വൈകുന്നേരം ആയപ്പോഴേക്കും
കോൾഡ് ഹാർബറിൽ ഇരുട്ട് വീണു കഴിഞ്ഞിരുന്നു. അടുക്കളയുടെ ജാലകത്തിൽ മഴത്തുള്ളികൾ ഇടതടവില്ലാതെ
പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നു. കിച്ചണിലെ മേശയ്ക്ക് ഇരുവശത്തുമായി ഇരിക്കുകയാണ്
ജൂലിയും ജെനവീവും. ഒരു കുത്ത് ടാരോ കാർഡുകൾ കശക്കിക്കൊണ്ടിരിക്കുകയാണ് ജൂലി. A
foggy day in London Town എന്ന ഹൃദയഹാരിയായ ഗാനം ഗ്രാമഫോണിൽ നിന്നും പുറത്തേക്ക് ഒഴുകുന്നുണ്ട്.
“ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ
ഗാനം…” ജൂലി പറഞ്ഞു. “അൽബോളിയുടെ ഗാനമാണ്… എന്റെ എക്കാലത്തെയും പ്രിയഗായകൻ… ലണ്ടനിലെ
ഒരു വിധം എല്ലാ നൈറ്റ് ക്ലബ്ബുകളിലും പാടുമായിരുന്നു…”
“ഒരിക്കൽ ഞാൻ അദ്ദേഹത്തെ
കണ്ടിട്ടുണ്ട്…” ജെനവീവ് പറഞ്ഞു. “ഒരു RAF പൈലറ്റുമായി ഞാൻ ഡേറ്റിങ്ങിലുള്ള
സമയം… 1940ൽ ആണ്… പിക്കാഡിലിയിലുള്ള
മോൺസിഞ്ഞോർ റെസ്റ്റാറന്റിൽ ഒരു ദിവസം അവൻ എന്നെ കൊണ്ടുപോയി… റോയ് ഫോക്സ് ബാൻഡിനൊപ്പം അൽബോളി അന്നവിടെ പാടുന്നുണ്ടായിരുന്നു…”
“അദ്ദേഹത്തെ ഒന്ന് നേരിൽ
കാണുവാൻ എന്ത് ത്യാഗം സഹിക്കുവാനും ഞാൻ തയ്യാറായിരുന്നു…” ജൂലി പറഞ്ഞു. “എന്തു ചെയ്യാം, ജർമ്മൻകാരുടെ എയർ റെയ്ഡിലാണ് അദ്ദേഹം
കൊല്ലപ്പെട്ടത്… അറിയുമോ നിനക്ക്…?”
“അതെ, എനിക്കറിയാം…”
ജൂലി ടാരോ കാർഡുകളുടെ
കുത്ത് ഉയർത്തിപ്പിടിച്ചു. “ഈ കാർഡുകൾ കൊണ്ട് ഭാവി പ്രവചിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നാണ്
എല്ലാവരും പറയുന്നത്… ഇതൊന്ന് കശക്കിയിട്ട് നിന്റെ ഇടതുകൈ കൊണ്ട് എനിക്ക്
തരൂ…”
“എന്റെ ഭാവി പ്രവചിക്കാനാണോ…? അത് വേണമോ…?” എങ്കിലും ജൂലി ആവശ്യപ്പെട്ടത് പോലെ ചെയ്തിട്ട്
ജെനവീവ് അത് തിരിച്ചു കൊടുത്തു.
ജൂലി ഒരു നിമിഷം കണ്ണുകൾ
അടച്ചു. പിന്നെ ആ കാർഡുകൾ മേശപ്പുറത്ത് കമഴ്ത്തി നിരത്തി വച്ചു. ശേഷം അവർ ജെനവീവിനെ
നോക്കി. “മൂന്നേ മൂന്ന് കാർഡുകൾ… അത്രയേ വേണ്ടൂ… ഇഷ്ടമുള്ളത്
തെരഞ്ഞെടുത്തിട്ട് അവ മലർത്തി വയ്ക്കൂ…”
അവർ ആവശ്യപ്പെട്ടത് പോലെ
അവൾ ചെയ്തു. വളരെ പഴക്കമുള്ള കാർഡുകളായിരുന്നു അവ. ചിത്രങ്ങൾ പഴക്കത്താൽ മാഞ്ഞു തുടങ്ങിയിരിക്കുന്നു.
