ലിലി മർലിൻ ഹാർബറിൽ നിന്നും
പതുക്കെ കടലിലേക്ക് നീങ്ങി. ഹെയറിന്റെ നിർദ്ദേശപ്രകാരം ജെനവീവും ക്രെയ്ഗും റിനേയും
താഴെ വാർഡ് റൂമിലെ ആ ചെറിയ റൂമിലെ മേശയ്ക്ക് ചുറ്റുമായിട്ടാണ് ഇരുന്നത്. ജെനവീവിന്റെ
വിരലുകൾ അവളറിയാതെ തന്നെ പോക്കറ്റിനുള്ളിലെ സിഗരറ്റ് പാക്കറ്റിന് നേർക്ക് നീണ്ടു. എടുത്തു
ചുണ്ടിൽ വച്ച സിഗരറ്റിന് ക്രെയ്ഗ് തീ കൊളുത്തി കൊടുത്തു.
“നിങ്ങൾ ഈയിടെയായി സിഗരറ്റ്
ശരിയ്ക്കും ആസ്വദിക്കുന്നുണ്ടല്ലേ…?”
“അതത്ര നല്ല ശീലമല്ലെന്നെനിക്കറിയാം…” തല കുലുക്കിക്കൊണ്ട് അവൾ പറഞ്ഞു. “ഇനിയങ്ങോട്ട് എന്റെ ജീവിതത്തിൽ
ഇതൊരു അവശ്യവസ്തുവായി മാറുമോ എന്നാണെന്റെ ഭയം…”
പിറകോട്ട് ചാരിയിരുന്ന്
പുകയെടുത്തു കൊണ്ടിരിക്കവെ അല്പം മുമ്പ് കോരിച്ചൊരിയുന്ന മഴയത്ത് ജെട്ടിയിൽ വച്ച് നടന്ന
യാത്രയയപ്പിന്റെ ദൃശ്യങ്ങളായിരുന്നു അവളുടെ മനസ്സിൽ. പഴയ കവൽറി കോട്ട് ധരിച്ച ഡോഗൽ
മൺറോ ഹസ്തദാനം നൽകുമ്പോൾ തികഞ്ഞ ഗൗരവത്തിലായിരുന്നു. ആ സമയമത്രയും ജോ എഡ്ജ് പകയോടെ
അവളെത്തന്നെ നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. മുന്നോട്ട്
വന്ന ജൂലി സ്നേഹത്തോടെ അവളെ ആലിംഗനം ചെയ്തിട്ട് കാതിൽ മന്ത്രിച്ചു. “ഞാൻ പറഞ്ഞതെല്ലാം
ഓർമ്മയിരിക്കട്ടെ ഷെറീ…”
തിരമാലകൾക്ക് മേൽ ചാഞ്ചാടിക്കൊണ്ടായിരുന്നു
ആ E-ബോട്ട് നീങ്ങിയത്. കൈയിലെ ട്രേയിൽ മൂന്ന് മഗ്ഗുകളുമായി ബാലൻസ് ചെയ്യാൻ ബദ്ധപ്പെട്ടുകൊണ്ട്
ഷ്മിഡ്റ്റ് ഉള്ളിലേക്ക് വന്നു. “മധുരമുള്ള നല്ല ചൂടു ചായ… നന്നായി പാലും ചേർത്തിട്ടുണ്ട്…” അതു കേട്ട
ജെനവീവ് വിരക്തിയോടെ മുഖം ചുളിച്ചു. “നോ, നോ… ഇത് കുടിച്ചേ തീരൂ… ഇത്തരമൊരു യാത്രയിൽ വയറിന് നല്ലതാണ്… ഛർദ്ദിക്കാനുള്ള തോന്നലുണ്ടാവില്ല…” അയാൾ
പുറത്തേക്ക് പോയി.
അയാൾ പറഞ്ഞതിൽ സംശയമുണ്ടായിരുന്നെങ്കിലും
ആ ദ്രാവകം വാങ്ങി അവൾ അല്പം കുടിച്ചു. അല്പം കഴിഞ്ഞ് തിരിച്ചെത്തിയ ഷ്മിഡ്റ്റ് പറഞ്ഞു.
