Wednesday, September 24, 2025

കോൾഡ് ഹാർബർ - 56

അദ്ധ്യായം – 13

 

കല്ല് പാകിയ ആ തെരുവിന്റെ അറ്റത്തായിരുന്നു ഗ്രെനേഡിയർ പബ്ബ്. മാർബിൾ ടോപ്പ് മേശകൾ, കനലുകൾ എരിയുന്ന ചെറിയൊരു നെരിപ്പോട്, മഹാഗണി പലക കൊണ്ട് നിർമ്മിച്ച ബാർ ഷെൽഫ് ഒക്കെയുള്ള പതിവ് ശൈലിയിലുള്ള ഒരു ലണ്ടൻ പബ്ബ് തന്നെയായിരുന്നു ഉള്ളിലേക്ക് കയറിച്ചെന്ന ക്രെയ്ഗിന് കാണാനായത്. കൗണ്ടറിന് പിന്നിലുള്ള വലിയ കണ്ണാടിയുടെ മുന്നിൽ പലതരം മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നു. അത്ര തിരക്കൊന്നും ഉണ്ടായിരുന്നില്ല ആ ബാറിനുള്ളിൽ. ഏതാനും എയർ‌റെയ്ഡ് വാർഡന്മാർ നെരിപ്പോടിനരികിലിരുന്ന് ഡോമിനോസ് കളിക്കുന്നുണ്ട്. ഓവറോൾ ധരിച്ച നാല് തൊഴിലാളികൾ മറ്റൊരു മേശയ്ക്ക് ചുറ്റുമിരുന്ന് ബിയർ നുണയുന്നു. കൗണ്ടറിന് പിന്നിൽ ഇരുന്നിരുന്ന ഇറുകിയ സാറ്റിൻ ബ്ലൗസ് ധരിച്ച, സ്വർണ്ണ നിറമുള്ള മുടിയുള്ള ഒരു മദ്ധ്യവയസ്ക താൻ വായിച്ചുകൊണ്ടിരുന്ന മാഗസിനിൽ നിന്നും തലയുയർത്തി മാതൃഭാവം വഴിയുന്ന മുഖത്തോടെ അദ്ദേഹത്തെ നോക്കി.

 

“എന്താണ് വേണ്ടത് മകനേ?”

 

“സ്കോച്ചും വെള്ളവും” അദ്ദേഹം മറുപടി നൽകി.

 

“എനിക്കറിയില്ല, നിങ്ങൾ അമേരിക്കക്കാർ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നതെന്ന് ഇപ്പോൾ എല്ലാത്തിനും റേഷനാണെന്ന കാര്യം അറിയില്ലേ?” അവർ പുഞ്ചിരിച്ചു. “എന്നാലും നോക്കട്ടെ, നിങ്ങൾക്ക് വേണ്ടി രണ്ട് തുള്ളി കാണുമെന്ന് തോന്നുന്നു

 

“എന്റെ ഒരു സുഹൃത്തിനെ ഇവിടെ കാണാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ വന്നത് ഒരു ഡോക്ടർ ബാം” ക്രെയ്ഗ് പറഞ്ഞു.

 

“കുറച്ചപ്പുറത്തുള്ള നേഴ്സിങ്ങ് ഹോമിലെ ആ വിദേശി ഡോക്ടറല്ലേ? ഉയരം കുറഞ്ഞ.?”

 

“അതു തന്നെ

 

കൗണ്ടറിന് പിറകിൽ മറ്റുള്ളവർ കാണാതെ ഗ്ലാസിലേക്ക് സ്കോച്ച് പകരുകയായിരുന്നു അവർ. “ആ ഗ്ലാസ് ഡോറിന് അപ്പുറത്തുള്ള റൂമിൽ ഇരിക്കുന്നുണ്ട് അദ്ദേഹം മിക്കവാറും എല്ലാ രാത്രിയിലും ഇവിടെ വരാറുണ്ട് ഒറ്റയ്ക്ക് ഇരിക്കാനാണ് അദ്ദേഹത്തിനിഷ്ടം

 

“താങ്ക്സ്” പണം നൽകിയിട്ട് ക്രെയ്ഗ് തന്റെ ഗ്ലാസ് എടുത്തു.

 

“ഈയിടെയായിട്ട് മദ്യപാനം കുറേ കൂടുതലാണ് അദ്ദേഹത്തിന് അതത്ര നല്ലതല്ല എന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമോയെന്ന് നോക്കൂ മകനേ

 

“അപ്പോൾ നിങ്ങളുടെ ഒരു സ്ഥിരം കസ്റ്റമർ ആണോ അദ്ദേഹം?”

