Friday, January 31, 2025

കോൾഡ് ഹാർബർ - 26

മൈക്കിൾ എന്നായിരുന്നു ആ ഹെയർഡ്രെസ്സറുടെ പേര്. അധികം ഉയരവും വണ്ണവും ഇല്ലാത്ത ശരീരപ്രകൃതം. ചെവിയുടെ മുകളിലേയ്ക്ക് അല്പം നീണ്ടു കിടക്കുന്ന കറുത്ത മുടിയുടെ അറ്റം കളർ ചെയ്ത് വെളുപ്പിച്ചിരിക്കുന്നു. വൃത്തിയുള്ള വസ്ത്രധാരണം. ജൂലിയ്ക്ക് നേരത്തേ തന്നെ പരിചയമുള്ള ആളാണ് മൈക്കിൾ.

 

“ഓ, യെസ് റിമാർക്കബ്‌ൾ റിയലി റിമാർക്കബ്‌ൾ” ജെനവീവിനെ കണ്ട മാത്രയിൽത്തന്നെ അയാൾ പറഞ്ഞു.

 

അയാൾ തന്റെ ബ്രൗൺ നിറമുള്ള ബ്രീഫ്കെയ്സ് തുറന്നു. അതിനുള്ളിൽ നിറയെ മെയ്ക്കപ്പ് സാധനങ്ങളായിരുന്നു. ഒരു കാർഡ്ബോഡ് ഫയൽ പുറത്തെടുത്തിട്ട് അയാൾ പറഞ്ഞു. “ഞാൻ ഈ ഫയൽ നന്നായി വായിച്ചു നോക്കി ഞാൻ കരുതിയതിനെക്കാൾ എളുപ്പമാണ് കാര്യങ്ങൾ

 

അയാൾ തന്റെ ഓവർകോട്ട് അഴിച്ചുമാറ്റിയിട്ട് ചീപ്പും റേസറും പുറത്തെടുത്തു. “എന്നാൽ പിന്നെ നമുക്ക് തുടങ്ങുകയല്ലേ

 

“ഇതിലും മിടുക്കനായ ഒരാളെ ഇനി കിട്ടാനില്ല” ഒരു ടവൽ എടുത്ത് ജെനവീവിന്റെ ചുമലിലൂടെ പുതപ്പിക്കവെ ജൂലി പറഞ്ഞു. “വർഷങ്ങളോളം എൽസ്ട്രീ ഫിലിം സ്റ്റുഡിയോയിൽ സീനിയർ മെയ്ക്കപ്പ്മാൻ ആയിരുന്നു മൈക്കിൾ

 

“ശരിയാണ്” ചീപ്പ് കൊണ്ട് അവളുടെ മുടി കോതിയൊതുക്കവെ അയാൾ പറഞ്ഞു. “സർ അലക്സാണ്ടർ കോർഡയോടൊപ്പമായിരുന്നു ഞാൻ ഹെൻട്രി എട്ടാമനായി വേഷമിട്ട മിസ്റ്റർ ചാൾസ് ലാഫ്റ്റന് മെയ്ക്കപ്പ് ഇട്ടത് ഞാനായിരുന്നു എളുപ്പമായിരുന്നില്ല അത് എന്നും രാവിലെ മണിക്കൂറുകളോളം നീളുന്ന ജോലി എന്നാൽ ഇപ്പോൾ ഈ പ്രായത്തിൽ അത്ര ബുദ്ധിമുട്ടാനൊന്നും എനിക്ക് വയ്യ ഫാൾമൗത്തിൽ ഒരു തീയേറ്റർ ഉണ്ടെനിക്ക് എല്ലാ ആഴ്ച്ചയും വെവ്വേറെ പരിപാടികൾ നേവൽ ബേസ് ആയതു കൊണ്ട് ഷോ കാണാൻ ധാരാളം നാവികർ വരാറുണ്ട് അതുകൊണ്ട് കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു

 

നിമിഷംപ്രതി താൻ ആൻ മേരി ആയി മാറിക്കൊണ്ടിരിക്കുന്നത് കണ്ണാടിയിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു അവൾ. മുടിയുടെ കാര്യത്തിൽ മാത്രമായിരുന്നില്ല അത്. മൈക്കിളിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരുന്നു അത്. ലിപ്‌സ്റ്റിക്കിന്റെ ഷെയ്ഡ്, കവിളിണകളിലെ റൂഷ്, കൺപീലികളിലെ മസ്കാര എന്നിവയുടെ കാര്യത്തിലൊക്കെ വളരെ ശ്രദ്ധ പുലർത്തി അയാൾ. താൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ചാനൽ നമ്പർ 5 എന്ന പെർഫ്യൂം ആയിരുന്നു അയാൾ അവളുടെ വസ്ത്രത്തിൽ പുരട്ടിയത്.

 

ജെനവീവിൽ നിന്നും ആൻ മേരിയിലേക്കുള്ള മാറ്റം പൂർത്തിയാക്കാൻ ഏതാണ്ട് ഒന്നര മണിക്കൂർ വേണ്ടി വന്നു അയാൾക്ക്. എല്ലാം കഴിഞ്ഞതും അല്പം പിറകോട്ട് മാറിനിന്ന് വിലയിരുത്തിയിട്ട് സംതൃപ്തിയോടെ അയാൾ തല കുലുക്കി.

 

“മനോഹരം എന്ന് പറയാതെ വയ്യ” മൊറോക്കൻ ലെതർ കൊണ്ട് നിർമ്മിച്ച ഒരു ചെറിയ മെയ്ക്കപ്പ് കെയ്സ് അയാൾ പുറത്തെടുത്തു. “നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇതിനകത്തുണ്ട് ഡിയർ എല്ലാ സാധനങ്ങളും ആവശ്യത്തിലും അല്പം അധികം പുരട്ടുവാൻ മറക്കരുത് ഒരു പക്ഷേ, അതായിരിക്കും നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നവും കാരണം, അങ്ങനെ അധികം മെയ്ക്കപ്പൊന്നും ഉപയോഗിക്കാത്ത കൂട്ടത്തിലാണല്ലോ നിങ്ങൾ” ആ മെയ്ക്കപ്പ് കെയ്സ് അടച്ചിട്ട് അയാൾ ജൂലിയുടെ കവിളി തട്ടി. “ഫാൾമൗത്തിലേക്ക് പറക്കാനുള്ളതാണ് ഇന്ന് രാത്രി ഷോ ഉണ്ട്

 

അദ്ദേഹത്തിന്റെ പിന്നിൽ വാതിൽ അടഞ്ഞു. കണ്ണാടിയിലെ തന്റെ രൂപത്തിലേക്ക് നോക്കി ജെനവീവ് ഇരുന്നു. “ഞാൻ തന്നെ എന്നാൽ ഞാനല്ല താനും” അവൾ അത്ഭുതം കൂറി.

 

ജൂലി അവൾക്ക് നേരെ ഒരു സിഗരറ്റ് നീട്ടി. “ഒരു ജിറ്റാൻ വലിച്ചു നോക്കൂ” അവൾ അത് നിരസിച്ചതും ജൂലി പറഞ്ഞു. “നീയിപ്പോൾ ആൻ മേരിയാണ് ഇത് വലിച്ച് ശീലിച്ചേ തീരൂ

 

അവൾ വാങ്ങി ചുണ്ടിൽ വച്ച സിഗരറ്റിന്റെയറ്റത്ത് ജൂലി തീ കൊളുത്തി കൊടുത്തു. പുക ഉള്ളിൽ ചെന്നതും അവൾ ഉച്ചത്തിൽ ചുമയ്ക്കുവാൻ തുടങ്ങി.

 

“ഗുഡ് ഇനി പോയി നിന്റെ ഈ പുതിയ രൂപം ക്രെയ്ഗിനെ ഒന്ന് കാണിച്ചു കൊടുക്കൂ നിന്നെയും കാത്ത് താഴെ ബെയ്സ്മെന്റിലുള്ള ഷൂട്ടിങ്ങ് റേഞ്ചിൽ നിൽക്കുന്നുണ്ടദ്ദേഹം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, January 23, 2025

കോൾഡ് ഹാർബർ - 25

അദ്ധ്യായം – ഏഴ്

 

ലൈബ്രറിയിലെ നെരിപ്പോടിനരികിലെ ചാരുകസേരയിൽ ഇരുന്ന് തന്റെ മടിയിൽ വച്ചിരിക്കുന്ന പേപ്പറുകൾ ശ്രദ്ധയോടെ മറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺറോ. ഹാളിന്റെ മദ്ധ്യഭാഗത്തുള്ള മേശപ്പുറത്ത് ഭൂപടങ്ങളും ഫോട്ടോകളും ഫയലുകളും നിരന്നു കിടക്കുന്നു. അതിനരികിലായി തന്റെ ഇഷ്ടപ്പെട്ട ഇനമായ ചെറിയ സിഗാർ പുകച്ചുകൊണ്ട് റിനേ ദിസ്സാർ നിശ്ശബ്ദനായി തന്റെ ഊഴവും കാത്ത് ഇരിക്കുന്നുണ്ട്. ക്രെയ്ഗ് ഓസ്ബോണും ജെനവീവും ഒരുമിച്ച് മൺറോയ്ക്ക് അഭിമുഖമായി ഇരിക്കുന്നു.

 

“കാറിൽ വോൺകോർട്ട് കൊട്ടാരത്തിൽ ചെന്നിറങ്ങുമ്പോൾ ഓർമ്മയിൽ വയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നറിയുമോ?” ക്രെയ്ഗ് അവളോട് ചോദിച്ചു. “നിങ്ങൾ തന്നെയാണ് ആൻ മേരി ട്രെവോൺസ് എന്നത് ആൻ മേരിയെ കണ്ടിട്ടുള്ള ആർക്കും പ്രത്യക്ഷത്തിൽ യാതൊരു സംശയവും തോന്നില്ല എന്നത് ഉറപ്പാണ് അതുകൊണ്ട് തന്നെ ചെറിയ എന്തെങ്കിലും മണ്ടത്തരങ്ങൾ സംഭവിച്ചാൽത്തന്നെ അതൊരു പ്രശ്നമാകാനും പോകുന്നില്ല

 

“വെൽ, അത്രയും ആശ്വാസം” അവൾ പറഞ്ഞു. “എനിക്കാണെങ്കിൽ ഈ ജർമ്മൻ ഭാഷ തീരെ വശമില്ലെന്ന കാര്യം അറിയാമല്ലോ

 

“അതൊരു വിഷയമേയല്ല അവിടെയുള്ള സ്റ്റാഫ് ഓഫീസർമാരിൽ മിക്കവർക്കും ഫ്രഞ്ച് ഭാഷ സംസാരിക്കാൻ അത്യാവശ്യം അറിയാം ഇനി ആൻ മേരി അവശ്യം അറിഞ്ഞിരിക്കേണ്ട ഏതാനും അടിസ്ഥാന സംഗതികൾ എന്താണെന്ന് നോക്കാം ഉദാഹരണത്തിന് ജർമ്മൻ സൈനിക യൂണിഫോമുകൾ” അദ്ദേഹം ഒരു പുസ്തകം തുറന്നു. “ഇതിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാകും

 

അതിലെ ഏതാനും പേജുകൾ അവൾ മറിച്ചു നോക്കി. “മൈ ഗോഡ്, ഇതു മുഴുവനും ഞാൻ പഠിച്ച് ഓർത്തു വയ്ക്കണമെന്നോ?”

