“ലൈബ്രറിയിൽ വച്ചാണ് കോൺഫറൻസുകൾ
അധികവും നടക്കാറുള്ളത്…” ഹോർടെൻസ് പ്രഭ്വി പറഞ്ഞു. “ബാക്കിയുള്ള സമയമെല്ലാം
മാക്സ് പ്രീം അയാളുടെ മെയിൻ ഓഫീസിൽ തന്നെയായിരിക്കും ചെലവഴിക്കുക… ഉറങ്ങാനായി ഒരു ക്യാമ്പ് ബെഡ് പോലുമുണ്ട് അയാൾക്കവിടെ… പിന്നെ, റൈലിംഗെറിന്റെ ഓഫീസിന് തൊട്ടടുത്ത് ചെറിയൊരു ഓഫീസ് കൂടിയുണ്ട്
അയാൾക്ക്… അത് നിത്യജോലിയ്ക്കായി മാത്രം…”
“ജോലിയോട് ഇത്രയും ആത്മാർത്ഥതയോ…!” ജെനവീവ് അത്ഭുതപ്പെട്ടു. “ഓഫീസിൽ തന്നെ ഉറക്കം എന്നൊക്കെ പറഞ്ഞാൽ…”
“പ്രധാനപ്പെട്ട രേഖകൾ
എല്ലാം തന്നെ ലൈബ്രറിയിലെ സേഫിനുള്ളിൽ ആയിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക…”
“എലിസബത്ത് പ്രഭ്വിയുടെ
ഛായാചിത്രത്തിന് പിറകിലുള്ളതല്ലേ…?”
“ആഹാ, നിനക്ക് നല്ല ഓർമ്മയാണല്ലോ…”
“രേഖകളെല്ലാം ആ സേഫിനുള്ളിൽത്തന്നെയായിരിക്കും
എന്നതിന് എന്താണ് ഉറപ്പ്…?”
“അതിനൊക്കെ വഴിയുണ്ട്
ഷെറീ… എന്റെ ജീവിതത്തിലേക്ക് വന്ന പുരുഷന്മാരൊക്കെ എന്റെ
വരുതിയിൽത്തന്നെയായിരുന്നു… ജനറൽ കാൾ സീംകായും അതിൽ നിന്ന് വിഭിന്നമല്ല… സകല രഹസ്യങ്ങളും അദ്ദേഹം എന്നോട് വെളിപ്പെടുത്താറുണ്ട്… അക്കാര്യത്തിൽ ഞാൻ ഉറപ്പു തരുന്നു… അദ്ദേഹം
ഒരു നാസിയല്ല കുട്ടീ… ദൈവം കാക്കട്ടെ അദ്ദേഹത്തെ… നാസി ആശയങ്ങളോട് അദ്ദേഹത്തിന് പലപ്പോഴും വിയോജിപ്പാണുള്ളത്… അത് രോഷമായി മാറുമ്പോൾ വാക്കുകളായി വെളിയിൽ വരും… അനുഭവിക്കുന്ന സമ്മർദ്ദത്തിൽ നിന്നും ഒരു വിടുതൽ…”
“മറ്റന്നാൾ ഫീൽഡ് മാർഷൽ
ഇർവിൻ റോമൽ ഇവിടെയെത്തുന്ന കാര്യം ആന്റിക്കറിയാമോ…?”
“തീർച്ചയായും… അവരുടെ കോസ്റ്റൽ ഡിഫൻസ് സിസ്റ്റത്തെക്കുറിച്ച് ചർച്ച ചെയ്യുവാൻ…”
“അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ച്…?”
“അതെ… അതിന്റെ രഹസ്യങ്ങൾ ചോർത്താൻ വേണ്ടിയാണ് നീ എത്തിയിരിക്കുന്നത് അല്ലേ…?”
“അതെ… ലഭ്യമായ വിവരങ്ങൾ എന്തു തന്നെയായാലും…”
“എന്ന് വച്ചാൽ ആ സേഫ്
തുറക്കണം എന്ന്… അത്തരം രേഖകളെല്ലാം അതിനുള്ളിൽത്തന്നെ ആയിരിക്കും
ഉണ്ടാവുക…”
“ആരുടെയടുത്തായിരിക്കും
അതിന്റെ താക്കോൽ…? ജനറലിന്റെ കൈവശം…?”