 

“എന്ന് പറയാം അദ്ദേഹം ആ ക്ലിനിക്ക് നടത്തിത്തുടങ്ങിയ അന്ന് മുതൽ അതായത് ഏതാണ്ട് മൂന്ന് വർഷത്തോളമായിട്ട്

 

ഇവരിൽ നിന്നും കുറേ വിവരങ്ങൾ ശേഖരിക്കാമെന്ന് തോന്നുന്നു. സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ചിട്ട് അദ്ദേഹം ഒരെണ്ണം അവർക്കും നീട്ടി. “പക്ഷേ, അന്നൊന്നും അദ്ദേഹം ഇതുപോലെ അനിയന്ത്രിതമായി മദ്യപിക്കില്ലായിരുന്നു അല്ലേ?”

 

“ഗുഡ് ഗോഡ്, ഇല്ലേയില്ല എന്നും രാത്രി വരും ആ മൂലയിലുള്ള സ്റ്റൂളിൽ ഇരുന്ന് ദി ടൈംസ് വായിക്കും ഏറിയാൽ ഒരു ഗ്ലാസ് കഴിക്കും, പിന്നെ തിരികെ പോകും

 

“പിന്നെ എന്താണ് സംഭവിച്ചത്, ഇങ്ങനെയാവാൻ?”

 

“വെൽ, അദ്ദേഹത്തിന്റെ മകൾ കൊല്ലപ്പെട്ട കാര്യം അറിയാമല്ലോ?”

 

“അതെ പക്ഷേ, അത് വളരെ മുമ്പല്ലേ? യുദ്ധം ആരംഭിക്കുന്നതിനും മുമ്പ്?”

 

“ഓ, അല്ല മകനേ നിങ്ങൾക്ക് തെറ്റി ഏതാണ്ട് ആറ് മാസം മുമ്പായിരുന്നു അത് എനിക്ക് നല്ല ഓർമ്മയുണ്ട് സമനില തെറ്റിയത് പോലെയായിരുന്നു അന്ന് അദ്ദേഹം ഉള്ളിലെ മുറിയിൽ പോയി മേശമേൽ തല ചായ്ച്ച് കിടന്നു കരയുകയായിരുന്നു അദ്ദേഹം മകൾ കൊല്ലപ്പെട്ടു എന്ന ദുരന്തവാർത്ത അറിഞ്ഞയുടൻ ഇങ്ങോട്ട് വരികയായിരുന്നു എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്

 

മനസ്സിൽ തോന്നിയ അത്ഭുതം പുറത്തു കാണിക്കാതിരിക്കുന്നതിൽ ക്രെയ്ഗ് വിജയിച്ചു. “ഓ, അപ്പോൾ എന്റെ ധാരണപ്പിശകായിരുന്നു സാരമില്ല ഞാൻ അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലട്ടെ” ക്രെയ്ഗ് തന്റെ ഗ്ലാസ് കാലിയാക്കി. “ഇത് ഒരു ഗ്ലാസും പിന്നെ ഡോക്ടർ ബാം കഴിക്കുന്നത് ഏതാണെന്ന് വച്ചാൽ അതും അങ്ങോട്ട് കൊണ്ടുവരണേ

 

വിക്ടോറിയൻ ശൈലിയിലുള്ള ഫ്രോസ്റ്റഡ് ഗ്ലാസ് ഡോർ തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കടന്നു. റെസ്റ്ററന്റുകളിലെ ഫാമിലി റൂം പോലെയുള്ള സജ്ജീകരണമായിരുന്നു അതിനുള്ളിൽ. പുറമെയുള്ള ബാർ കൗണ്ടറിന്റെ ഒരു എക്സ്റ്റൻഷൻ അങ്ങോട്ടും ഉണ്ടായിരുന്നു. മറ്റു ദിവസങ്ങളിൽ വനിതകൾക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളത് പോലെ തോന്നി അവിടം. ചുവരിനോട് ചേർന്ന് ലെതർ കവർ ഉള്ള ബെഞ്ചുകൾ ഇട്ടിരിക്കുന്നു. നടുവിലായി ചെറിയൊരു നെരിപ്പോട് അവിടെയുമുണ്ട്. കൈയിൽ ഒരു ഗ്ലാസുമായി ഡോക്ടർ ബാം അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ശരീരത്തിന് ചേരാത്ത വിധം അയഞ്ഞ വസ്ത്രം മുഷിഞ്ഞതായിരുന്നു. തന്റെ ആരോഗ്യമോ ബാഹ്യരൂപമോ ഒട്ടും തന്നെ അയാൾ ശ്രദ്ധിക്കാറില്ലാത്തത് പോലെ തോന്നി. കുറ്റിരോമം നിറഞ്ഞ ആ മുഖത്തെ കണ്ണുകൾ അമിതമദ്യപാനത്താൽ ചുവന്നിരുന്നു.

