Sunday, December 21, 2025

കോൾഡ് ഹാർബർ - 67

ഡോക്ടർ ബാം ക്രെയ്ഗ് ഓസ്ബോണിനോട് വെളിപ്പെടുത്തിയ കാര്യങ്ങൾ തന്നെയായിരുന്നു മാക്സ് പ്രീം അവളോട് പറഞ്ഞത്. തന്റെ സഹോദരിയ്ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും ഡോക്ടർ ബാം ആരാണെന്നും ഒക്കെ ഞെട്ടലോടെ അവൾ അറിഞ്ഞു. റോസ്ഡെൻ നേഴ്സിങ്ങ് ഹോമിന്റെ നിഗൂഢതയും ബ്രിഗേഡിയർ ഡോഗൽ മൺറോ എന്ന കൗശലക്കാരന്റെ തനിനിറവും അവിശ്വസനീയതയോടെ ജെനവീവ് തിരിച്ചറിഞ്ഞു.

 

മാക്സ് പ്രീം എല്ലാം പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ കസേരയുടെ കൈകളിൽ മുറുകെ പിടിച്ച് അമ്പരന്ന് ഇരിക്കുകയായിരുന്ന അവൾ മേശപ്പുറത്ത് കിടന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം പുറത്തെടുത്തു. തീ കൊളുത്തി ഒരു പുകയെടുത്തപ്പോഴാണ് എത്രമാത്രം ആശ്വാസമാണ് അത് പകർന്നതെന്ന് അവൾ മനസ്സിലാക്കിയത്. ഫ്രഞ്ച് ജാലകത്തിനരികിൽ ചെന്ന് കതക് തുറന്ന് അവൾ മഴയത്തേക്ക് നോക്കി. പ്രീം അവൾക്ക് പിന്നിലെത്തി.

 

അവൾ തിരിഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. “ഞാനെന്തിന് നിങ്ങൾ പറയുന്നത് വിശ്വസിക്കണം? ഇതെല്ലാം നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?”

 

“ബ്രിട്ടീഷുകാരെ പോലെ തന്നെ ഞങ്ങളും ഡബിൾ ഏജന്റുമാരെ ഉപയോഗിക്കുന്നുണ്ട് ഞാൻ പറഞ്ഞല്ലോ, തന്റെ മകൾ കൊല്ലപ്പെട്ട കാര്യം ജൂത അധോലോകത്തിൽ നിന്നും അറിഞ്ഞതും ഡോക്ടർ ബാം മൺറോയുടെ അടുത്ത് ചെന്നു ഞങ്ങൾക്ക് സംശയമൊന്നും തോന്നാതിരിക്കാൻ വേണ്ടി ഒരു കാര്യം അവർ ശ്രദ്ധിച്ചു അയാൾക്ക് ഞങ്ങളുമായുള്ള കോൺടാക്റ്റ് ആയ മിസ്സിസ് ഫിറ്റ്സ്ജെറാൾഡിനെ തുടർന്നും ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയാണ് അവരെയും അവർ കൊണ്ടുനടന്നത് ഡബിൾ ഏജന്റ് ആയി വർക്ക് ചെയ്യുക, അല്ലെങ്കിൽ ലണ്ടൻ ടവറിൽ വധശിക്ഷയ്ക്ക് വിധേയയാകാൻ തയ്യാറെടുത്തു കൊള്ളുക എന്ന് പറഞ്ഞ് സ്വാഭാവികമായും അവർ സാമാന്യയുക്തിയ്ക്ക് ചേരുന്ന വഴി തെരഞ്ഞെടുത്തു, അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചു

 

“അഭിനയിച്ചു എന്ന് വച്ചാൽ?”

