Friday, March 27, 2026

കോൾഡ് ഹാർബർ - 80

അദ്ധ്യായം – പതിനേഴ്

 

അടുത്ത ദിവസം മദ്ധ്യാഹ്നത്തിലാണ് ജാക്ക് കാർട്ടർ അവളെ കാംബർവെല്ലിൽ ഉള്ള പരികർമ്മിയുടെ അടുത്ത് എത്തിച്ചത്. അദ്ദേഹം പുറത്ത് കാത്തുനിൽക്കവെ ജെനവീവ് കെട്ടിടത്തിനുള്ളിലേക്ക് പോയി. ഓക്ക് പാനലിങ്ങ് ചെയ്ത ചെറിയൊരു വെയ്റ്റിങ്ങ് റൂമിലേക്കാണ് അവൾ എത്തിയത്. വാതിൽക്കൽ ഉള്ള പിച്ചള ഫ്ലവർവെയ്സിൽ ഒരു പിടി വെള്ള ലില്ലിപ്പൂക്കൾ വച്ചിരിക്കുന്നു. മുറിയിലെമ്പാടും മെഴുകുതിരിയുടെ ഗന്ധം. വളരെ വയസ്സായ, പഞ്ഞിക്കെട്ട് പോലെ തൂവെള്ള മുടിയുള്ള ഒരാളാണ് അവളെ സ്വീകരിച്ചത്. യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനാലാവാം ഒരു പക്ഷേ അപ്പോഴും അയാൾ ആ ജോലിയിൽ തുടരുന്നത്. പ്രായാധിക്യം കൊണ്ടാവാം, ഹസ്തദാനം നൽകവെ അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

 

“ആഹ്, യെസ്” അയാൾ പറഞ്ഞു. “മിസ്സ്, നിങ്ങൾ വരുന്ന കാര്യത്തിന് ഫോൺ കോൾ ഉണ്ടായിരുന്നു അവിടെ മൂന്നാം നമ്പർ ക്യുബിക്കിളിലാണ് ചെറിയൊരു പ്രശ്നം മാത്രം ഒരു സന്ദർശകൻ കൂടിയുണ്ട് ഇപ്പോൾ അവിടെ

 

അയാളെ താണ്ടി അവൾ ആ ചെറിയ ഇടനാഴിയിലേക്ക് പ്രവേശിച്ചു. ആദ്യത്തെ ക്യുബിക്കിളിൽ അടച്ചു വച്ച ഒരു ശവപ്പെട്ടിയുണ്ട്. രണ്ടാമത്തേത് കാലിയായിരുന്നു. മൂന്നാമത്തെ ക്യുബിക്കിളിന്റെ മുന്നിൽ പച്ച നിറമുള്ള ഒരു കർട്ടൻ വലിച്ചിട്ടിരിക്കുന്നു. അതിനുള്ളിൽ നിന്നും പതിഞ്ഞ സ്വരത്തിൽ കേട്ടുകൊണ്ടിരുന്ന സ്വരം ഹീബ്രൂ ഭാഷയിലുള്ളതായിരുന്നു. മരണമടഞ്ഞവർക്കായുള്ള പ്രാർത്ഥന. ബാർട്ട്സ് ഹോസ്പിറ്റലിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഇത്തരം പ്രാർത്ഥന പലപ്പോഴും കേട്ടിട്ടുണ്ട്. ജർമ്മൻ ബോംബിങ്ങിനെ തുടർന്ന് കൂട്ടമരണങ്ങൾ സംഭവിച്ച സമയത്ത്.

 

അവൾ കർട്ടൻ ഒരു വശത്തേക്ക് വകഞ്ഞു മാറ്റി. കൈയിൽ പ്രാർത്ഥനാ പുസ്തകവുമായി നിന്നിരുന്ന ഡോക്ടർ ബാം തിരിഞ്ഞു നോക്കി. അയാളുടെ തലയിൽ ജൂതന്മാർ ധരിക്കുന്ന തരം ചെറിയ തൊപ്പിയുണ്ടായിരുന്നു. ആ മിഴികളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

 

“അയാം സോറി സോ സോറി ദൈവം സാക്ഷിയായി ഞാൻ പറയുന്നു ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കണമെന്ന ഒരുദ്ദേശ്യവും എനിക്കുണ്ടായിരുന്നില്ല” ഡോക്ടർ ബാം പറഞ്ഞു.

 

മേശമേൽ കിടക്കുന്ന ആൻ മേരിയെ അവൾ നോക്കി. കൈകൾ നെഞ്ചിൽ മടക്കി വച്ച് ചേതനയറ്റ് കിടക്കുന്ന തന്റെ സഹോദരി. മെഴുകുതിരിയുടെ മങ്ങിയ വെട്ടത്തിൽ ശാന്തമായി ഉറങ്ങുന്ന ആ മുഖം തന്റെ തന്നെ മുഖമായിരുന്നു. ജെനവീവ് ഡോക്ടർ ബാമിന്റെ കരം തന്റെ കൈകളിലെടുത്ത് മുറുകെ പിടിച്ച് ഒന്നും ഉരിയാടാതെ നിന്നു. കാരണം, അവൾക്ക് പറയാൻ ഒന്നും തന്നെയുണ്ടായിരുന്നില്ല.

 

                                                             ***

 

അതൊരു നരച്ച പ്രഭാതമായിരുന്നു. ഹൈഗേറ്റ് സെമിത്തേരിയുടെ പരിസരത്ത് മൂടൽമഞ്ഞ് വ്യാപിച്ചിരുന്നു. മൗനം ഘനീഭവിച്ച് നിൽക്കുന്ന ആ അന്തരീക്ഷത്തിൽ പച്ച നിറമുള്ള ഒരു ഹംബർ ലിമോസിനിൽ ജാക്ക് കാർട്ടർ അവളെ സെമിത്തേരിയുടെ ഗേറ്റിനു മുന്നിൽ ഇറക്കി.

 

“കാത്തുനിൽക്കേണ്ട ആവശ്യമില്ല” ജെനവീവ് പറഞ്ഞു. “തിരികെ ഞാൻ തനിയേ പൊയ്ക്കോളാം

 

വിചിത്രമെന്ന് പറയട്ടെ, അദ്ദേഹം തർക്കിക്കാൻ നിന്നില്ല. വാഹനം മുന്നോട്ടെടുത്ത് അദ്ദേഹം പോകവെ അവൾ ജാക്കറ്റിന്റെ പോക്കറ്റിൽ കൈകൾ തിരുകി സെമിത്തേരിയിലേക്ക് കടന്നു. പ്ലോട്ട് നമ്പർ തേടി അലയേണ്ട ആവശ്യമുണ്ടായിരുന്നില്ല. ദുരെ ഒരു മൂലയിലായി അവർ നിൽക്കുന്നുണ്ടായിരുന്നു. കറുത്ത ഒരു ഓവർകോട്ട് ധരിച്ച്, നരച്ച മുടിയുള്ള ഒരു വൃദ്ധൻ കൈയിൽ ഹാറ്റുമായി നിൽക്കുന്നു. കുഴിവെട്ടുവാൻ വന്ന രണ്ടു പേർ ഷവലുകൾ നിലത്ത് കുത്തി അതിൽ ചാരി കുഴിയിലേക്ക് നോക്കി നിൽക്കുന്നുണ്ട്. കറുത്ത ളോഹ ധരിച്ച ഒരു പുരോഹിതൻ ശവസംസ്കാര ശുശ്രൂഷകൾ ചെയ്യുന്നു.

 

ചടങ്ങുകൾ പൂർത്തിയാവാൻ അവൾ കാത്തു നിന്നു. പ്രാർത്ഥന അവസാനിപ്പിച്ച് ആ പുരോഹിതൻ പരികർമ്മിയോടൊപ്പം നടന്നു നീങ്ങിയതും അവൾ കുഴിമാടത്തിനരികിലേക്ക് ചെന്നു. കുഴിവെട്ടികൾ രണ്ടുപേരും ചേർന്ന് അപ്പോഴേക്കും ശവപ്പെട്ടിയുടെ മേൽ മണ്ണ് വെട്ടിയിട്ടു തുടങ്ങിയിരുന്നു. അവളെ കണ്ടതും ആ വൃദ്ധന്മാർ തലയുയർത്തി നോക്കി.

 

“എന്തെങ്കിലും സഹായം ആവശ്യമുണ്ടോ മിസ്സ്? നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലുമാണോ ഇത്?” അവരിൽ ഒരാൾ ചോദിച്ചു.

 

മണ്ണ് വീണു കിടക്കുന്ന ആ ശവപ്പെട്ടിയിലേക്ക് അവൾ നോക്കി. “പരിചയമുണ്ടായിരുന്നുവെന്ന് തോന്നുന്നു എപ്പോഴോ പക്ഷേ, ഇപ്പോൾ എന്തോ എനിക്ക് ഉറപ്പില്ല” പെട്ടെന്ന് മഴ ചാറുവാൻ തുടങ്ങി. അവൾ മുകളിലേക്ക് നോക്കി. “ഒരു പക്ഷേ, ഇങ്ങനെയൊരു പ്രഭാതം ഉണ്ടാവണമെന്ന് ദൈവം പോലും ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല

 

അമ്പരപ്പോടെ ആ വൃദ്ധന്മാർ പരസ്പരം നോക്കി. “യൂ ഓൾറൈറ്റ് മിസ്സ്?” അതിലൊരാൾ ചോദിച്ചു.

 

“പെർഫെക്റ്റ്‌ലി താങ്ക് യൂ” അവൾ പറഞ്ഞു.

 

മടങ്ങിപ്പോകാനായി തിരിഞ്ഞ അവൾ കണ്ടത് ഏതാനും വാര അകലെ അവളെയും വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ക്രെയ്ഗ് ഓസ്ബോണിനെയാണ്.

 

                                                         ***

 

യൂണിഫോമിൽ ആയിരുന്നു അദ്ദേഹം. ഫോറേജ് ക്യാപ്പും ട്രെഞ്ച് കോട്ടും ഊരി മാറ്റിയപ്പോൾ ഒലിവ് നിറമുള്ള ബാറ്റ്‌ൽ ഡ്രെസ്സ് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നതെന്ന് അവൾ ശ്രദ്ധിച്ചു. പാന്റ്സ് ജമ്പ് ബൂട്ട്സിനുള്ളിലേക്ക് ടക്ക് ചെയ്തിരിക്കുന്നു. മെഡൽ റിബൺസും വലതു കൈയിലെ വിങ്ങ്സ് ബഹുമതികളും എല്ലാം കൂടി ആ നരച്ച പ്രഭാതത്തിൽ നല്ലൊരു കാഴ്ച്ചയാണ് അവൾക്ക് സമ്മാനിച്ചത്.

