Saturday, March 14, 2026

കോൾഡ് ഹാർബർ - 78

മുനമ്പിന് മുകളിൽ നിന്നിരുന്ന ഡോഗൽ മൺറോ തന്റെ ബൈനോക്കുലേഴ്സ് പതുക്കെ താഴ്ത്തി. വിളറി വെളുത്ത് മ്ലാനമായിരുന്നു അദ്ദേഹത്തിന്റെ മുഖം. ജൂലി ലെഗ്രാൻഡ് ഉറക്കെ കരയുന്നുണ്ടായിരുന്നു. കാർട്ടർ അവളുടെ ചുമലിൽ കൈ വച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

“ഇനി എന്താണ് സർ? അവിടെ ഒരു ഡിങ്കി കണ്ടതു പോലെ എനിക്ക് തോന്നി” കാർട്ടർ പറഞ്ഞു.

 

“തിരികെ പോകാം ജാക്ക് നമുക്ക് കോസ്റ്റ്ഗാർഡിനെ അറിയിക്കണം ഫാൾമൗത്തിൽ നിന്നുമുള്ള ലൈഫ്ബോട്ടിന് അവിടെയെത്താൻ അധിക സമയമൊന്നും വേണ്ടി വരില്ല പ്രതീക്ഷ അസ്തമിച്ചിട്ടില്ല

 

അങ്ങനെ പറഞ്ഞുവെങ്കിലും സ്വന്തം വാക്കുകളിൽ അദ്ദേഹത്തിന് ലവലേശം പോലും വിശ്വാസമുള്ളത് പോലെ തോന്നിയില്ല.

 

                                                 ***

 

കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ ഡിങ്കി വല്ലാതെ ആടിയുലയുന്നുണ്ടായിരുന്നു. തത്ഫലമായി ജെനവീവ് പല തവണ ഛർദ്ദിച്ചു. ഉള്ളിലുള്ളതെല്ലാം തികട്ടി പുറത്ത് വന്നതോടെ തീർത്തും അവശയായിരുന്നു അവൾ. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം കറുത്തിരുണ്ട മാനം. കോരിച്ചൊരിയുന്ന മഴ. ഒരടിയോളം വെള്ളം കെട്ടിക്കിടക്കുന്ന ഡിങ്കിയ്ക്കുള്ളിൽ ദേഹമാസകലം നനഞ്ഞ് കുതിർന്ന് മലർന്ന് കിടക്കുകയായിരുന്നതിനാൽ അവൾക്ക് മഴയൊന്നും ഒരു പ്രശ്നമേയല്ലായിരുന്നു.

 

ലിലി മർലിൻ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായിട്ട് ഏതാണ്ട് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകണം. അധികമലെയല്ലാതെ ഒരു എഞ്ചിന്റെ ശബ്ദം കേട്ട് അവൾ എഴുന്നേറ്റ് ഇരുന്ന് നോക്കി. ഫാൾമൗത്തിൽ നിന്നുള്ള ഒരു ലൈഫ്ബോട്ട് തനിക്കരികിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതാണ് അവൾ കണ്ടത്. അഞ്ച് മിനിറ്റിനുള്ളിൽ അവർ അവളെ ആ ബോട്ടിന്റെ ക്യാബിനുള്ളിൽ എത്തിച്ചു. അവർ നൽകിയ ബ്ലാങ്കറ്റ് പുതച്ച് ഇരിക്കുന്ന അവൾക്ക് ഒരാൾ ചൂടു കാപ്പി നൽകി.

 

ഓയിൽസ്കിൻ ധരിച്ച, നരച്ച മുടിയുള്ള ഒരു മദ്ധ്യവയസ്കൻ പ്രസന്നമായ മുഖത്തോടെ അവളുടെ മുന്നിലെത്തി. “മിസ്, ഞാനാണ് ഈ ബോട്ടിന്റെ സ്രാങ്ക് ആർ യൂ ഓൾറൈറ്റ്?”

 

“യെസ്” അവൾ പറഞ്ഞു.

 

“വേറെയാരെയും കണ്ടെത്താൻ ഞങ്ങൾക്കായില്ല

 

“അതിനുള്ള സാദ്ധ്യതയുണ്ടെന്ന് തോന്നുന്നുമില്ല” നിർവ്വികാരതയോടെ അവൾ പറഞ്ഞു.

