Friday, January 9, 2026

കോൾഡ് ഹാർബർ - 70

ഫീൽഡ് മാർഷൽ ഇർവിൻ റോമൽ വോൺകോർട്ട് കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ചു. പ്രീം ആവശ്യപ്പെട്ടിരുന്നത് പോലെ അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേരുവാൻ ഹോർടെൻസ് പ്രഭ്വിയോടൊപ്പം പുഞ്ചിരിച്ച മുഖവുമായി ജെനവീവും ഉണ്ടായിരുന്നു. ക്രെയ്ഗ് ഓസ്ബോണിന്റെ യാതൊരടയാളവും അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. അതവളെ തെല്ല് ആശങ്കപ്പെടുത്തുക തന്നെ ചെയ്തു. തന്റെ സഹോദരിയുടെ റൂമിലേക്ക് ഇനിയൊരിക്കലും തിരികെ പോകാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല.

 

ആൾക്കൂട്ടം ശുഷ്കിച്ചു തുടങ്ങവെ പ്രീം ഹോർടെൻസ് പ്രഭ്വിയുടെയും ജെനവീവിന്റെയും നേർക്ക് തിരിഞ്ഞു. “വിശ്രമിക്കാൻ സമയമായി മഹതികളേ രാത്രി ഏറെയായിരിക്കുന്നു

 

“എന്തൊരു കരുതലാണ് അദ്ദേഹത്തിന് അല്ലേ?” ഹോർടെൻസ് അവളുടെ കാതിൽ മന്ത്രിച്ചു.

 

ജെനവീവ് തന്റെ ആന്റിയുടെ കൈ പിടിച്ച് സ്റ്റെയർകെയ്സിന്റെ പടികൾ കയറുവാൻ സഹായിച്ചു. തൊട്ടു പിന്നിൽ പ്രീമും ചെറുപ്പക്കാരനായ ആ ലെഫ്റ്റനന്റും ഉണ്ടായിരുന്നു. പതിവിന് വിപരീതമായി ഒരു വ്യത്യാസം. ആ ചെറുപ്പക്കാരന്റെ കൈയിൽ ഒരു ഷ്മീസർ മെഷീൻ പിസ്റ്റൾ ഉണ്ടായിരുന്നുവെന്നത്.

 

“ലഭിക്കുന്ന ആദ്യ അവസരത്തിൽത്തന്നെ നീ ഇവിടെ നിന്നും പുറത്തു കടക്കുന്നു മനസ്സിലാകുന്നുണ്ടോ നിനക്ക്?” ഹോർടെൻസ് പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.

 

“നിങ്ങളെ ഇവിടെ ഉപേക്ഷിച്ചിട്ടോ?” അവൾ ചോദിച്ചു. “എനിക്കതിന് കഴിയുമെന്ന് ആലോചിക്കാൻ പോലും പറ്റുമോ നിങ്ങൾക്ക്?”

 

പടികൾ കയറി ഇടനാഴിയിൽ എത്തിയിരുന്നു അവർ. പ്രീം ആ ലെഫ്റ്റനന്റിന് നേർക്ക് കണ്ണിറുക്കി. അയാൾ ഒരു കസേരയെടുത്തു കൊണ്ടു വന്ന് അതിൽ ഇരുന്നാൽ അവർ ഇരുവരുടെയും ബെഡ്റൂമുകളുടെ വാതിൽ കാണാവുന്ന തരത്തിൽ ഇട്ടു. ഇതുവരെ കണ്ടത് പോലെ ആയിരുന്നില്ല അയാളുടെ മുഖഭാവം. തീർത്തും പരുക്കനായി മാറിക്കഴിഞ്ഞ ആ മുഖത്ത് നിശ്ചയദാർഢ്യം തെളിഞ്ഞു കാണാമായിരുന്നു അപ്പോൾ.

 

“ഇന്ന് രാത്രിയിലെ ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ശരിയ്ക്കും ഉത്കണ്ഠാകുലനാണ് നിങ്ങൾ എന്ന് തോന്നുന്നല്ലോ കേണൽ” ഹോർടെൻസ് അഭിപ്രായപ്പെട്ടു.

