അദ്ധ്യായം – ഒമ്പത്
അടുത്ത ദിവസം രാവിലെ ഏഴു
മണി കഴിഞ്ഞതേയുള്ളൂ. ബെർലിനിലെ പ്രിൻസ് ആൽബ്രസ്ട്രാസയിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിന്
മുന്നിൽ വന്നു നിന്ന കാറിൽ നിന്നും ഹെൻട്രിച്ച് ഹിംലർ പുറത്തിറങ്ങി. അല്ലെങ്കിലും,
പതിവില്ലാത്ത സമയത്ത് ഓഫീസിൽ എത്തുക എന്നത് അദ്ദേഹത്തിന്റെ ദുഃശീലമായിരുന്നു. അതുകൊണ്ടു
തന്നെ ആരും അതിലൊരു അസ്വാഭാവികത കാണുകയും ചെയ്തിരുന്നില്ല. കവാടത്തിൽ ഉണ്ടായിരുന്ന
ഗാർഡുകൾ കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു. ഓഫീസിലെ ക്ലാർക്കുമാർ തിരക്കിട്ട്
തങ്ങളുടെ മുന്നിലെ ഫയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
പോലെ നടിച്ചു. SS സേനാ തലവന്റെ യൂണിഫോം ആയ ഇറക്കമുള്ള കറുത്ത കോട്ട് ആയിരുന്നു അദ്ദേഹം
ധരിച്ചിരുന്നത്. സിൽവർ നിറമുള്ള കണ്ണടയുടെ പിന്നിൽ അദ്ദേഹത്തിന്റെ കണ്ണുകൾ പതിവ് പോലെ
നിർവ്വികാരമായിരുന്നു.
മാർബിൾ പതിച്ച സ്റ്റെയർകെയ്സ്
കയറി ഇടനാഴിയിലെത്തിയ അദ്ദേഹം വാതിൽ തുറന്ന് തന്റെ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചു.
റിസപ്ഷൻ ഡെസ്കിന് പിന്നിൽ അദ്ദേഹത്തിന്റെ സെക്രട്ടറി ഇരിക്കുന്നുണ്ടായിരുന്നു. SS ഓക്സിലറി
സ്റ്റാഫിന്റെ ഫീൽഡ് ഗ്രേ യൂണിഫോം ധരിച്ച ആ മദ്ധ്യവയസ്ക അദ്ദേഹത്തെ കണ്ടതും എഴുന്നേറ്റു.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ ഷിഫ്റ്റുകളായാണ് തന്റെ ഓഫീസ് സ്റ്റാഫിനെ
അദ്ദേഹം വിന്യസിച്ചിരുന്നത്.
“ഹോപ്റ്റ്സ്റ്റംഫ്യൂറർ
റോസ്മാൻ എത്തിയോ…?” അദ്ദേഹം ചോദിച്ചു.
“അല്പം മുമ്പ് ക്യാന്റീനിൽ
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് കണ്ടിരുന്നു, റൈഫ്യൂറർ…”
“അയാളോട് പെട്ടെന്ന് ഇവിടെയെത്താൻ
പറയൂ…”
തന്റെ ക്യാബിനിലേക്ക്
കയറിയ ഹിംലർ ബ്രീഫ്കെയ്സും ഹാറ്റും മേശപ്പുറത്ത് വച്ചിട്ട് ജാലകത്തിനരികിൽ ചെന്ന് കൈകൾ
പിറകിൽ കെട്ടി പുറത്തേക്ക് നോക്കി നിന്നു. അല്പം കഴിഞ്ഞതും ആരോ വാതിലിൽ മുട്ടി. കറുത്ത
യൂണിഫോം ധരിച്ച ചെറുപ്പക്കാരനായ ഒരു ക്യാപ്റ്റൻ ഉള്ളിലേക്ക് വന്നു. അയാളുടെ കൈയിലെ
വെള്ളി നിറമുള്ള കഫ് ടൈറ്റിലിൽ Reichsfuhrer der SS എന്നതിന്റെ ചുരുക്കമായ RFSS എന്ന
അക്ഷരങ്ങൾ ആലേഖനം ചെയ്തിരുന്നു. ഹിംലറുടെ പേഴ്സണൽ സ്റ്റാഫ് എന്നർത്ഥം. അയാൾ കാലുകൾ
അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു.
