Friday, June 6, 2025

കോൾഡ് ഹാർബർ - 42

ആ ചെറിയ ബെഡ്റൂമിലുള്ള കണ്ണാടിയ്ക്ക് മുന്നിൽ ജെനവീവ് ഇരുന്നു. ആൻ മേരിയുടെ സ്യൂട്ട്കെയ്സുകൾ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. തുറന്നു കിടക്കുന്ന ഹാൻഡ്ബാഗ്. അവളുടെ ഫ്രഞ്ച് ഐഡന്റിറ്റി കാർഡ്, ജർമ്മൻ അനുമതി പത്രം, റേഷൻ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ് എന്നിവ അതിനരികിൽ ചിതറിക്കിടക്കുന്നുണ്ട്. കണ്ണാടി നോക്കി ശ്രദ്ധയോടെ കണ്മഷി പുരട്ടിക്കൊണ്ടിരിക്കവെ വാതിൽ തുറന്ന് മദാം ഡ്യൂബാ പ്രവേശിച്ചു. ഉയരം കുറഞ്ഞ് ഇരുണ്ട നിറമുള്ള അവരുടെ ഗ്രേ നിറത്തിലുള്ള വസ്ത്രങ്ങൾ മുഷിഞ്ഞതായിരുന്നു. അവരുടെ സ്റ്റോക്കിങ്ങ്സിൽ പഴക്കം മൂലം അങ്ങിങ്ങായി ദ്വാരങ്ങൾ കാണാം. അവർ ധരിച്ചിരിക്കുന്ന ഷൂസ് പിഞ്ഞി ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ ദൈന്യത തെളിഞ്ഞു കാണാവുന്ന മുഖം.

 

കട്ടിലിൽ നിരന്നു കിടക്കുന്ന നേവി ബ്ലൂ നിറത്തിലുള്ള പാരീസ് സ്യൂട്ട്, പ്ലീറ്റുകളുള്ള സ്കെർട്ട്, സിൽക്ക് സ്റ്റോക്കിങ്ങ്സ്, സാറ്റിൻ ബ്ലൗസ് തുടങ്ങിയവയിലൊക്കെ കണ്ണ് പായിച്ച മദാം ഡ്യൂബായുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. ആഡംബരത്തിൽ ജീവിക്കുന്ന അവളോടുള്ള രോഷം ആ കണ്ണുകളിൽ പ്രകടമായിരുന്നത് ജെനവീവിന് മനസ്സിലാകുന്നുണ്ടായിരുന്നു.

 

അത് ആരായിരിക്കുമെന്ന് ഓർമ്മിച്ചെടുത്ത ജെനവീവ് പരുഷസ്വരത്തിൽ താക്കീത് നൽകി. “അടുത്ത തവണ മുറിയിലേക്ക് വരുമ്പോൾ വാതിലിൽ തട്ടിയിട്ട് വേണം വരാൻ എന്താണ് നിങ്ങൾക്ക് വേണ്ടത്?”

 

തന്റെ കുറ്റമല്ല എന്ന മട്ടിൽ മദാം ഡ്യൂബാ ചുമൽ വെട്ടിച്ചു. “പാരീസിൽ നിന്നുള്ള ട്രെയിൻ എത്തിയിരിക്കുന്നു, മോസെലാ അത് പറയാൻ എന്റെ ഭർത്താവ് അയച്ചതാണ് എന്നെ

 

“ഗുഡ്... റിനേയോട് കാർ കൊണ്ടുവരാൻ പറയൂ ഞാൻ പെട്ടെന്ന് തന്നെ വരാം

 

അവർ പിൻവാങ്ങി. ചുണ്ടിൽ അല്പം ലിപ്‌സ്റ്റിക്ക് തേച്ചതിന് ശേഷം ജെനവീവ് ഒരു നിമിഷം സംശയിച്ചു നിന്നു. കോൾഡ് ഹാർബറിൽ വച്ച് മെയ്ക്കപ്പ്മാൻ പറഞ്ഞ കാര്യം അപ്പോഴാണവൾ ഓർത്തത്. നല്ല കനത്തിൽ വീണ്ടും ലിപ്‌സ്റ്റിക്ക് തേച്ചു. പിന്നെ പെട്ടെന്ന് വസ്ത്രം മാറ്റുവാൻ തുടങ്ങി. അടിവസ്ത്രങ്ങൾ, സ്റ്റോക്കിങ്ങ്സ്, സ്ലിപ്, ബ്ലൗസ്, സ്കെർട്ട് – എല്ലാം ആൻ മേരിയുടേത്. അവ ഓരോന്നായി ധരിച്ചുകൊണ്ടിരിക്കവെ ജെനവീവിന്റെ അടയാളങ്ങൾ ഓരോന്നായി തന്നിൽ നിന്നും എടുത്തു മാറ്റപ്പെടുന്നതായി അവൾക്ക് തോന്നി.

