ഒരു ഏറ്റുമുട്ടലിന് തയ്യാറെന്ന
മട്ടിൽ റൈലിംഗെർ അദ്ദേഹത്തെ നോക്കി നിന്നു. ഇടുപ്പിൽ കൈകൾ കുത്തി തികച്ചും രൂക്ഷഭാവത്തിൽ
അയാളെ നോക്കി പ്രീം ചോദിച്ചു. “പത്ത് മണി മുതൽ ഡ്യൂട്ടിയിൽ അല്ലേ നിങ്ങൾ…?”
“അതെ…” പരുക്കൻ സ്വരത്തിൽ റൈലിംഗെർ പറഞ്ഞു.
“പിന്നെ ഇവിടെന്ത് കാര്യം…? അങ്ങോട്ട് ചെല്ലൂ…”
റൈലിംഗെർ ജെനവീവിനെ രൂക്ഷമായൊന്ന്
നോക്കി. അത് ശ്രദ്ധിച്ച പ്രീം ആജ്ഞാപിച്ചു. “ഇതൊരു ഓർഡറാണ്… അപേക്ഷയല്ല…”
SS സേനയുടെ അച്ചടക്കത്തിന്റെ
ഉരുക്കുമുഷ്ടിയാണ് പിന്നെയവിടെ കണ്ടത്. റൈലിംഗെർ കാലുകൾ അടുപ്പിച്ച് അമർത്തിച്ചവിട്ടി.
“ഉത്തരവ്, സ്റ്റാൻഡർടെൻഫ്യൂറർ…” ലക്ഷണമൊത്ത ഒരു നാസി സല്യൂട്ട് നൽകിയിട്ട് അയാൾ
മാർച്ച് ചെയ്ത് പുറത്തേക്ക് പോയി.
“നിങ്ങളുടെ പ്രകടനം അത്ര
മോശമൊന്നും ആയിരുന്നില്ല… സ്കൂളിൽ നിന്നും ലഭിച്ച പരിശീലനമായിരിക്കും…?” പ്രീം ചോദിച്ചു.
“അതെയതെ… ഞങ്ങളുടെ സിലബസിൽ എല്ലാ വിഷയങ്ങളുമുണ്ടായിരുന്നു…”
പുതിയൊരു ഗാനം പ്ലേ ചെയ്യാൻ
ആരംഭിച്ചു. ചെറിയൊരു ഞെട്ടലോടെയാണ് ആ ശബ്ദം അവൾ തിരിച്ചറിഞ്ഞത്. ജൂലിയുടെ ഇഷ്ടഗായകനായ
അൽബൗളിയുടേതായിരുന്നു ആ ഗാനം.
“നൃത്തപങ്കാളി ആരായിരിക്കണമെന്ന്
തീരുമാനിക്കുന്ന സ്വഭാവം എനിയ്ക്കുമുണ്ട്…” പ്രീം പറഞ്ഞു. “ഈ ഗാനത്തിന് നിങ്ങളോടൊപ്പം ചുവട്
വയ്ക്കട്ടെ…?”
ഫ്രഞ്ച് ജാലകത്തിലൂടെ
ഹാളിലേക്ക് കടന്ന അവർ വേദിയിലേക്ക് നീങ്ങി. നല്ലൊരു നർത്തകനായിരുന്നു അദ്ദേഹം. അവിടെങ്ങും
പ്രസന്നത നിറയുന്നത് പോലെ അവൾക്ക് തോന്നി. എങ്കിലും, ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട
ഒരു ചാരവനിതയാണ് താൻ. പിടിക്കപ്പെട്ടാൽ എന്തായിരിക്കും തന്റെ അവസ്ഥ…? ക്രെയ്ഗ് ഓസ്ബോൺ പീഡനങ്ങൾ അനുഭവിച്ച പാരീസിലെ ആ ഗെസ്റ്റപ്പോ തടവറകളിലായിരിക്കുമോ
താനും എത്തിച്ചേരുക…? പ്രസന്നമായ മുഖത്തോടെ അതിന്റെ വരുംവരായ്കകളെക്കുറിച്ച്
വിശകലനം ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല.
