അദ്ധ്യായം – ഏഴ്
ലൈബ്രറിയിലെ നെരിപ്പോടിനരികിലെ
ചാരുകസേരയിൽ ഇരുന്ന് തന്റെ മടിയിൽ വച്ചിരിക്കുന്ന പേപ്പറുകൾ ശ്രദ്ധയോടെ മറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്
ബ്രിഗേഡിയർ ഡോഗൽ മൺറോ. ഹാളിന്റെ മദ്ധ്യഭാഗത്തുള്ള മേശപ്പുറത്ത് ഭൂപടങ്ങളും ഫോട്ടോകളും
ഫയലുകളും നിരന്നു കിടക്കുന്നു. അതിനരികിലായി തന്റെ ഇഷ്ടപ്പെട്ട ഇനമായ ചെറിയ സിഗാർ പുകച്ചുകൊണ്ട്
റിനേ ദിസ്സാർ നിശ്ശബ്ദനായി തന്റെ ഊഴവും കാത്ത് ഇരിക്കുന്നുണ്ട്. ക്രെയ്ഗ് ഓസ്ബോണും
ജെനവീവും ഒരുമിച്ച് മൺറോയ്ക്ക് അഭിമുഖമായി ഇരിക്കുന്നു.
“കാറിൽ വോൺകോർട്ട് കൊട്ടാരത്തിൽ
ചെന്നിറങ്ങുമ്പോൾ ഓർമ്മയിൽ വയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നറിയുമോ…?” ക്രെയ്ഗ് അവളോട് ചോദിച്ചു. “നിങ്ങൾ തന്നെയാണ് ആൻ മേരി ട്രെവോൺസ്
എന്നത്… ആൻ മേരിയെ കണ്ടിട്ടുള്ള ആർക്കും പ്രത്യക്ഷത്തിൽ
യാതൊരു സംശയവും തോന്നില്ല എന്നത് ഉറപ്പാണ്… അതുകൊണ്ട് തന്നെ ചെറിയ എന്തെങ്കിലും മണ്ടത്തരങ്ങൾ
സംഭവിച്ചാൽത്തന്നെ അതൊരു പ്രശ്നമാകാനും പോകുന്നില്ല…”
“വെൽ, അത്രയും ആശ്വാസം…” അവൾ പറഞ്ഞു. “എനിക്കാണെങ്കിൽ ഈ ജർമ്മൻ ഭാഷ തീരെ വശമില്ലെന്ന കാര്യം
അറിയാമല്ലോ…”
“അതൊരു വിഷയമേയല്ല… അവിടെയുള്ള സ്റ്റാഫ് ഓഫീസർമാരിൽ മിക്കവർക്കും ഫ്രഞ്ച് ഭാഷ സംസാരിക്കാൻ
അത്യാവശ്യം അറിയാം… ഇനി ആൻ മേരി അവശ്യം അറിഞ്ഞിരിക്കേണ്ട ഏതാനും അടിസ്ഥാന
സംഗതികൾ എന്താണെന്ന് നോക്കാം… ഉദാഹരണത്തിന് ജർമ്മൻ സൈനിക യൂണിഫോമുകൾ…” അദ്ദേഹം ഒരു പുസ്തകം തുറന്നു. “ഇതിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ
നോക്കിയാൽ മനസ്സിലാകും…”
അതിലെ ഏതാനും പേജുകൾ അവൾ
മറിച്ചു നോക്കി. “മൈ ഗോഡ്, ഇതു മുഴുവനും ഞാൻ പഠിച്ച് ഓർത്തു വയ്ക്കണമെന്നോ…?”
“എല്ലാം വേണ്ട… ചിലത് മാത്രം… ക്രീഗ്സ്മറീനിന്റെ യൂണിഫോം വളരെ ലളിതമാണ്… പിന്നെ ജോ എഡ്ജ് ലുഫ്ത്‌വാഫിന്റെ യൂണിഫോം ധരിച്ചിരിക്കുന്നത് നിങ്ങൾ
കണ്ടതാണല്ലോ… നിറവും സ്റ്റൈലും ആർമിയുടേതിൽ നിന്നും തികച്ചും
വ്യത്യസ്തം… ബ്ലൂ – ഗ്രേ നിറങ്ങളും യെല്ലോ റാങ്ക് പാച്ചും…”
പേജുകൾ മറിച്ചുകൊണ്ടിരിക്കവെ
അവൾ കാമുഫ്ലാഷ് യൂണിഫോം ധരിച്ച ഒരു സായുധ സൈനികന്റെ ചിത്രം കണ്ട് ക്രെയ്ഗിനെ നോക്കി.