 

ഏറ്റവുമൊടുവിൽ ജാക്കറ്റ് എടുത്തണിഞ്ഞ് കണ്ണാടിയിലേക്ക് നോക്കിയ അവൾക്ക് ഒട്ടും തന്നെ ഭയം തോന്നിയില്ല. എന്തെന്നില്ലാത്ത ആവേശം മാത്രം. ആരും രണ്ടാമതൊന്ന് നോക്കിപ്പോകും വിധം സുന്ദരിയായി മാറിയിരിക്കുന്നു അവൾ എന്നതായിരുന്നു വാസ്തവം. അത് അവൾ മനസ്സിലാക്കുകയും ചെയ്തു. സ്യൂട്ട്കെയ്സ് കൊട്ടിയടിച്ചിട്ട് നീലനിറമുള്ള ഓവർകോട്ട് എടുത്ത് ചുമലിൽ ഇട്ട് അവൾ പുറത്തിറങ്ങി.

 

ഹെൻട്രി ഡ്യൂബായും അയാളുടെ ഭാര്യയും കിച്ചണിലുണ്ടായിരുന്നു. ഉയരം കുറഞ്ഞ് വിളറിയ മുഖമുള്ള ഒരു സാധാരണ മനുഷ്യൻ. ഇത്തരം ഏടാകൂടങ്ങളിൽ ഭാഗഭാക്കാകുന്നതിൽ തനിയ്ക്ക് ഒട്ടും താല്പര്യമില്ല എന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം.

 

“കാറുമായി റിനേ ഇപ്പോൾ എത്തും മോസെലാ

 

ഹാൻഡ്ബാഗിലെ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു ജിറ്റാൻ എടുത്ത് അവൾ ചുണ്ടിൽ വച്ചു. “എന്റെ ബാഗുകൾ എടുത്തുകൊണ്ടു വരൂ

 

“ശരി മോസെലാ

 

അയാൾ പുറത്തേക്കിറങ്ങി. സിഗരറ്റിന് തീ കൊളുത്തിയിട്ട് അവൾ ജാലകത്തിനരികിലേക്ക് നീങ്ങി. മദാം ഡ്യൂബായുടെ കണ്ണുകൾ സംശയരൂപേണ പിന്തുടരുന്നത് അറിയുന്നുണ്ടായിരുന്നുവെങ്കിലും അവൾ അത് കാര്യമാക്കിയില്ല. തന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യം മാത്രമേയുള്ളൂ തന്റെ മുന്നിൽ ഇപ്പോൾ.

 

ഒരു ഗുഡ്സ് ഷെഡ്ഡിൽ നിന്നും പുറത്തേക്കിറങ്ങിയ ആ റോൾസ് റോയ്സ് വാതിൽക്കൽ വന്ന് നിന്നു. റിനേ കാറിൽ നിന്നും പുറത്തിറങ്ങി. ജെനവീവ് റൂമിന്റെ വാതിൽ തുറന്നു. ഡ്രൈവറുടെ യൂണിഫോം അണിഞ്ഞിരുന്ന റിനേ പടികൾക്ക് താഴെ നിന്ന് നിർവ്വികാരനായി അവളെ നോക്കി. പിന്നെ, കാറിന്റെ പിൻവാതിൽ അവൾക്കായി തുറന്നു കൊടുത്തു.

 

സ്യൂട്ട്കെയ്സുകളുമായി ഹെൻട്രി ഡ്യൂബാ താഴെയെത്തി. അവ കാറിന്റെ ഡിക്കിയിൽ വച്ചിട്ട് അവൾ ഇരിക്കുന്ന ഭാഗത്തെ ജാലകത്തിനരികിലെത്തി. റിനേ ഡ്രൈവിങ്ങ് സീറ്റിൽ കയറിക്കഴിഞ്ഞിരുന്നു. “പ്രഭ്വിയെ എന്റെ ക്ഷേമാന്വേഷണങ്ങൾ അറിയിക്കില്ലേ മോസെലാ?” അയാൾ ചോദിച്ചു.

