Friday, August 22, 2025

കോൾഡ് ഹാർബർ - 53

“മരീസയ്ക്ക് ഒരു ജർമ്മൻ സൈനികനുമായി അടുപ്പമുണ്ടെന്നാണ് ഷോണ്ടെല പറയുന്നത്” ഹോർടെൻസ് പ്രഭ്വി തന്റെ പരിചാരികയെ നോക്കിയിട്ട് പറഞ്ഞു. “അവളോട് ഇങ്ങോട്ട് വരാൻ പറയൂ

 

“അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും?” ജെനവീവ് ചോദിച്ചു.

 

ഹോർടെൻസ് ചെറുതായൊന്ന് പുഞ്ചിരിച്ചു. “മരീസയുടെ ആ സൈനികന് ഇന്നും നാളെയും രാത്രിയിൽ ലൈബ്രറിയുടെ വെളിയിലുള്ള ടെറസിൽ അധികഡ്യൂട്ടിയുണ്ട് അതിൽ അവൾ ഒട്ടും സന്തുഷ്ടയല്ല നീയാണ് അതിന് കാരണമെന്നാണ് അവൾ കരുതുന്നത്

 

ജെനവീവ് തന്റെ ആന്റിയെ തുറിച്ചു നോക്കി. “എനിക്ക് മനസ്സിലാവുന്നില്ല

 

“നീ ഇവിടെ വന്നപ്പോൾ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനില്ലേ അവനാണ് കക്ഷി” ഹോർടെൻസ് പറഞ്ഞു. “അവൻ പേപ്പറുകൾ കാണിക്കാൻ പറഞ്ഞപ്പോൾ അത് ചെയ്യാതെ നീ അവനെ കളിയാക്കി തിരിച്ചറിയൽ രേഖ പരിശോധിക്കാതെ ഉള്ളിൽ പോകാൻ അനുവദിച്ചതിൽ റൈലിംഗെറും അവനും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അവൻ അയാളോട് മോശമായി പെരുമാറുകയും ചെയ്തുവത്രെ അതിനെത്തുടർന്നുള്ള ശിക്ഷാനടപടി എന്ന നിലയിലാണ് ഈ അധികഡ്യൂട്ടി എന്ന് കേൾക്കുന്നു അതുകൊണ്ടു തന്നെ മരീസയ്ക്ക് നിന്നോട് നീരസമുണ്ടെന്നാണ് ഷോണ്ടെല പറയുന്നത്

 

“അവളെ ഏതെങ്കിലും തരത്തിൽ നമുക്ക് ഉപയോഗിക്കാനാണോ ആന്റിയുടെ പദ്ധതി?”

 

“അതെ നിനക്ക് ലൈബ്രറിയിൽ കയറണമെങ്കിൽ അത് നൃത്തപരിപാടി നടക്കുന്ന സമയത്ത് മാത്രമേ സാധിക്കൂ എന്തെങ്കിലും കാരണം പറഞ്ഞ് ആ സമയത്ത് അവിടെ നിന്നും മാറുക ലൈബ്രറിയുടെ മൂന്നാമത്തെ ജാലകത്തിന്റെ കുറ്റി നിനക്കോർമ്മയുണ്ടല്ലോ മുപ്പത് വർഷമായിട്ടും ഇതുവരെ അത് ശരിയാക്കിയിട്ടില്ല ശക്തിയായി ഒന്ന് തള്ളിയാൽ ആ ജനാല തുറക്കാം ഉള്ളിൽ കയറി സേഫ് തുറന്ന് ആ പേപ്പറുകളുടെ ഫോട്ടോ എടുക്കാൻ എത്ര സമയം വേണ്ടി വരും നിനക്ക്? അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റ്?”

 

“പക്ഷേ, ടെറസിൽ ആ ഗാർഡ് ഉണ്ടാകില്ലേ?” ജെനവീവ് ചോദിച്ചു.

