Thursday, January 29, 2026

കോൾഡ് ഹാർബർ - 73

മെയിൻ ഗേറ്റിലെ വെടിവെയ്പ്പും തുടർന്നുണ്ടായ ഒച്ചപ്പാടും ബഹളവുമെല്ലാം കേട്ടുകൊണ്ട് തന്റെ കട്ടിലിൽ തലയിണയിൽ ചാരിക്കിടക്കുകയാണ് വോൺകോർട്ട് പ്രഭ്വി ഹോർടെൻസ്. താഴെ ഹാളിൽ ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നതും അടുത്ത നിമിഷം ഇടനാഴിയിലൂടെ ആരോ ഓടി വരുന്നതിന്റെ പാദപതനവും അവർ കേട്ടു. തൊട്ടുപിന്നാലെ വാതിലിൽ ആരോ ശക്തിയായി തട്ടുന്നത് കേട്ട് അവർ തന്റെ സിൽവർകെയ്സിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. അടുത്ത നിമിഷം വാതിൽ തള്ളിത്തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ച ജനറൽ കാൾ സീംകായുടെ കൈയിൽ പിസ്റ്റൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് തൊട്ടുപിന്നിൽ ഷ്മീസർ മെഷീൻ ഗൺ ഏന്തിയ ഒരു SS കോർപ്പറലും.

 

“എന്തു പറ്റി കാൾ?” അവർ ആരാഞ്ഞു. “നിങ്ങൾ ആകെപ്പാടെ പരിഭ്രാന്തനാണല്ലോ

 

“എന്താണിവിടെ സംഭവിക്കുന്നത്?” അദ്ദേഹം ചോദിച്ചു. “ആൻ മേരിയും പ്രീമും ആ ഫ്രഞ്ച് സ്റ്റാൻഡർടെൻഫ്യൂററും കൂടി അല്പം മുമ്പ് കാറിൽ മെയിൻ ഗേറ്റ് കടന്ന് പോയി എന്ന് അറിഞ്ഞു റൈലിംഗെർ കൊല്ലപ്പെട്ടിരിക്കുന്നു ആ ഫ്രഞ്ചുകാരനാണ് അയാളെ വെടിവെച്ചു കൊന്നത് ഗേറ്റിലെ ക്യാബിനിലുണ്ടായിരുന്ന ഗാർഡാണ് സംഭവം കണ്ടത്

 

“കുറേ കാലം കൊണ്ട് ഞാൻ കേട്ടതിൽ ഏറ്റവും നല്ല വാർത്ത” ഹോർടെൻസ് പറഞ്ഞു. “റൈലിംഗെറിനെ ഒരിക്കലും എനിക്ക് ഇഷ്ടമായിരുന്നില്ല

 

സ്തബ്ധനായി നിന്ന അദ്ദേഹത്തിന്റെ മുഖത്ത് അമ്പരപ്പുണ്ടായിരുന്നു. “ഹോർടെൻസ്? നിങ്ങളെന്താണീ പറയുന്നത്?”

 

“പാർട്ടിയൊക്കെ കഴിഞ്ഞിരിക്കുന്നു കാൾ ഇപ്പോഴാണ് വോൺകോർട്ട് പ്രഭ്വി എന്ന നിലയിൽ ഒരു തീരുമാനമെടുക്കാനുള്ള ധൈര്യം എനിക്ക് വന്നത് എന്റെ രാജ്യത്ത് അധിനിവേശം നടത്തി ഭരിച്ചുകൊണ്ടിരിക്കുന്നവരാണ് നിങ്ങൾ എന്ന ഓർമ്മ വന്നത്

 

“ഹോർടെൻസ്?” ജനറൽ സീംകാ ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായത് പോലെ കാണപ്പെട്ടു.

 

“നിങ്ങളൊരു നല്ല മനുഷ്യനാണ് കാൾ പക്ഷേ, അതുകൊണ്ട് മാത്രമായില്ല നിങ്ങൾ ഞങ്ങളുടെ ശത്രുവും കൂടിയാണ്” ബ്ലാങ്കറ്റിനുള്ളിൽ നിന്നും അവരുടെ കൈ പുറത്തേക്ക് വന്നു. “ഗുഡ്ബൈ, മൈ ഡിയർ

 

അവരുടെ കൈയിലെ വാൾട്ടർ രണ്ടു വട്ടം തീ തുപ്പി. ഇടതു നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ടകളേറ്റ് അദ്ദേഹം പിറകോട്ട് തെറിച്ചു വീണു. പെട്ടെന്ന് കതകിന് പിന്നിലേക്ക് മാറിയ ആ SS കോർപ്പറൽ ഷ്മീസറിന്റെ ബാരൽ പുറത്തേക്ക് നീട്ടി ട്രിഗറിൽ വിരലമർത്തി. മാഗസിനിലെ തിരകൾ മുഴുവനും തീരുന്നത് വരെ ആ ഓട്ടോമാറ്റിക്ക് ഗണ്ണിന്റെ ബാരലിൽ നിന്നും വെടിയുണ്ടകൾ വർഷിച്ചു. വോൺകോർട്ട് പ്രഭ്വി ഹോർടെൻസിന് വേദന അറിയേണ്ടി വന്നില്ല. ഇരുട്ടിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു.

 

                                                   ***

 

തീർത്തും വിജനമായ സെന്റ് മോറിസ് പട്ടണം താണ്ടി ആ മെഴ്സെഡിസ് കാർ മുന്നോട്ട് കുതിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞതും അവർ തീരദേശ പാതയിലുള്ള ലിയോൺ ഗ്രാമത്തിലെത്തി. ഒരു നിമിഷനേരത്തേക്ക് മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും ചന്ദ്രൻ പുറത്തേക്ക് എത്തി നോക്കി. അതിനോടകം അവർ ഗ്രോസ്നെസിന് സമീപം മരങ്ങൾ നിറഞ്ഞ മുനമ്പിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്നു.

 

ക്രെയ്ഗ് പ്രീമിന്റെ ചുമലിൽ തട്ടി. “ഇവിടെ നിർത്തൂ

 

കാർ നിർത്തിയ പ്രീം എഞ്ചിൻ ഓഫ് ചെയ്തു. “ഇനിയെന്താണ്? തലയിൽ വെടിയുണ്ട?”

 

“അങ്ങനെ എളുപ്പം മരിക്കാമെന്ന് കരുതേണ്ട” ക്രെയ്ഗ് പുഞ്ചിരിച്ചു. “ഞങ്ങളോടൊപ്പം നിങ്ങളും ഇംഗ്ലണ്ടിലേക്ക് വരുന്നു അവിടെ ഒരാളെ നിങ്ങൾ പരിചയപ്പെടേണ്ടതുണ്ട് വിവരങ്ങളുടെ അക്ഷയഖനിയായിരിക്കും നിങ്ങൾ അദ്ദേഹത്തിന്

 

കാറിൽ നിന്നും പുറത്തിറങ്ങിയ ക്രെയ്ഗ് ഉച്ചത്തിൽ വിളിച്ചു. “ഗ്രാൻഡ് പിയർ?”

 

മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞു നിന്നിരുന്ന ഏതാനും പേർ മുന്നോട്ട് വന്നു. ഷീപ്‌സ്കിൻ ജാക്കറ്റും തുണിത്തൊപ്പിയുമാണ് അവർ ധരിച്ചിരുന്നത്. ചിലരുടെ കൈയിൽ ഷോട്ട്ഗണ്ണും മറ്റുള്ളവരുടെ കൈയിൽ റൈഫിളും ഉണ്ടായിരുന്നു. കാറിന് സമീപമെത്തിയ അവർ നിന്നു. ഗ്രാൻഡ് പിയർ അവർക്കിടയിൽ നിന്നും മുന്നോട്ട് വന്നു.

 

“ആഹാ, താങ്കളെത്തിയോ!” അയാൾ ആഹ്ലാദം പ്രകടിപ്പിച്ചു.

 

പ്രീമിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു. റിയർവ്യൂ മിററിലൂടെ അദ്ദേഹം ജെനവീവിനെ നോക്കി. “നിന്റെ മുഖത്ത് രക്തമുണ്ടല്ലോ

 

“അത് സാരമില്ല ചെറിയൊരു മുറിവ് അത്രയേയുള്ളൂ

 

“സന്തോഷം

 

ക്രെയ്ഗ് ഡ്രൈവറുടെ സൈഡിൽ വന്ന് ഡോർ തുറന്നു. പ്രീമിന്റെ കൈ ഡാഷ്ബോർഡിന്റെ അടിയിലേക്ക് പോകുന്നത് ജെനവീവ് ശ്രദ്ധിച്ചു. പുറത്തേക്ക് വന്ന ആ കൈയിൽ ഒരു ല്യൂഗർ പിസ്റ്റൾ ഉണ്ടായിരുന്നു. പരിഭ്രാന്തയായ അവളുടെ വലതുകൈ അവൾ പോലുമറിയാതെ പ്രവർത്തിച്ചത് ഞൊടിയിടയിലായിരുന്നു. വാൾട്ടർ പിസ്റ്റലിന്റെ ബാരൽ പ്രീമിന്റെ നട്ടെല്ലിനോട് ചേർത്തു വച്ച് രണ്ടു വട്ടം ട്രിഗർ വലിച്ചു.

 

അദ്ദേഹത്തിന്റെ ശരീരം ഒന്ന് ഞെട്ടിവിറച്ചു. പുകയുടെ രൂക്ഷഗന്ധം അവിടെങ്ങും നിറഞ്ഞു. അല്പമൊന്ന് ഉയർന്നിട്ട് സാവധാനം അദ്ദേഹം പാതി പിറകോട്ട് തിരിഞ്ഞ് അവളെ നോക്കി. ആശ്ചര്യവും അവിശ്വസനീയതയുമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ. പിന്നെ വായിലൂടെ രക്തം പുറത്തേക്കൊഴുകുവാൻ തുടങ്ങി. പതുക്കെ അദ്ദേഹം സ്റ്റിയറിങ്ങ് വീലിലേക്ക് കമഴ്ന്നു വീണു.