“നിങ്ങൾ ഇവിടെയൊന്നുമല്ലെന്ന്
തോന്നുന്നല്ലോ… എന്താണ് ഇത്ര ചിന്തിച്ചുകൊണ്ടിരിക്കുന്നത്…?” പതിഞ്ഞ സ്വരത്തിൽ അദ്ദേഹം ചോദിച്ചു.
“പ്രത്യേകിച്ചൊന്നുമില്ല…”
ആഹ്ലാദത്തിന്റെ അലകളായിരുന്നു
അവിടെങ്ങും. ധൂമപടലങ്ങൾക്കിടയിലൂടെ ഫ്ലാഷ് ലൈറ്റുകൾ നൃത്തം വച്ചു. അൽബൗളിയുടെ മനം മയക്കുന്ന
ഗാനത്തിന്റെ അലകൾ അവിടെങ്ങും പ്രതിധ്വനിച്ചു. Little Lady Make-Believe എന്ന ഗാനമായിരുന്നു
അത്.
ജർമ്മൻ വിമാനങ്ങൾ ലണ്ടന്
മേൽ ബോംബുകൾ വർഷിക്കുന്ന സമയത്തായിരുന്നു ഈ ഗാനം ഇതിന് മുമ്പ് താൻ കേട്ടത്. അന്ന് താനൊരു
പ്രൊബേഷണർ നേഴ്സ് ആയിരുന്നു. വിശ്രമമില്ലാത്ത ജോലിയ്ക്കിടയിൽ കിട്ടുന്നത് ഏതാനും മണിക്കൂർ
നേരത്തെ ഇടവേളകൾ മാത്രം. അക്കാലത്താണ് ഈഗിൾ സ്ക്വാഡ്രണിലെ ഒരു അമേരിക്കൻ പൈലറ്റിനൊപ്പം
താൻ ക്ലബ്ബുകളിൽ പോകാൻ ആരംഭിക്കുന്നത്. ലണ്ടന് മേൽ പതിച്ച ഒരു നാസി ബോംബിനാൽ അൽബൗളി
കൊല്ലപ്പെടുന്നത് ആ സമയത്താണ്. തനിയ്ക്ക് ഭയം തോന്നുന്നു എന്ന് പറഞ്ഞപ്പോൾ ആ അമേരിക്കൻ
യുവാവ് ചിരിക്കുകയാണ് ചെയ്തത്. എങ്കിലും താൻ അയാളെ പ്രണയിക്കുവാൻ ശ്രമിച്ചു. കാരണം
പ്രണയമില്ലാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല അവൾക്ക് ചുറ്റും. പക്ഷേ, ഒരിക്കൽ അയാൾ
സഹശയനത്തിനായി ക്ഷണിച്ചതോടെ താനെന്ന പതിനെട്ടുകാരിയുടെ പ്രണയസ്വപ്നങ്ങൾ ചിന്നിച്ചിതറി
അവസാനിക്കുകയായിരുന്നു.
“ഗാനം തീർന്നത് അറിഞ്ഞില്ലെന്ന്
തോന്നുന്നു…?” പ്രീം ചോദിച്ചു.