 

“അതെ മരീസയുടെ ഇഷ്ടക്കാരൻ എറിക്ക് എന്നാണെന്ന് തോന്നുന്നു അവന്റെ പേര് ഒരു അര മണിക്കൂർ നേരത്തേക്ക് അവനെ അവിടെ നിന്നും സമീപത്തെ കുറ്റിക്കാട്ടിലേക്ക് മാറ്റുന്ന കാര്യത്തിൽ നമുക്ക് മരീസയെ വിശ്വസിക്കാമെന്ന് തോന്നു മാത്രമല്ല, ആ സമയത്ത് എല്ലാവരും ആഘോഷത്തിന്റെ തിരക്കിലുമായിരിക്കുമല്ലോ

 

“മൈ ഗോഡ്!” ജെനവീവ് മന്ത്രിച്ചു. “നമ്മുടെ പാരമ്പര്യത്തിൽ ചതിയന്മാരും കൈക്കൂലിക്കാരും ഇല്ലായിരുന്നുവെന്ന് ഉറപ്പാണോ നിങ്ങൾക്ക്?”

 

                                                     ***

 

അല്പനേരം കഴിഞ്ഞപ്പോൾ ഷോണ്ടെലയോടൊപ്പം എത്തിയ മരീസയുടെ മുഖം കരഞ്ഞു വീങ്ങിയ നിലയിലായിരുന്നു. അപ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു.

 

“ദയവ് ചെയ്ത് ഞാൻ പറയുന്നത് വിശ്വസിക്കണം മോസെലാ” അവൾ യാചിച്ചു. “സത്യമായിട്ടും ഞാനല്ല നിങ്ങളുടെ കമ്മലുകൾ എടുത്തത്

 

“പക്ഷേ, റൈലിംഗെറുടെ നിർദ്ദേശ പ്രകാരം നീ എന്റെ റൂം മുഴുവൻ പരിശോധിച്ചു ശരിയല്ലേ?

 

അവിശ്വസനീയതയോടെ അവൾ വായ് തുറന്നു. അത് നിഷേധിക്കാൻ പോലും ആവാത്ത വിധം ഞെട്ടലിലായിരുന്നു അവൾ.

 

“എന്തൊരു വിഡ്ഢിയാണ് നീ കേണൽ പ്രീമിനെ പോലെ” ഹോർടെൻസ് പറഞ്ഞു. “അദ്ദേഹം നിന്നെക്കൊണ്ട് സത്യം പറയിച്ചു എന്നിട്ട് ഇതേക്കുറിച്ച് ആരോടും പറയരുതെന്ന് പറയുകയും ചെയ്തു ശരിയല്ലേ?”

 

“അതെ പ്രഭ്വീ” അവൾ അവരുടെ മുന്നിൽ മുട്ടുകുത്തി നിന്നു. “റൈലിംഗെർ ഒരു ക്രൂരനാണ് അയാൾ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ എന്നെ ലേബർ ക്യാമ്പിലേക്ക് അയയ്ക്കും എന്ന് ഭീഷണിപ്പെടുത്തി

 

“എഴുന്നേൽക്ക് പെണ്ണേ” അവൾ എഴുന്നേൽക്കവെ ഹോർടെൻസ് തുടർന്നു. “തിരികെ നിന്റെ കൃഷിയിടത്തിലേക്ക് പോകണമെന്നുണ്ടോ നിനക്ക്? എത്ര കഷ്ടപ്പെട്ടിട്ടാണ് നിന്റെ അമ്മ നിനക്ക് ഈ ജോലി ഏർപ്പാടാക്കി തന്നതെന്ന് അറിയാമല്ലോ

 

“വേണ്ട പ്രഭ്വീ ദയവ് ചെയ്ത് എന്നെ തിരിച്ചയക്കരുത് നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കാം

 

ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചിട്ട് ഹോർടെൻസ് ജെനവീവിനെ നോക്കി പുഞ്ചിരിച്ചു. “ഇപ്പോൾ എങ്ങനെയുണ്ട്?”

