അദ്ധ്യായം – പതിനാറ്
പ്രിൻസ് ആൽബ്രസ്ട്രാസയിലെ
തന്റെ ഓഫീസിനോട് തൊട്ടു ചേർന്ന ചെറിയ സ്റ്റഡീറൂമിലാണ് മിക്കപ്പോഴും രാത്രിയിൽ ഹെൻട്രിച്ച്
ഹിംലർ തങ്ങിയിരുന്നത്. പുലർച്ചെ ഏതാണ്ട് നാലു മണി ആയപ്പോൾ ഹോപ്റ്റ്‌സ്റ്റംഫ്യൂറർ റോസ്മാൻ
അതിന്റെ വാതിൽക്കൽ അങ്കലാപ്പോടെ എത്തി. ശേഷം തെല്ല് സംശയത്തോടെ കതകിൽ മുട്ടിയിട്ട്
ഉള്ളിൽ കടന്നു. ബെഡ് ലാമ്പ് ഓൺ ചെയ്ത റൈഫ്യൂറർ അപ്പോഴേക്കും തന്റെ വീതി കുറഞ്ഞ ക്യാമ്പ്
ബെഡ്ഡിൽ എഴുന്നേറ്റ് ഇരുന്നു.
“എന്തു പറ്റി റോസ്മാൻ…?”
“ഒരു അശുഭ വാർത്തയുണ്ട്,
റൈഫ്യൂറർ…” റോസ്മാൻ തന്റെ കൈയിലെ സിഗ്നൽ പേപ്പർ ഉയർത്തി കാണിച്ചു.
“വോൺകോർട്ട് കൊട്ടാരത്തെ സംബന്ധിച്ചാണ്…”
തന്റെ കണ്ണട എടുത്ത് മുഖത്ത്
വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് ഹിംലർ കൈ നീട്ടി. “നോക്കട്ടെ…”
തിടുക്കത്തിൽ വായിച്ചിട്ട്
അദ്ദേഹം അത് തിരികെ നൽകി. “ദേശദ്രോഹികളുടെ കൂടാരമാണ് അവിടം… എന്റെ ഊഹം ശരിയായിരുന്നു റോസ്മാൻ… പുറമെ
കാണുന്നത് പോലെയായിരുന്നില്ല ഒന്നും… പ്രീമിന്റെ ഒരു വിവരവുമില്ല എന്നാണോ…?”
“അങ്ങനെയാണ് മനസ്സിലാവുന്നത്,
റൈഫ്യൂറർ…”
“കൊല്ലപ്പെട്ടിരിക്കാം… ഏതറ്റം വരെയും പോകുന്ന മൃഗങ്ങളാണ് ഈ ഫ്രഞ്ച് ഭീകര സംഘടനയിൽ ഉള്ളവർ…”
“പക്ഷേ, എന്താണിതിന്റെയൊക്കെ
അർത്ഥം…? എന്തായിരുന്നിരിക്കും അവരുടെ ഉദ്ദേശ്യം…?”
“വളരെ വ്യക്തമല്ലേ അത്… റോമൽ ആയിരുന്നു അവരുടെ ലക്ഷ്യം… വലിയൊരു
അട്ടിമറി ആകുമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം അത്… ഉറങ്ങാൻ പോകുന്നതിന് മുമ്പ് നിങ്ങൾ തന്ന ആ റിപ്പോർട്ട് അനുസരിച്ച്
അവിടുത്തെ കോൺഫറൻസ് കഴിഞ്ഞയുടൻ രാത്രിയിൽ തന്നെ റോമൽ പാരീസിലേക്ക് തിരിച്ചിരുന്നു… അവരുടെ കണക്കുകൂട്ടൽ തെറ്റിപ്പോയി എന്നു മാത്രം…”
“ശരിയാണ്, റൈഫ്യൂറർ… എല്ലാം വ്യക്തമാകുന്നു… ആ പ്രദേശത്തുള്ള നമ്മുടെ ട്രൂപ്പുകൾ എല്ലാം ഫുൾ
അലർട്ടിലാണ് ഇപ്പോൾ… സകലയിടത്തും തിരച്ചിൽ നടത്തുകയാണവർ… പുതിയ ഓർഡറുകൾ എന്തെങ്കിലും കൊടുക്കാനുണ്ടോ റൈഫ്യൂറർ…?”
“ഉണ്ട്… ഗ്രാമങ്ങളിൽ നിന്നും പിടികൂടിയ നൂറോളം പേരുണ്ട്… അവരുടെയെല്ലാം വധശിക്ഷ മദ്ധ്യാഹ്നത്തോടെ നടപ്പാക്കിയിരിക്കണം… ഈ മനുഷ്യരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂ…” തന്റെ കണ്ണട ഊരി അദ്ദേഹം മേശപ്പുറത്ത് വച്ചു.