“വേണമെങ്കിൽ മുകളിലേക്ക് വന്നോളാൻ കമാൻഡർ പറഞ്ഞു…”
“ഫൈൻ…” ജെനവീവ് ക്രെയ്ഗിന് നേരെ നോക്കി. “വരുന്നുണ്ടോ…?”
വായിച്ചു കൊണ്ടിരിക്കുന്ന
ന്യൂസ്പേപ്പറിൽ നിന്നും തലയുയർത്തിയിട്ട് അദ്ദേഹം പറഞ്ഞു. “കുറച്ച് കഴിഞ്ഞിട്ട് വരാം… നിങ്ങൾ ചെല്ലൂ…”
പുറത്ത് കടന്ന് ഇടനാഴിയിലൂടെ
ഡെക്കിലേക്കുള്ള വാതിൽ ലക്ഷ്യമാക്കി അവൾ നടന്നു. വാതിൽ തുറന്നതും കാറ്റിന്റെ ശക്തിയിൽ
മഴവെള്ളം അവളുടെ മുഖത്തേക്ക് അടിച്ചു കയറി. സാമാന്യം നല്ല വേഗതയിൽത്തന്നെയാണ് ലിലി
മർലിൻ തിരകൾക്ക് മുകളിലൂടെ കുതിക്കുന്നത്. ബ്രിഡ്ജിലേക്കുള്ള ലാഡറിനടുത്തേക്ക് ഡെക്കിലൂടെ
നീങ്ങവെ അടി തെറ്റി വീഴാതിരിക്കാൻ ലൈഫ്ലൈനിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു അവൾ.
മഴത്തുള്ളികൾ മുഖത്തടിക്കവെ എന്തെന്നില്ലാത്ത ഉന്മേഷം തോന്നി അവൾക്ക്. ലാഡറിലൂടെ മുകളിലെത്തിയ
അവൾ വീൽഹൗസിന്റെ വാതിൽ തുറന്നു.
ലാങ്ങ്സ്ഡോർഫ് ആയിരുന്നു
വീൽ നിയന്ത്രിച്ചിരുന്നത്. മാർട്ടിൻ ഹെയർ ചാർട്ട് ടേബിളിന് മുന്നിൽ ഇരിക്കുന്നുണ്ട്.
കറങ്ങുന്ന കസേരയിൽ അവൾക്ക് അഭിമുഖമായി തിരിഞ്ഞിട്ട് അദ്ദേഹം എഴുന്നേറ്റു. “ഇവിടെ ഇരുന്നോളൂ…”
കസേരയിൽ ഇരുന്നിട്ട് അവൾ
അവിടെ മൊത്തത്തിൽ ഒന്ന് നോക്കി. “കൊള്ളാമല്ലോ ഇവിടം… നന്നായിരിക്കുന്നു…”
“അത്രയ്ക്കങ്ങ് പറയാൻ
പറ്റില്ല…” അവളോട് പറഞ്ഞിട്ട് അദ്ദേഹം ലാങ്ങ്സ്ഡോർഫിന് നേർക്ക്
തിരിഞ്ഞു. “കുറച്ച് സമയത്തേക്ക് ഞാൻ നോക്കിക്കോളാം… നിങ്ങൾ
പോയി ഒരു കോഫിയൊക്കെ കുടിച്ചിട്ട് പതുക്കെ വന്നാൽ മതി…” ജർമ്മൻ ഭാഷയിൽ അദ്ദേഹം പറഞ്ഞു.
“സൂ ബെഫെൽ, ഹെർ കപ്പിത്താൻ…” ജർമ്മൻ ഭാഷയിൽ ഔപചാരികമായി പറഞ്ഞിട്ട് അയാൾ പുറത്തേക്ക് പോയി.
ഹെയർ കപ്പലിന്റെ വേഗത
വർദ്ധിപ്പിച്ചു. കിഴക്ക് നിന്നും വീശിയടിക്കുന്ന കാറ്റ്. മിക്കപ്പോഴും മൂടൽമഞ്ഞിന്റെ
ആവരണത്തിനുള്ളിലൂടെയായിരുന്നു യാത്ര. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മട്ടിൽ.