 

“എന്തായാലും ഒരു മണിക്കൂർ കൂടി ഞങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട് അതിന് ശേഷം നിങ്ങളെ കോൾഡ് ഹാർബറിൽ എത്തിക്കാനാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം” ഒന്ന് സംശയിച്ചിട്ട് അയാൾ തുടർന്നു. “യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് മിസ്? എങ്ങനെയാണ് കപ്പൽ മുങ്ങിയത്?”

 

“എനിക്കറിയില്ല” അവൾ പറഞ്ഞു. “എനിക്ക് തോന്നുന്നത് എല്ലാം ഒരു ഗെയിം ആയിരുന്നുവെന്നാണ് പക്ഷേ, കൈവിട്ടു പോയി എന്ന് മാത്രം വിഡ്ഢിത്തരത്തിന്റെ അങ്ങേയറ്റം ജസ്റ്റ് ലൈക്ക് ദി വാർ

 

ഒന്നും മനസ്സിലാവാതെ അയാൾ പുരികം ചുളിച്ചു. പിന്നെ ചുമൽ വെട്ടിച്ച് പുറത്തേക്ക് പോയി. ജെനവീവ് ഇരുകൈകളും മഗ്ഗിൽ ചേർത്ത് പിടിച്ചു. അതിന്റെ ചൂടിൽ അല്പം ആശ്വാസം തോന്നിയ അവൾ ദൂരേയ്ക്ക് നോക്കി ഇരുന്നു.

 

                                                   ***

 

ഡാർക്ക് റൂമിൽ വച്ച് കാർട്ടർ ആ ഫിലിം റോൾ പുറത്തെടുത്തു. തൊട്ടടുത്ത് നിന്നിരുന്ന മൺറോ ചോദിച്ചു. “ഫിലിമിന് കുഴപ്പമൊന്നുമില്ലല്ലോ ജാക്ക്? കുറേയധിക നേരം വെള്ളത്തിൽ കിടക്കുകയായിരുന്നല്ലോ അവൾ

 

“കണ്ടിട്ട് കുഴപ്പമൊന്നും ഇല്ലെന്ന് തോന്നുന്നു സർ അത് അങ്ങനെയേ വരൂ ആ കെയ്സിലുള്ള സിഗരറ്റുകൾ പോലും നനഞ്ഞിരുന്നില്ല” അയാൾ ആ ഫിലിം ഉയർത്തി കാണിച്ചു.

 

“ഇത് റോമലിന്റെ ബ്രീഫ്കെയ്സിൽ ഉണ്ടായിരുന്ന രേഖകളുടെ പകർപ്പ് തന്നെയാണെന്നാണോ അവൾ പറയുന്നത്?” മൺറോ ചോദിച്ചു.

 

“അതെ സർ വേറെയും പേപ്പറുകൾ ഉണ്ടായിരുന്നുവത്രെ പക്ഷേ, ഇരുപത് ഷോട്ടുകൾ മാത്രമേ ആ ഫിലിം കൊണ്ട് എടുക്കാനാവുമായിരുന്നുള്ളൂ

 

“എന്തായാലും ഇതൊരു മിറാക്കിൾ തന്നെയാണ് ജാക്ക് ഈ യുദ്ധത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് അട്ടിമറി ഐസൻഹോവറിനും SHAEFൽ ഉള്ള പ്ലാനിങ്ങ് സ്റ്റാഫിനും ഇതു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല...” അദ്ദേഹം തല കുലുക്കി. “ഷീ ഡിഡ് ഇറ്റ്, ജാക്ക് അവളെപ്പോലൊരു പെൺകുട്ടി അതും ചാരവൃത്തിയിൽ ഒട്ടും പ്രവൃത്തി പരിചയമില്ലാത്തവൾ എന്റെ നിഗമനങ്ങൾ പാടെ തെറ്റിപ്പോയി എന്ന് പറയേണ്ടി വരും

 

“ശരിയാണ് സർ പക്ഷേ, അതിന്റെ വില വളരെ വലുതായിപ്പോയി എന്ന് മാത്രം

 

“ഇന്നലെ രാത്രി ലുഫ്ത്‌വാഫ് വിമാനങ്ങൾ വീണ്ടും ലണ്ടന് മേൽ ബോംബ് വർഷിച്ചു നിരവധി പേർ മരണമടഞ്ഞു അവരുടെ ജീവനൊന്നും വിലയില്ലേ? വേറെയും ഉദാഹരണങ്ങൾ പറയണോ ഞാൻ?”

