Saturday, July 12, 2025

കോൾഡ് ഹാർബർ - 47

എല്ലാം കേട്ടു കഴിഞ്ഞ് ഒരു നീണ്ട മൗനത്തിന് ശേഷം ഹോർടെൻസ് പ്രഭ്വി അവളുടെ കൈയിൽ തലോടി. “അല്പം കോന്യാക്ക് കഴിച്ചാൽ കൊള്ളാമെന്നുണ്ട് അതാ ആ ചൈനീസ് കബോർഡിനകത്തുണ്ട് ഗ്ലാസും കുപ്പിയും

 

“പക്ഷേ, അത് വേണോ?” ജെനവീവ് ചോദിച്ചു. “നിങ്ങളുടെ ആരോഗ്യം…………….”

 

“നീയെന്താണീ പറയുന്നത്?” ഹോർടെൻസ് അത്ഭുതം കൂറി.

 

“നിങ്ങളുടെ ഹൃദയത്തിന് എന്തോ തകരാറുണ്ടെന്നാണല്ലോ അവർ പറഞ്ഞത് ബ്രിഗേഡിയർ മൺറോ പറഞ്ഞത് നിങ്ങളുടെ ആരോഗ്യം വളരെ മോശമാണെന്നാണ്

 

“എന്ത് അസംബന്ധമാണിത്! എന്നെ കണ്ടാൽ ഒരു രോഗിയെപ്പോലെയാണോ നിനക്ക് തോന്നുന്നത്?” അവർ രോഷത്തിന്റെ വക്കിൽ എത്തിയത് പോലെ തോന്നി.

 

“ഇല്ലേയില്ല സത്യം പറഞ്ഞാൽ നല്ല ഉന്മേഷവതിയായിട്ടാണ് തോന്നുന്നത് നിങ്ങളുടെ ബ്രാണ്ടി ഞാൻ എടുത്തുകൊണ്ടു വരാം” ജെനവീവ് പറഞ്ഞു.

 

അവൾ ചെന്ന് കബോർഡ് തുറന്നു. അപ്പോൾ മൺറോയുടെ ഭാഗത്തു നിന്നുള്ള മറ്റൊരു വഞ്ചന കൂടി തന്നെ അയാളുടെ ദൗത്യത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ബുദ്ധിപരമായ നീക്കം ക്രെയ്ഗ് ഓസ്ബോണും അതിന് കൂട്ടു നിന്നു ക്രിസ്റ്റൽ ഗ്ലാസിലേക്ക് കുവാസ്യേയുടെ കോന്യാക്ക് പകർന്ന് ആന്റിയുടെ അടുത്തേക്ക് നടക്കവെ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

 

ഹോർടെൻസ് പ്രഭ്വി ആ ഗ്ലാസ് വാങ്ങി ഒറ്റയിറക്കിന് അകത്താക്കി. എന്നിട്ട് ഒഴിഞ്ഞ ഗ്ലാസിലേക്ക് നോക്കി പറഞ്ഞു. “പാവം കാൾ

 

“അതെന്താ അങ്ങനെ പറഞ്ഞത്?”

 

“ആ മൃഗങ്ങൾ ആൻ മേരിയോട് ചെയ്തതെല്ലാം വച്ച് നോക്കുമ്പോൾ എനിക്കിനി എങ്ങനെ അയാളോട് നന്നായി പെരുമാറാൻ കഴിയും?” അവർ ഗ്ലാസ് കട്ടിലിനരികിലെ കാബിനറ്റിൽ വച്ചു. “ഞാനും ആൻ മേരിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല ഇവിടെ കഴിഞ്ഞിരുന്നത് അങ്ങേയറ്റം സ്വാർത്ഥയായിരുന്നു അവൾ അവളുടെ കാര്യം മാത്രമായിരുന്നു അവൾക്ക് പ്രധാനം എങ്കിലും എന്റെ അനന്തരവളല്ലേ അവൾ എന്റെ രക്തം എന്റെ മാംസം വോൺകോർട്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി

