Saturday, August 9, 2025

കോൾഡ് ഹാർബർ - 51

വാതിൽ തുറന്ന് പടികളിറങ്ങി താഴെയെത്തിയപ്പോഴാണ് ആദ്യത്തെ ഞെട്ടൽ അവരെ വരവേറ്റത്. റിനേയുടെയോ റോൾസ് റോയ്സ് കാറിന്റെയോ യാതൊരു അടയാളവും അവിടെയുണ്ടായിരുന്നില്ല. പകരം കേണൽ മാക്സ് പ്രീമിനെയും അദ്ദേഹത്തിന്റെ കറുത്ത മെഴ്സെഡിസ് കാറുമാണ് അവർക്ക് കാണാനായത്.

 

അദ്ദേഹം ഔപചാരികതയോടെ അവരെ സല്യൂട്ട് ചെയ്തു. “പ്രഭ്വീ, രാവിലെ നോക്കിയപ്പോൾ നിങ്ങളുടെ കാറിന് എന്തോ തകരാറുള്ളതായി കണ്ടുവത്രെ അത് പരിഹരിക്കാൻ പറ്റുമോയെന്ന് നോക്കാൻ ഞങ്ങളുടെ മെക്കാനിക്കുകളോട് ഞാൻ പറഞ്ഞിട്ടുണ്ട് തൽക്കാലം എന്റെ പൂർണ്ണ സേവനവും നിങ്ങൾക്ക് ഉള്ളതാണ് ദേവാലയത്തിലേക്ക് പോകണമെന്നല്ലേ നിങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്?”

 

ഒന്ന് സംശയിച്ച് നിന്ന ഹോർടെൻസ് പ്രഭ്വി ചുമൽ വെട്ടിച്ചിട്ട് കാറിനുള്ളിൽ കയറി. തൊട്ടു പിന്നാലെ ജെനവീവും.

 

                                                         ***

 

മാക്സ് പ്രീം തന്നെയാണ് കാർ ഓടിച്ചത്. അദ്ദേഹത്തിന്റെ തൊട്ടു പിന്നിലെ സീറ്റിൽ തീർത്തും അസ്വസ്ഥതയോടെ ജെനവീവ് ഇരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവഗണിച്ച ഹോർടെൻസ് വാച്ചിലേക്ക് നോക്കി. “നമ്മൾ ഇപ്പോഴേ വളരെ ലേറ്റാണ് സാരമില്ല, നമ്മൾ ചെന്നിട്ടേ വൈദികൻ കുർബാന തുടങ്ങുകയുള്ളൂ” അവർ പറഞ്ഞു. “ചുരുങ്ങിയത് ഒരു എഴുപത് വയസ്സ് എങ്കിലും കാണും അദ്ദേഹത്തിന് ഞാൻ പ്രണയിച്ച ആദ്യ പുരുഷൻ ഇരുണ്ട നിറമാണെങ്കിലും സുന്ദരൻവലിയ വിശ്വാസിയാണ് അദ്ദേഹത്തെ കാണുവാനായിട്ടാണ് ഞാൻ ദേവാലയത്തിൽ സ്ഥിരമായി പോയിത്തുടങ്ങിയത് എന്നു വേണമെങ്കിൽ പറയാം

 

“ഇപ്പോൾ കണ്ടാൽ എങ്ങനെയിരിക്കും?” ജെനവീവ് ചോദിച്ചു.

 

“മുടി മുഴുവനും നരച്ചിരിക്കുന്നു ചിരിക്കുമ്പോൾ മുഖത്ത് വരുന്ന ചുളിവുകൾ അദ്ദേഹത്തിന്റെ കണ്ണുകളെ മൂടുന്നു

 

റിയർ വ്യൂ മിററിലൂടെ പ്രീം ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജെനവീവ് വല്ലാതെ അസ്വസ്ഥയായി. അദ്ദേഹത്തിന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു. ഹോർടെൻസ് പ്രഭ്വിയും അത് ശ്രദ്ധിക്കാതിരുന്നില്ല.

 

“നിങ്ങൾ SS സേനയിൽ ഉള്ളവർക്കൊന്നും ദൈവവിശ്വാസം ഇല്ലെന്നാണല്ലോ ഞാൻ കേട്ടത്?” ഹോർടെൻസ് ചോദിച്ചു.