“എത്രമാത്രം ക്ഷീണിതയാണ്
ഞാനെന്ന് അതിൽ നിന്നും മനസ്സിലായില്ലേ…? നന്നായിട്ടൊന്ന് ഉറങ്ങണമെന്നുണ്ട്… അവിസ്മരണീയമായ ഒരു സായാഹ്നം സമ്മാനിച്ചതിന് നന്ദി… എനിക്ക് വേണ്ടി ജനറൽ സീംകായോട് ശുഭരാത്രി പറഞ്ഞേക്കൂ…”
അപ്പോഴാണ് ഏതോ സന്ദേശവുമായി
ഒരു ഓർഡർലി അവിടെയെത്തിയത്. ആ കടലാസ് വാങ്ങി അദ്ദേഹം വായിച്ചു നോക്കവെ എന്തായിരിക്കാം
അതിൽ എന്ന ആകാംക്ഷയിൽ അവൾ അവിടെത്തന്നെ നിന്നു. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു
ഭാവഭേദവും കാണാനായില്ല.
ആ കടലാസ് പോക്കറ്റിൽ നിക്ഷേപിച്ചിട്ട്
അദ്ദേഹം പറഞ്ഞു. “ശരി, ശുഭരാത്രി…”
“ശുഭരാത്രി, കേണൽ…”
ശുഭരാത്രി നേർന്ന് യാത്ര
പറഞ്ഞുവെങ്കിലും ആ കടലാസിലെ ഉള്ളടക്കം എന്തായിരിക്കും എന്ന ആകാംക്ഷ അവളുടെ മനസ്സിനെ
മഥിക്കുന്നുണ്ടായിരുന്നു. തീർച്ചയായും താൻ അത് അറിയേണ്ടത് തന്നെയാണെന്നൊരു തോന്നൽ.
റോമൽ നാളെ വരുന്നില്ല എന്നായിരിക്കുമോ…? ഒരു പക്ഷേ, എല്ലാ പരിപാടികളും ക്യാൻസൽ ആയിട്ടുണ്ടെങ്കിൽ…? എങ്കിൽ ഇതിൽപ്പരം സന്തോഷം വേറെന്തുണ്ട്…? താൻ ഈ കൊട്ടാരത്തിൽത്തന്നെ തുടരും… ജർമ്മനിയുടെ
മേൽ വിജയം കൈവരിയ്ക്കുന്നതു വരെ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ല. യുദ്ധം
തീരുന്നതോടെ തനിയ്ക്ക് പിതാവിന്റെ അടുത്തേയ്ക്ക് മടങ്ങാനാവും. അങ്ങനെയൊരാൾ ജീവിച്ചിരിയ്ക്കുന്നു
എന്ന ചിന്ത പോലും മനസ്സിൽ വന്നിട്ട് നാളേറെയായിരിക്കുന്നു എന്ന് വേദനയോടെ അവൾ ഓർത്തു.
അവൾ സ്റ്റെയർകെയ്സ് കയറി
ഇടനാഴിയിലൂടെ തന്റെ റൂമിലേക്ക് നടന്നു. മുറിയിൽ എത്തിയതും ഇതാദ്യമായി ആൻ മേരിയുടെ അദൃശ്യ
സാന്നിദ്ധ്യം അവിടെങ്ങും നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി. പെട്ടെന്ന് തന്നെ അവൾ ബാൽക്കണിയിലേക്ക്
ഇറങ്ങി. ഒരു കുളിർകാറ്റ് പോലും ഇല്ലാത്ത, തണുത്ത് നിശ്ചലമായ അന്തരീക്ഷം.
നിഴലുകളുടെ മറ പറ്റി അവിടെ
കിടന്നിരുന്ന ആ ആട്ടുകസേരയിൽ അവൾ ഇരുന്നു. ആൻ മേരിയ്ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ചായിരുന്നു
അപ്പോൾ അവളുടെ ചിന്ത മുഴുവനും. Waffen-SS ൽ ഉള്ള സൈനികരായിരുന്നു അവളെ പീഡിപ്പിച്ചവർ.
മാക്സ് പ്രീമിനെപ്പോലുള്ളവർ. പക്ഷേ, അങ്ങനെ സാമാന്യവത്കരിക്കുന്നത് അസംബന്ധമാണ്. അവരിൽ
നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് അദ്ദേഹം.
