Friday, July 25, 2025

കോൾഡ് ഹാർബർ - 49

സ്റ്റെയർകെയ്സ് കയറി എതിരെ വരുന്ന ഷോണ്ടെലയുടെ കൈയിൽ മൂടി വച്ച ഒരു ട്രേ ഉണ്ടായിരുന്നു.

 

“എന്താണിത്?” ജെനവീവ് ചോദിച്ചു.

 

“ഇന്നത്തെ അത്താഴം സ്വന്തം റൂമിൽ വച്ചു തന്നെ കഴിക്കാമെന്നാണ് പ്രഭ്വിയുടെ തീരുമാനം” അവരുടെ സ്വരത്തിൽ പതിവ് പോലെ കോപം കലർന്നിരുന്നു. “അദ്ദേഹവും അവിടെയുണ്ട്

 

ജെനവീവ് മുറിയുടെ വാതിൽ തുറന്നു കൊടുത്തു. നെരിപ്പോടിനരികിലെ ചാരുകസേരയിൽ ഹോർടെൻസ് പ്രഭ്വി ഇരിക്കുന്നുണ്ടായിരുന്നു. കറുപ്പും സുവർണ്ണനിറവും ഇടകലർന്ന പകിട്ടേറിയ ഒരു ചൈനീസ് ഹൗസ്കോട്ടാണ് അവർ ധരിച്ചിരുന്നത്. ഗാംഭീര്യമാർന്ന യൂണിഫോം ധരിച്ച ജനറൽ കാൾ സീംകാ അവർ ഇരിക്കുന്ന കസേരയുടെ പിന്നിൽ തൊട്ടുചേർന്ന് നിൽക്കുന്നുണ്ട്. ആ യൂണിഫോമിൽ ആകർഷകമായിരുന്നു അദ്ദേഹത്തിന്റെ രൂപം. ജെനവീവിനെ കണ്ടതും അദ്ദേഹത്തിന്റെ മുഖത്ത് വിടർന്ന പുഞ്ചിരി തികച്ചും ആത്മാർത്ഥമായിരുന്നു.

 

“അങ്ങനെ അവസാനം” ഹോർടെൻസ് പറഞ്ഞു. “ഇനി എനിക്കല്പം സമാധാനം കിട്ടുമെന്ന് തോന്നുന്നു ചിലപ്പോഴൊക്കെ തോന്നും എനിക്ക് ചുറ്റും വിഡ്ഢികൾ മാത്രമേയുള്ളൂവെന്ന്

 

ജനറൽ സീംകാ ജെനവീവിന്റെ കൈയിൽ ചുംബിച്ചു. “നിങ്ങളെ ശരിക്കും മിസ് ചെയ്തു കേട്ടോ

 

“ഓ, ഒന്ന് പുറത്ത് പോയിത്തരുമോ” അക്ഷമയോടെ ഹോർടെൻസ് പറഞ്ഞു. എന്നിട്ട് ഷോണ്ടെലയെ നോക്കി ട്രേ കൊണ്ടുവരുവാൻ ആംഗ്യം കാണിച്ചു. “എന്താണ് ഇന്നത്തെ അത്താഴത്തിന്?”

 

സീംകാ പുഞ്ചിരിച്ചു. “നല്ലൊരു ജനറലിന് വേണ്ട ഏറ്റവും വലിയ ഗുണം എന്താണെന്നറിയുമോ? എപ്പോഴാണ് പിൻ‌വാങ്ങേണ്ടത് എന്ന തിരിച്ചറിവ് ഇത് അത്തരത്തിലുള്ള ഒരു നിമിഷമാണെന്ന് തോന്നുന്നു

 

അദ്ദേഹം ജെനവീവിനായി വാതിൽ തുറന്നു പിടിച്ച് തല കുനിച്ചു. അവൾ പുറത്തേക്ക് നടന്നു. പിന്നാലെ അദ്ദേഹവും.

