസിക്കാം സിഗരറ്റ് വേണോ?”

 

അദ്ദേഹം നീട്ടിയ സിഗരറ്റ് വാങ്ങിക്കൊണ്ട് അവൾ ചോദിച്ചു. “മറ്റന്നാളത്തെ കോൺഫറൻസിന്റെ കാര്യത്തിൽ താങ്കൾ വല്ലാതെ ഉത്കണ്ഠാകുലനാണല്ലോ അത്രയ്ക്കും പ്രാധാന്യമുള്ളതാണോ അത്?”

 

“വരുന്നത് മറ്റാരുമല്ല, റോമൽ ആണ്, മൈ ഡിയർ എങ്ങനെ ഉത്കണ്ഠയില്ലാതിരിക്കും?”

 

“അതല്ല, അതിനുമപ്പുറം എന്തോ ഉണ്ട്” ജെനവീവ് പറഞ്ഞു. “അവരുടെ ചിന്താഗതികളോട് താങ്കൾക്ക് യോജിക്കാനാവുന്നില്ല തീർത്തും വിയോജിപ്പാണുള്ളത് അതല്ലേ കാര്യം?”

 

“നിങ്ങൾ വിഷയം സങ്കീർണ്ണമാക്കുകയാണ്” അദ്ദേഹം പറഞ്ഞു. “അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയാണ് ചർച്ചാവിഷയം അതേക്കുറിച്ച് മറ്റു ഭൂരിഭാഗം പേരുടെയും അഭിപ്രായങ്ങൾ എന്താണെന്നും  എനിക്കറിയാം

 

അതെ, ഈ വിഷയത്തെക്കുറിച്ച് തന്നെയാണ് തനിക്ക് കേൾക്കേണ്ടിയിരുന്നതും. “ആ അഭിപ്രായങ്ങളോട് താങ്കൾ വിയോജിക്കുന്നുവെന്നാണോ?”

 

“അതെ

 

“പക്ഷേ, ഇതൊരു പ്രാരംഭ ചർച്ച മാത്രമല്ലേ?”

 

“അതെ എങ്കിലും ചർച്ചയുടെ അവസാനം ഉരുത്തിരിയുന്ന തീരുമാനമാണ് നടപ്പിലാവുക അല്ലെങ്കിൽ സാക്ഷാൽ ഫ്യൂറർ തന്നെ സകല പദ്ധതികളും മാറ്റുവാനുള്ള തീരുമാനമെടുക്കണം

 

“അദ്ദേഹമാണല്ലോ ഇത് ഇവിടം വരെ എത്തിച്ചത്” ലാഘവത്തോടെ അവൾ പറഞ്ഞു.

 

“എന്തൊക്കെയായാലും ഞങ്ങൾ ഈ യുദ്ധം ജയിക്കാൻ പോകുന്നില്ല

 

അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. “നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇത് ഇങ്ങനെ പരസ്യമായി പറയാൻ ധൈര്യപ്പെടില്ലായിരുന്നു

 

അവളുടെ കൈ പിടിച്ച് പുറത്തെ ഇരുട്ടിലേക്ക് നോക്കി പലവിധ ചിന്തകളുമായി അദ്ദേഹം നിന്നു. അദ്ദേഹത്തിന്റെ ആ നിസ്സഹായവസ്ഥ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. തന്റെ ജോലിയിൽ ഒട്ടും തന്നെ സംതൃപ്തനല്ലാത്ത നല്ലൊരു മനുഷ്യൻ എന്തുകൊണ്ടോ, അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നി അവൾക്ക്. അങ്ങോട്ട് നടന്നടുക്കുന്ന ആരുടെയോ കാലടിശബ്ദം കേട്ടതും അവൾ അകന്നു മാറി.

 

“ശല്യപ്പെടുത്തുന്നതിൽ ക്ഷമിക്കണം, ഹെർ ജെനറൽ” മാക്സ് പ്രീം പറഞ്ഞു. “പാരീസിൽ നിന്നും താങ്കൾക്കൊരു കോൾ ഉണ്ട്

 

“ശരി, ഞാൻ വരുന്നു” ജനറൽ തല കുലുക്കി. “ഗുഡ് നൈറ്റ്, മൈ ഡിയർ” അവളുടെ കൈപ്പടത്തിൽ ചുംബിച്ചിട്ട് അദ്ദേഹം ഡ്രോയിങ്ങ് റൂമിലേക്ക് തിരികെ നടന്നു.

 

ഒരു വശത്തേക്ക് മാറി നിന്നിട്ട് മാക്സ് പ്രീം ഔപചാരികമായി വിളിച്ചു. “ഫ്രോലീൻ” ആ കണ്ണുകളിലെ പരിഹാസം അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പരിഹാസം മാത്രമല്ല, രോഷവും.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, July 17, 2025

കോൾഡ് ഹാർബർ - 48

“ലൈബ്രറിയിൽ വച്ചാണ് കോൺഫറൻസുകൾ അധികവും നടക്കാറുള്ളത്” ഹോർടെൻസ് പ്രഭ്വി പറഞ്ഞു. “ബാക്കിയുള്ള സമയമെല്ലാം മാക്സ് പ്രീം അയാളുടെ മെയിൻ ഓഫീസിൽ തന്നെയായിരിക്കും ചെലവഴിക്കുക ഉറങ്ങാനായി ഒരു ക്യാമ്പ് ബെഡ് പോലുമുണ്ട് അയാൾക്കവിടെ പിന്നെ, റൈലിംഗെറിന്റെ ഓഫീസിന് തൊട്ടടുത്ത് ചെറിയൊരു ഓഫീസ് കൂടിയുണ്ട് അയാൾക്ക് അത് നിത്യജോലിയ്ക്കായി മാത്രം

 

“ജോലിയോട് ഇത്രയും ആത്മാർത്ഥതയോ!” ജെനവീവ് അത്ഭുതപ്പെട്ടു. “ഓഫീസിൽ തന്നെ ഉറക്കം എന്നൊക്കെ പറഞ്ഞാൽ

 

“പ്രധാനപ്പെട്ട രേഖകൾ എല്ലാം തന്നെ ലൈബ്രറിയിലെ സേഫിനുള്ളിൽ ആയിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക

 

“എലിസബത്ത് പ്രഭ്വിയുടെ ഛായാചിത്രത്തിന് പിറകിലുള്ളതല്ലേ?”

 

“ആഹാ, നിനക്ക് നല്ല ഓർമ്മയാണല്ലോ

 

“രേഖകളെല്ലാം ആ സേഫിനുള്ളിൽത്തന്നെയായിരിക്കും എന്നതിന് എന്താണ് ഉറപ്പ്?”

 

“അതിനൊക്കെ വഴിയുണ്ട് ഷെറീ എന്റെ ജീവിതത്തിലേക്ക് വന്ന പുരുഷന്മാരൊക്കെ എന്റെ വരുതിയിൽത്തന്നെയായിരുന്നു ജനറൽ കാൾ സീംകായും അതിൽ നിന്ന് വിഭിന്നമല്ല സകല രഹസ്യങ്ങളും അദ്ദേഹം എന്നോട് വെളിപ്പെടുത്താറുണ്ട് അക്കാര്യത്തിൽ ഞാൻ ഉറപ്പു തരുന്നു അദ്ദേഹം ഒരു നാസിയല്ല കുട്ടീ ദൈവം കാക്കട്ടെ അദ്ദേഹത്തെ നാസി ആശയങ്ങളോട് അദ്ദേഹത്തിന് പലപ്പോഴും വിയോജിപ്പാണുള്ളത് അത് രോഷമായി മാറുമ്പോൾ വാക്കുകളായി വെളിയിൽ വരും അനുഭവിക്കുന്ന സമ്മർദ്ദത്തിൽ നിന്നും ഒരു വിടുതൽ

 

“മറ്റന്നാൾ ഫീൽഡ് മാർഷൽ ഇർവിൻ റോമൽ ഇവിടെയെത്തുന്ന കാര്യം ആന്റിക്കറിയാമോ?”