“ഇയാൾ ഏത് വിഭാഗത്തിലെയാണ്…? ജർമ്മൻ സൈനികനാണെന്ന് തോന്നുന്നില്ലല്ലോ… ഹെൽമറ്റ് പോലും വ്യത്യസ്തമായിരിക്കുന്നു…”
“ഫാൾഷിംജാഗർ എന്ന് പറയും… അതായത് പാരാട്രൂപ്പർ… പ്രത്യേകതരം സ്റ്റീൽ ഹെൽമറ്റ് ആണ് അവർക്ക്… അതേക്കുറിച്ചോർത്തൊന്നും നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല… ഒട്ടുമിക്ക ആർമി യൂണിഫോമുകളും നിങ്ങൾ സിനിമകളിൽ കണ്ടിട്ടുള്ളത് പോലെയൊക്കെ
തന്നെയാണ്… പിന്നെ, ഇതൊന്ന് പ്രത്യേകം ശ്രദ്ധിച്ചു വച്ചോളൂ…”
അദ്ദേഹം കാണിച്ച ചിത്രത്തിലെ
ജർമ്മൻസൈനികന്റെ കഴുത്തിൽ ഒരു ലോഹകവചം ഉണ്ടായിരുന്നു. “Feldgendarmerie...” ആ ചിത്രത്തിന്റെ
അടിക്കുറിപ്പ് അവൾ വായിച്ചു.
“എന്നു വച്ചാൽ മിലിട്ടറി
പൊലീസ്… വഴിയിൽ എവിടെയും നിങ്ങളെ തടഞ്ഞു നിർത്താൻ അയാൾക്ക്
അധികാരമുണ്ട്… പിന്നെ കൊട്ടാരത്തിന്റെ കവാടങ്ങളിൽ ഗാർഡ് ഡ്യൂട്ടിയും
ചെയ്യുന്ന ഇവർ ആർമിയിൽ പെട്ടവരാകാം അല്ലെങ്കിൽ SS സേനാംഗങ്ങളാകാം… എന്തായാലും ആ ലോഹകവചം കണ്ടാൽ ഉറപ്പിക്കാം മിലിട്ടറി പൊലീസ് എന്ന്…”
“അപ്പോൾ അവരോട് കഴിയുന്നതും
നന്നായി പെരുമാറാൻ ശ്രദ്ധിക്കണമല്ലേ…?”
“വെൽ, കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ
കാണുന്ന സ്റ്റോക്കിങ്ങ്സിന്റെ ദൃശ്യം തന്നെ ധാരാളമാണ് അവർക്ക്… കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടാവില്ല പിന്നെ…” ഒരു നേർത്ത പുഞ്ചിരി പോലും ഇല്ലാതെയാണ് ക്രെയ്ഗ് അത് പറഞ്ഞത്. “പിന്നെ
നിങ്ങൾ ശ്രദ്ധിക്കേണ്ടത് SS സേനാംഗങ്ങളെയാണ്… വോൺകോർട്ട് കൊട്ടാരത്തിൽ അവരിൽപ്പെട്ടവരെ ധാരാളം
കാണാൻ സാധിക്കും… ആർമിയിലെ ഫീൽഡ് ഗ്രേ യൂണിഫോം പോലെയാണെങ്കിലും ബ്ലൂ-ഗ്രീൻ
കോളറുകൾ ഉണ്ടായിരിക്കും… കോളറുകളിലാണ് അവർ റാങ്ക് ബാഡ്ജുകൾ ധരിക്കുന്നത്… മേജർ വരെയുള്ള ഉദ്യോഗസ്ഥന്മാർ കോളറിന്റെ ഒരു വശത്താണ് SS ചിഹ്നം ധരിക്കുന്നത്… അതിന് മുകളിൽ ഉള്ളവർക്ക് വ്യത്യാസമുണ്ട്… പക്ഷേ, നിങ്ങൾ അതോർത്ത് വിഷമിക്കേണ്ട ആവശ്യമില്ല… എല്ലാവരുടെയും റാങ്കുകൾ നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല… SS സേനയിലെ ഏത് ഉദ്യോഗസ്ഥനും - അതായത് ഹിംലർ ഉൾപ്പെടെ - അവരുടെ ക്യാപ്പിൽ
തലയോട്ടിയും അസ്ഥികളും ഉള്ള വെള്ളി നിറത്തിലുള്ള ബാഡ്ജ് ധരിച്ചിട്ടുണ്ടായിരിക്കും… മനസ്സിലായോ…?”