ചിലപ്പോഴൊക്കെ അതിൽ നിന്നും പുറത്ത് കടക്കുമ്പോൾ മഴയുണ്ടെങ്കിലും തെളിഞ്ഞു നിൽക്കുന്ന
ചന്ദ്രനെ ആകാശത്തിൽ കാണാമായിരുന്നു.
“എന്തു ചെയ്യണമെന്ന കൺഫ്യൂഷനിലാണ്
കാലാവസ്ഥ എന്ന് തോന്നുന്നു…” ജെനവീവ് പറഞ്ഞു.
“ഈ ഭാഗത്ത് ഇങ്ങനെ തന്നെയാണ്… ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നതും അതാണ്…”
“സോളമൻ ഐലന്റ്സിൽ നിന്നും
തികച്ചും വ്യത്യസ്തം…” അവൾ പറഞ്ഞു.
“ശരിയാണ് നിങ്ങൾ പറഞ്ഞത്…”
തിരമാലകൾക്ക് ശക്തിയേറിയിരിക്കുന്നു.
ലിലി മർലിൻ ആടിയുലഞ്ഞു കൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. കസേരയിൽ നിന്നും വീഴാതിരിക്കുവാൻ
മുറുകെ പിടിച്ച്, തറയിൽ കാലുകൾ അമർത്തി ചവിട്ടിയാണ് അവൾ ഇരിക്കുന്നത്. ദൂരക്കാഴ്ച്ച
വീണ്ടും മോശമായിരിക്കുന്നു. കപ്പലിന്റെ മുൻഭാഗത്ത് തട്ടി ചിതറിത്തെറിക്കുന്ന തിരമാലകൾക്ക്
തിളക്കം പോലെ തോന്നി.
വാതിൽ തുറന്ന് ഷ്മിഡ്റ്റ്
ഉള്ളിലേക്ക് പ്രവേശിച്ചു. അയാളുടെ ഓയിൽസ്കിൻ കോട്ടിൽ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു.
ഒരു കൈയിൽ തെർമോസ്ഫ്ലാസ്കും മറുകൈയിൽ ഒരു ബിസ്കറ്റ് ടിന്നുമായിട്ടാണ് അയാൾ എത്തിയത്.
“ഫ്ലാസ്കിൽ കോഫിയാണ്, മൈ ലവ്… ടിന്നിനുള്ളിൽ സാൻഡ്വിച്ചും…” ആഹ്ലാദത്തോടെ അയാൾ പറഞ്ഞു. “ചാർട്ട് ടേബിളിനടിയിലെ കബോർഡിൽ മഗ്ഗ്
ഉണ്ട്… എൻജോയ്…”
പുറത്ത് കടന്ന് വാതിൽ
അടച്ചിട്ട് അയാൾ പോയി. ജെനവീവ് കബോർഡിൽ നിന്നും മഗ്ഗുകൾ എടുത്തു. “അയാൾ ആളൊരു രസികൻ
തന്നെ… ഒരു കൊമേഡിയനെപ്പോലെ…”
“ശരിയാണ്…” അവൾ നീട്ടിയ മഗ്ഗ് വാങ്ങിക്കൊണ്ട് ഹെയർ പറഞ്ഞു. “പക്ഷേ, ഒരു കാര്യം
നിങ്ങൾ ശ്രദ്ധിച്ചിരുന്നോ…? വളരെ വിരളമായേ അയാൾ പുഞ്ചിരിക്കാറുള്ളൂ എന്ന്…? വേദനയെ ഒളിപ്പിക്കാനുള്ള ഒരു മറയാണ് അവന് നർമ്മം… ഈ ഭൂമിയിൽ മറ്റാരേക്കാളും അതറിയുന്നത് ജൂതന്മാർക്കാണ്…”
“ഐ സീ…” അവൾ പറഞ്ഞു.