 

“തീർച്ചയായും അവരുടെ കോസ്റ്റൽ ഡിഫൻസ് സിസ്റ്റത്തെക്കുറിച്ച് ചർച്ച ചെയ്യുവാൻ

 

“അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ച്?”

 

“അതെ അതിന്റെ രഹസ്യങ്ങൾ ചോർത്താൻ വേണ്ടിയാണ് നീ എത്തിയിരിക്കുന്നത് അല്ലേ?”

 

“അതെ ലഭ്യമായ വിവരങ്ങൾ എന്തു തന്നെയായാലും

 

“എന്ന് വച്ചാൽ ആ സേഫ് തുറക്കണം എന്ന് അത്തരം രേഖകളെല്ലാം അതിനുള്ളിൽത്തന്നെ ആയിരിക്കും ഉണ്ടാവുക

 

“ആരുടെയടുത്തായിരിക്കും അതിന്റെ താക്കോൽ? ജനറലിന്റെ കൈവശം?”

 

“അല്ല കേണൽ പ്രീമിന്റെ കൈയിൽ വയ്യാത്ത കാലുകൊണ്ട് അതിനകത്തേക്ക് കയറാനൊക്കെ ബുദ്ധിമുട്ടാണെന്ന് കാൾ എപ്പോഴും പരാതി പറയുമായിരുന്നു ആദ്യമായി അവർ ഇവിടെയെത്തിയപ്പോൾ നിർബന്ധപൂർവ്വം ആ സേഫിന്റെ താക്കോൽ എന്നിൽ നിന്നും വാങ്ങുകയായിരുന്നു

 

“ആന്റിയുടെ കൈയിൽ ഒരു സ്പെയർ കീ ഉണ്ടായിരിക്കണമല്ലോ…?” ജെനവീവ് ചോദിച്ചു.

 

ഹോർടെൻസ് തല കുലുക്കി. “അവർ അതും ചോദിച്ചു വാങ്ങിയിരുന്നു കാഞ്ഞ വിത്തുകളാണ് അവർ” അവർ തന്റെ കട്ടിലിനരികിലെ ക്യാബിനറ്റിനുള്ളിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്ത് അതിന്റെ മൂടി തുറന്നു. അതിനുള്ളിലെ ആഭരണങ്ങൾക്കിടയിൽ പരതിയിട്ട് ഒരു താക്കോൽ പുറത്തെടുത്തു. “പക്ഷേ, ഇത് ഞാൻ അവർക്ക് കൊടുത്തില്ല സ്പെയർ കീയുടെ ഡ്യുപ്ലിക്കേറ്റ് എന്ന് പറയാം

 

“അതിശയകരം” ജെനവീവ് പറഞ്ഞു.

 

“പക്ഷേ, ഒരു പ്രശ്നമുണ്ട് അത്തരം പേപ്പറുകളിൽ ഏതെങ്കിലുമൊന്ന് അവിടെ നിന്നും കാണാതായാൽ തീർച്ചയായും അവരത് ശ്രദ്ധിക്കുക തന്നെ ചെയ്യും

 

“എന്റെ കൈയിൽ ഒരു ക്യാമറയുണ്ട്” ജെനവീവ് തന്റെ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് എടുത്ത് അതിന്റെ പിൻഭാഗത്ത് പതുക്കെ തട്ടി. അതിൽ നിന്നും ഫ്ലാപ്പ് പുറത്തിറങ്ങി. “ഇതു കണ്ടോ?”

 

“കൊള്ളാമല്ലോ” ഹോർടെൻസ് തലകുലുക്കി. “മദ്ധ്യാഹ്നത്തിന് ശേഷമായിരിക്കും കോൺഫറൻസ് ആരംഭിക്കുക അതു കഴിഞ്ഞ് വൈകിട്ട് റിസപ്ഷനും നൃത്ത പരിപാടികളും ഒക്കെയുണ്ടാവും അതിന് ശേഷം രാത്രി തന്നെ റോമൽ പാരീസിലേക്ക് മടങ്ങും എന്നു വച്ചാൽ, സേഫിനുള്ളിലെ രേഖകൾ നിനക്ക് പരിശോധിക്കണമെങ്കിൽ അത് നൃത്തപരിപാടി നടക്കുന്ന സമയത്ത് ആയിരിക്കണമെന്നർത്ഥം

 

“പക്ഷേ, എങ്ങനെ?”

 

“ഞാനൊന്ന് ആലോചിക്കട്ടെ ഷെറീ നീ വിഷമിക്കണ്ട” ഹോർടെൻസ് അവളുടെ കവിളിൽ പതുക്കെ തട്ടി. “തൽക്കാലം ഞാനൊന്ന് വിശ്രമിക്കട്ടെ

 

“തീർച്ചയായും” അവർക്ക് ഒരു മുത്തം കൊടുത്തിട്ട് ജെനവീവ് വാതിലിന്  നേർക്ക് നടന്നു. വാതിലിന്റെ പിടിയിൽ കൈ വച്ചതും അവർ വിളിച്ചു. “ഒരു കാര്യം കൂടി

 

ജെനവീവ് തിരിഞ്ഞു. “എന്താണ് ആന്റീ?”

 

“വെൽക്കം ഹോം, മൈ ഡാർലിങ്ങ് വെൽക്കം ഹോം

 

                                                ***

 

റൂമിൽ തിരിച്ചെത്തുമ്പോൾ അതിയായ ക്ഷീണമുണ്ടായിരുന്നു അവൾക്ക്. തലയ്ക്കുള്ളിൽ വല്ലാത്ത വിങ്ങൽ. തലകറക്കം പോലെ തോന്നിയതും കർട്ടനുകൾ വലിച്ചിട്ട് അവൾ കട്ടിലിൽ കയറി മലർന്ന് കിടന്നു. അപ്പോൾ മൺറോ തന്നെ ശരിയ്ക്കും കെണിയിൽ പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ നിന്നും തനിയ്ക്കത് മനസ്സിലാവേണ്ടതായിരുന്നു പക്ഷേ, ക്രെയ്ഗ് ഓസ്ബോണും അതിന് കൂട്ടു നിന്നല്ലോ എന്നോർക്കുമ്പോൾഎന്തായാലും ഒരു കാര്യത്തിൽ നന്ദിയുണ്ട് തനിയ്ക്ക് തന്റെ പ്രീയപ്പെട്ട ഹോർടെൻസ് ആന്റിയുടെ അരികിലെത്താനായി

 

തന്റെ ചുമലിൽ പതുക്കെ കുലുക്കിയുണർത്തുന്ന മരീസയെയാണ് കണ്ണ് തുറന്ന ജെനവീവ് കണ്ടത്. “ഡിന്നറിന് പോകുന്നതിന് മുമ്പ് കുളിക്കുന്നില്ലേ മോസെലാ?”