 

                                             ***

 

ക്രെയ്ഗ് ഓസ്ബോണിന്റെ അന്നത്തെ ദിനം മുഴുവനും OSS ഹെഡ്ക്വാർട്ടേഴ്സിൽത്തന്നെ ആയിരുന്നുവെന്ന് പറയാം. അവിടെ നിന്ന് പുറത്തിങ്ങി ഹാംപ്‌സ്റ്റഡിലെ നേഴ്സിങ്ങ് ഹോമിന് മുന്നിലെത്തുമ്പോൾ വൈകിട്ട് ഏഴ് മണിയായിരുന്നു. ഗേറ്റ് തുറക്കാൻ തുനിയാതെ പാറാവുകാരൻ അഴികൾക്കിടയിലൂടെ ചോദിച്ചു.

 

“എന്താണ് സർ വേണ്ടത്?”

 

“ഞാൻ മേജർ ഓസ്ബോൺ ഡോക്ടർ ബാം എനിക്ക് ഒരു അപ്പോയിൻമെന്റ് തന്നിട്ടുണ്ട്

 

“അദ്ദേഹം പുറത്തു പോയെന്നാണ് തോന്നുന്നത് സർ ഞാൻ നോക്കിയിട്ട് വരാം” അയാൾ തന്റെ ഓഫീസിനുള്ളിലേക്ക് കയറി ഒരു നിമിഷത്തിനകം തിരിച്ചെത്തി. “ഞാൻ പറഞ്ഞത് ശരിയായിരുന്നു സർ അദ്ദേഹം പുറത്ത് പോയിട്ട് ഒരു മണിക്കൂറായി ഞാൻ വരുന്നതിന് മുമ്പേ പോയതാണ്

 

“നാശം!” നിരാശയോടെ ക്രെയ്ഗ് തിരിഞ്ഞു.

 

“അത്രയ്ക്കും അത്യാവശ്യമാണോ സർ?” ഗാർഡ് ചോദിച്ചു.

 

“അതെ

 

“ഗ്രെനേഡിയറിലെ പ്രൈവറ്റ് റൂമിൽ ഉണ്ടാകും സർ അദ്ദേഹം ചാൾസ് സ്ട്രീറ്റിലെ ഒരു പബ്ബ് ആണത് ഇതേ റോഡിലൂടെത്തന്നെ പോയാൽ മതി കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല മിക്കാവാറും രാത്രികളിൽ അവിടെത്തന്നെയായിരിക്കും അദ്ദേഹം

 

“നന്ദി” ക്രെയ്ഗ് തിരിഞ്ഞ് തിടുക്കത്തിൽ നടന്നു.

 

                                          ***

 

ഫീൽഡ് മാർഷൽ ഇർവിൻ റോമലിന്റെ സന്ദർശനത്തിന് മുന്നോടിയായി ജർമ്മൻ ഓഫീസർമാർ കൊട്ടാരത്തിൽ വച്ച് ഒരു മീറ്റിങ്ങും പാർട്ടിയും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിൽ പങ്കെടുക്കുവാൻ താല്പര്യമില്ലെന്ന് ഹോർടെൻസ് പ്രഭ്വി അറിയിച്ചതിനാൽ ജെനവീവിന്റെ സാന്നിദ്ധ്യം തീർച്ചയായും ഉണ്ടാവണമെന്ന് ജനറൽ സീംകാ ആവശ്യപ്പെട്ടു.

 

“റോമലിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള സംഗീത പ്രകടനത്തിന്റെ റിഹേഴ്സലുണ്ടെനിയ്ക്ക് അതിനാൽ നിങ്ങളുടെ പാർട്ടിയിൽ പങ്കെടുക്കുവാൻ ബുദ്ധിമുട്ടുണ്ട്” അവൾ ജനറൽ സീംകായോട് പറഞ്ഞു.