അതിലെ എഴുത്തുകൾ ഫ്രഞ്ച് ഭാഷയിൽ ആയിരുന്നു. ഒരു ചെന്നായയും നായയും കാവൽ നിൽക്കുന്ന
ചെറിയ ഒരു ജലാശയമായിരുന്നു ഒന്നാമത്തെ കാർഡിലെ ചിത്രം. അതിനനപ്പുറം തലയുയർത്തി നിൽക്കുന്ന
രണ്ട് ഗോപുരങ്ങൾ. ആകാശത്ത് തിളങ്ങി നിൽക്കുന്ന ചന്ദ്രൻ.
“ഇത് നല്ല ലക്ഷണമാണ് ഷെറീ… കാരണം ഇത് നേരായ ദിശയിലാണ് നീ എടുത്ത് വച്ചിരിക്കുന്നത്… നിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ സൂചിപ്പിക്കുന്നു ഇത്… യുക്തിയ്ക്കോ ബുദ്ധിയ്ക്കോ യാതൊരു പങ്കും ഇല്ല അതിൽ… നിന്റെ ചോദനകളാണ് നിന്നെ നയിക്കുന്നത്… ഏത് പ്രതിസന്ധിയിലും നിനക്ക് ശരിയെന്ന് തോന്നുന്ന വഴിയിൽ നീങ്ങുക… നിന്റെ മനസാക്ഷിയെ വിശ്വസിച്ച് മുന്നോട്ട് പോകുക… നിന്റെ രക്ഷയ്ക്ക് അത് മാത്രം മതിയാകും…”
“നിങ്ങളെന്താ തമാശ പറയുകയാണോ…?” പൊട്ടിച്ചിരിച്ചു കൊണ്ട് ജെനവീവ് ചോദിച്ചു.
“അല്ല… ഈ കാർഡ് എന്നോട് പറയുന്നത് അതാണ്…” തീർത്തും
ആത്മാർത്ഥമായിരുന്നു അവരുടെ വാക്കുകൾ. അവർ അവളുടെ കരം കവർന്നു. “ഒരു കാര്യം കൂടി ഈ
കാർഡ് പറയുന്നുണ്ട്… ഈ ദൗത്യം കഴിഞ്ഞ് നീ തിരികെയെത്തുമെന്ന്… ഇനി അടുത്ത കാർഡ് എടുക്കൂ…”
തല കീഴായി കെട്ടിത്തൂക്കിയ
ഒരു പുരുഷന്റെ ചിത്രമായിരുന്നു അതിൽ. Hanged Man പബ്ബിന്റെ ബോർഡിന് സമീപം പ്രദർശിപ്പിച്ചിരിക്കുന്ന
അതേ രൂപം.
“നീ വിചാരിക്കുന്ന അർത്ഥമല്ല
ഇതിന്… നാശവും പരിണാമവും… പക്ഷേ, ഒരു ഉയർത്തെഴുന്നേൽപ്പിന്റെ അടയാളം കൂടിയാണിത്… വലിയൊരു ഭാരമാണ് ഒഴിവായിരിക്കുന്നത്… ആരോടും ഒരു ബാദ്ധ്യതയും കാണിക്കാതെ നീ നീയായിത്തന്നെ മുന്നോട്ട് പോകുക… ”
ഒരു നിമിഷത്തെ മൗനത്തിന്
ശേഷം ജെനവീവ് മൂന്നാമത്തെ കാർഡ് എടുത്തു. കൈയിൽ ഒരു ബാറ്റണുമായി കുതിരപ്പുറത്തിരിക്കുന്ന
ഒരു യോദ്ധാവിന്റെ ചിത്രമായിരുന്നു അത്. മലർത്തി വച്ചപ്പോൾ തലകീഴായിട്ടായിരുന്നു അതിന്റെ
ദിശ.
“നിന്നോട് വളരെ അടുപ്പമുള്ളയാളാണ്
ഈ വ്യക്തി… ഒരു കാരണവുമില്ലാതെ ശണ്ഠ കൂടുന്നവൻ…” ജൂലി പറഞ്ഞു.
“അതൊരു സൈനികനാണോ…?” ജെനവീവ് ചോദിച്ചു.
“അതെ, അതിനാണ് സാദ്ധ്യത…” ജൂലി തല കുലുക്കി.
