Saturday, August 16, 2025

കോൾഡ് ഹാർബർ - 52

ലണ്ടനിൽ ബ്രിഗേഡിയർ ഡോഗൽ മൺറോയുടെ ഫ്ലാറ്റിന്റെ കവാടത്തിന് മുന്നിലെത്തിയ ക്രെയ്ഗ് ഓസ്ബോൺ കോളിങ്ങ് ബെൽ അമർത്തി. ഗേറ്റ് തുറക്കപ്പെട്ടതും പടികൾ കയറി മുകളിലെത്തിയ അദ്ദേഹം കണ്ടത് തന്നെ സ്വീകരിക്കാൻ ലാന്റിങ്ങിൽ നിൽക്കുന്ന ജാക്ക് കാർട്ടറെയാണ്.

 

“ജാക്ക്, അദ്ദേഹം ഉണ്ടോ അവിടെ?”

 

“ഇല്ല എന്തോ അത്യാവശ്യത്തിനായി വാർ ഓഫീസിൽ നിന്നും കോൾ വന്നിരുന്നു അങ്ങോട്ട് പോയിരിക്കുകയാണ് എന്തായാലും നിങ്ങൾ വന്നത് നന്നായി നിങ്ങളെത്തേടി ആളെ അയക്കാനുള്ള പരിപാടിയിലായിരുന്നു ഞാൻ നിങ്ങളെ അവർക്ക് വീണ്ടും വേണമത്രെ

 

“ആർക്ക്, OSS നോ? എന്തിന്?”

 

“വെൽ, ഞാൻ മനസ്സിലാക്കിയിടത്തോളം ഡൈട്രിച്ച് ദൗത്യത്തിന് ശേഷം നിങ്ങളെ അവർക്ക് കാണാൻ കഴിഞ്ഞിട്ടില്ല മാത്രവുമല്ല, ജനറൽ ഐസൻഹോവറുമായുള്ള അടുപ്പം ഉപയോഗിച്ച് മൺറോ നിങ്ങളെ കൂടെ നിർത്തുവാനുള്ള ഉദ്ദേശ്യത്തിലാണെന്ന് അവർ കരുതുന്നു അതിൽ നീരസമുണ്ടവർക്ക് എങ്കിലും നിങ്ങൾ ആ ദൗത്യം കൈകാര്യം ചെയ്ത രീതിയിൽ അവർ സന്തുഷ്ടരാണ് അവരുടെ വക ഒരു മെഡലും കൂടി തയ്യാറാവുന്നുണ്ടെന്നാണ് തോന്നുന്നത്

 

“അതിന് എനിക്ക് ബ്രിട്ടീഷ് മെഡൽ ലഭിച്ചിരുന്നല്ലോ” ക്രെയ്ഗ് പറഞ്ഞു.

 

“ശരിയാണ് എന്തായാലും അവരെ പിണക്കേണ്ട തൽക്കാലം നല്ല കുട്ടിയായി കാഡഗൻ പ്ലേസിലേക്ക് ചെല്ലൂ ആട്ടെ, നിങ്ങൾ ഇപ്പോൾ ഇങ്ങോട്ട് വരാൻ കാരണം?”

 

“ഞാൻ ജെനവീവിന് ഒരു വാക്കു കൊടുത്തിരുന്നു, അവളുടെ സഹോദരിയുടെ കാര്യത്തിൽ എന്ത് സഹായത്തിനും ഞാനുണ്ടാവുമെന്ന് നേഴ്സിങ്ങ് ഹോമിൽ ചെന്ന് അവളെ കണ്ടിട്ട് പോകാമെന്ന് വിചാരിച്ചപ്പോൾ അവിടുത്തെ സെക്യൂരിറ്റി ഗാർഡുകൾ എനിക്ക് പ്രവേശനം നിഷേധിച്ചു

 

“ശരിയാണ് അവർക്ക് പല സുരക്ഷാ കാരണങ്ങളുമുണ്ടാവാം” കാർട്ടർ പുഞ്ചിരിച്ചു. “ഞാൻ ഡോക്ടർ ബാമിനെ വിളിച്ചു പറയാം, നിങ്ങൾ അങ്ങോട്ടു വരുന്നുണ്ടെന്ന്