 

“കഴിഞ്ഞ തവണത്തേതിനേക്കാൾ നന്നായി തോന്നുന്നു” അവൾ പറഞ്ഞു. “യൂണിഫോമിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്

 

മറുപടിയൊന്നും പറയാതെ അദ്ദേഹം ആ ട്രെഞ്ച്കോട്ട് അവളെ അണിയിച്ചു കൊടുത്തു. ശേഷം, സ്മാരകശിലകൾക്കിടയിലെ പാതയിലൂടെ ഗേറ്റ് ലക്ഷ്യമാക്കി അവർ നടന്നു. മഴ ചാറുന്നുണ്ടെങ്കിലും മൂടൽമഞ്ഞിന് ഒട്ടും കുറവില്ല. പുകച്ചുരുൾ പോലെ ആ മഞ്ഞിന്റെ ആവരണം അവരെ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്നും മറച്ചു. ഇപ്പോൾ ഈ ലോകത്തിൽ അവർ ഇരുവരും മാത്രം. പെട്ടെന്നാണ് മഴ ശക്തി പ്രാപിച്ചത്. അപ്പുറത്ത് ഫൗണ്ടന് അരികിൽ ഏതാനും ബെഞ്ചുകൾ ഇട്ടിട്ടുള്ള ഒരു ചെറിയ ഷെഡ്ഡിനരികിലേക്ക് ഇരുവരും ഓടി. അവളുടെ മനോമുകുരത്തിൽ അപ്പോൾ തെളിഞ്ഞത് ഇതുപോലെ മഴ ആർത്തലച്ചു പെയ്യുന്ന മറ്റൊരു സെമിത്തേരിയായിരുന്നു. ഒപ്പം മാക്സ് പ്രീമിന്റെ മുഖവും.

 

അവൾ ആ ബെഞ്ചിൽ ഇരുന്നു. ക്രെയ്ഗ് തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് അവൾക്ക് നീട്ടി. “അയാം സോറി” അദ്ദേഹം പറഞ്ഞു. “ആൻ മേരിയുടെ കാര്യം കഴിഞ്ഞ രാത്രിയാണ് മൺറോ എന്നോട് പറഞ്ഞത്

 

“നിങ്ങൾ സുരക്ഷിതനായിരിക്കുന്ന കാര്യം അദ്ദേഹം എന്നോട് പറഞ്ഞില്ല ജാക്ക് പോലും ഒരു വാക്ക് എന്നോട് പറഞ്ഞില്ല” അവൾ പരിഭവിച്ചു.

 

“അർദ്ധരാത്രി കഴിഞ്ഞിരുന്നു ഞാൻ എത്തിയപ്പോൾ ഇന്ന് രാവിലെ നീ ഇവിടെ വരുന്നുണ്ടെന്ന് അവർ പറഞ്ഞു” അദ്ദേഹം ചുമൽ വെട്ടിച്ചു. “ഞാൻ എത്തിയ കാര്യം പറയേണ്ടെന്ന് ഞാൻ തന്നെയാണ് ജാക്കിനോട് പറഞ്ഞത് നേരിൽ വന്ന് നിന്നെ കണ്ട് കാര്യങ്ങൾ പറയണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു

 

“ശരിയ്ക്കും എന്താണ് സംഭവിച്ചത്?” അവൾ ചോദിച്ചു.

 

“ലിലി മർലിൻ മുങ്ങിയതോടെ ഞാൻ ദൂരേയ്ക്ക് ഒഴുകിപ്പോയി ഷ്മിഡ്റ്റും എന്നോടൊപ്പം ഉണ്ടായിരുന്നു ഞങ്ങൾ ഇരുവരും കൈ കോർത്തു പിടിച്ചു ഏറെ നേരം ഒടുവിൽ ലിസാർഡ് പോയിന്റിനടുത്തുള്ള ബീച്ചിൽ ഞങ്ങൾ കരയ്ക്കടിഞ്ഞു

 

“മാർട്ടിന്റെ കാര്യമോ?”

 

“പോയി ജെനവീവ് എല്ലാവരും പോയി എന്നെന്നേയ്ക്കുമായി

 

തല താഴ്ത്തി അവൾ തന്റെ സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും ഒരു ഫ്രഞ്ച് സിഗരറ്റ് പുറത്തെടുത്തു. “നിങ്ങളുടെ കാര്യത്തിൽ ഇനി എന്താണ് സംഭവിക്കുക? നിങ്ങൾ രക്ഷപെട്ടതിൽ മൺറോയ്ക്ക് അത്ര സന്തോഷമൊന്നും കാണുമെന്ന് തോന്നുന്നില്ല

 

“എന്നെ കണ്ടതും അദ്ദേഹത്തിന്റെ സമനില തെറ്റിയത് പോലെയായിരുന്നു ആദ്യം എന്നെ ചൈനയിലേക്ക് അയയ്ക്കാൻ പോകുകയാണെന്ന് പറഞ്ഞു ചൈനീസ് കമാൻഡോകളെ ഹിറ്റ്-ആൻഡ്-റൺ തന്ത്രങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു പ്രോജക്റ്റ് OSS അവിടെ തുടങ്ങുന്നുണ്ടത്രെ പാരച്യൂട്ട് ജമ്പിങ്ങും അതിനോട് അനുബന്ധിച്ച ട്രെയിനിങ്ങും എല്ലാം

 

“എന്നിട്ടോ?”

 

“നീ കൊണ്ടുവന്ന ആ ഫോട്ടോകളെല്ലാം സുപ്രീം കമാൻഡർ കാണുകയുണ്ടായി

 

“അതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു?”

 

“അങ്ങനെയാണ് മനസ്സിലാവുന്നത് ആ ദിനം അടുത്തു കൊണ്ടിരിക്കുകയാണ് ജെനവീവ് മഹത്തായ D-Day സമയമാകുന്നതോടെ ഫ്രാൻസിലുള്ള ജർമ്മൻ പോർമുഖത്തിന് പിന്നിൽ SAS, OSS യൂണിറ്റുകളെ ഡ്രോപ്പ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് എന്നിട്ട് അവിടുത്തെ ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനവുമായി യോജിച്ച് പ്രവർത്തിച്ച് കഴിയാവുന്നത്ര നാശനഷ്ടങ്ങൾ ഏല്പിക്കുക എന്നതാണ് പ്ലാൻ

 

“ചുരുക്കി പറഞ്ഞാൽ നിങ്ങളെ ഇനിയും ആവശ്യമുണ്ടെന്നാണോ മൺറോയുടെ ഇപ്പോഴത്തെ കാഴ്ച്ചപ്പാട്?” അവൾ ചോദിച്ചു. “എന്തിന് വേണ്ടി മേജർ? നിങ്ങളുടെ DSC മെഡലുകൾക്കൊപ്പം ഒരു ഓക്ക് ലീഫ് ക്ലസ്റ്റർ കൂടി കൂട്ടിച്ചേർക്കാനോ?”

 

അദ്ദേഹം അതിന് മറുപടി പറഞ്ഞില്ല. പകരം പറഞ്ഞത് ഇതായിരുന്നു. “ജാക്ക് പറയുന്നത് കേട്ടു, ആ കിഴവൻ ബാസ്റ്റർഡിന് നിന്നെ SOE യിലേക്ക് എടുക്കാനാണ് പദ്ധതിയെന്ന്

 

“അങ്ങനെയാണ് എനിക്കും മനസ്സിലാവുന്നത്

 

“ഡാംൻ ഹിം റ്റു ഹെൽ!” അദ്ദേഹം അവളുടെ ഇരുചുമലുകളിലും കൈകൾ വച്ചു. “നീ എന്നും നീ മാത്രമായിരുന്നു ജെനവീവ് ഒരിക്കലും അവൾ ആയിരുന്നില്ല അത് ഓർമ്മയിരിക്കട്ടെ

 

ഇതേ വാചകം ഒരിക്കൽ മാക്സ് പ്രീമും അവളോട് പറഞ്ഞിരുന്ന കാര്യം അവൾക്ക് ഓർമ്മ വന്നു. ക്രെയ്ഗും പ്രീമും എത്ര മാത്രം സമാന ചിന്താഗതിക്കാരായിരുന്നു എന്ന് അവൾ അത്ഭുതപ്പെട്ടു. അവൾ തല കുലുക്കി. “തീർച്ചയായും, ഓർമ്മയിലുണ്ടാകും

 

അവളെയും നോക്കിക്കൊണ്ട് അദ്ദേഹം അങ്ങനെ നിന്നു. “അപ്പോൾ പിന്നെ, വേറൊന്നുമില്ല?”

 

“എന്ന് തോന്നുന്നു

 

ഒന്നും ഉരിയാടാതെ നടന്നകന്ന അദ്ദേഹം മൂടൽമഞ്ഞിന്റെ ആവരണത്തിൽ അദൃശ്യനായി. അത് അവൾക്ക് താങ്ങാനായില്ല. ഹൃദയത്തിന്റെ കോണുകളിൽ എവിടെയൊക്കെയോ കത്തിമുനയാൽ വരയുന്നത് പോലെ യുദ്ധം നടന്നു കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനിടയിൽ നിങ്ങൾ ജീവിക്കുന്നു അതിന്റെ പ്രത്യാഘാതങ്ങൾ എന്തു തന്നെയായാലും നേരിടുന്നു, അനുഭവിക്കുന്നു വളരെ ലളിതം

 

അദ്ദേഹത്തിന്റെ പേര് വിളിച്ചു കൊണ്ട് അവൾ മുന്നോട്ടോടി. “ക്രെയ്ഗ്!”

 

യൂണിഫോമിന്റെ പോക്കറ്റിൽ തിരുകിയ കൈകളുമായി അദ്ദേഹം തിരിഞ്ഞു നിന്നു. “യെസ്?”

 

“സവോയ് ഹോട്ടലിലെ ഡിന്നറിനെക്കുറിച്ച് അന്ന് എന്തോ പറഞ്ഞിരുന്നില്ലേ നിങ്ങൾ?”

 

(അവസാനിച്ചു)


Thursday, March 19, 2026

കോൾഡ് ഹാർബർ - 79

നെരിപ്പോടിനരികിലെ ചാരുകസേരയിൽ വിശ്രമിക്കുന്ന ബ്രിഗേഡിയർ ഡോഗൽ മൺറോ കൈയിലെ ഗ്ലാസിൽ നിന്നും അല്പം ബ്രാൻഡി നുകർന്നു. സമീപത്തുള്ള ഷെൽഫിനരികിൽ നിൽക്കുന്ന ജാക്ക് കാർട്ടർ തന്റെ ഗ്ലാസിലേക്ക് സ്കോച്ച് വിസ്കി പകർന്നു. അപ്പോഴാണ് ജെനവീവ് ലൈബ്രറി റൂമിലേക്ക് പ്രവേശിച്ചത്.