“എന്റെ ചോദനകൾ കൊണ്ട്
മാത്രം തരണം ചെയ്യേണ്ട പ്രതിസന്ധികൾ… പരിണാമം… ഒഴിവായിപ്പോയ വലിയൊരു ഭാരം… വെറുതേ ശണ്ഠ കൂടുന്ന സൈനികനായ സുഹൃത്ത്…” ജെനവീവ് ചുമൽ വെട്ടിച്ചു. “ഇതെല്ലാം കൂടി എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്…?”
“അത് നാലാമത്തെ കാർഡ്
പറയും… എടുക്കേണ്ടി വരും എന്ന് നീ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത
ആ കാർഡ്…”
ഒരു നിമിഷം സംശയിച്ചിട്ട്
ആ കാർഡുകളിലേക്ക് മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് അതിൽ നിന്നും ഒന്നെടുത്ത് അവൾ ജൂലിയ്ക്ക്
നൽകി. ജൂലി അത് മലർത്തിയിട്ടു. ആ മരണചിഹ്നം അവരെ തുറിച്ചു നോക്കി. കൊയ്ത്തരിവാളുമായി
നിൽക്കുന്ന ഒരു അസ്ഥികൂടം. പക്ഷേ, അത് കൊയ്യുന്നത് ധാന്യക്കതിരുകളെ ആയിരുന്നില്ല, ശവശരീരങ്ങളെ
ആയിരുന്നു.
ചിരിക്കുവാൻ ശ്രമിച്ചെങ്കിലും
ജെനവീവിന്റെ തൊണ്ട വരണ്ടിരുന്നു. “അത്ര നല്ല ലക്ഷണമല്ല അല്ലേ…?”
ജൂലിയ്ക്ക് എന്തെങ്കിലും
പറയാൻ കഴിയുന്നതിന് മുമ്പേ ആരോ വാതിലിൽ മുട്ടി. അടുത്ത നിമിഷം വാതിൽ തുറന്ന് ക്രെയ്ഗ്
അകത്തേക്ക് പ്രവേശിച്ചു. “എല്ലാവരോടും ലൈബ്രറിയിലേക്ക് വരാൻ മൺറോ പറഞ്ഞു… തീരുമാനമെടുക്കേണ്ട സമയമായിരിക്കുന്നു…” ഒരു നിമിഷം ജൂലിയെ നോക്കിയിട്ട് അദ്ദേഹം പുഞ്ചിരിച്ചു. “മൈ ഗോഡ്,
നിങ്ങൾ പിന്നെയും ഈ പരിപാടി തുടങ്ങിയോ ജൂലീ…? അടുത്ത വസന്തകാലത്ത് ഫാൾമൗത്തിൽ ഒരു ടെന്റുമിട്ട്
ഇരിക്കുമെന്ന് തോന്നുന്നല്ലോ…”
പുഞ്ചിരിച്ചുകൊണ്ട് ജൂലി
കാർഡുകളെല്ലാം കൂടി വാരിക്കൂട്ടി അടുക്കി വച്ചു. “അത് നല്ല ഐഡിയ ആണല്ലോ…”
കസേരയിൽ നിന്നും എഴുന്നേറ്റ
അവർ ജെനവീവിനരികിലെത്തി അവളുടെ കൈയിൽ പതുക്കെ അമർത്തി. ശേഷം ഇരുവരും ക്രെയ്ഗിനെ അനുഗമിച്ചു.
***
ലൈബ്രറി ഹാളിലെ മേശമേൽ
വിടർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് ചാനലിന്റെ വലിയ ഒരു അഡ്മിറാൽറ്റി ചാർട്ടിൽ ലിസാർഡ്
പോയിന്റിനും ബ്രിറ്റനിയിലെ ഫിനിസ്റ്ററിനും ഇടയിലുള്ള ഭാഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു
കൊണ്ട് നിൽക്കുകയായിരുന്നു മൺറോയും ഹെയറും. നെരിപ്പോടിനരികിൽ കസേരയിൽ ഒരു ചുരുട്ടും
വലിച്ചുകൊണ്ട് തനിക്കുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് റിനേ ദിസ്സാർ.
മൺറോ തലയുയർത്തി നോക്കി.
