Saturday, March 7, 2026

കോൾഡ് ഹാർബർ - 77

ലിലി മർലിന്റെ നേർക്ക് ഒരു റൗണ്ട് വെടിയുതിർത്തിട്ട് എഡ്ജ്, വിമാനം വലതുവശത്തേക്ക് വളച്ചെടുത്തു. ഹെയറിനൊപ്പം ക്രെയ്ഗും ജെനവീവും വീൽഹൗസിൽ ഉണ്ടായിരുന്നു.

 

“ജീസസ്, അത് എഡ്ജാണല്ലോ” ക്രെയ്ഗ് പറഞ്ഞു. “ഇവനെന്താണീ കാണിക്കുന്നത്?”

 

സാധാരണഗതിയിൽ ഒരിക്കലും ഉപയോഗിക്കാറില്ലാത്ത റേഡിയോയുടെ നേർക്ക് ഹെയർ തിരിഞ്ഞു. ലൗഡ്സ്പീക്കർ ഓൺ ചെയ്തിട്ട് അദ്ദേഹം ഹാൻഡ്മൈക്ക് കൈയിലെടുത്തു. “കമിൻ എഡ്ജ്! കമിൻ! വാട്ട്സ് ഗോയിങ്ങ് ഓൺ?”

 

താഴ്ന്ന് പറന്ന ജങ്കേഴ്സ് വീണ്ടും അവരുടെ നേർക്ക് എത്തി. വിമാനത്തിൽ നിന്നുള്ള പീരങ്കിയുടെ ഷെല്ലുകൾ അവരുടെ ഇടതുഭാഗത്തായി വെള്ളത്തിൽ പതിച്ചു.

 

“യൂ ആർ ഡെഡ്!” വളരെ വ്യക്തമായിരുന്നു ലൗഡ്സ്പീക്കറിലൂടെയെത്തിയ എഡ്ജിന്റെ സ്വരം. ഒരു ഭ്രാന്തനെപ്പോലെ അലറി ചിരിക്കുകയായിരുന്നു അവൻ. “നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നുണ്ടോ ഹെയർ?” അവൻ വിമാനം ഉയർത്തി ദൂരേയ്ക്ക് പറന്നു. “നിങ്ങളെക്കൊണ്ട് ഞങ്ങൾക്കുണ്ടായ ശല്യം കുറച്ചൊന്നുമല്ല ഏറ്റവും ബുദ്ധിമുട്ടിയത് ആ വയസ്സൻ പാവം ബ്രിഗേഡിയറാണ് നിങ്ങളും ഓസ്ബോണും ആ നശിച്ച ട്രെവോൺസും തിരികെ വരാതിരിക്കുകയായിരുന്നു ഞങ്ങൾക്ക് നല്ലത്

 

അവൻ വീണ്ടും കപ്പലിന്റെ വലതുഭാഗത്തേക്ക് പറന്നെത്തി. ഹെയർ ലോക്കർ തുറന്ന്, മടക്കി വച്ചിട്ടുള്ള ഒരു പതാകയെടുത്ത് ലാങ്ങ്സ്ഡോർഫിന് നേർക്ക് നീട്ടി. “എനിക്ക് തോന്നുന്നത്, നമ്മുടെ പതാക ശരിയ്ക്കും ഒരു പ്രശ്നമാകുമെന്നാണ് ആ ക്രീഗ്സ്മറീൻ പതാക താഴെയിറക്കി ഇത് ഉയർത്താൻ പറയൂ

 

വേഗത വർദ്ധിപ്പിച്ച് വലതുവശത്തേക്ക് തിരിച്ചതോടെ മുൻഭാഗം ഉയർന്ന് പൊങ്ങി കപ്പൽ കുതിച്ചു. പതാകയുമായി പുറത്തേക്ക് ഇറങ്ങിയ ലാങ്ങ്സ്ഡോർഫ് ഉച്ചത്തിൽ വിളിച്ചു. വിളി കേട്ട് വാഗ്‌നർ ഗോവണി വഴി മുകളിലെത്തി. ആ പതാക അയാൾക്ക് കൈമാറി, വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ട് ലാങ്ങ്സ്ഡോർഫ് തിരികെയെത്തി.