 

“ആഹ്, ജെനവീവ്, വരൂ നിന്നെയൊന്ന് കാണട്ടെ” ബ്രിഗേഡിയർ പറഞ്ഞു. “നോട്ട് റ്റൂ ബാഡ്, ഐ സീ ഗുഡ് ആ ഫിലിമിനെക്കുറിച്ചുള്ള വാർത്ത അറിഞ്ഞു കാണുമല്ലോശരിയ്ക്കും ഒരു സംഭവം തന്നെ ഇത്തരം ജോലിയിൽ നീ നിന്റെ കഴിവ് തെളിയിച്ചിരിക്കുന്നു ഇനി എനിക്ക് നിന്നെ SOE യുടെ ദൗത്യങ്ങൾ ധൈര്യമായി ഏൽപ്പിക്കാം, മൈ ഡിയർ യൂ ഷുഡ് ഡൂ വെൽ

 

“ലൈക്ക് ഹെൽ ഐ വിൽ

 

“ഓ, യെസ്, ഫ്ലൈറ്റ് ഓഫീസർ ട്രെവോൺസ് നീ ഇപ്പോൾ കിംഗ്സ് കമ്മീഷൻ റാങ്കിലാണ് നിനക്ക് തന്നിട്ടുള്ള നിർദ്ദേശങ്ങൾ അക്ഷരംപ്രതി നീ അനുസരിക്കും അല്പസമയത്തിനുള്ളിൽ ലൈസാൻഡർ ഇവിടെയെത്തും ഞങ്ങളോടൊപ്പം നീ ലണ്ടനിലേക്ക് വരുന്നു

 

“ജസ്റ്റ് ലൈക്ക് ദാറ്റ്?”

 

“സ്വാഭാവികമായും ചില മെഡലുകൾ നിന്നെ കാത്തിരിക്കുന്നുണ്ടാവും നീ അർഹിക്കുന്നത് തന്നെ പിന്നെ ഫ്രഞ്ച് ഗവണ്മന്റിന്റെ വക ലെജിയൻ ഓഫ് ഓണർ ബഹുമതിയും ഉണ്ടാവും ഈ രംഗത്തുള്ള ഏതാനും പെൺകുട്ടികൾക്ക് MBE ബഹുമതിയാണ് നൽകിയിട്ടുള്ളത് പക്ഷേ, നിന്റെ കാര്യത്തിൽ അത് മതിയാവില്ല ഒരു മിലിട്ടറി ക്രോസ് ബഹുമതി ഏർപ്പാടാക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത് സാധാരണയായി വനിതകൾക്ക് അത് നൽകാറില്ല പക്ഷേ, കീഴ്വഴക്കം തെറ്റിക്കാൻ പാടില്ല എന്നൊന്നുമില്ല

 

“എന്റെ സഹോദരിയ്ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ അറിഞ്ഞു” അവൾ പറഞ്ഞു. “ഡോക്ടർ ബാം എല്ലാ കാര്യവും ക്രെയ്ഗിനോട് പറഞ്ഞു ക്രെയ്ഗ് അത് എന്നോട് പറയുകയും ചെയ്തു എന്തിന്, മാക്സ് പ്രീമിന് വരെ എല്ലാം അറിയാമായിരുന്നു

 

“അയാം സോറി” നിസ്സംഗതയോടെ മൺറോ പറഞ്ഞു. “യുദ്ധത്തിൽ പറ്റിയ ഒരു അബദ്ധം

 

“നിങ്ങൾ ആ കസേരയിൽ ഇരുന്ന് ബ്രാൻഡിയും നുകർന്നുകൊണ്ട് എന്നെ വിറ്റു” അവൾ പറഞ്ഞു. “തുടക്കം മുതൽക്കേ നുണ മാത്രം പറഞ്ഞു കൊണ്ട് നിങ്ങൾ എന്നെ ഈ ദൗത്യത്തിലേക്ക് വലിച്ചിഴച്ചു എന്നാൽ അതിലെ വിരോധാഭാസം എന്തായിരുന്നുവെന്ന് നിങ്ങൾക്കറിയുമോ ബ്രിഗേഡിയർ?”

 

“ഇല്ല പക്ഷേ, നീയത് എന്നോട് പറയുമെന്ന് ഉറപ്പുണ്ടെനിക്ക്

 

“എന്നെ വിൽക്കാൻ നിങ്ങൾ ഡോക്ടർ ബാമിന്റെ സഹായം തേടേണ്ട ആവശ്യമുണ്ടായിരുന്നില്ല ആൻ മേരി ജർമ്മനിയ്ക്ക് വേണ്ടിയായിരുന്നു ചാരപ്രവർത്തനം നടത്തിയിരുന്നത് അതുകൊണ്ട് തുടക്കം മുതൽ തന്നെ മാക്സ് പ്രീമിന് എന്നെ സംശയമുണ്ടായിരുന്നു ബൈ ദി വേ, അദ്ദേഹത്തെ ഞാൻ കൊന്നു ഈ പിസ്റ്റൾ കൊണ്ട് നട്ടെല്ലിന് പിറകിൽ രണ്ട് തവണ വെടിയുതിർത്തു” പോക്കറ്റിൽ നിന്നും വാൾട്ടർ പുറത്തെടുത്തു കൊണ്ട് അവൾ പറഞ്ഞു.

 

“അയാം സോറി, മൈ ഡിയർ” മൺറോ പറഞ്ഞു. “അയാളെ കൊല്ലാൻ നിനക്കാവുമെന്ന് സ്വപ്നത്തിൽ പോലും നീ വിചാരിച്ചിട്ടുണ്ടാവില്ല

 

“ശരിയാണ്

 

“പക്ഷേ, നിനക്കത് സാധിച്ചു ശരിയല്ലേ? ഞാൻ പറഞ്ഞില്ലേ, ഇത്തരം ജോലി ചെയ്യാനുള്ള കഴിവ് നിനക്കുണ്ടെന്ന് പിന്നെ, ആൻ മേരിയെക്കുറിച്ച് നീ പറഞ്ഞത് വാസ്തവമാണോ? ഉറപ്പാണോ നിനക്ക്?”

 

“ഓ, യെസ് അത് മാത്രമല്ല, വേറെയും ചിലതുണ്ട്” അവൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. “റോംനിയിലുള്ള നിങ്ങളുടെ ആ ഡബിൾ ഏജന്റില്ലേ? മിസ്സിസ് ഫിറ്റ്സ്ജെറാൾഡ്? ഐറിഷ് കലാപ കാലത്ത് IRA യിലെ മിഷേൽ കോളിൻസിനോടൊപ്പം പ്രവർത്തിച്ചിരുന്ന ആളായിരുന്നു അവരുടെ ഭർത്താവ് എന്ന കാര്യം അറിയുമായിരുന്നോ നിങ്ങൾക്ക്?”

 

മൺറോ സ്തബ്ധനായി നിന്നു. “ഇല്ല, ഞങ്ങൾക്കതറിയില്ലായിരുന്നു എന്തു പറ്റി?”

 

“അവർ നിങ്ങളെ കബളിപ്പിക്കുകയായിരുന്നു അവർ ഇപ്പോഴും ജർമ്മൻ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ലണ്ടനിലുള്ള IRA ബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ട്

 

“ഉറപ്പാണോ നിനക്ക്?” അദ്ദേഹത്തിന്റെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞിരുന്നു. അദ്ദേഹം കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “നമ്മൾ ലണ്ടനിൽ എത്തിയാലുടൻ സ്കോട്ട്‌ലണ്ട് യാർഡിലെ സ്പെഷ്യൽ ബ്രാഞ്ചുമായി ബന്ധപ്പെടണം ഐറിഷ് സെക്ഷനെ ഇറക്കി എല്ലാത്തിനെയും നമുക്ക് വലയിലാക്കണം” അദ്ദേഹം ജെനവീവിന് നേർക്ക് തിരിഞ്ഞു. “ഈ ഫിലിമിന്റെ ഉള്ളടക്കം കണ്ടാൽ ഐസൻഹോവർ നിലത്തൊന്നുമല്ല നിൽക്കുക റോമലിന്റെ അറ്റ്‌ലാന്റിക്ക് വാൾ പ്ലാനിനെക്കുറിച്ചുള്ള രേഖകൾ ഏറ്റവും വലിയ രസമെന്താണെന്ന് വച്ചാൽ അതിന്റെ പകർപ്പ് എടുക്കപ്പെട്ട വിവരം റോമലിന് അറിയില്ല എന്നതാണ്

 

“വണ്ടർഫുൾ” അവൾ പറഞ്ഞു. “അതിനുള്ള പാരിതോഷികം ഐസൻഹോവറിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും അല്ലേ?”

 

“അത് ശരി, അപ്പോൾ ഞാനൊരു ബാസ്റ്റർഡ് ആണെന്നാണല്ലേ നീ പറഞ്ഞു വരുന്നത്? യുദ്ധം ജയിക്കാൻ വേണ്ടി മാത്രം നടക്കുന്നവൻ എന്ന്?”

 

“അതെ, എന്നെപ്പോലുള്ളവരെ വെറും ഉപകരണങ്ങളാക്കിക്കൊണ്ട്” അവൾ പറഞ്ഞു.

 

“അതാണ് മാർഗ്ഗമെങ്കിൽ തീർച്ചയായും

 

അവൾ മേശയ്ക്കരികിലേക്ക് ചെന്ന് അതിൽ ചാരി അദ്ദേഹത്തിന് അഭിമുഖമായി നിന്നു. പിസ്റ്റൾ അപ്പോഴും അവളുടെ കൈയിലുണ്ടായിരുന്നു. “ഒരു പ്രസംഗം നടത്തണമെന്നാണ് ഞാൻ വിചാരിച്ചത് മാർഗ്ഗരേഖകളെയും പരസ്പര ബഹുമാനത്തെയും കുറിച്ച് നിയമങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ഈ നശിച്ച കളിയിൽ നിങ്ങളുടെ സ്ഥാനം നമ്മൾ തോല്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കിടയിൽ ആയിരുന്നേനെ

 

“എന്താണ് ഇപ്പോൾ ഇങ്ങനെയൊക്കെ പറയാൻ?” മൺറോ ചോദിച്ചു.

 

“ഓ, കോൾഡ് ഹാർബർ മുതൽ വോൺകോർട്ട് കൊട്ടാരം വരെ പലയിടത്തായി കിടക്കുന്ന മൃതശരീരങ്ങളെക്കുറിച്ച് ഞാൻ ഓർത്തുപോയി റിനേ ദിസ്സാർ, മാക്സ് പ്രീം, മാർട്ടിൻ ഹെയർ, ലിലി മർലിനിലെ മറ്റു നാവികർ, ക്രെയ്ഗ് ഓസ്ബോൺ ധീരരായ യുവാക്കളെല്ലാം കടലിനടിയിൽ ഉറങ്ങിക്കിടക്കുന്നു അങ്ങനെയല്ലേ ഒരു കവി പാടിയത്? എല്ലാം എന്തിനു വേണ്ടി?”

 

“മൈ ഡിയർ ജെനവീവ്” മൺറോ വിളിച്ചു. “സമയം പോകുന്നു നീ എന്താണ് പറഞ്ഞു കൊണ്ടു വരുന്നത്?”