 

“തീർച്ചയായും, താങ്ക് യൂ” അവൾ പറഞ്ഞു.

 

അവളുടെ സ്വരത്തിലെ സൗമ്യത കണ്ട് മരീസ ചെറുതായൊന്ന് അമ്പരന്നു. താൻ ആൻ മേരിയുടെ റോളിലാണെന്ന കാര്യം മറന്നത് ജെനവീവ് പെട്ടെന്ന് തന്നെ മനസ്സിലാക്കി.

 

“പിന്നെന്താണ് നോക്കി നിൽക്കുന്നത്…? പോയി ബാത്ത് ടബ്ബിൽ വെള്ളം നിറയ്ക്കൂ” കടുത്ത സ്വരത്തിൽ അവൾ ആജ്ഞാപിച്ചു.

 

“ശരി, മോസെലാ” മരീസ ബാത്ത്റൂമിലേക്ക് പോയി. അടുത്ത നിമിഷം ടാപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാറായി. തിരികെയെത്തിയ അവളോട് ജെനവീവ് പറഞ്ഞു. “ഞാൻ കുളിക്കുന്ന സമയം കൊണ്ട് നീ ആ സ്യൂട്ട്കെയ്സിലെ സാധനങ്ങളൊക്കെ എടുത്ത് അടുക്കി വയ്ക്കൂ

 

ബാത്ത്റൂമിൽ ചെന്ന അവൾ തന്റെ വസ്ത്രങ്ങൾ അഴിച്ച് അലക്ഷ്യമായി തറയിൽ ഇട്ടു. അഞ്ച് വയസ്സ് മുതൽ തന്റെ സഹോദരിയുടെ രീതി ഇങ്ങനെയാണ്. ഒട്ടും അടുക്കും ചിട്ടയുമില്ലാത്തവൾ. കുളിച്ചുകൊണ്ടിരിക്കവെ അവൾ മരീസയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ആൻ മേരി ട്രെവോൺസിനെ നീരീക്ഷിക്കുവാൻ ജർമ്മൻകാർ അവളോട് പറഞ്ഞിട്ടുണ്ടാവുമോ? കാണാൻ സുന്ദരിയാണവൾ. ബുദ്ധിമതിയും. ശാന്തസ്വഭാവമാണെങ്കിലും അവളുടെ കണ്ണുകളിലെ വെറുപ്പ് ഇവിടെ വന്നു കയറിയപ്പോൾത്തന്നെ ജെനവീവ് ശ്രദ്ധിച്ചിരുന്നു.

 

ഇളം ചൂടുവെള്ളത്തിന്റെ സുഖം ആസ്വദിച്ചുകൊണ്ട് അങ്ങനെ കിടക്കവെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. “ആറരയായി മോസെലാ ഏഴു മണിക്കാണ് ഇന്ന് ഡിന്നർ

 

“അതിന് ഞാനെന്ത് വേണം…? വൈകിയെങ്കിൽ വൈകി, അത്ര തന്നെ അവർ വെയ്റ്റ് ചെയ്തോളും

 

കുറച്ചു നേരം റൂമിലിരുന്ന് ക്ഷീണമൊക്കെ മാറിയതിന് ശേഷമേ ഡിന്നറിന് പോകുന്നുള്ളൂ എന്ന് അവൾ തീരുമാനിച്ചു. പിന്നെയാണോർത്തത്, ജനറൽ സീംകായും ഭക്ഷണത്തിന് ഉണ്ടാകുമല്ലോ എന്ന കാര്യം. അദ്ദേഹത്തെ ഇതുവരെ സന്ധിച്ചിട്ടില്ല. അത് എത്രയും പെട്ടെന്നാവുന്നതാണ് നല്ലത്.

 

മനസ്സിലാമനസോടെ കുളി അവസാനിപ്പിച്ച് എഴുന്നേറ്റ അവൾ വാതിലിന് പിറകിൽ കൊളുത്തിയിട്ടിരുന്ന സിൽക്ക് ഗൗൺ എടുത്ത് ധരിച്ച് ബെഡ്റൂമിലേക്ക് ചെന്നു. ഡ്രെസ്സിങ്ങ് ടേബിളിന് മുന്നിൽ ചെന്ന് ഇരുന്നതും മരീസ അവളുടെ മുടി ബ്രഷ് ചെയ്യുവാൻ തുടങ്ങി. അവളുടെ ആ പ്രവൃത്തി ജെനവീവിന് വെറുപ്പുണ്ടാക്കിയെങ്കിലും ആൻ മേരിയുടെ ശീലം ഇങ്ങനെ ആയിരുന്നിരിക്കും എന്നോർത്ത് വഴങ്ങിക്കൊടുത്തു.

 

“ഇന്ന് രാത്രി ഏത് വേഷമാണ് ധരിക്കുന്നത് മോസെലാ?”

 

“എനിക്കറിയില്ല ഞാനൊന്ന് നോക്കട്ടെ

 

അതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. കാരണം, വിവിധ തരത്തിലുള്ള വിലയേറിയ വസ്ത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ആ മുറിയിലെ അലമാര. അത്രയ്ക്കും ആഡംബരപ്രേമിയായിരുന്നു ആൻ മേരി. തിരച്ചിലിനൊടുവിൽ ഇളം നീലയും ഗ്രേയും കലർന്ന രമണീയമായ ഒരു ഷിഫോൺ വസ്ത്രമെടുത്ത് അവൾ അണിഞ്ഞു. ഷൂസ് അല്പം ടൈറ്റാണ്. എങ്കിലും പതിയെ ശരിയായിക്കോളും. അവൾ ക്ലോക്കിലേക്ക് നോക്കി. ഏഴുമണി കഴിഞ്ഞ് അഞ്ചു മിനിറ്റാവുന്നു.

 

“ശരി, എന്നാലിനി പോയേക്കാം

 

മരീസ വാതിൽ തുറന്നു കൊടുത്തു. പുറത്തേക്കിറങ്ങവെ അവളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം ഉണ്ടായിരുന്നത് പോലെ ജെനവീവിന് തോന്നി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, July 12, 2025

കോൾഡ് ഹാർബർ - 47

എല്ലാം കേട്ടു കഴിഞ്ഞ് ഒരു നീണ്ട മൗനത്തിന് ശേഷം ഹോർടെൻസ് പ്രഭ്വി അവളുടെ കൈയിൽ തലോടി. “അല്പം കോന്യാക്ക് കഴിച്ചാൽ കൊള്ളാമെന്നുണ്ട് അതാ ആ ചൈനീസ് കബോർഡിനകത്തുണ്ട് ഗ്ലാസും കുപ്പിയും

 

“പക്ഷേ, അത് വേണോ?” ജെനവീവ് ചോദിച്ചു. “നിങ്ങളുടെ ആരോഗ്യം…………….”

 

“നീയെന്താണീ പറയുന്നത്?” ഹോർടെൻസ് അത്ഭുതം കൂറി.

 

“നിങ്ങളുടെ ഹൃദയത്തിന് എന്തോ തകരാറുണ്ടെന്നാണല്ലോ അവർ പറഞ്ഞത് ബ്രിഗേഡിയർ മൺറോ പറഞ്ഞത് നിങ്ങളുടെ ആരോഗ്യം വളരെ മോശമാണെന്നാണ്

 

“എന്ത് അസംബന്ധമാണിത്! എന്നെ കണ്ടാൽ ഒരു രോഗിയെപ്പോലെയാണോ നിനക്ക് തോന്നുന്നത്?” അവർ രോഷത്തിന്റെ വക്കിൽ എത്തിയത് പോലെ തോന്നി.