 

ഡോർ തുറന്ന് പുറത്ത് ചാടിയ അവളെ സഹായിക്കാനായി ക്രെയ്ഗ് കൈ നീട്ടി. എന്നാൽ അവൾ അദ്ദേഹത്തെ തള്ളിമാറ്റി. “നോ, ലീവ് മി എലോൺ!”

 

അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്ന ക്രെയ്ഗിന്റെ മുഖം മ്ലാനമായി. തന്റെ SS ഓവർകോട്ട് അഴിച്ച് അദ്ദേഹം കാറിന്റെ സീറ്റിലേക്ക് ഇട്ടു. ഗ്രാൻഡ് പിയർ അദ്ദേഹത്തിന് ഒരു ഷീപ്‌സ്കിൻ കോട്ട് എറിഞ്ഞു കൊടുത്തു. പിന്നെ തിരിഞ്ഞ് തന്റെ അനുയായികളിൽ ഒരാളുടെ നേർക്ക് കണ്ണു കാണിച്ചു. പ്രീമിന്റെ ചേതനയറ്റ ശരീരത്തിന് മുകളിലൂടെ എത്തിവലിഞ്ഞ് അയാൾ കാറിന്റെ ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തു. ചെറിയൊരു തള്ളിന്റെ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നോട്ട് ഉരുണ്ട് നീങ്ങിയ ആ മെഴ്സെഡിസ് കാർ മുനമ്പിന് മുകളിൽ നിന്നും താഴെ കടലിലേക്ക് കുത്തനെ വീണു.

 

താൻ ഇപ്പോഴും വാൾട്ടർ പിസ്റ്റൾ നീട്ടിപ്പിടിച്ചിരിക്കുകയാണെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കിയ ജെനവീവ് അത് പോക്കറ്റിനുള്ളിൽ തിരുകി. “ഞാനത് ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരിക്കില്ല” അവൾ മന്ത്രിച്ചു. “ആ നേരത്ത് എന്നെക്കൊണ്ട് അതിന് സാധിക്കുമെന്ന് ഞാനും കരുതിയില്ല

 

“ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ ആ സമയത്തെ നമ്മുടെ മനോനില എന്തായിരിക്കുമെന്ന്” ക്രെയ്ഗ് പറഞ്ഞു. “വെൽക്കം റ്റു ദി ക്ലബ്ബ്

 

                                                          ***

 

ഗ്രാൻഡ് പിയറിന്റെ അനുയായികൾ ജെട്ടിയുടെ മുകൾഭാഗത്ത് നിന്നതേയുള്ളൂ. അയാളോടൊപ്പം ക്രെയ്ഗും ജെനവീവും ലോവർ ജെട്ടിയിലേക്കുള്ള പടികൾ ഇറങ്ങി ലിലി മർലിന്റെ സമീപമെത്തി.

 

ഡെക്കിൽ നിൽക്കുകയായിരുന്ന ഷ്മിഡ്റ്റ് വിളിച്ചു കൂവി. “ബ്ലഡി ഹെൽ അദ്ദേഹമത് സാധിച്ചു ജെനവീവിനെയും കൂട്ടി അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു

 

E-ബോട്ടിലെ ക്രൂവിൽ നിന്നും ആഹ്ലാദത്തിന്റെ ആരവമുയർന്നു. ബ്രിഡ്ജിൽ നിന്നിരുന്ന മാർട്ടിൻ ഹെയർ താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു. “കൺഗ്രാജുലേഷൻസ് നൗ ലെറ്റ്സ് മൂവ് ഇറ്റ്

 

എഞ്ചിനുകൾക്ക് ജീവൻ വച്ചു. കൈവരികൾക്ക് മുകളിലൂടെ കാലെടുത്തു വച്ച് ക്രെയ്ഗ് ഡെക്കിലേക്ക് കയറി. എന്നിട്ട് തിരിഞ്ഞ് ജെനവീവിനെ സഹായിക്കാനായി കൈ നീട്ടി.

 

അവൾ തിരിഞ്ഞ് ഗ്രാൻഡ് പിയറിനെ നോക്കി പറഞ്ഞു. “താങ്ക് യൂ ഫോർ എവ്‌രിതിങ്ങ്

 

“റോസാച്ചെടിയുടെ വാടിക്കരിഞ്ഞ ഇലകൾ ഞാൻ മുന്നറിയിപ്പ് തന്നിരുന്നു മിസ്സ് ട്രെവോൺസ്

 

“ഞാൻ അല്പം മുമ്പ് ചെയ്ത പാതകത്തിന്റെ ഓർമ്മകൾ എന്നെങ്കിലും എന്നെ വിട്ടു പോകുമോ?”

 

“കാലം കടന്നു പോകവെ എല്ലാം വിസ്മൃതിയിലാണ്ടു പോകും കുട്ടീ ഇപ്പോൾ പോകാൻ നോക്കൂ

 

ക്രെയ്ഗ് നീട്ടിയ കൈയിൽ പിടിച്ച് അവൾ ഡെക്കിലേക്ക് കയറി. കരയിൽ ബന്ധിച്ചിരുന്ന കയറുകൾ അഴിച്ച് ഡെക്കിലേക്ക് എറിയപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ജെട്ടിയിൽ നിന്നും നീങ്ങിത്തുടങ്ങിയ ലിലി മർലിൻ കടലിലെ ഇരുട്ടിൽ അപ്രത്യക്ഷമായി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Wednesday, January 21, 2026

കോൾഡ് ഹാർബർ - 72

പ്രീം അപ്പോഴും യൂണിഫോമിൽത്തന്നെയായിരുന്നു. നെരിപ്പോടിനരികിലെ കസേരയിലിരുന്ന് ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ ഫയലുകൾ നോക്കുന്നതിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. തലയുയർത്തി നോക്കിയ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും പ്രകടമായില്ല. പതിവ് പോലെ തികച്ചും ശാന്തനായിത്തന്നെ കാണപ്പെട്ടു.

 

“ആഹ്, നിന്റെ കാമുകൻ ഞാൻ വിചാരിച്ചതു പോലെയല്ലല്ലോ

 

“ഗെറ്റ് ഹിസ് പിസ്റ്റൾ” ക്രെയ്ഗ് ജെനവീവിനോട് പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു.

 

“ഓഹോ, അമേരിക്കക്കാരനാണല്ലേ?” തല കുലുക്കിക്കൊണ്ട് പ്രീം ചോദിച്ചു. “ആ ഷ്മീസറിൽ നിന്നും വെടിയുതിർന്നാൽ ഈ കൊട്ടാരത്തിലുള്ള സകലരും ഉണരും

 

“ശരിയാണ് പക്ഷേ, നിങ്ങൾ ജീവനോടെയുണ്ടാവില്ല എന്നത് ഉറപ്പാണ്

 

“അതെ, എനിക്കും അത് തോന്നായ്കയില്ല

 

പ്രീം എഴുന്നേറ്റ് ഇരുകൈകളും മേശമേൽ കുത്തി നിന്നു. പിറകിൽ എത്തിയ ജെനവീവ് അദ്ദേഹത്തിന്റെ ബെൽറ്റിലെ ഉറയിൽ നിന്നും വാൾട്ടർ പിസ്റ്റൾ കരസ്ഥമാക്കി.

 

“ഇനി ആ പേപ്പറുകൾ” ക്രെയ്ഗ് പറഞ്ഞു. “അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ചുള്ള ആ രേഖകൾ നിങ്ങളുടെ പിന്നിലുള്ള ആ സേഫിലല്ലേ ഉള്ളത്?”

 

“അക്കാര്യത്തിൽ നിങ്ങൾ വെറുതെ സമയം കളയുകയാണെന്നാണ് തോന്നുന്നത് ഫീൽഡ് മാർഷൽ റോമലിന്റെ ബ്രീഫ്കെയ്സിനുള്ളിലാണ് അവയുള്ളത് പാരീസിലേക്കുള്ള യാത്രയിൽ പാതി വഴിയിൽ എത്തിയിരിക്കും അദ്ദേഹമിപ്പോൾ നിർബന്ധമാണെങ്കിൽ നിങ്ങൾക്ക് ആ സേഫ് പരിശോധിക്കാവുന്നതേയുള്ളൂ

 

“അതിന്റെ ആവശ്യമില്ല ക്രെയ്ഗ്” പോക്കറ്റിൽ നിന്നും തന്റെ സിഗരറ്റ് കെയ്സ് എടുത്ത് ഉയർത്തിക്കാണിച്ചു കൊണ്ട് ജെനവീവ് പറഞ്ഞു. “ഏതാണ്ട് അഞ്ചു മിനിറ്റ് നേരത്തേക്ക് ആ രേഖകളെല്ലാം എന്റെ കൈയിൽ കിട്ടിയിരുന്നു കേണൽ പ്രീമിന് അക്കാര്യം അറിയാം നിങ്ങൾ പഠിപ്പിച്ചു തന്നത് പോലെ ഞാനതിന്റെ ഫോട്ടോസ് എടുത്തിട്ടുണ്ട് ഇരുപത് ഫോട്ടോസ്

 

“ആഹാ, അത് ഗംഭീരം” ക്രെയ്ഗ് പറഞ്ഞു. “ശരിയല്ലേ കേണൽ?”

 

പ്രീം ഒരു നെടുവീർപ്പിട്ടു. “ഞാൻ പറഞ്ഞിരുന്നു, നീയൊരു മിടുക്കിയാണെന്ന് ശരിയല്ലേ ജെനവീവ്? ഇത്രയുമായ നിലയ്ക്ക്……………..” അദ്ദേഹം മേശയ്ക്ക് മുമ്പിലേക്ക് വന്നു. “ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്?”