 

“ഗെസ്റ്റപ്പോയെപ്പോലെ നിങ്ങളും ചീത്തയാണെന്ന് അതുകൊണ്ട് നിങ്ങളെയും എനിക്ക് ഗെസ്റ്റപ്പോയെ പോലെ തന്നെ കാണേണ്ടി വരുമെന്ന്

 

അവളുടെ കൈയിലെ വാൾട്ടർ അദ്ദേഹത്തിന് നേർക്ക് ഉയർന്നു. എന്നാൽ മൺറോയ്ക്ക് ഒരു ഭാവഭേദവുമുണ്ടായില്ല. ലൈബ്രറിയുടെ പിന്നിൽ മറഞ്ഞു നിൽക്കുകയായിരുന്ന ജൂലിയാണ് ഭയന്ന് നിലവിളിച്ചത്. “വേണ്ട ജെനവീവ് അദ്ദേഹത്തെ കൊന്നിട്ട് ഒരു പ്രയോജനവുമില്ല…!

 

നീട്ടിപ്പിടിച്ച പിസ്റ്റളുമായി വിളറിയ മുഖത്തോടെ ജെനവീവ് അവിടെത്തന്നെ നിന്നു. “വെൽ, ഗെറ്റ് ഓൺ വിത്ത് ഇറ്റ്” അക്ഷമയോടെ മൺറോ പറഞ്ഞു. “എന്താണെന്ന് വച്ചാൽ നിന്റെ ഇഷ്ടം പോലെ ചെയ്യൂ കുട്ടീ

 

“ഡാംൻ യൂ ബ്രിഗേഡിയർ!” ഒരു നെടുവീർപ്പിട്ട് അവൾ പിസ്റ്റൾ മേശപ്പുറത്ത് വച്ചു.

 

മുന്നോട്ട് വന്ന ജാക്ക് കാർട്ടർ വിസ്കിയുടെ ഒരു ഗ്ലാസ് അവളുടെ കൈയിൽ പിടിപ്പിച്ചു. ശേഷം ആ പിസ്റ്റൾ എടുത്ത് തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.

 

“നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ ഗ്ലാസ് കാലിയാക്കിയേനെ” മൺറോ പറഞ്ഞു. “നിനക്കത് വേണ്ടി വരും

 

“മദ്ധ്യാഹ്നം പോലുമായില്ലല്ലോ ഇനിയും ദുരന്തവാർത്തകളാണോ? കമോൺ ബ്രിഗേഡിയർ എന്താണെന്ന് വച്ചാൽ പറഞ്ഞു തുലയ്ക്ക്” അവൾ പറഞ്ഞു.

 

“കഴിഞ്ഞ രാത്രി നിന്റെ സഹോദരി യാത്രയായി” അദ്ദേഹം പറഞ്ഞു.

 

അവൾ കണ്ണുകൾ മുറുക്കിയടച്ചു. ചുറ്റും അന്ധകാരം മാത്രം. കാർട്ടറുടെ ഉദ്വേഗഭരിതമായ സ്വരം അവൾ കേട്ടു. “ആർ യൂ ഓൾറൈറ്റ്?”

 

അവൾ കണ്ണുകൾ തുറന്നു. “എന്തായിരുന്നു മരണകാരണം?”

 

“പോസ്റ്റ്മോർട്ടത്തിന് ഞാൻ നിർദ്ദേശം നൽകിയിരുന്നു ഹൃദയസ്തംഭനമായിരുന്നു

 

 “നിങ്ങൾ നൽകിയ ആ മരുന്നിന്റെ മറ്റൊരു പാർശ്വഫലം?”

 

“മിക്കവാറും

 

“അവൾ എവിടെയാണിപ്പോൾ? എനിക്കൊന്ന് കാണണം

 

“അതിന് സാധിക്കുമെന്ന് തോന്നുന്നില്ല

 

“ഒഫിഷ്യൽ സീക്രട്ട് ആക്റ്റ്? അത് വച്ചിട്ടായിരിക്കും നിങ്ങൾ എന്നെ തടയാൻ പോകുന്നത്?”

 

“അതിന്റെ ആവശ്യമില്ല” അദ്ദേഹം പറഞ്ഞു. “നിന്റെ പിതാവ് ജീവനോടെയുള്ളപ്പോൾ ഒരിക്കലും ഞങ്ങളത് ചെയ്യില്ല ഇതൊരു ഇഷ്യൂ ആക്കാനാണ് നിന്റെ ഭാവമെങ്കിൽ പല കാര്യങ്ങളും പുറത്തു വരും അസുഖകരമായ പല വസ്തുതകൾക്കുമൊപ്പം തന്റെ പ്രിയപുത്രിയായിരുന്ന ആൻ മേരി ഒരു നാസി ഏജന്റ് ആയിരുന്നുവെന്ന് അദ്ദേഹം അറിയും ഒരു പക്ഷേ ആ വാർത്ത അദ്ദേഹത്തിന് താങ്ങാനായെന്ന് വരില്ല എന്ത് തോന്നുന്നു?”

 

“ആ രേഖകളുടെ ഫോട്ടോസ് ഞാൻ കൊണ്ടുവന്നു തന്നില്ലേ? ചുരുങ്ങിയത് അതിന്റെ പേരിലെങ്കിലും എനിക്കൊരു ഒരു പ്രത്യുപകാരം ചെയ്തു തന്നുകൂടേ?”

 

“ഓൾറൈറ്റ് നീ വിജയിച്ചിരിക്കുന്നു” മൺറോ നെടുവീർപ്പിട്ടു. “ഒരു അനാഥ എന്ന നിലയിലായിരിക്കും അവളെ മറവു ചെയ്യുക സ്വാഭാവികമായും ശിലാഫലകമോ പേരോ മറ്റു വിവരങ്ങളോ ഒന്നും ഉണ്ടായിരിക്കില്ല മറ്റന്നാൾ രാവിലെ ആറു മണിക്ക് ഹൈഗേറ്റ് സെമിത്തേരിയിൽ

 

“എവിടെയാണ് അവൾ ഇപ്പോൾ?”

 

“കാംബർവെല്ലിലെ ഒരു പരികർമ്മിയാണ് ഞങ്ങൾക്ക് വേണ്ടി കാര്യങ്ങളെല്ലാം ചെയ്യാമെന്ന് ഏറ്റിരിക്കുന്നത് ജാക്ക് നിന്നെ അങ്ങോട്ട് കൊണ്ടുപോകും

 

“ഡോക്ടർ ബാമിന്റെ കാര്യമോ?” അവൾ ചോദിച്ചു.

 

“അയാൾ അയാളെ ഏല്പിച്ച ജോലി ചെയ്യുകയായിരുന്നു ഞങ്ങളെപ്പോലെ തന്നെ

 

ഫോൺ റിങ്ങ് ചെയ്തു. റിസീവർ എടുത്ത ജാക്ക് കാർട്ടർ മൺറോയുടെ നേർക്ക് തിരിഞ്ഞു. “ലൈസാൻഡർ ലാൻഡ് ചെയ്തിരിക്കുന്നു സർ

 

“ഗുഡ്” മൺറോ എഴുന്നേറ്റു. “എങ്കിൽ ശരി, നമുക്ക് പോകാം

 

“പക്ഷേ, അല്പം കൂടി കാത്തിരുന്നു കൂടേ?” ജെനവീവ് ചോദിച്ചു. “ക്രെയ്ഗും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും ഒരു പക്ഷേ രക്ഷപെട്ടിട്ടുണ്ടെങ്കിലോ?”

 

“അത് അടഞ്ഞ അദ്ധ്യായം ഇനിയതിന് പ്രസക്തിയില്ല” മൺറോ പറഞ്ഞു. “അതുകൊണ്ട്, വരൂ, നമുക്ക് പുറപ്പെടാം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Saturday, March 14, 2026

കോൾഡ് ഹാർബർ - 78

മുനമ്പിന് മുകളിൽ നിന്നിരുന്ന ഡോഗൽ മൺറോ തന്റെ ബൈനോക്കുലേഴ്സ് പതുക്കെ താഴ്ത്തി. വിളറി വെളുത്ത് മ്ലാനമായിരുന്നു അദ്ദേഹത്തിന്റെ മുഖം. ജൂലി ലെഗ്രാൻഡ് ഉറക്കെ കരയുന്നുണ്ടായിരുന്നു. കാർട്ടർ അവളുടെ ചുമലിൽ കൈ വച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

“ഇനി എന്താണ് സർ? അവിടെ ഒരു ഡിങ്കി കണ്ടതു പോലെ എനിക്ക് തോന്നി” കാർട്ടർ പറഞ്ഞു.

 

“തിരികെ പോകാം ജാക്ക് നമുക്ക് കോസ്റ്റ്ഗാർഡിനെ അറിയിക്കണം ഫാൾമൗത്തിൽ നിന്നുമുള്ള ലൈഫ്ബോട്ടിന് അവിടെയെത്താൻ അധിക സമയമൊന്നും വേണ്ടി വരില്ല പ്രതീക്ഷ അസ്തമിച്ചിട്ടില്ല

 

അങ്ങനെ പറഞ്ഞുവെങ്കിലും സ്വന്തം വാക്കുകളിൽ അദ്ദേഹത്തിന് ലവലേശം പോലും വിശ്വാസമുള്ളത് പോലെ തോന്നിയില്ല.

 

                                                 ***

 

കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ ഡിങ്കി വല്ലാതെ ആടിയുലയുന്നുണ്ടായിരുന്നു. തത്ഫലമായി ജെനവീവ് പല തവണ ഛർദ്ദിച്ചു. ഉള്ളിലുള്ളതെല്ലാം തികട്ടി പുറത്ത് വന്നതോടെ തീർത്തും അവശയായിരുന്നു അവൾ. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം കറുത്തിരുണ്ട മാനം. കോരിച്ചൊരിയുന്ന മഴ. ഒരടിയോളം വെള്ളം കെട്ടിക്കിടക്കുന്ന ഡിങ്കിയ്ക്കുള്ളിൽ ദേഹമാസകലം നനഞ്ഞ് കുതിർന്ന് മലർന്ന് കിടക്കുകയായിരുന്നതിനാൽ അവൾക്ക് മഴയൊന്നും ഒരു പ്രശ്നമേയല്ലായിരുന്നു.

 

ലിലി മർലിൻ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായിട്ട് ഏതാണ്ട് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകണം. അധികമലെയല്ലാതെ ഒരു എഞ്ചിന്റെ ശബ്ദം കേട്ട് അവൾ എഴുന്നേറ്റ് ഇരുന്ന് നോക്കി. ഫാൾമൗത്തിൽ നിന്നുള്ള ഒരു ലൈഫ്ബോട്ട് തനിക്കരികിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതാണ് അവൾ കണ്ടത്. അഞ്ച് മിനിറ്റിനുള്ളിൽ അവർ അവളെ ആ ബോട്ടിന്റെ ക്യാബിനുള്ളിൽ എത്തിച്ചു. അവർ നൽകിയ ബ്ലാങ്കറ്റ് പുതച്ച് ഇരിക്കുന്ന അവൾക്ക് ഒരാൾ ചൂടു കാപ്പി നൽകി.

 

ഓയിൽസ്കിൻ ധരിച്ച, നരച്ച മുടിയുള്ള ഒരു മദ്ധ്യവയസ്കൻ പ്രസന്നമായ മുഖത്തോടെ അവളുടെ മുന്നിലെത്തി. “മിസ്, ഞാനാണ് ഈ ബോട്ടിന്റെ സ്രാങ്ക് ആർ യൂ ഓൾറൈറ്റ്?”