 

“ഒരു പക്ഷേ, കഴിഞ്ഞ കുറേ മാസങ്ങളായി അങ്ങനെ അഭിനയിക്കുകയായിരുന്നിരിക്കണം അവൾ

 

“അതെ, നീ പറഞ്ഞത് ശരിയാണ് അവൾ ചെയ്തതൊന്നും വൃഥാവിലാകില്ലെന്ന് നാം ഉറപ്പ് വരുത്തണം

 

“അതിന് വേണ്ടിയാണ് ഞാനിവിടെ എത്തിയിരിക്കുന്നത്

 

ഹോർടെൻസ് വിരൽ ഞൊടിച്ചു. “നിന്റെ ആ സിഗരറ്റ് ഒരെണ്ണം കൂടി തരൂ എന്നിട്ട് ഷോണ്ടെലയോട് എനിക്ക് കുളിക്കാനുള്ള വെള്ളം തയ്യാറാക്കാൻ പറയൂ ഒരു മണിക്കൂർ വെള്ളത്തിൽ കിടന്നു കൊണ്ട് ഞാനൊന്ന് ആലോചിക്കട്ടെ, താഴെയുള്ള ആ ജർമ്മൻ‌കാർക്ക് എങ്ങനെ പണി കൊടുക്കാമെന്ന് നീ പോയി അല്പം നടന്നിട്ട് വരൂ ഷെറീ ഒരു മണിക്കൂർ കഴിഞ്ഞ്

 

                                                      ***

 

കോൾഡ് ഹാർബറിൽ മഴ കോരിച്ചൊരിയുകയാണ്. ജൂലിയെ തേടി ക്രെയ്ഗ് കിച്ചണിലേക്ക് ചെന്നു.

 

“നിങ്ങൾ പുറപ്പെടുകയാണോ?” അദ്ദേഹത്തിന്റെ യൂണിഫോമും ടെഞ്ച്കോട്ടും ശ്രദ്ധിച്ച അവർ ചോദിച്ചു.

 

“അതെ ക്രോയ്ഡണിൽ കാലാവസ്ഥ മെച്ചപ്പെട്ടു എന്നാണ് അറിഞ്ഞത് മൺറോയോടൊപ്പം ലൈസാൻഡറിൽ ഞാനും പോകുന്നു” അദ്ദേഹം അവരുടെ ചുമലിൽ കൈ വച്ചു. “ആർ യൂ ഓകെ? എന്തോ പ്രശ്നമുള്ളത് പോലെ?”

 

അവരുടെ പുഞ്ചിരിയിൽ വിഷാദം കലർന്നിരുന്നു. “ക്രെയ്ഗ്, എനിക്കറിയാം എന്റെ ടാരോ കാർഡ് പ്രവചനങ്ങൾ നിങ്ങളെ ഏറെ രസിപ്പിച്ചിരുന്നുവെന്ന് പക്ഷേ, സത്യമായിട്ടും ഭാവി പ്രവചിക്കുവാനുള്ള കഴിവുണ്ടെനിയ്ക്ക് ലക്ഷണങ്ങൾ കണ്ടാൽ എനിക്കറിയാൻ സാധിക്കും ചിലതെല്ലാം നാം കാണുന്നത് പോലെയല്ല എന്ന് എന്റെ ഉള്ളം പറയുന്നു

 

“വിശദീകരിക്കാമോ?” അദ്ദേഹം ചോദിച്ചു.

 

“ജെനവീവും അവളുടെ സഹോദരിയും നാം പുറമേ കാണുന്നതിലും ഏറെ കാര്യങ്ങളുണ്ട് ആ വിഷയത്തിൽ വളരെയേറെ മൺറോ നമ്മളോട് പറയുന്നതിനൊന്നും സത്യവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്

 

ക്രെയ്ഗിന് അവരെ വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും ഒരു ആളൽ ഉയർന്നു. “ജെനവീവ്” ഉദ്വേഗത്തോടെ മന്ത്രിക്കവെ അദ്ദേഹം അവരുടെ ചുമലിലെ പിടി മുറുകി.