 

“എല്ലാം വേണ്ട ചിലത് മാത്രം ക്രീഗ്സ്മറീനിന്റെ യൂണിഫോം വളരെ ലളിതമാണ് പിന്നെ ജോ എഡ്ജ് ലുഫ്ത്‌വാഫിന്റെ യൂണിഫോം ധരിച്ചിരിക്കുന്നത് നിങ്ങൾ കണ്ടതാണല്ലോ നിറവും സ്റ്റൈലും ആർമിയുടേതിൽ നിന്നും തികച്ചും വ്യത്യസ്തം ബ്ലൂ – ഗ്രേ നിറങ്ങളും യെല്ലോ റാങ്ക് പാച്ചും

 

പേജുകൾ മറിച്ചുകൊണ്ടിരിക്കവെ അവൾ കാമുഫ്ലാഷ് യൂണിഫോം ധരിച്ച ഒരു സായുധ സൈനികന്റെ ചിത്രം കണ്ട് ക്രെയ്ഗിനെ നോക്കി. “ഇയാൾ ഏത് വിഭാഗത്തിലെയാണ്? ജർമ്മൻ സൈനികനാണെന്ന് തോന്നുന്നില്ലല്ലോ ഹെൽമറ്റ് പോലും വ്യത്യസ്തമായിരിക്കുന്നു

 

“ഫാൾഷിംജാഗർ എന്ന് പറയും അതായത് പാരാട്രൂപ്പർ പ്രത്യേകതരം സ്റ്റീൽ ഹെൽമറ്റ് ആണ് അവർക്ക് അതേക്കുറിച്ചോർത്തൊന്നും നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല ഒട്ടുമിക്ക ആർമി യൂണിഫോമുകളും നിങ്ങൾ സിനിമകളിൽ കണ്ടിട്ടുള്ളത് പോലെയൊക്കെ തന്നെയാണ് പിന്നെ, ഇതൊന്ന് പ്രത്യേകം ശ്രദ്ധിച്ചു വച്ചോളൂ

 

അദ്ദേഹം കാണിച്ച ചിത്രത്തിലെ ജർമ്മൻസൈനികന്റെ കഴുത്തിൽ ഒരു ലോഹകവചം ഉണ്ടായിരുന്നു. “Feldgendarmerie...” ആ ചിത്രത്തിന്റെ അടിക്കുറിപ്പ് അവൾ വായിച്ചു.

 

“എന്നു വച്ചാൽ മിലിട്ടറി പൊലീസ് വഴിയിൽ എവിടെയും നിങ്ങളെ തടഞ്ഞു നിർത്താൻ അയാൾക്ക് അധികാരമുണ്ട് പിന്നെ കൊട്ടാരത്തിന്റെ കവാടങ്ങളിൽ ഗാർഡ് ഡ്യൂട്ടിയും ചെയ്യുന്ന ഇവർ ആർമിയിൽ പെട്ടവരാകാം അല്ലെങ്കിൽ SS സേനാംഗങ്ങളാകാം എന്തായാലും ആ ലോഹകവചം കണ്ടാൽ ഉറപ്പിക്കാം മിലിട്ടറി പൊലീസ് എന്ന്

 

“അപ്പോൾ അവരോട് കഴിയുന്നതും നന്നായി പെരുമാറാൻ ശ്രദ്ധിക്കണമല്ലേ?”

 

“വെൽ, കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ കാണുന്ന സ്റ്റോക്കിങ്ങ്സിന്റെ ദൃശ്യം തന്നെ ധാരാളമാണ് അവർക്ക് കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടാവില്ല പിന്നെ” ഒരു നേർത്ത പുഞ്ചിരി പോലും ഇല്ലാതെയാണ് ക്രെയ്ഗ് അത് പറഞ്ഞത്. “പിന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് SS സേനാംഗങ്ങളെയാണ് വോൺകോർട്ട് കൊട്ടാരത്തിൽ അവരിൽപ്പെട്ടവരെ ധാരാളം കാണാൻ സാധിക്കും ആർമിയിലെ ഫീൽഡ് ഗ്രേ യൂണിഫോം പോലെയാണെങ്കിലും ബ്ലൂ-ഗ്രീൻ കോളറുകൾ ഉണ്ടായിരിക്കും കോളറുകളിലാണ് അവർ റാങ്ക് ബാഡ്ജുകൾ ധരിക്കുന്നത് മേജർ വരെയുള്ള ഉദ്യോഗസ്ഥന്മാർ കോളറിന്റെ ഒരു വശത്താണ് SS ചിഹ്നം ധരിക്കുന്നത് അതിന് മുകളിൽ ഉള്ളവർക്ക് വ്യത്യാസമുണ്ട് പക്ഷേ, നിങ്ങൾ അതോർത്ത് വിഷമിക്കേണ്ട ആവശ്യമില്ല എല്ലാവരുടെയും റാങ്കുകൾ നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല SS സേനയിലെ ഏത് ഉദ്യോഗസ്ഥനും - അതായത് ഹിംലർ ഉൾപ്പെടെ - അവരുടെ ക്യാപ്പിൽ തലയോട്ടിയും അസ്ഥികളും ഉള്ള വെള്ളി നിറത്തിലുള്ള ബാഡ്ജ് ധരിച്ചിട്ടുണ്ടായിരിക്കും മനസ്സിലായോ?”

 

ജെനവീവ് തല കുലുക്കി. “എന്ന് വിചാരിക്കുന്നു ലുഫ്ത്‌വാഫ് യൂണിഫോം എഡ്ജിന്റേത് പോലെ പൊലീസിനാണെങ്കിൽ കഴുത്തിൽ ലോഹകവചം ഉണ്ടായിരിക്കും ആർമിയ്ക്കും SSനും തൊപ്പിയിൽ തലയോട്ടി ചിഹ്നമുള്ള ബാഡ്ജ്

 

“ഓൾറൈറ്റ് ഇനി നമുക്ക് വോൺകോർട്ട് കൊട്ടാരം എങ്ങനെയാണെന്ന് നോക്കാം” ക്രെയ്ഗ് പറഞ്ഞു.

 

കൊട്ടാരം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വലിയൊരു മാപ്പ് അവിടെയുണ്ടായിരുന്നു. പിന്നെ വോൺകോർട്ട് കൊട്ടാരത്തിന്റെ വിശദമായ ഒരു ലേ ഔട്ടും. അതിലേക്ക് ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കവെ പഴയ ഓർമ്മകൾ ഒന്നൊന്നായി അവളുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു. കുട്ടിക്കാലത്ത് ഓടി നടന്ന സ്റ്റെയർകെയ്സുകളും ഇടനാഴികളും ഓരോ മുക്കും മൂലയും എല്ലാം. അങ്ങോട്ട് തിരിച്ചെത്തുന്നതിന്റെ ആവേശം പെട്ടെന്നാണ് അവളിൽ നുരഞ്ഞു പൊന്തിയത്. ആ കൊട്ടാരത്തെ താൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന കാര്യം അവൾ മറന്നു പോയിരുന്നു.

 

“ഏതാനും മെഷീൻ-ഗൺ പോസ്റ്റുകൾ അധികമായി സ്ഥാപിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ കൊട്ടാരത്തിന്റെ ചട്ടക്കൂടിൽ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല” പെൻസിൽ കൊണ്ട് ലേ ഔട്ടിൽ തൊട്ടു കാണിച്ച് റിനേ പറഞ്ഞു. “കൊട്ടാരത്തിന്റെ ചുറ്റുമതിൽ മുഴുവനും കേബിൾ വലിച്ച് ഇലക്ട്രിക്ക് വാണിങ്ങ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട് ഗേറ്റിൽ സദാസമയവും പാറാവുകാർ ഉണ്ടായിരിക്കും കൂടാതെ ഒരു സ്വിങ്ങ് ബാരിയർ സിസ്റ്റവും അവർ അവിടെ ഘടിപ്പിച്ചിട്ടുണ്ട് ഇതിന് പുറമെ രഹസ്യ ഗാർഡുകളും ഉണ്ട് കൊട്ടാരത്തിലെ സെക്യൂരിറ്റി സിസ്റ്റത്തിന്റെ വിജയരഹസ്യം അവരാണെന്ന് പറയാം Waffen-SS സേനാംഗങ്ങളാണവർ തങ്ങളുടെ ജോലി എന്താണെന്ന് വ്യക്തമായി അറിയുന്നവർ തങ്ങളുടെ ഡ്യൂട്ടിയിൽ യാതൊരു വീഴ്ച്ചയും വരുത്താത്തവർ ആ കാര്യം നമ്മൾ സമ്മതിച്ചു കൊടുക്കുക തന്നെ വേണം

 

“എന്റെ അമേരിക്കൻ വികാരത്തെ വ്രണപ്പെടുത്താതെ സൗമ്യമായ ഭാഷയിൽ ഇദ്ദേഹം പറയുന്നതെന്താണെന്ന് മനസ്സിലായോ? ഈ ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് Waffen-SS എന്ന്” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “ഇദ്ദേഹം പറഞ്ഞത് നൂറു ശതമാനവും ശരിയാണ് കൊട്ടാരത്തിൽ റോന്തു ചുറ്റുന്ന അവരോടൊപ്പം എപ്പോഴും അൽസേഷൻ അല്ലെങ്കിൽ ഡോബർമാൻ നായ്ക്കൾ ഉണ്ടായിരിക്കും

 

“എനിക്ക് മൃഗങ്ങളെ വളരെ ഇഷ്ടമാണ്” ജെനവീവ് പറഞ്ഞു.

 

“നല്ല കാര്യം” ക്രെയ്ഗ് പറഞ്ഞു. “ഇനി നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക് കടക്കാം” അദ്ദേഹം വാച്ചിലേക്ക് നോക്കി. “നമുക്ക് അധികം സമയമില്ല ഹെയർഡ്രെസ്സർ എപ്പോൾ വേണമെങ്കിലും എത്തും

 

“ഹെയർഡ്രെസ്സർ?”

