അദ്ധ്യായം – പതിനാല്
ലിലി മർലിൻ കോൾഡ് ഹാർബറിൽ നിന്നും പുറപ്പെട്ട അതേ സമയത്ത്
തന്നെയാണ് ഫീൽഡ് മാർഷൽ ഇർവിൻ റോമൽ വോൺകോർട്ട് കൊട്ടാരത്തിൽ എത്തിച്ചേർന്നത്. അദ്ദേഹത്തെ
സ്വീകരിക്കാൻ കവാടത്തിന്റെ പടികളിൽ ഹോർടെൻസ് പ്രഭ്വി, ജെനവീവ് എന്നിവർക്കൊപ്പം ജനറൽ
സീംകാ, അദ്ദേഹത്തിന്റെ സ്റ്റാഫ്, മാക്സ് പ്രീം എന്നിവരും കാത്തു നിന്നിരുന്നു.
സന്ദർശകന്റെ പ്രാധാന്യം
വച്ചു നോക്കുമ്പോൾ വളരെ ചെറിയൊരു കോൺവോയ് ആയിരുന്നു അതെന്നത് അത്ഭുതകരമായി തോന്നി.
മൂന്നു കാറുകളും മോട്ടോർസൈക്കിളുകളിൽ അകമ്പടി സേവിക്കുന്ന നാല് മിലിട്ടറി പൊലീസുകാരും
മാത്രം. മുകൾഭാഗം തുറന്ന ഒരു മെഴ്സെഡിസ് കാറിലായിരുന്നു റോമൽ. അധികം ഉയരമില്ലെങ്കിലും
ദൃഢഗാത്രനായ അദ്ദേഹം ഒരു ലെതർ ഗ്രേറ്റ്കോട്ട് ധരിച്ചിരുന്നു. കഴുത്തിന് ചുറ്റും ഒരു
തൂവെള്ള സ്കാർഫ് ചുറ്റിയിട്ടുണ്ട്. പ്രസിദ്ധമായ തന്റെ ഡെസർട്ട് ഗോഗ്‌ൾസ് പീക്ക് ക്യാപ്പിന്
മുകളിലേക്ക് ഉയർത്തി വച്ചിരിക്കുന്നു. ജനറൽ സീംകായ്ക്കും SS ബ്രിഗേഡിയർ സൈൽഹൈമറിനും
അദ്ദേഹം സല്യൂട്ടും ഹസ്തദാനവും നൽകുന്നത് വീക്ഷിച്ചുകൊണ്ട് ജെനവീവ് നിന്നു. അടുത്തതായി
ജനറൽ സീംകാ ഹോർടെൻസ് പ്രഭ്വിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പിന്നെ ജെനവീവിന്റെ ഊഴമായിരുന്നു.
വളരെ മികച്ചതായിരുന്നു
അദ്ദേഹത്തിന്റെ ഫ്രഞ്ച് ഭാഷ. “നിങ്ങളെ പരിചയപ്പെടാൻ സാധിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നു,
മദ്മോസെലാ…” അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം
പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വവും ആജ്ഞാശക്തിയും ആ നോട്ടത്തിലൂടെ അവൾക്ക് അനുഭവവേദ്യമാകുന്നുണ്ടായിരുന്നു.
അവളുടെ കൈപ്പടം കവർന്ന് തല കുനിച്ച് അദ്ദേഹം തന്റെ ചുണ്ടോട് ചേർത്തു.
ശേഷം അവർ എല്ലാവരും കൂടി
ഹാളിലേക്ക് കടന്നു. ഹോർടെൻസ് പ്രഭ്വി സീംകായോട് പറഞ്ഞു. “ജനറൽ, നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ
ചർച്ച ചെയ്യാനുണ്ടാകും… ഞങ്ങൾ റൂമിലേക്ക് പോകുകയാണ്… ഫീൽഡ് മാർഷൽ, ഇന്ന് വൈകിട്ട് നമുക്ക് വീണ്ടും കാണാമെന്ന് കരുതുന്നു…”
“തീർച്ചയായും, പ്രഭ്വി…” റോമൽ ഉപചാരപൂർവ്വം സല്യൂട്ട് ചെയ്തു.