“ഉദാഹരണത്തിന്, ഈ ഷ്മിഡ്റ്റിന്
ഏറെ ഇഷ്ടമുള്ള ഒരു കസിൻ ഉണ്ടായിരുന്നു… ഹാംബർഗ് സ്വദേശിയായ ആ ജൂതപെൺകുട്ടി അയാളുടെ കുടുംബത്തോടൊപ്പം
കുറേ നാൾ ലണ്ടനിൽ ആയിരുന്നു താമസിച്ചിരുന്നത്… യുദ്ധം
തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അവളുടെ വിധവയായ മാതാവ് ജർമ്മനിയിൽ വച്ച് അപ്രതീക്ഷിതമായി
മരണമടഞ്ഞത്... ശവസംസ്കാര ചടങ്ങിന് ജർമ്മനിയിലേക്ക് പോകുവാനുള്ള അവളുടെ തീരുമാനത്തെ
ഷ്മിഡ്റ്റിന്റെ കുടുംബാംഗങ്ങൾ എതിർത്തു… താൻ ഇപ്പോഴും ജർമ്മൻ പൗരയാണെന്നായിരുന്നു അവളുടെ
വാദം… ഒരു പക്ഷേ, ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും
അവിടെ ചെന്ന് കുടുംബകാര്യങ്ങൾ പലതും തീർപ്പാക്കാനുണ്ടെന്ന് അവൾ പറഞ്ഞു. പിന്നെ നടന്ന
കാര്യങ്ങളൊന്നും ഇംഗ്ലണ്ടിൽ ഉള്ളവർക്ക് വിശ്വസിക്കാനായില്ല എന്നതായിരുന്നു സത്യം…”
“എന്താണുണ്ടായത്…?”
“അവളോടൊപ്പം പോകണമെന്ന്
ഷ്മിഡ്റ്റ് വാശി പിടിച്ചു… ജർമ്മനിയിലെത്തിയ അവർ ഇരുവരെയും ഗെസ്റ്റപ്പോ പിടികൂടി… ബ്രിട്ടീഷ് പൗരൻ ആയതുകൊണ്ട് ഷ്മിഡ്റ്റിനെ ഹാംബർഗിലെ ബ്രിട്ടീഷ് കോൺസുലേറ്റ്
രക്ഷിച്ചു… രണ്ടു ദിവസത്തിനുള്ളിൽ അയാളെ ബ്രിട്ടനിലേക്ക് നാടു
കടത്താനുള്ള ഏർപ്പാട് ചെയ്യുകയും ചെയ്തു…”
“അവൾക്ക് എന്തു സംഭവിച്ചു…?”
“ലണ്ടനിൽ തിരികെയെത്തിയ
ഷ്മിഡ്റ്റ് അതേക്കുറിച്ച് അന്വേഷിച്ചു… അതിസുന്ദരിയായിരുന്നു ആ പെൺകുട്ടി… ജർമ്മൻ സൈനികർക്കായുള്ള വേശ്യാലയങ്ങളിൽ ഒന്നിലേക്കായിരുന്നു അവർ അവളെ
കൊണ്ടുപോയത്… ജൂതരുമായുള്ള ലൈംഗികബന്ധം കുറ്റകരമാണെന്ന നിയമം
നിലനിൽക്കെയാണെന്ന് ഓർക്കണം… ഏറ്റവും ഒടുവിൽ ലഭിച്ച വിവരം, പോളിഷ് അധിനിവേശത്തിന്
തൊട്ടു മുമ്പ് കിഴക്കൻ അതിർത്തിയിലേക്കുള്ള ഒരു ട്രെയിനിൽ അവളെ കയറ്റി അയച്ചു എന്നതായിരുന്നു…”
“അതിദാരുണം…!” അവൾ ഞെട്ടിത്തരിച്ചു പോയി.
“അവിടെ അങ്ങനെയൊക്കെയാണ്
കാര്യങ്ങൾ, ജെനവീവ്… ഗെസ്റ്റപ്പോയുടെ പ്രവർത്തന രീതി എങ്ങനെയാണെന്ന്
ഞാൻ വിശദീകരിക്കാം…” ഹെയർ പറഞ്ഞു.
“വേണ്ട, എനിക്ക് അറിയാം… ക്രെയ്ഗിന്റെ വിരൽ നഖങ്ങൾ ഞാൻ കണ്ടതാണ്…” അവൾ പറഞ്ഞു.