 

“യെസ്” അവൾ പറഞ്ഞു.

 

“വേറെയാരെയും കണ്ടെത്താൻ ഞങ്ങൾക്കായില്ല

 

“അതിനുള്ള സാദ്ധ്യതയുണ്ടെന്ന് തോന്നുന്നുമില്ല” നിർവ്വികാരതയോടെ അവൾ പറഞ്ഞു.

 

“എന്തായാലും ഒരു മണിക്കൂർ കൂടി ഞങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട് അതിന് ശേഷം നിങ്ങളെ കോൾഡ് ഹാർബറിൽ എത്തിക്കാനാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം” ഒന്ന് സംശയിച്ചിട്ട് അയാൾ തുടർന്നു. “യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് മിസ്? എങ്ങനെയാണ് കപ്പൽ മുങ്ങിയത്?”

 

“എനിക്കറിയില്ല” അവൾ പറഞ്ഞു. “എനിക്ക് തോന്നുന്നത് എല്ലാം ഒരു ഗെയിം ആയിരുന്നുവെന്നാണ് പക്ഷേ, കൈവിട്ടു പോയി എന്ന് മാത്രം വിഡ്ഢിത്തരത്തിന്റെ അങ്ങേയറ്റം ജസ്റ്റ് ലൈക്ക് ദി വാർ

 

ഒന്നും മനസ്സിലാവാതെ അയാൾ പുരികം ചുളിച്ചു. പിന്നെ ചുമൽ വെട്ടിച്ച് പുറത്തേക്ക് പോയി. ജെനവീവ് ഇരുകൈകളും മഗ്ഗിൽ ചേർത്ത് പിടിച്ചു. അതിന്റെ ചൂടിൽ അല്പം ആശ്വാസം തോന്നിയ അവൾ ദൂരേയ്ക്ക് നോക്കി ഇരുന്നു.

 

                                                   ***

 

ഡാർക്ക് റൂമിൽ വച്ച് കാർട്ടർ ആ ഫിലിം റോൾ പുറത്തെടുത്തു. തൊട്ടടുത്ത് നിന്നിരുന്ന മൺറോ ചോദിച്ചു. “ഫിലിമിന് കുഴപ്പമൊന്നുമില്ലല്ലോ ജാക്ക്? കുറേയധിക നേരം വെള്ളത്തിൽ കിടക്കുകയായിരുന്നല്ലോ അവൾ

 

“കണ്ടിട്ട് കുഴപ്പമൊന്നും ഇല്ലെന്ന് തോന്നുന്നു സർ അത് അങ്ങനെയേ വരൂ ആ കെയ്സിലുള്ള സിഗരറ്റുകൾ പോലും നനഞ്ഞിരുന്നില്ല” അയാൾ ആ ഫിലിം ഉയർത്തി കാണിച്ചു.

 

“ഇത് റോമലിന്റെ ബ്രീഫ്കെയ്സിൽ ഉണ്ടായിരുന്ന രേഖകളുടെ പകർപ്പ് തന്നെയാണെന്നാണോ അവൾ പറയുന്നത്?” മൺറോ ചോദിച്ചു.

 

“അതെ സർ വേറെയും പേപ്പറുകൾ ഉണ്ടായിരുന്നുവത്രെ പക്ഷേ, ഇരുപത് ഷോട്ടുകൾ മാത്രമേ ആ ഫിലിം കൊണ്ട് എടുക്കാനാവുമായിരുന്നുള്ളൂ

 

“എന്തായാലും ഇതൊരു മിറാക്കിൾ തന്നെയാണ് ജാക്ക് ഈ യുദ്ധത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് അട്ടിമറി ഐസൻഹോവറിനും SHAEFൽ ഉള്ള പ്ലാനിങ്ങ് സ്റ്റാഫിനും ഇതു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല...” അദ്ദേഹം തല കുലുക്കി. “ഷീ ഡിഡ് ഇറ്റ്, ജാക്ക് അവളെപ്പോലൊരു പെൺകുട്ടി അതും ചാരവൃത്തിയിൽ ഒട്ടും പ്രവൃത്തി പരിചയമില്ലാത്തവൾ എന്റെ നിഗമനങ്ങൾ പാടെ തെറ്റിപ്പോയി എന്ന് പറയേണ്ടി വരും

 

“ശരിയാണ് സർ പക്ഷേ, അതിന്റെ വില വളരെ വലുതായിപ്പോയി എന്ന് മാത്രം

 

“ഇന്നലെ രാത്രി ലുഫ്ത്‌വാഫ് വിമാനങ്ങൾ വീണ്ടും ലണ്ടന് മേൽ ബോംബ് വർഷിച്ചു നിരവധി പേർ മരണമടഞ്ഞു അവരുടെ ജീവനൊന്നും വിലയില്ലേ? വേറെയും ഉദാഹരണങ്ങൾ പറയണോ ഞാൻ?”

 

“വേണ്ട സർ എനിക്ക് മനസ്സിലായി

 

മൺറോ തല കുലുക്കി. “എനിക്ക് ലണ്ടനിലേക്ക് ചില ഫോൺ കോളുകൾ ചെയ്യാനുണ്ട് അര മണിക്കൂറിന് ശേഷം ലൈബ്രറിയിൽ വച്ച് കാണാം നമുക്ക്

 

“ജെനവീവിന്റെ കാര്യമോ സർ?”

 

“ഓ, അവളെയും കൂട്ടിക്കൊണ്ടു വന്നോളൂ

 

                                               ***

 

ജൂലി ബാത്ത് ടബ്ബിൽ നിറച്ചു കൊടുത്ത ഇളംചൂടുവെള്ളത്തിന്റെ ചൂട് മാറുന്നത് വരെയും ജെനവീവ് മുങ്ങിക്കിടന്നു. പിന്നെ എഴുന്നേറ്റ് ശ്രദ്ധയോടെ ദേഹം തോർത്തി. ശരീരത്തിൽ എമ്പാടും പോറലും ചതവുമാണ്. എങ്കിലും വേദനയൊന്നും തോന്നിയില്ല അവൾക്ക്. പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല എന്ന് പറയുന്നതായിരിക്കും ശരി. അവൾക്ക് ആവശ്യമുള്ള അണ്ടർവെയറും പാന്റ്സും ജാക്കറ്റും കട്ടിയുള്ള ഒരു സ്വെറ്ററും ജൂലി കിടക്കയിൽ വച്ചിട്ടുണ്ടായിരുന്നു. വേഷം ധരിച്ചു കഴിഞ്ഞപ്പോഴേക്കും ജൂലി കടന്നു വന്നു.

 

“എങ്ങനെയുണ്ട് ഷെറീ?”

 

“ഫൈൻ വിഷമിക്കാനൊന്നുമില്ല” ഒന്ന് സംശയിച്ചിട്ട് അവൾ ചോദിച്ചു. “ക്രെയ്ഗിനെയും കൂട്ടരെയും കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?”

 

“ഇല്ല കുട്ടീ

 

“എനിക്കും പ്രതീക്ഷയൊന്നും ഇല്ലായിരുന്നു

 

“അല്പം മുമ്പ് ജാക്കിനെ കണ്ടിരുന്നു ആ ഫിലിം റോളിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പറഞ്ഞത് ഇത് നിനക്ക് തരാൻ പറഞ്ഞു

 

ജൂലി ആ സിഗരറ്റ് കെയ്സ് അവൾക്ക് നൽകി. ചെറുതായൊന്ന് പുഞ്ചിരിച്ചിട്ട് അവൾ അത് വാങ്ങി. “എന്നെന്നും ഓർമ്മിക്കാനായി ഒരു സുവനീർ ഇത് എനിക്കുള്ളതാണോ?”

 

“അതെനിക്കറിയില്ല കുട്ടീ മൺറോ ലൈബ്രറിയിലുണ്ടെന്ന് ജാക്ക് പറഞ്ഞു അദ്ദേഹത്തിന് നിന്നെ കാണണമത്രെ

 

“ഗുഡ്” ജെനവീവ് പറഞ്ഞു. “അത് നന്നായി അദ്ദേഹത്തെ എനിക്കുമൊന്ന് കാണണം

 

വാതിലിന് നേർക്ക് നടന്ന ജെനവീവ് അപ്പോഴാണ് മുറിയുടെ മൂലയിൽ കൊളുത്തിയിട്ടിരുന്ന ആൻ മേരിയുടെ വസ്ത്രങ്ങൾ കണ്ടത്. ഒന്ന് സംശയിച്ചു നിന്ന അവൾ അങ്ങോട്ട് ചെന്ന് തന്റെ സഹോദരിയുടെ ഹണ്ടിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിൽ പരതി.  കൈയിൽ ഒരു വാൾട്ടർ പിസ്റ്റളുമായിട്ടാണ് അവൾ തിരിഞ്ഞത്.

 

“വിലപിടിപ്പുള്ള മറ്റൊരു സുവനീർ കൂടി” ആ പിസ്റ്റൾ പോക്കറ്റിൽ നിക്ഷേപിച്ചിട്ട്, തിരിഞ്ഞ് വാതിൽ തുറന്ന് അവൾ പുറത്തേക്ക് പോയി.

 

അമ്പരപ്പോടെ ഒരു നിമിഷം സ്തബ്ധയായി നിന്നുപോയ ജൂലി പിന്നെ അവളെ അനുഗമിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, March 7, 2026

കോൾഡ് ഹാർബർ - 77

ലിലി മർലിന്റെ നേർക്ക് ഒരു റൗണ്ട് വെടിയുതിർത്തിട്ട് എഡ്ജ്, വിമാനം വലതുവശത്തേക്ക് വളച്ചെടുത്തു. ഹെയറിനൊപ്പം ക്രെയ്ഗും ജെനവീവും വീൽഹൗസിൽ ഉണ്ടായിരുന്നു.

 

“ജീസസ്, അത് എഡ്ജാണല്ലോ” ക്രെയ്ഗ് പറഞ്ഞു. “ഇവനെന്താണീ കാണിക്കുന്നത്?”

 

സാധാരണഗതിയിൽ ഒരിക്കലും ഉപയോഗിക്കാറില്ലാത്ത റേഡിയോയുടെ നേർക്ക് ഹെയർ തിരിഞ്ഞു. ലൗഡ്സ്പീക്കർ ഓൺ ചെയ്തിട്ട് അദ്ദേഹം ഹാൻഡ്മൈക്ക് കൈയിലെടുത്തു. “കമിൻ എഡ്ജ്! കമിൻ! വാട്ട്സ് ഗോയിങ്ങ് ഓൺ?”

 

താഴ്ന്ന് പറന്ന ജങ്കേഴ്സ് വീണ്ടും അവരുടെ നേർക്ക് എത്തി. വിമാനത്തിൽ നിന്നുള്ള പീരങ്കിയുടെ ഷെല്ലുകൾ അവരുടെ ഇടതുഭാഗത്തായി വെള്ളത്തിൽ പതിച്ചു.