 

“നാം മൂവരും സൈഡിലുള്ള വാതിലിലൂടെ പുറത്ത് കടക്കുന്നു” ക്രെയ്ഗ് അദ്ദേഹത്തോട് പറഞ്ഞു. “ക്ലോക്ക്റൂമിന്റെ കവാടത്തിലൂടെ പുറത്തിറങ്ങി കോർട്ട്‌യാർഡിന്റെ പിൻഭാഗത്തേക്ക് ജനറൽ സീംകായുടെ മെഴ്സെഡിസ് കാർ അവിടെ കിടക്കുന്നത് ഞാൻ കണ്ടിരുന്നു അത് ധാരാളം

 

അദ്ദേഹത്തെ അവഗണിച്ച പ്രീം ജെനവീവിന് നേർക്ക് തിരിഞ്ഞു. “ആ കാറുമായി നിങ്ങൾക്ക് രക്ഷപെടാനാവില്ല റൈലിംഗെറാണ് ഇന്ന് ഗേറ്റിൽ ഡ്യൂട്ടിയിലുള്ളത്

 

“ഫീൽഡ് മാർഷൽ ചില സുപ്രധാന രേഖകൾ ഇവിടെ മറന്നു വെച്ചുവെന്ന് നിങ്ങൾ അയാളോട് പറയും” ക്രെയ്ഗ് പറഞ്ഞു. “എന്തെങ്കിലും അഭ്യാസം കാണിക്കാനൊരുങ്ങിയാൽ നിങ്ങളുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും അഥവാ എനിക്ക് സാധിച്ചില്ലെങ്കിൽ ഇവൾ അത് നിർവ്വഹിച്ചിരിക്കും നമ്മുടെ സീറ്റിന് പിറകിൽ തോക്കുമായി ഇവളുണ്ടാകും

 

പ്രീമിന് ചിരി വരുന്നുണ്ടായിരുന്നു. “നിനക്കതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ ജെനവീവ്? എനിക്ക് സംശയമാണ്

 

പ്രീം പറഞ്ഞത് ശരിയായിരുന്നു. അവൾക്കതിന് കഴിയുമായിരുന്നില്ല. അതേക്കുറിച്ച് ഓർത്തതും പിസ്റ്റളിൽ അമർന്നിരിക്കുന്ന അവളുടെ വിരലുകൾ വിറച്ചു. കൈപ്പടം വിയർപ്പ് കൊണ്ട് നനഞ്ഞിരുന്നു.

 

“കൂടുതൽ സംസാരം വേണ്ട” ക്രെയ്ഗ് പറഞ്ഞു. “നിങ്ങൾ ആ ക്യാപ്പ് എടുത്ത് തലയിൽ വയ്ക്കൂ എന്നിട്ട് വരൂ, നമുക്ക് പുറത്തിറങ്ങാം

 

                                                 ***

 

പുറത്തിറങ്ങിയ അവർ കൊട്ടാരത്തിന്റെ പിൻഭാഗത്തെ കല്ല് വിരിച്ച കോർട്ട്‌യാർഡിലൂടെ കാറിനരികിലേക്ക് നടക്കവെ മഴ പെയ്യുന്നുണ്ടായിരുന്നു. എവിടെയും ഒരു ആളനക്കം പോലുമില്ല. ഇരുട്ടിലൂടെ മുന്നോട്ട് നീങ്ങവെ തന്റെ ഹണ്ടിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിലുള്ള വാൾട്ടർ പിസ്റ്റളിൽ അവൾ പിടി മുറുക്കി.

 

അവർ മെഴ്സെഡിസ് കാറിന് അരികിലെത്തി. കാറിന്റെ പിന്നിലെ ഡോർ തുറന്ന് ഉള്ളിൽ കയറിയ ജെനവീവ് വലതുകൈയിൽ പിസ്റ്റളുമായി സീറ്റുകൾക്ക് ഇടയിൽ താഴെ കുത്തിയിരുന്നു. പ്രീം ഡ്രൈവിങ്ങ് സീറ്റിലും ക്രെയ്ഗ് അദ്ദേഹത്തിനരികിലെ പാസഞ്ചർ സീറ്റിലും കയറിയിരുന്നു. ആരും ഒരക്ഷരം പോലും ഉരിയാടിയില്ല. മുന്നോട്ട് നീങ്ങിയ വാഹനം അധികദൂരം ചെല്ലുന്നതിന് മുമ്പ് തന്നെ വേഗത കുറഞ്ഞ് നിന്നു. ഗേറ്റിലെ പാറാവുകാരന്റെ ചോദ്യവും ഉടൻ തന്നെ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിൽക്കുന്നതിന്റെ ശബ്ദവും അവൾ കേട്ടു.

 

“ക്ഷമിക്കണം, സ്റ്റാൻഡർടെൻഫ്യൂറർ

 

പ്രീമിന് ഒരു വാക്ക് പോലും ഉരിയാടേണ്ട ആവശ്യം വന്നില്ല. ചെറിയൊരു ഞരക്കത്തോടെ ഗേറ്റ് തുറക്കപ്പെട്ടു. ആ നേരത്ത് തന്നെയാണ് ഗാർഡ്‌ഹൗസിൽ നിന്നും മറ്റൊരു ശബ്ദം കേട്ടത്. ആരാണത് എന്ന് അന്വേഷിച്ചുകൊണ്ട് റൈലിംഗെറിന്റെ സ്വരമായിരുന്നു അത്.

 

ചരലിലൂടെ കാറിനടുത്തേക്ക് നടന്നു വരുന്ന റൈലിംഗെറിന്റെ കാലടിശബ്ദം കേട്ട ജെനവീവ് ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നു. ഗാർഡ്‌ഹൗസിൽ നിന്നും പുറത്തേക്ക് വരുന്ന മങ്ങിയ വെട്ടം മാത്രമേയുണ്ടായിരുന്നു എന്നതിനാൽ ആദ്യം അയാൾക്ക് പ്രീമിനെ മനസ്സിലായില്ല എന്ന് തോന്നുന്നു. ഡ്രൈവറുടെ സൈഡിൽ വന്ന് തല താഴ്ത്തി അയാൾ ജർമ്മൻ ഭാഷയിൽ എന്തോ ചോദിച്ചത് ജെനവീവിന് മനസ്സിലായില്ല.

 

പ്രീം എന്തോ മറുപടി പറഞ്ഞു. റോമൽ എന്ന വാക്ക് മാത്രമാണ് അവൾക്ക് മനസ്സിലായത്. ക്രെയ്ഗ് നിർദ്ദേശിച്ചത് പോലെ പ്രവർത്തിക്കുകയാണ് പ്രീം എന്നവൾ ഊഹിച്ചു. റൈലിംഗെറിന്റെ മറുപടിയ്ക്ക് ശേഷം ചെറിയൊരു മൗനം. പിന്നെ റൈലിംഗെറിന്റെ ബൂട്ട്സ് ചരലിൽ പതിയുന്ന ശബ്ദം വീണ്ടും. അയാൾ തിരിച്ചു പോകുകയായിരിക്കും എന്ന കണക്കുകൂട്ടലിൽ കരുതലോടെ അവൾ മുകളിലേക്ക് നോക്കി. അവളുടെ ശ്വാസമിടിപ്പ് നിലച്ചു പോയി എന്നു പറയുന്നതായിരിക്കും ശരി. സൈഡ് വിൻഡോയിലൂടെ തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന റൈലിംഗെറിനെ കണ്ട് അവൾ ഭയന്നു വിറച്ചു പോയി.

 

അല്പം പിറകോട്ട് മാറിയ റൈലിംഗെർ പിസ്റ്റൾ എടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. തന്റെ കൈയിലെ ഷ്മീസർ ഉയർത്തിയ ക്രെയ്ഗ്, ജെനവീവ് ഇരിക്കുന്ന ഭാഗത്തെ സൈഡ് വിൻഡോയിലൂടെ വെടിയുതിർത്തു. വിൻഡോഗ്ലാസ് പൊട്ടിച്ചിതറി അവളുടെ തലയിൽ വീണു. ഭ്രാന്തമായ ഒരലർച്ചയോടെ റൈലിംഗെർ പിറകോട്ട് തെറിച്ച് താഴെ വീണു. ശേഷം അദ്ദേഹം ഷ്മീസറിന്റെ ബാരൽ പ്രീമിന്റെ കഴുത്തിൽ മുട്ടിച്ചു പിടിച്ചു.

 

പ്രീം ആക്സിലേറ്റർ കൊടുത്തതും വാഹനം ഇരുട്ടിലേക്ക് കുതിച്ചു. ഗേറ്റിൽ നിന്നിരുന്ന പാറാവുകാരൻ കാറിന് നേർക്ക് വെടിയുതിർത്തു തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴേയ്ക്കും ഇരുട്ടിന്റെ മറയ്ക്കുള്ളിലേക്ക് അപ്രത്യക്ഷമായ ആ മേഴ്സെഡിസ് കാർ സുരക്ഷിത ദൂരത്തിൽ എത്തിക്കഴിഞ്ഞിരുന്നു.

 

                                                        ***

 

“യൂ ഓകേ ബാക്ക് ദേർ?” ക്രെയ്ഗ് ചോദിച്ചു.

 

പൊട്ടിച്ചിതറിയ ചില്ല് തട്ടി അവളുടെ വലതു കവിളിൽ രക്തം കിനിയുന്നുണ്ടായിരുന്നു. ഇടതു കൈപ്പത്തിയുടെ പുറംഭാഗം കൊണ്ട് അവൾ അത് തുടച്ചു കളഞ്ഞു. വേദനയൊന്നും തോന്നുന്നില്ല. ഗ്ലാസ് ഉടഞ്ഞ വിൻഡോയിലൂടെ കടന്നു വരുന്ന തണുത്ത കാറ്റും മഴത്തുള്ളികളും മാത്രം.