ജെനവീവ് തല കുലുക്കി.
“എന്ന് വിചാരിക്കുന്നു… ലുഫ്ത്‌വാഫ് യൂണിഫോം എഡ്ജിന്റേത് പോലെ… പൊലീസിനാണെങ്കിൽ കഴുത്തിൽ ലോഹകവചം ഉണ്ടായിരിക്കും… ആർമിയ്ക്കും SSനും തൊപ്പിയിൽ തലയോട്ടി ചിഹ്നമുള്ള ബാഡ്ജ്…”
“ഓൾറൈറ്റ്… ഇനി നമുക്ക് വോൺകോർട്ട് കൊട്ടാരം എങ്ങനെയാണെന്ന് നോക്കാം…” ക്രെയ്ഗ് പറഞ്ഞു.
കൊട്ടാരം സ്ഥിതി ചെയ്യുന്ന
പ്രദേശത്തിന്റെ വലിയൊരു മാപ്പ് അവിടെയുണ്ടായിരുന്നു. പിന്നെ വോൺകോർട്ട് കൊട്ടാരത്തിന്റെ
വിശദമായ ഒരു ലേ ഔട്ടും. അതിലേക്ക് ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കവെ പഴയ ഓർമ്മകൾ ഒന്നൊന്നായി
അവളുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു. കുട്ടിക്കാലത്ത് ഓടി നടന്ന സ്റ്റെയർകെയ്സുകളും
ഇടനാഴികളും ഓരോ മുക്കും മൂലയും എല്ലാം. അങ്ങോട്ട് തിരിച്ചെത്തുന്നതിന്റെ ആവേശം പെട്ടെന്നാണ്
അവളിൽ നുരഞ്ഞു പൊന്തിയത്. ആ കൊട്ടാരത്തെ താൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന കാര്യം
അവൾ മറന്നു പോയിരുന്നു.
“ഏതാനും മെഷീൻ-ഗൺ പോസ്റ്റുകൾ
അധികമായി സ്ഥാപിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ കൊട്ടാരത്തിന്റെ ചട്ടക്കൂടിൽ മാറ്റങ്ങളൊന്നും
തന്നെ വരുത്തിയിട്ടില്ല…” പെൻസിൽ കൊണ്ട് ലേ ഔട്ടിൽ തൊട്ടു കാണിച്ച് റിനേ
പറഞ്ഞു. “കൊട്ടാരത്തിന്റെ ചുറ്റുമതിൽ മുഴുവനും കേബിൾ വലിച്ച് ഇലക്ട്രിക്ക് വാണിങ്ങ്
സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്… ഗേറ്റിൽ സദാസമയവും പാറാവുകാർ ഉണ്ടായിരിക്കും… കൂടാതെ ഒരു സ്വിങ്ങ് ബാരിയർ സിസ്റ്റവും അവർ അവിടെ ഘടിപ്പിച്ചിട്ടുണ്ട്… ഇതിന് പുറമെ രഹസ്യ ഗാർഡുകളും ഉണ്ട്… കൊട്ടാരത്തിലെ
സെക്യൂരിറ്റി സിസ്റ്റത്തിന്റെ വിജയരഹസ്യം അവരാണെന്ന് പറയാം… Waffen-SS സേനാംഗങ്ങളാണവർ… തങ്ങളുടെ ജോലി എന്താണെന്ന് വ്യക്തമായി അറിയുന്നവർ… തങ്ങളുടെ ഡ്യൂട്ടിയിൽ യാതൊരു വീഴ്ച്ചയും വരുത്താത്തവർ… ആ കാര്യം നമ്മൾ സമ്മതിച്ചു കൊടുക്കുക തന്നെ വേണം…”
“എന്റെ അമേരിക്കൻ വികാരത്തെ
വ്രണപ്പെടുത്താതെ സൗമ്യമായ ഭാഷയിൽ ഇദ്ദേഹം പറയുന്നതെന്താണെന്ന് മനസ്സിലായോ…? ഈ ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് Waffen-SS എന്ന്…” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “ഇദ്ദേഹം പറഞ്ഞത് നൂറു ശതമാനവും ശരിയാണ്… കൊട്ടാരത്തിൽ റോന്തു ചുറ്റുന്ന അവരോടൊപ്പം എപ്പോഴും അൽസേഷൻ അല്ലെങ്കിൽ
ഡോബർമാൻ നായ്ക്കൾ ഉണ്ടായിരിക്കും…”
“എനിക്ക് മൃഗങ്ങളെ വളരെ
ഇഷ്ടമാണ്…” ജെനവീവ് പറഞ്ഞു.