 

“ക്രെയ്ഗ് അവളെയോർത്ത് എനിക്ക് ശരിയ്ക്കും ഭയമുണ്ട്

 

“പേടിക്കേണ്ട സത്യാവസ്ഥ ഞാൻ കണ്ടുപിടിക്കും” അദ്ദേഹം പുഞ്ചിരിച്ചു. “മാർട്ടിൻ ഹെയറിനെ നമുക്ക് വിശ്വസിക്കാം അദ്ദേഹം തിരികെയെത്തുമ്പോൾ ഇക്കാര്യം സംസാരിക്കണം. ലണ്ടനിൽ എത്തിയ ഉടൻ ഈ വിഷയത്തിൽ ഞാൻ ഒരു രഹസ്യാന്വേഷണത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹത്തോട് പറയണം” അദ്ദേഹം അവരുടെ കവിളിൽ ഒരു മുത്തം നൽകി. “എന്നെ വിശ്വസിക്കൂ ഞാൻ വിഡ്ഢിയാക്കപ്പെടുകയാണ് എന്ന് ബോദ്ധ്യമായാൽ പിന്നെ എന്റെ സ്വഭാവം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ

 

                                                   ***

 

ടേക്ക് ഓഫ് ചെയ്യുമ്പോൾ മൺറോയുടെ അരികിലെ സീറ്റിലായിരുന്നു ക്രെയ്ഗ് ഇരുന്നിരുന്നത്. ബ്രീഫ്കെയ്സിനുള്ളിൽ നിന്നും എടുത്ത ചില പേപ്പറുകൾ വായിച്ചു നോക്കുകയാണ് അദ്ദേഹം. ഈ സമയത്ത് നേരിട്ടൊരു ആക്രമണം എന്തായാലും ശരിയല്ല എന്ന് ക്രെയ്ഗിന് തോന്നി.

 

“ഇതിനോടകം അവൾ തന്റെ ജോലിയിൽ പ്രവേശിച്ചു കാണണം” ക്രെയ്ഗ് പറഞ്ഞു.

 

“ആര്?” മൺറോ തലയുയർത്തി. “എന്തിനെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്?”

 

“ജെനവീവ് അവൾ ഇപ്പോൾ അവിടെ എത്തിക്കാണണം വോൺകോർട്ട് കൊട്ടാരത്തിൽ

 

“ഓ, അതോ” മൺറോ തല കുലുക്കി. “അത് എങ്ങനെ പോകുന്നുവെന്ന് കണ്ടറിയണം ഈ വിഷയത്തിൽ അവൾക്ക് ഒട്ടും പ്രവൃത്തിപരിചയം ഇല്ലെന്ന കാര്യം ഓർമ്മ വേണം

 

“അക്കാര്യം ഇതിന് മുമ്പ് താങ്കളെ അലട്ടിയിരുന്നില്ലല്ലോ” ക്രെയ്ഗ് പറഞ്ഞു.

 

“യെസ് അവളെ നിരുത്സാഹപ്പെടുത്തുവാൻ ആഗ്രഹമില്ലായിരുന്നു എനിക്ക് ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇത്രയേയുള്ളൂ ഈ വിഷയത്തിൽ നാം അവളിൽ നിന്ന് ഏറെയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല നമ്മൾ അയച്ച വനിതാ ഏജന്റുമാരിൽ മൂന്നിൽ രണ്ട് ഭാഗം പേരുടെയും അന്ത്യം വളരെ മോശമായിരുന്നു

 