 

“യെസ്, അയാം ഫൈൻ

 

“ഗുഡ് ഗേൾ

 

തീർത്തും വിജനമായ ആ കൊച്ചു ഗ്രാമം പിന്നിട്ട് അവർ മലമ്പാതയിലേക്ക് കയറി. “നിങ്ങൾക്ക് രക്ഷപെടാനാവില്ല ” പ്രീം പറഞ്ഞു. “ഒരു വിധം എല്ലാ കമാൻഡ് പോയിന്റുകളിലും റേഡിയോ വഴി ഈ വിവരം ഇപ്പോൾ എത്തിയിട്ടുണ്ടാവും ഒരു മണിക്കൂറിനുള്ളിൽ കഴിയുന്നത്ര ഇടങ്ങളിൽ അവർ റോഡ് ബ്ലോക്ക് ചെയ്തിരിക്കും

 

“ഞങ്ങളുടെ ആവശ്യത്തിന് ആ ഒരു മണിക്കൂർ തന്നെ ധാരാളം” ക്രെയ്ഗ് അദ്ദേഹത്തോട് പറഞ്ഞു. “ഡ്രൈവിങ്ങ് തുടർന്നോളൂ ഞാൻ പറയുന്ന വഴിയിലൂടെ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, January 15, 2026

കോൾഡ് ഹാർബർ - 71

ഒരു ഷാളും പുതച്ച് കട്ടിലിൽ ഇരുന്ന് ഏതോ പുസ്തകം വായിക്കുകയായിരുന്നു ഹോർടെൻസ് പ്രഭ്വി. മുന്നിലെത്തിയ അവർ ഇരുവരെയും കണ്ടിട്ട് പ്രത്യേകിച്ച് ആശ്ചര്യമൊന്നും ആ മുഖത്ത് കാണാനായില്ല. എപ്പോഴത്തെയും പോലെ തികഞ്ഞ മനഃസാന്നിദ്ധ്യത്തിനുടമയായിരുന്നു അവർ.

 

“നീ പുതിയൊരു സ്നേഹിതനെ കണ്ടെത്തിയെന്ന് തോന്നുന്നല്ലോ ജെനവീവ്?”

 

“നിങ്ങൾ കാണുന്നത് പോലെയുള്ള ആളല്ല ഇദ്ദേഹം

 

 “മേജർ ഓസ്ബോൺ, മാഡം” ക്രെയ്ഗ് പറഞ്ഞു.

 

“ജെനവീവിനെ രക്ഷിച്ചു കൊണ്ടുപോകാൻ എത്തിയതാണല്ലേ?”

 

“ഒപ്പം നിങ്ങളെയും കൂടി, മാഡം നിങ്ങളെ ഇവിടെ വിട്ടിട്ട് വരില്ല എന്ന് ഇവൾ പറഞ്ഞു

 

കട്ടിലനരികിലെ ക്യാബിനെറ്റിൽ വച്ചിരുന്ന ബോക്സിൽ നിന്നും ഒരു ജിറ്റാൻ സിഗരറ്റ് എടുത്ത് അവർ തീ കൊളുത്തി. ജെനവീവ് ആ ബോക്സിനുള്ളിൽ നിന്നും കുറേ സിഗരറ്റ് എടുത്ത് കാലിയായ തന്റെ സിഗരറ്റ് കെയ്സിൽ പെട്ടെന്ന് നിറച്ചു.

 

“മേജർ ഓസ്ബോൺ, നിങ്ങൾ ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡിക്കൻസിന്റെ നോവലുകൾ വായിച്ചിട്ടുണ്ടോ?” ഹോർടെൻസ് ചോദിച്ചു. “A Tale of Two Cities എന്ന നോവലിൽ സിഡ്നി കാർട്ടൺ എന്നൊരു കഥാപാത്രമുണ്ട് ത്യാഗത്തിന്റെ വീരപരിവേഷമണിഞ്ഞ് മറ്റൊരാൾക്ക് പകരം ഗില്ലറ്റിനിൽ സ്വയം മരണം ഏറ്റുവാങ്ങിയവൻ അത്തരം കഥാപാത്രങ്ങളോട് ഒരു തരം ആരാധന ഞങ്ങളുടെ രക്തത്തിലുമുണ്ട്” അവർ ഒരു നീണ്ട പുകയെടുത്ത് ഊതി വിട്ടു. “പക്ഷേ, അത്തരം ത്യാഗങ്ങൾ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നത് വേറെ കാര്യം” അവർ ജെനവീവിന് നേർക്ക് തിരിഞ്ഞു. “അതുകൊണ്ട് അത്തരം ത്യാഗത്തിനൊന്നും നീ നിൽക്കേണ്ട ഷെറീ

 

“നമുക്ക് സമയം ഒട്ടുമില്ല, മാഡം” ക്രെയ്ഗ് പറഞ്ഞു.

 

“എങ്കിൽ പിന്നെ, ഞാൻ പറയുന്നത് പോലെ ചെയ്യൂ മേജർ ഇനിയും വൈകിയിട്ടില്ല നിങ്ങൾ രണ്ടു പേരും പോയി രക്ഷപെടൂ” ഹോർടെൻസ് പറഞ്ഞു.

 

ആകെപ്പാടെ പരിഭ്രാന്തയായി കാണപ്പെട്ട ജെനവീവ് തന്റെ ആന്റിയുടെ അടുത്തേക്ക് ചെന്നു. ഹോർടെൻസ് പ്രഭ്വി അവളുടെ കൈയിൽ മുറുകെ പിടിച്ചു. “ഞാൻ പറയുന്നത് കേൾക്കൂ” അവരുടെ സ്വരം പരുഷമായിരുന്നു. “എന്റെ ഹൃദയത്തിന് അസുഖമുള്ളതായി അറിഞ്ഞു എന്ന് ഒരിക്കൽ നീ എന്നോട് പറഞ്ഞില്ലേ?”

 

“പക്ഷേ, അത് സത്യമായിരുന്നില്ല എന്നെ ഇങ്ങോട്ടയയ്ക്കാൻ വേണ്ടി ബ്രിഗേഡിയർ മൺറോ മെനഞ്ഞ മറ്റൊരു കഥയായിരുന്നു” ജെനവീവ് പറഞ്ഞു.

 

“പക്ഷേ, ആൻ മേരി അത് വിശ്വസിച്ചിരുന്നു കൂടെക്കൂടെ എനിക്ക് വരുമായിരുന്ന  ബോധക്ഷയത്തിന്റെ കാരണം അതാണെന്നാണ് അവളോട് ഞാൻ പറഞ്ഞിരുന്നത് പക്ഷേ, സത്യം അതായിരുന്നില്ല അത് പറയണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടമല്ലേ

 

അവിടെങ്ങും മൗനം നിറഞ്ഞു. ക്ലോക്കിന്റെ സൂചി ചലിക്കുന്ന ശബ്ദം മാത്രം. “പിന്നെന്തായിരുന്നു സത്യം?” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

 

“ഇനി ഒരു മാസം ഏറിയാൽ രണ്ട് അവസാന കാലത്ത് കഠിനമായ വേദന അനുഭവിക്കേണ്ടി വരും ഇപ്പോഴേ അത് തുടങ്ങിയിട്ടുണ്ട് ഡോക്ടർ മറൈസിന് എന്നോട് നുണ പറയേണ്ട ആവശ്യമില്ല ഏറെ നാളത്തെ സൗഹൃദമുള്ള ആളാണ്

 

“ഇല്ല, ഞാൻ വിശ്വസിക്കില്ല ഈ പറഞ്ഞതൊന്നും ഞാൻ വിശ്വസിക്കില്ല” ജെനവീവിന് ദ്വേഷ്യം വരുന്നുണ്ടായിരുന്നു.

 

“നിന്റെ ഈ കണ്ണുകൾ ആരിൽ നിന്നാണ് ലഭിച്ചതാണെന്ന് എപ്പോഴെങ്കിലും നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഷെറീ?” അവർ അവളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ചു. “നീ എന്റെ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ

 

മഞ്ഞ വെളിച്ചത്തിൽ തിളങ്ങുന്ന പച്ച നിറമുള്ള ആ കണ്ണുകൾ നിറയെ സ്നേഹം മാത്രമായിരുന്നു. സ്നേഹം എന്ന വാക്കിനുമപ്പുറം ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം ആ കണ്ണുകളിൽ കാണാമായിരുന്നു. അവർ പറയുന്നത് സത്യം തന്നെയാണെന്ന് വേദനയോടെ അവൾ മനസ്സിലാക്കി. തന്റെ ബാല്യം തന്നിൽ നിന്നും വഴുതി പോകുന്നത് പോലെ അവൾക്ക് തോന്നി. ആരോരുമില്ലാത്ത ആ അവസ്ഥ അസഹനീയമായിരുന്നു അവൾക്ക്.

 

“അതുകൊണ്ട് എനിക്ക് വേണ്ടി, ജെനവീവ്” അവളുടെ കവിളിണകളിൽ അവർ മുത്തം നൽകി. “എനിക്ക് വേണ്ടി നീ ഇത് ചെയ്തേ പറ്റൂ നിസ്വാർത്ഥമായ സ്നേഹം എന്നും നീ എനിക്ക് നൽകിയിട്ടുണ്ട് എന്റെ ജീവിതത്തിലെ അമൂല്യമായ സമ്പത്താണ് നിന്റെ സ്നേഹം എന്നെനിക്ക് നിസ്സംശയം പറയാം പക്ഷേ, അതേ അളവിൽ അത് തിരിച്ചു തരുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്

 

ജെനവീവ് അവരിൽ നിന്നും അല്പം പിറകോട്ട് മാറി. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മറുപടി പറയാൻ വാക്കുകൾ കിട്ടുന്നില്ല.

 

“നിങ്ങളുടെ കൈയിലെ തോക്കുകളിൽ ഒന്ന് എനിക്ക് തന്നിട്ട് പോകില്ലേ മേജർ?” ഹോർടെൻസ് ക്രെയ്ഗിനോട് ചോദിച്ചു. ഒരു അപേക്ഷ എന്നതിനേക്കാൾ ഒരു ആജ്ഞ ആയിരുന്നു അതെന്ന് വേണമെങ്കിൽ പറയാം. തന്റെ വാൾട്ടർ പിസ്റ്റൾ എടുത്ത് ക്രെയ്ഗ് അവരുടെ അരികിൽ വച്ചു.

 

“ആന്റീ” ജെനവീവ് അവരുടെയരികിലേക്ക് വീണ്ടും ചെല്ലുവാൻ തുടങ്ങിയെങ്കിലും ക്രെയ്ഗ് പിടിച്ചു നിർത്തി.

