Friday, June 13, 2025

കോൾഡ് ഹാർബർ - 43

ജെനവീവ് തന്റെ ഹാൻഡ്ബാഗ് തുറന്ന് ക്രെയ്ഗ് നൽകിയിരുന്ന വാൾട്ടർ കൈത്തോക്കെടുത്ത് വലതു വശത്തെ പോക്കറ്റിൽ തിരുകി. ബ്രേക്ക് ചെയ്ത് സാവധാനം നിശ്ചലമായ കാറിനരികിലേക്ക് റൈലിംഗെർ നടന്നടുക്കവെ അവൾ വിൻഡോ ഗ്ലാസ് പതുക്കെ താഴ്ത്തി.

 

ഫോട്ടോയിൽ അവൾ കണ്ട അതേ രൂപം തന്നെയായിരുന്നു അയാളുടേത്. വെള്ളിനിറമുള്ള തലമുടിയും പീക്ക് ക്യാപ്പിന് താഴെയുള്ള ഇടുങ്ങിയ കണ്ണുകളും അയാളുടെ മുഖത്തിന് ആകെപ്പാടെ ഒരു രൗദ്രഭാവം നൽകി. കോളറിൽ SS ചിഹ്നമുള്ള യൂണിഫോം പ്രത്യേകിച്ച് ഒരു ആകർഷത്വവും അയാൾക്ക് തോന്നിച്ചില്ല.

 

കാറിനടുത്തു വന്ന അയാൾ അവളെ നോക്കി പുഞ്ചിരിച്ചു. അതു കണ്ട അവൾക്ക് വെറുപ്പാണ് തോന്നിയത്. “മദ്മോയ്സെ ട്രെവോൺസ്, നിങ്ങളെ കണ്ടത് എന്റെ ഭാഗ്യം തന്നെ” ഫ്രഞ്ച് ഭാഷയിൽ അയാൾ പറഞ്ഞു.

 

“ഓഹോ, അങ്ങനെയോ?” നിർവ്വികാരയായി അവൾ ചോദിച്ചു.

 

അയാൾ തന്റെ കാറിന് നേർക്ക് വിരൽ ചൂണ്ടി. “ഫ്യൂവൽ പമ്പിന് എന്തോ തകരാറ് ആ മണ്ടൻ ഡ്രൈവർക്കാണെങ്കിൽ അത് ശരിയാക്കാൻ അറിയില്ല താനും

 

“അതുകൊണ്ട്?” അവൾ ആരാഞ്ഞു.

 

“ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങളോട് ഒരു ലിഫ്റ്റ് ചോദിക്കേണ്ടി വന്നിരിക്കുകയാണ്

 

മറുപടിയൊന്നും പറയാതെ അല്പനേരം അവൾ അയാളെ അവിടെ നിർത്തി. പിന്നെ തെല്ല് പുച്ഛത്തോടെ പറഞ്ഞു. “അപ്പോൾ ആര്യരക്തം കൊണ്ടൊന്നും കാര്യമില്ല അല്ലേ? എന്തായാലും യെസ് എന്നല്ലാതെ മറ്റൊന്നും പറയാൻ പറ്റില്ലല്ലോ എനിക്ക്

 

പിറകിലേക്ക് ചാരിയിരുന്നിട്ട് അവൾ വിൻഡോ ഗ്ലാസ് ഉയർത്തി. മറുവശത്തെ ഡോർ തുറന്ന് ഉള്ളിൽ കയറിയ അയാൾ അവൾക്കരികിൽ ഇരുന്നു. റിനേ കാർ കാർ മുന്നോട്ടെടുത്തു.

                                          

പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് അവൾ എടുത്തു. അയാൾ തന്റെ ലൈറ്റർ കത്തിച്ച് അതിന് തീ കൊളുത്തി കൊടുത്തു. “പാരീസിലെ താമസം സുഖകരമായിരുന്നുവെന്ന് കരുതുന്നു” അയാളുടെ ഫ്രഞ്ച് തരക്കേടില്ലായിരുന്നുവെങ്കിലും ജർമ്മൻ ചുവ കലർന്നിരുന്നു.

 

“അത്ര സുഖകരം എന്ന് പറയാൻ കഴിയില്ല” ജെനവീവ് പറഞ്ഞു. “എന്ന് മാത്രമല്ല, വളരെ മോശമായിരുന്നു എന്ന് വേണം പറയാൻ എവിടെ പോയാലും തടഞ്ഞു നിർത്തിയുള്ള പരിശോധന വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു നിങ്ങളുടെ സൈനികർക്ക് എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണമല്ലോ അല്ലേ?”