 

“അതെ നിങ്ങളുടെ ഇപ്പോഴത്തെ ഹെയർസ്റ്റൈൽ വളരെ നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവാം പക്ഷേ, ആൻ മേരിയ്ക്ക് അത് പോരാ ഈ ഫോട്ടോ നോക്കൂ, കഴിഞ്ഞ മാസം എടുത്തതാണ്

 

ജെനവീവിന്റെ തലമുടി ചുമൽ വരെ നീണ്ടതായിരുന്നു. എന്നാൽ ആൻ മേരിയുടേത് വളരെ നീളം കുറഞ്ഞതും. മുൻഭാഗം ഇരുവശത്തേക്കും വകഞ്ഞ് പുരികത്തിന് തൊട്ടു മുകളിൽ ക്രോപ്പ് ചെയ്തിട്ടിരിക്കുന്നു. ഒറ്റനോട്ടത്തിൽ ജെനവീവ് ആണെന്ന് തോന്നും. എങ്കിലും ഈ ലോകത്തോടു മുഴുവൻ പുച്ഛമാണെന്ന് മട്ടിൽ ഒരു തരം ധാർഷ്ട്യം കലർന്ന പുഞ്ചിരിയുമായി നിൽക്കുന്ന മറ്റൊരു ജെനവീവ് ആയിരുന്നു ആ ഫോട്ടോയിൽ. അറിയാതെ ആ ഭാവം അനുകരിച്ചുകൊണ്ട് അവൾ തിരിഞ്ഞ് ക്രെയ്ഗിനെ നോക്കി. അദ്ദേഹത്തിന്റെ പിന്നിൽ നെരിപ്പോടിനരികിൽ ഉണ്ടായിരുന്ന കണ്ണാടിയിൽ ധാർഷ്ട്യത്തോടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന ആൻ മേരിയെ അവൾ കണ്ടു.

 

ആ ഭാവം അദ്ദേഹത്തിന് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. തന്റെ ആ നോട്ടവും പുഞ്ചിരിയും അദ്ദേഹത്തിൽ അസ്വസ്ഥത പകരുന്നുവെന്ന് അവൾക്ക് മനസ്സിലായി. എന്തോ കണ്ട് ഭയന്നത് പോലെ. അവളുടെ കൈയിൽ നിന്നും ആ ഫോട്ടോ അദ്ദേഹം പിടിച്ചു വാങ്ങി.

 

“നമുക്ക് തുടരാം” മറ്റൊരു ഫോട്ടോ അദ്ദേഹം അവളുടെ മുന്നിൽ വച്ചു. “ഈ സ്ത്രീയെ നിങ്ങൾ അറിയുമോ?”

 

“അറിയാം എന്റെ ആന്റിയുടെ പ്രീയപ്പെട്ട പരിചാരിക ഷോണ്ടെൽ ഷെവലിയർ

 

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ഹോർട്ടെൻസ് ആന്റിയുടെ നല്ല കാലത്തും കെട്ട കാലത്തും ഒപ്പം നിൽക്കുന്ന ഇഷ്ടപരിചാരിക. ഒട്ടും സൗമ്യതയില്ലാത്ത വാക്കുകളും പ്രവൃത്തിയുമാണ് അവരുടേത്.

 

“എന്നെ അവർക്ക് ഒട്ടും പിടിക്കില്ല” ജെനവീവ് പറഞ്ഞു. “അല്ലെങ്കിൽ അവരുടെ സ്വഭാവം മാറണം അതിന് ഒരു സാദ്ധ്യതയുമില്ല താനും

 

റിനേ തല കുലുക്കി. “നിങ്ങൾ പറഞ്ഞത് ശരിയാണ് ആൻ മേരിയെ അവർ ഒരിക്കലും വക വച്ചിരുന്നില്ല മനസ്സിൽ തോന്നുന്നത് വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം” അയാൾ ജെനവീവിന് നേർക്ക് തിരിഞ്ഞു. “പക്ഷേ, നിങ്ങളോട് അങ്ങനെയായിരിക്കുമെന്ന് തോന്നുന്നില്ല മാംസെൽ നിങ്ങളോടുള്ള മനോഭാവം അങ്ങനെയായിരുന്നില്ല

 

പക്ഷേ, അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. “പിന്നെ ആരൊക്കെയാണ്?” അവൾ ചോദിച്ചു.

 

“പാചകക്കാരൻ മോറിസ് യൂഗോ അയാളെ ഓർമ്മയുണ്ടോ?”

 

“തീർച്ചയായും

 

“പിന്നെയുള്ളവരെല്ലാം പുതിയ ആൾക്കാരാണ് താഴെത്തട്ടിലുള്ള അവരെയൊന്നും നിങ്ങൾ ഓർത്തിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല അതുകൊണ്ട് അതൊരു പ്രശ്നവുമല്ല പക്ഷേ, നിങ്ങളുടെ സ്വന്തം പരിചാരിക ഒരു പ്രശ്നമാണ് ഇതാണ് അവരുടെ ഫോട്ടോ

 

കറുത്ത മുടിയുള്ള, അധികം ഉയരവും വണ്ണവുമില്ലാത്ത ഒരു സ്ത്രീ. സാമാന്യം സൗന്ദര്യവതിയായ അവളുടെ മുഖത്ത് ഒരു പിടിവാശിക്കാരിയുടെ ലക്ഷണമുണ്ട്. “ആരുടെ കൂടെയും പോകുന്നവൾ” റിനേ പറഞ്ഞു. “മരീസാ ഡ്യൂകേ എന്നാണ് പേര് ഏതാണ്ട് പത്ത് മൈൽ ദൂരെയുള്ള കൃഷിയിടത്തിലാണ് വീട് മൂന്ന് കാര്യങ്ങളാണ് അവളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭംഗിയുള്ള വസ്ത്രങ്ങൾ, പുരുഷന്മാർ, പണം അതിന് വേണ്ടി എന്തിനും തയ്യാറാണവൾ അവളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി ഒരു കുറിപ്പ് ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട്

 

“അത് സമയം പോലെ പിന്നീട് വായിക്കാം” ക്രെയ്ഗ് പറഞ്ഞു. “നമുക്ക് തുടരാം ഇതാണ് കൊട്ടാരത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ മേജർ ജനറൽ കാൾ സിംകാ”

 

ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും കട്ട് ചെയ്തെടുത്ത ചിത്രമായിരുന്നു അത്. അതിന്റെ പിറകിൽ അയാളുടെ ഇന്നുവരെയുള്ള ചരിത്രം ടൈപ്പ് ചെയ്ത ഒരു കുറിപ്പും ഉണ്ടായിരുന്നു.

 

അമ്പത് വയസ്സിന് മേൽ പ്രായം തോന്നിക്കുന്ന സൈനികോദ്യോഗസ്ഥനായിരുന്നു അയാൾ. വെള്ളി നിറമുള്ള മുടിയും ഭംഗിയായി ട്രിം ചെയ്ത മീശയുമുള്ള അയാൾ പക്ഷേ SS സേനാംഗം ആയിരുന്നില്ല. അല്പം മാംസളമായ മുഖവും ശരീരവും. കണ്ണുകളിൽ മന്ദഹാസത്തിന്റെ ലാഞ്ഛന കാണുന്നുണ്ടെങ്കിലും ചുണ്ടുകളിൽ അതിന്റെ ലക്ഷണമില്ല. ആകെപ്പാടെ ക്ഷീണിതനായ രൂപം.

 

“മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു” ക്രെയ്ഗ് പറഞ്ഞു. “എന്നാൽ ഇപ്പോൾ അവശനാണ് പിന്നെ, നിങ്ങളുടെ ആന്റിയും ഇദ്ദേഹവും പരസ്പരം ഇഷ്ടത്തിലാണെന്ന് കൂട്ടിക്കോളൂ

 

“അതിൽ എനിക്ക് അത്ഭുതമൊന്നുമില്ല” ആ ഫോട്ടോ തിരികെ നൽകിക്കൊണ്ട് ജെനവീവ്  പറഞ്ഞു. “അത് കേട്ട് ഞാൻ ഞെട്ടുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി എന്റെ ആന്റിയ്ക്ക് ഒരു പങ്കാളിയെ എപ്പോഴും ആവശ്യമായിരുന്നു സിംകായെ കണ്ടിട്ട് അവരുമായി ചേർന്നു പോകുന്നയാളാണെന്ന് തോന്നുന്നു

 

“എങ്കിലും അയാളൊരു സൈനികനാണ്” തെല്ല് വെറുപ്പോടെ റിനേ പറഞ്ഞു. “അതുപോലെ തന്നെയാണ് ഈ ബാസ്റ്റർഡും” അയാൾ മറ്റൊരു ഫോട്ടോ അവളുടെ മുന്നിലേക്ക് നീക്കി വച്ചു.

 

അവൾ അല്പം മുന്നോട്ടാഞ്ഞ് അതിലേക്ക് നോക്കി. ആ മുഖം കണ്ടതും ഒരു ഉൾക്കിടിലമാണ് അവൾക്കുണ്ടായത്. മുമ്പ് ഒരിക്കൽപ്പോലും താൻ അയാളെ കണ്ടിട്ടില്ല. എങ്കിലും നല്ല പരിചയം പോലെ. ജോ എഡ്ജിന്റേത് പോലുള്ള യൂണിഫോമാണ് അയാൾ ധരിച്ചിരിക്കുന്നത്. SS കോളർ ടാബ്, അയേൺ ക്രോസ് ബാഡ്ജ് എന്നിവ കൂടി ഉണ്ടെന്ന് മാത്രം. പറ്റെ വെട്ടിയിരിക്കുന്ന കറുത്ത തലമുടി. പരുക്കൻ മുഖം. തന്റെ കണ്ണുകളിലേക്കും അതിനപ്പുറത്തേക്കും ചുഴിഞ്ഞു കയറുന്ന നോട്ടം. ഒട്ടും സുമുഖൻ അല്ലെങ്കിലും ആൾക്കൂട്ടത്തിൽ എവിടെ കണ്ടാലും രണ്ടാമതൊരു വട്ടം തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന രൂപം.

 

“സ്റ്റംബാൻഫ്യൂറർ മാക്സ് പ്രീം” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “എന്ന് വച്ചാൽ ബ്രിട്ടീഷ് ആർമിയിലെ മേജർ പദവിക്ക് തുല്യം നൈറ്റ്സ് ക്രോസ് ബഹുമതിയൊക്കെ ലഭിച്ചിട്ടുണ്ട് മികച്ച ഒരു  സൈനികൻ അത്രത്തോളം തന്നെ അപകടകാരിയും കൊട്ടാരത്തിന്റെ സെക്യൂരിറ്റി ഇൻ ചാർജ് ആണ് ഇയാൾ

 

“ഇത്രയും മിടുക്കനായ ഒരാളെ എന്ത്കൊണ്ടാണ് അവർ യുദ്ധനിരയിലേക്ക് അയയ്ക്കാത്തത്?”

 

“കഴിഞ്ഞ വർഷം റഷ്യയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ തലയിൽ വെടിയേറ്റു ഓപ്പറേഷൻ ചെയ്ത് തലയോട്ടിയിൽ ഒരു സിൽവർ പ്ലേറ്റ് ഇടേണ്ടി വന്നു അതുകൊണ്ട് ഇനി യുദ്ധനിരയിലേക്കൊന്നും പോകാൻ സാധിക്കില്ല

 

“ആൻ മേരിയോടുള്ള ഇയാളുടെ പെരുമാറ്റം എങ്ങനെയായിരുന്നു?” ജെനവീവ് റിനേയോട് ചോദിച്ചു.