 

“യൂ ആർ ഡെഡ്!” വളരെ വ്യക്തമായിരുന്നു ലൗഡ്സ്പീക്കറിലൂടെയെത്തിയ എഡ്ജിന്റെ സ്വരം. ഒരു ഭ്രാന്തനെപ്പോലെ അലറി ചിരിക്കുകയായിരുന്നു അവൻ. “നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നുണ്ടോ ഹെയർ?” അവൻ വിമാനം ഉയർത്തി ദൂരേയ്ക്ക് പറന്നു. “നിങ്ങളെക്കൊണ്ട് ഞങ്ങൾക്കുണ്ടായ ശല്യം കുറച്ചൊന്നുമല്ല ഏറ്റവും ബുദ്ധിമുട്ടിയത് ആ വയസ്സൻ പാവം ബ്രിഗേഡിയറാണ് നിങ്ങളും ഓസ്ബോണും ആ നശിച്ച ട്രെവോൺസും തിരികെ വരാതിരിക്കുകയായിരുന്നു ഞങ്ങൾക്ക് നല്ലത്

 

അവൻ വീണ്ടും കപ്പലിന്റെ വലതുഭാഗത്തേക്ക് പറന്നെത്തി. ഹെയർ ലോക്കർ തുറന്ന്, മടക്കി വച്ചിട്ടുള്ള ഒരു പതാകയെടുത്ത് ലാങ്ങ്സ്ഡോർഫിന് നേർക്ക് നീട്ടി. “എനിക്ക് തോന്നുന്നത്, നമ്മുടെ പതാക ശരിയ്ക്കും ഒരു പ്രശ്നമാകുമെന്നാണ് ആ ക്രീഗ്സ്മറീൻ പതാക താഴെയിറക്കി ഇത് ഉയർത്താൻ പറയൂ

 

വേഗത വർദ്ധിപ്പിച്ച് വലതുവശത്തേക്ക് തിരിച്ചതോടെ മുൻഭാഗം ഉയർന്ന് പൊങ്ങി കപ്പൽ കുതിച്ചു. പതാകയുമായി പുറത്തേക്ക് ഇറങ്ങിയ ലാങ്ങ്സ്ഡോർഫ് ഉച്ചത്തിൽ വിളിച്ചു. വിളി കേട്ട് വാഗ്‌നർ ഗോവണി വഴി മുകളിലെത്തി. ആ പതാക അയാൾക്ക് കൈമാറി, വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ട് ലാങ്ങ്സ്ഡോർഫ് തിരികെയെത്തി.

 

“ഇപ്പോഴും ഇവിടെയുണ്ടല്ലേ?” എഡ്ജിന്റെ ശബ്ദം ലൗഡ്സ്പീക്കറിൽ വീണ്ടും മുഴങ്ങി. “നമുക്ക് ഒന്നു കൂടി മുട്ടിനോക്കിയാലോ? നോക്കിക്കോളൂ എത്രത്തോളം നിങ്ങളുടെ അരികിൽ എനിക്ക് എത്താൻ ആവുമെന്ന്

 

പാഞ്ഞെത്തിയ വിമാനം ഏതാണ്ട് അമ്പത് അടി ഉയരത്തിൽ കപ്പലിന്റെ പിൻഭാഗത്തെ ഡെക്കിന് മുകളിലൂടെ കടന്നു പോയി. ആ സമയത്ത് വാഗ്‌നർ വീൽഹൗസിന് മുകളിലെ കൊടിമരത്തിലുള്ള ക്രീഗ്സ്മറീൻ പതാക താഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത നിമിഷം നക്ഷത്രങ്ങളും വരകളുമുള്ള അമേരിക്കൻ പതാക തൽസ്ഥാനത്ത് ഉയർന്നു. ആ ദൃശ്യം എഡ്ജിനെ ഒന്നു കൂടി രോഷാകുലനാക്കി.

 

“ബ്ലഡി യാങ്ക്സ്…!” അവൻ അലറി വിളിച്ചു.

 

വീണ്ടും താഴ്ന്ന് പറന്നെത്തിയ എഡ്ജ് തന്റെ മെഷീൻ ഗൺ പ്രവർത്തിപ്പിക്കുവാനാരംഭിച്ചു. ഡെക്കിൽ വലതുഭാഗത്ത് തുരുതുരാ വന്ന് പതിച്ച വെടിയുണ്ടകളേറ്റ് കൊല്ലപ്പെട്ട ഹാഡ്റ്റും ഷ്നൈഡറും  കൈവരികൾക്ക് മുകളിലൂടെ കടലിലേക്ക് മറിഞ്ഞു.

 

“ജീസസ്, അവന് വട്ടാണ്…!” ക്രെയ്ഗ് പറഞ്ഞു.

 

ഡെക്കിന് പിൻഭാഗത്തെ ബോഫോഴ്സ് ഗൺ ഓപ്പറേറ്റ് ചെയ്യാൻ അപ്പോഴേക്കും വാഗ്‌നറും ബോവറും ഓടിയെത്തി. ഗണ്ണിൽ ഉയർന്നു പൊങ്ങിയ ട്രേസർ ഒരു ആർച്ച് രൂപത്തിൽ വിമാനത്തിന് നേർക്ക് കുതിച്ചു. അതോടൊപ്പം, ഡെക്കിന് മുൻഭാഗത്തെ 20mm പീരങ്കിയുടെ പിറകിൽ നിന്നിരുന്ന വിറ്റിഗ് ഒട്ടും സമയം പാഴാക്കാതെ അത് പ്രവർത്തിപ്പിച്ചു.

 

വലതുവശത്തെ ചിറകിൽ പീരങ്കിയുടെ ഷെല്ലുകളേറ്റ് ദ്വാരങ്ങൾ വീണതോടെ ജങ്കേഴ്സ് ആടിയുലഞ്ഞു. ശപിച്ചുകൊണ്ട് എഡ്ജ് വിമാനം ഇടതുവശത്തേക്ക് വീശിയെടുത്തു. “ഓൾറൈറ്റ് യൂ ബാസ്റ്റഡ്സ്” അവൻ അലറി. “അത്രയ്ക്കായി അല്ലേ എന്നാൽ പിന്നെ ഇതാ പിടിച്ചോ.”

 

അവൻ വീണ്ടും താഴേയ്ക്ക് എത്തി. ഇത്തവണ വളരെ താഴ്ന്ന് കപ്പലിന്റെ പിൻഭാഗത്തേയ്ക്ക്. ഹെയർ ലിലി മർലിന്റെ വേഗത വർദ്ധിപ്പിച്ചു. ഡെയിംലർ ബെൻസ് എഞ്ചിനുകൾ അതിന്റെ സകല ശക്തിയുമെടുത്ത് പ്രവർത്തിച്ചു തുടങ്ങിയതോടെ വേഗത നാല്പത് നോട്ട്സിന് മുകളിലായി. തിരകൾക്ക് മുകളിലൂടെ കയറിയിറങ്ങിക്കൊണ്ട് അത് ഹാർബർ ലക്ഷ്യമാക്കി കുതിച്ചു.

 

എഡ്ജ് വിദഗ്ദ്ധനായൊരു പൈലറ്റ് ആണെന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ അന്നത്തെ പ്രഭാതത്തിൽ മനസ്സിലൂടെ പാഞ്ഞ ചിന്തകളും മദ്യപാനവും അവനെ ഒരു ജീനിയസ് ആക്കി എന്ന് പറയുന്നതായിരിക്കും ശരി. ഏതാണ്ട് നാനൂറ് മൈൽ വേഗതയോടെ കടൽ നിരപ്പിൽ നിന്നും കേവലം മുപ്പത് അടി മാത്രം ഉയരത്തിൽ അവൻ കപ്പലിന് നേർക്ക് പറന്നെത്തി.

 

ക്രെയ്ഗ് ജെനവീവിന്റെ കൈ പിടിച്ച് വലിച്ചു. “തറയിൽ കമഴ്ന്ന് കിടക്കൂ!” അദ്ദേഹം അലറി. അവളെ വലിച്ച് താഴെയിട്ടിട്ട് അദ്ദേഹവും കമഴ്ന്നു കിടന്നു.

 

എഡ്ജ് തന്റെ മെഷീൻ ഗണ്ണുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. ഡെക്കിന്റെ പിൻഭാഗത്ത് അസംഖ്യം വെടിയുണ്ടകൾ വന്നു പതിച്ചു. ബോഫോഴ്സ് ഗൺ ഓപ്പറേറ്റ് ചെയ്തിരുന്ന വാഗ്‌നറും ബോവറും വെടിയേറ്റ് മറിഞ്ഞു വീണു. വീൽഹൗസിന്റെ ചില്ലു ജാലകങ്ങൾ തകർത്ത മറ്റൊരു വെടിയുണ്ട ലാങ്ങ്സ്ഡോർഫിന്റെ മുതുകത്താണ് തറച്ചത്. തല കീഴായി അയാൾ താഴേക്ക് വീണു.

 

പെട്ടെന്നാണ് ലിലി മർലിന്റെ വേഗത കുറഞ്ഞത്. ക്രെയ്ഗ് ചാടിയെഴുന്നേറ്റു. ഒപ്പം ജെനവീവും. മുന്നോട്ട് വേച്ച് വേച്ച് വരുന്ന ഹെയറിനെയാണ് അവൾ കണ്ടത്. അദ്ദേഹത്തിന്റെ റീഫർ ജാക്കറ്റിൽ രക്തം പുരണ്ടിരുന്നു. കൺട്രോൾ പാനലിന്റെ പാതിഭാഗം വെടിയുണ്ടകളേറ്റ് തെറിച്ചു പോയിരിക്കുന്നു. താഴെ ഡെക്കിൽ പീരങ്കി പ്രവർത്തിപ്പിച്ചിരുന്ന വിറ്റിഗ് ചേതനയറ്റ് പീരങ്കിയുടെ കുഴലിന് മേൽ വീണു കിടക്കുന്നു.

 

“നിങ്ങൾക്ക് പരിക്കേറ്റിരിക്കുന്നല്ലോ മാർട്ടിൻ” അവൾ ഹെയറിന്റെ ചുമലിൽ കൈ വച്ചു.

 

അദ്ദേഹം അവളെ തള്ളി മാറ്റി. ആ സമയത്ത് ഇടതുവശത്തു കൂടി പറന്നെത്തിയ ജങ്കേഴ്സ് കപ്പലിന് നേർക്ക് വീണ്ടും ഷെല്ലുകൾ വർഷിച്ചു. ലിലി മർലിന് തീ പിടിച്ചു കഴിഞ്ഞിരുന്നു. താഴെ നിന്നും ഉയർന്നു തുടങ്ങിയ പുകച്ചുരുളുകൾക്കിടയിലൂടെ ഡെക്കിന്റെ മുൻഭാഗത്തേയ്ക്ക് ഓടുന്ന ഷ്മിഡ്റ്റിനെ അവൾ കണ്ടു. പീരങ്കിക്കുഴലിന് മുകളിൽ വീണുകിടക്കുന്ന വിറ്റിഗിന്റെ മൃതദേഹം വലിച്ചു മാറ്റി വീണ്ടും അത് പ്രവർത്തിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു അവൻ.