“ആഹ്, നിങ്ങളെത്തിയോ…? നിങ്ങൾ കണ്ടല്ലോ, കാലാവസ്ഥ ഒട്ടും മെച്ചപ്പെട്ടിട്ടില്ല… മെച്ചപ്പെടുമെന്നതിന് ഒരു ഗ്യാരണ്ടിയുമില്ലെന്നാണ് കാലാവസ്ഥാ വകുപ്പിലെ
സുഹൃത്തുക്കൾ പറയുന്നത്… രാത്രി പതിനൊന്നിന് ടേക്ക് ഓഫ് ചെയ്യുക എന്നതായിരുന്നു
നമ്മുടെ ഒറിജിനൽ ഷെഡ്യൂൾ…”
വാതിൽ തുറന്ന് ജോ എഡ്ജ്
അകത്തേക്ക് വന്നു. “എന്തെങ്കിലും പുതിയ വിവരം…?” മൺറോ
ചോദിച്ചു.
“ഇല്ല ബ്രിഗേഡിയർ…” എഡ്ജ് പറഞ്ഞു. “SHAEFന് കാലാവസ്ഥാ റിപ്പോർട്ടുകൾ നൽകുന്ന ലണ്ടനിലെ
ഡിപ്പാർട്ട്മെന്റ് മേധാവി ക്യാപ്റ്റൻ സ്മിത്തുമായി ഞാൻ സംസാരിച്ചിരുന്നു… നമ്മുടെ പക്കലുള്ള വിവരങ്ങൾ തന്നെയാണ് അദ്ദേഹവും പറഞ്ഞത്. കാലാവസ്ഥ
മെച്ചപ്പെടാനുള്ള സാദ്ധ്യത വളരെ വിരളമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം…”
ജെനവീവ് തെല്ല് ആകാംക്ഷയോടെ
അയാളെ ഒന്ന് നോക്കി. മരക്കൂട്ടങ്ങൾക്കിടയിൽ വച്ചുണ്ടായ ആ സംഭവത്തിന് ശേഷം അയാൾ വഴിമാറി
നടക്കുകയായിരുന്നു. Hanged Man പബ്ബിൽ പോലും അതിന് ശേഷം അയാൾ മുഖം കാണിച്ചിരുന്നില്ല.
നിർവ്വികാരമായിരുന്നു ആ മുഖമെങ്കിലും ആ കണ്ണുകളിൽ വെറുപ്പിന്റെ തീജ്വാല അവൾക്ക് കാണാൻ
കഴിഞ്ഞു.
“അപ്പോൾ പിന്നെ ഇനിയൊന്നും
നോക്കാനില്ല…” മൺറോ പറഞ്ഞു. “ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല… കടൽമാർഗ്ഗമാണ് പോകുന്നതെങ്കിൽ നേരത്തേ പുറപ്പെട്ടേ മതിയാവൂ…” അദ്ദേഹം ഹെയറിന് നേർക്ക് തിരിഞ്ഞു. “യൂ ആർ സെയ്‌ലിങ്ങ് നൗ, കമാൻഡർ…”
“ഫൈൻ സർ…” ഹെയർ തല കുലുക്കി. “നാം എട്ടു മണിക്ക് പുറപ്പെടുന്നു… നിങ്ങൾക്ക് ഒരുങ്ങാൻ അധികം സമയമുണ്ടാവില്ലെന്നറിയാം, ജെനവീവ്… പക്ഷേ, വേറെ മാർഗ്ഗമില്ല… സീ ലെവലിൽ മൂടൽ മഞ്ഞ് അത്ര കനത്തതല്ല… മൂന്നോ നാലോ മൈൽ കഴിയുന്നതോടെ കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ
പ്രവചനം… അദൃശ്യമായ ഒരു യാത്രയ്ക്ക് എന്തുകൊണ്ടും ഉചിതം…”
“പക്ഷേ, എങ്ങോട്ട്…?” ജെനവീവ് ചോദിച്ചു.
ഹെയർ ഓസ്ബോണിന് നേർക്ക്
തിരിഞ്ഞു. “ക്രെയ്ഗ്…?”
“ഗ്രാൻഡ് പിയറിനോട് റേഡിയോ
മാർഗ്ഗം ഞങ്ങൾ സംസാരിച്ചിരുന്നു…” ക്രെയ്ഗ് പറഞ്ഞു. ചാർട്ടിലൂടെ അദ്ദേഹം പെൻസിൽ
നീക്കി. “ഇതാ ഇവിടെയാണ് ലിയോണും ഗ്രോസ്നെസ് ലൈറ്റും… അവിടെ
വച്ചാണ് അന്ന് രാത്രി കടലിൽ നിന്നും ലിലി മർലിൻ എന്നെ രക്ഷപെടുത്തിയത്… രണ്ട് ദിവസം മുമ്പ് ഗ്രോസ്നെസ് ലൈറ്റിന്റെ പ്രവർത്തനം ജർമ്മൻകാർ അവസാനിപ്പിച്ചു
എന്നാണ് ഗ്രാൻഡ് പിയർ പറഞ്ഞത്…”
“അതെന്താ…?” ജെനവീവ് ചോദിച്ചു.