 

“ഇല്ലേയില്ല സത്യം പറഞ്ഞാൽ നല്ല ഉന്മേഷവതിയായിട്ടാണ് തോന്നുന്നത് നിങ്ങളുടെ ബ്രാണ്ടി ഞാൻ എടുത്തുകൊണ്ടു വരാം” ജെനവീവ് പറഞ്ഞു.

 

അവൾ ചെന്ന് കബോർഡ് തുറന്നു. അപ്പോൾ മൺറോയുടെ ഭാഗത്തു നിന്നുള്ള മറ്റൊരു വഞ്ചന കൂടി തന്നെ അയാളുടെ ദൗത്യത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ബുദ്ധിപരമായ നീക്കം ക്രെയ്ഗ് ഓസ്ബോണും അതിന് കൂട്ടു നിന്നു ക്രിസ്റ്റൽ ഗ്ലാസിലേക്ക് കുവാസ്യേയുടെ കോന്യാക്ക് പകർന്ന് ആന്റിയുടെ അടുത്തേക്ക് നടക്കവെ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

 

ഹോർടെൻസ് പ്രഭ്വി ആ ഗ്ലാസ് വാങ്ങി ഒറ്റയിറക്കിന് അകത്താക്കി. എന്നിട്ട് ഒഴിഞ്ഞ ഗ്ലാസിലേക്ക് നോക്കി പറഞ്ഞു. “പാവം കാൾ

 

“അതെന്താ അങ്ങനെ പറഞ്ഞത്?”

 

“ആ മൃഗങ്ങൾ ആൻ മേരിയോട് ചെയ്തതെല്ലാം വച്ച് നോക്കുമ്പോൾ എനിക്കിനി എങ്ങനെ അയാളോട് നന്നായി പെരുമാറാൻ കഴിയും?” അവർ ഗ്ലാസ് കട്ടിലിനരികിലെ കാബിനറ്റിൽ വച്ചു. “ഞാനും ആൻ മേരിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല ഇവിടെ കഴിഞ്ഞിരുന്നത് അങ്ങേയറ്റം സ്വാർത്ഥയായിരുന്നു അവൾ അവളുടെ കാര്യം മാത്രമായിരുന്നു അവൾക്ക് പ്രധാനം എങ്കിലും എന്റെ അനന്തരവളല്ലേ അവൾ എന്റെ രക്തം എന്റെ മാംസം വോൺകോർട്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി

 

“ഒരു പക്ഷേ, കഴിഞ്ഞ കുറേ മാസങ്ങളായി അങ്ങനെ അഭിനയിക്കുകയായിരുന്നിരിക്കണം അവൾ

 

“അതെ, നീ പറഞ്ഞത് ശരിയാണ് അവൾ ചെയ്തതൊന്നും വൃഥാവിലാകില്ലെന്ന് നാം ഉറപ്പ് വരുത്തണം

 

“അതിന് വേണ്ടിയാണ് ഞാനിവിടെ എത്തിയിരിക്കുന്നത്

 

ഹോർടെൻസ് വിരൽ ഞൊടിച്ചു. “നിന്റെ ആ സിഗരറ്റ് ഒരെണ്ണം കൂടി തരൂ എന്നിട്ട് ഷോണ്ടെലയോട് എനിക്ക് കുളിക്കാനുള്ള വെള്ളം തയ്യാറാക്കാൻ പറയൂ ഒരു മണിക്കൂർ വെള്ളത്തിൽ കിടന്നു കൊണ്ട് ഞാനൊന്ന് ആലോചിക്കട്ടെ, താഴെയുള്ള ആ ജർമ്മൻ‌കാർക്ക് എങ്ങനെ പണി കൊടുക്കാമെന്ന് നീ പോയി അല്പം നടന്നിട്ട് വരൂ ഷെറീ ഒരു മണിക്കൂർ കഴിഞ്ഞ്

 

                                                      ***

 

കോൾഡ് ഹാർബറിൽ മഴ കോരിച്ചൊരിയുകയാണ്. ജൂലിയെ തേടി ക്രെയ്ഗ് കിച്ചണിലേക്ക് ചെന്നു.

 

“നിങ്ങൾ പുറപ്പെടുകയാണോ?” അദ്ദേഹത്തിന്റെ യൂണിഫോമും ടെഞ്ച്കോട്ടും ശ്രദ്ധിച്ച അവർ ചോദിച്ചു.

 

“അതെ ക്രോയ്ഡണിൽ കാലാവസ്ഥ മെച്ചപ്പെട്ടു എന്നാണ് അറിഞ്ഞത് മൺറോയോടൊപ്പം ലൈസാൻഡറിൽ ഞാനും പോകുന്നു” അദ്ദേഹം അവരുടെ ചുമലിൽ കൈ വച്ചു. “ആർ യൂ ഓകെ? എന്തോ പ്രശ്നമുള്ളത് പോലെ?”

 

അവരുടെ പുഞ്ചിരിയിൽ വിഷാദം കലർന്നിരുന്നു. “ക്രെയ്ഗ്, എനിക്കറിയാം എന്റെ ടാരോ കാർഡ് പ്രവചനങ്ങൾ നിങ്ങളെ ഏറെ രസിപ്പിച്ചിരുന്നുവെന്ന് പക്ഷേ, സത്യമായിട്ടും ഭാവി പ്രവചിക്കുവാനുള്ള കഴിവുണ്ടെനിയ്ക്ക് ലക്ഷണങ്ങൾ കണ്ടാൽ എനിക്കറിയാൻ സാധിക്കും ചിലതെല്ലാം നാം കാണുന്നത് പോലെയല്ല എന്ന് എന്റെ ഉള്ളം പറയുന്നു

 

“വിശദീകരിക്കാമോ?” അദ്ദേഹം ചോദിച്ചു.

 

“ജെനവീവും അവളുടെ സഹോദരിയും നാം പുറമേ കാണുന്നതിലും ഏറെ കാര്യങ്ങളുണ്ട് ആ വിഷയത്തിൽ വളരെയേറെ മൺറോ നമ്മളോട് പറയുന്നതിനൊന്നും സത്യവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്

 

ക്രെയ്ഗിന് അവരെ വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും ഒരു ആളൽ ഉയർന്നു. “ജെനവീവ്” ഉദ്വേഗത്തോടെ മന്ത്രിക്കവെ അദ്ദേഹം അവരുടെ ചുമലിലെ പിടി മുറുകി.

