മെയിൻ ഗേറ്റിലെ വെടിവെയ്പ്പും
തുടർന്നുണ്ടായ ഒച്ചപ്പാടും ബഹളവുമെല്ലാം കേട്ടുകൊണ്ട് തന്റെ കട്ടിലിൽ തലയിണയിൽ ചാരിക്കിടക്കുകയാണ്
വോൺകോർട്ട് പ്രഭ്വി ഹോർടെൻസ്. താഴെ ഹാളിൽ ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നതും അടുത്ത
നിമിഷം ഇടനാഴിയിലൂടെ ആരോ ഓടി വരുന്നതിന്റെ പാദപതനവും അവർ കേട്ടു. തൊട്ടുപിന്നാലെ വാതിലിൽ
ആരോ ശക്തിയായി തട്ടുന്നത് കേട്ട് അവർ തന്റെ സിൽവർകെയ്സിൽ നിന്നും ഒരു സിഗരറ്റ് എടുത്ത്
തീ കൊളുത്തി. അടുത്ത നിമിഷം വാതിൽ തള്ളിത്തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ച ജനറൽ കാൾ
സീംകായുടെ കൈയിൽ പിസ്റ്റൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് തൊട്ടുപിന്നിൽ ഷ്മീസർ മെഷീൻ
ഗൺ ഏന്തിയ ഒരു SS കോർപ്പറലും.
“എന്തു പറ്റി കാൾ…?” അവർ ആരാഞ്ഞു. “നിങ്ങൾ ആകെപ്പാടെ പരിഭ്രാന്തനാണല്ലോ…”
“എന്താണിവിടെ സംഭവിക്കുന്നത്…?” അദ്ദേഹം ചോദിച്ചു. “ആൻ മേരിയും പ്രീമും ആ ഫ്രഞ്ച് സ്റ്റാൻഡർടെൻഫ്യൂററും
കൂടി അല്പം മുമ്പ് കാറിൽ മെയിൻ ഗേറ്റ് കടന്ന് പോയി എന്ന് അറിഞ്ഞു… റൈലിംഗെർ കൊല്ലപ്പെട്ടിരിക്കുന്നു… ആ ഫ്രഞ്ചുകാരനാണ്
അയാളെ വെടിവെച്ചു കൊന്നത്… ഗേറ്റിലെ ക്യാബിനിലുണ്ടായിരുന്ന ഗാർഡാണ് സംഭവം
കണ്ടത്…”
“കുറേ കാലം കൊണ്ട് ഞാൻ
കേട്ടതിൽ ഏറ്റവും നല്ല വാർത്ത…” ഹോർടെൻസ് പറഞ്ഞു. “റൈലിംഗെറിനെ ഒരിക്കലും എനിക്ക്
ഇഷ്ടമായിരുന്നില്ല…”
സ്തബ്ധനായി നിന്ന അദ്ദേഹത്തിന്റെ
മുഖത്ത് അമ്പരപ്പുണ്ടായിരുന്നു. “ഹോർടെൻസ്…? നിങ്ങളെന്താണീ പറയുന്നത്…?”
“പാർട്ടിയൊക്കെ കഴിഞ്ഞിരിക്കുന്നു
കാൾ… ഇപ്പോഴാണ് വോൺകോർട്ട് പ്രഭ്വി എന്ന നിലയിൽ ഒരു
തീരുമാനമെടുക്കാനുള്ള ധൈര്യം എനിക്ക് വന്നത്… എന്റെ രാജ്യത്ത് അധിനിവേശം നടത്തി ഭരിച്ചുകൊണ്ടിരിക്കുന്നവരാണ്
നിങ്ങൾ എന്ന ഓർമ്മ വന്നത്…”
“ഹോർടെൻസ്…?” ജനറൽ സീംകാ ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായത് പോലെ കാണപ്പെട്ടു.