“നല്ല കാര്യം…” ക്രെയ്ഗ് പറഞ്ഞു. “ഇനി നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക്
കടക്കാം…” അദ്ദേഹം വാച്ചിലേക്ക് നോക്കി. “നമുക്ക് അധികം
സമയമില്ല… ഹെയർഡ്രെസ്സർ എപ്പോൾ വേണമെങ്കിലും എത്തും…”
“ഹെയർഡ്രെസ്സർ…?”
“അതെ… നിങ്ങളുടെ ഇപ്പോഴത്തെ ഹെയർസ്റ്റൈൽ വളരെ നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവാം… പക്ഷേ, ആൻ മേരിയ്ക്ക് അത് പോരാ… ഈ ഫോട്ടോ
നോക്കൂ, കഴിഞ്ഞ മാസം എടുത്തതാണ്…”
ജെനവീവിന്റെ തലമുടി ചുമൽ
വരെ നീണ്ടതായിരുന്നു. എന്നാൽ ആൻ മേരിയുടേത് വളരെ നീളം കുറഞ്ഞതും. മുൻഭാഗം ഇരുവശത്തേക്കും
വകഞ്ഞ് പുരികത്തിന് തൊട്ടു മുകളിൽ ക്രോപ്പ് ചെയ്തിട്ടിരിക്കുന്നു. ഒറ്റനോട്ടത്തിൽ ജെനവീവ്
ആണെന്ന് തോന്നും. എങ്കിലും ഈ ലോകത്തോടു മുഴുവൻ പുച്ഛമാണെന്ന് മട്ടിൽ ഒരു തരം ധാർഷ്ട്യം
കലർന്ന പുഞ്ചിരിയുമായി നിൽക്കുന്ന മറ്റൊരു ജെനവീവ് ആയിരുന്നു ആ ഫോട്ടോയിൽ. അറിയാതെ
ആ ഭാവം അനുകരിച്ചുകൊണ്ട് അവൾ തിരിഞ്ഞ് ക്രെയ്ഗിനെ നോക്കി. അദ്ദേഹത്തിന്റെ പിന്നിൽ നെരിപ്പോടിനരികിൽ
ഉണ്ടായിരുന്ന കണ്ണാടിയിൽ ധാർഷ്ട്യത്തോടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന ആൻ മേരിയെ അവൾ
കണ്ടു.
ആ ഭാവം അദ്ദേഹത്തിന് ഒട്ടും
തന്നെ ഇഷ്ടപ്പെട്ടില്ല. തന്റെ ആ നോട്ടവും പുഞ്ചിരിയും അദ്ദേഹത്തിൽ അസ്വസ്ഥത പകരുന്നുവെന്ന്
അവൾക്ക് മനസ്സിലായി. എന്തോ കണ്ട് ഭയന്നത് പോലെ. അവളുടെ കൈയിൽ നിന്നും ആ ഫോട്ടോ അദ്ദേഹം
പിടിച്ചു വാങ്ങി.
“നമുക്ക് തുടരാം…” മറ്റൊരു ഫോട്ടോ അദ്ദേഹം അവളുടെ മുന്നിൽ വച്ചു. “ഈ സ്ത്രീയെ നിങ്ങൾ
അറിയുമോ…?”
