അദ്ധ്യായം – പതിനഞ്ച്
മാക്സ് പ്രീമിന്റെ കൈകളിൽ
തൂങ്ങി ഒരു സ്വപ്നത്തിലെന്ന പോലെ അവൾ സ്റ്റെയർകെയ്സിലൂടെ ഒഴുകി ഇറങ്ങി. എതിരെ വന്ന
ഒരു ഓഫീസറെ നോക്കി പ്രീം പ്രസന്നഭാവത്തിൽ പുഞ്ചിരിച്ചു. എല്ലാം നഷ്ടപ്പെട്ട് രക്ഷപെടാൻ
മാർഗ്ഗമില്ലാത്ത ആ അവസ്ഥയിലും അവൾ ഉറക്കെ ചിരിച്ചു. അതു കേട്ട് അത്ഭുതത്തോടെ പ്രീം
അവളെ തിരിഞ്ഞു നോക്കി. “നിനക്ക് കുഴപ്പെമൊന്നുമില്ലല്ലോ…?”
“ഒരു കുഴപ്പവുമില്ല…”
“നല്ലത്…” ഹാൾ കടന്ന് ഗ്യാലറിയുടെ വാതിൽക്കൽ എത്തിയതും അദ്ദേഹം നിന്നു. “അങ്ങോട്ട്
കയറിച്ചെല്ലുവാൻ തയ്യാറായിക്കോളൂ… മന്ദഹാസത്തോടെ… എപ്പോഴും
അത് മുഖത്തുണ്ടാവണം… നിന്നിൽ നിന്ന് എല്ലാവരും അത് പ്രതീക്ഷിക്കും…”
ഒരു ഓർഡർലി തുറന്നു കൊടുത്ത
വാതിലിലൂടെ അവർ ഉള്ളിലേക്ക് പ്രവേശിച്ചു. ഒരു നിമിഷ നേരത്തേക്ക് ഓർക്കസ്ട്ര വായിക്കുന്നവർ
അത് നിർത്തി വച്ചു. എങ്കിലും ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും ഒക്കെയായി ആഹ്ലാദത്തിന്റെ
അന്തരീക്ഷമായിരുന്നു അവിടെങ്ങും. ചുമരുകളിലെ കണ്ണാടികളിൽ എമ്പാടും സുന്ദരിമാരുടെയും
യൂണിഫോമിട്ട സൈനികരുടെയും പ്രതിബിംബങ്ങൾ നിറഞ്ഞു.
ഗ്യാലറിയുടെ എതിർവശത്ത്
ഇട്ടിരിക്കുന്ന സ്വർണ്ണനിറമുള്ള സിംഹാസനങ്ങളിലൊന്നിൽ ഹോർടെൻസ് പ്രഭ്വി ഇരിക്കുന്നുണ്ട്.
അരികിൽ നിൽക്കുന്ന ഒരു ഇൻഫൻട്രി കേണൽ പറഞ്ഞ എന്തോ തമാശ കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കവെയാണ്
അവരുടെ കണ്ണുകൾ ജെനവീവിന്റെ കണ്ണുകളുമായി ഉടക്കിയത്. ഒരു മാത്രനേരത്തെ സംശയഭാവത്തിന്
ശേഷം അവർ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് തന്റെ അരികിൽ നിൽക്കുന്ന കേണലുമായുള്ള സംസാരം
തുടർന്നു.
“ഞാൻ ആന്റിയുമായി ഒന്ന്
സംസാരിച്ചോട്ടേ…?” ജെനവീവ് പ്രീമിനോട് ചോദിച്ചു.