 

മിസ്സിസ് ഫിറ്റ്സ്ജെറാൾഡ് ഒരു ഡച്ച് സൗത്ത് ആഫ്രിക്കൻ വംശജയാണ് ഇംഗ്ലീഷുകാരോട് വെറുപ്പാണവർക്ക് അവരുടെ മരിച്ചുപോയ ഭർത്താവ് ഒരു ഐറിഷ്കാരനായിരുന്നു 1921ൽ മൈക്കിൾ കോളിൻസിന് കീഴിൽ IRA യിൽ പ്രവർത്തിച്ചിരുന്ന അയാൾ ഇവരെക്കാൾ വലിയ ബ്രിട്ടീഷ് വിരോധിയായിരുന്നു തനിയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന മിസ്സിസ് ഫിറ്റ്സ്ജെറാൾഡിന് ലണ്ടനിൽ IRA യുമായി കണക്ഷൻ ഉള്ള കാര്യം പാവം ബ്രിഗേഡിയറിന് അറിയില്ലായിരുന്നു ജർമ്മൻകാരോടാണ് IRA യ്ക്ക് അനുഭാവം എന്നത് രഹസ്യമൊന്നുമല്ലല്ലോ ഡോക്ടർ ബാമിന്റെ കൂറുമാറ്റത്തെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ IRA വഴി മിസ്സിസ് ഫിറ്റ്സ്ജെറാൾഡ് ഞങ്ങളെ അറിയിച്ചിരുന്നു എന്നു വച്ചാൽ ഡോക്ടർ ബാം പൂർണ്ണമായും ഇപ്പോൾ മൺറോയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നർത്ഥം ഞങ്ങൾ എന്ത് അറിയണമെന്ന് അവർ തീരുമാനിക്കുന്ന വിവരങ്ങൾ മാത്രമാണ് അയാൾ ഇപ്പോൾ ഞങ്ങൾക്ക് അയച്ചു തരുന്നത് എന്നു വച്ചാൽ ഈ വിഷയത്തിൽ നീ ആരാണെന്ന കാര്യം ഞങ്ങൾ അറിയണമെന്ന് മൺറോ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അയാൾ ഞങ്ങളോട് പറയാത്ത ഇൻഫർമേഷൻ എല്ലാം തന്നെ മിസ്സിസ് ഫിറ്റ്സ്ജെറാൾഡ് ഞങ്ങളുടെ IRA സുഹൃത്തുക്കൾക്ക് നൽകിയിട്ടുണ്ടായിരുന്നു

 

“എന്തൊരസംബന്ധം…!” അങ്ങനെ പറഞ്ഞുവെങ്കിലും യാഥാർത്ഥ്യം എത്ര ഭീകരമാണ് എന്നോർത്ത് ജെനവീവ് നടുങ്ങി.

 

“എന്തായിയിരുന്നു നിന്റെ ദൗത്യത്തിന്റെ ഉദ്ദേശ്യം? ഫീൽഡ് മാർഷൽ റോമലിന്റെ കോൺഫെറൻസ്? അറ്റ്‌ലാന്റിക്ക് പ്രതിരോധ നിരയെക്കുറിച്ചുള്ള വിശദവിവരങ്ങൾ?” പ്രീം തലയാട്ടി. “അതൊന്നും ആവാൻ സാദ്ധ്യതയില്ല ഇപ്പോഴും ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് അവർ കരുതുന്ന ഡോക്ടർ ബാമിനാൽ വഞ്ചിക്കപ്പെടാൻ വേണ്ടി മാത്രമാണ് നിന്നെ അവർ ഇങ്ങോട്ടയച്ചത്

 

“പക്ഷേ, അവരെന്തിന് അങ്ങനെ ചെയ്യണം?”

 

“റൈലിംഗറെ പോലുള്ളവർ ഈ ലോകത്തുള്ളതുകൊണ്ട് അത്തരക്കാർ പിടികൂടി ചോദ്യം ചെയ്ത് സമ്മർദ്ദത്തിലാക്കുമ്പോൾ നീ തകരുമെന്ന് മൺറോയും കൂട്ടരും കരുതി അതു തന്നെയായിരുന്നു അവർ ഉദ്ദേശിച്ചതുംനിന്നെ ഇങ്ങോട്ട് അയയ്ക്കുന്നതിന് മുമ്പ് അവർ ഒരു കാര്യത്തെക്കുറിച്ച് സൂചന നൽകിയിട്ടുണ്ടാവും... ഒരു പക്ഷേ നീ അത്ര ശ്രദ്ധിച്ചിരിക്കാൻ സാദ്ധ്യതയില്ലത്തത്... ഇപ്പോൾ നിനക്ക് പോലും വ്യക്തമായി ഓർമ്മിക്കാൻ കഴിയാത്തത്... പക്ഷേ, ചോദ്യം ചെയ്യലിൽ പുറത്തുവരാൻ സാധ്യതയുള്ളത്അത്യന്തം പ്രധാനമെന്നു തോന്നുന്ന ഒരു വിവരം...”

