സ്വപ്നങ്ങളേതുമില്ലാത്ത
ഗാഢനിദ്രയിൽ നിന്നും അവൾ ഉണർന്നത് പെട്ടെന്നായിരുന്നു. എന്താണ് സംഭവിച്ചത് എന്നോർത്ത്
രണ്ട് നിമിഷം അങ്ങനെ തന്നെ അവൾ കിടന്നു. അപ്പോഴാണ് പുറത്ത് നിന്നും വെടിയൊച്ച കേട്ടത്.
ചാടിയെഴുന്നേറ്റ അവൾ ഗൗണെടുത്തണിഞ്ഞ് ബാൽക്കണിയിലേക്ക് ഓടി.
ആരോ ജർമ്മൻഭാഷയിൽ അലറിയതും
എറിഞ്ഞത് പോലെ എന്തോ ഒരു വസ്തു മുകളിലേക്ക് ഉയർന്നു. അടുത്ത നിമിഷം വെടിശബ്ദത്തോടൊപ്പം
അത് പല കഷണങ്ങളായി ചിതറിത്തെറിച്ചു. അവൾ താഴേക്ക് നോക്കി. കേണൽ മാക്സ് പ്രീം ഒരു ഷോട്ട്ഗണ്ണിൽ
തിര നിറയ്ക്കുന്നുണ്ടായിരുന്നു അവിടെ. ഒരു ഓർഡർലി അദ്ദേഹത്തിന് പിറകിൽ ഒരു പെട്ടിയുടെ
സമീപത്ത് ഇരിക്കുന്നുണ്ട്. കളിമണ്ണ് കൊണ്ട് നിർമ്മിച്ച ഡിസ്കുകൾ ആയിരുന്നു അതിനുള്ളിൽ.
പ്രീം അലറിയതും ഓർഡർലി സ്പ്രിങ്ങ് റിലീസ് ചെയ്തു. മറ്റൊരു ഡിസ്ക്
കൂടി കറങ്ങിക്കൊണ്ട് ആകാശത്തേക്കുയർന്നു. പ്രീം തന്റെ കൈയിലെ തോക്ക് അതിന് നേർക്ക്
ഉന്നം പിടിച്ചു. ശേഷം കാഞ്ചി വലിച്ചു. കണ്ണിന് മുകളിൽ കൈപ്പത്തി പിടിച്ച് തെളിഞ്ഞ ആകാശത്തിലേക്ക്
നോക്കിക്കൊണ്ടിരുന്ന ജെനവീവ് കണ്ടത് ആ ഡിസ്ക് വെടിയേറ്റ് ചിതറിത്തെറിക്കുന്നതാണ്.
“ഗുഡ് മോണിങ്ങ്…” അവൾ വിളിച്ചു പറഞ്ഞു.
തോക്കിൽ വീണ്ടും തിര നിറയ്ക്കുകയായിരുന്ന
മാക്സ് പ്രീം അത് നിർത്തിയിട്ട് ബാൽക്കണിയിലേക്ക് നോക്കി. “ഞാൻ കാരണം ഉറക്കത്തിന് ഭംഗം
വന്നുവോ…?”
“എന്ന് പറയാം…”
അദ്ദേഹം തന്റെ തോക്ക്
ഓർഡർലിയുടെ കൈയിൽ കൊടുത്തു. “പത്ത് മിനിറ്റിനുള്ളിൽ ഡൈനിങ്ങ് റൂമിൽ ബ്രേക്ക്ഫാസ്റ്റ്
റെഡിയാവും… വരുന്നണ്ടോ…?”
“ഇല്ല… ഇന്ന് എന്റെ റൂമിൽ തന്നെ ഇരുന്ന് കഴിച്ചാലോ എന്നാലോചിക്കുകയാണ്…”
“നിങ്ങളുടെ ഇഷ്ടം പോലെ…” അദ്ദേഹം പുഞ്ചിരിച്ചു. വല്ലാത്തൊരു വിമ്മിട്ടത്തോടെ അവൾ തിരിഞ്ഞ്
മുറിയ്ക്കുള്ളിലേക്ക് കയറിപ്പോയി.