 

“ക്രെയ്ഗ് അവളെയോർത്ത് എനിക്ക് ശരിയ്ക്കും ഭയമുണ്ട്

 

“പേടിക്കേണ്ട സത്യാവസ്ഥ ഞാൻ കണ്ടുപിടിക്കും” അദ്ദേഹം പുഞ്ചിരിച്ചു. “മാർട്ടിൻ ഹെയറിനെ നമുക്ക് വിശ്വസിക്കാം അദ്ദേഹം തിരികെയെത്തുമ്പോൾ ഇക്കാര്യം സംസാരിക്കണം. ലണ്ടനിൽ എത്തിയ ഉടൻ ഈ വിഷയത്തിൽ ഞാൻ ഒരു രഹസ്യാന്വേഷണത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹത്തോട് പറയണം” അദ്ദേഹം അവരുടെ കവിളിൽ ഒരു മുത്തം നൽകി. “എന്നെ വിശ്വസിക്കൂ ഞാൻ വിഡ്ഢിയാക്കപ്പെടുകയാണ് എന്ന് ബോദ്ധ്യമായാൽ പിന്നെ എന്റെ സ്വഭാവം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ

 

                                                   ***

 

ടേക്ക് ഓഫ് ചെയ്യുമ്പോൾ മൺറോയുടെ അരികിലെ സീറ്റിലായിരുന്നു ക്രെയ്ഗ് ഇരുന്നിരുന്നത്. ബ്രീഫ്കെയ്സിനുള്ളിൽ നിന്നും എടുത്ത ചില പേപ്പറുകൾ വായിച്ചു നോക്കുകയാണ് അദ്ദേഹം. ഈ സമയത്ത് നേരിട്ടൊരു ആക്രമണം എന്തായാലും ശരിയല്ല എന്ന് ക്രെയ്ഗിന് തോന്നി.

 

“ഇതിനോടകം അവൾ തന്റെ ജോലിയിൽ പ്രവേശിച്ചു കാണണം” ക്രെയ്ഗ് പറഞ്ഞു.

 

“ആര്?” മൺറോ തലയുയർത്തി. “എന്തിനെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്?”

 

“ജെനവീവ് അവൾ ഇപ്പോൾ അവിടെ എത്തിക്കാണണം വോൺകോർട്ട് കൊട്ടാരത്തിൽ

 

“ഓ, അതോ” മൺറോ തല കുലുക്കി. “അത് എങ്ങനെ പോകുന്നുവെന്ന് കണ്ടറിയണം ഈ വിഷയത്തിൽ അവൾക്ക് ഒട്ടും പ്രവൃത്തിപരിചയം ഇല്ലെന്ന കാര്യം ഓർമ്മ വേണം

 

“അക്കാര്യം ഇതിന് മുമ്പ് താങ്കളെ അലട്ടിയിരുന്നില്ലല്ലോ” ക്രെയ്ഗ് പറഞ്ഞു.

 

“യെസ് അവളെ നിരുത്സാഹപ്പെടുത്തുവാൻ ആഗ്രഹമില്ലായിരുന്നു എനിക്ക് ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇത്രയേയുള്ളൂ ഈ വിഷയത്തിൽ നാം അവളിൽ നിന്ന് ഏറെയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല നമ്മൾ അയച്ച വനിതാ ഏജന്റുമാരിൽ മൂന്നിൽ രണ്ട് ഭാഗം പേരുടെയും അന്ത്യം വളരെ മോശമായിരുന്നു

 

നിർവ്വികാരതയോടെ മൺറോ വീണ്ടും തന്റെ പേപ്പറുകളിലേക്ക് തല താഴ്ത്തി. അതേക്കുറിച്ച് ചിന്തിച്ചു കൊണ്ട് ക്രെയ്ഗ് അല്പനേരം ഇരുന്നു. അതെ, ജൂലി പറഞ്ഞത് ശരിയായിരുന്നു താൻ അറിയാത്ത പലതുമുണ്ട് ഇതുവരെ നടന്ന കാര്യങ്ങൾ ഓരോന്നായി അദ്ദേഹം ഓർത്തു നോക്കി. സകല ഘടകങ്ങളെയും ഉൾപ്പെടുത്തി അവയെ ഇഴകീറി തിരിച്ചും മറിച്ചും വിശകലനം ചെയ്തു. തീർച്ചയായും ആൻ മേരി തന്നെയാണ് എല്ലാത്തിന്റെയും കേന്ദ്രബിന്ദു. അവൾക്ക് ആ ദുരന്തം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും മൺറോയ്ക്ക് അവളെ നേരിൽ കാണേണ്ട ആവശ്യമേ ഉണ്ടാവില്ലായിരുന്നു. ഹോസ്പിറ്റലിൽ വച്ച് ഏറ്റവുമൊടുവിൽ അവളെ കണ്ട ആ രംഗം ഓർത്തതും ക്രെയ്ഗ് നടുങ്ങി. ഹാംപ്‌സ്റ്റഡിലെ ആ സെല്ലിൽ അക്രമാസക്തയായി തറയിൽ കൂനിപ്പിടിച്ചിരിക്കുന്ന ആൻ മേരി. അവൾക്ക് ചികിത്സയും സാന്ത്വനവും നൽകേണ്ട ഡോക്ടർ ബാം പോലും അവൾക്കരികിലേക്ക് പോകാൻ ധൈര്യപ്പെടുന്നില്ല.

 

അദ്ദേഹം തന്റെ സീറ്റിൽ ഒന്ന് നിവർന്നിരുന്നു. തികച്ചും വിചിത്രമായിരിക്കുന്നു അത്. എന്തോ ഒരു അസ്വഭാവികതയില്ലേ അതിൽ? സ്വന്തം രോഗിയുടെ അരികിൽ പോകാൻ ഒരു ഡോക്ടർ ഭയപ്പെടുന്നു എന്ന് വച്ചാൽ? എന്തായിരിക്കും കാരണം? അത് കണ്ടെത്തേണ്ടിയിരിക്കുന്നു.

 

ക്രോയ്ഡണിൽ ലാൻഡ് ചെയ്ത്, പുറത്ത് കാത്തു കിടക്കുന്ന ലിമോസിനരികിലേക്ക് നടക്കവെ അദ്ദേഹം മൺറോയോട് ചോദിച്ചു. “സർ, ഇന്നിനി എന്റെ ആവശ്യമുണ്ടോ?”

 

“നോ, ഡിയർ ബോയ് എൻജോയ് യുവേഴ്സെൽഫ് പോയി ആഘോഷിക്കൂ

 

“തീർച്ചയായും സർ പറ്റുമെങ്കിൽ സാവോയ് ഹോട്ടലിൽ ഒന്ന് പോകണം” കാറിന്റെ ഡോർ തുറന്നു കൊടുത്തുകൊണ്ട് ക്രെയ്ഗ് പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Sunday, July 6, 2025

കോൾഡ് ഹാർബർ - 46

അദ്ധ്യായം – പതിനൊന്ന്

 

മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയായിരുന്നു ജെനവീവിന് അവളുടെ ആന്റിയുടെ സ്വീകരണ മുറിയിൽ പ്രവേശിച്ചപ്പോൾ. ഏതോ പ്രസിദ്ധ ചൈനീസ് ചിത്രകാരൻ വരച്ച മ്യൂറൽ പെയ്ന്റിങ്ങായിരുന്നു ഒരു ചുവരിൽ നിറയെ. ഇലകളാൽ സമൃദ്ധമായ മരങ്ങളും അവൾക്ക് അത്ര പരിചിതമല്ലാത്ത ക്ഷേത്രങ്ങളും ഉൾപ്പെടെ വിശദാംശങ്ങളാൽ ആ ചിത്രം മനോഹരമായിരിക്കുന്നു. സീലിങ്ങ് തൊട്ട് തറ വരെ അലങ്കരിക്കുന്ന കടുംനീല നിറമുള്ള സിൽക്ക് കർട്ടനുകൾ. ജാലകത്തിനരികിലെ സോഫയിൽ മുട്ടുകുത്തി നിന്നുകൊണ്ട് അവൾ താഴെ ഗാർഡനിലേക്ക് നോക്കി.