 

                                                        ***

 

ചാരപ്രവർത്തനം വിഷയമായുള്ള ഒരു സിനിമ ഒരിക്കൽ കണ്ടത് ജെനവീവിന് ഓർമ്മ വന്നു. തന്റെ അസാന്നിദ്ധ്യത്തിൽ റൂമിൽ ആരെങ്കിലും കയറി തിരച്ചിൽ നടത്തിയോ എന്ന് അറിയുന്നതിന് വേണ്ടി നായകൻ ഒരു മുടിനാര് വാതിലിന് കുറുകെ വലിച്ചുകെട്ടി വയ്ക്കുന്ന സീൻ. അതേ വിദ്യ തന്നെയാണ് തന്റെ ഡ്രെസ്സിങ്ങ് ടേബിളിന്റെ രണ്ട് വലിപ്പുകളിലും ജെനവീവ് പ്രയോഗിച്ചത്. ദേവാലയത്തിൽ നിന്നും തിരികെയെത്തിയ ഉടൻ അവൾ ആദ്യം പരിശോധിച്ചത് അതായിരുന്നു. രണ്ട് ഡ്രോയറുകളും ആരോ തുറന്ന് നോക്കിയിട്ടുണ്ട്.

 

മദ്ധ്യാഹ്നഭക്ഷണം കഴിയുന്നത് വരെ പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെന്ന് പറഞ്ഞിരുന്നതിനാൽ മരീസ അവിടെയുണ്ടായിരുന്നില്ല. കുറച്ചുനേരം സമയം കളയാനായി ഒരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്ത ശേഷം ജെനവീവ് പ്രീമിനെ തേടി ഇറങ്ങി. ലൈബ്രറിയിലെ തന്റെ ഓഫീസിൽ എന്തൊക്കെയോ പേപ്പറുകളും നോക്കിക്കൊണ്ട് അദ്ദേഹവും റൈലിംഗെറും ഉണ്ടായിരുന്നു.

 

അവർ ഇരുവരും തലയുയർത്തി നോക്കി. “ഇത് കുറച്ച് അധികമാണ് കേണൽ നിങ്ങളുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ ഞങ്ങളുടെ റൂമുകളിൽ കയറി പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ല ഇപ്പോഴിതാ എന്റെ ഡയമണ്ട് ഇയർ റിങ്ങുകൾ കാണാതായിരിക്കുന്നു രത്നം പതിച്ച ആ വെള്ളിക്കമ്മലുകൾ എനിക്ക് പാരമ്പര്യമായി ലഭിച്ചതായിരുന്നു അവ തിരികെ ലഭിച്ചാൽ വളരെ ഉപകാരമായിരിക്കും” ജെനവീവ് പറഞ്ഞു.

 

“നിങ്ങളുടെ റൂം സെർച്ച് ചെയ്യപ്പെട്ടുവെന്നോ?” ശാന്തസ്വരത്തിൽ പ്രീം ചോദിച്ചു. “തീർച്ചയാണോ നിങ്ങൾക്ക്?”

 

“നൂറു ശതമാനം ഉറപ്പ് ഞാൻ വച്ചിട്ട് പോയത് പോലെയായിരുന്നില്ല സാധനങ്ങളൊന്നും പിന്നെ, ഇയർ റിങ്ങ്സ് ആണെങ്കിൽ കാണാനുമില്ല

 

“ഒരു പക്ഷേ, നിങ്ങളുടെ പരിചാരിക മുറി വൃത്തിയാക്കിയപ്പോൾ എവിടെയെങ്കിലും മാറ്റി വച്ചു കാണും അവളോട് ചോദിച്ചുവോ നിങ്ങൾ?”