“നിങ്ങളൊരു നല്ല മനുഷ്യനാണ്
കാൾ… പക്ഷേ, അതുകൊണ്ട് മാത്രമായില്ല… നിങ്ങൾ ഞങ്ങളുടെ ശത്രുവും കൂടിയാണ്…” ബ്ലാങ്കറ്റിനുള്ളിൽ
നിന്നും അവരുടെ കൈ പുറത്തേക്ക് വന്നു. “ഗുഡ്ബൈ, മൈ ഡിയർ…”
അവരുടെ കൈയിലെ വാൾട്ടർ
രണ്ടു വട്ടം തീ തുപ്പി. ഇടതു നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ടകളേറ്റ് അദ്ദേഹം പിറകോട്ട്
തെറിച്ചു വീണു. പെട്ടെന്ന് കതകിന് പിന്നിലേക്ക് മാറിയ ആ SS കോർപ്പറൽ ഷ്മീസറിന്റെ ബാരൽ
പുറത്തേക്ക് നീട്ടി ട്രിഗറിൽ വിരലമർത്തി. മാഗസിനിലെ തിരകൾ മുഴുവനും തീരുന്നത് വരെ ആ
ഓട്ടോമാറ്റിക്ക് ഗണ്ണിന്റെ ബാരലിൽ നിന്നും വെടിയുണ്ടകൾ വർഷിച്ചു. വോൺകോർട്ട് പ്രഭ്വി
ഹോർടെൻസിന് വേദന അറിയേണ്ടി വന്നില്ല. ഇരുട്ടിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു.
***
തീർത്തും വിജനമായ സെന്റ്
മോറിസ് പട്ടണം താണ്ടി ആ മെഴ്സെഡിസ് കാർ മുന്നോട്ട് കുതിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞതും
അവർ തീരദേശ പാതയിലുള്ള ലിയോൺ ഗ്രാമത്തിലെത്തി. ഒരു നിമിഷനേരത്തേക്ക് മേഘക്കൂട്ടങ്ങൾക്കിടയിൽ
നിന്നും ചന്ദ്രൻ പുറത്തേക്ക് എത്തി നോക്കി. അതിനോടകം അവർ ഗ്രോസ്നെസിന് സമീപം മരങ്ങൾ
നിറഞ്ഞ മുനമ്പിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്നു.
ക്രെയ്ഗ് പ്രീമിന്റെ ചുമലിൽ
തട്ടി. “ഇവിടെ നിർത്തൂ…”
കാർ നിർത്തിയ പ്രീം എഞ്ചിൻ
ഓഫ് ചെയ്തു. “ഇനിയെന്താണ്…? തലയിൽ വെടിയുണ്ട…?”
“അങ്ങനെ എളുപ്പം മരിക്കാമെന്ന്
കരുതേണ്ട…” ക്രെയ്ഗ് പുഞ്ചിരിച്ചു. “ഞങ്ങളോടൊപ്പം നിങ്ങളും
ഇംഗ്ലണ്ടിലേക്ക് വരുന്നു… അവിടെ ഒരാളെ നിങ്ങൾ പരിചയപ്പെടേണ്ടതുണ്ട്… വിവരങ്ങളുടെ അക്ഷയഖനിയായിരിക്കും നിങ്ങൾ അദ്ദേഹത്തിന്…”
കാറിൽ നിന്നും പുറത്തിറങ്ങിയ
ക്രെയ്ഗ് ഉച്ചത്തിൽ വിളിച്ചു. “ഗ്രാൻഡ് പിയർ…?”
മരക്കൂട്ടങ്ങൾക്കിടയിൽ
മറഞ്ഞു നിന്നിരുന്ന ഏതാനും പേർ മുന്നോട്ട് വന്നു. ഷീപ്‌സ്കിൻ ജാക്കറ്റും തുണിത്തൊപ്പിയുമാണ്
അവർ ധരിച്ചിരുന്നത്. ചിലരുടെ കൈയിൽ ഷോട്ട്ഗണ്ണും മറ്റുള്ളവരുടെ കൈയിൽ റൈഫിളും ഉണ്ടായിരുന്നു.
കാറിന് സമീപമെത്തിയ അവർ നിന്നു. ഗ്രാൻഡ് പിയർ അവർക്കിടയിൽ നിന്നും മുന്നോട്ട് വന്നു.
“ആഹാ, താങ്കളെത്തിയോ…!” അയാൾ ആഹ്ലാദം പ്രകടിപ്പിച്ചു.