 

മറുപടി പറയാൻ തുനിയാതെ ഗ്ലാസ് മുകളിലേക്കുയർത്തിയ ജെനവീവ് റിനേയുടെ ചുമലിൽ വിരൽ കൊണ്ട് തട്ടി. യാർഡിൽ നിന്നും പുറത്തു കടക്കവെ റിയർവ്യൂ മിററിൽ ശ്രദ്ധിച്ച അവൾ കണ്ടത് തന്നെ പാളിനോക്കുന്ന റിനേയുടെ ഭയചകിതമായ കണ്ണുകളെയാണ്.

 

“ഇനിയാണ് ശരിയ്ക്കും ആരംഭിക്കുന്നത്” പിറകിലേക്ക് ചാഞ്ഞിരുന്ന് ആവേശത്തോടെ വീണ്ടും ഒരു സിഗരറ്റ് എടുക്കവെ അവൾ മനസ്സിൽ പറഞ്ഞു.

 

                                                  ***

 

യാത്ര പുരോഗമിക്കവെ ആ നാട്ടിൻപുറമെല്ലാം കൂടുതൽ പരിചയമുള്ളതായി അവൾക്ക് തോന്നിത്തുടങ്ങി. പച്ചയണിഞ്ഞ പാടങ്ങളും അതിനപ്പുറമുള്ള വനവും ഇടതു വശത്ത് തലയുയർത്തി നിൽക്കുന്ന മഞ്ഞണിഞ്ഞ മലനിരകളും പ്രഭാതകിരണങ്ങളേറ്റ് തിളങ്ങിക്കൊണ്ട് താഴ്‌വാരത്തിലൂടെ ഒഴുകുന്ന നദിയും എല്ലാം മനോഹരമായ കാഴ്ച്ചയായിരുന്നു. ഷീപ്‌സ്കിൻ ജാക്കറ്റ് ധരിച്ച ഒരു ആട്ടിടയൻ ആട്ടിൻപറ്റത്തെയും തെളിച്ചുകൊണ്ട് കുന്നിൻ ചരുവിലൂടെ നടന്നു പോകുന്നു.

 

“എന്റെ ചെറുപ്പത്തിൽ കണ്ട അതേ മലനിരകൾ ഒന്നിനും ഒരു മാറ്റവുമില്ല, റിനേ” അവൾ പറഞ്ഞു.

 

“ഒന്നോർത്താൽ, സകലതിനും മാറ്റമുണ്ടെന്നും പറയാം, മോസെലാ

 

അയാൾ പറഞ്ഞതായിരുന്നു ശരി. തണുപ്പിന്റെ ആധിക്യം മൂലം അവൾ തന്റെ കോട്ട് ദേഹത്തോട് ചുറ്റിപ്പിടിച്ചു. അവർ ചെറിയൊരു ഗ്രാമത്തിലേക്ക് കടന്നു. തന്റെ കുട്ടിക്കാലത്ത് പ്യൂഷോ എന്ന് വിളിച്ചിരുന്ന ഗ്രാമമാണതെന്ന് അവൾക്ക് ഓർമ്മ വന്നു.

 

അവൾ മുന്നോട്ടാഞ്ഞിരുന്നു. “ഞങ്ങളുടെ കുട്ടിക്കാലത്ത് ഇവിടെയുള്ള ചത്വരത്തിന് മുന്നിൽ നിങ്ങൾ കാർ നിർത്തുമായിരുന്നു വയസ്സൻ ഡാന്റണും മകളും കൂടി നടത്തിയിരുന്ന കഫേയിൽ നിന്നും ഐസ്ക്രീം വാങ്ങി കഴിക്കുവാൻ അയാൾ ഇപ്പോഴുമുണ്ടോ അവിടെ?”

 

“തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് ജർമ്മൻകാർ അയാളെ വെടിവച്ചു കൊന്നത് അയാളുടെ മകൾ ഇപ്പോൾ അമീൻസ് ജയിലിലാണ് അവരുടെ സ്ഥലം കണ്ടുകെട്ടി അവർ മറിച്ചു വിറ്റു കോംബൂൾ ആണത് വാങ്ങിയത്

 

“പാപ്പാ കോംബൂൾ? എനിക്ക് മനസ്സിലാവുന്നില്ല

 

“വളരെ ലളിതം മറ്റുപലരെയും എന്ന പോലെ അയാളും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു അവരുമായുള്ള വ്യാപാരത്തിൽ വമ്പിച്ച ലാഭമാണ് അയാൾക്ക് ലഭിക്കുന്നത് അയാളെപ്പോലുള്ളവരാണ് ഫ്രാൻസിനെ വിറ്റു കാശാക്കുന്നത് ഞാൻ പറഞ്ഞില്ലേ മോസെലാ, സകലതും മാറിയിരിക്കുന്നു