 

“ലെഫ്റ്റനന്റ് ഫോഗെൽ ഇവിടെ നിങ്ങളുടെ വിളിപ്പുറത്തുണ്ടാവും പ്രഭ്വീ അതുപോലെ തന്നെ, നിങ്ങളുടെ ബാൽക്കണിയുടെ താഴെ ക്യാപ്റ്റൻ റൈലിംഗെറും ഉണ്ടാവും ശാന്തമായ ഒരു രാത്രി നേരുന്നു” പ്രീമിന്റെ വാക്കുകൾ കേട്ട അവർ തെല്ല് സംശയിച്ചിട്ട് ജെനവീവിനെ ഒന്ന് നോക്കിയ ശേഷം തന്റെ റൂമിലേക്ക് കയറിപ്പോയി.

 

അദ്ദേഹം ജെനവീവിന് നേർക്ക് തിരിഞ്ഞു. “എല്ലാം ഭംഗിയായിത്തന്നെ അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത് ഫീൽഡ് മാർഷൽ നന്നായി ആസ്വദിച്ചു തന്റെ ബ്രീഫ്കെയ്സിൽ നിന്നും താൽക്കാലികമായിട്ടാണെങ്കിലും ഒരു ഫയൽ കാണാതായ കാര്യം അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെയായിരിക്കില്ല അദ്ദേഹം പെരുമാറുക എന്തായാലും ആ വിഷയം നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി

 

“ശരിയാണ് നിങ്ങളുടെ ഭാവിയെയും ബാധിക്കുന്ന പ്രശ്നമാണ് ശരിയല്ലേ? എന്നാൽ ഞാൻ ഇനി റൂമിലേക്ക് പൊയ്ക്കോട്ടെ?”

 

അദ്ദേഹം അവളുടെ മുറിയുടെ വാതിൽ തുറന്നു കൊടുത്തു. “ഗുഡ്നൈറ്റ്, മിസ്സ് ട്രെവോൺസ്” ഉപചാരപൂർവ്വം അദ്ദേഹം പറഞ്ഞു.

 

നരകത്തിൽ പോയി തുലയൂ എന്ന് പറയാനാണ് അവൾക്ക് തോന്നിയത്. പക്ഷേ, എന്ത് ഫലം അതിനാൽ മുറിയ്ക്കുള്ളിൽ കയറി വാതിൽ അടച്ച് അവൾ അതിൽ ചാരി നിന്നു. പുറത്ത് പതിഞ്ഞ സ്വരത്തിലുള്ള സംസാരവും പിന്നെ അകന്നു പോകുന്ന കാലടിശബ്ദവും കേട്ടു. താക്കോൽപ്പഴുതിൽ താക്കോൽ കാണാനുണ്ടായിരുന്നില്ല. കൂടുതൽ പരിശോധിച്ചപ്പോൾ കതകിന്റെ കുറ്റിയും അഴിച്ചെടുത്തിരിക്കുന്നതായി അവളുടെ ശ്രദ്ധയിൽപ്പെട്ടു. താൻ പ്രാവീണ്യം നേടിയ തന്റെ കൈത്തോക്കും അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.

 

ആഡംബര വസ്ത്രം അഴിച്ച് മാറ്റി പാന്റ്സും സ്വെറ്ററും എടുത്തണിഞ്ഞ് അവൾ ബാൽക്കണിയിലേക്കിറങ്ങി. പുറത്ത് കൂരാക്കൂരിരുട്ടാണ്. മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു. താഴെ കാവൽ നിൽക്കുന്ന ഗാർഡിന്റെ എന്തെങ്കിലും തരത്തിലുള്ള ശബ്ദത്തിനായി അവൾ കാതോർത്തു. ഏതാനും നിമിഷം കഴിഞ്ഞതും ഒരു ചുമ കേട്ടു. അപ്പോൾ പ്രീം പറഞ്ഞത് ശരിയാണ് താഴെ ആളുണ്ട് തന്റെ ആന്റിയുടെ മുറിയിലെ ബാൽക്കണിയുടെ മൂലയിലൂടെ പിടിച്ചിറങ്ങണെമെങ്കിൽ ഒട്ടും എളുപ്പമല്ല താനും.

 

തിരികെ ബെഡ്റൂമിൽ ചെന്ന് അവൾ തന്റെ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് എടുത്ത് തുറന്നു. ഒരു സിഗരറ്റു പോലുമില്ല. അതിനുള്ളിൽ അവശേഷിച്ചിരിക്കുന്നത് രഹസ്യ അറയിലുള്ള ഒരു റോൾ ഫിലിം മാത്രം. ഇനിയൊരു ഉപയോഗവും അതുകൊണ്ടില്ല താനും. വല്ലാത്ത ക്ഷീണം തോന്നി അവൾക്ക്. ഒപ്പം കുളിരും. ആൻ മേരിയുടെ ഹണ്ടിങ്ങ് ജാക്കറ്റ് എടുത്തണിഞ്ഞ് ആ സിഗരറ്റ് കെയ്സ് അതിന്റെ പോക്കറ്റിനുള്ളിൽ നിക്ഷേപിച്ചു.