“താങ്കളുടെ ആജ്ഞ പോലെ,
റൈഫ്യൂറർ…”
“ആറു മണിയ്ക്ക് എന്നെ
വിളിക്കണം...” തികച്ചും ശാന്തനായി പറഞ്ഞിട്ട് ഹെൻട്രിച്ച് ഹിംലർ ലൈറ്റിന്റെ സ്വിച്ച്
ഓഫ് ചെയ്തു.
***
നേരം പുലരാൻ ഇനിയും സമയമുണ്ട്.
ഇരുട്ട് മാറിയിട്ടില്ല. ബ്രിഗേഡിയർ ഡോഗൽ മൺറോ ഗ്രാൻസെസ്റ്റർ ആബേയിൽ നിന്നും ഇറങ്ങി
കോൾഡ് ഹാർബറിലേക്ക് നടന്നു. മഴ ചാറുന്നുണ്ട്. പഴയൊരു തുണിത്തൊപ്പി ധരിച്ചിരിക്കുന്ന
അദ്ദേഹം തണുപ്പിൽ നിന്നും ആശ്വാസത്തിനായി ഒരു കൈ കൊണ്ട് തന്റെ കോട്ടിന്റെ കോളർ തൊണ്ടയോട്
ചേർത്ത് പിടിച്ചിട്ടുണ്ട്. നിവർത്തിപ്പിടിച്ച കുടയുമായി നീങ്ങവെ അദ്ദേഹം Hanged
Man പബ്ബിലേക്ക് ഒന്ന് നോക്കി. കാറ്റിൽ ഇളകുന്ന കർട്ടന്റെ വിടവിലൂടെ ഉള്ളിലെ ലൈറ്റിന്റെ
പ്രകാശം കാണാനുണ്ട്.
വാതിൽ തുറന്ന് അദ്ദേഹം
ഉള്ളിലേക്ക് കയറി. കൈയിൽ ഒരു ഗ്ലാസുമായി ജൂലി ലെഗ്രാൻഡ് നെരിപ്പോടിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
“ആഹ്, ഇവിടെയുണ്ടായിരുന്നോ…?” വെള്ളം കുടഞ്ഞു കളഞ്ഞിട്ട് അദ്ദേഹം കുട ഒരു മൂലയ്ക്ക് വച്ചു. “ഉറങ്ങാൻ
പറ്റുന്നില്ല ഇല്ലേ…? എന്നെപ്പോലെ തന്നെ…”
“വാർത്ത എന്തെങ്കിലും…?” അവർ ചോദിച്ചു.
“ഇതു വരെയില്ല… ജാക്ക് റേഡിയോ റൂമിൽത്തന്നെയുണ്ട്…” ഹാറ്റും
കോട്ടും അഴിച്ചു മാറ്റി അദ്ദേഹം കൈകൾ നെരിപ്പോടിന് മുകളിൽ പിടിച്ച് തീ കാഞ്ഞു. “ഈ നേരത്ത്
എന്താണ് നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നത്…?”
“വിസ്കി…” അവർ പറഞ്ഞു. “അല്പം നാരങ്ങ നീര്, പഞ്ചസാര, പിന്നെ തിളപ്പിച്ച വെള്ളം… കുട്ടിക്കാലത്ത് ജലദോഷം വരുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന മരുന്നാണ്… ഇപ്പോഴും അത് തുടരുന്നു…”
“പക്ഷേ, ഈ പുലർച്ചയ്ക്ക്
തന്നെ…?”
“എന്തു ചെയ്യാം… ഇന്നത്തെ ദിനം സംഭവ ബഹുലമായിരിക്കുമല്ലോ ബ്രിഗേഡിയർ…”
“ആ വിഷയത്തെക്കുറിച്ച്
ഇനിയുമൊരു ചർച്ച വേണ്ട ജൂലീ… നിങ്ങളെല്ലാം കൂടി നടത്തിയ ഈ വൃത്തികെട്ട കളിയിലെ
നിങ്ങളുടെ പങ്ക് മറക്കാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞല്ലോ… ആരോപണ പ്രത്യാരോപണങ്ങൾ ഇനി വേണ്ട… നമുക്കത്
മറക്കാം… ഒരു ചായ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ…?”