 

ലിലി മർലിന്റെ ഡെക്കിൽ വച്ച് ക്രെയ്ഗ് ഓസ്ബോൺ തന്റെ കൈയിൽ മുറുകെ പിടിച്ച രംഗം അവൾക്ക് ഓർമ്മ വന്നു. പ്രീം പറഞ്ഞത് വിശ്വസിക്കാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു അവൾ. അപ്പോഴാണ് കോൾഡ് ഹാർബറിൽ വച്ച് മൺറോയുടെ ഓഫീസ് റൂമിലെ മേശപ്പുറത്ത് കണ്ട ആ ഭൂപടത്തിന്റെ കാര്യം അവൾക്കോർമ്മ വന്നത്. D-Day ലാൻഡിങ്ങ് പോയിന്റുകൾ വ്യക്തമായി അടയാളപ്പെടുത്തിയ ആ ഭൂപടം ഒരു നോക്ക് കാണാൻ തന്നെ അനുവദിച്ചതിന് ശേഷം അദ്ദേഹം എടുത്തു മാറ്റിയത്

 

മനഃപൂർവ്വം അവളുടെ മുഖഭാവം വീക്ഷിച്ചു കൊണ്ടിരുന്ന പ്രീമിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. “ഇപ്പോഴാണ് നിനക്ക് മനസ്സിലായത്, അല്ലേ?”

 

പരിക്ഷീണിതയായി അവൾ തല കുലുക്കി. “അതെ എന്തായിരുന്നു ആ വിവരമെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?”

 

“പക്ഷേ, നീയത് വെളിപ്പെടുത്തണമെന്നില്ലല്ലോ?”

 

“വെളിപ്പെടുത്താതിരിക്കാനാണ് ഞാൻ ശ്രമിക്കുക കാരണം, ഒരു പക്ഷേ, ആ ഇൻഫർമേഷൻ തെറ്റാണെങ്കിലോ? എന്തായാലും നിങ്ങളെപ്പോലെ തന്നെ ദുഷിച്ചവരും അധാർമ്മികരും ക്രൂരത നിറഞ്ഞവരും ഞങ്ങളുടെ ഭാഗത്തും ഉണ്ടെന്ന് സമർത്ഥമായി നിങ്ങൾ തെളിയിച്ചു എന്നിരുന്നാലും എന്റെ പക്ഷം വിജയിക്കുന്നത് കാണാനാണ് എനിക്കിഷ്ടം എന്റെ നാട്ടിൽ വളരെ നല്ല മനുഷ്യരും ഉണ്ട് സെന്റ് മാർട്ടിനിൽ SS സേന കാൽ കുത്തുന്നത് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല

 

“ഗുഡ് നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നെ” പ്രീം പറഞ്ഞു.

 

അവൾ ഒരു ദീർഘശ്വാസമെടുത്തു. “ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്?”

 

“മുമ്പ് ധരിച്ചിരുന്ന ആ ഗൗൺ എടുത്തണിഞ്ഞ് നൃത്തപരിപാടിയിലേക്ക് തിരികെ പോകുന്നു

 

പിരിമുറുക്കത്തിന് അല്പം അയവ് വന്നത് പോലെ തോന്നി അവൾക്ക്. “നിങ്ങൾക്ക് ഇപ്പോഴും ഇതൊരു തമാശയാണോ?”