“അല്ല… കേണൽ പ്രീമിന്റെ കൈയിൽ… വയ്യാത്ത കാലുകൊണ്ട് അതിനകത്തേക്ക് കയറാനൊക്കെ
ബുദ്ധിമുട്ടാണെന്ന് കാൾ എപ്പോഴും പരാതി പറയുമായിരുന്നു… ആദ്യമായി അവർ ഇവിടെയെത്തിയപ്പോൾ നിർബന്ധപൂർവ്വം ആ സേഫിന്റെ താക്കോൽ
എന്നിൽ നിന്നും വാങ്ങുകയായിരുന്നു…”
“ആന്റിയുടെ കൈയിൽ ഒരു
സ്പെയർ കീ ഉണ്ടായിരിക്കണമല്ലോ…?” ജെനവീവ് ചോദിച്ചു.
ഹോർടെൻസ് തല കുലുക്കി.
“അവർ അതും ചോദിച്ചു വാങ്ങിയിരുന്നു… കാഞ്ഞ വിത്തുകളാണ് അവർ…” അവർ തന്റെ കട്ടിലിനരികിലെ ക്യാബിനറ്റിനുള്ളിൽ നിന്നും ഒരു ചെറിയ പെട്ടി
എടുത്ത് അതിന്റെ മൂടി തുറന്നു. അതിനുള്ളിലെ ആഭരണങ്ങൾക്കിടയിൽ പരതിയിട്ട് ഒരു താക്കോൽ
പുറത്തെടുത്തു. “പക്ഷേ, ഇത് ഞാൻ അവർക്ക് കൊടുത്തില്ല… സ്പെയർ കീയുടെ ഡ്യുപ്ലിക്കേറ്റ് എന്ന് പറയാം…”
“അതിശയകരം…” ജെനവീവ് പറഞ്ഞു.
“പക്ഷേ, ഒരു പ്രശ്നമുണ്ട്… അത്തരം പേപ്പറുകളിൽ ഏതെങ്കിലുമൊന്ന് അവിടെ നിന്നും കാണാതായാൽ തീർച്ചയായും
അവരത് ശ്രദ്ധിക്കുക തന്നെ ചെയ്യും…”
“എന്റെ കൈയിൽ ഒരു ക്യാമറയുണ്ട്…” ജെനവീവ് തന്റെ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് എടുത്ത് അതിന്റെ പിൻഭാഗത്ത്
പതുക്കെ തട്ടി. അതിൽ നിന്നും ഫ്ലാപ്പ് പുറത്തിറങ്ങി. “ഇതു കണ്ടോ…?”
“കൊള്ളാമല്ലോ…” ഹോർടെൻസ് തലകുലുക്കി. “മദ്ധ്യാഹ്നത്തിന് ശേഷമായിരിക്കും കോൺഫറൻസ്
ആരംഭിക്കുക… അതു കഴിഞ്ഞ് വൈകിട്ട് റിസപ്ഷനും നൃത്ത പരിപാടികളും
ഒക്കെയുണ്ടാവും… അതിന് ശേഷം രാത്രി തന്നെ റോമൽ പാരീസിലേക്ക് മടങ്ങും… എന്നു വച്ചാൽ, സേഫിനുള്ളിലെ രേഖകൾ നിനക്ക് പരിശോധിക്കണമെങ്കിൽ അത്
നൃത്തപരിപാടി നടക്കുന്ന സമയത്ത് ആയിരിക്കണമെന്നർത്ഥം…”
“പക്ഷേ, എങ്ങനെ…?”
“ഞാനൊന്ന് ആലോചിക്കട്ടെ
ഷെറീ… നീ വിഷമിക്കണ്ട…” ഹോർടെൻസ്
അവളുടെ കവിളിൽ പതുക്കെ തട്ടി. “തൽക്കാലം ഞാനൊന്ന് വിശ്രമിക്കട്ടെ…”
“തീർച്ചയായും…” അവർക്ക് ഒരു മുത്തം കൊടുത്തിട്ട് ജെനവീവ് വാതിലിന് നേർക്ക് നടന്നു. വാതിലിന്റെ പിടിയിൽ കൈ വച്ചതും
അവർ വിളിച്ചു. “ഒരു കാര്യം കൂടി…”
ജെനവീവ് തിരിഞ്ഞു. “എന്താണ്
ആന്റീ…?”