 

“ഇപ്പോഴും ഇവിടെയുണ്ടല്ലേ?” എഡ്ജിന്റെ ശബ്ദം ലൗഡ്സ്പീക്കറിൽ വീണ്ടും മുഴങ്ങി. “നമുക്ക് ഒന്നു കൂടി മുട്ടിനോക്കിയാലോ? നോക്കിക്കോളൂ എത്രത്തോളം നിങ്ങളുടെ അരികിൽ എനിക്ക് എത്താൻ ആവുമെന്ന്

 

പാഞ്ഞെത്തിയ വിമാനം ഏതാണ്ട് അമ്പത് അടി ഉയരത്തിൽ കപ്പലിന്റെ പിൻഭാഗത്തെ ഡെക്കിന് മുകളിലൂടെ കടന്നു പോയി. ആ സമയത്ത് വാഗ്‌നർ വീൽഹൗസിന് മുകളിലെ കൊടിമരത്തിലുള്ള ക്രീഗ്സ്മറീൻ പതാക താഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത നിമിഷം നക്ഷത്രങ്ങളും വരകളുമുള്ള അമേരിക്കൻ പതാക തൽസ്ഥാനത്ത് ഉയർന്നു. ആ ദൃശ്യം എഡ്ജിനെ ഒന്നു കൂടി രോഷാകുലനാക്കി.

 

“ബ്ലഡി യാങ്ക്സ്…!” അവൻ അലറി വിളിച്ചു.

 

വീണ്ടും താഴ്ന്ന് പറന്നെത്തിയ എഡ്ജ് തന്റെ മെഷീൻ ഗൺ പ്രവർത്തിപ്പിക്കുവാനാരംഭിച്ചു. ഡെക്കിൽ വലതുഭാഗത്ത് തുരുതുരാ വന്ന് പതിച്ച വെടിയുണ്ടകളേറ്റ് കൊല്ലപ്പെട്ട ഹാഡ്റ്റും ഷ്നൈഡറും  കൈവരികൾക്ക് മുകളിലൂടെ കടലിലേക്ക് മറിഞ്ഞു.

 

“ജീസസ്, അവന് വട്ടാണ്…!” ക്രെയ്ഗ് പറഞ്ഞു.

 

ഡെക്കിന് പിൻഭാഗത്തെ ബോഫോഴ്സ് ഗൺ ഓപ്പറേറ്റ് ചെയ്യാൻ അപ്പോഴേക്കും വാഗ്‌നറും ബോവറും ഓടിയെത്തി. ഗണ്ണിൽ ഉയർന്നു പൊങ്ങിയ ട്രേസർ ഒരു ആർച്ച് രൂപത്തിൽ വിമാനത്തിന് നേർക്ക് കുതിച്ചു. അതോടൊപ്പം, ഡെക്കിന് മുൻഭാഗത്തെ 20mm പീരങ്കിയുടെ പിറകിൽ നിന്നിരുന്ന വിറ്റിഗ് ഒട്ടും സമയം പാഴാക്കാതെ അത് പ്രവർത്തിപ്പിച്ചു.

 

വലതുവശത്തെ ചിറകിൽ പീരങ്കിയുടെ ഷെല്ലുകളേറ്റ് ദ്വാരങ്ങൾ വീണതോടെ ജങ്കേഴ്സ് ആടിയുലഞ്ഞു. ശപിച്ചുകൊണ്ട് എഡ്ജ് വിമാനം ഇടതുവശത്തേക്ക് വീശിയെടുത്തു. “ഓൾറൈറ്റ് യൂ ബാസ്റ്റഡ്സ്” അവൻ അലറി. “അത്രയ്ക്കായി അല്ലേ എന്നാൽ പിന്നെ ഇതാ പിടിച്ചോ.”