 

“ഹലോ ഡോക്ടർ” ക്രെയ്ഗ് അഭിവാദ്യം ചെയ്തു.

 

ഡോക്ടർ ബാം അത്ഭുതത്തോടെ തലയുയർത്തി നോക്കി. “മേജർ ഓസ്ബോൺ ഹൗ ആർ യൂ?” മദ്യത്തിന്റെ സ്വാധീനത്താലാവാം അയാളുടെ സംസാരം കുഴഞ്ഞിരുന്നു.

 

“അയാം ഫൈൻ” കൗണ്ടറിൽ ചാരി നിന്നുകൊണ്ട് ക്രെയ്ഗ് പറഞ്ഞു. ബാർ നടത്തിപ്പുകാരി അവർക്കുള്ള ഡ്രിങ്ക്സുമായി അപ്പോഴേക്കും അവിടെയെത്തി.

 

“ആഹ്, ലിലി, എനിക്കുള്ളതാണോ? ഹൗ നൈസ്” ബാം പറഞ്ഞു.

 

“എല്ലാം കൂടി ഒറ്റയടിക്ക് കഴിക്കല്ലേ ഡോക്ടർ” ഗ്ലാസുകൾ മേശപ്പുറത്ത് വച്ചിട്ട് അവർ തിരികെ പോയി.

 

“നിങ്ങളെ ഫോണിൽ വിളിക്കുമെന്ന് ജാക്ക് കാർട്ടർ എന്നോട് പറഞ്ഞിരുന്നു നേഴ്സിങ്ങ്ഹോം സന്ദർശിക്കാൻ എനിക്കൊരു അവസരം ഏർപ്പാടാക്കുന്നതിന് വേണ്ടി” ക്രെയ്ഗ് പറഞ്ഞു. “ജെനവീവ് ട്രെവോൺസിന് ഞാൻ വാക്കു കൊടുത്തിരുന്നു, അവളുടെ സഹോദരിയുടെ കാര്യം ഞാൻ അന്വേഷിക്കാമെന്ന്

 

ഡോക്ടർ ബാം അസ്വസ്ഥതയോടെ മുഖമൊന്ന് തുടച്ചു. എന്നിട്ട് തെല്ല് പരിഭ്രമത്തോടെ തല കുലുക്കി. “ശരിയാണ്, ക്യാപ്റ്റൻ കാർട്ടർ എന്നെ വിളിച്ചിരുന്നു

 

“ജെനവീവിന്റെ സഹോദരിയ്ക്ക് എങ്ങനെയുണ്ട്?”

 

“അത്ര നല്ല അവസ്ഥയിലല്ല മേജർ” തലയാട്ടിയിട്ട് അയാൾ ഒരു നെടുവീർപ്പിട്ടു. “പാവം ആൻ മേരി” അയാൾ മേശപ്പുറത്തെ ഗ്ലാസ് എടുത്തു. “ആട്ടെ, മിസ് ജെനവീവിന്റെ എന്തെങ്കിലും വിവരം ലഭിച്ചുവോ?”

 

“ജെനവീവിന്റെ വിവരമോ?” ക്രെയ്ഗ് ചോദിച്ചു.

 

“അതെ, ഫ്രാൻസിൽ നിന്നും

 

“അതേക്കുറിച്ചൊക്കെ നിങ്ങൾക്ക് അറിയാമോ?”

 

ഡോക്ടർ ബാമിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട കൗശലഭാവം അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. “അധികമൊന്നും എനിക്കറിയില്ല E - ബോട്ട്, രാത്രിയിലെ യാത്ര എന്നിങ്ങനെ ചിലതെല്ലാം തീർച്ചയായും നല്ലൊരു നടിയായിരിക്കണം അവൾ

 

അയാളുടെ സംസാരം തടസ്സപ്പെടുത്താൻ ക്രെയ്ഗ് ശ്രമിച്ചില്ല. കിട്ടാവുന്നിടത്തോളം വിവരങ്ങൾ പോരട്ടെ. “ആറ് മാസം മുമ്പ് നിങ്ങളുടെ മകൾ കൊല്ലപ്പെട്ടുവെന്ന് ലിലി പറഞ്ഞല്ലോ

 

ബാം തല കുലുക്കി. അയാളുടെ മുഖത്ത് ശോകഛായ പടർന്നു. കണ്ണുകൾ നിറഞ്ഞു. “എന്റെ മോൾ റേച്ചൽ വല്ലാത്തൊരു ക്രൂരതയായിപ്പോയി

 

“പക്ഷേ, ഓസ്ട്രിയയിൽ ആയിരുന്നില്ലേ അവൾ? എങ്ങനെയാണ് നിങ്ങൾക്ക് വിവരം ലഭിച്ചത്? റെഡ് ക്രോസ് വഴിയാണോ?”