“ആജ്ഞാപിച്ചാലും റൈഫ്യൂറർ…”
“ആഹ്, റോസ്മാൻ…” ഹിംലർ തിരിഞ്ഞ് തന്റെ കസേരയിൽ വന്ന് ഇരുന്നു. “നൈറ്റ് ഷിഫ്റ്റ് ആയിരുന്നുവല്ലേ…? വീട്ടിൽ പോകേണ്ട സമയമായോ…?”
“അതെ, റൈഫ്യൂറർ…”
“കുറേ നേരം കൂടി ഇവിടെ
തങ്ങിയാൽ നന്നായിരുന്നു…”
“നോ പ്രോബ്ലം, റൈഫ്യൂറർ… താങ്കളെ സേവിക്കുന്നതിൽ സന്തോഷമേയുള്ളൂ…”
“ഗുഡ്...” ഹിംലർ തല കുലുക്കി.
“ഇന്നലെ രാത്രി ഞാൻ ഫ്യൂററോടൊപ്പമായിരുന്നു… ഈ വാരാന്ത്യത്തിൽ ബ്രിറ്റനിയിലെ ആ വോൺകോർട്ട് കൊട്ടാരത്തിൽ
വച്ച് നടക്കുന്ന കോൺഫറൻസിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു… അതിന്റെ ഫയലുണ്ടോ ഇവിടെ…?”
“ഉണ്ടെന്നാണ് തോന്നുന്നത്,
റൈഫ്യൂറർ…”
“എങ്കിൽ അത് കൊണ്ടുവരൂ…”
റോസ്മാൻ പുറത്തേക്കിറങ്ങി.
ഹിംലർ തന്റെ ബ്രീഫ്കെയ്സ് തുറന്ന് ഏതാനും പേപ്പറുകൾ പുറത്തെടുത്ത് കണ്ണോടിച്ചു. ഒരു
നിമിഷം കഴിഞ്ഞതും കൈയിൽ ഒരു ഫയലുമായി റോസ്മാൻ തിരിച്ചെത്തി. അത് വാങ്ങി ശ്രദ്ധയോടെ
പേജുകൾ മറിച്ചു നോക്കിയതിന് ശേഷം അദ്ദേഹം പിറകോട്ട് ചാരിയിരുന്നു.
“അറ്റ്ലാന്റിക്ക് വാൾ
കോൺഫറൻസ്…?” പുച്ഛഭാവത്തിൽ അദ്ദേഹം ചിരിച്ചു. “ഈ വിഷയത്തിൽ
ഉത്കണ്ഠാകുലനായിരുന്നു ഫ്യൂറർ ഇന്നലെ രാത്രിയിൽ… അത് വെറുതെയായിരുന്നില്ലെന്ന്
ഇപ്പോൾ മനസ്സിലാവുന്നു… ഇതിന് പിന്നിൽ ഒരു ഗൂഢാലോചയുണ്ടെന്ന് തന്നെ വേണം
കരുതാൻ, റോസ്മാൻ…” ഹിംലർ തലയുയർത്തി. “ഈ സാമ്രാജ്യത്തോടുള്ള നിങ്ങളുടെ
കൂറിൽ എനിക്ക് വിശ്വസിക്കാമല്ലോ…?”
“എന്റെ മരണം വരെയും, റൈഫ്യൂറർ…” റോസ്മാൻ വീണ്ടും കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിന്നു.
“ഗുഡ്… വളരെ രഹസ്യമായ ചില കാര്യങ്ങളാണ് ഇനി നിങ്ങളോട് ഞാൻ പറയാൻ പോകുന്നത്… ഫ്യൂററുടെ നേർക്ക് നിരവധി വധശ്രമങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളതെന്ന
കാര്യം നിങ്ങൾക്ക് അറിവുള്ളതാണല്ലോ…?”
“തീർച്ചയായും, റൈഫ്യൂറർ…”
“ദൈവത്തിന്റെ കൃപ ഒന്നുകൊണ്ട്
മാത്രമാണ് അദ്ദേഹം അതിൽ നിന്നെല്ലാം രക്ഷപെട്ടിട്ടുള്ളത്… ഇതിനെല്ലാം പിറകിൽ ചില ദുഃഷ്ടശക്തികളുണ്ട്…” ഹിംലർ തല കുലുക്കി. “നമ്മുടെ സ്വന്തം ഹൈക്കമാൻഡിലെ തന്നെ ഏതാനും ജനറലുമാർ… ഫ്യൂററെ സേവിച്ചുകൊള്ളാം എന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ളവർ തന്നെ
അദ്ദേഹത്തെ വധിക്കുവാനുള്ള ഗൂഢാലോചനകളിൽ പങ്കാളികളാവുന്നു…”
“മൈ ഗോഡ്…!” റോസ്മാൻ അത്ഭുതം കൂറി.