 

“ഏയ്, അല്ല ഒരു മണിക്കൂറിനുള്ളിൽ തന്റെ അകമ്പടി സംഘത്തോടൊപ്പം ഫീൽഡ് മാർഷൽ റോമൽ ഇവിടെ നിന്നും യാത്ര തിരിക്കും പുലർച്ചെയോടെ പാരീസിൽ എത്തും അദ്ദേഹത്തെ യാത്രയയ്ക്കുവാൻ പുഞ്ചിരിക്കുന്ന മുഖവുമായി നീയുമുണ്ടാവും മാത്രമല്ല, സന്ദർശനത്തിന് നന്ദി സൂചിപ്പിച്ച് ഏതാനും വാക്കുകളും പറയേണ്ടി വരും ഫോട്ടോഗ്രാഫേഴ്സിന്റെ ശേഖരത്തിലേക്ക് ഏതാനും ചിത്രങ്ങൾ  സന്തോഷത്തോടെ അദ്ദേഹം യാത്ര തിരിക്കവെ, മൈ ഡിയർ ജെനവീവ്, നീ നൃത്തം തുടരുകയും ചെയ്യും

 

“അതെന്താ, ഞാനാണോ ഈ പാർട്ടിയുടെ ജീവനും ആത്മാവും?”

 

“തീർച്ചയായും പിന്നെ, ചെറിയൊരു അവസരം ലഭിച്ചാൽ പോലും നീ രക്ഷപെടാൻ ശ്രമിച്ചേക്കും പക്ഷേ, അതിനർത്ഥം ഹോർടെൻസ് പ്രഭ്വിയെ ഞങ്ങളുടെ കൈകളിൽ ഉപേക്ഷിച്ച് പോകുക എന്നതായിരിക്കും തീർത്തും നിർഭാഗ്യകരമായ അവസ്ഥയായിരിക്കും അത് എന്താണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടോ?”

 

“പൂർണ്ണമായും

 

“അപ്പോൾ പിന്നെ ഈ പരസ്പര വിശ്വാസം അങ്ങനെ തന്നെ തുടരട്ടെ” അവളുടെ കൈപ്പടം കൈയിലെടുത്ത് ചുംബിച്ചിട്ട് അദ്ദേഹം തുടർന്നു. “നിന്നോട് ചെറിയൊരു ഇഷ്ടം എന്നിൽ ഉടലെടുത്തു പോയെന്നാണ് എനിക്ക് തോന്നുന്നത് ചെറിയൊരു ഇഷ്ടം മാത്രം നീ ഒരിക്കലും അവളായിരുന്നില്ല, ജെനവീവ് നീ നീയായിത്തന്നെ നിലകൊണ്ടു

 

“സാരമില്ല, ക്രമേണ ഈ ഇഷ്ടമൊക്കെ മാറിക്കോളും

 

“തീർച്ചയായും” വാതിലിന്റെ പിടിയിൽ കൈ വച്ച് ഒരു നിമിഷം അദ്ദേഹം നിന്നു. “കാലം കടന്നു പോകവെ എല്ലാം മറവിയുടെ കയത്തിലേക്ക് താഴും പക്ഷേ, എന്റെ സ്നേഹം നീ വഴിയേ മനസ്സിലാക്കും

 

അദ്ദേഹം വാതിൽ തുറക്കുവാനാഞ്ഞു. “അവളെ ശരിയ്ക്കും മനസ്സിലാക്കിയിരുന്നു എന്നല്ലേ നിങ്ങളുടെ വിചാരം?” ജെനവീവ് ചോദിച്ചു.

 

തെല്ല് അത്ഭുതത്തോടെ അദ്ദേഹം തിരിഞ്ഞു. “ആൻ മേരിയെ? തീർച്ചയായും

 

അവൾക്ക് രോഷം അടക്കാനായില്ല. “ഗ്രാൻഡ് പിയർ എന്നൊരു പേരിന് നിങ്ങളെ സംബന്ധിച്ചിടത്തോളം എത്ര മാത്രം പ്രാധാന്യമുണ്ട്?”

 

അദ്ദേഹം സ്തബ്ധനായി നിന്നു. “അത് ചോദിക്കാൻ കാരണം?”

 

“ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രമുഖനായ ഒരു നേതാവ് ശരിയല്ലേ? അദ്ദേഹത്തെ പിടികൂടാൻ വേണ്ടി എന്തുതന്നെ ചെയ്യാനും മടിക്കില്ല നിങ്ങൾശരിയല്ലേ? എന്റെ സഹോദരിയ്ക്ക് അദ്ദേഹവുമായി കണക്ഷൻസ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടുമോ?”