 

                                                              ***

 

ഡൈനിങ്ങ് ടേബിളിന് ചുറ്റും ഏകദേശം ഇരുപതോളം പേരുണ്ടായിരുന്നു. ഭൂരിഭാഗവും പുരുഷന്മാർ. ഈവനിങ്ങ് ഗൗൺ ധരിച്ച ഏതാനും വനിതകൾ സെക്രട്ടറിമാരാണെന്ന് തോന്നുന്നു. യൂണിഫോമിന്റെ ഇടതുകൈയിൽ തിളങ്ങുന്ന ഫ്ലാഷ് ലൈറ്റ് ഘടിപ്പിച്ച അതീവസുന്ദരികളായ രണ്ട് പെൺകുട്ടികൾ അവർക്കിടയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റേഡിയോ റൂമിൽ വർക്ക് ചെയ്യുന്ന സിഗ്നൽ ഓപ്പറേറ്റർമാരാണ്. അവരെക്കുറിച്ച് റിനേ സൂചിപ്പിച്ചിരുന്നു. ഓഫീസർമാർക്കിടയിൽ ആ പെൺകുട്ടികൾക്ക് നല്ല ഡിമാന്റാണെന്ന് അയാൾ പറഞ്ഞിരുന്നത് അവൾക്ക് ഓർമ്മ വന്നു. ഇപ്പോൾ നേരിൽ കണ്ടപ്പോൾ അയാൾ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് അവൾക്ക് ബോദ്ധ്യമായി.

 

അവൾക്കെതിരെയുള്ള കസേരയിലാണ് മാക്സ് പ്രീം ഇരുന്നത്. മേശയുടെ അറ്റത്ത് മറ്റ് SS ഓഫീസർമാർക്കൊപ്പം ഇരിക്കുന്ന റൈലിംഗെറെ അവൾ ശ്രദ്ധിക്കാതിരുന്നില്ല. തന്റെ നേർക്ക് ഒരു നിമിഷം നോക്കിയ അയാളുടെ കണ്ണിൽ വെറുപ്പ് ജ്വലിക്കുന്നത് അവൾ കണ്ടു. കോൾഡ് ഹാർബറിൽ വച്ച് ജോ എഡ്ജിന്റെ കണ്ണിൽ കണ്ട അതേ വെറുപ്പ്. അതെ, ഇവിടെയും താൻ ഒരു ശത്രുവിനെ സൃഷ്ടിച്ചിരിക്കുന്നു.

 

യൂണിഫോമും വെള്ള കൈയുറകളും ധരിച്ച ഏതാനും ഓർഡർലിമാർ വൈൻ കുപ്പികളുമായി എത്തി. ആൻ മേരിയ്ക്ക് ചുവന്ന വൈൻ ഒട്ടും ഇഷ്ടമില്ലെന്നും എന്നാൽ വെളുത്ത വൈൻ ധാരാളമായി കഴിയ്ക്കാറുണ്ടെന്നും ഉള്ള കാര്യം പെട്ടെന്ന് അവൾക്ക് ഓർമ്മ വന്നു. അവൾ കഴിക്കുന്ന അത്രയും അളവ് വൈൻ ഒരിക്കലും തനിക്ക് കഴിക്കാൻ സാധിക്കാറില്ല. ആന്റിയുടെ ശേഖരത്തിലുള്ള വിലയേറിയ ഇനമായ വെളുത്ത സാൻസിയർ വൈൻ ആയിരുന്നു അത്. ജർമ്മൻകാർ ഇവിടെ കൈയേറിയതോടെ ഒരു നിയന്ത്രണവുമില്ലാതെ എടുത്ത് അതൊക്കെ തീരാറായിക്കാണണം.

 

അവിടെയുണ്ടായിരുന്നവർ സംസാരിക്കുന്ന ശബ്ദത്തിനും മേലെ ഉച്ചത്തിൽ റൈലിംഗെർ പൊട്ടിച്ചിരിച്ചു. കൂടെയുള്ളവർക്ക് അതത്ര രസിക്കുന്നുണ്ടായിരുന്നില്ല എന്ന് അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു.