 

“പോകാൻ നോക്കൂ കുട്ടീ” ഹോർടെൻസ് പറഞ്ഞു. “എത്രയും പെട്ടെന്ന്

 

ക്രെയ്ഗ് വാതിൽ തുറന്നു. ജെനവീവിന്റെ കൈയിൽ പിടിച്ച് നിർബന്ധിച്ച് പുറത്തേക്കിറക്കവെ അവളുടെ കണ്ണുകൾ ജ്വലിക്കുകയായിരുന്നു. മിഴിനീർക്കണങ്ങൾക്ക് ഇനിയവിടെ സ്ഥാനമില്ല. അവസാനമായി ഒന്ന് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ഒരു കൈയിൽ വാൾട്ടറുമായി കട്ടിലിൽ ചാരിയിരുന്ന്, തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹോർടെൻസ് ആന്റിയെയാണ്.

 

                                                 ***

 

വിശാലമായ ആ സ്റ്റെയർകെയ്സിലൂടെ ശബ്ദമുണ്ടാക്കാതെ അവർ താഴേക്കിറങ്ങി. ഹാളിൽ നിറയെ നിഴൽ രൂപങ്ങളായിരുന്നു. എവിടെയും ആരുടെയും അനക്കമില്ല.

 

“പ്രീം എവിടെയായിരിക്കും?” പതിഞ്ഞ സ്വരത്തിൽ ക്രെയ്ഗ് ചോദിച്ചു.

 

“ലൈബ്രറിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ ഉറക്കവും

 

ആ ഓഫീസ് റൂമിന്റെ വാതിലിന്റെ അടിഭാഗത്തെ പഴുതിലൂടെ ഉള്ളിലെ വെളിച്ചം കാണാമായിരുന്നു. ഒന്ന് നിന്നിട്ട്, കൈയിലെ ഷ്മീസർ മെഷീൻ പിസ്റ്റൾ ഉപയോഗിക്കാൻ പാകത്തിന് പിടിച്ച്,  പതുക്കെ വാതിൽ തുറന്ന് ജെനവീവിനോടൊപ്പം അദ്ദേഹം ഉള്ളിലേക്ക് കടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, January 9, 2026

കോൾഡ് ഹാർബർ - 70

ഫീൽഡ് മാർഷൽ ഇർവിൻ റോമൽ വോൺകോർട്ട് കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ചു. പ്രീം ആവശ്യപ്പെട്ടിരുന്നത് പോലെ അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേരുവാൻ ഹോർടെൻസ് പ്രഭ്വിയോടൊപ്പം പുഞ്ചിരിച്ച മുഖവുമായി ജെനവീവും ഉണ്ടായിരുന്നു. ക്രെയ്ഗ് ഓസ്ബോണിന്റെ യാതൊരടയാളവും അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. അതവളെ തെല്ല് ആശങ്കപ്പെടുത്തുക തന്നെ ചെയ്തു. തന്റെ സഹോദരിയുടെ റൂമിലേക്ക് ഇനിയൊരിക്കലും തിരികെ പോകാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല.

 

ആൾക്കൂട്ടം ശുഷ്കിച്ചു തുടങ്ങവെ പ്രീം ഹോർടെൻസ് പ്രഭ്വിയുടെയും ജെനവീവിന്റെയും നേർക്ക് തിരിഞ്ഞു. “വിശ്രമിക്കാൻ സമയമായി മഹതികളേ രാത്രി ഏറെയായിരിക്കുന്നു

 

“എന്തൊരു കരുതലാണ് അദ്ദേഹത്തിന് അല്ലേ?” ഹോർടെൻസ് അവളുടെ കാതിൽ മന്ത്രിച്ചു.

 

ജെനവീവ് തന്റെ ആന്റിയുടെ കൈ പിടിച്ച് സ്റ്റെയർകെയ്സിന്റെ പടികൾ കയറുവാൻ സഹായിച്ചു. തൊട്ടു പിന്നിൽ പ്രീമും ചെറുപ്പക്കാരനായ ആ ലെഫ്റ്റനന്റും ഉണ്ടായിരുന്നു. പതിവിന് വിപരീതമായി ഒരു വ്യത്യാസം. ആ ചെറുപ്പക്കാരന്റെ കൈയിൽ ഒരു ഷ്മീസർ മെഷീൻ പിസ്റ്റൾ ഉണ്ടായിരുന്നുവെന്നത്.

 

“ലഭിക്കുന്ന ആദ്യ അവസരത്തിൽത്തന്നെ നീ ഇവിടെ നിന്നും പുറത്തു കടക്കുന്നു മനസ്സിലാകുന്നുണ്ടോ നിനക്ക്?” ഹോർടെൻസ് പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.

 

“നിങ്ങളെ ഇവിടെ ഉപേക്ഷിച്ചിട്ടോ?” അവൾ ചോദിച്ചു. “എനിക്കതിന് കഴിയുമെന്ന് ആലോചിക്കാൻ പോലും പറ്റുമോ നിങ്ങൾക്ക്?”

 

പടികൾ കയറി ഇടനാഴിയിൽ എത്തിയിരുന്നു അവർ. പ്രീം ആ ലെഫ്റ്റനന്റിന് നേർക്ക് കണ്ണിറുക്കി. അയാൾ ഒരു കസേരയെടുത്തു കൊണ്ടു വന്ന് അതിൽ ഇരുന്നാൽ അവർ ഇരുവരുടെയും ബെഡ്റൂമുകളുടെ വാതിൽ കാണാവുന്ന തരത്തിൽ ഇട്ടു. ഇതുവരെ കണ്ടത് പോലെ ആയിരുന്നില്ല അയാളുടെ മുഖഭാവം. തീർത്തും പരുക്കനായി മാറിക്കഴിഞ്ഞ ആ മുഖത്ത് നിശ്ചയദാർഢ്യം തെളിഞ്ഞു കാണാമായിരുന്നു അപ്പോൾ.

 

“ഇന്ന് രാത്രിയിലെ ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ശരിയ്ക്കും ഉത്കണ്ഠാകുലനാണ് നിങ്ങൾ എന്ന് തോന്നുന്നല്ലോ കേണൽ” ഹോർടെൻസ് അഭിപ്രായപ്പെട്ടു.

 

“ലെഫ്റ്റനന്റ് ഫോഗെൽ ഇവിടെ നിങ്ങളുടെ വിളിപ്പുറത്തുണ്ടാവും പ്രഭ്വീ അതുപോലെ തന്നെ, നിങ്ങളുടെ ബാൽക്കണിയുടെ താഴെ ക്യാപ്റ്റൻ റൈലിംഗെറും ഉണ്ടാവും ശാന്തമായ ഒരു രാത്രി നേരുന്നു” പ്രീമിന്റെ വാക്കുകൾ കേട്ട അവർ തെല്ല് സംശയിച്ചിട്ട് ജെനവീവിനെ ഒന്ന് നോക്കിയ ശേഷം തന്റെ റൂമിലേക്ക് കയറിപ്പോയി.

 

അദ്ദേഹം ജെനവീവിന് നേർക്ക് തിരിഞ്ഞു. “എല്ലാം ഭംഗിയായിത്തന്നെ അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത് ഫീൽഡ് മാർഷൽ നന്നായി ആസ്വദിച്ചു തന്റെ ബ്രീഫ്കെയ്സിൽ നിന്നും താൽക്കാലികമായിട്ടാണെങ്കിലും ഒരു ഫയൽ കാണാതായ കാര്യം അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെയായിരിക്കില്ല അദ്ദേഹം പെരുമാറുക എന്തായാലും ആ വിഷയം നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി

 

“ശരിയാണ് നിങ്ങളുടെ ഭാവിയെയും ബാധിക്കുന്ന പ്രശ്നമാണ് ശരിയല്ലേ? എന്നാൽ ഞാൻ ഇനി റൂമിലേക്ക് പൊയ്ക്കോട്ടെ?”

 

അദ്ദേഹം അവളുടെ മുറിയുടെ വാതിൽ തുറന്നു കൊടുത്തു. “ഗുഡ്നൈറ്റ്, മിസ്സ് ട്രെവോൺസ്” ഉപചാരപൂർവ്വം അദ്ദേഹം പറഞ്ഞു.

 

നരകത്തിൽ പോയി തുലയൂ എന്ന് പറയാനാണ് അവൾക്ക് തോന്നിയത്. പക്ഷേ, എന്ത് ഫലം അതിനാൽ മുറിയ്ക്കുള്ളിൽ കയറി വാതിൽ അടച്ച് അവൾ അതിൽ ചാരി നിന്നു. പുറത്ത് പതിഞ്ഞ സ്വരത്തിലുള്ള സംസാരവും പിന്നെ അകന്നു പോകുന്ന കാലടിശബ്ദവും കേട്ടു. താക്കോൽപ്പഴുതിൽ താക്കോൽ കാണാനുണ്ടായിരുന്നില്ല. കൂടുതൽ പരിശോധിച്ചപ്പോൾ കതകിന്റെ കുറ്റിയും അഴിച്ചെടുത്തിരിക്കുന്നതായി അവളുടെ ശ്രദ്ധയിൽപ്പെട്ടു. താൻ പ്രാവീണ്യം നേടിയ തന്റെ കൈത്തോക്കും അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.

 

ആഡംബര വസ്ത്രം അഴിച്ച് മാറ്റി പാന്റ്സും സ്വെറ്ററും എടുത്തണിഞ്ഞ് അവൾ ബാൽക്കണിയിലേക്കിറങ്ങി. പുറത്ത് കൂരാക്കൂരിരുട്ടാണ്. മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു. താഴെ കാവൽ നിൽക്കുന്ന ഗാർഡിന്റെ എന്തെങ്കിലും തരത്തിലുള്ള ശബ്ദത്തിനായി അവൾ കാതോർത്തു. ഏതാനും നിമിഷം കഴിഞ്ഞതും ഒരു ചുമ കേട്ടു. അപ്പോൾ പ്രീം പറഞ്ഞത് ശരിയാണ് താഴെ ആളുണ്ട് തന്റെ ആന്റിയുടെ മുറിയിലെ ബാൽക്കണിയുടെ മൂലയിലൂടെ പിടിച്ചിറങ്ങണെമെങ്കിൽ ഒട്ടും എളുപ്പമല്ല താനും.