നിർവ്വികാരതയോടെ മൺറോ വീണ്ടും തന്റെ പേപ്പറുകളിലേക്ക് തല താഴ്ത്തി. അതേക്കുറിച്ച് ചിന്തിച്ചു കൊണ്ട് ക്രെയ്ഗ് അല്പനേരം ഇരുന്നു. അതെ, ജൂലി പറഞ്ഞത് ശരിയായിരുന്നു താൻ അറിയാത്ത പലതുമുണ്ട് ഇതുവരെ നടന്ന കാര്യങ്ങൾ ഓരോന്നായി അദ്ദേഹം ഓർത്തു നോക്കി. സകല ഘടകങ്ങളെയും ഉൾപ്പെടുത്തി അവയെ ഇഴകീറി തിരിച്ചും മറിച്ചും വിശകലനം ചെയ്തു. തീർച്ചയായും ആൻ മേരി തന്നെയാണ് എല്ലാത്തിന്റെയും കേന്ദ്രബിന്ദു. അവൾക്ക് ആ ദുരന്തം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും മൺറോയ്ക്ക് അവളെ നേരിൽ കാണേണ്ട ആവശ്യമേ ഉണ്ടാവില്ലായിരുന്നു. ഹോസ്പിറ്റലിൽ വച്ച് ഏറ്റവുമൊടുവിൽ അവളെ കണ്ട ആ രംഗം ഓർത്തതും ക്രെയ്ഗ് നടുങ്ങി. ഹാംപ്‌സ്റ്റഡിലെ ആ സെല്ലിൽ അക്രമാസക്തയായി തറയിൽ കൂനിപ്പിടിച്ചിരിക്കുന്ന ആൻ മേരി. അവൾക്ക് ചികിത്സയും സാന്ത്വനവും നൽകേണ്ട ഡോക്ടർ ബാം പോലും അവൾക്കരികിലേക്ക് പോകാൻ ധൈര്യപ്പെടുന്നില്ല.

 

അദ്ദേഹം തന്റെ സീറ്റിൽ ഒന്ന് നിവർന്നിരുന്നു. തികച്ചും വിചിത്രമായിരിക്കുന്നു അത്. എന്തോ ഒരു അസ്വഭാവികതയില്ലേ അതിൽ? സ്വന്തം രോഗിയുടെ അരികിൽ പോകാൻ ഒരു ഡോക്ടർ ഭയപ്പെടുന്നു എന്ന് വച്ചാൽ? എന്തായിരിക്കും കാരണം? അത് കണ്ടെത്തേണ്ടിയിരിക്കുന്നു.

 

ക്രോയ്ഡണിൽ ലാൻഡ് ചെയ്ത്, പുറത്ത് കാത്തു കിടക്കുന്ന ലിമോസിനരികിലേക്ക് നടക്കവെ അദ്ദേഹം മൺറോയോട് ചോദിച്ചു. “സർ, ഇന്നിനി എന്റെ ആവശ്യമുണ്ടോ?”

 

“നോ, ഡിയർ ബോയ് എൻജോയ് യുവേഴ്സെൽഫ് പോയി ആഘോഷിക്കൂ

 

“തീർച്ചയായും സർ പറ്റുമെങ്കിൽ സാവോയ് ഹോട്ടലിൽ ഒന്ന് പോകണം” കാറിന്റെ ഡോർ തുറന്നു കൊടുത്തുകൊണ്ട് ക്രെയ്ഗ് പറഞ്ഞു.

 

(തുടരും)

2 comments:

  1. അത് ശെരി..മൊത്തം വഞ്ചന ആണല്ലേ..ഒരു യുദ്ധം ജയിക്കാൻ നൂറായിരം നുണകൾ !! എന്നിട്ട് നേടുന്നതെന്ത് ??

    ReplyDelete
    Replies
    1. അതെ ഉണ്ടാപ്രീ... എല്ലാം കള്ളന്മാരാണ്... പാവം‌ ആൻ മേരിയും ജെനവീവും... ഇനി എന്ത് സംഭവിക്കുമെന്ന് നോക്കാം നമുക്ക്...

      Delete