***
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട്
ഇരിക്കുമ്പോഴാണ് ഷോണ്ടെല ജെനവീവിനെ തേടിയെത്തിയത്. ഹോർടെൻസ് പ്രഭ്വി പറഞ്ഞു വിട്ടതായിരുന്നു
അവരെ. അവൾ ചെല്ലുമ്പോൾ ആന്റി കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
“ഞാൻ പ്രഭാത കുർബാനയ്ക്ക്
പോകുന്നുണ്ട്… എന്നോടൊപ്പം നീയും വരണം…” അവർ പറഞ്ഞു.
“പക്ഷേ, ഞാൻ ഭക്ഷണം കഴിച്ചു
പോയല്ലോ…”
“ഇത്രയ്ക്കും വിവേകമില്ലാത്തവളായിപ്പോയല്ലോ
നീ… എന്തായാലും വേണ്ടില്ല, നീ വരുന്നു… അത് ഒഴിവാക്കാൻ പറ്റില്ല…”
“എന്തിന്, അനശ്വരമായ എന്റെ
ആത്മാവിന്റെ മോക്ഷത്തിന് വേണ്ടിയോ…?
“അല്ല… ആ തെറിച്ച പെണ്ണ് മരീസയ്ക്ക് നിന്റെ റൂം പരിശോധിക്കാനുള്ള ഒരു അവസരം
കൊടുക്കുവാൻ വേണ്ടി… കഴിഞ്ഞ രാത്രിയിൽ റൈലിംഗെർ അതിനുള്ള നിർദ്ദേശം
അവൾക്ക് നൽകുന്നത് യാദൃച്ഛികമായി ഷോണ്ടെല്ല കേൾക്കാനിടയായി…”
“അയാൾക്ക് എന്റെ മേൽ സംശയമുണ്ടെന്നാണോ…?” ജെനവീവ് ചോദിച്ചു.
“അയാളെന്തിന് സംശയിക്കണം…? നീ ഇവിടെ ഒരു ശത്രുവിനെ സൃഷ്ടിച്ചിരിക്കുന്നു… അത്ര മാത്രം… ഒരു പക്ഷേ, നിന്നെ വീണ്ടും കീഴ്പ്പെടുത്താനുള്ള
ഒരു ശ്രമമായിരിക്കാം… നിന്റെ മുറിയിൽ നിന്നും RAF ന്റെ ലീഫ്‌ലെറ്റോ മറ്റോ
കണ്ടെടുക്കാൻ സാധിച്ചാൽ ജർമ്മൻ സാമ്രാജ്യത്തിന്റെ ശത്രു എന്ന് മുദ്രകുത്തി നടപടിയെടുക്കാമല്ലോ… അയാളുടെ ആ പദ്ധതി അയാൾക്ക് തന്നെ തിരിച്ചടിയാകുന്ന മട്ടിൽ ഒരു പണി
നമുക്ക് കൊടുക്കണം…”
“ശരി, ഞാനെന്താണ് ചെയ്യേണ്ടത്…?”
“കുർബാന കഴിഞ്ഞ് തിരിച്ചെത്തിയതും
റൂമിൽ വച്ചിരുന്ന നിന്റെ ഇയർ റിങ്ങ്സ് കാണാനില്ല എന്ന് തിരിച്ചറിയുന്നു… യഥാർത്ഥത്തിൽ അത് അവിടെ ഉണ്ടാകുകയുമില്ല… കാരണം, ഷോണ്ടെല അതെടുത്തു കൊണ്ടുപോയി മരീസയുടെ മുറിയിൽ എളുപ്പം കണ്ടെത്താവുന്ന
ഒരിടത്ത് ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും… ബഹളം വച്ച് നീ നേരെ കേണൽ മാക്സ് പ്രീമിന്റെയടുത്ത്
ചെല്ലുന്നു… അദ്ദേഹമാണല്ലോ ഇവിടുത്തെ സെക്യൂരിറ്റി ഇൻ ചാർജ്…”
“എന്നിട്ട്…?”
“സൂക്ഷ്മബുദ്ധിയാണല്ലോ
അദ്ദേഹത്തിന്… മരീസയുടെ റൂമിൽ നിന്നും അധികം ബുദ്ധിമുട്ടാതെ തന്നെ
അത് കണ്ടെടുക്കും അദ്ദേഹം… താൻ നിരപരാധിയാണെന്ന് പറഞ്ഞ് അവൾ പ്രതിഷേധിക്കും… പക്ഷേ, തെളിവുകൾ അവൾക്കെതിരാണല്ലോ… രക്ഷയില്ല
എന്ന് കാണുമ്പോൾ അവൾ കരയാൻ തുടങ്ങും…….”