“വെൽക്കം ഹോം, മൈ ഡാർലിങ്ങ്… വെൽക്കം ഹോം…”
***
റൂമിൽ തിരിച്ചെത്തുമ്പോൾ
അതിയായ ക്ഷീണമുണ്ടായിരുന്നു അവൾക്ക്. തലയ്ക്കുള്ളിൽ വല്ലാത്ത വിങ്ങൽ. തലകറക്കം പോലെ
തോന്നിയതും കർട്ടനുകൾ വലിച്ചിട്ട് അവൾ കട്ടിലിൽ കയറി മലർന്ന് കിടന്നു. അപ്പോൾ മൺറോ
തന്നെ ശരിയ്ക്കും കെണിയിൽ പെടുത്തുകയായിരുന്നു… അദ്ദേഹത്തിന്റെ
പ്രവൃത്തികളിൽ നിന്നും തനിയ്ക്കത് മനസ്സിലാവേണ്ടതായിരുന്നു… പക്ഷേ, ക്രെയ്ഗ് ഓസ്ബോണും അതിന് കൂട്ടു നിന്നല്ലോ എന്നോർക്കുമ്പോൾ… എന്തായാലും ഒരു കാര്യത്തിൽ നന്ദിയുണ്ട്… തനിയ്ക്ക് തന്റെ പ്രീയപ്പെട്ട ഹോർടെൻസ് ആന്റിയുടെ അരികിലെത്താനായി…
തന്റെ ചുമലിൽ പതുക്കെ
കുലുക്കിയുണർത്തുന്ന മരീസയെയാണ് കണ്ണ് തുറന്ന ജെനവീവ് കണ്ടത്. “ഡിന്നറിന് പോകുന്നതിന്
മുമ്പ് കുളിക്കുന്നില്ലേ മോസെലാ…?”
“തീർച്ചയായും, താങ്ക്
യൂ…” അവൾ പറഞ്ഞു.
അവളുടെ സ്വരത്തിലെ സൗമ്യത
കണ്ട് മരീസ ചെറുതായൊന്ന് അമ്പരന്നു. താൻ ആൻ മേരിയുടെ റോളിലാണെന്ന കാര്യം മറന്നത് ജെനവീവ്
പെട്ടെന്ന് തന്നെ മനസ്സിലാക്കി.
“പിന്നെന്താണ് നോക്കി
നിൽക്കുന്നത്…? പോയി ബാത്ത് ടബ്ബിൽ വെള്ളം നിറയ്ക്കൂ…” കടുത്ത സ്വരത്തിൽ അവൾ ആജ്ഞാപിച്ചു.
“ശരി, മോസെലാ…” മരീസ ബാത്ത്റൂമിലേക്ക് പോയി. അടുത്ത നിമിഷം ടാപ്പിൽ നിന്നും വെള്ളം
വീഴുന്ന ശബ്ദം കേൾക്കാറായി. തിരികെയെത്തിയ അവളോട് ജെനവീവ് പറഞ്ഞു. “ഞാൻ കുളിക്കുന്ന
സമയം കൊണ്ട് നീ ആ സ്യൂട്ട്കെയ്സിലെ സാധനങ്ങളൊക്കെ എടുത്ത് അടുക്കി വയ്ക്കൂ…”
ബാത്ത്റൂമിൽ ചെന്ന അവൾ
തന്റെ വസ്ത്രങ്ങൾ അഴിച്ച് അലക്ഷ്യമായി തറയിൽ ഇട്ടു. അഞ്ച് വയസ്സ് മുതൽ തന്റെ സഹോദരിയുടെ
രീതി ഇങ്ങനെയാണ്. ഒട്ടും അടുക്കും ചിട്ടയുമില്ലാത്തവൾ. കുളിച്ചുകൊണ്ടിരിക്കവെ അവൾ മരീസയെക്കുറിച്ച്
ആലോചിക്കുകയായിരുന്നു. ആൻ മേരി ട്രെവോൺസിനെ നീരീക്ഷിക്കുവാൻ ജർമ്മൻകാർ അവളോട് പറഞ്ഞിട്ടുണ്ടാവുമോ…? കാണാൻ സുന്ദരിയാണവൾ. ബുദ്ധിമതിയും. ശാന്തസ്വഭാവമാണെങ്കിലും അവളുടെ
കണ്ണുകളിലെ വെറുപ്പ് ഇവിടെ വന്നു കയറിയപ്പോൾത്തന്നെ ജെനവീവ് ശ്രദ്ധിച്ചിരുന്നു.