 

“കീരിയും പാമ്പും പോലെയായിരുന്നു ഇരുവരും പരസ്പരം കാണുന്നത് തന്നെ വെറുപ്പായിരുന്നു എന്നാൽ ജനറൽ സീംകായോട് വളരെ നല്ല ബന്ധമായിരുന്നു ആൻ മേരിയ്ക്ക് അയാളോട് അടുത്തിടപഴകുമായിരുന്നു അവൾ സ്വന്തം അനന്തരവളോട് എന്ന പോലെ തിരിച്ചും സ്നേഹമായിരുന്നു അയാൾക്ക്

 

“പാരീസിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും അതിനുള്ള പാസ്സും ഒക്കെ അവൾക്ക് ലഭിച്ചു പോന്നത് ആ സ്നേഹം മൂലമായിരുന്നു” ക്രെയ്ഗ് പറഞ്ഞു. “വോൺകോർട്ട് കൊട്ടാരവുമായുള്ള ബന്ധത്തിന് ജർമ്മൻകാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം നിങ്ങളും ആന്റിയും ജർമ്മൻകാരോട് പൂർണ്ണമായും സഹകരിച്ച് പ്രവർത്തിക്കുന്നവരാണ് അക്കാര്യത്തിൽ ഒരു തെറ്റും നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെ നോക്കണം ആയിരക്കണക്കിന് ഫ്രഞ്ചുകാർ ലേബർ ക്യാമ്പിൽ കഴിയുമ്പോൾ കൊട്ടാരത്തിൽ ആഡംബര ജീവിതം നയിക്കുകയാണ് നിങ്ങൾ വാരാന്ത്യങ്ങളിൽ കോൺഫറൻസുകളും പാർട്ടികളും ഒക്കെയായി ജീവിതം ആഘോഷിക്കുന്ന നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും ഫ്രഞ്ച് വ്യവസായികളും അവരുടെ ഭാര്യമാരും ഒക്കെ ഫ്രാൻസിലെ പൊതുജനങ്ങളുടെ കണ്ണിൽ ഏറ്റവും വെറുക്കപ്പെട്ടവരാണ്

 

“നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

 

“ഇനി ഒരാളെക്കൂടി നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്” ആ ഫോട്ടോയിലെ വ്യക്തിയെ കണ്ടാൽ തന്നെ ഭയം തോന്നുമായിരുന്നു. വെളുത്ത മുടിയുള്ള ചെറുപ്പക്കാരനായ ഒരു SS ഓഫീസർ. ഇടുങ്ങിയ കണ്ണുകൾ. ദാക്ഷിണ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത നോട്ടം. പരുക്കൻ മുഖഭാവം. “ക്യാപ്റ്റൻ ഹാൻസ് റൈലിംഗെർ മാക്സ് പ്രീമിന്റെ അസിസ്റ്റന്റാണ്

 

“കണ്ടിട്ട് അറുവഷളനാണെന്ന് തോന്നുന്നു” ജെനവീവ് പറഞ്ഞു.

 

“മൃഗം എന്ന് പറയാം” നെരിപ്പോടിനുള്ളിലേക്ക് തുപ്പിക്കൊണ്ട് റിനേ പറഞ്ഞു.

 

“വിചിത്രം പക്ഷേ, മാക്സ് പ്രീമിന്റെ തരത്തിൽ പെട്ടവനല്ലെന്ന് തോന്നുന്നു” ജെനവീവ് പറഞ്ഞു.

 

“അത് എന്ത് തരമാണ്?” ക്രെയ്ഗ് ചോദിച്ചു.

 

“പ്രീമിന് അയാളെ ഒട്ടും ഇഷ്ടമല്ല അത് അയാൾ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്” റിനേ പറഞ്ഞു.

 

ക്രെയ്ഗ് വലിയൊരു ബ്രൗൺ എൻവലപ്പ് എടുത്ത് ജെനവീവിന് നൽകി. “അവിടെ നിങ്ങൾ കണ്ടുമുട്ടാൻ ഇടയുള്ള ഓരോരുത്തരുടെയും വിശദവിവരങ്ങൾ ഇതിനകത്തുണ്ട് അത് സസൂക്ഷ്മം വായിച്ച് മനസ്സിലാക്കുക കാരണം അതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ നിലനില്പ് തന്നെ

 

വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അവർ തിരിഞ്ഞു നോക്കി. ജൂലി ആയിരുന്നുവത്. “ഹെയർഡ്രെസ്സർ എത്തിയിട്ടുണ്ട്

 

“ഗുഡ്” ക്രെയ്ഗ് പറഞ്ഞു. “ഓകെ, നമുക്ക് പിന്നെ തുടരാം” ജെനവീവ് വാതിലിന് നേർക്ക് നടക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. “പോകുന്നതിന് മുമ്പ് ഒരു ഫോട്ടോ കൂടി അറ്റ്‌‌ലാന്റിക്ക് പ്രതിരോധനിരയുടെ മുഖ്യശില്പി ഈ വാരാന്ത്യത്തിൽ വോൺകോർട്ട് കൊട്ടാരത്തിൽ എത്തുന്ന അദ്ദേഹത്തിന്റെ ആതിഥേയയുടെ റോളിലായിരിക്കും നിങ്ങൾ അഭിനയിക്കാൻ പോകുന്നത്

 

അദ്ദേഹം വളരെ ശ്രദ്ധയോടെ ആ ഫോട്ടോ അവൾക്ക് മുന്നിൽ മേശപ്പുറത്ത് വച്ചു. ഫീൽഡ് മാർഷൽ ഇർവിൻ റോമലിന്റെ ഫോട്ടോ. അമ്പരപ്പോടെ, അതിലേറെ അവിശ്വസനീയതയോടെ ആ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് അവൾ നിന്നു. ഇടതുകൈയിൽ ഏതാനും പേപ്പറുകളുമായി മൺറോ അവൾക്കരികിലേക്ക് വന്നു.

 

“മൈ ഡിയർ ജെനവീവ്, ഇപ്പോൾ മനസ്സിലായില്ലേ, ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ലെന്ന്? ഈ വാരാന്ത്യത്തിൽ നിങ്ങൾ ചോർത്തിയെടുക്കാൻ പോകുന്നത് ഈ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാൻ പോകുന്ന രേഖകൾ ആയിരിക്കും

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, January 10, 2025

കോൾഡ് ഹാർബർ - 24

അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ജെട്ടിയുടെ അപ്പുറത്തെ ഇടുങ്ങിയ ബീച്ചിലേക്കിറങ്ങി അവർ മുന്നോട്ട് നടന്നു. വിശാലമായ ഉൾക്കടലിലേക്കാണ് ആ ബീച്ച് ചെന്ന് അവസാനിക്കുന്നത്. രൗദ്രഭാവത്തിൽ എത്തുന്ന തിരമാലകൾ ഒരു ചുഴിയിൽ അകപ്പെട്ടത് പോലെ വട്ടം കറങ്ങി വെൺനുരയോടെ മുകളിലേക്ക് ചിന്നിച്ചിതറുന്നു.

 

“ഗോഡ്, ദിസ് ഈസ് വണ്ടർഫുൾ” ജെനവീവ് പറഞ്ഞു. “ലണ്ടനിലാണെങ്കിൽ നിങ്ങൾ ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും പുകയുടെ ഗന്ധമുണ്ടായിരിക്കും നഗരം എമ്പാടും രൂക്ഷഗന്ധമാണ് യുദ്ധം എവിടെ നോക്കിയാലും മരണവും നാശനഷ്ടങ്ങളും മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ

 

“എല്ലാം മായ്ക്കുന്ന കടൽ ബാല്യത്തിൽ തുടങ്ങിയതാണ് എന്റെ കടൽ യാത്ര” മാർട്ടിൻ ഹെയർ അവളോട് പറഞ്ഞു. “നമ്മുടെ പ്രശ്നങ്ങൾ എത്ര ഗൗരവമുള്ളതായാലും ശരി, അതെല്ലാം കരയിൽ ഉപേക്ഷിച്ചിട്ടാണ് യാത്ര തുടങ്ങുന്നത് താൽക്കാലികമായിട്ടാണെങ്കിലും പഴയതെല്ലാം മറന്ന് പുതിയൊരു ദൗത്യവുമായി

 

“ഇതേ കാഴ്ച്ചപ്പാട് തന്നെയാണോ നിങ്ങളുടെ ഭാര്യയ്ക്കും?” ജെനവീവ് ചോദിച്ചു.

 

“ആയിരുന്നു” ഹെയർ പറഞ്ഞു. “അവൾ ഇപ്പോൾ ഇല്ല ലുക്കീമിയ ബാധിച്ച് മരണമടഞ്ഞു 1938ൽ

 

“അയാം സോറി” ഷ്മിഡ്റ്റ് നൽകിയ ക്രീഗ്സ്മറീൻ ജാക്കറ്റിന്റെ പോക്കറ്റുകളിൽ ഇരുകൈകളും തിരുകിയിരുന്ന അവൾ തിരിഞ്ഞു. “അപ്പോൾ നിങ്ങളുടെ മക്കൾ?”

 

“അതിനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല വളരെ ദുർബ്ബലയായിരുന്ന അവൾ ഇരുപത്തിയൊന്നാം വയസ്സ് മുതൽ ആ നശിച്ച രോഗവുമായി പൊരുതുകയായിരുന്നു” വിഷാദത്തോടെ അയാൾ ഒന്ന് പുഞ്ചിരിച്ചു. “ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല വാട്ടർ കളർ ചിത്രം അവൾ വരച്ചതായിരുന്നു നല്ലൊരു ചിത്രകാരിയായിരുന്നു അവൾ

 

ഏതോ ഒരു ഉൾപ്രേരണയിലെന്ന പോലെ അവൾ അയാളുടെ കരം കവർന്നു. നടന്നു നടന്ന് ബീച്ചിന്റെ അറ്റത്ത് എത്തിയിരുന്നു അവർ. ഇനിയങ്ങോട്ട് ഉയർന്ന പാറക്കെട്ടുകളാണ് മുന്നിൽ. “ഈ യുദ്ധത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുന്നു അല്ലേ?” അവൾ ചോദിച്ചു.

 

നിഷേധാർത്ഥത്തിൽ അയാൾ തല കുലുക്കി. “നോട്ട് റിയലി അന്നന്നത്തെ കാര്യം മാത്രമേ ഞാൻ ആലോചിക്കാറുള്ളൂ നാളെയെക്കുറിച്ചുള്ള പ്രതീക്ഷയൊന്നും എനിക്കില്ല ഇന്നത്തെ ദിനം എന്താണോ അത് മാത്രം” അയാൾ പുഞ്ചിരിച്ചു. എന്തെന്നില്ലാത്ത ഒരു ആകർഷകത്വം ഉണ്ടായിരുന്നു അപ്പോൾ ആ മുഖത്ത്. “സോറി, ദിനം എന്ന് പറയാൻ പറ്റില്ല രാത്രി എന്ന് പറയണം കാരണം ഞങ്ങളുടെ ഓപ്പറേഷൻസ് അധികവും രാത്രികാലങ്ങളിലാണ്

 

“ഇതെല്ലാം അവസാനിക്കുന്ന ഒരു ദിവസം വരുമല്ലോ അന്ന് നിങ്ങൾ എന്തുചെയ്യും?”