“വനിതാ ഏജന്റുമാരെ എങ്ങനെയാണ്
ഇല്ലാതാക്കുന്നതെന്ന് അറിയുമോ…? ചുട്ടുപഴുത്ത കമ്പിയോ കൊടിലോ ചാട്ടവാറോ ഒന്നും
കൊണ്ടല്ല… തുടർച്ചയായ ബലാൽസംഗം കൊണ്ട്… ഒന്നിന് പിറകെ ഒന്നായി, ഓരോരുത്തരായി വീണ്ടും വീണ്ടും… വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ…? പക്ഷേ,
അങ്ങനെയാണവർ വനിതാ ഏജന്റുമാരുടെ വേരറുക്കുന്നത്…”
പൊടുന്നനെ ആൻ മേരിയുടെ
അവസ്ഥ മനസ്സിലേക്കെത്തിയ ജെനവീവ് പറഞ്ഞു. “ഓ, യെസ്… എനിക്ക്
ഊഹിക്കാൻ പറ്റുന്നുണ്ട്…”
“നാശം, എന്റെ ഒരു നാക്ക്…!” ഹെയറിന്റെ മുഖം വിളറിയിരുന്നു. “നിങ്ങളുടെ സഹോദരിയുടെ കാര്യം ഞാൻ
മറന്നു പോയിരുന്നു…”
“അതേക്കുറിച്ച് നിങ്ങൾക്കറിയാമോ…?”
“ഓ, യെസ്… മൺറോ എന്നോട് പറഞ്ഞിരുന്നു… ഈ ദൗത്യത്തിന്റെ മുഴുവൻ പശ്ചാത്തലവും ഞാൻ അറിഞ്ഞിരിക്കുന്നതായിരിക്കും
നല്ലതെന്ന് അദ്ദേഹം കരുതി…”
അവൾ വീണ്ടും ഒരു സിഗരറ്റ്
എടുത്തു. “എന്തൊക്കെ സംഭവിച്ചാലും പൊരുതി മുന്നേറിയേ തീരൂ എന്ന് തോന്നുന്നു…”
“ഒരു ഫ്ലൈറ്റ് ഓഫീസർ പറയേണ്ട
വാക്കുകളാണോ ഇതെന്ന് എനിക്ക് സംശയമുണ്ട്...”
“എന്ത്, ഫ്ലൈറ്റ് ഓഫീസറോ…?” കത്തിച്ച ലൈറ്റർ കൈയിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഫീൽഡിലേക്ക് വിടുന്ന
വനിതാ ഏജന്റുമാരെ ഏതെങ്കിലും തരത്തിലുള്ള ഓഫീസർമാരായിട്ടാണ് അയയ്ക്കുന്നത്… ഫ്രഞ്ച് വനിതകളെ സാധാരണയായി Corps Auxiliaire Feminin എന്ന വിഭാഗത്തിലേക്കാണ്
എടുക്കുന്നത്… ധാരാളം ഇംഗ്ലീഷ് പെൺകുട്ടികൾ നേഴ്സിങ്ങ് വിഭാഗത്തിലും
ചേരുന്നുണ്ട്…”
“FANY എന്നല്ലേ ആ വിഭാഗത്തിന്റെ
പേര്…?”