 

ഗ്രാമത്തിലൂടെ നീങ്ങവെ അവൾ ഒരു കാര്യം ശ്രദ്ധിച്ചു. കൃഷിയിടങ്ങളിൽ മുഴുവനും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. അതേ സമയം തെരുവുകളെല്ലാം വിജനവുമാണ്. “റോഡിലെങ്ങും ആരെയും കാണുന്നില്ലല്ലോ” അവൾ സംശയം പ്രകടിപ്പിച്ചു.

 

“ആരോഗ്യമുള്ള ഒട്ടുമിക്ക പുരുഷന്മാരെയും ലേബർക്യാമ്പുകളിൽ ജോലി ചെയ്യുന്നതിനായി അവർ ജർമ്മനിയിലേക്ക് കൊണ്ടു പോയി... സ്ത്രീകളാണ് കൃഷിയിടങ്ങൾ നോക്കി നടത്തുന്നത് ഒറ്റക്കണ്ണനായ എന്നെപ്പോലും അവർ കൊണ്ടുപോയേനെ പ്രഭ്വിയുടെ കൊട്ടാരത്തിലെ ജോലിക്കാരനായതു കൊണ്ട് മാത്രമാണ് ഞാൻ രക്ഷപെട്ടത്

 

“മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേ ഹോർടെൻസ് ആന്റിയ്ക്ക്?”

 

“അവർക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം അവർ ചെയ്തിട്ടുണ്ട് മോസെലാ പക്ഷേ, എന്തു ചെയ്യാം, ഈയിടെയായി ഫ്രാൻസിൽ എല്ലാത്തിനും ഒരു പരിധിയുണ്ട് അധികം താമസിയാതെ നിങ്ങൾക്കത് മനസ്സിലാകും

 

ഒരു വളവിൽ എത്തിയപ്പോഴാണ് ഓരത്തായി നിർത്തിയിട്ടിരിക്കുന്ന ഒരു മെഴ്സെഡിസ് കാർ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുറന്നു വച്ചിരിക്കുന്ന ബോണറ്റിനുള്ളിൽ തലയിട്ട് എഞ്ചിനിൽ എന്തോ പണിതുകൊണ്ടിരിക്കുകയാണ് ഒരു ജർമ്മൻ സൈനികൻ. തൊട്ടടുത്ത് സിഗരറ്റ് വലിച്ചു കൊണ്ട് മറ്റൊരു സൈനികനും നിൽക്കുന്നുണ്ട്.

 

“ദൈവമേ! റൈലിംഗെറാണല്ലോ അത്” റിനേ പറഞ്ഞു തീർന്നില്ല, അതിന് മുമ്പേ ആ സൈനികൻ കൈ ഉയർത്തി. “എന്തു ചെയ്യണം ഞാൻ?” പരിഭ്രമത്തോടെ റിനേ അവളോട് ചോദിച്ചു.

 

“നിർത്തുക തന്നെ, അല്ലാതെന്ത്?” ശാന്തസ്വരത്തിൽ അവൾ പറഞ്ഞു.

 

“ആൻ മേരിയ്ക്ക് കടുത്ത വെറുപ്പായിരുന്നു അയാളോട്, മോസെലാ അത് പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു

 

“എന്നിട്ടും അയാൾ അവളുടെ പിന്നാലെയായിരുന്നു?”

 

“അതെ മോസെലാ

 

“ശരി, എങ്കിൽ എങ്ങനെ അയാളെ കൈകാര്യം ചെയ്യാമെന്ന് നോക്കാം നമുക്ക് റെഡിയല്ലേ?”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


4 comments:

  1. "എങ്കിൽ എങ്ങനെ അയാളെ കൈകാര്യം ചെയ്യാമെന്ന് നോക്കാം നമുക്ക്… റെഡിയല്ലേ…?”

    എപ്പളേ!!

    ReplyDelete
    Replies
    1. എന്നാൽ പിന്നെ അങ്ങനെ തന്നെ...

      Delete
  2. തൻ്റെ പഴയ ഗ്രാമം തിരിച്ചറിഞ്ഞ് ' "മോസെലാ"

    ReplyDelete
    Replies
    1. ഫ്രഞ്ച് ഭാഷയിൽ മോസെലാ എന്നാൽ മിസ് എന്നർത്ഥം...

      Delete