 

കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ വേനൽ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഇളംചൂടുള്ള കാലാവസ്ഥയായിരുന്നു അന്ന്. പൂന്തോട്ടത്തിലെ വീനസ് പ്രതിമയിലേക്ക് റോസാച്ചെടിയുടെ വള്ളികൾ പടർന്നു കയറിക്കിടന്നിരുന്നു അന്ന്. എന്നാൽ ഇപ്പോൾ അവിടെ പൂക്കൾ ഒന്നും തന്നെയില്ല. എങ്കിലും കല്ലിൽ തീർത്ത വലിയ ജലധാരയും പുൽത്തകിടിയ്ക്ക് നടുവിലെ ഡോൾഫിന് മുകളിൽ ഇരിക്കുന്ന ബാലന്റെ പ്രതിമയും പോലുള്ള പ്രധാനപ്പെട്ട വസ്തുക്കളെല്ലാം ഇപ്പോഴും അവിടെത്തന്നെയുണ്ട്.

 

വലതുഭാഗത്തുള്ള ഉയർന്ന മതിലിനരികിലെ ബെഞ്ചിൽ ഇരിക്കുന്ന ജനറൽ സീംകായെ അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്.  ഫോട്ടോയിൽ കണ്ടതിനെക്കാൾ നരച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ തലമുടി. ദൂരക്കാഴ്ച്ചയിലാണെങ്കിലും ആ മുഖം വളരെ ആകർഷകമായി അവൾക്ക് തോന്നി. ഈ പ്രായത്തിലും യുവത്വം സ്ഫുരിക്കുന്ന മുഖം. രോമത്തിന്റെ കോളർ ഉള്ള നീളമുള്ള ഒരു ഓവർകോട്ട് മടക്കി ചുമലിൽ അലക്ഷ്യമായി ഇട്ടിട്ടുണ്ട് അദ്ദേഹം. ചുണ്ടിൽ വച്ചിട്ടുള്ള പൈപ്പിൽ നിന്നും പുകയെടുത്തുകൊണ്ടിരിക്കുന്ന അദ്ദേഹം ഗാഢമായ ചിന്തയിലാണെന്ന് തോന്നുന്നു. എങ്കിലും തന്റെ സുഖമില്ലാത്ത കാൽ ഇടയ്ക്കിടെ തടവി അതിന്റെ സ്പർശനശക്തി വീണ്ടെടുക്കുവാൻ ശ്രമിക്കുന്നുണ്ട്.

 

“എന്തു വേണം?”

 

ശബ്ദം കേട്ട് ജെനവീവ് തിരിഞ്ഞു. കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടതിൽ നിന്നും ഒരു മാറ്റവുമില്ല അവർക്ക്. “ഷോണ്ടെലാ, നിങ്ങളെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ

 

വിരൂപയായ അവരുടെ മുഖത്തെ നീരസത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. “എന്തു വേണം?” അവർ ചോദ്യം ആവർത്തിച്ചു.

 

“ഞാൻ എന്റെ ആന്റിയെ കാണാൻ വന്നതാണ് എന്തെങ്കിലും വിരോധമുണ്ടോ?”

 

“അവർ വിശ്രമിക്കുകയാണ് ഇപ്പോൾ അവരെ ശല്യപ്പെടുത്തുവാൻ ഞാൻ സമ്മതിക്കില്ല

 

കോടാലിമുഖി എന്നാണ് രഹസ്യമായി എല്ലാവരും അവരെ വിളിച്ചിരുന്നത്. ആരോടും ഒട്ടും അടുപ്പമില്ലാത്ത അവരുടെ സ്വഭാവത്തിന് എന്തെങ്കിലും മാറ്റം വരുത്തുവാൻ ആർക്കും സാധിച്ചിരുന്നുമില്ല.

 

“ഷോണ്ടെലാ, ഒരു വട്ടമെങ്കിലും ഞാൻ പറയുന്നതൊന്ന് കേൾക്കൂ എന്നെ കാണാൻ സൗകര്യമുണ്ടോയെന്ന് ഹോർടെൻസ് ആന്റിയോട് ഒന്ന് ചോദിച്ചു നോക്കൂ നിങ്ങൾക്ക് ചോദിക്കാൻ വയ്യെങ്കിൽ വേണ്ട, ഞാനെന്തായാലും ഉള്ളിൽ പോകുക തന്നെ ചെയ്യും” ശാന്തസ്വരത്തിൽ ജെനവീവ് പറഞ്ഞു.

 

“എന്റെ ശവത്തിൽ ചവിട്ടിയേ നിങ്ങൾക്ക് പോകാനാവൂ

 

“അതിന് അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല” പെട്ടെന്നാണ് ജെനവീവിന്റെ നിയന്ത്രണം വിട്ടത്. ആൻ മേരി അവളിൽ ആവേശിച്ചത് പോലെ. “ഷോണ്ടെലാ, ദൈവത്തെയോർത്തെങ്കിലും ഇത്രയും വെറുപ്പിക്കുന്നവളാകരുത്

 

അവരുടെ കണ്ണുകളിൽ രോഷം ഉരുണ്ടുകൂടി. തികഞ്ഞ ദൈവവിശ്വാസിയായ തന്നെ ദൈവത്തിന്റെ പേരിൽ പരിഹസിച്ചത് അവർക്ക് സഹിക്കാനായില്ല. “മരണശേഷം എങ്ങോട്ടാണ് നിങ്ങൾ പോകുക എന്നറിയാമല്ലോ?”

 

“എന്തായാലും അവിടെ നിങ്ങൾ ഉണ്ടാവില്ല എന്നത് വലിയ ആശ്വാസം തന്നെയായിരിക്കും

 

പ്രഭ്വിയുടെ മുറിയുടെ വാതിൽ അല്പം തുറന്നാണ് കിടന്നിരുന്നത്. ജെനവീവ് അങ്ങോട്ട് തിരിഞ്ഞു. വർഷങ്ങൾക്ക് ശേഷമാണെങ്കിലും ആ പരിചിത സ്വരം കേട്ട് അവളുടെ വായ വരണ്ടു. ഹൃദയമിടിപ്പ് വർദ്ധിച്ചു.

 

“എന്നെ കാണണമെന്ന് ശാഠ്യം പിടിക്കുന്നുവെങ്കിൽ എന്തെങ്കിലും അത്യാവശ്യമുണ്ടായിരിക്കും അവൾ വന്നോട്ടെ

 

ഷോണ്ടെലാ വാതിൽ തുറന്നു കൊടുത്തു. തന്റെ കട്ടിലിൽ ഉയർത്തി വച്ച തലയിണയിൽ ചാരി പത്രം വായിച്ചുകൊണ്ടിരിക്കുന്ന ഹോർടെൻസ് ആന്റിയെ അവൾ കണ്ടു. ഷോണ്ടെലയെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് മുറിയ്ക്കുള്ളിലേക്ക് കയറവെ അവൾ പറഞ്ഞു. “നന്ദി, പ്രീയപ്പെട്ട ഷോണ്ടെലാ

 

എന്നാൽ മുറിയ്ക്കുള്ളിൽ എത്തിയതും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി അവൾ. “എങ്ങനെ തുടങ്ങും ഞാൻ?” അവൾ ചിന്തിച്ചു. “ആൻ മേരിയാണെങ്കിൽ എന്തായിരിക്കും ഇപ്പോൾ സംസാരിക്കുക?” ഒരു ദീർഘശ്വാസമെടുത്തിട്ട് അവൾ മുന്നോട്ട് ചെന്നു. “ആന്റി എന്തിനാണവരെ ഇവിടെ വച്ചു പൊറുപ്പിക്കുന്നത്?” നെരിപ്പോടിനരികിലെ കസേരയിൽ ഇരുന്നു കൊണ്ട് അവൾ ചോദിച്ചു.