 

“ഞാൻ പറഞ്ഞുവല്ലോ, അങ്ങനെയൊരു ദിവസം എന്റെ മുന്നിലില്ല ഇന്നത്തെ ദിവസം മാത്രമേയുള്ളൂ

 

“ക്രെയ്ഗിന്റെ കാര്യം എങ്ങനെയാണ്? ഇങ്ങനെ തന്നെയാണോ അദ്ദേഹത്തിന്റെയും ചിന്ത?”

 

“നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമാണല്ലേ?” അയാൾ അവളുടെ കൈയിൽ ചെറുതായൊന്ന് അമർത്തി. “അത് വേണ്ട എന്നേ ഞാൻ പറയൂ എന്നെപ്പോലെയോ ക്രെയ്ഗിനെ പോലെയോ ഉള്ളവർക്ക് ഒരു ഭാവിയുമില്ല നിങ്ങളുടെ ജീവിതം പാഴായിപ്പോകുകയേ ഉള്ളൂ

 

“ദാറ്റ്സ് എ ടെറിബ്‌ൾ തിങ്ങ് റ്റു സേ” അവൾ തിരിഞ്ഞ് അയാളുടെ മുഖത്തേക്ക് നോക്കി നിന്നു. അയാൾ അവളുടെ ചുമലിൽ കൈകൾ വച്ചു.

 

“ലിസൻ റ്റു മീ, ജെനവീവ് ട്രെവോൺസ് ഈ യുദ്ധം എന്ന് പറയുന്നത് ഒരു ഗെയിം ആണ് ഞാനും ക്രെയ്ഗും ഒക്കെ അതിൽ പങ്കെടുക്കുന്നത് മൊണാക്കോയിൽ ചൂതു കളിക്കാൻ പോകുന്നത് പോലെയാണ് എപ്പോഴും ഒരു കാര്യം മനസ്സിലുണ്ടാകണം എങ്ങനെയൊക്കെ കളിച്ചാലും ജയിക്കുന്നത് കമ്പനിയായിരിക്കും തോൽക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് നമ്മൾ

 

അവൾ ഒരടി പിറകോട്ട് മാറി. “ഇല്ല, ആ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല

 

എന്നാൽ അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ പെട്ടെന്ന് എന്തോ കണ്ടതു പോലെ അയാൾ അവളുടെ ചുമലിന് മുകളിലൂടെ ദൂരേയ്ക്ക് നോക്കി. തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ലൈഫ്ജാക്കറ്റ് ധരിച്ച ഒരാളുടെ ശരീരം അല്പമകലെ തിരമാലകൾക്കൊപ്പം ചാഞ്ചാടിക്കൊണ്ടിരിക്കുന്നതാണ്. അവളെ വിട്ട് അയാൾ അങ്ങോട്ടോടിച്ചെന്നു. തൊട്ടു പിറകെ അവളും. ഒരു നിമിഷം നിന്നിട്ട് ഹെയർ അരയ്ക്കൊപ്പം വെള്ളത്തിലേക്ക് ഇറങ്ങിച്ചെന്ന് അയാളുടെ ലൈഫ്ജാക്കറ്റിൽ പിടിച്ച് വലിച്ച് കൊണ്ടുവന്നു.

 

“മരിച്ചു അല്ലേ?” അവൾ ചോദിച്ചു.

 

തല കുലുക്കിയിട്ട് ഹെയർ ആ മൃതശരീരം കരയിലേക്ക് വലിച്ചു കയറ്റി.  

 

ആ ചെറുപ്പക്കാരൻ ധരിച്ചിരുന്ന കറുത്ത ഓവറോളിന്റെ വലതുഭാഗത്ത് നെഞ്ചിൽ ജർമ്മൻ ഈഗ്‌ൾ ചിഹ്നം ആലേഖനം ചെയ്തിരുന്നു. നഗ്നമായ പാദങ്ങൾ. വെള്ളി നിറമുള്ള മുടിയും നനുത്ത താടിരോമങ്ങളും. ഉറക്കത്തിലെന്ന പോലെ അടഞ്ഞിരിക്കുന്ന കണ്ണുകൾ. ശാന്തമായ മുഖം. ഹെയർ അവന്റെ വസ്ത്രത്തിന്റെ പോക്കറ്റിനുള്ളിൽ ഉണ്ടായിരുന്ന പേഴ്സിനുള്ളിൽ നിന്നും നനഞ്ഞു കുതിർന്ന ഐഡന്റിറ്റി കാർഡ് പുറത്തെടുത്തു.

 

അത് പരിശോധിച്ചതിന് ശേഷം അയാൾ എഴുന്നേറ്റു. “ജർമ്മൻ സബ്മറീനിലെ നാവികനാണ് പേര് ആൽട്രോജ് വയസ്സ് ഇരുപത്തിമൂന്ന്

 

മുകളിൽ വന്ന് വട്ടമിട്ട് പറന്ന ഒരു കടൽക്കാക്ക ഉച്ചത്തിൽ കരഞ്ഞ് ബഹളമുണ്ടാക്കിയിട്ട് തിരികെ കടലിലേക്ക് പറന്നു പോയി. തിരമാലയോടൊപ്പം അടിച്ചു കയറിയ വെൺനുരകൾ തീരത്ത് അലിഞ്ഞില്ലാതായി. “ഇവിടെപ്പോലും ഇതുപോലെ ശാന്തമായ ഇടത്ത് പോലും യുദ്ധം അതിന്റെ ദുർമുഖം കാണിച്ചു തുടങ്ങിയിരിക്കുന്നു” ജെനവീവ് പറഞ്ഞു.

 

“ഞാൻ പറഞ്ഞതോർമ്മയില്ലേ എങ്ങനെ കളിച്ചാലും ജയിക്കുന്നത് കമ്പനിയായിരിക്കും” അയാൾ അവളെ ചേർത്തു പിടിച്ചു. “വരൂ, നമുക്ക് തിരികെ പോകാം എന്റെ കൂട്ടത്തിലുള്ളവരെ വിളിച്ച് ഈ മൃതദേഹം സംസ്കരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം

 

                                                    ***

 

ജൂലി അവൾക്ക് നൽകിയ റൂം വളരെ പ്രസന്നമായിരുന്നു. സൗകര്യപ്രദമായ ഒരു കട്ടിൽ. തറയിൽ ചൈനീസ് നിർമ്മിതമായ കാർപെറ്റ്. അല്പം പുറത്തേക്ക് തള്ളി നിൽക്കുന്ന ജാലകത്തിനരികിൽ നിന്നു നോക്കിയാൽ ബംഗ്ലാവിന്റെ പിന്നിലെ ഗാർഡന്റെ മനോഹരമായ ദൃശ്യം കാണാം.

 

പുറത്തേക്ക് നോക്കി നിൽക്കുന്ന ജെനവീവിന്റെ അരികിൽ വന്ന ജൂലി അവളെ ചേർത്തു പിടിച്ചു. “എന്താണ് ഷെറീ, ദുഃഖിച്ച് നിൽക്കുന്നത്?”

 

“ബീച്ചിൽ വച്ച് കണ്ട ആ പയ്യന്റെ മൃതദേഹം അവന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല

 

“എനിക്ക് മനസ്സിലാവുന്നു” ജൂലി തിരിഞ്ഞ് കട്ടിലിനരികിൽ ചെന്ന് കിടക്ക തട്ടിക്കുടഞ്ഞ് വൃത്തിയാക്കി. “ഈ യുദ്ധം ആരംഭിച്ചിട്ട് കാലം കുറെയായി പക്ഷേ, നമുക്ക് മുന്നിൽ വേറെ വഴിയില്ലല്ലോ നിന്നെ സംബന്ധിച്ചിടത്തോളം അവൻ ഒരു പയ്യൻ മാത്രം പക്ഷേ, എന്നെ പോലെയുള്ളവർക്ക്………” അവർ ചുമൽ ഒന്ന് വെട്ടിച്ചു. “ആ ജർമ്മൻ തെമ്മാടികൾ ഞങ്ങളുടെ രാജ്യത്തോട് ചെയ്തതൊന്നും നിനക്കറിയില്ല കുട്ടീ എങ്ങനെയും അവരെ നാമാവശേഷമാക്കിയേ തീരൂ അതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം

 

വാതിൽ തള്ളിത്തുറന്ന് ക്രെയ്ഗ് ഓസ്ബോൺ പ്രവേശിച്ചു. “ആഹാ, ഇവിടെയുണ്ടായിരുന്നോ?”

 

“വാതിലിൽ ഒന്ന് മുട്ടുവാൻ പോലും തോന്നിയില്ലേ നിങ്ങൾക്ക്?” ജെനവീവ് ചോദിച്ചു. “ഇവിടെ പോലും എനിക്കല്പം സ്വകാര്യത ലഭിക്കില്ലെന്ന് വച്ചാൽ?”

 

“സ്വകാര്യതയുടെ കാര്യമൊക്കെ ഇനി കണ്ടറിയണം” ശാന്തസ്വരത്തിൽ ക്രെയ്ഗ് പറഞ്ഞു. “ദൗത്യം തുടങ്ങുവാൻ ഇനി രണ്ടേ രണ്ട് ദിവസമേയുള്ളൂ അതുകൊണ്ട്, എന്തെല്ലാം നിങ്ങൾ പ്രതീക്ഷിക്കണം എന്നതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് തോന്നി” ജാലകത്തിന്റെ പടിയിൽ ഇരുന്നിട്ട് അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. “ഒന്നാമത്തെ കാര്യം, ഇനി മുതൽ നാം സംസാരിക്കുന്നത് ഫ്രഞ്ച് ഭാഷയിൽ മാത്രമായിരിക്കും അവിടെ ചെന്നു കഴിഞ്ഞാൽ അറിയാതെ പോലും നാവിൽ ഇംഗ്ലീഷ് വരാതിരിക്കാൻ വേണ്ടിയാണത് എനിക്കും ബാധകമായിരിക്കുമത്

 

താൻ പരിചയപ്പെട്ട ക്രെയ്ഗിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇപ്പോൾ അദ്ദേഹം എന്ന് അവൾക്ക് തോന്നി. ആ പരുക്കൻ സ്വഭാവം എന്തുകൊണ്ടോ അവളെ അസ്വസ്ഥയാക്കി. “നിങ്ങളും ഈ ദൗത്യത്തിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പിച്ചു കഴിഞ്ഞോ അപ്പോൾ?”

 

“ഞാൻ പങ്കെടുക്കുന്നോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല പക്ഷേ, നിങ്ങൾ ഉണ്ടെന്ന കാര്യം ഉറപ്പാണ്” അദ്ദേഹം പറഞ്ഞു.