സ്റ്റെയർകെയ്സ് വഴി മുകളിലേക്ക്
നടക്കവെ ജെനവീവ് പറഞ്ഞു. “1942ൽ ബ്രിട്ടനിലെ പൊതുജനങ്ങൾക്കിടയിൽ ഒരു സർവ്വേ നടത്തുകയുണ്ടായി… അക്കാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ജനറൽ ആരാണെന്നായിരുന്നു
ചോദ്യം… ഭൂരിഭാഗം പേരും തെരഞ്ഞെടുത്ത ഉത്തരം ഇർവിൻ റോമൽ
എന്നായിരുന്നു…”
“ഇപ്പോൾ നേരിൽ കണ്ടപ്പോൾ
മനസ്സിലായില്ലേ എന്തുകൊണ്ടാണെന്ന്…” ഹോർടെൻസ് പറഞ്ഞു. “ഷെറീ, എനിക്ക് നിന്നോട് ചില
കാര്യങ്ങൾ പറയാനുണ്ട്… പക്ഷേ, റൂമിൽ വച്ചല്ല… പതിനഞ്ച് മിനിറ്റിനകം ആ പഴയ സമ്മർഹൗസിന് സമീപം ഞാൻ വരാം…” അവർ തന്റെ റൂമിലേക്ക് പോയി.
വാതിൽ തുറന്ന ജെനവീവ്
കണ്ടത് ബെഡ്ഷീറ്റ് മാറ്റി പുതിയത് വിരിക്കുന്ന മരീസയെയാണ്. “ഞാൻ ഒന്ന് നടക്കാൻ പോകുകയാണ്…” ജെനവീവ് പറഞ്ഞു. “തണുപ്പിനെ പ്രതിരോധിക്കാൻ പറ്റിയ എന്തെങ്കിലും ഡ്രെസ്സ്
തരൂ… അന്തരീക്ഷത്തിൽ നല്ല ഈർപ്പമുണ്ട്…”
വാർഡ്റോബിനരികിൽ ചെന്ന
മരീസ അതിനുള്ളിൽ നിന്നും കോളറുള്ള ഒരു രോമക്കുപ്പായം എടുത്തുകൊണ്ടു വന്നു. “ഇത് മതിയോ
മോസെലാ…?”
“മതിയെന്ന് തോന്നുന്നു…” അത് വാങ്ങിയിട്ട് അവൾ മരീസയെ നോക്കി. അവളുടെ മുഖം വിളറി വെളുത്തിരുന്നു.
കണ്ണുകൾ കുഴിയിലാണ്ടു പോയത് പോലെ. “നിനക്ക് തീരെ സുഖമില്ലെന്ന് തോന്നുന്നല്ലോ… എന്തു പറ്റി…?” ജെനവീവ് ചോദിച്ചു.
“മോസെലാ, എനിക്ക് വല്ലാതെ
ഭയമാകുന്നു…”
“ഞാനും അതേ അവസ്ഥയിലാണ്
മരീസാ…” ജെനവീവ് പറഞ്ഞു. “എങ്കിലും, എന്നെ ഏൽപ്പിച്ചിരിക്കുന്ന
ജോലി ഞാൻ ചെയ്തിരിക്കും… അതു തന്നെ നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു…”
ഒരു നിമിഷം ജെനവീവ് അവളുടെ
ചുമലിൽ ബലമായി പിടിച്ചു. പരിക്ഷീണിതയായ മരീസ തല കുലുക്കി. “തീർച്ചയായും, മോസെലാ…”
“ഗുഡ്…” ജെനവീവ് പറഞ്ഞു. “ആ വെളുത്ത ഈവനിങ്ങ് ഡ്രെസ്സ് എടുത്ത് വച്ചോളൂ… ഇന്ന് രാത്രിയിലെ പരിപാടിയ്ക്ക് അതായിരിക്കും ഞാൻ ധരിക്കുന്നത്…”
തീർത്തും ദയനീയാവസ്ഥയിൽ
നിൽക്കുന്ന മരീസയെ അവിടെ വിട്ടിട്ട് അവൾ പുറത്തിറങ്ങി.
***
പ്രസന്നമായിരുന്നു ഗാർഡനിലെ
അന്തരീക്ഷം. വസന്തത്തിന്റെ ആരംഭം പോലുള്ള പ്രതീതി. നിലത്ത് പച്ചപ്പുല്ലുകൾ പരവതാനി
വിരിച്ചു തുടങ്ങിയിരിക്കുന്നു. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങൾ
ഇലകൾക്ക് സ്വർണ്ണനിറം ചാർത്തുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു ശാന്തത അവിടെങ്ങും
നിറഞ്ഞു നിൽക്കുന്നത് പോലെ. കരിങ്കല്ലിൽ കെട്ടിയ മതിലിലെ കമാനാകൃതിയുള്ള കവാടം കടന്ന്
ജെനവീവ് മുന്നോട്ട് നടന്നു. സമ്മർഹൗസിന് മുന്നിലുള്ള ഫൗണ്ടന് അരികെ ഹോർടെൻസ് പ്രഭ്വി
അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏറെ പഴക്കമുള്ള ആ കെട്ടിടത്തിന്റെ വെളുത്ത ചുമരുകളിൽ
പച്ചനിറത്തിൽ പായൽ പിടിച്ചിരുന്നു. ചില ജാലകങ്ങളെല്ലാം കാലപ്പഴക്കത്താൽ കേടുവന്ന് പോയിട്ടുണ്ട്.