“അറിയാം… എന്റെ ആന്റിയുടെ പ്രീയപ്പെട്ട പരിചാരിക ഷോണ്ടെൽ ഷെവലിയർ…”
കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി
ഹോർട്ടെൻസ് ആന്റിയുടെ നല്ല കാലത്തും കെട്ട കാലത്തും ഒപ്പം നിൽക്കുന്ന ഇഷ്ടപരിചാരിക.
ഒട്ടും സൗമ്യതയില്ലാത്ത വാക്കുകളും പ്രവൃത്തിയുമാണ് അവരുടേത്.
“എന്നെ അവർക്ക് ഒട്ടും
പിടിക്കില്ല…” ജെനവീവ് പറഞ്ഞു. “അല്ലെങ്കിൽ അവരുടെ സ്വഭാവം മാറണം… അതിന് ഒരു സാദ്ധ്യതയുമില്ല താനും…”
റിനേ തല കുലുക്കി. “നിങ്ങൾ
പറഞ്ഞത് ശരിയാണ്… ആൻ മേരിയെ അവർ ഒരിക്കലും വക വച്ചിരുന്നില്ല… മനസ്സിൽ തോന്നുന്നത് വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം…” അയാൾ ജെനവീവിന് നേർക്ക് തിരിഞ്ഞു. “പക്ഷേ, നിങ്ങളോട് അങ്ങനെയായിരിക്കുമെന്ന്
തോന്നുന്നില്ല മാംസെൽ… നിങ്ങളോടുള്ള മനോഭാവം അങ്ങനെയായിരുന്നില്ല…”
പക്ഷേ, അതേക്കുറിച്ച്
ഇപ്പോൾ ചിന്തിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. “പിന്നെ ആരൊക്കെയാണ്…?” അവൾ ചോദിച്ചു.
“പാചകക്കാരൻ മോറിസ് യൂഗോ… അയാളെ ഓർമ്മയുണ്ടോ…?”
“തീർച്ചയായും…”
“പിന്നെയുള്ളവരെല്ലാം
പുതിയ ആൾക്കാരാണ്… താഴെത്തട്ടിലുള്ള അവരെയൊന്നും നിങ്ങൾ ഓർത്തിരിക്കണമെന്ന്
യാതൊരു നിർബന്ധവുമില്ല… അതുകൊണ്ട് അതൊരു പ്രശ്നവുമല്ല… പക്ഷേ, നിങ്ങളുടെ സ്വന്തം പരിചാരിക ഒരു പ്രശ്നമാണ്… ഇതാണ് അവരുടെ ഫോട്ടോ…”
കറുത്ത മുടിയുള്ള, അധികം
ഉയരവും വണ്ണവുമില്ലാത്ത ഒരു സ്ത്രീ. സാമാന്യം സൗന്ദര്യവതിയായ അവളുടെ മുഖത്ത് ഒരു പിടിവാശിക്കാരിയുടെ
ലക്ഷണമുണ്ട്. “ഇവൾ അത്ര ശരിയല്ല…” റിനേ പറഞ്ഞു. “മരീസാ ഡ്യൂകേ എന്നാണ് പേര്… ഏതാണ്ട് പത്ത് മൈൽ ദൂരെയുള്ള കൃഷിയിടത്തിലാണ് വീട്… മൂന്ന് കാര്യങ്ങളാണ് അവളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്… ഭംഗിയുള്ള വസ്ത്രങ്ങൾ, പുരുഷന്മാർ, പണം… അതിന് വേണ്ടി എന്തിനും തയ്യാറാണവൾ… അവളുടെ
കുടുംബ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി ഒരു കുറിപ്പ് ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട്…”
“അത് സമയം പോലെ പിന്നീട്
വായിക്കാം…” ക്രെയ്ഗ് പറഞ്ഞു. “നമുക്ക് തുടരാം… ഇതാണ് കൊട്ടാരത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ… മേജർ ജനറൽ കാൾ സിംകാ”
ഒരു ഗ്രൂപ്പ് ഫോട്ടോയിൽ
നിന്നും കട്ട് ചെയ്തെടുത്ത ചിത്രമായിരുന്നു അത്. അതിന്റെ പിറകിൽ അയാളുടെ ഇന്നുവരെയുള്ള
ചരിത്രം ടൈപ്പ് ചെയ്ത ഒരു കുറിപ്പും ഉണ്ടായിരുന്നു.