 

മരീസയെ പറഞ്ഞയച്ചിട്ട്, വേഷമെല്ലാം മാറി താഴേക്കിറങ്ങുവാൻ തുടങ്ങവെയാണ് ആരോ വാതിലിൽ വളരെ മൃദുവായി മുട്ടുന്നത് കേട്ടത്. വാതിൽ തുറന്ന് നോക്കിയ അവൾ കണ്ടത് കൈയിൽ ഒരു ട്രേയുമായി നിൽക്കുന്ന റിനേ ദിസ്സാറിനെയാണ്.

 

“നിങ്ങൾ ആവശ്യപ്പെട്ട കോഫി, മോസെലാ” ഗൗരവഭാവത്തിൽ അയാൾ പറഞ്ഞു.

 

ഒരു നിമിഷം സംശയിച്ചു നിന്നുവെങ്കിലും പെട്ടെന്ന് തന്നെ അവൾ മനോനില വീണ്ടെടുത്തു. “നന്ദി, റിനേ” അവൾ പിറകോട്ട് മാറിക്കൊടുത്തു.

 

റിനേ ഉള്ളിൽ പ്രവേശിച്ചതും അവൾ വാതിൽ ചാരി. ട്രേ മേശപ്പുറത്ത് വച്ചിട്ട് റിനേ തിരിഞ്ഞു. “ഒരു കാര്യം പറയാനാണ്, മോസെലാ പ്രതിരോധസേനയുടെ പ്രധാനപ്പെട്ട ഒരു നേതാവിനെ ഉടൻ ചെന്ന് കാണുവാൻ എനിക്ക് സന്ദേശം ലഭിച്ചിരിക്കുന്നു

 

“എന്താണ് സംഭവം?”

 

“ഒരു പക്ഷേ, ലണ്ടനിൽ നിന്നും എന്തെങ്കിലും അടിയന്തര സന്ദേശം ആയിരിക്കാം

 

“ഈ സമയത്ത് കൊട്ടാരത്തിൽ നിന്നും പുറത്ത് പോകുന്നത് സംശയത്തിനിട വരുത്തില്ലേ?”

 

“എന്റെ കാര്യമോർത്ത് വിഷമിക്കണ്ട മോസെലാ ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു” അയാൾ പുഞ്ചിരിച്ചു. “ആട്ടെ, കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു?”

 

“ഇതുവരെ എല്ലാം പെർഫെക്റ്റ്

 

“നാളെ എപ്പോഴെങ്കിലും ഞാൻ ബന്ധപ്പെടാം ഇപ്പോൾ എനിക്ക് പോയേ തീരൂ, മോസെലാ ഗുഡ്നൈറ്റ്

 

വാതിൽ തുറന്ന് അയാൾ പുറത്തേക്ക് പോയി. ഇതാദ്യമായി ശരിയ്ക്കും ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത് പോലെ അവൾക്ക് തോന്നി. പക്ഷേ, അങ്ങനെയൊരു ചിന്ത പാടില്ല തന്നെ അയാൾ കൊണ്ടുവന്നു വച്ച കോഫിയുമായി അവൾ ജാലകത്തിനരികിൽ ചെന്ന് ഇരുന്നു.

 

(തുടരും)

2 comments:

  1. “നമ്മുടെ പാരമ്പര്യത്തിൽ ചതിയന്മാരും കൈക്കൂലിക്കാരും ഇല്ലായിരുന്നുവെന്ന് ഉറപ്പാണോ നിങ്ങൾക്ക്…?”

    വല്ലാത്തൊരു ചോദ്യമായിപ്പോയി 😄😄

    എന്നാലും ഈ സമയത്ത് റിനേ -യെ അവിടെ നിന്നും മാറ്റുന്നതിൽ എന്തോ ഒരു കുണുക്കേട്..

    ReplyDelete
    Replies
    1. അമ്മാതിരി നീക്കങ്ങളല്ലേ ഹോർടെൻസ് ആന്റി നടത്തുന്നത്... പിന്നെ റിനേയെ തേടിയെത്തിയ സന്ദേശം... സംതിങ്ങ് റിയലി ഫിഷി...

      Delete