“ഇവിടെ ഇരിക്കുവാൻ എന്ത്
ഇഷ്ടമായിരുന്നുവെന്നോ എനിക്ക്…” ജെനവീവ് പറഞ്ഞു. “ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ
ഈ സമ്മർഹൗസിൽ ആന്റി ചായ ഉണ്ടാക്കിത്തരുമായിരുന്നു…”
“കാലം ആർക്കു വേണ്ടിയും
കാത്തു നിൽക്കുന്നില്ല…”
“അറിയാം ആന്റി… ദുഃഖകരമായ യാഥാർത്ഥ്യം…”
“ഒരു സിഗരറ്റ് തരൂ…” ഹോർടെൻസ് പറഞ്ഞു. “ഈ പഴമയാണ് എനിക്കിഷ്ടം… ആ പായൽ പിടിച്ച ചുമർ നോക്കൂ… വെള്ളയിൽ കടുംപച്ച… മുമ്പ് ഇല്ലാതിരുന്ന ഒരു അന്തരീക്ഷമാണ് അത് ഇവിടെ സൃഷ്ടിക്കുന്നത്… നഷ്ടപ്പെട്ട പലതിന്റെയും ഓർമ്മകൾ…”
“ഈ വയസ്സുകാലത്ത് ഫിലോസഫിയാണോ…?”
ആന്റിയുടെ കണ്ണുകളിൽ കുസൃതിയുടെ
ഒരു തിളക്കം മിന്നി മറയുന്നത് അവൾ കണ്ടു. “ഇനി എപ്പോഴെങ്കിലും ഞാനിത് ആവർത്തിക്കുകയാണെങ്കിൽ
അപ്പോൾത്തന്നെ മതിയാക്കാൻ പറയണം…”
ചുമലിൽ മെഷീൻ ഗൺ തൂക്കിയിട്ടിരിക്കുന്ന
ഒരു ഗാർഡ് ഏതാനും വാര അപ്പുറത്ത് കൂടി കടന്നു പോയി. കൈയിലെ ചങ്ങലയിലുള്ള അൽസേഷ്യൻ നായ
മുന്നിൽ തിരക്ക് കൂട്ടി അയാളെയും വലിച്ചുകൊണ്ട് നടക്കാൻ ശ്രമിക്കുകയാണ്.
“ഇന്നലെ രാത്രിയിൽ നടന്ന
കാര്യങ്ങൾ അറിഞ്ഞോ നീ…?” ഹോർടെൻസ് ചോദിച്ചു.
“ഞാൻ കണ്ടിരുന്നു…”
“എന്തു ചെയ്യാം… ഫിലിപ്പ് ഗാമലിൻ ആയിരുന്നുവത്… ഗ്രാമത്തിലുള്ള
അയാൾ വർഷങ്ങളായി ഈ എസ്റ്റേറ്റിൽ കാട്ടുകോഴിയെ വേട്ടയാടാൻ വരുന്നതാണ്… അയാളെ വെറുതെ വിടാൻ ഞാൻ സീംകായോട് പറഞ്ഞതാണ്… പക്ഷേ, പറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്… ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിക്കുന്നവർക്കെല്ലാം അയാൾ ഒരു പാഠമായിരിക്കണം
എന്നാണ് അദ്ദേഹം പറഞ്ഞത്…”
“അവർ അയാളെ എന്തു ചെയ്യാനാണ്
പോകുന്നത്…?”
“ശിക്ഷയായി ഏതെങ്കിലും
ലേബർ ക്യാമ്പിലേക്ക് അയയ്ക്കുമെന്ന് തോന്നുന്നു…” അവരുടെ
ദേഹമാസകലം ഒന്ന് വിറച്ചത് പോലെ തോന്നി. “ദിവസം ചെല്ലുന്തോറും ദുരിതപൂർണ്ണമായി തുടങ്ങിയിരിക്കുന്നു
ജീവിതം… നാമെല്ലാം കാത്തിരിക്കുന്ന സഖ്യകക്ഷികളുടെ യൂറോപ്യൻ
അധിനിവേശം എത്രയും പെട്ടെന്ന് തുടങ്ങുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്… ആട്ടെ, ഇന്ന് രാത്രിയിലെ പ്ലാൻ എങ്ങനെയാണ്…? എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണയുണ്ടല്ലോ അല്ലേ നിനക്ക്…?”