അമ്പത് വയസ്സിന് മേൽ പ്രായം
തോന്നിക്കുന്ന സൈനികോദ്യോഗസ്ഥനായിരുന്നു അയാൾ. വെള്ളി നിറമുള്ള മുടിയും ഭംഗിയായി ട്രിം
ചെയ്ത മീശയുമുള്ള അയാൾ പക്ഷേ SS സേനാംഗം ആയിരുന്നില്ല. അല്പം മാംസളമായ മുഖവും ശരീരവും.
കണ്ണുകളിൽ മന്ദഹാസത്തിന്റെ ലാഞ്ഛന കാണുന്നുണ്ടെങ്കിലും ചുണ്ടുകളിൽ അതിന്റെ ലക്ഷണമില്ല.
ആകെപ്പാടെ ക്ഷീണിതനായ രൂപം.
“മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു…” ക്രെയ്ഗ് പറഞ്ഞു. “എന്നാൽ ഇപ്പോൾ അവശനാണ്… പിന്നെ, നിങ്ങളുടെ ആന്റിയും ഇദ്ദേഹവും പരസ്പരം ഇഷ്ടത്തിലാണെന്ന് കൂട്ടിക്കോളൂ…”
“അതിൽ എനിക്ക് അത്ഭുതമൊന്നുമില്ല…” ആ ഫോട്ടോ തിരികെ നൽകിക്കൊണ്ട് ജെനവീവ് പറഞ്ഞു. “അത് കേട്ട് ഞാൻ ഞെട്ടുമെന്ന് കരുതിയെങ്കിൽ
നിങ്ങൾക്ക് തെറ്റി… എന്റെ ആന്റിയ്ക്ക് ഒരു പങ്കാളിയെ എപ്പോഴും ആവശ്യമായിരുന്നു… സിംകായെ കണ്ടിട്ട് അവരുമായി ചേർന്നു പോകുന്നയാളാണെന്ന് തോന്നുന്നു…”
“എങ്കിലും അയാളൊരു സൈനികനാണ്…” തെല്ല് വെറുപ്പോടെ റിനേ പറഞ്ഞു. “അതുപോലെ തന്നെയാണ് ഈ ബാസ്റ്റർഡും…” അയാൾ മറ്റൊരു ഫോട്ടോ അവളുടെ മുന്നിലേക്ക് നീക്കി വച്ചു.
അവൾ അല്പം മുന്നോട്ടാഞ്ഞ്
അതിലേക്ക് നോക്കി. ആ മുഖം കണ്ടതും ഒരു ഉൾക്കിടിലമാണ് അവൾക്കുണ്ടായത്. മുമ്പ് ഒരിക്കൽപ്പോലും
താൻ അയാളെ കണ്ടിട്ടില്ല. എങ്കിലും നല്ല പരിചയം പോലെ. ജോ എഡ്ജിന്റേത് പോലുള്ള യൂണിഫോമാണ്
അയാൾ ധരിച്ചിരിക്കുന്നത്. SS കോളർ ടാബ്, അയേൺ ക്രോസ് ബാഡ്ജ് എന്നിവ കൂടി ഉണ്ടെന്ന്
മാത്രം. പറ്റെ വെട്ടിയിരിക്കുന്ന കറുത്ത തലമുടി. പരുക്കൻ മുഖം. തന്റെ കണ്ണുകളിലേക്കും
അതിനപ്പുറത്തേക്കും ചുഴിഞ്ഞു കയറുന്ന നോട്ടം. ഒട്ടും സുമുഖൻ അല്ലെങ്കിലും ആൾക്കൂട്ടത്തിൽ
എവിടെ കണ്ടാലും രണ്ടാമതൊരു വട്ടം തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന രൂപം.