 

അവൻ വീണ്ടും താഴേയ്ക്ക് എത്തി. ഇത്തവണ വളരെ താഴ്ന്ന് കപ്പലിന്റെ പിൻഭാഗത്തേയ്ക്ക്. ഹെയർ ലിലി മർലിന്റെ വേഗത വർദ്ധിപ്പിച്ചു. ഡെയിംലർ ബെൻസ് എഞ്ചിനുകൾ അതിന്റെ സകല ശക്തിയുമെടുത്ത് പ്രവർത്തിച്ചു തുടങ്ങിയതോടെ വേഗത നാല്പത് നോട്ട്സിന് മുകളിലായി. തിരകൾക്ക് മുകളിലൂടെ കയറിയിറങ്ങിക്കൊണ്ട് അത് ഹാർബർ ലക്ഷ്യമാക്കി കുതിച്ചു.

 

എഡ്ജ് വിദഗ്ദ്ധനായൊരു പൈലറ്റ് ആണെന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ അന്നത്തെ പ്രഭാതത്തിൽ മനസ്സിലൂടെ പാഞ്ഞ ചിന്തകളും മദ്യപാനവും അവനെ ഒരു ജീനിയസ് ആക്കി എന്ന് പറയുന്നതായിരിക്കും ശരി. ഏതാണ്ട് നാനൂറ് മൈൽ വേഗതയോടെ കടൽ നിരപ്പിൽ നിന്നും കേവലം മുപ്പത് അടി മാത്രം ഉയരത്തിൽ അവൻ കപ്പലിന് നേർക്ക് പറന്നെത്തി.

 

ക്രെയ്ഗ് ജെനവീവിന്റെ കൈ പിടിച്ച് വലിച്ചു. “തറയിൽ കമഴ്ന്ന് കിടക്കൂ!” അദ്ദേഹം അലറി. അവളെ വലിച്ച് താഴെയിട്ടിട്ട് അദ്ദേഹവും കമഴ്ന്നു കിടന്നു.

 

എഡ്ജ് തന്റെ മെഷീൻ ഗണ്ണുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. ഡെക്കിന്റെ പിൻഭാഗത്ത് അസംഖ്യം വെടിയുണ്ടകൾ വന്നു പതിച്ചു. ബോഫോഴ്സ് ഗൺ ഓപ്പറേറ്റ് ചെയ്തിരുന്ന വാഗ്‌നറും ബോവറും വെടിയേറ്റ് മറിഞ്ഞു വീണു. വീൽഹൗസിന്റെ ചില്ലു ജാലകങ്ങൾ തകർത്ത മറ്റൊരു വെടിയുണ്ട ലാങ്ങ്സ്ഡോർഫിന്റെ മുതുകത്താണ് തറച്ചത്. തല കീഴായി അയാൾ താഴേക്ക് വീണു.

 

പെട്ടെന്നാണ് ലിലി മർലിന്റെ വേഗത കുറഞ്ഞത്. ക്രെയ്ഗ് ചാടിയെഴുന്നേറ്റു. ഒപ്പം ജെനവീവും. മുന്നോട്ട് വേച്ച് വേച്ച് വരുന്ന ഹെയറിനെയാണ് അവൾ കണ്ടത്. അദ്ദേഹത്തിന്റെ റീഫർ ജാക്കറ്റിൽ രക്തം പുരണ്ടിരുന്നു. കൺട്രോൾ പാനലിന്റെ പാതിഭാഗം വെടിയുണ്ടകളേറ്റ് തെറിച്ചു പോയിരിക്കുന്നു. താഴെ ഡെക്കിൽ പീരങ്കി പ്രവർത്തിപ്പിച്ചിരുന്ന വിറ്റിഗ് ചേതനയറ്റ് പീരങ്കിയുടെ കുഴലിന് മേൽ വീണു കിടക്കുന്നു.

 

“നിങ്ങൾക്ക് പരിക്കേറ്റിരിക്കുന്നല്ലോ മാർട്ടിൻ” അവൾ ഹെയറിന്റെ ചുമലിൽ കൈ വച്ചു.