 

“കപ്പൽ മുങ്ങുകയാണ് ജെനവീവിനെ പുറത്തെത്തിക്കണം” ഹെയർ വിളിച്ചു പറഞ്ഞു.

 

അവളെയും കൊണ്ട് ക്രെയ്ഗ് ഡെക്കിലേക്ക് ഇറങ്ങി. അപ്പോഴേക്കും ഡെക്കിലേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നു. തൊട്ടു പിന്നാലെ ഹെയറും ഇറങ്ങി. ഡെക്കിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരുന്ന റബ്ബർ ഡിങ്കികളിൽ ഒന്ന് അദ്ദേഹവും ക്രെയ്ഗും ചേർന്ന് അഴിച്ചെടുത്ത് കൈവരികൾ മുകളിലൂടെ വെള്ളത്തിലേക്കിട്ടു.

 

ഡിങ്കിയിൽ ബന്ധിച്ചിരുന്ന കയറിന്റെ അറ്റം ക്രെയ്ഗിന്റെ കൈയിലായിരുന്നു. “ഗോ ഓൺ ഗെറ്റ് ഇൻ!” അദ്ദേഹം അവളോട് പറഞ്ഞു.

 

അദ്ദേഹം പറഞ്ഞത് പോലെ തന്നെ അവൾ ചെയ്തു. ഡിങ്കിയിലേക്ക് ചാടുന്നതിനിടയിൽ അടി തെറ്റിയ അവൾ തല കുത്തിയാണ് അതിലേക്ക് വീണത്. അതേ നിമിഷം തന്നെ എഡ്ജ് വീണ്ടും കപ്പലിന്റെ പിൻഭാഗത്തേക്ക് താഴ്ന്ന് പറന്നെത്തി.

 

“ആ നായിന്റെ മോന് കൊടുത്തിട്ടേയുള്ളൂ ഇനി ബാക്കി കാര്യം” ഹെയർ തിരിഞ്ഞ് ബോഫോഴ്സ് ഗണ്ണിന് നേർക്ക് കുതിച്ചു.

 

ഒന്ന് സംശയിച്ച് നിന്ന ക്രെയ്ഗ് പെട്ടെന്ന് കൈയിലെ കയർ റിലീസ് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ ജെനവീവും ഡിങ്കിയും കപ്പലിൽ നിന്നും ഏതാണ്ട് പത്ത് വാര ദൂരത്ത് എത്തിക്കഴിഞ്ഞിരുന്നു. “ക്രെയ്ഗ്!” അവൾ അലമുറയിട്ടു. പക്ഷേ, വൈകിപ്പോയിരുന്നു.

 

ഞൊടിയിടയിൽ അദ്ദേഹം ബോഫോഴ്സ് ഓപ്പറേറ്റ് ചെയ്യുന്ന ഹെയറിനരികിലെത്തി. മുട്ടറ്റം വെള്ളമുണ്ടായിരുന്നു ഡെക്കിൽ അപ്പോൾ. “വിമാനത്തിന്റെ അടിഭാഗമായിരിക്കണം ഉന്നം ” ക്രെയ്ഗ് വിളിച്ചു പറഞ്ഞു. “ആ നൈട്രസ് ഓക്സൈഡ് ടാങ്കുകൾ അതാണ് തകർക്കേണ്ടത്

 

ഷെല്ലുകൾ ഉതിർത്തു കൊണ്ട് മുകളിലെത്തിയ ജങ്കേഴ്സിനെ ലക്ഷ്യമാക്കി ഹെയർ ബോഫോഴ്സ് പ്രവർത്തിപ്പിച്ചു. എന്നാൽ ഷെല്ലുകളേറ്റ് ഉയർന്ന് പൊങ്ങി പിറകോട്ട് മറിയുന്ന മാർട്ടിൻ ഹെയറിനെയാണ് ഡിങ്കിയിൽ കിടക്കുകയായിരുന്ന ജെനവീവ് കണ്ടത്. പീരങ്കിയുടെ നിയന്ത്രണം ഏറ്റെടുത്ത ക്രെയ്ഗ് തലയ്ക്ക് മുകളിലൂടെ പറന്നുയരുന്ന ജങ്കേഴ്സിനെ ലക്ഷ്യമാക്കി ഉന്നം പിടിച്ചു.

 

ജെനവീവ് തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ സ്ഫോടനമായിരുന്നു അത്. നൈട്രസ് ഓക്സൈഡ് ടാങ്കുകൾ ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ചപ്പോൾ ആ ജങ്കേഴ്സ് വിമാനം വലിയൊരു തീഗോളമായി മാറി. അനേകം കഷണങ്ങളായി ചിതറിത്തെറിച്ച വിമാന ഭാഗങ്ങൾ കടലിൽ എമ്പാടും വന്നു പതിച്ചു.

 

വലിയൊരു തിരമാലയുടെ മുകളിലേക്ക് ആ ഡിങ്കി കയറി. കപ്പലിൽ നിന്നും ഏതാണ്ട് അമ്പത് വാരയോളം അകലെയായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. ലിലി മർലിന്റെ മുൻഭാഗം വെള്ളത്തിന് മുകളിലേക്ക് ഉയരുന്നത് ജെനവീവ് കണ്ടു. ക്രെയ്ഗ് ഓസ്ബോണിന്റെയോ ഷ്മിഡ്റ്റിന്റെയോ യാതൊരു അടയാളവും എങ്ങും കാണാനുണ്ടായിരുന്നില്ല. തന്റെ കണ്ണ് എത്തുന്ന ദൂരത്തെങ്ങും ഒരു മനുഷ്യന്റെയും അടയാളമില്ല. കപ്പലിന്റെ മുൻഭാഗം ഒന്നു കൂടി മുകളിലേക്കുയർന്നു. ഒരു നിമിഷ നേരം, കൊടിമരത്തിലെ അമേരിക്കൻ പതാക ഒന്നു കൂടി വിടർന്ന് പാറിക്കളിച്ചു. പിന്നെ കപ്പൽ  വെള്ളത്തിനടിയിലേക്ക് ഇറങ്ങുവാൻ തുടങ്ങി. അധികം താമസിയാതെ ലിലി മർലിൻ പൂർണ്ണമായും കടലിന്റെ അഗാധതയിൽ അപ്രത്യക്ഷമായി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, February 26, 2026

കോൾഡ് ഹാർബർ - 76

ലിലി മർലിൻ എത്താൻ ഇനി അധികം താമസമില്ലാത്തതിനാൽ മൺറോ ഉറങ്ങാൻ പോയില്ല. ലൈബ്രറിയിൽ ഇരുന്ന് ഫയലുകൾ പരിശോധിച്ചു കൊണ്ടിരിക്കവെയാണ് ഫ്രണ്ട് ഡോർ ആരോ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടത്. അദ്ദേഹം എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന് നോക്കി. പുറത്തു കിടന്നിരുന്ന ജീപ്പുകളിൽ ഒന്നിൽ കയറി പാഞ്ഞു പോകുന്ന ജോ എഡ്ജിനെയാണ് അദ്ദേഹം കണ്ടത്.

 

വാതിൽ തുറന്ന് ഒരു ട്രേയുമായി ജാക്ക് കാർട്ടർ പ്രവേശിച്ചു. “ചായ എടുക്കട്ടെ സർ?”

 

മൺറോ തന്റെ ഇരിപ്പിടത്തിനരികിലേക്ക് തിരിച്ചു വന്നു. “എഡ്ജ് ഇപ്പോൾ ജീപ്പുമായി പാഞ്ഞു പോകുന്നത് കണ്ടു ഇത്ര രാവിലെ എങ്ങോട്ടാണാവോ?”

 

Hanged Man ലേക്ക് ആയിരിക്കും സർ E-ബോട്ട് എത്താൻ ഇനി അധികം നേരമില്ലല്ലോ

 

“ശരിയാണ്” മൺറോ പറഞ്ഞു. “നമുക്കും ഇറങ്ങാറായി ചായ പകർന്നോളൂ ജാക്ക്

 

                                                          ***

 

സെർജന്റ് ഹെൻഡേഴ്സൻ ആ ജങ്കേഴ്സിനെ ഹാങ്കറിൽ നിന്നും പുറത്തിറക്കിക്കഴിഞ്ഞിരുന്നു. വിമാനത്തിൽ നിന്നും താഴേക്കിറങ്ങിയതും എഡ്ജിന്റെ ജീപ്പ് എയർസ്ട്രിപ്പിലേക്കെത്തി. ഹെൽമറ്റും ഗോഗ്‌ൾസും എടുത്തണിഞ്ഞ ശേഷം അവൻ ചിൻ‌സ്ട്രാപ്പ് അഡ്ജസ്റ്റ് ചെയ്തു. വിമാനത്തിനടുത്തേക്ക് നടന്നടുക്കവെ അവന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.

 

“എവ്‌രിതിങ്ങ് ഓൾറൈറ്റ്, സെർജന്റ്?” എഡ്ജ് ചോദിച്ചു.

 

“റെഡി റ്റു ഗോ, സർ

 

വേച്ച് വീഴാൻ പോയ എഡ്ജിനെ ഹെൻഡേഴ്സൻ താങ്ങി നിർത്തി. “യൂ ഓകേ, സർ?” ആ നിമിഷം തന്നെ ജിന്നിന്റെ രൂക്ഷഗന്ധം ഹെൻഡേഴ്സന്റെ മൂക്കിലേക്ക് അടിച്ചു കയറി.

 

“ഒഫ് കോഴ്സ് അയാം ഓകെ, യൂ ഇഡിയറ്റ്” അവനെ തട്ടി മാറ്റിയിട്ട് എഡ്ജ് പറഞ്ഞു. “ആ E-ബോട്ടിനെ ഒരു പാഠം പഠിപ്പിക്കാൻ പോകുകയാണ് ഞാൻ” അവൻ പൊട്ടിച്ചിരിച്ചു. “എല്ലാം കഴിയുമ്പോൾ ഹെയറിനും ഓസ്ബോണിനും മനസ്സിലാവും ആരാണ് ഇവിടുത്തെ യഥാർത്ഥ ഹീറോ എന്ന് മാത്രവുമല്ല, മൺറോ എന്നോട് എന്നും നന്ദിയുള്ളവനുമായിരിക്കും ശരിയല്ലേ?”

 

വിമാനത്തിലേക്ക് കയറാൻ പോയ എഡ്ജിനെ ഹെൻഡേഴ്സൺ തടഞ്ഞു. “ഒരു മിനിറ്റ് സർ ഈ അവസ്ഥയിൽ നിങ്ങൾക്ക് വിമാനം പറപ്പിക്കാനാവുമെന്ന് തോന്നുന്നില്ല

 

അവനെ ശക്തിയായി തള്ളി മാറ്റിയിട്ട് എഡ്ജ് തന്റെ സർവീസ് ഹോൾസ്റ്ററിൽ നിന്നും വാൾട്ടർ പുറത്തെടുത്തു.”ഗെറ്റ് എവേ ഫ്രം മീ!”