 

“വേണ്ട സർ എനിക്ക് മനസ്സിലായി

 

മൺറോ തല കുലുക്കി. “എനിക്ക് ലണ്ടനിലേക്ക് ചില ഫോൺ കോളുകൾ ചെയ്യാനുണ്ട് അര മണിക്കൂറിന് ശേഷം ലൈബ്രറിയിൽ വച്ച് കാണാം നമുക്ക്

 

“ജെനവീവിന്റെ കാര്യമോ സർ?”

 

“ഓ, അവളെയും കൂട്ടിക്കൊണ്ടു വന്നോളൂ

 

                                               ***

 

ജൂലി ബാത്ത് ടബ്ബിൽ നിറച്ചു കൊടുത്ത ഇളംചൂടുവെള്ളത്തിന്റെ ചൂട് മാറുന്നത് വരെയും ജെനവീവ് മുങ്ങിക്കിടന്നു. പിന്നെ എഴുന്നേറ്റ് ശ്രദ്ധയോടെ ദേഹം തോർത്തി. ശരീരരത്തിൽ എമ്പാടും പോറലും ചതവുമാണ്. എങ്കിലും വേദനയൊന്നും തോന്നിയില്ല അവൾക്ക്. പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല എന്ന് പറയുന്നതായിരിക്കും ശരി. അവൾക്ക് ആവശ്യമുള്ള അണ്ടർവെയറും പാന്റ്സും ജാക്കറ്റും കട്ടിയുള്ള ഒരു സ്വെറ്ററും ജൂലി കിടക്കയിൽ വച്ചിട്ടുണ്ടായിരുന്നു. വേഷം ധരിച്ചു കഴിഞ്ഞപ്പോഴേക്കും ജൂലി കടന്നു വന്നു.

 

“എങ്ങനെയുണ്ട് ഷെറീ?”

 

“ഫൈൻ വിഷമിക്കാനൊന്നുമില്ല” ഒന്ന് സംശയിച്ചിട്ട് അവൾ ചോദിച്ചു. “ക്രെയ്ഗിനെയും കൂട്ടരെയും കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?”

 

“ഇല്ല കുട്ടീ

 

“എനിക്കും പ്രതീക്ഷയൊന്നും ഇല്ലായിരുന്നു

 

“അല്പം മുമ്പ് ജാക്കിനെ കണ്ടിരുന്നു ആ ഫിലിം റോളിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പറഞ്ഞത് ഇത് നിനക്ക് തരാൻ പറഞ്ഞു

 

ജൂലി ആ സിഗരറ്റ് കെയ്സ് അവൾക്ക് നൽകി. ചെറുതായൊന്ന് പുഞ്ചിരിച്ചിട്ട് അവൾ അത് വാങ്ങി. “എന്നെന്നും ഓർമ്മിക്കാനായി ഒരു സുവനീർ ഇത് എനിക്കുള്ളതാണോ?”

 

“അതെനിക്കറിയില്ല കുട്ടീ മൺറോ ലൈബ്രറിയിലുണ്ടെന്ന് ജാക്ക് പറഞ്ഞു അദ്ദേഹത്തിന് നിന്നെ കാണണമത്രെ

 

“ഗുഡ്” ജെനവീവ് പറഞ്ഞു. “അത് നന്നായി അദ്ദേഹത്തെ എനിക്കുമൊന്ന് കാണണം

 

വാതിലിന് നേർക്ക് നടന്ന ജെനവീവ് അപ്പോഴാണ് മുറിയുടെ മൂലയിൽ കൊളുത്തിയിട്ടിരുന്ന ആൻ മേരിയുടെ വസ്ത്രങ്ങൾ കണ്ടത്. ഒന്ന് സംശയിച്ചു നിന്ന അവൾ അങ്ങോട്ട് ചെന്ന് തന്റെ സഹോദരിയുടെ ഹണ്ടിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിൽ പരതി.  കൈയിൽ ഒരു വാൾട്ടർ പിസ്റ്റളുമായിട്ടാണ് അവൾ തിരിഞ്ഞത്.

 

“വിലപിടിപ്പുള്ള മറ്റൊരു സുവനീർ കൂടി” ആ പിസ്റ്റൾ പോക്കറ്റിൽ നിക്ഷേപിച്ചിട്ട്, തിരിഞ്ഞ് വാതിൽ തുറന്ന് അവൾ പുറത്തേക്ക് പോയി.

 

അമ്പരപ്പോടെ ഒരു നിമിഷം സ്തബ്ധയായി നിന്നുപോയ ജൂലി പിന്നെ അവളെ അനുഗമിച്ചു.

 

(തുടരും)

No comments:

Post a Comment