 

ജനറൽ സീംകാ അവൾക്കരികിലേക്ക് വന്നു. “നാളെ ആകുമ്പോഴേക്കും പ്രഭ്വിയുടെ പെരുമാറ്റം സാധാരണ നിലയിലാകുമെന്ന് കരുതുന്നു

 

“എന്നെപ്പോലെ തന്നെ താങ്കളും അവരുടെ മാനസികനില ശരിയ്ക്കും മനസ്സിലാക്കിയിരിക്കുന്നു

 

“മറ്റന്നാളാണ് ഫീൽഡ് മാർഷൽ റോമൽ ഇവിടെ സന്ദർശനത്തിന് എത്തുന്നത് സ്വാഭാവികമായും ഞങ്ങൾ അദ്ദേഹത്തിന് ഒരു സ്വീകരണവും അതിന് ശേഷം ഒരു നൃത്ത പരിപാടിയും ഏർപ്പാടാക്കുന്നുണ്ട് ആ സമയത്തും പ്രഭ്വി ഇടഞ്ഞു നിൽക്കുകയാണെങ്കിൽ” അദ്ദേഹം ചുമൽ വെട്ടിച്ചു. “തീർത്തും നിർഭാഗ്യകരമായിരിക്കും അത്

 

“താങ്കളുടെ ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു ജനറൽ” ജെനവീവ് അദ്ദേഹത്തിന്റെ കൈയിൽ പതുക്കെ തട്ടി. “എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം

 

“ആ സമയത്ത് അവിടെ സന്നിഹിതയാകണമെന്ന് ആജ്ഞാപിക്കാൻ എനിക്ക് താല്പര്യമില്ല... സത്യം പറയാമല്ലോ, എനിക്കതിന് ഭയവുമാണ്” അദ്ദേഹം പറഞ്ഞു. “ഞാനും പ്രീമും ആദ്യമായി ഇവിടെയെത്തിയ സമയത്ത് നിങ്ങളിവിടെ ഉണ്ടായിരുന്നില്ല മൈ ഗോഡ്! ഞങ്ങളെ അന്ന് കുറച്ചൊന്നുമല്ല അവർ ബുദ്ധിമുട്ടിച്ചത് അല്ലേ, പ്രീം?”

 

“അവരെ എനിക്കങ്ങ് ഇഷ്ടപ്പെട്ടു പോയി എന്ന് പറഞ്ഞാൽ മതി” പ്രീം പറഞ്ഞു.

 

“മിക്ക ആളുകൾക്കും അങ്ങനെയൊരു ദൗർബല്യമുണ്ട്” ജെനവീവ് അദ്ദേഹത്തോട് പറഞ്ഞു.

 

അദ്ദേഹത്തിന്റെ മന്ദഹാസത്തിൽ അസ്വസ്ഥയായിരുന്നു അവൾ. ആ നീലക്കണ്ണുകളുടെ തുളഞ്ഞു കയറുന്ന നോട്ടത്തിൽ നിന്നും രക്ഷപെടാൻ അവൾ മിഴികൾ മാറ്റി. അവളുടെ ഹൃദയമിടിപ്പ് കൂടി. തന്റെയുള്ളിലെ സകല രഹസ്യങ്ങളും അദ്ദേഹം കണ്ടുപിടിച്ചത് പോലെ ഒരു പ്രതീതി.

 

ജനറൽ സംസാരിച്ചുകൊണ്ടേയിരുന്നു. “ഞങ്ങൾ അന്ന് വന്ന ദിവസം നിങ്ങൾ ഗ്രാമത്തിലെവിടെയോ പോയിരിക്കുകയായിരുന്നു എന്നാണ് എന്റെ ഓർമ്മ. കൊട്ടാരത്തിന്റെ വാതിൽ തുറക്കാതെ ഏറെ നേരമാണ് പ്രഭ്വി ഞങ്ങളെ പുറത്ത് നിർത്തിയത് അവസാനം അനുമതി ലഭിച്ച് അകത്തു പ്രവേശിച്ചപ്പോൾ ചുമരുകളിൽ അലങ്കരിച്ചിരുന്ന പലതും എടുത്തു മാറ്റപ്പെട്ടത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു

 

“അറകൾ തുറന്ന് പരിശോധിച്ചില്ലേ നിങ്ങൾ?”