“എന്നിട്ട് പറയും, റൈലിംഗെറിന്റെ
നിർദ്ദേശം പ്രകാരമാണ് താൻ റൂം പരിശോധിക്കാൻ പോയതെന്ന്…..?”
“അതെ…”
“അങ്ങനെ മുള്ളിനെ മുള്ളു
കൊണ്ട് തന്നെ നാം എടുക്കുന്നു… ആന്റി മിടുക്കിയാണല്ലോ…”
“പിന്നെ, നീയെന്താ വിചാരിച്ചത്…?”
“പക്ഷേ, അവൾ പറയുന്നത്
പ്രീം വിശ്വസിക്കുമോ…?” ജെനവീവ് ചോദിച്ചു.
“അക്കാര്യത്തിൽ നമുക്ക്
അദ്ദേഹത്തെ വിശ്വസിക്കാമെന്നാണ് തോന്നുന്നത്… പുറമേ ബഹളമൊന്നും ഉണ്ടാക്കിയില്ലെങ്കിലും രഹസ്യമായി
റൈലിംഗെറെ അദ്ദേഹം കൈകാര്യം ചെയ്തോളും… അക്കാര്യത്തിൽ നിന്റെ ആ കേണൽ മിടുക്കനാണ്…”
“എന്റെ കേണലോ…? അതെന്താ അങ്ങനെ പറഞ്ഞത്…?”
“എന്റെ ജെന്നീ…” വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ആ വിളി അവൾ കേൾക്കുന്നത്. “എന്റെ മടിയിൽ
കയറി ഇരിക്കാൻ തുടങ്ങിയ പ്രായം മുതൽ നിന്നെ എനിക്കറിയാവുന്നതല്ലേ… അദ്ദേഹത്തിന്റെ സാമീപ്യം തന്നെ നിന്നിൽ എന്തൊക്കെയോ മാറ്റം വരുത്തുന്നത്
ഞാൻ അറിയുന്നില്ലെന്നാണോ നീ വിചാരിച്ചത്…?”
ജെനവീവ് ഒരു ദീർഘശ്വാസമെടുത്ത്
മനോനില വീണ്ടെടുത്തിട്ട് എഴുന്നേറ്റു.
“പ്രലോഭനങ്ങൾക്ക് വശപ്പെടാതിരിക്കാൻ
കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും… ആട്ടെ,
ഞാൻ ആരാണെന്ന കാര്യം ഷോണ്ടെലയോട് പറഞ്ഞുവോ…?”
“ഇല്ല… വിധ്വംസക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജർമ്മൻകാരുടെ നോട്ടപ്പുള്ളിയാണ്
ആൻ മേരി എന്ന് മാത്രം ഞാൻ പറഞ്ഞു… ഇനി അവർ നിന്നെ കാണുമ്പോൾ പുഞ്ചിരിക്കാൻ തുടങ്ങുകയും
കുറച്ചു കൂടി ഊഷ്മളമായി പെരുമാറുകയും ചെയ്യുമെന്ന് തോന്നുന്നു… ജർമ്മൻകാർ പിടിച്ചു കൊണ്ടുപോയ അവരുടെ സഹോദരൻ ജോർജ്ജ് പോളണ്ടിലെ ലേബർ
ക്യാമ്പിലാണ് ഇപ്പോഴുള്ളത്…”
“ഓൾറൈറ്റ്…” ജെനവീവ് പറഞ്ഞു. “ഇനി നമ്മൾ ഇന്നലെ പറഞ്ഞ കാര്യം എങ്ങനെ നടപ്പിലാക്കാമെന്നതിനെക്കുറിച്ച്
പറയൂ…”
“അതിനെല്ലാം വഴി കണ്ടിട്ടുണ്ട്… നമുക്കത് പിന്നീട് ചർച്ച ചെയ്യാം… ഇപ്പോൾ
നല്ല കുട്ടിയായി മരീസയുടെ അടുത്ത് ചെന്ന് റിനേയോട് കാർ കൊണ്ടുവരുവാൻ പറയൂ…”
ജെനവീവ് വീണ്ടും ആന്റിയുടെ
ആ പഴയ കൊച്ചു കുട്ടി ആവുകയായിരുന്നു. അനുസരണയോടെ മരീസയുടെ അടുത്ത് ചെന്ന് അവൾ ആന്റിയുടെ
ആവശ്യം അറിയിച്ചു.
(തുടരും)