 

തിരികെ ബെഡ്റൂമിൽ ചെന്ന് അവൾ തന്റെ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് എടുത്ത് തുറന്നു. ഒരു സിഗരറ്റു പോലുമില്ല. അതിനുള്ളിൽ അവശേഷിച്ചിരിക്കുന്നത് രഹസ്യ അറയിലുള്ള ഒരു റോൾ ഫിലിം മാത്രം. ഇനിയൊരു ഉപയോഗവും അതുകൊണ്ടില്ല താനും. വല്ലാത്ത ക്ഷീണം തോന്നി അവൾക്ക്. ഒപ്പം കുളിരും. ആൻ മേരിയുടെ ഹണ്ടിങ്ങ് ജാക്കറ്റ് എടുത്തണിഞ്ഞ് ആ സിഗരറ്റ് കെയ്സ് അതിന്റെ പോക്കറ്റിനുള്ളിൽ നിക്ഷേപിച്ചു.

 

കട്ടിലിൽ വിരിച്ചിരുന്ന ബ്ലാങ്കറ്റ് എടുത്ത് ദേഹത്ത് ചുറ്റി അവൾ ജാലകത്തിനരികിലുള്ള കസേരയിൽ ചെന്നിരുന്നു. ലൈറ്റ് അണയ്ക്കാൻ തുനിഞ്ഞില്ല അവൾ. കാരണം, ഇരുട്ടിനെ ഭയമുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെയായി മാറിയിരുന്നു അവൾ അപ്പോൾ.

 

                                                            ***

 

കുറച്ചുനേരത്തേക്ക് മയങ്ങിപ്പോയ അവൾ അസ്വസ്ഥതയോടെ ഞെട്ടിയുണർന്നപ്പോൾ കണ്ടത് ഇളകുന്ന കർട്ടനാണ്. വകഞ്ഞു മാറ്റപ്പെട്ട കർട്ടന്റെ വിടവിലൂടെ മുറിയ്ക്കുള്ളിലേക്ക് കാലെടുത്തു വച്ച ക്രെയ്ഗ് ഓസ്ബോണിന്റെ വലതുകൈയിൽ വാൾട്ടർ പിസ്റ്റൾ ഉണ്ടായിരുന്നു. അപ്പോഴും അദ്ദേഹം SS യൂണിഫോമിലായിരുന്നു. അവളെ നോക്കി അദ്ദേഹം ചുണ്ടിൽ വിരൽ വച്ച്, ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു.

 

“നമ്മൾ നിന്റെ ആന്റിയെയും ഒപ്പം കൊണ്ടുപോകുന്നു സമാധാനമായോ?”

 

ജെനവീവിന് പെട്ടെന്നുണ്ടായ ആശ്ചര്യം അടക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. “നിങ്ങളെങ്ങനെ ഈ മുറിയ്ക്കുള്ളിലെത്തി?”

 

“നിന്റെ ബാൽക്കണിയിലേക്ക് പിടിച്ചു കയറി

 

“താഴെ അവർ ഒരു ഗാർഡിനെ നിർത്തിയിട്ടുണ്ടെന്നാണല്ലോ അറിഞ്ഞത്?”

 

“ഉണ്ടായിരുന്നു, അയാളെ ഞാൻ വകവരുത്തി” ശബ്ദമുണ്ടാക്കാതെ വാതിൽക്കലേക്ക് നടന്നിട്ട് അദ്ദേഹം കാതോർത്തു. “പുറത്ത് ആരെയെങ്കിലും നിർത്തിയിട്ടുണ്ടോ അവർ?”

 

“ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റിനെ കൈയിൽ മെഷീൻ പിസ്റ്റളുമുണ്ട്

 

“എങ്കിൽ അയാളെ ഇങ്ങോട്ട് വിളിക്കൂ ബാൽക്കണിയിൽ സംശയാസ്പദമായി എന്തോ ശബ്ദം കേട്ടുവെന്നോ മറ്റോ പറഞ്ഞിട്ട്

 

വാൾട്ടർ പിസ്റ്റൾ അരയിലുള്ള ഉറയിൽ ഇട്ടിട്ട് അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു സാധനം പുറത്തെടുത്തു. അതിന്റെ ബട്ടണിൽ അമർത്തിയതും തിളങ്ങുന്ന വെള്ളി നിറമുള്ള ഒരു കത്തി സ്പ്രിങ്ങ് കണക്കെ പുറത്തേക്ക് വന്നു. അതു കണ്ട് മിഴിച്ചു നിന്ന അവളെ പതുക്കെ തള്ളി അദ്ദേഹം വാതിൽക്കൽ എത്തിച്ചു. കതകിൽ ചെറുതായി ഒന്ന് മുട്ടിയിട്ട് അവൾ വാതിൽ തുറന്നു. ഇടനാഴിയിൽ നിന്നിരുന്ന ലെഫ്റ്റനന്റ് ഫോഗെൽ മെഷീൻ പിസ്റ്റളുമായി മുന്നോട്ട് വന്നു.

 

“എന്താണ്?” അയാളുടെ ഫ്രഞ്ച് ഭാഷ തീർത്തും മോശമായിരുന്നു. “എന്താണ് വേണ്ടത്?”

 

അവളുടെ തൊണ്ട വരണ്ടിരുന്നു. എങ്കിലും തിരിഞ്ഞ്, ഇളംകാറ്റിൽ ഇളകുന്ന കർട്ട്ന് നേർക്ക് ചൂണ്ടി ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു. “അവിടെ ബാൽക്കണിയിൽ എന്തോ ഒരു ശബ്ദം കേട്ടത് പോലെ

 

ഒന്ന് സംശയിച്ചു നിന്നിട്ട് അയാൾ മുറിയ്ക്കുള്ളിൽ പ്രവേശിച്ചു. വാതിലിന്റെ മറവിൽ നിന്നിരുന്ന ക്രെയ്ഗ് ഓസ്ബോൺ ഒട്ടും സമയം പാഴാക്കിയില്ല. പിറകിലൂടെ ചെന്ന് ഇടതുകൈ കഴുത്തിൽ ചുറ്റിപ്പിടിച്ച് മുട്ടുകാൽ ഉയർത്തി നട്ടെല്ലിൽ മുട്ടിച്ച് ഒരു വില്ല് പോലെ അയാളെ പിറകോട്ട് വളച്ചു. വലതുകൈയിലെ സ്പ്രിങ്ങ് നൈഫ് അതിന്റെ കർമ്മം നിർവ്വഹിച്ചതും തിരികെ അതിന്റെ ഉറയിലേക്ക് പോയതുമൊന്നും ജെനവീവ് കാണുകയുണ്ടായില്ല. ചെറിയൊരു ഞരക്കം മാത്രം. എത്ര മനോഹരമായിട്ടായിരുന്നു അയാൾ അല്പം മുമ്പ് തന്നോടൊപ്പം നൃത്തം ചവിട്ടിയിരുന്നതെന്ന് തെല്ല് വിഷമത്തോടെ അവൾ ഓർത്തു. ക്രെയ്ഗ് അയാളുടെ മൃതശരീരം ബാത്ത്റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോൾ അതിന്റെ കാലുകൾ തറയിൽ ഉരസുന്നുണ്ടായിരുന്നു. ഫോഗെലിന്റെ ഷ്മീസർ പിസ്റ്റളുമായിട്ടാണ് ബാത്ത്റൂമിൽ നിന്നും ക്രെയ്ഗ് തിരികെയെത്തിയത്.

 

“ഓൾറൈറ്റ്?” അദ്ദേഹം ചോദിച്ചു.

 

“യെസ്” അവൾ ഒരു ദീർഘശ്വാസമെടുത്തു. “യെസ്, ഒഫ്കോഴ്സ് അയാം

 

“എങ്കിൽ വരൂ, നമുക്ക് നീങ്ങാം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Sunday, January 4, 2026

കോൾഡ് ഹാർബർ - 69

മാക്സ് പ്രീം തന്നോട് പറഞ്ഞതെല്ലാം സത്യമാണെങ്കിൽ ക്രെയ്ഗ് ഓസ്ബോൺ എന്തിന് ഈ നേരത്ത് ഈ വേഷത്തിൽ ഇവിടെ എത്തണം? എവിടെയൊക്കെയോ ഒരു പന്തികേട് ജെനവീവിന് ഒട്ടും തന്നെ ഉൾക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല അത്. അദ്ദേഹം അടുത്തേക്ക് വന്നുകൊണ്ടിരിക്കെ അവർ നൃത്തം നിർത്തി. പ്രീമിന്റെ മുഖത്ത് ഒരു സംശയഭാവം കാണാമായിരുന്നു.

 

“ആൻ മേരീ, എത്ര മനോഹരം നീ ഇവിടെയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു” ക്രെയ്ഗിന്റെ ഫ്രഞ്ച് ഭാഷ അതിഗംഭീരമായിരുന്നു. അദ്ദേഹം പ്രീമിന് നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ നൃത്തം തടസ്സപ്പെട്ടതിൽ ഖേദമുണ്ട് മദ്മോസെലാ ട്രെവോൺസും ഞാനും പഴയ സുഹൃത്തുക്കളാണ്” അവളുടെ കരം കൈയിലെടുത്തു ചുംബിച്ചു കൊണ്ട് അദ്ദേഹം തുടർന്നു. “1939 ജൂലൈ മുതലുള്ള പരിചയമാണ് വർഷങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു

 

പ്രീമിന്റെ മുഖത്തെ സംശയഭാവം ഒരു ഗൂഢസ്മിതത്തിന് വഴി മാറുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. ആൻ മേരിയുടെ റോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന താൻ പഴയ സുഹൃത്തെന്ന് അവകാശപ്പെടുന്ന ഈ വ്യക്തിയുടെ മുന്നിൽ അയാളുടെ പേര് പോലും അറിവില്ലാതെ ദയനീയമായി പിടിക്കപ്പെടുന്ന അവസ്ഥ ഒരു പക്ഷേ പ്രീം മനസ്സിൽ കാണുകയായിരിക്കണം.