“തീർച്ചയായും… എല്ലാവരുടെയും നല്ലതിനായിരിക്കും അത്… നീ കളിക്കുന്ന ഗെയിമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അവർ അറിയുകയും
വേണമല്ലോ… ആൻ മേരിയും ജെനവീവും തമ്മിലുള്ള വ്യത്യാസങ്ങൾ അവർക്ക്
നന്നായി അറിയാമെന്ന കാര്യം നീ നിഷേധിക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്…”
ഒട്ടും തിടുക്കം കാണിക്കാതെ
അവൾ ആൾക്കൂട്ടത്തിനിടയിലൂടെ ഹോർടെൻസ് പ്രഭ്വിയുടെ അടുത്തേക്ക് നടന്നു. അവൾ അടുത്തെത്തിയതും
അവർ മുത്തം ഏറ്റുവാങ്ങാനായി പുഞ്ചിരിയോടെ അവളുടെ നേർക്ക് മുഖമുയർത്തി. “ആഘോഷമൊക്കെ
ആസ്വദിക്കുന്നില്ലേ ഷെറീ…?”
“തീർച്ചയായും…” ആന്റിയുടെ സിംഹാസനത്തിന്റെ കൈപ്പിടിയിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
ഒഴിഞ്ഞ ഗ്ലാസ് ഹോർടെൻസ്
പ്രഭ്വി കേണലിന് കൊടുത്തു. “ഒരു ഗ്ലാസ് കൂടി… ഇത്തവണ മധുരം കുറച്ച് മതിയെന്ന് അവരോട് പറഞ്ഞേക്കൂ…” ഉപചാരപൂർവ്വം തലകുനിച്ചിട്ട് അയാൾ നടന്നകന്നു. ജെനവീവിന്റെ സിഗരറ്റ്
പാക്കറ്റിൽ നിന്നും അവർ എടുത്ത സിഗരറ്റിന് അവൾ തീ കൊളുത്തി കൊടുത്തു. “എന്തോ കുഴപ്പമുണ്ടല്ലോ… നിന്റെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാവുന്നുണ്ട്… എന്താണ് സംഭവിച്ചത്…?”
“ഫയൽ തിരിച്ചു വയ്ക്കുന്നതിന്
മുമ്പ് പ്രീം അവിടെയെത്തി… സകല കാര്യങ്ങളും അദ്ദേഹത്തിന് അറിയാം…”
റൂമിന്റെ എതിർവശത്ത് ഇരിക്കുന്ന
ആരെയോ നോക്കി കൈ ഉയർത്തി ചിരിച്ചിട്ട് വീണ്ടും അവർ ജെനവീവിനെ നോക്കി. “നീ ആൻ മേരി അല്ലെന്ന്
കാര്യവും…?”
ഇരുകൈകളിലും ഗ്ലാസുകളുമായി
ആ കേണൽ തിരിച്ചു വരുന്നത് ജെനവീവ് കാണുന്നുണ്ടായിരുന്നു. മുഖത്ത് നിന്നും പുഞ്ചിരി
മായ്ക്കാതെ ആന്റിയെ നോക്കി പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. “ചതിയ്ക്കപ്പെടാൻ വേണ്ടി മാത്രമായിട്ടാണ്
മൺറോ എന്നെ ഇങ്ങോട്ട് അയച്ചത്… അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം… അല്പം മുമ്പ് പ്രീമിൽ നിന്നും അറിഞ്ഞ കാര്യമാണത്… തുടക്കം മുതൽക്കേ വൃത്തികെട്ട കളിയാണ് മൺറോ കളിച്ചുകൊണ്ടിരുന്നത്… പിന്നെ മറ്റൊരു കാര്യം… റിനേ ഇപ്പോൾ ജീവനോടെയില്ല…”
ആ വാർത്ത കേട്ടതിന്റെ
ഞെട്ടലിൽ ഹോർടെൻസ് പ്രഭ്വിയുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു. ജെനവീവ് അവരുടെ
കൈയിൽ മുറുകെ പിടിച്ചു. “പിടിച്ചു നിൽക്കണം ആന്റീ… ഇന്നത്തെ
രാത്രി നീണ്ടതായിരിക്കും…”
അപ്പോഴേക്കും ആ കേണൽ ഹോർടെൻസിനുള്ള
ഡ്രിങ്ക്സുമായി അരികിലെത്തി. ജെനവീവ് അവളുടെ ആന്റിയുടെ കവിളിൽ പതുക്കെ തട്ടി. “ഒന്നും
സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സംയമനം പാലിക്കണം…” ആർക്കും
സംശയം തോന്നാതിരിക്കാനായി ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു.