“സ്റ്റംബാൻഫ്യൂറർ മാക്സ്
പ്രീം…” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “എന്ന് വച്ചാൽ ബ്രിട്ടീഷ്
ആർമിയിലെ മേജർ പദവിക്ക് തുല്യം… നൈറ്റ്സ് ക്രോസ് ബഹുമതിയൊക്കെ ലഭിച്ചിട്ടുണ്ട്… മികച്ച ഒരു സൈനികൻ… അത്രത്തോളം തന്നെ അപകടകാരിയും… കൊട്ടാരത്തിന്റെ
സെക്യൂരിറ്റി ഇൻ ചാർജ് ആണ് ഇയാൾ…”
“ഇത്രയും മിടുക്കനായ ഒരാളെ
എന്ത്കൊണ്ടാണ് അവർ യുദ്ധനിരയിലേക്ക് അയയ്ക്കാത്തത്…?”
“കഴിഞ്ഞ വർഷം റഷ്യയിൽ
വച്ചുണ്ടായ ഏറ്റുമുട്ടലിൽ തലയിൽ വെടിയേറ്റു… ഓപ്പറേഷൻ ചെയ്ത് തലയോട്ടിയിൽ ഒരു സിൽവർ പ്ലേറ്റ്
ഇടേണ്ടി വന്നു… അതുകൊണ്ട് ഇനി യുദ്ധനിരയിലേക്കൊന്നും പോകാൻ സാധിക്കില്ല…”
“ആൻ മേരിയോടുള്ള ഇയാളുടെ
പെരുമാറ്റം എങ്ങനെയായിരുന്നു…?” ജെനവീവ് റിനേയോട് ചോദിച്ചു.
“കീരിയും പാമ്പും പോലെയായിരുന്നു
ഇരുവരും… പരസ്പരം കാണുന്നത് തന്നെ വെറുപ്പായിരുന്നു… എന്നാൽ ജനറൽ സീംകായോട് വളരെ നല്ല ബന്ധമായിരുന്നു ആൻ മേരിയ്ക്ക്… അയാളോട് അടുത്തിടപഴകുമായിരുന്നു അവൾ… സ്വന്തം അനന്തരവളോട് എന്ന പോലെ തിരിച്ചും സ്നേഹമായിരുന്നു അയാൾക്ക്…”
“പാരീസിലേക്ക് ഇടയ്ക്കിടെ
യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും അതിനുള്ള പാസ്സും ഒക്കെ അവൾക്ക് ലഭിച്ചു പോന്നത്
ആ സ്നേഹം മൂലമായിരുന്നു…” ക്രെയ്ഗ് പറഞ്ഞു. “വോൺകോർട്ട് കൊട്ടാരവുമായുള്ള
ബന്ധത്തിന് ജർമ്മൻകാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം… നിങ്ങളും ആന്റിയും ജർമ്മൻകാരോട് പൂർണ്ണമായും സഹകരിച്ച് പ്രവർത്തിക്കുന്നവരാണ്… അക്കാര്യത്തിൽ ഒരു തെറ്റും നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെ നോക്കണം… ആയിരക്കണക്കിന് ഫ്രഞ്ചുകാർ ലേബർ ക്യാമ്പിൽ കഴിയുമ്പോൾ കൊട്ടാരത്തിൽ
ആഡംബര ജീവിതം നയിക്കുകയാണ് നിങ്ങൾ… വാരാന്ത്യങ്ങളിൽ കോൺഫറൻസുകളും പാർട്ടികളും ഒക്കെയായി
ജീവിതം ആഘോഷിക്കുന്ന നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും ഫ്രഞ്ച് വ്യവസായികളും അവരുടെ
ഭാര്യമാരും ഒക്കെ ഫ്രാൻസിലെ പൊതുജനങ്ങളുടെ കണ്ണിൽ ഏറ്റവും വെറുക്കപ്പെട്ടവരാണ്…”
“നിങ്ങൾ പറഞ്ഞത് വളരെ
ശരിയാണ്…”
“ഇനി ഒരാളെക്കൂടി നിങ്ങൾ
ശ്രദ്ധിക്കേണ്ടതുണ്ട്…” ആ ഫോട്ടോയിലെ വ്യക്തിയെ കണ്ടാൽ തന്നെ ഭയം തോന്നുമായിരുന്നു.