 

ഇങ്ങോട്ട് പോരുമ്പോൾ ആന്റിയെ കാണാമല്ലോ എന്ന ആവേശത്തിലായിരുന്നു അവൾ. ഇത് ഞാനാണ്, ജെനവീവ് ആന്റിയെ കാണാൻ വർഷങ്ങൾക്ക് ശേഷം എത്തിയിരിക്കുകയാണ് എന്നൊക്കെ പറയണമെന്ന് വിചാരിച്ചാണ് വന്നത് തന്നെ എന്നാൽ ഇപ്പോൾ………….

 

“എന്ന് മുതലാണ് നിനക്ക് എന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധയൊക്കെ വന്നത്?” ന്യൂസ് പേപ്പറിന്റെ പിന്നിൽ നിന്നും അവരുടെ സ്വരം ഉയർന്നു. അവർ പത്രം താഴ്ത്തിയതും ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് ജെനവീവിന് ഉണ്ടായത്. തന്റെ പ്രീയപ്പെട്ട ആന്റിയുടെ രൂപം അവിശ്വസനീയമാം വിധം മാറിപ്പോയിരിക്കുന്നു. കഴിഞ്ഞ തവണ കണ്ടതിലും വളരെയേറെ പ്രായം തോന്നിക്കുന്നു.

 

“ഒരു സിഗരറ്റ് തരൂ” അവർ വിരൽ ഞൊടിച്ചു.

 

ഹാൻഡ്ബാഗ് തുറന്ന് ജെനവീവ് സിൽവർ നിറമുള്ള സിഗരറ്റ് പാക്കറ്റും ലൈറ്ററും പുറത്തെടുത്ത് ബെഡ്ഡിലേക്ക് എറിഞ്ഞു കൊടുത്തു. “ഇത് പുതിയ ഇനമാണല്ലോ” ഹോർടെൻസ് പ്രഭ്വി സിഗരറ്റ് പാക്കറ്റ് തുറന്നു. “നല്ല ഭംഗിയുണ്ട് ഇതിന്

 

അവർ സിഗരറ്റിന് തീ കൊളുത്തി. ജെനവീവ് സിഗരറ്റ് പാക്കറ്റ് എടുത്ത് തിരികെ ബാഗിനുള്ളിൽ വച്ചു. പിന്നെ ലൈറ്ററിനായി കൈ നീട്ടിയപ്പോൾ അവളുടെ സിൽക്ക് ബ്ലൗസിന്റെ സ്ലീവ് അല്പം മുകളിലേക്ക് നീങ്ങി കൈത്തണ്ട അനാവൃതമായി. ഹോർടെൻസ് പ്രഭ്വിയുടെ മിഴികൾ സംശയത്തോടെ ആ കൈത്തണ്ടയിൽ ഒരു നിമിഷം ഉടക്കി നിന്നു. പിന്നെ ലൈറ്റർ അവൾക്ക് കൈമാറി.

 

“പാരീസ് തീർത്തും വിരസമായിരുന്നു” ജെനവീവ് പറഞ്ഞു.

 

“അക്കാര്യത്തിൽ യാതൊരു സംശയവുമില്ല എനിയ്ക്ക്” അവർ ദീർഘമായി ഒരു പുകയെടുത്തു. “ഞാൻ പുക വലിയ്ക്കാൻ പാടില്ലെന്നാണ് ഷോണ്ടെല പറയുന്നത് ഒരു പാക്കറ്റ് സിഗരറ്റ് തരാൻ പറഞ്ഞാൽ സൗകര്യപൂർവ്വം അവൾ മറന്നു പോകുന്നു

 

“എങ്കിൽ പിന്നെ അവളെ പറഞ്ഞു വിട്ടു കൂടേ?”

 

ഹോർടെൻസ് അത് കേട്ടതായി നടിച്ചില്ല. അവർ ഒന്ന് ഇളകി ഇരുന്നു. കഴിഞ്ഞ തവണ ജെനവീവ് അവരെ കണ്ടപ്പോൾ പ്രായമുണ്ടെങ്കിലും ഒരു നാല്പത് വയസ്സിൽ കൂടുതൽ തോന്നിച്ചിരുന്നതേയില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. നാലു വർഷം കൊണ്ട് വളരെയധികം മാറിപ്പോയിരിക്കുന്നു.

 

“ആട്ടെ, എന്തെങ്കിലും വേണോ നിനക്കിപ്പോൾ?” ഹോർടെൻസ് ചോദിച്ചു.

 

“എന്തെങ്കിലും വേണമെങ്കിലേ എനിയ്ക്കിവിടെ വരാൻ പാടുള്ളൂ എന്നുണ്ടോ?”

 

“അങ്ങനെയാണല്ലോ പതിവ്  ഒരു പുക കൂടി എടുത്തിട്ട് അവർ സിഗരറ്റ് ജെനവീവിന് കൊടുത്തു. “ബാക്കി നീ വലിച്ച് തീർത്തോളൂ ഷോണ്ടെലയ്ക്ക് സമാധാനമായിക്കോട്ടെ

 

“അവർ അത് വിശ്വസിക്കുകയൊന്നുമില്ല വല്ലാത്തൊരു സാധനം തന്നെയാണവർ

 

“ആഹ്, എന്തെങ്കിലും ആവട്ടെ” ഹോർടെൻസ് ചുമൽ വെട്ടിച്ചു. “വേറെ നേരമ്പോക്കൊന്നും ഇല്ലല്ലോ ഇവിടെ

 

“ജനറൽ സീംകാ എന്ത് പറയുന്നു?”

 

“അദ്ദേഹം ആൾ കുഴപ്പമില്ല ചുരുങ്ങിയത് ഒരു മാന്യൻ ആണെന്നെങ്കിലും പറയാം മറ്റുള്ളവരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് ഉദാഹരണത്തിന് ആ റൈലിംഗെർ യാതൊരു വെളിവും വിവരവും ഇല്ലാത്തവൻ

 

“ആ മാക്സ് പ്രീം ആൾ എങ്ങനെയുണ്ട്?”

 

“അയാളല്ലേ കാറിൽ നിന്നും നിന്റെ പെട്ടികൾ എടുത്തു കൊണ്ടു വന്നത്? അയാൾക്ക് നിന്നെ ഇഷ്ടമാണെന്ന് തോന്നുന്നു?”

 

“അത് എനിക്കെങ്ങനെ അറിയാം? നിങ്ങളറിയാതെ ഒരില പോലും ഇവിടെ അനങ്ങില്ലല്ലോ

 

തലയിണയിലേക്ക് ചാരിയിരുന്നുകൊണ്ട് അവർ ജെനവീവിനെ ഉറ്റുനോക്കി. “ഒരു കാര്യം എനിക്ക് മനസ്സിലായി ഔദ്യോഗിക കാര്യങ്ങളിൽ വളരെ കർക്കശക്കാരനാണയാൾ

 

“തീർച്ചയായും

 

“അയാളെ വിഡ്ഢിയാക്കാൻ എളുപ്പമല്ലെന്ന് കൂട്ടിക്കോളൂ നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അല്പം ദൂരം പാലിച്ച് നിന്നേനെ

 

“ഇത് എന്നോടുള്ള ഉപദേശമോ അതോ ആജ്ഞയോ?”