 

അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചുപോയി. പിന്നീടങ്ങോട്ട് ഭക്ഷണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എന്നാൽ ജെനവീവാകട്ടെ, താൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന റോളിന്റെ സമ്മർദ്ദത്തിലായിരുന്നു. അത്ര എളുപ്പമല്ല ഇതെന്ന് നിമിഷം തോറും അവൾക്ക് ബോദ്ധ്യമായിക്കൊണ്ടിരുന്നു.

“കോഫി വച്ചിരിക്കുന്നത് ഡ്രോയിങ്ങ് റൂമിലാണെന്ന് തോന്നുന്നു” ജനറൽ സീംകാ എല്ലാവരോടുമായി പറഞ്ഞു.

 

എല്ലാവരും എഴുന്നേറ്റ് അങ്ങോട്ട് പോകാനൊരുങ്ങവെ പ്രീം അവളുടെ അരികിലെത്തി. “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

 

ചുരുങ്ങിയത് ഇപ്പോഴത്തേക്കെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയേ തീരൂ. “ഇപ്പോൾ വേണ്ട, പിന്നീട്” തിടുക്കത്തിൽ പറഞ്ഞിട്ട് അവൾ ജനറൽ സീംകായുടെ അടുത്തേക്ക് ചെന്നു.

 

“മൈ ഡിയർ” സീംകാ പറഞ്ഞു. “നിങ്ങളുടെ ഒരു നാട്ടുകാരനെ ഞാൻ പരിചയപ്പെടുത്താം SS ന്റെ ഷാൾമാഗ്‌നെ ബ്രിഗേഡിലാണ് ഇപ്പോൾ സേവനമനുഷ്ടിക്കുന്നത് മെയിലുമായി എത്തിയതാണ്

 

ആ ഓഫീസർ തല കുനിച്ച് അവളെ വണങ്ങി. അയാളുടെ ഇടതു കൈയിലെ മൂവർണ്ണ കഫ് ടൈറ്റിൽ അവൾ ശ്രദ്ധിച്ചു. തന്റെ കരങ്ങൾ കൈയിലെടുത്ത് ചുണ്ടോട് ചേർത്തത് ഒരു ഫ്രഞ്ചുകാരൻ മാത്രം ചെയ്യുന്ന തരത്തിലായിരുന്നു. ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള ആ സുമുഖനെ കണ്ടാൽ ജർമ്മൻകാരനാണെന്നേ തോന്നൂ.

 

 “കാണാൻ സാധിച്ചതിൽ വളരെ സന്തോഷം” അയാൾ പറഞ്ഞു. ആ യൂണിഫോം അയാൾക്ക് എത്ര നന്നായി ചേരുന്നു എന്നവൾ അത്ഭുതം കൊണ്ടു. SS സേനയിൽ ഒരു ഫ്രഞ്ചുകാരൻ...!

 

ജനറൽ സീംകാ ആ തിരക്കിൽ നിന്നും അവളെയും കൂട്ടി ഫ്രഞ്ച് ജാലകം വഴി ടെറസിലേക്ക് കടന്നു. “ഇവിടെയാണ് നല്ലത് അല്പം ശുദ്ധവായു ശ്വസിക്കാം സിഗരറ്റ് വേണോ?”

 

അദ്ദേഹം നീട്ടിയ സിഗരറ്റ് വാങ്ങിക്കൊണ്ട് അവൾ ചോദിച്ചു. “മറ്റന്നാളത്തെ കോൺഫറൻസിന്റെ കാര്യത്തിൽ താങ്കൾ വല്ലാതെ ഉത്കണ്ഠാകുലനാണല്ലോ അത്രയ്ക്കും പ്രാധാന്യമുള്ളതാണോ അത്?”

 

“വരുന്നത് മറ്റാരുമല്ല, റോമൽ ആണ്, മൈ ഡിയർ എങ്ങനെ ഉത്കണ്ഠയില്ലാതിരിക്കും?”

 

“അതല്ല, അതിനുമപ്പുറം എന്തോ ഉണ്ട്” ജെനവീവ് പറഞ്ഞു. “അവരുടെ ചിന്താഗതികളോട് താങ്കൾക്ക് യോജിക്കാനാവുന്നില്ല തീർത്തും വിയോജിപ്പാണുള്ളത് അതല്ലേ കാര്യം?”