അരികിലൂടെ കടന്നു പോയ
വെയ്റ്ററുടെ ട്രേയിൽ നിന്നും അവൾ ഒരു ഗ്ലാസ് ഷാംപെയ്ൻ എടുത്തു. അതേ നിമിഷം തന്നെ പിന്നിൽ
നിന്നും എത്തിയ മാക്സ് പ്രീം അവളുടെ കൈയിൽ നിന്നും ആ ഗ്ലാസ് പിടിച്ചു വാങ്ങി അടുത്തുള്ള
മേശപ്പുറത്ത് വച്ചു.
“നീ ഇനി കഴിക്കാതിരിക്കുന്നതാണ്
നല്ലത്, ജെനവീവ്…” പ്രീം പറഞ്ഞു. “ഇന്നത്തെ രാത്രിയിൽ നിനക്ക് സ്വബോധം
ഉണ്ടായിരിക്കണം…”
അവൾ തിരിഞ്ഞു നോക്കാൻ
തുനിഞ്ഞില്ല. ചുമരിലെ കണ്ണാടിയിൽ കണ്ട അദ്ദേഹത്തിന്റെ രൂപത്തിലേക്ക് അവൾ നോക്കി. എപ്പോഴത്തെയും
എന്ന പോലെ സുന്ദരരൂപം... തിളങ്ങുന്ന മെഡലുകൾ… കഴുത്തിൽ അണിഞ്ഞിരിക്കുന്ന Knight’s Cross മെഡൽ...
പുഞ്ചിരിയോടെ അവളുടെ പ്രതികരണത്തിനായി കാത്തുനിൽക്കുകയായിരുന്നു അദ്ദേഹം. അവർക്കിടയിൽ
ആ പഴയ അടുപ്പം വീണ്ടും രൂപപ്പെട്ടതു പോലെ. പക്ഷേ, അത് അപകടമാണെന്ന് അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
“അപ്പോൾ ഇനി ആഘോഷങ്ങളൊന്നുമില്ലേ…?” അവൾ ചോദിച്ചു.
അപ്പോഴാണ് പുതിയൊരു ഗാനം
ആരംഭിച്ചത്. അദ്ദേഹം തല താഴ്ത്തി അവളോട് ചോദിച്ചു. “ഇതിനൊപ്പം നമുക്കൊന്ന് ചുവടു വച്ചാലോ…?”
“അതിനെന്താ, ആവാമല്ലോ…”
ചുവട് വയ്ക്കവെ അദ്ദേഹം
അവളെ ചെറുതായി ചേർത്തു പിടിച്ചു. ജനറൽ സീംകായുടെ അരികിലൂടെ കടന്നു പോകവെ അദ്ദേഹത്തിന്
ഒരു പുഞ്ചിരി സമ്മാനിക്കുവാൻ അവൾ മറന്നില്ല. ഫീൽഡ് മാർഷൽ റോമൽ അവളുടെ ആന്റിയോട് സൗഹൃദ
സംഭാഷണം നടത്തുന്നതും അവൾ ശ്രദ്ധിക്കാതിരുന്നില്ല. വോൺകോർട്ട് കുടുംബത്തിലെ പോയകാല
പ്രതാപശാലികൾ ചുവരിലെ ഛായാചിത്രങ്ങളിലിരുന്ന് നിഴലുകൾക്കിടയിലൂടെ അതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.
“ഇത് സ്ട്രാസ് ആണല്ലോ…” അവൾ പറഞ്ഞു. “അൽ ബൗളിയുടെ ഗാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം… ആട്ടെ, നിങ്ങൾ എന്നെ പരീക്ഷിക്കുകയായിരുന്നോ അതോ ഒരു മുന്നറിയിപ്പു
തരികയായിരുന്നോ…? അതല്ല, ഈ പാട്ടിനോട് വെറുമൊരും ഇഷ്ടം മാത്രമെന്നേയുള്ളോ…?”