പ്രീമിന്റെ മുഖത്ത് ഒരു
ചെറുപുഞ്ചിരിയുണ്ടായിരുന്നു. റിയർവ്യൂ മിററിലൂടെ അദ്ദേഹം ജെനവീവിനെ നോക്കി. “നിന്റെ
മുഖത്ത് രക്തമുണ്ടല്ലോ…”
“അത് സാരമില്ല… ചെറിയൊരു മുറിവ്… അത്രയേയുള്ളൂ…”
“സന്തോഷം…”
ക്രെയ്ഗ് ഡ്രൈവറുടെ സൈഡിൽ
വന്ന് ഡോർ തുറന്നു. പ്രീമിന്റെ കൈ ഡാഷ്ബോർഡിന്റെ അടിയിലേക്ക് പോകുന്നത് ജെനവീവ് ശ്രദ്ധിച്ചു.
പുറത്തേക്ക് വന്ന ആ കൈയിൽ ഒരു ല്യൂഗർ പിസ്റ്റൾ ഉണ്ടായിരുന്നു. പരിഭ്രാന്തയായ അവളുടെ
വലതുകൈ അവൾ പോലുമറിയാതെ പ്രവർത്തിച്ചത് ഞൊടിയിടയിലായിരുന്നു. വാൾട്ടർ പിസ്റ്റലിന്റെ
ബാരൽ പ്രീമിന്റെ നട്ടെല്ലിനോട് ചേർത്തു വച്ച് രണ്ടു വട്ടം ട്രിഗർ വലിച്ചു.
അദ്ദേഹത്തിന്റെ ശരീരം
ഒന്ന് ഞെട്ടിവിറച്ചു. പുകയുടെ രൂക്ഷഗന്ധം അവിടെങ്ങും നിറഞ്ഞു. അല്പമൊന്ന് ഉയർന്നിട്ട്
സാവധാനം അദ്ദേഹം പാതി പിറകോട്ട് തിരിഞ്ഞ് അവളെ നോക്കി. ആശ്ചര്യവും അവിശ്വസനീയതയുമായിരുന്നു
അദ്ദേഹത്തിന്റെ കണ്ണുകളിൽ. പിന്നെ വായിലൂടെ രക്തം പുറത്തേക്കൊഴുകുവാൻ തുടങ്ങി. പതുക്കെ
അദ്ദേഹം സ്റ്റിയറിങ്ങ് വീലിലേക്ക് കമഴ്ന്നു വീണു.
ഡോർ തുറന്ന് പുറത്ത് ചാടിയ
അവളെ സഹായിക്കാനായി ക്രെയ്ഗ് കൈ നീട്ടി. എന്നാൽ അവൾ അദ്ദേഹത്തെ തള്ളിമാറ്റി. “നോ, ലീവ്
മി എലോൺ…!”
അവളെ തുറിച്ചു നോക്കിക്കൊണ്ട്
നിന്ന ക്രെയ്ഗിന്റെ മുഖം മ്ലാനമായി. തന്റെ SS ഓവർകോട്ട് അഴിച്ച് അദ്ദേഹം കാറിന്റെ സീറ്റിലേക്ക്
ഇട്ടു. ഗ്രാൻഡ് പിയർ അദ്ദേഹത്തിന് ഒരു ഷീപ്‌സ്കിൻ കോട്ട് എറിഞ്ഞു കൊടുത്തു. പിന്നെ
തിരിഞ്ഞ് തന്റെ അനുയായികളിൽ ഒരാളുടെ നേർക്ക് കണ്ണു കാണിച്ചു. പ്രീമിന്റെ ചേതനയറ്റ ശരീരത്തിന്
മുകളിലൂടെ എത്തിവലിഞ്ഞ് അയാൾ കാറിന്റെ ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തു. ചെറിയൊരു തള്ളിന്റെ
ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്നോട്ട് ഉരുണ്ട് നീങ്ങിയ ആ മെഴ്സെഡിസ് കാർ മുനമ്പിന്
മുകളിൽ നിന്നും താഴെ കടലിലേക്ക് കുത്തനെ വീണു.