 

പ്രീമിന്റെ മുഖം വിളറി വെളുത്തു. “സത്യം പറയാമല്ലോ, ഞെട്ടുക തന്നെ ചെയ്യും

 

“ജനറൽ ഡൈട്രിച്ചിന്റെ ഘാതകനെ പിടികൂടുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയുമോ?”

 

“ഇല്ല പക്ഷേ, നീ എന്നോട് പറയാൻ പോകുന്നു എന്നൊരു തോന്നൽ

 

“നിങ്ങളുടെ മഹത്തായ SS സേനയുടെ മൂക്കിന് താഴെ നിന്ന് അയാളെ രക്ഷിച്ചു കൊണ്ടുപോയത് ആൻ മേരിയായിരുന്നു  അവളുടെ റോൾസ് റോയ്സ് കാറിന്റെ പിൻസീറ്റിനടിയിൽ കിടത്തിക്കൊണ്ട്” തന്റെ ചെറിയ വിജയം ആസ്വദിച്ചു കൊണ്ട് അവൾ പുഞ്ചിരിച്ചു. “അതിനാൽ നോക്കൂ, കേണൽ പ്രീം, പൂർണ്ണമായും നിങ്ങൾ മനസ്സിലാക്കിയത് പോലെയല്ലായിരുന്നു ആൻ മേരി

 

അവളെ ഒരു നീണ്ട മാത്ര നേരം നോക്കി നിന്നിട്ട് തിരിഞ്ഞ് പുറത്ത് കടന്ന് അദ്ദേഹം വാതിൽ പതുക്കെ ചാരി. ഒരു ദീർഘശ്വാസമെടുത്ത ജെനവീവ് തിടുക്കത്തിൽ ബാത്ത്റൂമിന്റെ വാതിൽക്കൽ ചെന്ന് പറഞ്ഞു. “ഞാൻ പുറത്ത് പോകുന്നത് വരെ അവിടെത്തന്നെ നിൽക്കണം

 

“ശരി” ഷോണ്ടെല മന്ത്രിച്ചു.

 

ജാലകച്ചില്ലിൽ മഴത്തുള്ളികൾ വീണ്ടും ആഞ്ഞടിച്ചു. അത് നോക്കിക്കൊണ്ട് നിസ്സഹായയായി അവൾ അവിടെ നിന്നു. അപ്പോൾ, ഏതോ കവി പറഞ്ഞത് പോലെ ഇങ്ങനെയാണ് എല്ലാത്തിന്റെയും അന്ത്യം പ്രീം പറഞ്ഞത് ശരിയാണ്ഹോർടെൻസ് ആന്റിയുടെ കാര്യം പരിഗണിക്കാതിരിക്കാനാവില്ല തന്റെ കൈകളിൽ നിന്ന് സകലതും വഴുതിപ്പോയിരിക്കുന്നു രക്ഷപെടുന്നതിനെക്കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ല ഇനിയിപ്പോൾ അതിനുള്ള ആഗ്രഹവുമില്ല എന്ന് പറയുന്നതായിരിക്കും ശരി മുഖം‌മൂടികൾ അഴിഞ്ഞു വീഴുമ്പോൾ ശത്രുവും മിത്രവും എല്ലാം ഒരുപോലെ തന്നെ  മാക്സ് പ്രീം തന്നെയല്ലേ ക്രെയ്ഗ് ഓസ്ബോൺ? ക്രെയ്ഗ് ഓസ്ബോൺ തന്നെയല്ലേ മാക്സ് പ്രീം? വിരോധാഭാസം തന്നെ

 

“എങ്കിൽ പിന്നെ” ഒരു ദീർഘശ്വാസമെടുത്തിട്ട് അവൾ ഗൗൺ എടുത്ത് ധരിക്കാൻ തുടങ്ങി.

 

(തുടരും)

2 comments:

  1. "മുഖം‌മൂടികൾ അഴിഞ്ഞു വീഴുമ്പോൾ ശത്രുവും മിത്രവും എല്ലാം ഒരുപോലെ തന്നെ…"

    ReplyDelete
    Replies
    1. .ഒരിക്കലും മുഖംമൂടിയില്ലാത്തവർ മാത്രമല്ലേ യഥാർത്ഥ മിത്രം !

      Delete