 

ഹെൻഡേഴ്സന്റെ കാൽപ്പാദങ്ങൾക്ക് സമീപം നിലത്താണ് പിസ്റ്റളിൽ നിന്നും ഉതിർന്ന വെടിയുണ്ട ചെന്ന് തറച്ചത്. ഭയന്നുപോയ അവൻ വിമാനത്തിന്റെ അടിഭാഗത്ത് കൂടി ഓടി മറുവശത്തെത്തി ഒളിച്ചു. പിറകെ, ഡോർ വലിച്ചടയ്ക്കുന്ന ശബ്ദം കേൾക്കാറായി. അടുത്ത നിമിഷം വിമാനത്തിന്റെ ഇരട്ട BMW റേഡിയൽ എഞ്ചിനുകൾക്ക് ജീവൻ വച്ചു. ഒട്ടും താമസിയാതെ വിമാനം മുന്നോട്ട് നീങ്ങാൻ തുടങ്ങി. ഹാങ്കറിനുള്ളിലേക്ക് ഓടിക്കയറിയ ഹെൻഡേഴ്സൻ ഓഫീസിലെ ടെലിഫോണിന് നേർക്ക് കുതിച്ചു.

 

                                                    ***

 

ഗ്രാൻസെസ്റ്റർ ആബേയിൽ ചായ കുടിച്ച് മഗ്ഗ് മേശപ്പുറത്ത് വയ്ക്കവെയാണ് മൺറോയും ജാക്ക് കാർട്ടറും മുകളിൽ വിമാനത്തിന്റെ ഇരമ്പൽ കേട്ടത്. “ഗുഡ് ഗോഡ്, വാട്ട് വാസ് ദാറ്റ്?” ബ്രിഗേഡിയർ അത്ഭുതപ്പെട്ടു.

 

ഫ്രഞ്ച് ജാലകത്തിനടുത്ത് ചെന്ന് കതക് തുറന്ന് ടെറസിലേക്ക് ഇറങ്ങിയ അദ്ദേഹം കണ്ടത് ഹാർബറിന് തൊട്ടു മുകളിലൂടെ ആ നരച്ച പ്രഭാതത്തിലേക്ക് പറന്നുയരുന്ന ജങ്കേഴ്സ്-88 വിമാനത്തെയാണ്.

 

“വാട്ട് ഇൻ ദി ഹെൽ ഈസ് ഗോയിങ്ങ് ഓൺ, ജാക്ക്?” അദ്ദേഹം ചോദിച്ചു.

 

ആ സമയത്താണ് ലൈബ്രറിയിലെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയത്. കാർട്ടർ ചെന്ന് റിസീവർ എടുത്തു. പറന്നകലുന്ന വിമാനത്തെ വീക്ഷിച്ചു കൊണ്ടു നിന്ന മൺറോ കാർട്ടറുടെ പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണം കേട്ട് തിരിഞ്ഞു. റിസീവർ ക്രാഡിലിൽ വച്ചിട്ട് തലയുയർത്തിയ കാർട്ടറുടെ മുഖത്ത് പരിഭ്രാന്തിയുണ്ടായിരുന്നു.

 

“എന്താണ് സംഭവം, ജാക്ക്?”

 

“സെർജന്റ് ഹെൻഡേഴ്സൻ ആയിരുന്നു ഫോണിൽ അല്പം മുമ്പ് ജോ എഡ്ജ് അവനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി ജങ്കേഴ്സിനെ ടേക്ക് ഓഫിന് റെഡിയാക്കി നിർത്താൻ പറഞ്ഞുവത്രെ എന്തോ എമർജൻസി കേസാണെന്നും

 

“എമർജൻസി? വാട്ട് ബ്ലഡി എമർജൻസി?”

 

“ഏതോ ഒരു E-ബോട്ടിനെ ഒരു പാഠം പഠിപ്പിക്കാൻ പോകുകയാണെന്ന് അവൻ പറഞ്ഞുവത്രെ എല്ലാം കഴിയുമ്പോൾ ആരാണ് യഥാർത്ഥ ഹീറോ എന്ന് ഹെയറും ഓസ്ബോണും മനസ്സിലാക്കും എന്നും മാത്രവുമല്ല താങ്കൾ അവനോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും

 

മൺറോ അത്ഭുതം കൂറി. “അവന് ഭ്രാന്താണെന്നാണ് തോന്നുന്നത്

 

“അവൻ മദ്യപിച്ചിട്ടുമുണ്ട് സർ. അവനെ തടയാൻ ശ്രമിച്ച ഹെൻഡേഴ്സന്റെ കാൽചുവട്ടിലേക്ക് വെടിയുതിർക്കുകയും ചെയ്തുവത്രെ

 

“ഡിയർ ഗോഡ്!” മൺറോയുടെ മുഖം വിളറി വെളുത്തിരുന്നു. “ജാക്ക്, വാട്ട് ആർ വീ ഗോയിങ്ങ് റ്റു ഡൂ?”

 

“നത്തിങ്ങ് വീ ക്യാൻ ഡൂ, സർ ലിലി മർലിൻ ഒരിക്കലും അവരുടെ ഷിപ്പ് റ്റു ഷോർ റേഡിയോ ഉപയോഗിക്കാറില്ല അവർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശമാണത് റോയൽ നേവിയോ കോസ്റ്റ്ഗാർഡോ അത്തരം സന്ദേശങ്ങൾ കേട്ട് ചിന്താക്കുഴപ്പത്തിൽ ആകാതിരിക്കാൻ വേണ്ടിയാണത് അവർക്ക് മുന്നറിയിപ്പ് കൊടുക്കാൻ ഒരു മാർഗ്ഗവുമില്ല ഒരു കാര്യം നമുക്ക് ചെയ്യാൻ പറ്റും കാറെടുത്ത് മുനമ്പ് വരെ ചെന്നാൽ ഹാർബറിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ബോട്ട് നമുക്ക് കാണാൻ പറ്റും

 

“എന്നാൽ ശരി ജാക്ക്,  പെട്ടെന്ന് തന്നെ നീങ്ങാം നമുക്ക്

 

മൺറോ തന്റെ ബർബെറി കോട്ട് എടുത്തണിഞ്ഞ് തിടുക്കത്തിൽ പുറത്തേക്കിറങ്ങി.

 

                                                 ***

 

കാർട്ടർ ആണ് ജീപ്പ് ഡ്രൈവ് ചെയ്തത്. Hanged Man ന്റെ അടുത്ത് എത്തിയപ്പോഴേക്കും ജൂലി പുറത്തിറങ്ങി വന്നു. കാർട്ടർ വേഗത കുറച്ച് വാഹനം നിർത്തി.

 

“എന്താണ് സംഭവം? ജോ എങ്ങോട്ടാണ് പോയത്?” ജൂലി ചോദിച്ചു.

 

“വണ്ടിയിൽ കയറൂ” മൺറോ ആജ്ഞാപിച്ചു.

 

ജൂലി പിറകിലെ സീറ്റിൽ ചാടിക്കയറി ഇരുന്നു. കാർട്ടർ ജീപ്പ് മുന്നോട്ടെടുത്തു. “എഡ്ജിന് സമനില തെറ്റിയെന്നാണ് തോന്നുന്നത്

 

“ശരിയ്ക്കും അവന്റെ ഉദ്ദേശ്യം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ ജാക്ക്” മൺറോ പറഞ്ഞു. “രാവിലെ തന്നെ അമിതമായി മദ്യപിച്ചിട്ടുണ്ടവൻ വേറൊന്നുമല്ല അതിന്റെ കെട്ടിറങ്ങുമ്പോൾ എല്ലാം ശരിയായിക്കോളും

 

“എന്താണ് സംഭവമെന്ന് പറയൂ” ജൂലി പറഞ്ഞു. മുനമ്പിലേക്ക് ഡ്രൈവ് ചെയ്യവെ, നടന്ന കാര്യമെല്ലാം കാർട്ടർ വിവരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും ജൂലി പറഞ്ഞു. “അല്ലെങ്കിലേ അവൻ അര വട്ടനാണ് ഇപ്പോൾ അത് പൂർണ്ണമായി ഇനിയെന്താണുണ്ടാവുക എന്ന് ദൈവത്തിന് മാത്രമറിയാം

 

റോഡിൽ നിന്നും പുൽത്തട്ടിലേക്ക് ഇറങ്ങിയ ജീപ്പ് കടലിന് തൊട്ടു മുകളിൽ മുനമ്പിന്റെ അറ്റത്തേക്ക് ചെന്നു. കാർട്ടർ ബ്രേക്ക് ചെയ്ത് വാഹനം നിർത്തി. “ഇതിനകത്ത് ഒരു ബൈനോക്കുലേഴ്സ് ഞാൻ ഇട്ടിരുന്നല്ലോ” അദ്ദേഹം ഡാഷ്ബോർഡിനുള്ളിൽ തിരഞ്ഞു. “യെസ്, കിട്ടിപ്പോയി, ഇവിടെയുണ്ട്

 

ജീപ്പിൽ നിന്നും പുറത്തിറങ്ങി അവർ മുന്നോട്ട് നടന്നു. വല്ലാത്തൊരു പ്രഭാതം തന്നെ. ചക്രവാളത്തിൽ വളരെ താഴ്ന്ന് കടലിനോട് മുട്ടിയുരുമ്മി നിരയായി നിൽക്കുന്ന ഇരുണ്ട മേഘങ്ങൾ. കടലിന് മേലെ മൂടൽമഞ്ഞ് വ്യാപിച്ചിട്ടുണ്ടെങ്കിലും നിർത്താതെ വീശുന്ന കാറ്റ് അവയ്ക്കിടയിൽ അങ്ങിങ്ങായി വലിയ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. ഉയർന്നു പൊങ്ങുന്ന തിരമാലകൾ താഴെ തീരത്ത് ആഞ്ഞടിക്കുന്നു.

 

ജൂലി പെട്ടെന്ന് ദൂരേയ്ക്ക് കൈ ചൂണ്ടി. “അതാ, അവർ

 

ഏതാണ്ട് ഒരു മൈൽ അകലെ, മൂടൽമഞ്ഞിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും ലിലി മർലിൻ പുറത്തേക്ക് വന്നു. കൊടിമരത്തിൽ പാറിക്കളിക്കുന്ന ക്രീഗ്സ്മറീൻ പതാകയുമായി സാമാന്യം നല്ല വേഗതയിൽ കോൾഡ് ഹാർബറിന് നേർക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ആ ബോട്ട്. പെട്ടെന്നാണ് കാർമേഘക്കൂട്ടത്തിനിടയിൽ നിന്നും ആ ജങ്കേഴ്സ് വിമാനം പരുന്ത് തന്റെ ഇരയെ പിടിക്കാനെന്ന പോലെ ആ E-ബോട്ടിന് നേർക്ക് താഴ്ന്ന് പറന്നെത്തിയത്. അടുത്ത നിമിഷം പീരങ്കികൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാറായി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...