വെളുത്ത മുടിയുള്ള ചെറുപ്പക്കാരനായ ഒരു SS ഓഫീസർ. ഇടുങ്ങിയ കണ്ണുകൾ. ദാക്ഷിണ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത
നോട്ടം. പരുക്കൻ മുഖഭാവം. “ക്യാപ്റ്റൻ ഹാൻസ് റൈലിംഗെർ… മാക്സ് പ്രീമിന്റെ അസിസ്റ്റന്റാണ്…”
“കണ്ടിട്ട് അറുവഷളനാണെന്ന്
തോന്നുന്നു…” ജെനവീവ് പറഞ്ഞു.
“മൃഗം എന്ന് പറയാം…” നെരിപ്പോടിനുള്ളിലേക്ക് തുപ്പിക്കൊണ്ട് റിനേ പറഞ്ഞു.
“വിചിത്രം… പക്ഷേ, മാക്സ് പ്രീമിന്റെ തരത്തിൽ പെട്ടവനല്ലെന്ന് തോന്നുന്നു…” ജെനവീവ് പറഞ്ഞു.
“അത് എന്ത് തരമാണ്…?” ക്രെയ്ഗ് ചോദിച്ചു.
“പ്രീമിന് അയാളെ ഒട്ടും
ഇഷ്ടമല്ല… അത് അയാൾ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്…” റിനേ പറഞ്ഞു.
ക്രെയ്ഗ് വലിയൊരു ബ്രൗൺ
എൻവലപ്പ് എടുത്ത് ജെനവീവിന് നൽകി. “അവിടെ നിങ്ങൾ കണ്ടുമുട്ടാൻ ഇടയുള്ള ഓരോരുത്തരുടെയും
വിശദവിവരങ്ങൾ ഇതിനകത്തുണ്ട്… അത് സസൂക്ഷ്മം വായിച്ച് മനസ്സിലാക്കുക… കാരണം അതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ജീവന്റെ നിലനില്പ് തന്നെ…”
വാതിലിൽ ആരോ മുട്ടുന്നത്
കേട്ട് അവർ തിരിഞ്ഞു നോക്കി. ജൂലി ആയിരുന്നുവത്. “ഹെയർഡ്രെസ്സർ എത്തിയിട്ടുണ്ട്…”
“ഗുഡ്…” ക്രെയ്ഗ് പറഞ്ഞു. “ഓകെ, നമുക്ക് പിന്നെ തുടരാം…” ജെനവീവ് വാതിലിന് നേർക്ക് നടക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. “പോകുന്നതിന്
മുമ്പ് ഒരു ഫോട്ടോ കൂടി… അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയുടെ മുഖ്യശില്പി… ഈ വാരാന്ത്യത്തിൽ വോൺകോർട്ട് കൊട്ടാരത്തിൽ എത്തുന്ന അദ്ദേഹത്തിന്റെ
ആതിഥേയയുടെ റോളിലായിരിക്കും നിങ്ങൾ അഭിനയിക്കാൻ പോകുന്നത്…”
അദ്ദേഹം വളരെ ശ്രദ്ധയോടെ
ആ ഫോട്ടോ അവൾക്ക് മുന്നിൽ മേശപ്പുറത്ത് വച്ചു. ഫീൽഡ് മാർഷൽ ഇർവിൻ റോമലിന്റെ ഫോട്ടോ.
അമ്പരപ്പോടെ, അതിലേറെ അവിശ്വസനീയതയോടെ ആ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് അവൾ നിന്നു.
ഇടതുകൈയിൽ ഏതാനും പേപ്പറുകളുമായി മൺറോ അവൾക്കരികിലേക്ക് വന്നു.
“മൈ ഡിയർ ജെനവീവ്, ഇപ്പോൾ
മനസ്സിലായില്ലേ, ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ലെന്ന്…? ഈ വാരാന്ത്യത്തിൽ നിങ്ങൾ ചോർത്തിയെടുക്കാൻ പോകുന്നത് ഈ യുദ്ധത്തിന്റെ
ഗതി തന്നെ മാറ്റി മറിക്കാൻ പോകുന്ന രേഖകൾ ആയിരിക്കും…”
(തുടരും)
ശെടാ.. ഇതെല്ലാം കൂടെ ആ കൊച്ച് എങ്ങനെ ഓർത്തിരിക്കും!!
ReplyDelete