“മറ്റു പലർക്കുമൊപ്പം
എന്റെ നിരീക്ഷണ വലയത്തിൽ ഉള്ള ജനറൽമാരാണ് വാഗ്നർ, സ്റ്റീഫ്, വോൺ ഹെയ്സ് എന്നിവർ…” അദ്ദേഹം തന്റെ ബ്രീഫ്കെയ്സിൽ നിന്നും ഏതാനും പേപ്പറുകൾ പുറത്തെടുത്തു.
“ഈ ലിസ്റ്റിലുള്ള മറ്റു ചിലരുടെ പേരുകൾ കേട്ടാൽ ഒരു പക്ഷേ നിങ്ങൾ വിശ്വസിക്കില്ല…”
ആ പേപ്പറുകളിലൂടെ കണ്ണോടിച്ച
റോസ്മാൻ അവിശ്വസനീയതയോടെ തലയുയർത്തി. “റോമൽ…?”
“അതെ… നല്ലവനായ ഫീൽഡ് മാർഷൽ ഇർവിൻ റോമൽ തന്നെ… ജനങ്ങളുടെ വീരനായകൻ…”
“അവിശ്വസനീയം…” റോസ്മാൻ പറഞ്ഞു.
“പക്ഷേ, അതാണ് വാസ്തവം…” ഹിംലർ പറഞ്ഞു. “ഫ്യൂറർ ഇന്നലെ പറഞ്ഞത് ശരിയായിരുന്നു… വോൺകോർട്ട് കൊട്ടാരത്തിൽ നടക്കാൻ പോകുന്ന ആ കോൺഫറൻസിന് പിന്നിൽ മറ്റെന്തൊക്കെയോ
ആണെന്ന് സംശയിക്കാതിരിക്കാൻ കാരണമൊന്നുമില്ലെന്ന്… അറ്റ്ലാന്റിക്ക്
വാൾ പോലും… ശുദ്ധ മണ്ടത്തരം…!” പുച്ഛത്തോടെ അദ്ദേഹം ചിരിച്ചു. “റോമലും ആ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്… ഇതൊക്കെ ഒരു മറയാണ് റോസ്മാൻ… അല്ലെങ്കിൽ അത്രയും ദൂരം യാത്ര ചെയ്ത് എന്തിനദ്ദേഹം
ബ്രിറ്റനി വരെ ചെല്ലണം…?”
ഹിംലർ പറയുന്നതിനോട് യോജിക്കുകയെന്നതാണ്
സുരക്ഷിതം എന്ന് പണ്ടേ മനസ്സിലാക്കിയ റോസ്മാൻ തല കുലുക്കി. “താങ്കൾ പറയുന്നത് ശരിയാണ്,
റൈഫ്യൂറർ…”
“ഉദാഹരണത്തിന്, ഈ പറയുന്ന
ജനറൽ കാൾ സീംകാ… ആ കൊട്ടാരത്തിന്റെ ഇൻ ചാർജ് ആയ അയാൾക്കും ഇതിൽ
പങ്കുണ്ടായിരിക്കുമെന്ന കാര്യം ഉറപ്പാണ്…” ഹിംലർ പറഞ്ഞു.
ഈ വിഷയത്തിൽ ചെറുതായി
ഒന്ന് ഇടപെട്ടാൽ തനിക്കും ചിലപ്പോൾ ഗുണമുണ്ടായേക്കും എന്ന് തോന്നിയ റോസ്മാൻ പറഞ്ഞു.
“ഈ വോൺകോർട്ട് കൊട്ടാരത്തിന്റെ കാര്യത്തിൽ നമുക്ക് അനുകൂലമായ ഒരു ഘടകമുണ്ട്, റൈഫ്യൂറർ…”
“എന്താണത്…?”
“അവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ
ചുമതല Waffen-SS നാണ്…” (Waffen-SS* - SS സേനയുടെ സൈനിക ഘടകം)
“ശരിയ്ക്കും…?” ഹിംലർ ഊർജ്ജസ്വലതയോടെ തലയുയർത്തി. “ഉറപ്പാണോ നിങ്ങൾക്ക്…?”