 

അദ്ദേഹം അവളെ തള്ളി മാറ്റി. ആ സമയത്ത് ഇടതുവശത്തു കൂടി പറന്നെത്തിയ ജങ്കേഴ്സ് കപ്പലിന് നേർക്ക് വീണ്ടും ഷെല്ലുകൾ വർഷിച്ചു. ലിലി മർലിന് തീ പിടിച്ചു കഴിഞ്ഞിരുന്നു. താഴെ നിന്നും ഉയർന്നു തുടങ്ങിയ പുകച്ചുരുളുകൾക്കിടയിലൂടെ ഡെക്കിന്റെ മുൻഭാഗത്തേയ്ക്ക് ഓടുന്ന ഷ്മിഡ്റ്റിനെ അവൾ കണ്ടു. പീരങ്കിക്കുഴലിന് മുകളിൽ വീണുകിടക്കുന്ന വിറ്റിഗിന്റെ മൃതദേഹം വലിച്ചു മാറ്റി വീണ്ടും അത് പ്രവർത്തിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു അവൻ.

 

“കപ്പൽ മുങ്ങുകയാണ് ജെനവീവിനെ പുറത്തെത്തിക്കണം” ഹെയർ വിളിച്ചു പറഞ്ഞു.

 

അവളെയും കൊണ്ട് ക്രെയ്ഗ് ഡെക്കിലേക്ക് ഇറങ്ങി. അപ്പോഴേക്കും ഡെക്കിലേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നു. തൊട്ടു പിന്നാലെ ഹെയറും ഇറങ്ങി. ഡെക്കിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരുന്ന റബ്ബർ ഡിങ്കികളിൽ ഒന്ന് അദ്ദേഹവും ക്രെയ്ഗും ചേർന്ന് അഴിച്ചെടുത്ത് കൈവരികൾ മുകളിലൂടെ വെള്ളത്തിലേക്കിട്ടു.

 

ഡിങ്കിയിൽ ബന്ധിച്ചിരുന്ന കയറിന്റെ അറ്റം ക്രെയ്ഗിന്റെ കൈയിലായിരുന്നു. “ഗോ ഓൺ ഗെറ്റ് ഇൻ!” അദ്ദേഹം അവളോട് പറഞ്ഞു.

 

അദ്ദേഹം പറഞ്ഞത് പോലെ തന്നെ അവൾ ചെയ്തു. ഡിങ്കിയിലേക്ക് ചാടുന്നതിനിടയിൽ അടി തെറ്റിയ അവൾ തല കുത്തിയാണ് അതിലേക്ക് വീണത്. അതേ നിമിഷം തന്നെ എഡ്ജ് വീണ്ടും കപ്പലിന്റെ പിൻഭാഗത്തേക്ക് താഴ്ന്ന് പറന്നെത്തി.

 

“ആ നായിന്റെ മോന് കൊടുത്തിട്ടേയുള്ളൂ ഇനി ബാക്കി കാര്യം” ഹെയർ തിരിഞ്ഞ് ബോഫോഴ്സ് ഗണ്ണിന് നേർക്ക് കുതിച്ചു.

 

ഒന്ന് സംശയിച്ച് നിന്ന ക്രെയ്ഗ് പെട്ടെന്ന് കൈയിലെ കയർ റിലീസ് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ ജെനവീവും ഡിങ്കിയും കപ്പലിൽ നിന്നും ഏതാണ്ട് പത്ത് വാര ദൂരത്ത് എത്തിക്കഴിഞ്ഞിരുന്നു. “ക്രെയ്ഗ്!” അവൾ അലമുറയിട്ടു. പക്ഷേ, വൈകിപ്പോയിരുന്നു.