“അതെ… എന്നാൽ നിങ്ങളെ അതിലൊന്നും ഉൾപ്പെടുത്തി അയക്കുന്നതിനോട് മൺറോയ്ക്ക്
താല്പര്യമില്ല… കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ
തന്നെ ആയിരിക്കണമെന്ന് നിർബന്ധമുണ്ടദ്ദേഹത്തിന്… WAAF ൽ
ഒരു ഫ്ലൈറ്റ് ഓഫീസർ ആയി നിങ്ങളെ ഇന്നലെ കമ്മീഷൻ ചെയ്തിട്ടുണ്ട്… എപ്പോഴെങ്കിലും യൂണിഫോം അണിയേണ്ടി വന്നാൽ RAF ബ്ലൂ നിറമായിരിക്കും
നിങ്ങൾക്ക് യോജിക്കുക…”
“പക്ഷേ, ഇതേക്കുറിച്ച്
ഒരു വാക്ക് പോലും അദ്ദേഹം എന്നോട് പറഞ്ഞില്ലല്ലോ…”
“മൺറോയോ…?” ഹെയർ ചുമൽ വെട്ടിച്ചു. “കൗശലവുമായി നടക്കുന്ന കുറുക്കനാണദ്ദേഹം… എങ്കിലും അദ്ദേഹത്തിന്റെ ആ രീതിയിൽ ചില കാര്യങ്ങളും ഉണ്ടെന്ന് കൂട്ടിക്കോളൂ… ഒന്നാമത്തെ കാര്യം, നിർഭാഗ്യവശാൽ ശത്രുക്കളുടെ കൈയിൽ പെടുകയാണെങ്കിൽ
ഒരു കമ്മീഷൻഡ് ഓഫീസർ ആയതിനാൽ നിങ്ങളെ സഹായിക്കാൻ അദ്ദേഹത്തിനാവും…”
“രണ്ടാമത്തേത് എന്താണ്…?”
“ഒരു കമ്മീഷൻഡ് ഓഫീസർ
ആകുമ്പോൾ നിങ്ങളുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഉണ്ടായിരിക്കും അദ്ദേഹത്തിന്… യുദ്ധകാലത്ത് ഓർഡറുകൾ അനുസരിക്കാതിരുന്നാൽ ശിക്ഷ മരണമായിരിക്കും…”
“അങ്ങനെയല്ലാത്ത ഒരു ജീവിതം
ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്…” നിസ്സംഗതയോടെ അവൾ പറഞ്ഞു.
“നിങ്ങളുടെ നിസ്സഹായത
എനിക്ക് മനസ്സിലാവുന്നു…”
വാതിൽ തുറന്ന് ക്രെയ്ഗ്
ഉള്ളിലെത്തി. “ഹൗ ഈസ് ഇറ്റ് ഗോയിങ്ങ്…?”
“ഫൈൻ…” ഹെയർ പറഞ്ഞു. “ഓൺ ടൈം തന്നെയാണ് നമ്മൾ…” അദ്ദേഹം ജെനവീവിന് നേർക്ക് തിരിഞ്ഞു. “താഴെ ചെന്ന് അല്പം ഉറങ്ങാൻ
നോക്കൂ… നിങ്ങൾക്ക് എന്റെ ക്യാബിൻ ഉപയോഗിക്കാം…”
“ഓൾറൈറ്റ്… എന്നാൽ അങ്ങനെയാവട്ടെ…”
പുറത്തിറങ്ങിയ അവൾ ഉലയുന്ന
ഡെക്കിലൂടെ ആയാസപ്പെട്ട് നടന്ന് ചെന്ന് താഴെയെത്തി ഹെയറിന്റെ ആ ചെറിയ ക്യാബിനുള്ളിലേക്ക്
കയറി. നീണ്ടു നിവർന്ന് കിടക്കാൻ പോലും സൗകര്യമില്ലാത്ത ഒരു ചെറിയ ബങ്കായിരുന്നു അവിടെയുണ്ടായിരുന്നത്.
അതിൽ കയറി കാൽമുട്ടുകൾ മുകളിലേക്കുയർത്തി വച്ച് സീലിങ്ങിലേക്ക് നോക്കിക്കൊണ്ട് അവൾ
കിടന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്തെല്ലാമാണ് നടന്നത്… അതെല്ലാം ഇപ്പോഴും തലയ്ക്കുള്ളിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു… വിഹ്വലമായ മനസ്സായിരുന്നിട്ടും നിമിഷങ്ങൾക്കകം അവൾ ഉറക്കത്തിലേക്ക്
വഴുതി വീണു.
(തുടരും)
“എന്തൊക്കെ സംഭവിച്ചാലും പൊരുതി മുന്നേറിയേ തീരൂ എന്ന് തോന്നുന്നു…”
ReplyDeleteഅല്ലാതെ വഴിയില്ലല്ലോ..
വേഷം കെട്ടിപ്പോയില്ലേ...
Deleteപാവം ആൻ മേരി..അവരെപ്പോലെ പലരും
ReplyDeleteസത്യം...
Delete