 

ജൂലി ലെഗ്രാൻഡ് അവളുടെ വലതു ചുമലിൽ പതുക്കെ അമർത്തി. ജെനവീവ് ഫ്രഞ്ച് ഭാഷയിൽ പറഞ്ഞു. “ശരി, നിങ്ങൾ പറയുന്നത് പോലെ അടുത്തതെന്താണ്?”

 

“മൺറോ സൂചിപ്പിച്ചത് പോലെ, നിങ്ങളെ ഒരു പ്രൊഫഷണൽ ചാരപ്രവർത്തകയാക്കി മാറ്റാനുള്ള യാതൊരു ഉദ്ദേശ്യവും ഞങ്ങൾക്കില്ല അതിനുള്ള സമയവുമില്ല പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ചെയ്തു തീർക്കാനുള്ളത് അതിനായി നമുക്ക് മുന്നിലുള്ളത് വെറും രണ്ട് ദിവസങ്ങൾ മാത്രവും നമ്പർ വൺ - അവിടെ കൊട്ടാരത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ച് മനസ്സിലാക്കുക എന്നത് ഫ്രഞ്ചുകാരും ജർമ്മൻകാരും ഉൾപ്പെടെയുള്ള സ്റ്റാഫുകൾ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ അത് അല്പം സമയമെടുക്കുന്ന പ്രക്രിയയാണ് അതിന് റിനേയോടൊപ്പം കുറേ നേരം ചെലവഴിക്കേണ്ടി വരും കുറേയധികം ഫോട്ടോകൾ നിങ്ങളെ കാണിക്കാനുമുണ്ട്

 

“ഓകെ, രണ്ടാമത്തെ കാര്യം എന്താണ്?”

 

“ഈ ദൗത്യത്തിന്റെ ഉദ്ദേശ്യവും അതിന്റെ പശ്ചാത്തലവും എന്താണെന്ന് പൂർണ്ണമായും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്തൊക്കെയാണ് നിങ്ങൾ അന്വേഷിക്കേണ്ടത് എന്നത് മാത്രമല്ല, എന്തൊക്കെയാണ് നമുക്ക് ആവശ്യമുള്ളതെന്നും അല്ലാത്തതെന്നും നിങ്ങൾ അറിയേണ്ടതുണ്ട്

 

“അത് അല്പം സങ്കീർണ്ണമാണെന്ന് തോന്നുന്നല്ലോ

 

“അത്ര ഭയപ്പെടാനൊന്നുമില്ല അത് ഞാൻ പറഞ്ഞു തരാം പിന്നെ മൺറോയുടെ സഹായവുമുണ്ടാകും

 

അദ്ദേഹം എഴുന്നേൽക്കുന്നത് കണ്ട് അവൾ ചോദിച്ചു. “പ്രധാനമായും മൂന്ന് കാര്യങ്ങൾ എന്നല്ലേ പറഞ്ഞത്? രണ്ടെണ്ണം മാത്രമേ നിങ്ങൾ പറഞ്ഞുള്ളൂ

 

“ശരിയാണ് മൂന്നാമത്തെ കാര്യം ഏറെയും പ്രായോഗികതയുമായി ബന്ധപ്പെട്ടതാണ് റേഡിയോ കമ്യൂണിക്കേഷനെക്കുറിച്ച് നിങ്ങൾ ആധി പിടിക്കേണ്ട കാര്യമില്ല അത് റിനേയും അയാളുടെ പ്രതിരോധപ്രവർത്തകരും നോക്കിക്കൊള്ളും വേറെ ഒന്നു രണ്ട് കാര്യങ്ങളുണ്ട് അപ്രതീക്ഷിതമായ അപകടങ്ങളെ എങ്ങനെ അതിജീവിക്കാം  എന്നത് നിങ്ങൾക്ക് തോക്ക് ഉപയോഗിക്കാൻ അറിയാമോ?” അവൾ അദ്ദേഹത്തെ മിഴിച്ച് നോക്കി. “ഹാൻഡ് ഗൺ ഉപയോഗിക്കുന്ന കാര്യമാണ്” അദ്ദേഹം പറഞ്ഞു. “എപ്പോഴെങ്കിലും പിസ്റ്റൾ ഉപയോഗിച്ചിട്ടുണ്ടോ നിങ്ങൾ?”

 

“ഇല്ല

 

“സാരമില്ല, വിഷമിക്കേണ്ട എങ്ങനെയാണെന്ന് മനസ്സിലായാൽ പിന്നെ എളുപ്പമാണ് എതിരാളിയുടെ കഴിയുന്നതും അടുത്താണ് നിൽക്കുന്നത് എന്ന് ഉറപ്പ് വരുത്തിയിട്ട് കാഞ്ചി വലിയ്ക്കുക അതൊക്കെ നമുക്ക് പഠിക്കാം” അദ്ദേഹം വാച്ചിലേക്ക് നോക്കി. “എനിക്ക് പോകാൻ നേരമായി എട്ടു മണിക്ക് ലൈബ്രറിയിൽ വച്ച് കാണാം

 

അദ്ദേഹം പുറത്തേക്ക് പോയി. ജൂലി അവളെ അർത്ഥഗർഭമായി ഒന്ന് നോക്കി. “അങ്ങനെ, ദൗത്യം തുടങ്ങുന്നു ഷെറീ

 

“ഒടുവിൽ ആ സമയം ആഗതമായിരിക്കുന്നു” ജെനവീവ് തിരിഞ്ഞ് ജാലകത്തിനരികിൽ ചെന്ന് പുറത്തേക്ക് നോക്കി നിന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Friday, January 3, 2025

കോൾഡ് ഹാർബർ - 23

ജെനവീവ് അടുക്കളയിൽ ചെല്ലുമ്പോൾ സിങ്കിനുള്ളിൽ കിടക്കുന്ന പാത്രങ്ങൾ കഴുകുകയായിരുന്നു ജൂലി ലെഗ്രാൻഡ്.

 

“മദാം ലെഗ്രാൻഡ്, ബ്രേക്ക്ഫസ്റ്റ് ഗംഭീരമായിരുന്നു” പാത്രം തുടയ്ക്കാനുള്ള ടവൽ ജെനവീവ് കൈയിലെടുത്തു. “ഞാൻ സഹായിക്കട്ടെ?”

 

“എന്നെ ജൂലി എന്ന് വിളിച്ചാൽ  മതി ഷെറീ” ഊഷ്മളമായി പുഞ്ചിരിച്ചു കൊണ്ട് അവർ പറഞ്ഞു. (ഷെറി - ഡാർലിങ്ങ് എന്നതിന്റെ ഫ്രഞ്ച് പദം)

 

പെട്ടെന്നാണ് അവൾക്ക് ഓർമ്മ വന്നത്, ഹോർടെൻസ് ആന്റി എപ്പോഴും തന്നെ ഷെറി എന്നാണ് വിളിച്ചിരുന്നതെന്ന്. തന്നെ മാത്രമേ അവർ അങ്ങനെ വിളിക്കാറുള്ളൂ. ആൻ മേരിയെ അങ്ങനെ വിളിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ല. ജൂലി ലെഗ്രാൻഡിനോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവൾക്ക്. ഒരു പ്ലേറ്റ് കൈയിലെടുത്ത് പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. “ഞാൻ ജെനവീവ്

 

“എല്ലാം ഓകെയല്ലേ?”

 

“അതെ ആ മാർട്ടിൻ ഹെയർ നല്ലൊരു മനുഷ്യൻ, അല്ലേ?”

 

“അപ്പോൾ ക്രെയ്ഗ്?” ജൂലി ചോദിച്ചു.

 

ജെനവീവ് ചുമൽ ഒന്ന് വെട്ടിച്ചു. “ഓ, അദ്ദേഹത്തിനെന്താ കുഴപ്പം? തികച്ചും മാന്യൻ

 

“എന്ന് വച്ചാൽ നീ അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെടുന്നുവെന്ന്” ജൂലി ഒരു നെടുവീർപ്പിട്ടു. “തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണ് ഷെറീ പക്ഷേ, ഒരു കാര്യം ഓർക്കണം, അപകടം നിറഞ്ഞ ദൗത്യങ്ങളിലേക്ക് ഇടം‌വലം നോക്കാതെ ഇറങ്ങിത്തിരിക്കുന്ന സ്വഭാവക്കാരനാണ്

 

“ആ ജോ എഡ്ജ് ആളെങ്ങനെ?” ജെനവീവ് ചോദിച്ചു.

 

“ചെളിക്കുഴിയിൽ നിന്നും കയറി വന്നവൻ അവനിൽ നിന്നും  അകലം പാലിക്കുന്നതാണ് നല്ലത്

 

പ്ലേറ്റുകൾ തുടച്ച് വൃത്തിയാക്കുന്നതിനിടയിൽ ജെനവീവ് അടുത്ത ചോദ്യമെയ്തു. “ഇവർക്കെല്ലാം ഇടയിൽ നിങ്ങളുടെ റോൾ എന്താണ്?”

 

“ഈ പബ്ബും പിന്നെ ഇവിടുത്തെ ബംഗ്ലാവും നോക്കി നടത്തുന്നത് ഞാനാണ് കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് പോകാം നമുക്ക് അവിടെയാണ് നിനക്കുള്ള താമസം ഏർപ്പാടാക്കിയിരിക്കുന്നത്

 

വാതിൽ തുറന്ന് ബ്രിഗേഡിയർ മ‌ൺറോ എത്തിനോക്കി. “ക്രെയ്ഗും ഞാനും ബംഗ്ലാവിലേക്ക് പോകുകയാണ് കുറേയേറെ ജോലികളുണ്ട് ചെയ്തു തീർക്കാൻ

 

“നിങ്ങൾ പൊയ്ക്കോളൂഞാൻ ജെനവീവിനെയും കൊണ്ട് കുറച്ചു കഴിഞ്ഞിട്ട് വരാം” ജൂലി പറഞ്ഞു.

 

“ഫൈൻ” അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു ലെറ്റർ എടുത്ത് ജെനവീവിന് കൊടുത്തു. “ഇത് നിങ്ങൾക്കുള്ളതാണ് കാർട്ടറെ ഇന്ന് രാവിലെ ഞാൻ നിങ്ങളുടെ ഹോസ്പിറ്റലിലേക്ക് അയച്ചിരുന്നു സഹോദരിയുടെ മരണത്തെത്തുടർന്ന് നിങ്ങൾ അവധി നീട്ടുന്ന കാര്യം അറിയിക്കുവാനായി  ഉടൻ തന്നെ തിരികെയെത്തും എന്ന പ്രതീക്ഷയിൽ നിങ്ങൾക്ക് വന്ന ആ ലെറ്റർ ഫോർവേഡ് ചെയ്യാതെ അവിടെത്തന്നെ വച്ചിരിക്കുകയായിരുന്നു അവർ

 

ഫ്ലാപ്പിന്റെ ഭാഗത്ത് വളരെ വൃത്തിയായി തുറന്ന നിലയിലായിരുന്നു ആ ലെറ്റർ. “താങ്കളിത് വായിച്ചു അല്ലേ?” ജെനവീവ് ചോദിച്ചു.