 

ഞൊടിയിടയിൽ അദ്ദേഹം ബോഫോഴ്സ് ഓപ്പറേറ്റ് ചെയ്യുന്ന ഹെയറിനരികിലെത്തി. മുട്ടറ്റം വെള്ളമുണ്ടായിരുന്നു ഡെക്കിൽ അപ്പോൾ. “വിമാനത്തിന്റെ അടിഭാഗമായിരിക്കണം ഉന്നം ” ക്രെയ്ഗ് വിളിച്ചു പറഞ്ഞു. “ആ നൈട്രസ് ഓക്സൈഡ് ടാങ്കുകൾ അതാണ് തകർക്കേണ്ടത്

 

ഷെല്ലുകൾ ഉതിർത്തു കൊണ്ട് മുകളിലെത്തിയ ജങ്കേഴ്സിനെ ലക്ഷ്യമാക്കി ഹെയർ ബോഫോഴ്സ് പ്രവർത്തിപ്പിച്ചു. എന്നാൽ ഷെല്ലുകളേറ്റ് ഉയർന്ന് പൊങ്ങി പിറകോട്ട് മറിയുന്ന മാർട്ടിൻ ഹെയറിനെയാണ് ഡിങ്കിയിൽ കിടക്കുകയായിരുന്ന ജെനവീവ് കണ്ടത്. പീരങ്കിയുടെ നിയന്ത്രണം ഏറ്റെടുത്ത ക്രെയ്ഗ് തലയ്ക്ക് മുകളിലൂടെ പറന്നുയരുന്ന ജങ്കേഴ്സിനെ ലക്ഷ്യമാക്കി ഉന്നം പിടിച്ചു.

 

ജെനവീവ് തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ സ്ഫോടനമായിരുന്നു അത്. നൈട്രസ് ഓക്സൈഡ് ടാങ്കുകൾ ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ചപ്പോൾ ആ ജങ്കേഴ്സ് വിമാനം വലിയൊരു തീഗോളമായി മാറി. അനേകം കഷണങ്ങളായി ചിതറിത്തെറിച്ച വിമാന ഭാഗങ്ങൾ കടലിൽ എമ്പാടും വന്നു പതിച്ചു.

 

വലിയൊരു തിരമാലയുടെ മുകളിലേക്ക് ആ ഡിങ്കി കയറി. കപ്പലിൽ നിന്നും ഏതാണ്ട് അമ്പത് വാരയോളം അകലെയായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. ലിലി മർലിന്റെ മുൻഭാഗം വെള്ളത്തിന് മുകളിലേക്ക് ഉയരുന്നത് ജെനവീവ് കണ്ടു. ക്രെയ്ഗ് ഓസ്ബോണിന്റെയോ ഷ്മിഡ്റ്റിന്റെയോ യാതൊരു അടയാളവും എങ്ങും കാണാനുണ്ടായിരുന്നില്ല. തന്റെ കണ്ണ് എത്തുന്ന ദൂരത്തെങ്ങും ഒരു മനുഷ്യന്റെയും അടയാളമില്ല. കപ്പലിന്റെ മുൻഭാഗം ഒന്നു കൂടി മുകളിലേക്കുയർന്നു. ഒരു നിമിഷ നേരം, കൊടിമരത്തിലെ അമേരിക്കൻ പതാക ഒന്നു കൂടി വിടർന്ന് പാറിക്കളിച്ചു. പിന്നെ കപ്പൽ  വെള്ളത്തിനടിയിലേക്ക് ഇറങ്ങുവാൻ തുടങ്ങി. അധികം താമസിയാതെ ലിലി മർലിൻ പൂർണ്ണമായും കടലിന്റെ അഗാധതയിൽ അപ്രത്യക്ഷമായി.

 

(തുടരും)

2 comments:

  1. ഓഹ്!! എന്താണിവിടെ സംഭവിച്ചത്??!!

    ആ വട്ടൻ ചെക്കൻ കാരണം എത്ര ജീവനുകൾ പൊലിഞ്ഞു 😔😔

    ReplyDelete
    Replies
    1. സത്യം... ഒരു കപ്പലിന്റെ ഫുൾ ക്രൂ... സങ്കടമായിപ്പോയി... 😢

      Delete