ഇളം ചൂടുവെള്ളത്തിന്റെ
സുഖം ആസ്വദിച്ചുകൊണ്ട് അങ്ങനെ കിടക്കവെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. “ആറരയായി മോസെലാ… ഏഴു മണിക്കാണ് ഇന്ന് ഡിന്നർ…”
“അതിന് ഞാനെന്ത് വേണം…? വൈകിയെങ്കിൽ വൈകി, അത്ര തന്നെ… അവർ വെയ്റ്റ്
ചെയ്തോളും…”
കുറച്ചു നേരം റൂമിലിരുന്ന്
ക്ഷീണമൊക്കെ മാറിയതിന് ശേഷമേ ഡിന്നറിന് പോകുന്നുള്ളൂ എന്ന് അവൾ തീരുമാനിച്ചു. പിന്നെയാണോർത്തത്,
ജനറൽ സീംകായും ഭക്ഷണത്തിന് ഉണ്ടാകുമല്ലോ എന്ന കാര്യം. അദ്ദേഹത്തെ ഇതുവരെ സന്ധിച്ചിട്ടില്ല.
അത് എത്രയും പെട്ടെന്നാവുന്നതാണ് നല്ലത്.
മനസ്സിലാമനസോടെ കുളി അവസാനിപ്പിച്ച്
എഴുന്നേറ്റ അവൾ വാതിലിന് പിറകിൽ കൊളുത്തിയിട്ടിരുന്ന സിൽക്ക് ഗൗൺ എടുത്ത് ധരിച്ച് ബെഡ്റൂമിലേക്ക്
ചെന്നു. ഡ്രെസ്സിങ്ങ് ടേബിളിന് മുന്നിൽ ചെന്ന് ഇരുന്നതും മരീസ അവളുടെ മുടി ബ്രഷ് ചെയ്യുവാൻ
തുടങ്ങി. അവളുടെ ആ പ്രവൃത്തി ജെനവീവിന് വെറുപ്പുണ്ടാക്കിയെങ്കിലും ആൻ മേരിയുടെ ശീലം
ഇങ്ങനെ ആയിരുന്നിരിക്കും എന്നോർത്ത് വഴങ്ങിക്കൊടുത്തു.
“ഇന്ന് രാത്രി ഏത് വേഷമാണ്
ധരിക്കുന്നത് മോസെലാ…?”
“എനിക്കറിയില്ല… ഞാനൊന്ന് നോക്കട്ടെ…”
അതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ.
കാരണം, വിവിധ തരത്തിലുള്ള വിലയേറിയ വസ്ത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ആ മുറിയിലെ
അലമാര. അത്രയ്ക്കും ആഡംബരപ്രേമിയായിരുന്നു ആൻ മേരി. തിരച്ചിലിനൊടുവിൽ ഇളം നീലയും ഗ്രേയും
കലർന്ന രമണീയമായ ഒരു ഷിഫോൺ വസ്ത്രമെടുത്ത് അവൾ അണിഞ്ഞു. ഷൂസ് അല്പം ടൈറ്റാണ്. എങ്കിലും
പതിയെ ശരിയായിക്കോളും. അവൾ ക്ലോക്കിലേക്ക് നോക്കി. ഏഴുമണി കഴിഞ്ഞ് അഞ്ചു മിനിറ്റാവുന്നു.
“ശരി, എന്നാലിനി പോയേക്കാം…”
മരീസ വാതിൽ തുറന്നു കൊടുത്തു.
പുറത്തേക്കിറങ്ങവെ അവളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം ഉണ്ടായിരുന്നത് പോലെ ജെനവീവിന് തോന്നി.
(തുടരും)
ഈ തള്ള കള്ളം കണ്ട് പിടിക്കുമോ
ReplyDelete