 

“തീർച്ചയായും” പുറത്തിറങ്ങി വാതിൽ ചാരിയിട്ട് അദ്ദേഹം നടന്നകന്നു.

 

“എന്തു നല്ല മനുഷ്യൻ, അല്ലേ” തെല്ല് നീരസത്തോടെ ജൂലി പറഞ്ഞു.

 

ആ കത്ത് താഴെ വച്ചിട്ട് ജെനവീവ് പ്ലേറ്റുകൾ തുടയ്ക്കുന്ന ജോലി തുടർന്നു. “ഇതിന് മുമ്പ് നിങ്ങൾ എന്തു ജോലിയാണ് ചെയ്തിരുന്നത്?”

 

“ഞാൻ ഫ്രാൻസിലായിരുന്നു സോർബോണിൽ ഫിലോസഫി പ്രൊഫസറായിരുന്നു എന്റെ ഭർത്താവ്

 

“ഇപ്പോൾ അദ്ദേഹം എന്തു ചെയ്യുന്നു?”

 

“അദ്ദേഹം ഇന്നില്ല ഒരു രാത്രിയിൽ ഗെസ്റ്റപ്പോ ഞങ്ങളെ തേടി വന്നു കുറേ നേരത്തേക്ക് അദ്ദേഹം അവരോട് തർക്കിച്ചു നിന്നു ആ സമയം കൊണ്ട് ഞാനും കുറച്ചു പേരും കൂടി അവിടെ നിന്നും രക്ഷപെട്ടു” ശൂന്യതയിലേക്ക് കണ്ണും നട്ട് ഒരു നിമിഷം അവർ അങ്ങനെ നിന്നു. “ഗെസ്റ്റപ്പോ പിടിച്ചു കൊണ്ടുപോയ അദ്ദേഹത്തെയും തേടി ക്രെയ്ഗ് പിന്നാലെ പോയി അവരുടെ പിടിയിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടു വന്ന് ഞങ്ങളെ ഇംഗ്ലണ്ടിലേക്ക് കടക്കാൻ സഹായിച്ചു

 

“അപ്പോൾ ക്രെയ്ഗ് ഓസ്ബോൺ ആണ് നിങ്ങളുടെ ഭർത്താവിന്റെ ജീവൻ രക്ഷിച്ചത്?”

 

“അതെ

 

“ക്രെയ്ഗിനെക്കുറിച്ച് പറയൂ നിങ്ങൾക്ക് അറിയാവുന്നതെല്ലാം” ജെനവീവ് പറഞ്ഞു.

 

“അതിനെന്താ, തുടക്കം മുതൽ പറയാമല്ലോ” ജൂലി ചുമൽ വെട്ടിച്ചു. “അദ്ദേഹത്തിന്റെ പിതാവ് ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു മാതാവ് ഫ്രഞ്ചുകാരിയും ബാല്യകാലം അധികവും ബെർലിനിലും പാരീസിലും ആയിരുന്നതിനാൽ ജർമ്മനും ഫ്രഞ്ചും അനായാസം സംസാരിക്കാൻ കഴിയും അദ്ദേഹത്തിന് 1940 ൽ ജർമ്മൻകാർ ഫ്രാൻസ് പിടിച്ചടക്കുമ്പോൾ ലൈഫ് മാഗസിന് വേണ്ടി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം

 

“അതെ ആ സമയത്താണ് എന്റെ സഹോദരിയുമായി അദ്ദേഹം പരിചയത്തിലാവുന്നത് നിങ്ങൾ എപ്പോഴെങ്കിലും അവളെ കണ്ടിട്ടുണ്ടോ?”  

 

“ഇല്ല അദ്ദേഹം ഫ്രാൻസിലുള്ള ജൂതന്മാരെ സ്പെയിൻ വഴി പുറത്തെത്തിക്കുന്ന ഒരു അധോലോക സംഘവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു ജേർണലിസത്തിന്റെ മറവിൽ എന്താണ് യഥാർത്ഥത്തിൽ ചെയ്യുന്നതെന്ന് ജർമ്മൻകാർ കണ്ടുപിടിച്ചപ്പോൾ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടത് അങ്ങനെയാണ് അദ്ദേഹം ഇംഗ്ലണ്ടിൽ എത്തുന്നതും അവരുടെ സീക്രറ്റ് സർവീസ് ആയ SOE യിൽ അംഗമാകുന്നതും പിന്നീട് കൂടുതൽ അമേരിക്കക്കാർ എത്തിയതോടെ അവർ അദ്ദേഹത്തെ OSS ലേക്ക് ട്രാൻസ്ഫർ ചെയ്തു” അവർ ചുമൽ വെട്ടിച്ചു. “പേര് മാത്രമേ മാറ്റമുള്ളൂ എല്ലാവരും ചെയ്യുന്നത് ഒന്ന് തന്നെ ജർമ്മനിയുമായുള്ള യുദ്ധം

 

“പിന്നെയും അദ്ദേഹം ഫ്രാൻസിലേക്ക് പോയി?”

 

“രണ്ട് തവണ അവർ പാരച്യൂട്ടിൽ ഡ്രോപ്പ് ചെയ്തു മൂന്നാമത്തെ പ്രാവശ്യം ഒരു ലൈസാൻഡറിലാണ് അദ്ദേഹത്തെ അവിടെയെത്തിച്ചത് മാസങ്ങളോളം ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ ലോയിർ താഴ്വര ഘടകത്തിന് നേതൃത്വം നൽകി... ഒടുവിൽ ഒറ്റുകൊടുക്കപ്പെടുന്നത് വരെയും ജർമ്മൻ സേനയ്ക്കെതിരെ ധാരാളം ഒളിപ്രവർത്തനങ്ങൾ അദ്ദേഹം നടത്തി

 

“എങ്ങോട്ടാണ് അദ്ദേഹം രക്ഷപെട്ടത്?”

 

“പാരീസിലേക്ക് ഞാനും ഭർത്താവും അന്ന് പാരീസിലുണ്ടെങ്കിലും ക്രെയ്ഗുമായി പരിചയമുണ്ടായിരുന്നില്ല അദ്ദേഹം അവിടെയുള്ള ഒരു കഫേയിൽ കുറച്ചു ദിവസം തങ്ങി സ്പെയിൻ വഴി രക്ഷപെടാനായിരുന്നു പ്ലാൻ” അവർ ഒന്ന് നിർത്തി.

 

“എന്നിട്ട്?”

 

“ഗെസ്റ്റപ്പോ അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു ക്രെയ്ഗിനെ പിടികൂടി അവർ റീ ഡി സൂസെയിലെ ആഭ്യന്തര മന്ത്രാലയത്തിന് സമീപമുള്ള ഹെഡ്ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി

 

“വേഗം പറയൂ!” ജെനവീവിന്റെ മുഖം വിളറിയിരുന്നു.

 

“അദ്ദേഹത്തിന്റെ ഫോട്ടോയും വിരലടയാളവും അവർ എടുത്തുചോദ്യം ചെയ്യൽ ഉൾപ്പെടെ പതിവ് നടപടികൾ മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ കടുത്ത മൂന്നാം മുറയും പ്രയോഗിച്ചു അദ്ദേഹത്തിന്റെ കൈകൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിരുന്നുവോ? ആ നഖങ്ങളുടെ വൈരൂപ്യം? ചോദ്യം ചെയ്യുന്ന സമയത്ത് അവയെല്ലാം പിഴുതെടുത്തിരുന്നു അവർ

 

ജെനവീവ് ആകെപ്പാടെ അസ്വസ്ഥയായി കാണപ്പെട്ടു. “എന്നിട്ടും അദ്ദേഹം രക്ഷപെട്ടു?”

 

“അതെ ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നു അദ്ദേഹത്തെയും കൊണ്ടുപോയിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചു അതിന്റെ ബഹളത്തിനിടയിൽ ചാടി രക്ഷപെട്ട ക്രെയ്ഗ് ഒരു ദേവാലയത്തിൽ കയറി ഒളിച്ചിരുന്നു അദ്ദേഹത്തെ കണ്ടെത്തിയ അവിടുത്തെ പുരോഹിതൻ വിവരം എന്റെ ഭർത്താവിനെ അറിയിച്ചു ആ പ്രദേശത്തെ പ്രതിരോധ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു എന്റെ ഭർത്താവ് അന്ന്

 

“അന്നാണല്ലേ അദ്ദേഹം ഗെസ്റ്റപ്പോയെ തടഞ്ഞു നിർത്തി നിങ്ങളെയും ക്രെയ്ഗിനെയും രക്ഷപെടാൻ അവസരമൊരുക്കിയത്…?

 

“അതെ ഷെറീ” ശാന്തസ്വരത്തിൽ അവർ പറഞ്ഞു. “കാലിന്റെ അടിഭാഗത്ത് വരെ പ്രഹരമേല്പിച്ചിരുന്നതിനാൽ ക്രെയ്ഗിന് നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു “ ജെനവീവിന്റെ വലതുകൈയിൽ മുറുകെപ്പിടിച്ച് ഒരു നിമിഷം അവർ ഇരുന്നു. “ഇത് ഏതെങ്കിലും ഒരു ഹോളിവുഡ് സിനിമയിലെ കഥയൊന്നുമല്ല പച്ചയായ യാഥാർത്ഥ്യം ഫ്രാൻസിലെ ഇന്നത്തെ അവസ്ഥ ഇതാണ് ഇതെല്ലാം നിനക്കും സംഭവിച്ചേക്കാം അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലൂടെ നീ കടന്നു പോകേണ്ടതുണ്ട് വ്യാഴാഴ്ച്ച രാത്രി കഴിഞ്ഞാൽ പിന്നെ സമയമുണ്ടാവില്ല

 

അവരെ തുറിച്ചുനോക്കിക്കൊണ്ട് ജെനവീവ് ഇരുന്നു. ജൂലി തുടർന്നു. “അന്ന് മാർക്കറ്റിലേക്ക് പോകുന്ന ഒരു ട്രക്കിലാണ് ഞങ്ങളെ അമീൻസ് നഗരത്തിൽ എത്തിച്ചത് മൂന്ന് ദിവസം കഴിഞ്ഞ് ഞങ്ങളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാനായി അവർ ഒരു ലൈസാൻഡർ അയച്ചു തന്നു

 

“അതിന് ശേഷം ക്രെയ്ഗിന് എന്തു സംഭവിച്ചു?”