താഴെ ഗാർഡനിൽ ആരുടെയോ
പതിഞ്ഞ പാദപതനം കേട്ട് അവൾ താഴോട്ട് നോക്കി. താഴത്തെ റൂമിൽ നിന്നും പ്രവഹിക്കുന്ന വെളിച്ചത്തിന്റെ
നിഴലിൽ നിൽക്കുന്ന ഒരു രൂപത്തെയാണ് അവൾ കണ്ടത്. അനങ്ങാതെ നിൽക്കുന്ന ആ രൂപത്തെ കണ്ടതും
അവൾ കസേരയിലെ ആട്ടം നിർത്തി. ശ്വാസമെടുക്കുന്നത് പോലും നിലച്ചത് പോലെ.
നിഴലുകളുടെ സുരക്ഷിതത്വത്തിൽ
എത്ര നേരം അയാളെ നോക്കിക്കൊണ്ടിരുന്നുവെന്ന് അവൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. ആ രൂപം
അനങ്ങുന്നതേയില്ല. അവർക്കിടയിൽ ഒരു പൊരുത്തം രൂപപ്പെട്ടതു പോലെ. എന്നാൽ മറ്റൊരാൾ തന്നെ
നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യം അയാൾ അറിയുന്നതേയുണ്ടായിരുന്നില്ല. ഒടുവിൽ ആ രൂപം
ഒന്ന് തിരിഞ്ഞതും മുകളിലെ ജാലകത്തിൽ നിന്നും പുറത്ത് വന്ന വെട്ടം അയാളുടെ മുഖത്ത് പതിച്ചു.
അയാൾ ബാൽക്കണിയിലേക്ക് തലയുയർത്തി നോക്കി.
“ഹലോ, എന്തു പറ്റി…?” നിഴലുകൾക്കിടയിൽ നിന്നും അവൾ വിളിച്ചു ചോദിച്ചു.
മറുപടിയ്ക്കായി ഏതാനും
നിമിഷങ്ങൾ അവൾ കാത്തുനിന്നു. “നിങ്ങൾക്ക് തണുപ്പൊന്നും തോന്നുന്നില്ലേ…?” അദ്ദേഹം അവളോട് ചോദിച്ചു.
നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്
കോമ്പൗണ്ട് വാളിനടുത്തെവിടെയോ ഒരു കാവൽനായ ഓരിയിട്ടു. തൊട്ടുപിന്നാലെ ബാക്കിയുള്ള നായ്ക്കളും
അതിനൊപ്പം ചേർന്നു. ജാഗരൂകനായ പ്രീം അരമതിലിൽ പിടിച്ച് മുന്നോട്ടാഞ്ഞ് ആ ഭാഗത്തേക്ക്
ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരിയിട്ടിരുന്ന നായ്ക്കൾ ഇപ്പോൾ കുരച്ചുകൊണ്ടിരിക്കുകയാണ്.
താഴെ ഗാർഡനിൽ ആരുടെയൊക്കെയോ ഒച്ചയും ബഹളവും കേൾക്കാനാവുന്നുണ്ട്. ഒപ്പം ആരുടെയോ കൈയിലെ
ടോർച്ചിന്റെ വെട്ടവും മിന്നിമറയുന്നു.
അവിടെയുണ്ടായിരുന്ന സെർച്ച്ലൈറ്റ്
ഓൺ ചെയ്യപ്പെട്ടു. അതിന്റെ വെട്ടം ആ ഗാർഡനിൽ എമ്പാടും ഒരു നാഗത്തെപ്പോലെ പുളഞ്ഞു നീങ്ങി.