 

“അതെല്ലാം ഒഴിവാക്കാൻ പറ്റാത്തതാണ് മോസെലാ തീവ്രവാദികളെ പിടികൂടുന്ന കാര്യത്തിൽ പാരീസിലെ എന്റെ SS സഹപ്രവർത്തകർ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്

 

“ശരിയ്ക്കും?” ഫ്രഞ്ച് പ്രതിരോധ പ്രവർത്തകരെ മുഴുവനും ഇല്ലായ്മ ചെയ്യുന്ന കാര്യത്തിൽ നിങ്ങളുടെ സൈനികർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്

 

“അതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിങ്ങൾ മനസ്സിലാക്കുന്നില്ല

 

“സത്യം പറയാമല്ലോ, മനസ്സിലാക്കാണമെന്ന് എനിക്ക് ആഗ്രഹവുമില്ല എനിക്കതിൽ ഒട്ടും താല്പര്യവുമില്ല

 

അയാളുടെ മുഖം ദ്വേഷ്യം കൊണ്ട് ചുവക്കുന്നത് അവൾ ശ്രദ്ധിച്ചു. മനം മയക്കുന്ന പുഞ്ചിരിയ്ക്ക് പ്രസിദ്ധയായിരുന്നു അവളുടെ ഇരട്ടസഹോദരി. ജെനവീവ് അയാളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അതോടെ ദ്വേഷ്യം കടിച്ചമർത്തി സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്ന അയാളെക്കണ്ട് അവൾ ഉള്ളാലെ ചിരിച്ചു.

 

“ജനറൽ എന്തു പറയുന്നു?” അവൾ ചോദിച്ചു. “ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കരുതുന്നു

 

“എന്റെയറിവിൽ കുഴപ്പമൊന്നുമില്ല

 

“മേജർ പ്രീമിന് സുഖം തന്നെയല്ലേ?”

 

“സ്ഥാനക്കയറ്റം ലഭിച്ചു അദ്ദേഹത്തിന് ഇന്നലെ മുതൽ സ്റ്റൻഡർടെൻഫ്യൂറർ ആണ്

 

“എന്ന് വച്ചാൽ കേണൽ പദവി അത് നന്നായി” അവൾ ചിരിച്ചു. “തന്റെ ജോലിയിൽ അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുന്നയാൾ അദ്ദേഹത്തിന്റെ കാര്യക്ഷമതയെ അംഗീകരിച്ചേ തീരൂ

 

റൈലിംഗെർ നീരസം പ്രകടിപ്പിച്ചു. “കാര്യക്ഷമത! മറ്റുള്ളവരാണ് അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്യുന്നതെന്ന് മാത്രം” തന്റെ രോഷം മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല അയാൾക്ക്.

 

“എന്നാൽ പിന്നെ നിങ്ങൾക്ക് മറ്റെവിടെയെങ്കിലും ഒരു പോസ്റ്റിങ്ങിന് വേണ്ടി ശ്രമിച്ചു കൂടേ? റഷ്യൻ അതിർത്തിയായിരിക്കും ഉത്തമം ധാരാളം ബഹുമതികൾ ലഭിക്കുവാനുള്ള അവസരമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്

 

അയാളുമായുള്ള സംഭാഷണം ആസ്വദിക്കുകയായിരുന്നു അവൾ. കാരണം ആൻ മേരി ട്രെവോൺസ് ആയി അവളെ അയാൾ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആൾമാറാട്ടത്തിൽ താൻ വിജയിച്ചിരിക്കുന്നു എന്ന കാര്യം അവൾക്ക് ആഹ്ലാദമേകി.

 

“ഫ്യൂറർ അയയ്ക്കുന്ന എങ്ങോട്ടും പോകാൻ ഞാൻ തയ്യാറാണ്” ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞു.

 

ആ സമയത്താണ് കാർ ഒരു വളവിൽ എത്തിയതും തൊട്ടു മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു വൃദ്ധയെയും അവർ കൊണ്ടുപൊയ്ക്കൊണ്ടിരുന്ന പശുവിനെയും ഇടിക്കാതിരിക്കാൻ റിനേ കാർ വെട്ടിത്തിരിച്ചതും. ജെനവീവ് സീറ്റിന്റെ മൂലയിലേക്ക് വഴുതി വീണു. ഒപ്പം റൈലിംഗെറും അവളുടെയടുത്തേക്ക് ചാഞ്ഞു വീണു. അയാളുടെ കൈ തന്റെ കാൽമുട്ടിൽ വിശ്രമിക്കുന്നത് നീരസത്തോടെ അവൾ ശ്രദ്ധിച്ചു.

 

“കുഴപ്പമൊന്നും പറ്റിയില്ലല്ലോ മോസെലാ?” പരുക്കൻ സ്വരത്തിൽ ചോദിച്ചിട്ട് അയാൾ അവളുടെ കാൽമുട്ടിലെ പിടി ഒന്നു കൂടി മുറുക്കി.