“ലൈറ്റ് ഹൗസുകളുടെ പ്രവർത്തനം
അവർ ക്രമേണ നിർത്തിക്കൊണ്ടിരിക്കുകയാണത്രെ… അധിനിവേശഭയം തന്നെ കാരണം…” ഹെയർ പറഞ്ഞു.
“ഗ്രോസ്നെസ് ലൈറ്റിന്
സമീപമുള്ള പാറക്കെട്ടുകളിൽ ഒരു ക്വാറി ഉണ്ടത്രെ… പക്ഷേ,
1920 മുതൽ അത് പ്രവർത്തിക്കുന്നില്ല… എങ്കിലും അവിടെ ആഴമുള്ള ഭാഗത്ത് ഇപ്പോഴും ഒരു കടൽപ്പാലമുണ്ട്… പണ്ട് കാലത്ത് കല്ലുകൾ കൊണ്ടുപോകാൻ ബോട്ടുകൾ ഉപയോഗിച്ചിരുന്നത്…” ക്രെയ്ഗ് പറഞ്ഞു.
“നമ്മുടെ ആവശ്യത്തിന്
ഏറ്റവും അനുയോജ്യം…” ഹെയർ പറഞ്ഞു.
ക്രെയ്ഗ് തുടർന്നു. “നമ്മുടെ
പ്ലാനിൽ വന്ന മാറ്റം ഗ്രാൻഡ് പിയറിനെ വിളിച്ച് അറിയിക്കാൻ പോകുകയാണ്… നിങ്ങളെ കൊണ്ടുപോകാനുള്ള ഏർപ്പാട് അയാൾ ചെയ്യുന്നതായിരിക്കും… ഒറിജിനൽ ഷെഡ്യൂൾ പ്രകാരമുള്ള സമയത്ത് തന്നെ നിങ്ങൾക്ക് സെന്റ് മോറിസിൽ
എത്താൻ സാധിക്കും…”
“ഗ്രോസ്നെസിലുള്ള ആ കടൽപ്പാലം
ഉപയോഗിക്കുകയാണെങ്കിൽ പിന്നെ കാര്യം എളുപ്പമാണ്… നേരെ അവിടെ
എത്തുന്നു… നിങ്ങളെ ഇറക്കുന്നു, തിരികെ പോരുന്നു… നോ പ്രോബ്ലം…” ഹെയർ അവളോട് പറഞ്ഞു.
“അഥവാ ഇനി ആ പരിസരത്ത്
വച്ച് ആരെങ്കിലും നിങ്ങളെ കാണുകയാണെങ്കിലോ…?” മൺറോ ചോദിച്ചു. “ക്രീഗ്സ്മറീനിന്റെ ഒരു കപ്പൽ
അവരുടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു… തികച്ചും സ്വാഭാവികം…”
ജെനവീവ് മേശപ്പുറത്തെ
ചാർട്ടിലേക്ക് നോക്കി. തികച്ചും ശാന്തമായിരുന്നു അവളുടെ മുഖം. “ദാറ്റ്സ് ഇറ്റ് ദെൻ…” അവൾ മന്ത്രിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അങ്ങിനെ നമ്മൾ പോകാൻ പോകുന്നു.. ഇനി എന്തൊക്കെ ആകുമോ എന്തോ..
ReplyDeleteഇനി അങ്കത്തട്ടിലേക്ക്...
Deleteതികച്ചും സ്വാഭാവികം..സംശയം തോന്നാതിരിക്കാൻ സാഹചര്യം ഒത്തുവന്നു
ReplyDeleteഅതെ... ജർമ്മൻ പതാക വഹിക്കുന്ന യുദ്ധക്കപ്പലിൽ...
Delete"ദാറ്റ്സ് ഇറ്റ് ദെൻ... "
ReplyDeleteഇനിയിപ്പോ ഒന്നും നോക്കാനില്ല.. എല്ലാം വരുന്നത് പോലെ..
വേറെ മാർഗ്ഗമില്ലല്ലോ...
Delete