 

“അതിന് ഒരു സാദ്ധ്യതയുമില്ല” ജെനവീവ് പറഞ്ഞു. “ദേവാലയത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് ഞാൻ അവളോട് പറഞ്ഞിരുന്നു ഉച്ച വരെ അവധിയെടുത്തു കൊള്ളുവാൻ

 

മാക്സ് പ്രീം റൈലിംഗെറുടെ നേർക്ക് തിരിഞ്ഞു. “ഇതേക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും അറിവുണ്ടോ?”

 

റൈലിംഗെറുടെ മുഖം വിളറിയിരുന്നു. “ഇല്ല സ്റ്റാൻഡർടെൻഫ്യൂറർ

 

പ്രീം തല കുലുക്കി. “അല്ലെങ്കിലും എന്റെ അനുവാദമില്ലാതെ അത്തരം സെർച്ചുകൾ നടത്താനാവില്ല നിങ്ങൾക്ക്

 

റൈലിംഗെർ ഒന്നും ഉരിയാടിയില്ല.

 

“ഇനിയെന്താണ്?” ജെനവീവ് ചോദിച്ചു.

 

“ഇത് ഞാൻ കൈകാര്യം ചെയ്തോളാം” പ്രീം പറഞ്ഞു. “എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ അറിയിക്കാം

 

“നന്ദി, കേണൽ” അവൾ പുറത്തേക്ക് ഇറങ്ങി.

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് പ്രീം റൈലിംഗെറെ നോക്കി. “ഇനി പറയൂ

 

“സ്റ്റാൻഡർടെൻഫ്യൂറർ?” റൈലിംഗെറുടെ മുഖം വിയർപ്പ് കൊണ്ട് നനഞ്ഞു തുടങ്ങിയിരുന്നു.

 

“സത്യമെന്താണെന്നാണ് എനിക്ക് അറിയേണ്ടത് അഞ്ച് സെക്കൻഡ് സമയം തരും മുമ്പ് പലതവണ നിങ്ങൾക്ക് ഞാൻ താക്കീത് തന്നിട്ടുള്ളതാണ്

 

“സ്റ്റാൻഡർടെൻഫ്യൂറർ, ഒരു കാര്യം താങ്കൾ മനസ്സിലാക്കണം ഞാൻ എന്റെ ഡ്യൂട്ടിയാണ് ചെയ്തത് അവരുടെ കൈവശമുള്ള ആ വാൾട്ടർ അതെന്നെ സംശയാലുവാക്കി അതുപോലെ വേറെന്തെങ്കിലും അവരുടെ പക്കൽ ഉണ്ടെങ്കിലോ?”

 

“അതുകൊണ്ട് മദ്മോസെലയുടെ റൂം  സെർച്ച് ചെയ്യുവാൻ നിങ്ങൾ മരീസയോട് പറഞ്ഞു ആ പ്രവൃത്തിക്കിടെ ആ മണ്ടിപ്പെണ്ണ് അവരുടെ കമ്മലുകൾ മോഷ്ടിക്കുകയും ചെയ്തു എല്ലാം വ്യക്തം ഞാൻ പറഞ്ഞതിനോട് നിങ്ങൾ യോജിക്കുമെന്ന് എനിക്കുറപ്പുണ്ട്

 

“ഞാനിപ്പോൾ എന്ത് പറയാനാണ്, സ്റ്റാൻഡർടെൻഫ്യൂറർ…?

 

“ഒന്നും പറയണ്ട” പരുഷസ്വരത്തിൽ പ്രീം പറഞ്ഞു. “മരീസയെ കണ്ടുപിടിച്ച് എന്റെയടുത്തേക്ക് കൊണ്ടുവരൂ

 

                                                               ***

 

തന്റെ റൂമിൽ ബാൽക്കണിയിലേക്കുള്ള ജാലകത്തിനരികിൽ ഇരുന്ന് പുസ്തകം വായിക്കാൻ ശ്രമിക്കവെ ജെനവീവ് തികച്ചും അസ്വസ്ഥയായിരുന്നു. എന്നാൽ ഹോർടെൻസ് പറഞ്ഞത് അക്ഷരം‌പ്രതി ശരിയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞതും അവളുടെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പിന്നാലെ കേണൽ മാക്സ് പ്രീം മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു.