 

“നിങ്ങൾ വിഷയം സങ്കീർണ്ണമാക്കുകയാണ്” അദ്ദേഹം പറഞ്ഞു. “അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയാണ് ചർച്ചാവിഷയം അതേക്കുറിച്ച് മറ്റു ഭൂരിഭാഗം പേരുടെയും അഭിപ്രായങ്ങൾ എന്താണെന്നും  എനിക്കറിയാം

 

അതെ, ഈ വിഷയത്തെക്കുറിച്ച് തന്നെയാണ് തനിക്ക് കേൾക്കേണ്ടിയിരുന്നതും. “ആ അഭിപ്രായങ്ങളോട് താങ്കൾ വിയോജിക്കുന്നുവെന്നാണോ?”

 

“അതെ

 

“പക്ഷേ, ഇതൊരു പ്രാരംഭ ചർച്ച മാത്രമല്ലേ?”

 

“അതെ എങ്കിലും ചർച്ചയുടെ അവസാനം ഉരുത്തിരിയുന്ന തീരുമാനമാണ് നടപ്പിലാവുക അല്ലെങ്കിൽ സാക്ഷാൽ ഫ്യൂറർ തന്നെ സകല പദ്ധതികളും മാറ്റുവാനുള്ള തീരുമാനമെടുക്കണം

 

“അദ്ദേഹമാണല്ലോ ഇത് ഇവിടം വരെ എത്തിച്ചത്” ലാഘവത്തോടെ അവൾ പറഞ്ഞു.

 

“എന്തൊക്കെയായാലും ഞങ്ങൾ ഈ യുദ്ധം ജയിക്കാൻ പോകുന്നില്ല

 

അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. “നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇത് ഇങ്ങനെ പരസ്യമായി പറയാൻ ധൈര്യപ്പെടില്ലായിരുന്നു

 

അവളുടെ കൈ പിടിച്ച് പുറത്തെ ഇരുട്ടിലേക്ക് നോക്കി പലവിധ ചിന്തകളുമായി അദ്ദേഹം നിന്നു. അദ്ദേഹത്തിന്റെ ആ നിസ്സഹായവസ്ഥ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. തന്റെ ജോലിയിൽ ഒട്ടും തന്നെ സംതൃപ്തനല്ലാത്ത നല്ലൊരു മനുഷ്യൻ എന്തുകൊണ്ടോ, അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നി അവൾക്ക്. അങ്ങോട്ട് നടന്നടുക്കുന്ന ആരുടെയോ കാലടിശബ്ദം കേട്ടതും അവൾ അകന്നു മാറി.

 

“ശല്യപ്പെടുത്തുന്നതിൽ ക്ഷമിക്കണം, ഹെർ ജെനറൽ” മാക്സ് പ്രീം പറഞ്ഞു. “പാരീസിൽ നിന്നും താങ്കൾക്കൊരു കോൾ ഉണ്ട്

 

“ശരി, ഞാൻ വരുന്നു” ജനറൽ തല കുലുക്കി. “ഗുഡ് നൈറ്റ്, മൈ ഡിയർ” അവളുടെ കൈപ്പടത്തിൽ ചുംബിച്ചിട്ട് അദ്ദേഹം ഡ്രോയിങ്ങ് റൂമിലേക്ക് തിരികെ നടന്നു.

 

ഒരു വശത്തേക്ക് മാറി നിന്നിട്ട് മാക്സ് പ്രീം ഔപചാരികമായി വിളിച്ചു. “ഫ്രോലീൻ” ആ കണ്ണുകളിലെ പരിഹാസം അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പരിഹാസം മാത്രമല്ല, രോഷവും.

 

(തുടരും)

2 comments:

  1. "ഇവിടെയും താൻ ഒരു ശത്രുവിനെ സൃഷ്ടിച്ചിരിക്കുന്നു."

    അവനെ സൂക്ഷിക്കണം!

    ReplyDelete
    Replies
    1. തീർച്ചയായും... അവൻ ആള് ശരിയല്ല...

      Delete