 

“എന്തായാലും, റൈഫ്യൂറർ ഹിംലർ തികഞ്ഞ ദൈവവിശ്വാസിയാണെന്നാണ് വിശ്വസനീയമായ വൃത്തങ്ങളിൽ നിന്നുള്ള വിവരം” ദേവാലയത്തിന്റെ കവാടത്തിന് മുന്നിൽ കാർ നിർത്തിയിട്ട് പ്രീം പുറത്തിറങ്ങി പിറകിലെ ഡോർ തുറന്നു കൊടുത്തു. “ഇറങ്ങിയാലും മഹിളമാരേ

 

ഒരു നിമിഷം അവിടെത്തന്നെ ഇരുന്ന ഹോർടെൻസ് സാവധാനം അദ്ദേഹം നീട്ടിയ കൈ പിടിച്ച് പുറത്തിറങ്ങി. “നോക്കൂ പ്രീം, നിങ്ങളെ എനിക്ക് എന്തിഷ്ടമാണെന്നറിയുമോ? പക്ഷേ, എന്തു ചെയ്യാം……………

 

“ഞാനൊരു ജർമ്മൻ‌കാരൻ ആയിപ്പോയി എന്നല്ലേ ഉദ്ദേശിച്ചത് പ്രഭ്വീ? എന്റെ അമ്മയുടെ അമ്മ ഒരു ഫ്രഞ്ചുകാരിയാണ് അത് മതിയാവുമോ?”

 

“ഒരളവു വരെ” അവർ ജെനവീവിന് നേർക്ക് തിരിഞ്ഞു. “നീ ഉള്ളിലേക്ക് വരേണ്ട നിന്റെ അമ്മയുടെ കുഴിമാടത്തിന് മുന്നിൽ ചെന്നുനിന്ന്  പ്രാർത്ഥിക്കൂ അപ്പോഴേക്കും ഞാൻ തിരികെയെത്താം

 

ഷാൾ കൊണ്ട് ശിരസ്സ് മൂടി അവർ സ്മാരകശിലകൾക്കിടയിലെ പാതയിലൂടെ ആ പുരാതന ദേവാലയത്തിന്റെ പോർച്ചിന് നേർക്ക് നടന്നു.

 

“എന്തുകൊണ്ടും എടുത്തു പറയത്തക്ക വ്യക്തിത്വമുള്ള ഒരു വനിത” പ്രീം പറഞ്ഞു.

 

“തീർച്ചയായും” ജെനവീവ് പറഞ്ഞു. കൈകൾ പിറകിൽ കെട്ടി യൂണിഫോമിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ രൂപം ഗംഭീരമായിരുന്നു. “വിരോധമില്ലെങ്കിൽ, ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടെ? എന്റെ അമ്മ വിശ്രമിക്കുന്ന ഇടത്തേക്ക്?”

 

“പിന്നെന്താ, തീർച്ചയായും

 

അവൾ സെമിത്തേരിയിലേക്ക് പ്രവേശിച്ചു. ഒരു സൈപ്രസ് മരത്തിന്റെ തണലിൽ ആയിരുന്നു ആ കുഴിമാടം. ഹോർടെൻസ് ആഗ്രഹിച്ചത് പോലെ മനോഹരവും എന്നാൽ ലളിതവുമായ ഒരു സ്മാരകശിലയാണ് ആ കുഴിമാടത്തിൽ തലയ്ക്കൽ സ്ഥാപിച്ചിരുന്നത്. ഒരു പിടി പൂക്കൾ കുഴിമാടത്തിന് മുകളിൽ അർപ്പിച്ചിട്ടുണ്ട്.

 

“ഹെലൻ ക്ലെയർ ഡി വോൺകോർട്ട് ട്രെവോൺസ്” ആ ശിലയിൽ നോക്കി മാക്സ് പ്രീം വായിച്ചു. ശേഷം മിലിട്ടറി സ്റ്റൈലിൽ ഒരു സല്യൂട്ട് നൽകി. “നോക്കൂ, ഹെലൻ ക്ലെയർ” അദ്ദേഹം മന്ത്രിച്ചു. “നിങ്ങൾക്ക് അതിസുന്ദരിയായ ഒരു മകളുണ്ട് തീർച്ചയായും നിങ്ങൾക്കതിൽ അഭിമാനിക്കാം

 

“നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ” ജെനവീവ് പറഞ്ഞു.

 

“കഴിഞ്ഞ യുദ്ധത്തിലാണ് എന്റെ പിതാവ് മരിക്കുന്നത് ഏതാനും വർഷങ്ങൾക്ക് ശേഷം എന്റെ മാതാവും ഫ്രാങ്ക്ഫർട്ടിൽ സ്കൂൾ അദ്ധ്യാപികയായ ആന്റിയാണ് പിന്നീട് എന്നെ വളർത്തിയത് കഴിഞ്ഞ വർഷം നടന്ന ബ്രിട്ടീഷ് ബോംബിങ്ങിൽ അവരും കൊല്ലപ്പെട്ടു

 

“അപ്പോൾ നമുക്കിടയിൽ ഒരു പൊതു ഘടകം ഉണ്ടെന്ന് പറയാമല്ലേ?”