“തീർച്ചയായും… കിച്ചണിൽ സ്റ്റൗവിന് മുകളിൽ കെറ്റിൽ ഉണ്ട്… ചായപ്പാത്രവും പാലും അതിനടുത്ത് കാണും…”
“ഓ, ഡിയർ… അങ്ങനെയാണോ…?”
ബാറിന് പിറകിലൂടെ അദ്ദേഹം
കിച്ചണിലേക്ക് നടന്നു. നെരിപ്പോടിലെ തീക്കനലുകൾ ഒന്ന് ഇളക്കിയിട്ടതിന് ശേഷം ജൂലി ജാലകത്തിനരികിലേക്ക്
ചെന്ന് കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്ക് എത്തി നോക്കി. ചക്രവാളത്തിൽ അരുണോദയത്തിന്റെ
ലാഞ്ഛന കാണാനുണ്ട്. കർട്ടൻ വലിച്ചിട്ട് അവർ തിരികെ നെരിപ്പോടിനരികിലേക്ക് വന്നു. കപ്പിലെ
ചായ സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ട് മൺറോയും എത്തി. അപ്പോഴാണ് പുറത്ത് ഒരു വാഹനം വന്ന്
ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ടത്. അടുത്ത നിമിഷം തുറക്കപ്പെട്ട വാതിലിലൂടെ കാറ്റ്
അകത്തേക്ക് അടിച്ചു കയറി. പിന്നാലെ ജാക്ക് കാർട്ടറും ജോ എഡ്ജും ഉള്ളിലേക്ക് പ്രവേശിച്ചു.
അല്പം പ്രയാസപ്പെട്ട്
എഡ്ജ് വാതിൽ ചേർത്തടച്ചു. അവരെ നോക്കി മൺറോ ചോദിച്ചു. “എന്തെങ്കിലും വിവരങ്ങൾ…?”
കാർട്ടർ പുഞ്ചിരിച്ചു.
അവിശ്വസനീയ ഭാവമായിരുന്നു ആ മുഖത്ത്. “ഹീ ഡിഡ് ഇറ്റ് സർ… ക്രെയ്ഗ് അവളെ അവിടെ നിന്നും പുറത്തെത്തിച്ചു…”
ജൂലി ചാടിയെഴുന്നേറ്റു.
“ഉറപ്പാണോ നിങ്ങൾക്ക്…?”
“തീർച്ചയായും…” കാർട്ടർ തന്റെ ട്രെഞ്ച്കോട്ടിന്റെ ബട്ടനുകൾ അഴിച്ചു. “പതിനഞ്ച് മിനിറ്റ്
മുമ്പ് ഗ്രാൻഡ് പിയറിന്റെ മെസേജ് ഉണ്ടായിരുന്നു… ക്രെയ്ഗ്
കൊട്ടാരത്തിലേക്ക് പോയ സമയത്ത് മാർട്ടിൻ ഹെയർ ലിലി മർലിനുമായി ഗ്രോസ്നെസിൽ കാത്തുകിടന്നു… പാതിരാത്രി കഴിഞ്ഞയുടൻ അവർ ഗ്രോസ്നെസിൽ നിന്നും തിരിച്ചു… ഭാഗ്യം തുണച്ചാൽ ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ അവർ ഇവിടെയെത്തും…”
ജൂലി അദ്ദേഹത്തിന്റെ കഴുത്തിലൂടെ
കൈ ചുറ്റി ആലിംഗനം ചെയ്തു.
“ഞാൻ പറയാറില്ലേ, ഈ ക്രെയ്ഗ്
ഹൂഡിനിയെ പോലെയാണെന്ന്…” മൺറോ പറഞ്ഞു. “ഏത് നരകത്തിൽ കൊണ്ടു ചെന്നിട്ടാലും
ചങ്ങല പൊട്ടിച്ച് പുറത്ത് വരും… നമുക്ക് പണി തരാനായിട്ട്…”
എഡ്ജ് തന്റെ ലുഫ്ത്‌വാഫ്
യൂണിഫോമിന് മുകളിൽ ഒരു കറുത്ത മിലിട്ടറി ട്രെഞ്ച്കോട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സാവധാനം
അത് അഴിച്ചു വച്ചിട്ട് അയാൾ ബാർ കൗണ്ടറിന് പിന്നിൽ ചെന്ന് ഒരു ലാർജ് ജിൻ ഗ്ലാസിലേക്ക്
പകർന്നു. അയാളുടെ മുഖം ശാന്തമായിരുന്നുവെങ്കിലും ഉള്ളിലുള്ള രോഷം മുഴുവനും ആ കണ്ണുകളിൽ
കാണാമായിരുന്നു. ഭ്രാന്തു പിടിച്ച അവസ്ഥ.