 

കട്ടിലിൽ വിരിച്ചിരുന്ന ബ്ലാങ്കറ്റ് എടുത്ത് ദേഹത്ത് ചുറ്റി അവൾ ജാലകത്തിനരികിലുള്ള കസേരയിൽ ചെന്നിരുന്നു. ലൈറ്റ് അണയ്ക്കാൻ തുനിഞ്ഞില്ല അവൾ. കാരണം, ഇരുട്ടിനെ ഭയമുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെയായി മാറിയിരുന്നു അവൾ അപ്പോൾ.

 

                                                            ***

 

കുറച്ചുനേരത്തേക്ക് മയങ്ങിപ്പോയ അവൾ അസ്വസ്ഥതയോടെ ഞെട്ടിയുണർന്നപ്പോൾ കണ്ടത് ഇളകുന്ന കർട്ടനാണ്. വകഞ്ഞു മാറ്റപ്പെട്ട കർട്ടന്റെ വിടവിലൂടെ മുറിയ്ക്കുള്ളിലേക്ക് കാലെടുത്തു വച്ച ക്രെയ്ഗ് ഓസ്ബോണിന്റെ വലതുകൈയിൽ വാൾട്ടർ പിസ്റ്റൾ ഉണ്ടായിരുന്നു. അപ്പോഴും അദ്ദേഹം SS യൂണിഫോമിലായിരുന്നു. അവളെ നോക്കി അദ്ദേഹം ചുണ്ടിൽ വിരൽ വച്ച്, ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു.

 

“നമ്മൾ നിന്റെ ആന്റിയെയും ഒപ്പം കൊണ്ടുപോകുന്നു സമാധാനമായോ?”

 

ജെനവീവിന് പെട്ടെന്നുണ്ടായ ആശ്ചര്യം അടക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. “നിങ്ങളെങ്ങനെ ഈ മുറിയ്ക്കുള്ളിലെത്തി?”

 

“നിന്റെ ബാൽക്കണിയിലേക്ക് പിടിച്ചു കയറി

 

“താഴെ അവർ ഒരു ഗാർഡിനെ നിർത്തിയിട്ടുണ്ടെന്നാണല്ലോ അറിഞ്ഞത്?”

 

“ഉണ്ടായിരുന്നു, അയാളെ ഞാൻ വകവരുത്തി” ശബ്ദമുണ്ടാക്കാതെ വാതിൽക്കലേക്ക് നടന്നിട്ട് അദ്ദേഹം കാതോർത്തു. “പുറത്ത് ആരെയെങ്കിലും നിർത്തിയിട്ടുണ്ടോ അവർ?”

 

“ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റിനെ കൈയിൽ മെഷീൻ പിസ്റ്റളുമുണ്ട്

 

“എങ്കിൽ അയാളെ ഇങ്ങോട്ട് വിളിക്കൂ ബാൽക്കണിയിൽ സംശയാസ്പദമായി എന്തോ ശബ്ദം കേട്ടുവെന്നോ മറ്റോ പറഞ്ഞിട്ട്

 

വാൾട്ടർ പിസ്റ്റൾ അരയിലുള്ള ഉറയിൽ ഇട്ടിട്ട് അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു സാധനം പുറത്തെടുത്തു. അതിന്റെ ബട്ടണിൽ അമർത്തിയതും തിളങ്ങുന്ന വെള്ളി നിറമുള്ള ഒരു കത്തി സ്പ്രിങ്ങ് കണക്കെ പുറത്തേക്ക് വന്നു. അതു കണ്ട് മിഴിച്ചു നിന്ന അവളെ പതുക്കെ തള്ളി അദ്ദേഹം വാതിൽക്കൽ എത്തിച്ചു. കതകിൽ ചെറുതായി ഒന്ന് മുട്ടിയിട്ട് അവൾ വാതിൽ തുറന്നു. ഇടനാഴിയിൽ നിന്നിരുന്ന ലെഫ്റ്റനന്റ് ഫോഗെൽ മെഷീൻ പിസ്റ്റളുമായി മുന്നോട്ട് വന്നു.