 

“ഒരു മിനിറ്റ് സമയമുണ്ടാവുമോ?” പ്രീം അവളുടെ അരികിലേക്ക് വന്നു. കൈയിലുണ്ടായിരുന്ന കമ്മലുകൾ അദ്ദേഹം അവളുടെ മടിയിലേക്ക് ഇട്ടു.

 

“ആരാണ് ഇതെടുത്തത്?” അവൾ ആരാഞ്ഞു.

 

“നിങ്ങളുടെ പരിചാരിക തന്നെ എന്റെ ഊഹം ശരിയായിരുന്നു

 

“നന്ദിയില്ലാത്ത പെണ്ണ് ഉറപ്പാണോ നിങ്ങൾക്ക്?”

 

“അതെ” അദ്ദേഹം പറഞ്ഞു.

 

അദ്ദേഹത്തിനും റൈലിംഗെറിനുമിടയിൽ എന്തൊക്കെ നടന്നിരിക്കാം എന്ന് അവൾ ആലോചിച്ചു.

 

“ശരി, ഇതോടെ അവളുടെ ഇവിടുത്തെ ജോലി അവസാനിച്ചിരിക്കുന്നു ഇനി അവൾ മുമ്പ് ചെയ്തിരുന്ന കൃഷിപ്പണിയിലേക്ക് തന്നെ തിരികെ പോകട്ടെ

 

“മനസ്സിന്റെ ഒരു നിമിഷനേരത്തെ ചാഞ്ചാട്ടം എന്നേ ഞാൻ പറയൂ അവളുടെ റൂമിൽ നിന്ന് തന്നെയാണ് കമ്മൽ ഞാൻ കണ്ടെത്തിയത് എങ്കിലും താനല്ല അതെടുത്തതെന്ന് അവൾ പറയുന്നുണ്ടായിരുന്നു എന്തായാലും അത് കൊട്ടാരത്തിന് വെളിയിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയൊന്നും അവൾക്ക് ഉണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയില്ല

 

“ഇത്തവണ അവളോട് ക്ഷമിക്കണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?”

 

“എങ്കിൽ വലിയൊരു സൽക്കർമ്മം ആയിരിക്കുമത് ഈ യുദ്ധകാലത്ത് നിത്യജീവിതം അത്രയൊന്നും എളുപ്പമായിരിക്കില്ല അവളെപ്പോലുള്ളവർക്ക്” പ്രീം ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. “ഇവിടെ നിന്നുള്ള കാഴ്ച്ച എത്ര മനോഹരമാണ് ഇതിന് മുമ്പ് ഞാനത് മനസ്സിലാക്കിയിരുന്നില്ല

 

“അതെ” ജെനവീവ് പറഞ്ഞു.

 

അദ്ദേഹം പുഞ്ചിരിച്ചു. “നാളെ ഫീൽഡ് മാർഷൽ എത്തുകയാണല്ലോ കുറേയേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഞാൻ പൊയ്ക്കോട്ടേ?”

 

“തീർച്ചയായും

 

അദ്ദേഹം പുറത്തിറങ്ങിയതും വാതിൽ അടഞ്ഞു. അല്പനേരം കഴിഞ്ഞതും വാതിൽ തുറന്ന് പുറത്തിറങ്ങിയ അവൾ ആന്റിയുടെ റൂമിന് നേർക്ക് നടന്നു.

 

(തുടരും)

1 comment:

  1. “ഇവിടെ നിന്നുള്ള കാഴ്ച്ച എത്ര മനോഹരമാണ്… ഇതിന് മുമ്പ് ഞാനത് മനസ്സിലാക്കിയിരുന്നില്ല…”

    പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ, ഹൃദയം പ്രേമസുരഭിലമാകുമ്പോൾ, ഏത് കാഴ്ചയും മനോഹരം!!

    (ആ മുടിനാര് വിദ്യ കലക്കി 👍🏻)

    ReplyDelete