“നോക്കൂ, തികച്ചും അപകടകരമായ
ഒരു അവസ്ഥയിലാണ് നാം ഇപ്പോൾ…” അദ്ദേഹം പറഞ്ഞു. “നമ്മൾ രണ്ടു പേരും…”
“നിങ്ങൾക്ക് അങ്ങനെയാണ്
തോന്നുന്നതെങ്കിൽ പിന്നെ……”
“അതെ… അങ്ങനെ തന്നെയാണ് എനിക്കിപ്പോൾ തോന്നുന്നത്… അതുകൊണ്ട് ഞാൻ ചില തീരുമാനങ്ങളൊക്കെ എടുത്തിരിക്കുകയാണ്… ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഫീൽഡ് മാർഷൽ ഇവിടെ നിന്നും പോകുന്നതോടെ ഗാർഡുകളുടെ
അകമ്പടിയോടെ നിന്നെയും ആന്റിയെയും അവരവരുടെ റൂമുകളിലേക്ക് കൊണ്ടുപോകും… പതിവിന് വിപരീതമായി ഒരു കാര്യം കൂടിയുണ്ടാവും… നിങ്ങൾ ഇരുവരുടെയും റൂമുകൾക്ക് വെളിയിൽ ഗാർഡുകൾ കാവലുണ്ടാവും.
“സ്വാഭാവികമായും…”
പെട്ടെന്നാണ് അവളുടെ നോട്ടം
അങ്ങേയറ്റത്തെ മൂലയിലേക്ക് അവിചാരിതമായി ചെന്നതും അത് ശ്രദ്ധയിൽ പെട്ടതും. നിഴലുകളുടെ
മറവിൽ തല അല്പം ചരിച്ചു പിടിച്ച് ഒരു സിഗരറ്റിന് തീ കൊളുത്തുന്ന ആ രൂപം... തന്റെ ഓർമ്മച്ചുമരിൽ
നിന്നും ഒരിക്കലും മായാത്ത ആ ചിത്രം… തീർത്തും പരിചിതമായ ആ രൂപം… പക്ഷേ, ഇത്… ഇതെങ്ങനെ…? ഇല്ല,
ഒരിക്കലും ഇത് സംഭവ്യമല്ല…
എന്നാൽ ഇപ്പോൾ അവൾ വ്യക്തമായും
അത് കണ്ടു. ചുമരിൽ ചാരി നിന്ന് ഊതി വിടുന്ന പുകയുടെ വലയത്തിൽ ആ മുഖം വ്യക്തമായും അവൾ
കണ്ടു. അവളെ ആദ്യമായി കാണുന്നത് പോലെ ആഹ്ലാദത്തോടെ അദ്ദേഹം പുഞ്ചിരിച്ചു. പിന്നെ, ഗാനത്തിനൊപ്പം
ചുവടു വച്ചുകൊണ്ട് നിന്നിരുന്ന അവരുടെ അരികിലേക്ക് അദ്ദേഹം സാവധാനം നടന്നടുത്തു. Waffen-SS
ഫ്രഞ്ച് ഷാൾമാഗ്‌നെ ബ്രിഗേഡിലെ കേണലിന്റെ പ്രൗഢഗംഭീരമായ കറുത്ത യൂണിഫോം ധരിച്ച ക്രെയ്ഗ്
ഓസ്ബോൺ.
(തുടരും)
അമ്മോ ..ശരിക്കും കോരിത്തരിച്ചു പോയി ക്രെയ്ഗിൻ്റെ എൻട്രി...കിറുകൃത്യമായി എനിക്കത് കാണാം..ബിഗ് സ്ക്രീനിൽ വിത്ത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ ആയി...waiting...
ReplyDeleteമമ്മൂക്ക.. ഉറപ്പിച്ചു.. 😄
Deleteഓസ്ബോൺ!!
ReplyDeleteഒന്നൊന്നര വരവായിരുന്നു അത്.. കിടിലോസ്‌കി!