 

“എന്താണ്?” അയാളുടെ ഫ്രഞ്ച് ഭാഷ തീർത്തും മോശമായിരുന്നു. “എന്താണ് വേണ്ടത്?”

 

അവളുടെ തൊണ്ട വരണ്ടിരുന്നു. എങ്കിലും തിരിഞ്ഞ്, ഇളംകാറ്റിൽ ഇളകുന്ന കർട്ട്ന് നേർക്ക് ചൂണ്ടി ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു. “അവിടെ ബാൽക്കണിയിൽ എന്തോ ഒരു ശബ്ദം കേട്ടത് പോലെ

 

ഒന്ന് സംശയിച്ചു നിന്നിട്ട് അയാൾ മുറിയ്ക്കുള്ളിൽ പ്രവേശിച്ചു. വാതിലിന്റെ മറവിൽ നിന്നിരുന്ന ക്രെയ്ഗ് ഓസ്ബോൺ ഒട്ടും സമയം പാഴാക്കിയില്ല. പിറകിലൂടെ ചെന്ന് ഇടതുകൈ കഴുത്തിൽ ചുറ്റിപ്പിടിച്ച് മുട്ടുകാൽ ഉയർത്തി നട്ടെല്ലിൽ മുട്ടിച്ച് ഒരു വില്ല് പോലെ അയാളെ പിറകോട്ട് വളച്ചു. വലതുകൈയിലെ സ്പ്രിങ്ങ് നൈഫ് അതിന്റെ കർമ്മം നിർവ്വഹിച്ചതും തിരികെ അതിന്റെ ഉറയിലേക്ക് പോയതുമൊന്നും ജെനവീവ് കാണുകയുണ്ടായില്ല. ചെറിയൊരു ഞരക്കം മാത്രം. എത്ര മനോഹരമായിട്ടായിരുന്നു അയാൾ അല്പം മുമ്പ് തന്നോടൊപ്പം നൃത്തം ചവിട്ടിയിരുന്നതെന്ന് തെല്ല് വിഷമത്തോടെ അവൾ ഓർത്തു. ക്രെയ്ഗ് അയാളുടെ മൃതശരീരം ബാത്ത്റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോൾ അതിന്റെ കാലുകൾ തറയിൽ ഉരസുന്നുണ്ടായിരുന്നു. ഫോഗെലിന്റെ ഷ്മീസർ പിസ്റ്റളുമായിട്ടാണ് ബാത്ത്റൂമിൽ നിന്നും ക്രെയ്ഗ് തിരികെയെത്തിയത്.

 

“ഓൾറൈറ്റ്?” അദ്ദേഹം ചോദിച്ചു.

 

“യെസ്” അവൾ ഒരു ദീർഘശ്വാസമെടുത്തു. “യെസ്, ഒഫ്കോഴ്സ് അയാം

 

“എങ്കിൽ വരൂ, നമുക്ക് നീങ്ങാം

 

(തുടരും)

6 comments:

  1. ഞെരിപ്പ്...എന്നാ പരിപാടിയാ.. റെയിലിൻഗരെ ഒക്കെ തട്ടി...എന്നും പറഞ്ഞു പണി സിനിമ പോലെ ഒരു ഒന്നൊന്നര വരവ് ..!!

    ReplyDelete
    Replies
    1. അതേന്ന്... ചെസ്റ്റ് നമ്പർ 1. റൈലിംഗെർ... ചെസ്റ്റ് നമ്പർ 2. ഫോഗെൽ...

      Delete
    2. താഴെ നിർത്തിയിരുന്ന ഗാർഡിനെയല്ലേ തട്ടിയത്? റൈലിംഗറുടെ ജീവിതം ഇനിയും ബാക്കിയുണ്ടെന്ന് തോന്നുന്നു 😄

      Delete
    3. താഴെ നിർത്തിയ ഗാർഡ് റൈലിംഗെർ അല്ലേ...? എനിക്ക് തന്നെ കൺഫ്യൂഷനായല്ലോ...

      Delete
  2. അപ്പോ ഓസ്‌ബോൺ പണി തുടങ്ങി!

    ഇനി ആരൊക്കെ ബാക്കിയുണ്ടാവും എന്ന് കണ്ടറിയണം കോശീ..

    ReplyDelete
    Replies
    1. ചെസ്റ്റ് നമ്പർ ത്രീ ആരായിരിക്കും...?

      Delete