 

“അല്ല” തികച്ചും സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “എന്റെ സ്വന്തം ആൾക്കാരിൽ നിന്നാണ് വിവരം ലഭിച്ചത് ജൂതരുടെ ഏകീകരണത്തിനായി പ്രവർത്തിക്കുന്നവർ നിങ്ങൾക്ക് അറിയുമോയെന്ന് അറിയില്ല ഇസ്രായേൽ രാഷ്ട്ര രൂപീകരണം ലക്ഷ്യമാക്കിയവർ

 

“തീർച്ചയായും

 

പെട്ടെന്നാണ് അരുതാത്തതെന്തോ പറഞ്ഞുപോയത് പോലെ അയാൾ അസ്വസ്ഥനായത്. “നിങ്ങളെന്തിനാണ് എന്റെ മകളെക്കുറിച്ച് ചോദിക്കുന്നത്?”

 

“യുദ്ധത്തിന് മുമ്പാണ് നിങ്ങളുടെ മകൾ കൊല്ലപ്പെട്ടത് എന്നായിരുന്നു എന്റെ ധാരണ നിങ്ങൾ ഓസ്ട്രിയയിൽ നിന്നും ബ്രിട്ടനിലേക്ക് പലായനം ചെയ്ത സമയത്ത്

 

“അല്ല, നിങ്ങൾക്ക് തെറ്റിയതാണ്” മനോനില വീണ്ടെടുത്തത് പോലെ തോന്നിച്ച ബാം എഴുന്നേറ്റു. “എനിക്ക് പോകാൻ സമയമായി ചെന്നിട്ട് ജോലിയുണ്ട്

 

“അപ്പോൾ ആൻ മേരിയുടെ കാര്യം? എനിക്കവളെ ഒന്ന് കാണണം

 

“അത് മറ്റൊരു അവസരത്തിലാകാം ഗുഡ്നൈറ്റ് മേജർ

 

ബാം പുറത്തേക്ക് നടന്നു. ഏതാനും നിമിഷം കഴിഞ്ഞ് ക്രെയ്ഗും പുറത്തിറങ്ങി. ബാർ കൗണ്ടറിൽ ഉണ്ടായിരുന്ന ലിലി പറഞ്ഞു. “അദ്ദേഹം ഒരു റോക്കറ്റ് പോലെയാണല്ലോ പോകുന്നത് കണ്ടത്

 

“അതെയല്ലേ? എനിക്കും തോന്നി

 

“ഒരു ഡ്രിങ്ക് കൂടി എടുക്കട്ടെ മകനേ?”

 

“നോ, താങ്ക്സ് എനിക്ക് കുറച്ചൊന്ന് നടക്കണം തലയിലുള്ളതൊക്കെ ഒന്ന് ഇറക്കി വയ്ക്കണം ഞാൻ പിന്നൊരിക്കൽ വരാം

 

മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അദ്ദേഹം പുറത്തേക്കിറങ്ങി. അവിടെയുണ്ടായിരുന്ന എയർറെയ്ഡ് വാർഡന്മാരിൽ ഒരുവൻ അവർക്കരികിലേക്ക് വന്നു. “ലിലി, എനിക്കൊരു രണ്ട് പൈന്റ് കൂടി ആ അമേരിക്കക്കാരന്റെ യൂണിഫോമിലെ മെഡലുകൾ നിങ്ങൾ കണ്ടിരുന്നോ?”

 

“കണ്ടു കണ്ടു നെഞ്ച് നിറയെയുണ്ട്

 

“വെറുതെയാണ്” അയാൾ പറഞ്ഞു. “വെറുതേ മെഡലുകൾ വാരിക്കൊടുക്കുകയാണ് ഈ അമേരിക്കക്കാർ പ്രത്യേകിച്ചൊന്നും ചെയ്തിട്ടൊന്നുമായിരിക്കില്ലെന്നേ

 

(തുടരും)

2 comments:

  1. മൊത്തത്തിൽ ഒന്ന് ടച്ച് വിട്ടു കിടക്കുവാ
    ആദ്യം മുതൽ ഒന്നൂടെ വായിച്ചിട്ടു വരേണ്ടി വരും.
    ഒരു രണ്ടീസം താ വിനുവേട്ടാ ..ഒരു വരവ് കൂടെ വരാം കേട്ടോ

    ReplyDelete