 

“വേണമെങ്കിൽ” അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ പിതാവ് ഒരു ഇംഗ്ലീഷുകാരനല്ലേ? കോൺവാളിൽ വസിക്കുന്ന ആ ഡോക്ടർ? പിന്നെ നിങ്ങൾ വളരെ അപൂർവ്വമായി മാത്രം സംസാരിക്കാറുള്ള ഒരു സഹോദരിയും ജെനവീവ് എന്നല്ലേ അവരുടെ പേര്?”

 

തന്നെക്കുറിച്ച് ഇത്രയും വിശദമായി ഇദ്ദേഹത്തിന് അറിയാമെന്ന കാര്യമോർത്ത് അവൾ നടുങ്ങി. ഒരു നൂൽപ്പാലത്തിലാണ് താൻ നിൽക്കുന്നത്. അവളുടെ രക്ഷയ്ക്കായി മഴ ആർത്തലച്ചെത്തിയത് പെട്ടെന്നായിരുന്നു. അത് കോരിച്ചൊരിയാൻ തുടങ്ങിയതും അദ്ദേഹം അവളുടെ കൈയിൽ പിടിച്ചു. “വരൂ, ഓടിയില്ലെങ്കിൽ മൊത്തം നനയും

 

ദേവാലയത്തിന്റെ പോർച്ചിലേക്ക് ഇരുവരും ഓടിക്കയറി. ശ്വാസമെടുക്കുവാൻ അദ്ദേഹം ബുദ്ധിമുട്ടുന്നത് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. അവിടെ കിടന്നിരുന്ന കൽ‌ബെഞ്ചിലേക്ക് അദ്ദേഹം കുഴഞ്ഞ് ഇരുന്നു.

 

“എന്തെങ്കിലും പ്രശ്നമുണ്ടോ?” അവൾ ചോദിച്ചു.

 

“ഇല്ല, ഒന്നുമില്ല” പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അദ്ദേഹം വെള്ളി നിറമുള്ള ഒരു കെയ്സ് അവൾക്ക് നേരെ നീട്ടി. “സിഗരറ്റ് വേണോ?”

 

“റഷ്യയിൽ വച്ചല്ലേ നിങ്ങൾക്ക് പരിക്കേറ്റത്?” അവൾ ചോദിച്ചു.

 

“അതെ

 

“ശൈത്യകാലത്ത് അവിടെ വച്ചു നടന്ന യുദ്ധം അതിഭീകരമായിരുന്നു എന്ന് കേട്ടിട്ടുണ്ട്

 

“അതെ, മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു എന്ന് വേണമെങ്കിൽ പറയാം

 

“ആ റൈലിംഗെറും സംഘവും നിങ്ങളും അവരും വെവ്വേറെ ലോകങ്ങളിൽ നിന്നുള്ളവരാണെന്ന് തോന്നിപ്പോകുന്നു അവരിൽ നിന്നും വളരെ വ്യത്യസ്ഥനാണ് നിങ്ങൾ

 

“നോക്കൂ, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ജർമ്മനിയുടെ ഒരു സൈനികനാണ് ഞാൻ” അദ്ദേഹം പറഞ്ഞു. “വളരെ ലളിതം ഒരു പക്ഷേ, നിർഭാഗ്യകരം എന്ന് വേണമെങ്കിൽ പറയാം പക്ഷേ, വളരെ ലളിതം

 

“ശരിയാണ്

 

അദ്ദേഹം ഒരു നെടുവീർപ്പിട്ടു. ആ മുഖത്തെ പിരിമുറുക്കത്തിന് അല്പം അയവ് വന്നതു പോലെ തോന്നി. “കുട്ടിക്കാലം മുതൽക്കേ മഴയോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു എനിയ്ക്ക്

 

“എനിയ്ക്കും” അവൾ പറഞ്ഞു.

 

അദ്ദേഹം പുഞ്ചിരിച്ചു. “നല്ലത് അപ്പോൾ പൊതുവായി ചിലതെല്ലാമുണ്ട് നമുക്കിടയിൽ

 

ഹോർടെൻസ് പ്രഭ്വി വരുന്നതും കാത്ത് അവർ ആ ബെഞ്ചിൽ ഇരുന്നു. മഴയുടെ ശക്തി ഒന്നു കൂടി വർദ്ധിച്ചിരിക്കുന്നു. അവളുടെ ആന്റി പറഞ്ഞത് ശരി തന്നെയായിരുന്നു. കേണൽ പ്രീമിന്റെ സാന്നിദ്ധ്യം തന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയിരിക്കുന്നു. ജീവിതത്തിൽ ഇതാദ്യമായിട്ടാണ് താൻ ഇത്രയും ആവേശഭരിതയാവുന്നത്

 

(തുടരും)

1 comment:

  1. "മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ
    തണുവായ് പെയ്തിടും കനവായ് തോർന്നിടും.. "

    അപ്പോ അങ്ങനെയാണ് കാര്യങ്ങൾ..

    ReplyDelete