“തീർച്ചയായും, റൈഫ്യൂറർ…” റോസ്മാൻ ആ ഫയലിനുള്ളിൽ എന്തോ തിരഞ്ഞു. “സെക്യൂരിറ്റി & ഇന്റലിജൻസ്
സംബന്ധമായ സകല കാര്യങ്ങളുടെയും ചുമതല വഹിക്കുന്ന ഓഫീസർ ആരാണെന്ന് നോക്കൂ… സ്റ്റംബാൻഫ്യൂറർ മാക്സ് പ്രീം…”
മാക്സ് പ്രീമിന്റെ റെക്കോർഡ്
ഹിംലർ പരിശോധിച്ചു. “ഇയാളൊരു ഹീറോ ആണല്ലോ…”
“നൈറ്റ്സ് ക്രോസ് വിത്ത്
ഓക്ക് ലീവ്സ് & സ്വോർഡ്സ്
നേടിയ ആളാണ് അദ്ദേഹം, റൈഫ്യൂറർ… റഷ്യയിൽ വച്ച് ഗുരുതരമായ പരിക്കേറ്റത് കൊണ്ട് മാത്രമാണ് ഇപ്പോൾ അദ്ദേഹം
യുദ്ധനിരയിൽ ഇല്ലാത്തത്…”
“അതെ, അക്കാര്യം ഇതിൽ
പറയുന്നുണ്ട്…” ഹിംലറുടെ വിരലുകൾ മേശപ്പുറത്ത് താളം പിടിച്ചു.
റോസ്മാൻ തെല്ല് പരിഭ്രമത്തോടെ അദ്ദേഹത്തിന്റെ അടുത്ത വാക്കുകൾക്കായി കാത്തുനിന്നു.
“യെസ്… ഈ മേജർ പ്രീം മതി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്… ഉടൻ തന്നെ അയാളെ ഫോണിൽ കണക്റ്റ് ചെയ്യൂ റോസ്മാൻ… അയാളോട് എനിക്ക് നേരിട്ട് സംസാരിക്കണം…” ഹിംലർ പറഞ്ഞു.
ഇതിപ്പോ വല്ലാത്ത ഒരു കുരുക്കിലേക്ക് ആണല്ലോ നമ്മുടെ നായിക പോകുന്നത്.
ReplyDeleteഅതെ... ജെനവീവ് അവിടെയെത്തുമ്പോൾ രണ്ട് വിരുദ്ധ ചേരികളോടായിരിക്കും പൊരുതേണ്ടത്...
Delete"ഹോപ്റ്റ്സ്റ്റംഫ്യൂറർ" - ഇവന്മാർക്ക് വായിൽ കൊള്ളാവുന്ന പേരൊക്കെ ഇട്ടൂടെ..
ReplyDeleteഅത് ഒരാളുടെ പേരല്ല ജിമ്മാ... ലെഫ്റ്റനന്റ്, ക്യാപ്റ്റൻ എന്നൊക്കെ പറയുന്നത് പോലെ ജർമ്മൻ സൈന്യത്തിലെ ഒരു പദവിയുടെ പേരാണ്...
DeleteHauptsturmführer was a Nazi Party paramilitary rank that was used in several Nazi organizations such as the SS, NSKK and the NSFK. The rank of Hauptsturmführer was a mid-level commander and had equivalent seniority to a captain in the German Army and also the equivalency of captain in foreign armies.
ബൈദുബായ്, ഈ ഹിംലറെയും റോസ്മാനെയും ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ... ഈഗിൾ സീരീസിലും നൈറ്റ് ഓഫ് ദി ഫോക്സിലും ഒക്കെ ഉണ്ടായിരുന്നു... ഓർമ്മയില്ലേ...?
Deleteഫ്യൂററെ സേവിച്ചുകൊള്ളാം എന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ളവർ തന്നെ അദ്ദേഹത്തെ വധിക്കുവാനുള്ള ഗൂഢാലോചനകളിൽ പങ്കാളികളാവുന്നു "
ReplyDeleteഎന്തൊരു ലോകം
ഫീൽഡ് മാർഷൽ ഇർവിൻ റോമൽ എന്നും ഒരു ഹിറ്റ്ലർ വിരുദ്ധനായിരുന്നു...
Delete