താൻ ഇപ്പോഴും വാൾട്ടർ
പിസ്റ്റൾ നീട്ടിപ്പിടിച്ചിരിക്കുകയാണെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കിയ ജെനവീവ് അത്
പോക്കറ്റിനുള്ളിൽ തിരുകി. “ഞാനത് ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരിക്കില്ല…” അവൾ മന്ത്രിച്ചു. “ആ നേരത്ത് എന്നെക്കൊണ്ട് അതിന് സാധിക്കുമെന്ന്
ഞാനും കരുതിയില്ല…”
“ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ
ആ സമയത്തെ നമ്മുടെ മനോനില എന്തായിരിക്കുമെന്ന്…” ക്രെയ്ഗ്
പറഞ്ഞു. “വെൽക്കം റ്റു ദി ക്ലബ്ബ്…”
***
ഗ്രാൻഡ് പിയറിന്റെ അനുയായികൾ
ജെട്ടിയുടെ മുകൾഭാഗത്ത് നിന്നതേയുള്ളൂ. അയാളോടൊപ്പം ക്രെയ്ഗും ജെനവീവും ലോവർ ജെട്ടിയിലേക്കുള്ള
പടികൾ ഇറങ്ങി ലിലി മർലിന്റെ സമീപമെത്തി.
ഡെക്കിൽ നിൽക്കുകയായിരുന്ന
ഷ്മിഡ്റ്റ് വിളിച്ചു കൂവി. “ബ്ലഡി ഹെൽ… അദ്ദേഹമത് സാധിച്ചു… ജെനവീവിനെയും കൂട്ടി അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു…”
E-ബോട്ടിലെ ക്രൂവിൽ നിന്നും
ആഹ്ലാദത്തിന്റെ ആരവമുയർന്നു. ബ്രിഡ്ജിൽ നിന്നിരുന്ന മാർട്ടിൻ ഹെയർ താഴേക്ക് നോക്കി
വിളിച്ചു പറഞ്ഞു. “കൺഗ്രാജുലേഷൻസ്… നൗ ലെറ്റ്സ് മൂവ് ഇറ്റ്…”
എഞ്ചിനുകൾക്ക് ജീവൻ വച്ചു.
കൈവരികൾക്ക് മുകളിലൂടെ കാലെടുത്തു വച്ച് ക്രെയ്ഗ് ഡെക്കിലേക്ക് കയറി. എന്നിട്ട് തിരിഞ്ഞ്
ജെനവീവിനെ സഹായിക്കാനായി കൈ നീട്ടി.
അവൾ തിരിഞ്ഞ് ഗ്രാൻഡ്
പിയറിനെ നോക്കി പറഞ്ഞു. “താങ്ക് യൂ ഫോർ എവ്‌രിതിങ്ങ്…”
“റോസാച്ചെടിയുടെ വാടിക്കരിഞ്ഞ
ഇലകൾ… ഞാൻ മുന്നറിയിപ്പ് തന്നിരുന്നു മിസ്സ് ട്രെവോൺസ്…”
“ഞാൻ അല്പം മുമ്പ് ചെയ്ത
പാതകത്തിന്റെ ഓർമ്മകൾ എന്നെങ്കിലും എന്നെ വിട്ടു പോകുമോ…?”
“കാലം കടന്നു പോകവെ എല്ലാം
വിസ്മൃതിയിലാണ്ടു പോകും കുട്ടീ… ഇപ്പോൾ പോകാൻ നോക്കൂ…”
ക്രെയ്ഗ് നീട്ടിയ കൈയിൽ
പിടിച്ച് അവൾ ഡെക്കിലേക്ക് കയറി. കരയിൽ ബന്ധിച്ചിരുന്ന കയറുകൾ അഴിച്ച് ഡെക്കിലേക്ക്
എറിയപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ജെട്ടിയിൽ നിന്നും നീങ്ങിത്തുടങ്ങിയ ലിലി മർലിൻ
കടലിലെ ഇരുട്ടിൽ അപ്രത്യക്ഷമായി.
(തുടരും)
ഹോർടെൻസിനു വേദന അറിയേണ്ടി വന്നില്ലെങ്കിലും പ്രീം അത് നന്നായി അറിഞ്ഞു കാണും!!
ReplyDeleteഎല്ലാം വളരെ പെട്ടെന്നായിരുന്നു..
സത്യം...
Delete