 

“ഞാൻ ഹെൻട്രി ലെഗ്രാൻഡ്” ക്രെയ്ഗ് പ്രീമിനോട് പറഞ്ഞു. “നിങ്ങളുടെ പേരെന്താണ് കേണൽ…?

 

പ്രീം കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു. “മാക്സ് പ്രീം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി, സ്റ്റാൻഡർടൻഫ്യൂറർ” ഉപചാരപൂർവ്വം പറഞ്ഞിട്ട് പ്രീം പിൻവാങ്ങി.

 

ജെനവീവിന്റെ കൈകളിൽ പിടിച്ച് ക്രെയ്ഗ് ചുവടു വയ്ക്കാൻ തുടങ്ങി. “നീയിവിടെ പതിവായി വരാറുണ്ടോ?” അദ്ദേഹം ചോദിച്ചു.

 

കാര്യങ്ങളുടെ നിജസ്ഥിതിയറിയാവുന്ന അവൾക്ക് ക്രെയ്ഗിന്റെ ഇപ്പോഴത്തെ വരവ് തീർത്തും വിചിത്രമായി തോന്നി. എങ്കിലും അവളുടെ ഉത്കണ്ഠ അദ്ദേഹത്തെയോർത്ത് മാത്രമായിരുന്നു. “നിങ്ങൾക്ക് ഭ്രാന്താണെന്നാണ് തോന്നുന്നത്

 

“എനിക്കറിയാം എന്റെ അമ്മ എപ്പോഴും ഇതുതന്നെ പറയുമായിരുന്നു മുഖത്ത് ഇത്ര പരിഭ്രമം കാണിക്കല്ലേ മനം മയക്കുന്ന ആ പുഞ്ചിരി എപ്പോഴും മുഖത്തുണ്ടാവണം” അദ്ദേഹം അവളെ ചേർത്തു പിടിച്ചു. “സിംഹത്തിന്റെ കൂട്ടിൽ കയറിയ ഡാനിയൽ എന്ന് പറയാറില്ലേ? അത് ഞാനാണ് ദൈവത്തിന്റെ ശക്തി ഒരു പോറൽ പോലുമേൽക്കാതെ ഞാൻ ഇവിടെ നിന്നും പുറത്തു കടക്കും നീയും എന്നോടൊപ്പം വരുന്നു അതിനു വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത് എല്ലാം ഒരു കെണിയായിരുന്നു ഡിയർ മൺറോ നിന്നെ ഒരു ബലിയാടാക്കുകയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ആ രേഖകളുടെ ഫോട്ടോസ് എടുക്കാനുള്ള ഏതൊരു ശ്രമവും അപകടമാണ് നിന്നെ പിടികൂടുവാൻ നോക്കിയിരിക്കുകയാണ് അവർ

 

“ഇതൊക്കെ പഴയ വാർത്ത” അവൾ പറഞ്ഞു. “ഇന്ന് വൈകിട്ട് ഞാനതിന് ശ്രമിച്ചിരുന്നു പിടിക്കപ്പെടുകയും ചെയ്തു പ്രീമിന് എല്ലാം അറിയാം, ക്രെയ്ഗ് അദ്ദേഹം എന്നോട് എല്ലാം പറഞ്ഞു ഡോക്ടർ ബാം, ആൻ മേരി, ഈ വൃത്തികെട്ട കളി എല്ലാം എല്ലാം അവരുടെ കടിഞ്ഞാൺ ചരടിലാണ് എന്റെ ഓരോ നീക്കവും നിങ്ങൾക്കത് മനസ്സിലാവുന്നില്ലേ? താൻ പറയുന്നത് പോലെയേ ഞാൻ പ്രവർത്തിക്കൂ എന്ന് അദ്ദേഹത്തിനറിയാം ഹോർടെൻസ് ആന്റിയുടെ ജീവൻ അവരുടെ കൈകളിലാണെന്നത് തന്നെ കാരണം എന്റെ ഓരോ നീക്കവും അദ്ദേഹം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്

 

നൃത്തം അവസാനിപ്പിച്ച് ക്രെയ്ഗ് അവളിൽ നിന്നും അകന്നു. “അങ്ങനെയാണോ? എന്നാൽ പിന്നെ അയാൾക്ക് എന്തെങ്കിലും ഒരു പണി കൊടുക്കാൻ പറ്റുമോ എന്ന് നോക്കണമല്ലോ” ആ ആൾക്കൂട്ടത്തിനിടയിലൂടെ അവളെയും കൂട്ടി അദ്ദേഹം ഫ്രഞ്ച് ജാലകം വഴി പുറത്ത് കടന്നു.

 

                                                          ***

 

തണുപ്പുള്ള അന്തരീക്ഷമായിരുന്നു പുറത്ത്. മഴ പെയ്യുന്നതിനാൽ അവർ സൺഷേഡിന് താഴെ ഒതുങ്ങി നിന്നു. “ഇടയ്ക്കൊക്കെ ഒന്ന് പൊട്ടിച്ചിരിക്കുന്നത് നല്ലതാണ് കാണുന്നവർക്ക് നമ്മുടെ പെരുമാറ്റം സ്വാഭാവികമായി തോന്നും” ക്രെയ്ഗ് പറഞ്ഞു. “ഇടയ്ക്ക് ഓരോ സിഗരറ്റും

 

പൊത്തിപ്പിടിച്ച കൈപ്പടത്തിനുള്ളിലെ തീപ്പെട്ടിക്കൊള്ളിയുടെ വെട്ടത്തിൽ പ്രകാശിച്ച അദ്ദേഹത്തിന്റെ മുഖത്തേക്ക് അവൾ നോക്കി. “പക്ഷേ, എന്തിന് ക്രെയ്ഗ്? എന്തിന്?”

 

“പ്രീം നിന്നോട് എന്തൊക്കെയാണ് പറഞ്ഞത്?” ക്രെയ്ഗ് ചോദിച്ചു.

 

“ആൻ മേരി അദ്ദേഹത്തിന് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്ന്

 

അദ്ദേഹം പതുക്കെ ചൂളം കുത്തി. “ഇത് മൺറോയെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരിക്കുമല്ലോ അപ്പോൾ, തുടക്കം മുതൽക്കേ നീ ചതിക്കപ്പെടുകയായിരുന്നു നീ ആരാണെന്ന് ഡോക്ടർ ബാം ഇവരെ അറിയിച്ചിരുന്നില്ലെങ്കിൽപ്പോലും

 

“ഇതൊന്നും നിങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണോ പറഞ്ഞു വരുന്നത്? എനിക്കത് വിശ്വസിക്കാനാവില്ല നിങ്ങൾ എന്നെ ഉപയോഗിക്കുകയായിരുന്നു ക്രെയ്ഗ് ആൻ മേരിയെ നിങ്ങൾ ഉപയോഗിച്ചത് പോലെ അതെല്ലാം ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് ആൻ മേരിയ്ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും എനിക്കറിയാം

 

“അത് ശരി റിനേ എവിടെ?”

 

“ഇപ്പോൾ ജീവനോടെയില്ല വെടിയുതിർത്ത് ആത്മഹത്യ ചെയ്തു ചോദ്യം ചെയ്യലിൽ എന്നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ വേണ്ടി

 

ഒന്നോ രണ്ടോ നിമിഷനേരം അവിടെ മൗനം നിറഞ്ഞു. തുറന്നു കിടന്ന ഫ്രഞ്ച് ജാലകത്തിലൂടെ മഴനീർക്കണങ്ങൾ സ്പ്രേ പോലെ ഉള്ളിലേക്ക് കടന്നു. ക്രെയ്ഗ് മൗനം ഭഞ്ജിച്ചു. “നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, ഇനി ഞാൻ പറയാൻ പോകുന്നതാണ് വാസ്തവം നിന്റെ സഹോദരിയ്ക്ക് കുത്തിവെച്ച ആ പുതിയ മരുന്ന് ചാരപ്രവർത്തനം കഴിഞ്ഞ് തിരിച്ചെത്തുന്ന എല്ലാ ഏജന്റുമാരിലും അവർ പരീക്ഷിക്കുന്നതാണ് പക്ഷേ, ആൻ മേരിയുടെ കാര്യത്തിൽ അവർക്ക് തെറ്റിപ്പോയി. ആ മരുന്നിന്റെ പാർശ്വഫലമാണ് അവളെ അങ്ങനെയാക്കിയത് ഡോക്ടർ ബാമിൽ നിന്നും ഇന്നലെ രാത്രിയിൽ മാത്രമാണ് അക്കാര്യം ഞാൻ അറിയുന്നത് SS സേനാംഗങ്ങൾ അവളെ ബലാൽക്കാരം ചെയ്തു എന്നൊക്കെയുള്ള കഥകൾ മൺറോ മെനഞ്ഞുണ്ടാക്കിയതാണ് ഈ ദൗത്യം നിന്നെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ സദുദ്ദേശ്യത്തോടെയുള്ള ഒരു സൈക്കോളജിക്കൽ മൂവ് നിന്നോട് പറഞ്ഞ അതേ കഥ തന്നെയായിരുന്നു മൺറോ എന്നോടും പറഞ്ഞിരുന്നത്

 

“അപ്പോൾ ഡോക്ടർ ബാം?”