“മഹാത്ഭുതം എന്ന് തന്നെ
പറയാം, അല്ലേ സർ…?” കാർട്ടർ മൺറോയോട് ചോദിച്ചു.
“തികച്ചും നാടകീയം, ജാക്ക്… പക്ഷേ, വിപരീത ഫലം ഉളവാക്കുന്നതാണെന്ന് മാത്രം…” ബ്രിഗേഡിയർ പറഞ്ഞു.
പരിഹാസഭാവത്തിൽ ജൂലി പൊട്ടിച്ചിരിച്ചു.
“നിങ്ങളുടെ സകല കുതന്ത്രങ്ങളും ക്രെയ്ഗ് പൊളിച്ചടുക്കി അല്ലേ…? അദ്ദേഹമെന്നല്ല, അവർ ആരും തിരിച്ചു വരാതിരിക്കുകയായിരുന്നു നിങ്ങൾക്ക്
നല്ലത് അല്ലേ…?”
“നിങ്ങൾക്ക് എന്ത് വേണമെങ്കിലും
ചിന്തിക്കാമല്ലോ… പക്ഷേ, അത് അല്പം ഹിസ്റ്റീരിക്കൽ ആണെന്ന് മാത്രം…” മൺറോ തന്റെ കോട്ട് എടുത്ത് അണിഞ്ഞു. “എനിക്ക് ധാരാളം ജോലിയുണ്ട് ചെയ്തു
തീർക്കാൻ… ജാക്ക്, എന്നെ റൂമിലേക്കൊന്ന് കൊണ്ടുവിടണം…” അദ്ദേഹം എഡ്ജിന് നേർക്ക് തിരിഞ്ഞു. “ഞങ്ങളോടൊപ്പം വരുന്നോ…?”
“നോ, താങ്ക്സ് സർ… ഞാൻ നടന്നു വന്നോളാം… അല്പം ശുദ്ധവായു ശ്വസിക്കണം…”
അവർ പുറത്തേക്കിറങ്ങി.
ജൂലിയുടെ രോഷം അപ്പോഴും ശമിച്ചിരുന്നില്ല. അവർ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
“ആ ബ്രിഗേഡിയർ… ഇങ്ങനെയൊരു നശിച്ച മനുഷ്യൻ…”
“അത് നിങ്ങൾ അദ്ദേഹത്തോട്
നേരിട്ട് തന്നെ പറയുകയും ചെയ്തല്ലോ…” എഡ്ജ് ബാർ കൗണ്ടറിന് പിറകിൽ നിന്നും ഒരു ജിൻ ബോട്ട്‌ൽ
എടുത്ത് പോക്കറ്റിൽ നിക്ഷേപിച്ചു. “എനി വേ, എനിക്കല്പം ഉറങ്ങണം… ഒരു നീണ്ട രാത്രിയായിരുന്നു ഇന്നലെ…”
അയാൾ പുറത്തേക്കിറങ്ങി.
കാറ്റിന് ശക്തിയേറുന്നുണ്ട്. ജെട്ടിയുടെ അറ്റത്ത് ചെന്ന് നിന്ന് അയാൾ ദൂരെ കടലിലേക്ക്
നോക്കി. പിന്നെ, ബോട്ട്‌ൽ തുറന്ന് കുറെയേറെ ജിൻ അകത്താക്കി.
“ഡാംൻ യൂ, ഓസ്ബോൺ…” അയാൾ മന്ത്രിച്ചു. “ഡാംൻ യൂ ആൻഡ് യുവർ ബിച്ച് റ്റു ഹെൽ…! നശിച്ചു പോകട്ടെ രണ്ടും…”
ബോട്ട്‌ൽ തിരികെ പോക്കറ്റിൽ
നിക്ഷേപിച്ചിട്ട് അയാൾ തിരിഞ്ഞ് കല്ല് പാകിയ പാതയിലൂടെ ഗ്രാൻസെസ്റ്റർ ആബേയുടെ നേർക്ക്
നടന്നു.
(തുടരും)
"ഗ്രാമങ്ങളിൽ നിന്നും പിടികൂടിയ നൂറോളം പേരുണ്ട്… അവരുടെയെല്ലാം വധശിക്ഷ മദ്ധ്യാഹ്നത്തോടെ നടപ്പാക്കിയിരിക്കണം…"
ReplyDeleteഎന്താ ല്ലേ??
അതായിരുന്നു നാസി ജർമ്മനി അധിനിവേശം നടത്തിയ ഫ്രാൻസിലെ അവസ്ഥ...
Delete