 

“ദയവ് ചെയ്ത് കൈ എടുത്തു മാറ്റൂ, റൈലിംഗെർ അല്ലെങ്കിൽ നിങ്ങളോട് കാറിൽ നിന്നും പുറത്തിറങ്ങാൻ പറയേണ്ടി വരും എനിക്ക്” പരുഷസ്വരത്തിൽ അവൾ പറഞ്ഞു.

 

ചെറിയൊരു ഗ്രാമത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു അവർ. അപകടം മണത്ത റിനേ കാർ നിർത്തുവാനായി വേഗത കുറച്ചു. റൈലിംഗെർ ആകട്ടെ, അവളുടെ കാൽമുട്ടിൽ നിന്നും കൈ കുറച്ചുകൂടി മുകളിലേക്ക് നീക്കി.

 

“എന്താണ് പ്രശ്നം?” അയാൾ ചോദിച്ചു. “ഞാൻ അത്ര പോരാ എന്നാണോ? പ്രീമിനെക്കാളും ഒട്ടും മോശമല്ല ഞാൻ എന്ന് എപ്പോൾ വേണമെങ്കിലും തെളിയിച്ചു തരാം

 

“അതുകൊണ്ടല്ല” അവൾ പറഞ്ഞു. “കേണൽ പ്രീം ഒരു മാന്യനാണ് നിങ്ങൾ അതിന് നേർവിപരീതവും സത്യം പറയാമല്ലോ, എന്നെക്കാൾ ഒരു പടി താഴെയായിട്ടാണ് നിങ്ങളെ ഞാൻ കാണുന്നത്, റൈലിംഗെർ

 

“കൊടിച്ചിപ്പട്ടീ, നിനക്ക് ഞാൻ കാണിച്ചു തരാം…….

 

“ഒരു കാണിക്കലുമില്ല” പോക്കറ്റിൽ നിന്നും പുറത്തേക്ക് വന്ന അവളുടെ വലതുകൈയിൽ വാൾട്ടർ പിസ്റ്റൾ ഉണ്ടായിരുന്നു. ക്രെയ്ഗ് പഠിപ്പിച്ചു കൊടുത്തിരുന്നത് പോലെ അതിന്റെ സേഫ്റ്റി ക്യാച്ച് അനായാസം സ്ലൈഡ് ചെയ്തിട്ട് തോക്കിന്റെ കുഴൽ അയാളുടെ വാരിയെല്ലിന് നേർക്ക് മുട്ടിച്ച് പിടിച്ചു. “കാറിൽ നിന്നും പുറത്തിറങ്ങൂ!”

 

റിനേ കാർ ബ്രേക്ക് ചെയ്ത് നിർത്തി. രോഷം തിളയ്ക്കുന്ന കണ്ണുകളോടെ റൈലിംഗെർ അവളിൽ നിന്നും അകന്നു മാറി. ശേഷം ഡോർ തുറന്ന് പുറത്തേക്കിറങ്ങി. എത്തി വലിഞ്ഞ് അവൾ ഡോർ വലിച്ചടച്ചതും റിനേ കാർ മുന്നോട്ടെടുത്തു. പിറകോട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് വിഷണ്ണനായി റോഡരികിൽ നിൽക്കുന്ന റൈലിംഗെറെയാണ്.

 

“എന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?” അവൾ റിനേയോട് ചോദിച്ചു.

 

“നിങ്ങളുടെ സഹോദരി കണ്ടിരുന്നെങ്കിൽ നിങ്ങളെയോർത്ത് അഭിമാനം കൊണ്ടേനെ മോസെലാ

 

“ഗുഡ്” പിറകോട്ട് ചാഞ്ഞിരുന്ന് അവൾ അടുത്ത സിഗരറ്റിന് തീ കൊളുത്തി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


2 comments:

  1. കൊള്ളാം.. ആദ്യ പരീക്ഷണം ഭംഗിയായി വിജയിച്ചിരിക്കുന്നു!! റൈലിംഗർ വീണ്ടും വരുമോ, ആനകളെയും തെളിച്ചുകൊണ്ട്??

    എന്നാലും സിഗരറ്റ് വലി ഇത്തിരി കൂടുന്നുണ്ട്.. ഡോണ്ടു ഡോണ്ടു..

    ReplyDelete
    Replies
    1. റൈലിംഗെർ ഇനിയും വരാതിരിക്കുമോ...? മൂർഖൻ പാമ്പിനെയല്ലേ നോവിച്ചു വിട്ടത്...? പിന്നെ, സിഗരറ്റ് വലി... ശരിയാണ്... ജെനവീവ് അതിന് അഡിക്റ്റായിരിക്കുന്നു...

      Delete