 

“ഫ്രഞ്ച് ഗവണ്മന്റ് അദ്ദേഹത്തിന് കമാൻഡർ ഓഫ് ലെജിയൻ ഓഫ് ഓണർ ബഹുമതി നൽകി ആദരിച്ചു അമേരിക്കയാവട്ടെ ഒരു DSC മെഡൽ നൽകി ആദരിച്ചിട്ട് അദ്ദേഹത്തെ OSS ലേക്ക് ചേർത്തു. ഇപ്പോൾ വിരോധാഭാസം എന്താണെന്ന് വച്ചാൽ അദ്ദേഹം വീണ്ടും ഡോഗൽ മൺറോയുടെ നിയന്ത്രണത്തിലായി എന്നതാണ്

 

“ബ്രിഗേഡിയറിന് എന്താണ് കുഴപ്പം?” ജെനവീവ് ചോദിച്ചു.

 

“എന്റെ നോട്ടത്തിൽ, മരണം തേടി നടക്കുന്ന ഒരു മനുഷ്യൻ” ജൂലി പറഞ്ഞു. “അഥവാ ഈ യുദ്ധത്തെ അതിജീവിക്കുകയാണെങ്കിൽത്തന്നെ ഇനിയെന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിൽ ആയിരിക്കില്ലേ അദ്ദേഹം എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്

 

“ദാറ്റ്സ് നോൺസെൻസ്” ചെറുതായൊന്ന് വിറച്ചുകൊണ്ട് ജെനവീവ് പറഞ്ഞു.

 

“ആയിരിക്കാം” ജൂലി ചുമൽ വെട്ടിച്ചു. “അതുപോട്ടെ, നിനക്കുള്ള ആ ലെറ്റർ നീയത് തുറന്നു നോക്കിയില്ലല്ലോ ഇതുവരെ

 

ശരിയായിരുന്നു. അവൾ അത് തുറന്നു. മുഴുവനും വായിച്ചു കഴിഞ്ഞതും അത് ചുരുട്ടി ഒരു ഉണ്ടയാക്കി ഞെരടി.

 

“എന്തു പറ്റി? നല്ല വാർത്തയല്ലെന്ന് തോന്നുന്നു?” ജൂലി ചോദിച്ചു.

 

“ഈ വാരാന്ത്യത്തിൽ നടക്കുന്ന ഒരു പാർട്ടിയിലേക്കുള്ള ഇൻവിറ്റേഷനാണ് എന്തായാലും എനിക്ക് പോകാൻ സാധിക്കില്ലല്ലോ കഴിഞ്ഞ വർഷം ഞാൻ പരിചയപ്പെട്ട ഒരു ചെറുപ്പക്കാരന്റെ RAFൽ ബോംബർ പൈലറ്റാണയാൾ

 

“അവനുമായി പ്രണയത്തിലാണോ നീ?”

 

“അല്ല അങ്ങനെയൊന്ന് ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായതായി തോന്നുന്നില്ല ആഗ്രഹമുണ്ടെങ്കിലും ഗാഢമായ ഒരു ബന്ധത്തിന് സമയമോ സൗകര്യമോ ഇതുവരെ ഒത്തു വന്നില്ല ഇനിയും അലയേണ്ടി വരുമെന്നാണ് തോന്നുന്നത്

 

“നിന്റെ ഈ ചെറുപ്രായത്തിലോ ഷെറീ?” ജൂലി പൊട്ടിച്ചിരിച്ചു.

 

“കുറച്ചുനാൾ ഞങ്ങൾ ഒരുമിച്ച് കറങ്ങാനൊക്കെ പോയിരുന്നു അത്ര മാത്രം പക്ഷേ, എന്തുകൊണ്ടോ കൂടുതൽ അടുക്കാൻ കഴിഞ്ഞില്ല പലപ്പോഴും അവരവരുടെ തുരുത്തുകളിലേക്ക് ഒതുങ്ങിക്കൂടുകയായിരുന്നു ഇരുവരും

 

“ഒടുവിൽ എന്തുണ്ടായി?”

 

“തന്നെ വിവാഹം കഴിച്ചുകൂടേ എന്ന് അയാൾ ചോദിച്ചു മിഡിൽ ഈസ്റ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകുന്നതിന് മുമ്പായിരുന്നു അത്

 

“എന്നിട്ട് നീയത് നിരസിച്ചുവോ?”

 

“അയാൾ ഇപ്പോൾ തിരികെയെത്തിയിട്ടുണ്ട് ഒഴിവുകാലം ചെലവഴിക്കാൻ സറേയിലുള്ള മാതാപിതാക്കളുടെ അടുത്ത്

 

“ഇപ്പോഴും അയാൾക്ക് പ്രതീക്ഷയുണ്ടാകുമല്ലേ?”

 

ജെനവീവ് തല കുലുക്കി. “എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല എന്തു പറഞ്ഞ് അയാളെ ഒഴിവാക്കുമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല

 

“ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായിരുന്നുവല്ലേ?”

 

“ഇന്നലെ രാവിലെ വരെ പക്ഷേ, ഇപ്പോൾ അങ്ങനെയല്ല” ജെനവീവ് ചുമൽ വെട്ടിച്ചു. “പല കഴിവുകളും എന്നിൽ ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു  എന്റെ മുന്നിൽ അനന്തമായ സാദ്ധ്യതകളാണുള്ളതെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു

 

“അങ്ങനെ വലിയൊരു മണ്ടത്തരം ആകുമായിരുന്ന തീരുമാനത്തിൽ നിന്നും നീ രക്ഷപെട്ടിരിക്കുന്നു നോക്കൂ, നിർഭാഗ്യകരമായ ഏത് സന്ദർഭത്തിൽ നിന്നും നല്ലതായ എന്തെങ്കിലുമൊന്ന് എല്ലായ്പ്പോഴും ഉരുത്തിരിഞ്ഞു വരുമെന്ന് മനസ്സിലായില്ലേ? ക്രെയ്ഗിനെ കുറിച്ച് കുറേ കാര്യങ്ങൾ കൂടി മനസ്സിലാക്കാനും കഴിഞ്ഞില്ലേ?”

 

മറുപടി പറയാൻ ജെനവീവ് തുനിഞ്ഞതാണ്. പക്ഷേ, അപ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് ജോ എഡ്ജ് അവിടെയെത്തി. “ആഹാ, പാത്രം കഴുകുന്ന വനിതകൾ മനോഹരമായ കാഴ്ച്ച

 

“ജോ, പുറത്ത് പോയി നിന്റെ കളിപ്പാട്ടങ്ങളുമായി കളിക്കാൻ നോക്ക് നിനക്ക് പറ്റിയ പണി അതാണ്” ജൂലി അവനോട് പറഞ്ഞു.

 

“കളിക്കാനുള്ള വക ഇവിടെത്തന്നെ ധാരാളമുണ്ടല്ലോ ഡാർലിങ്ങ്” അവൻ ജെനവീവിന്റെ പിന്നിൽ ചെന്ന് അവളുടെ അരക്കെട്ടിൽ കൈചുറ്റി തന്നോട് അടുപ്പിച്ചു. അവന്റെ നിശ്വാസം തന്റെ പിൻകഴുത്തിൽ പതിക്കുന്നത് അവൾ അറിഞ്ഞു. അവന്റെ കൈ അവളുടെ അരക്കെട്ടിൽ നിന്നും പതുക്കെ മാറിലേക്ക് ഇഴഞ്ഞു നീങ്ങി.

 

“ലീവ് മീ എലോൺ!” അവൾ പ്രതിഷേധിച്ചു.

 

“നോക്കൂ, ഇവൾക്ക് ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു” പരിഹാസരൂപേണ അവൻ പറഞ്ഞു.

 

“ഇഷ്ടപ്പെടുകയോ? അറപ്പും ഭയവുമാണ് എനിക്ക് തോന്നുന്നത്” ജെനവീവ് അവനെ തട്ടിമാറ്റാൻ ശ്രമിച്ചു.

 

“ശരിയ്ക്കും? അത് കൊള്ളാമല്ലോ സ്വീറ്റീ എങ്കിൽ നിന്റെ ഭയം ഒന്ന് കണ്ടിട്ടു തന്നെ ബാക്കി കാര്യം

 

അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് വേദനയാൽ എഡ്ജ് അലറി വിളിച്ചത്. പിന്നിൽ എത്തിയ മാർട്ടിൻ ഹെയർ അവന്റെ കൈയിൽ കയറിപ്പിടിച്ച് ശക്തിയായി തിരിച്ചതായിരുന്നു കാരണം.  ജെനവീവിനെ സ്വതന്ത്രയാക്കിയെങ്കിലും എഡ്ജിന്റെ കൈയിലെ പിടി വിടാൻ ഹെയർ കൂട്ടാക്കിയില്ല. അവൻ വേദന കൊണ്ട് പുളഞ്ഞു. “ജോ, നീ ശരിയ്ക്കും ഒരു കീടം തന്നെ ഗെറ്റ് ഔട്ട് ഓഫ് ഇറ്റ്

 

എവിടെ നിന്നോ ഓടിയെത്തിയ ഷ്മിഡ്റ്റ് കിച്ചന്റെ പിൻഭാഗത്തെ വാതിൽ തള്ളിത്തുറന്നു. സകല ശക്തിയുമെടുത്ത് മാർട്ടിൻ ഹെയർ എഡ്ജിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മുട്ടുകുത്തി വീണ ജോ എഡ്ജ് സാവധാനം എഴുന്നേറ്റു. അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

 

“ഹെയർ, ഇതിന് ഞാൻ പകരം ചോദിച്ചിരിക്കും കൊടിച്ചിപ്പട്ടീ, നിന്നോടും കൂടിയാണ് പറഞ്ഞത്” ജെനവീവിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അവൻ തിടുക്കത്തിൽ നടന്നകന്നു.

 

“ഇത്രയും വൃത്തികെട്ട ഒരുത്തൻ പറയാതിരിക്കാൻ പറ്റുന്നില്ല സർ” ഷ്മിഡ്റ്റ് വാതിൽ അടച്ചു.

 

“നൂറ് ശതമാനവും യോജിക്കുന്നു നീ പോയി ബോട്ടിൽ നിന്നും മിസ്സ് ട്രെവോൺസിന് ചേരുന്ന ഒരു ജോഡി സീ ബൂട്ട്സ് എടുത്തു കൊണ്ടുവരൂ

 

“സൂ ബെഫെഹ്‌ൽ, ഹെർ കപ്പിത്താൻ” ആഹ്ലാദത്തോടെ പറഞ്ഞിട്ട് ഷ്മിഡ്റ്റ് പുറത്തേക്ക് പോയി.

 

അപ്പോഴും രോഷം കൊണ്ട് വിറയ്ക്കുകയായിരുന്നു ജെനവീവ്. “സീ ബൂട്ട്സ്? എന്തിന്?” അവൾ ചോദിച്ചു.

 

“നമുക്ക് ഒന്ന് നടന്നിട്ടു വരാം” മാർട്ടിൻ ഹെയർ പുഞ്ചിരിച്ചു. “ഉപ്പുരസമുള്ള കാറ്റ്, കടൽത്തീരം മനസ്സിനെ ശാന്തമാക്കാൻ പ്രകൃതിയുടെ മനോഹാരിത പോലെ മറ്റൊന്നുമില്ല

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...