 

“ഡോക്ടർ ബാമിന്റെ ജർമ്മൻ കണക്ഷൻസിനെക്കുറിച്ച് ഇന്നലെ രാത്രി വരെയും എനിക്ക് അറിവില്ലായിരുന്നു നിന്നോട് പറഞ്ഞ അതേ വിവരങ്ങൾ തന്നെയായിരുന്നു അവർ എന്നോടും പറഞ്ഞത് അതായത്, ഒരേയൊരു കാരണത്താൽ മാത്രമാണ് നീ ഇങ്ങോട്ട് വരുന്നത് ആൻ മേരിയുടെ ഒഴിവ് നികത്തുക എന്നത് അതോടൊപ്പം റോമലിന്റെ അറ്റ്‌ലാന്റിക്ക് വാൾ കോൺഫറൻസിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുമെങ്കിൽ അത് ശേഖരിക്കുക എന്നതും

 

“ഇതാണ് വാസ്തവമെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളെ ഇപ്പോൾ ഇതുപോലെ ഇങ്ങോട്ട് വരാൻ മൺറോ അനുവദിച്ചത്?”

 

“അദ്ദേഹം അനുവാദം തന്നിട്ടൊന്നുമല്ല എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാനിവിടെ എത്തിയത് ഈ വിവരം അറിഞ്ഞ് അദ്ദേഹത്തിനിപ്പോൾ ഭ്രാന്ത് പിടിച്ചിട്ടുണ്ടാവും

 

ഇപ്പോഴാണ് അവളിൽ നിന്നും ആശ്വാസത്തിന്റെ നെടുവീർപ്പ് ഉയർന്നത്. അദ്ദേഹം പറഞ്ഞത് അവൾക്ക് വിശ്വാസമായി. പൂർണ്ണമായും വിശ്വാസം.

 

“മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട പാവം ഡോക്ടർ ബാമിൽ നിന്നാണ് എല്ലാ രഹസ്യങ്ങളും എനിക്ക് ലഭിച്ചത് വെറും ആറു മാസം മുമ്പ് മാത്രമാണത്രേ അദ്ദേഹത്തിന്റെ മകൾ മരണമടഞ്ഞത്

 

“എനിക്കറിയാം” ജെനവീവ് പറഞ്ഞു. “പ്രീം എന്നോട് പറഞ്ഞു.”

 

“വിവരങ്ങളെല്ലാം ശരിയാണെന്ന് മൺറോ എന്റെയടുത്ത് സമ്മതിച്ചു യുദ്ധമാകുമ്പോൾ ഇങ്ങനെ പലതും ഉണ്ടാകുമത്രെ ഇതൊന്നും അറിയില്ലേയെന്ന് ചോദിച്ച് എന്നെ പരിഹസിച്ചു ഒരു വീണ്ടുവിചാരത്തിനുള്ള സമയം തരാമെന്ന് പറഞ്ഞ് ഒരു രാത്രി മുഴുവൻ എന്നെ തടവറയിൽ അടച്ചു പുലർച്ചയോടെ ഒരു വിധം അവിടെ നിന്നും രക്ഷപെട്ട് ഞാൻ കോൾഡ് ഹാർബറിൽ എത്തി മാർട്ടിൻ ഹെയറും സംഘവുമാണ് E-ബോട്ടിൽ എന്നെ ഇങ്ങോട്ട് എത്തിച്ചത് ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ജൂലി റേഡിയോ സന്ദേശം മുഖേന ഗ്രാൻഡ് പിയറിനെ അറിയിച്ചിരുന്നു E-ബോട്ട് ഇപ്പോൾ ഗ്രോസ്നെസ് പോയിന്റിൽ കാത്തു കിടക്കുന്നുണ്ട് ഈ യൂണിഫോമിൽ ഇങ്ങോട്ട് എത്തുന്നത് ഒരു പ്രശ്നമേയായിരുന്നില്ല ഇതെനിക്ക് ചേരുന്നില്ലേ എന്നൊരു സംശയം മാത്രമേയുള്ളൂ

 

“യൂ ഫൂൾ” അവൾ പറഞ്ഞു.

 

“ഒരു യേൽ യൂണിവേഴ്സിറ്റി ഉല്പന്നമാണ് ഞാൻ എന്ന് മുമ്പ് പറഞ്ഞിരുന്നില്ലേ? ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറയൂ

 

ചുരുങ്ങിയ വാക്കുകളിൽ അവൾ സകല കാര്യങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. ആരുടെയോ കാലടി ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. ചെറുപ്പക്കാരനായ ആ ലെഫ്റ്റനന്റ് ജാലകത്തിനരികിൽ വന്ന് തികച്ചും സ്വാഭാവികമെന്ന മട്ടിൽ പുറത്ത് മഴയത്തേക്ക് എത്തി നോക്കി. പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ ക്രെയ്ഗ് നൽകിയ സിഗരറ്റ് ചുണ്ടിൽ വച്ചു. അദ്ദേഹം അതിന് തീ കൊളുത്തി കൊടുത്തു.

 

“ഓരോ മാത്രയും അവർ എന്നെ നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അതുകൊണ്ട്, തിരികെ പോകൂ ക്രെയ്ഗ് ഇപ്പോൾ അതിനുള്ള അവസരമെങ്കിലുമുണ്ട്” ജെനവീവ് പറഞ്ഞു.

 

“നിന്റെ ജീവൻ വച്ചുള്ള ഒരു കളിയുമില്ല ഈ അവസ്ഥയിൽ നിന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോകാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ? റിയൂ സുസെയ്സിലുള്ള ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലെ സെല്ലാറുകൾ നീ കണ്ടിട്ടില്ല ഞാൻ അവിടെ കഴിഞ്ഞിട്ടുള്ളതാണ് നമ്മളെപ്പോലുള്ള ഏജന്റുമാർ അനുഭവിക്കേണ്ടി വരുന്ന പീഡനം അതിഭീകരമായിരിക്കും അതിനാൽ തിരികെ പോകുന്നത് നമ്മൾ ഒരുമിച്ചായിരിക്കും അതല്ലെങ്കിൽ ആരും പോകുന്നില്ല

 

“അത് സാദ്ധ്യമല്ല ഹോർടെൻസ് ആന്റിയെ ഉപേക്ഷിക്കാൻ എനിക്കാനാവില്ല രക്ഷപെടാൻ എനിക്ക് മാർഗ്ഗമുണ്ടെങ്കിൽ പോലും നിങ്ങൾക്ക് ഇപ്പോഴും അവസരമുണ്ട് തിരിച്ചു പോകൂ ക്രെയ്ഗ്

 

“വാട്ട് ഇൻ ദി ഹെൽ! വെറുതെ ഒരു തമാശയ്ക്കാണ് ഞാനിവിടെ വന്നതെന്നാണോ നീ കരുതുന്നത്? അന്ന് കോൾഡ് ഹാർബറിൽ വച്ച് പോലും നിനക്കെന്നെ മനസ്സിലായില്ലേ? ഓരോ തവണയും നിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആൻ മേരിയെയാണ് ഞാൻ കണ്ടിരുന്നത് എന്നാണോ നീ കരുതിയിരുന്നത്?

 

ഒരേയൊരു മാർഗ്ഗമേ അവൾക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. സ്വയരക്ഷയ്ക്ക് വേണ്ടിയല്ല, അദ്ദേഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി. ആ മാർഗ്ഗം അവൾ തെരഞ്ഞെടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് ക്രെയ്ഗിന് മനസ്സിലാക്കാൻ സാധിക്കുന്നതിന് മുമ്പ് അവൾ തിരിഞ്ഞ് ഫ്രഞ്ച് ജാലകത്തിലൂടെ ഉള്ളിലേക്ക് കയറി.

 

നെരിപ്പോടിനരികിൽ ഒരു സിഗരറ്റ് പുകച്ചു കൊണ്ട് പ്രീം നിൽക്കുന്നുണ്ടായിരുന്നു. അത് ആ നെരിപ്പോടിനുള്ളിലേക്ക് വലിച്ചെറിഞ്ഞിട്ട് അദ്ദേഹം അവൾക്കരികിലേക്ക് വന്നു. “ആ പാവം കേണലിനെ ഉപേക്ഷിച്ചിട്ടു വന്നോ?” അദ്ദേഹത്തിന്റെ കണ്ണുകൾ ചെറുതായൊന്ന് കുറുകി. “എന്തെങ്കിലും പ്രശ്നമുണ്ടോ?”

 

“എന്ന് പറയാം എന്റെ സഹോദരിയുടെ ഒരു പഴയ സുഹൃത്താണയാൾ ഞാൻ ആൻ മേരിയാണെന്നാണ് അയാൾ ധരിച്ചു വച്ചിരിക്കുന്നത് അയാൾക്ക് ഇപ്പോഴും എന്നോട് അഭിനിവേശമാണത്രെ എന്നെക്കുറിച്ചുള്ള ഓർമ്മകളാണത്രെ റഷ്യൻ യുദ്ധനിരയിൽ പിടിച്ചു നിൽക്കാൻ അയാളെ സഹായിച്ചത്

 

“ഈ ഫ്രഞ്ചുകാരുടെ ഒരു കാര്യം” പ്രീം പറഞ്ഞു. “ഇത്രയും റൊമാന്റിക്ക് ആയിട്ടുള്ള ആൾക്കാർ ആഹ്, അതു പോട്ടെ, ഫീൽഡ് മാർഷൽ പുറപ്പെടാൻ ഒരുങ്ങുകയാണ് അദ്ദേഹം നിന്നെ അന്വേഷിച്ചിരുന്നു നീയിപ്പോൾ ഓകെയല്ലേ?”

 

“തീർച്ചയായും

 

ഒരു നിമിഷനേരത്തേക്ക് അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ജെനവീവ്, നീയൊരു മിടുക്കി തന്നെ

 

“അത് പിന്നെ എനിക്കറിയില്ലേ മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ചിലപ്പോൾ………..”

 

“ഒരു നാടകത്തിലെ രംഗമാണോ ഇതെന്ന് തോന്നിപ്പോകുന്നു

 

“പലപ്പോഴും ജീവിതം തന്നെ ഒരു നാടകമാണല്ലോ നമുക്ക് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരാം വരൂ, എനിക്കൊരു ഗ്ലാസ് ഷാംപെയ്ൻ കിട്ടിയാൽ കൊള്ളാമെന്നുണ്ട്

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...