“എന്ന് തോന്നുന്നു…”
“തോന്നിയതു കൊണ്ട് മാത്രമായില്ല
കുട്ടീ… കൃത്യമായി അറിഞ്ഞിരിക്കണം…” ഹോർടെൻസ് പുരികത്തിന് മുകളിൽ കൈപ്പടം വച്ച് കൊട്ടാരത്തിലെ റോസ്റൂമിലേക്ക്
നോക്കി. “നിന്റെ റൂമിന്റെ ബാൽക്കണിയിൽ നിന്നും താഴത്തെ നിലയുടെ ടെറസിലേക്ക് എത്ര ഉയരമുണ്ടാവും…? ഇരുപത് അടി…? നിന്നെക്കൊണ്ട് പറ്റുമെന്ന് ഉറപ്പാണോ…?”
“തീർച്ചയായും… പത്തു വയസ്സുള്ളപ്പോൾ മുതൽ ഞാൻ ആ വഴി ഇറങ്ങാറുള്ളതാണ്…” ജെനവീവ് അവർക്ക് ഉറപ്പ് നൽകി. “മാത്രമല്ല ഇത് രാത്രിയിലുമായിരിക്കുമല്ലോ… തൂണിനോട് ചേർന്നുള്ള ഇഷ്ടികകൾ ഒരു കോണിയുടെ പടികൾ പോലെയാണ് താനും…”
“എങ്കിൽ നല്ലത്… നൃത്തപരിപാടി ആരംഭിക്കുന്നത് വൈകിട്ട് ഏഴു മണിയ്ക്കാണ്… ഒരു കാരണവശാലും അത് വൈകാൻ അവർ അനുവദിക്കുകയില്ല… കാരണം അത് കഴിഞ്ഞിട്ട് റോമലിന് രാത്രി തന്നെ റോഡ് മാർഗ്ഗം പാരീസിലേക്ക്
പോകാനുള്ളതാണ്… എട്ടു മണിയ്ക്ക് തൊട്ടു മുമ്പ് ഞാൻ ഹാളിലെത്താം… ഞാൻ എത്തിക്കഴിഞ്ഞതും നീ അവിടെ നിന്നും പുറത്തിറങ്ങി നിന്റെ റൂമിലേക്ക്
പോകുക…”
“നൈറ്റ് ഡ്യൂട്ടിയുള്ള
എറിക്കിനെയും കൂട്ടിക്കൊണ്ട് എട്ടു മണിക്ക് തന്നെ ഇവിടെ സമ്മർഹൗസിൽ എത്താനാണ് മരീസയുടെ
പ്ലാൻ…”
“അവൾ എങ്ങനെയൊക്കെ അയാളെ
മയക്കിക്കൊണ്ടു വന്നാലും ഒരു ഇരുപത് മിനിറ്റിൽ കൂടുതൽ അയാളെ പിടിച്ചു വയ്ക്കാൻ കഴിയുമെന്ന്
തോന്നുന്നില്ല…” ഹോർടെൻസ് പറഞ്ഞു. “അഥവാ എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ
ഷോണ്ടെല നിന്റെ റൂമിൽ വെയ്റ്റ് ചെയ്യുന്നുണ്ടാവും…”
“എല്ലാം പ്ലാൻ പോലെ നടക്കുകയാണെങ്കിൽ
ലൈബ്രറിയ്ക്കുള്ളിൽ കടന്ന് രേഖകളുടെ ഫോട്ടോ എടുത്ത് തിരികെ റൂമിലെത്താൻ വെറും പത്ത്
മിനിറ്റേ വേണ്ടി വരൂ…” ജെനവീവ് പറഞ്ഞു. “അതിന് ശേഷം താഴെ ഹാളിൽ നൃത്തപരിപാടി
നടക്കുന്നയിടത്ത് എട്ടരയോടെ എത്തും… ലൈബ്രറിയിലെ സേഫ് ലോക്ക് ചെയ്ത് തന്നെയിരിക്കും… അതിൽ നിന്ന് ഒരു രേഖയും നഷ്ടപ്പെട്ടിട്ടുണ്ടുമുണ്ടാകില്ല… അവിടെ അങ്ങനെയൊരു സംഭവമുണ്ടായതിനെക്കുറിച്ച് ആരും അറിയുക പോലുമില്ല…”
“നമ്മളൊഴികെ…” ഒരു ചെറുപുഞ്ചിരിയോടെ ഹോർടെൻസ് പറഞ്ഞു. “നമ്മുടെ പദ്ധതി വിജയിക്കുമെന്ന്
തന്നെ എന്റെ മനസ്സ് പറയുന്നു കുട്ടീ…”
(തുടരും)
കൂട്ടത്തിൽ ഉളളവർ തന്നെ പണി തന്നാൽ എങ്ങനെ വിജയിക്കും ബ്രോ....എൻ്റെ കട്ടപ്പാ നിങ്ങ എത്ര ഭേദം
ReplyDelete