 

“ഒരിക്കലും പറഞ്ഞാൽ അനുസരിക്കുന്നവളല്ലല്ലോ നീ” അവർ പറഞ്ഞു. “നീ ഒരു അപകടത്തിൽ ചെന്ന് ചാടുന്നത് കാണാൻ എനിക്ക് താല്പര്യമില്ല ഇത്തരം വിഷയത്തിൽ എന്റെ ധാരണകൾ ഒരിക്കലും തെറ്റാറില്ല

 

ജെനവീവ് ആകെപ്പാടെ ധർമ്മസങ്കടത്തിലായി. ഈ കൊട്ടാരത്തിൽ നടക്കുന്ന സകല കാര്യവും അറിയുന്ന ഒരേയൊരു വ്യക്തിയെന്ന നിലയിൽ തനിയ്ക്ക് വേണ്ട ഏത് വിവരവും ഹോർടെൻസ് ആന്റിയിൽ നിന്ന് ലഭിക്കാവുന്നതേയുള്ളൂ. പക്ഷേ, തന്റെ ദൗത്യത്തിൽ അവരെ ഭാഗഭാക്കാക്കാനോ താൻ ജെനവീവ് ആണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്താനോ അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല. അതൊന്നും അറിയാതിരിക്കുന്നതായിരിക്കും ആന്റിയുടെ സുരക്ഷയ്ക്ക് നല്ലത്.

 

 എങ്കിലും അവൾ ചോദിച്ചു. “ഞാനിപ്പോൾ എന്തിനാണ് വന്നതെന്ന് പറയട്ടെ?”

 

“മിക്കവാറും നുണയായിരിക്കും നീ പറയാൻ പോകുന്നത്

 

“എന്നോട് കലശലായ പ്രേമത്തിലുള്ള ഒരു സ്വിസ് ബാങ്കറിന്റെ കാര്യം പറഞ്ഞിരുന്നില്ലേ?”

 

“ആൻ മേരീ, അവസാനം നീ ശരിയ്ക്കും പ്രേമത്തിൽ കുടുങ്ങിയെന്നോ?”

 

“ഞാൻ പറയുന്ന ഒരു വാക്ക് പോലും നിങ്ങൾ വിശ്വസിക്കില്ല അല്ലേ ആന്റീ?”

 

“അതല്ലേ നല്ലത്? അത് പോട്ടെ, നീ ഇപ്പോൾ വന്നത് എന്തിനാണെന്ന് പറയൂ ങ്ഹാ, നിന്റെ ആ സിഗരറ്റ് ഒരെണ്ണം കൂടി ഇങ്ങ് തരൂ” അവൾക്ക് തടയാൻ കഴിയുന്നതിന് മുമ്പ് തന്നെ അവർ തുറന്നു കിടന്നിരുന്ന അവളുടെ ഹാൻഡ്ബാഗിനുള്ളിൽ കൈ കടത്തി തിരഞ്ഞു. ഒരു നിമിഷം സംശയിച്ച് നിന്ന അവർ അതിനുള്ളിൽ നിന്നും ആ വാൾട്ടർ പിസ്റ്റൾ പുറത്തെടുത്തു.

 

“ശ്രദ്ധിച്ച്” ജെനവീവ് അത് വാങ്ങുവാനായി കൈ നീട്ടിയപ്പോൾ അവളുടെ ബ്ലൗസിന്റെ സ്ലീവ് വീണ്ടും മുകളിലേക്ക് നീങ്ങി.

 

പിസ്റ്റൾ ബെഡ്ഡിൽ ഇട്ടിട്ട് ഹോർടെൻസ് അവളുടെ വലതു കൈത്തണ്ടയിൽ പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു. ശക്തിയോടെയുള്ള ആ വലിയിൽ മുന്നോട്ടാഞ്ഞ ജെനവീവ് ഹോർടെൻസിന്റെ മടിയിൽ വന്ന് വീണു.

 

“നിനക്ക് ഏതാണ്ട് എട്ടു വയസ്സുള്ളപ്പോൾ ഒരു ദിവസം ഗാർഡനിലെ ആ ഫൗണ്ടനിലേക്കിറങ്ങി അവിടെയുള്ള വെങ്കല പ്രതിമയുടെ വായിൽ നിന്നും ഒഴുകി വരുന്ന വെള്ളം കുടിക്കാനായിരുന്നു എന്നാണ് നീ പറഞ്ഞത്” ജെനവീവ് നിഷേധാർത്ഥത്തിൽ തലയാട്ടി. ഹോർടെൻസ് അവളുടെ കൈയിലെ പിടി മുറുക്കി. “ആ പ്രതിമയുടെ ഒരു വിരൽ ഒടിഞ്ഞിരിക്കുകയായിരുന്നു നിന്റെ കാൽ തെന്നി വീഴാൻ പോയപ്പോൾ ആ വിരലിലുടക്കി നിന്റെ കൈയിൽ വലിയ മുറിവേറ്റു പിന്നീട് ഡോക്ടർ മരിയാസ് വന്ന് ഈ മുറിയിൽ വച്ച് നിന്റെ കൈ ഡ്രെസ്സ് ചെയ്യുമ്പോൾ വേദന കൊണ്ട് നീ എന്നെ വരിഞ്ഞു മുറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു എത്ര സ്റ്റിച്ചുണ്ടായിരുന്നു അന്ന്? അഞ്ച്?”

 

“അല്ല!” അവൾ ശക്തിയായി തലയാട്ടി. “നിങ്ങൾക്ക് തെറ്റു പറ്റി അത് ജെനവീവ് ആയിരുന്നു

 

“അതെ, ശരിയാണ്” ഹോർടെൻസ് അവളുടെ വലതു കൈത്തണ്ടയിൽ തെളിഞ്ഞു കാണുന്ന നേരിയ മുറിപ്പാടിലൂടെ തന്റെ വിരലോടിച്ചു. “നീ വരുന്നത് ഞാൻ കണ്ടിരുന്നു ഷെറീ” അവർ പറഞ്ഞു. “എന്റെ ജാലകവാതിലിലൂടെ” അവർ അവളുടെ കൈയിലെ പിടി അയച്ചു. എന്നിട്ട് അവളുടെ മുടിയിൽ തലോടി. “കാറിൽ നിന്നും നീ പുറത്തിറങ്ങിയ ആ നിമിഷം അതെ, ആ നിമിഷം തന്നെ നിന്നെ എനിക്ക് മനസ്സിലായിരുന്നു നീ എന്താണ് വിചാരിച്ചത്? നിന്നെ തിരിച്ചറിയാൻ എനിക്കാവില്ലെന്നോ?”

 

ജെനവീവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവരെ വട്ടം ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്തു. ഹോർടെൻസ് അവളുടെ നെറ്റിത്തടത്തിൽ മൃദുവായി ചുംബിച്ചു. ഒരു നിമിഷം അവളെ ചേർത്തു പിടിച്ചിട്ട് അവർ പതുക്കെ പറഞ്ഞു. “ഇനി പറയൂ ഷെറീ, സത്യാവസ്ഥ എന്താണെന്ന്

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...