അഞ്ചോ ആറോ അൽസേഷ്യൻ നായ്ക്കൾ ഒരു മനുഷ്യന്റെ പിന്നാലെ കുതിക്കുന്ന കാഴ്ച്ചയാണ് അതിന്റെ
വെട്ടത്തിൽ അവൾ കണ്ടത്. ഫൗണ്ടന് സമീപത്ത് വച്ച് അവ അയാളുടെ അരികിലെത്തി. നിലത്ത് വീണുപോയ
അയാളുടെ മേൽ ആ നായ്ക്കൾ ചാടി വീണു. അടുത്ത നിമിഷം ഓടിയെത്തിയ പാറാവുകാർ അയാളുടെ ദേഹത്തു
നിന്നും ആ നായ്ക്കളെ പിടിച്ചു മാറ്റി.
നിലത്തു നിന്നും അവർ പിടിച്ചെഴുന്നേൽപ്പിച്ച
ആ മനുഷ്യന്റെ കോലം കണ്ട് ജെനവീവ് ഭയന്നു വിറച്ചുപോയി. അയാളുടെ ദേഹമാസകലം രക്തം പുരണ്ടിരുന്നു.
പ്രീം ജർമ്മൻ ഭാഷയിൽ ഉച്ചത്തിൽ എന്തോ വിളിച്ചു ചോദിച്ചതും ചെറുപ്പക്കാരനായ ഒരു സെർജന്റ്
തിരിഞ്ഞ് അദ്ദേഹത്തിനരികിലേക്ക് ഓടി വന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും
ആ ഫൗണ്ടനരികിലേക്ക് ഓടിപ്പോയി. മുരണ്ടുകൊണ്ടിരുന്ന നായ്ക്കളെയും ആ മനുഷ്യനെയും അവർ
ദൂരേയ്ക്ക് കൊണ്ടുപോയി.
“കാട്ടുകോഴിയെ വേട്ടയാടാനിറങ്ങിയ
ഒരു പാവം മനുഷ്യൻ…” സൗമ്യസ്വരത്തിൽ പ്രീം അവളോട് പറഞ്ഞു. “പക്ഷേ,
അതിന് അയാൾ തെരഞ്ഞെടുത്ത സ്ഥലം തെറ്റിപ്പോയി…”
വല്ലാത്ത വെറുപ്പാണ് ആ
നിമിഷം അവൾക്ക് പ്രീമിനോട് തോന്നിയത്. അദ്ദേഹത്തെപ്പോലുള്ളവർ ഭാഗഭാക്കായ യുദ്ധത്തിന്റെ ക്രൂരത… സാധാരണക്കാരുടെ ജീവിതം എത്ര ദുസ്സഹമായിരിക്കുന്നു ഈ യുദ്ധം മൂലം…! പക്ഷേ, ഒന്നോർത്താൽ താൻ ഇത്രയും സഹാനുഭൂതിയുള്ളവൾ ആകരുത്… വോൺകോർട്ട് കുടുംബാംഗമാണ് താൻ… കാട്ടുകോഴിയെ
വേട്ടയാടുന്നവന്റെ കൈ വെട്ടാൻ അധികാരമുണ്ടായിരുന്ന പ്രഭുകുടുംബത്തിലെ അംഗം…
അവൾ ഒരു ദീർഘശ്വാസമെടുത്തു.
“നല്ല ക്ഷീണം തോന്നുന്നു… ഞാൻ കിടക്കാൻ പോകുകയാണ്… ശുഭരാത്രി, കേണൽ പ്രീം…”
അവൾ നിഴലുകൾക്ക് പിന്നിലേക്ക്
വലിഞ്ഞു. അവൾ നിന്നിരുന്ന ബാൽക്കണിയിലേക്ക് നോക്കി കൊണ്ട് നിന്ന അദ്ദേഹത്തിന്റെ മുഖത്ത്
ജാലകത്തിൽ നിന്നുള്ള വെളിച്ചം പതിക്കുന്നുണ്ടായിരുന്നു. കുറേയേറെ നേരം അവിടെത്തന്നെ
നിന്നിട്ട് അദ്ദേഹം തിരിഞ്ഞു നടന്നു.
(തുടരും)
No comments:
Post a Comment