ഒരു ഷാളും പുതച്ച് കട്ടിലിൽ
ഇരുന്ന് ഏതോ പുസ്തകം വായിക്കുകയായിരുന്നു ഹോർടെൻസ് പ്രഭ്വി. മുന്നിലെത്തിയ അവർ ഇരുവരെയും
കണ്ടിട്ട് പ്രത്യേകിച്ച് ആശ്ചര്യമൊന്നും ആ മുഖത്ത് കാണാനായില്ല. എപ്പോഴത്തെയും പോലെ
തികഞ്ഞ മനഃസാന്നിദ്ധ്യത്തിനുടമയായിരുന്നു അവർ.
“നീ പുതിയൊരു സ്നേഹിതനെ
കണ്ടെത്തിയെന്ന് തോന്നുന്നല്ലോ ജെനവീവ്…?”
“നിങ്ങൾ കാണുന്നത് പോലെയുള്ള
ആളല്ല ഇദ്ദേഹം…”
“മേജർ ഓസ്ബോൺ, മാഡം…” ക്രെയ്ഗ് പറഞ്ഞു.
“ജെനവീവിനെ രക്ഷിച്ചു
കൊണ്ടുപോകാൻ എത്തിയതാണല്ലേ…?”
“ഒപ്പം നിങ്ങളെയും കൂടി,
മാഡം… നിങ്ങളെ ഇവിടെ വിട്ടിട്ട് വരില്ല എന്ന് ഇവൾ പറഞ്ഞു…”
കട്ടിലനരികിലെ ക്യാബിനെറ്റിൽ
വച്ചിരുന്ന ബോക്സിൽ നിന്നും ഒരു ജിറ്റാൻ സിഗരറ്റ് എടുത്ത് അവർ തീ കൊളുത്തി. ജെനവീവ്
ആ ബോക്സിനുള്ളിൽ നിന്നും കുറേ സിഗരറ്റ് എടുത്ത് കാലിയായ തന്റെ സിഗരറ്റ് കെയ്സിൽ പെട്ടെന്ന്
നിറച്ചു.
“മേജർ ഓസ്ബോൺ, നിങ്ങൾ
ഇംഗ്ലീഷ് നോവലിസ്റ്റ് ചാൾസ് ഡിക്കൻസിന്റെ നോവലുകൾ വായിച്ചിട്ടുണ്ടോ…?” ഹോർടെൻസ് ചോദിച്ചു. “A Tale of Two Cities എന്ന നോവലിൽ സിഡ്നി കാർട്ടൺ
എന്നൊരു കഥാപാത്രമുണ്ട്… ത്യാഗത്തിന്റെ വീരപരിവേഷമണിഞ്ഞ് മറ്റൊരാൾക്ക് പകരം
ഗില്ലറ്റിനിൽ സ്വയം മരണം ഏറ്റുവാങ്ങിയവൻ… അത്തരം കഥാപാത്രങ്ങളോട് ഒരു തരം ആരാധന ഞങ്ങളുടെ
രക്തത്തിലുമുണ്ട്…” അവർ ഒരു നീണ്ട പുകയെടുത്ത് ഊതി വിട്ടു. “പക്ഷേ,
അത്തരം ത്യാഗങ്ങൾ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നത് വേറെ കാര്യം…” അവർ ജെനവീവിന് നേർക്ക് തിരിഞ്ഞു. “അതുകൊണ്ട് അത്തരം ത്യാഗത്തിനൊന്നും
നീ നിൽക്കേണ്ട ഷെറീ…”
“നമുക്ക് സമയം ഒട്ടുമില്ല,
മാഡം…” ക്രെയ്ഗ് പറഞ്ഞു.
“എങ്കിൽ പിന്നെ, ഞാൻ പറയുന്നത്
പോലെ ചെയ്യൂ മേജർ… ഇനിയും വൈകിയിട്ടില്ല… നിങ്ങൾ രണ്ടു പേരും പോയി രക്ഷപെടൂ…” ഹോർടെൻസ്
പറഞ്ഞു.
ആകെപ്പാടെ പരിഭ്രാന്തയായി
കാണപ്പെട്ട ജെനവീവ് തന്റെ ആന്റിയുടെ അടുത്തേക്ക് ചെന്നു. ഹോർടെൻസ് പ്രഭ്വി അവളുടെ കൈയിൽ
മുറുകെ പിടിച്ചു. “ഞാൻ പറയുന്നത് കേൾക്കൂ…” അവരുടെ സ്വരം പരുഷമായിരുന്നു. “എന്റെ ഹൃദയത്തിന്
അസുഖമുള്ളതായി അറിഞ്ഞു എന്ന് ഒരിക്കൽ നീ എന്നോട് പറഞ്ഞില്ലേ…?”
“പക്ഷേ, അത് സത്യമായിരുന്നില്ല… എന്നെ ഇങ്ങോട്ടയയ്ക്കാൻ വേണ്ടി ബ്രിഗേഡിയർ മൺറോ മെനഞ്ഞ മറ്റൊരു കഥയായിരുന്നു…” ജെനവീവ് പറഞ്ഞു.
“പക്ഷേ, ആൻ മേരി അത് വിശ്വസിച്ചിരുന്നു… കൂടെക്കൂടെ എനിക്ക് വരുമായിരുന്ന ബോധക്ഷയത്തിന്റെ കാരണം അതാണെന്നാണ് അവളോട് ഞാൻ പറഞ്ഞിരുന്നത്… പക്ഷേ, സത്യം അതായിരുന്നില്ല… അത് പറയണോ
വേണ്ടയോ എന്നത് എന്റെ ഇഷ്ടമല്ലേ…”
അവിടെങ്ങും മൗനം നിറഞ്ഞു.
ക്ലോക്കിന്റെ സൂചി ചലിക്കുന്ന ശബ്ദം മാത്രം. “പിന്നെന്തായിരുന്നു സത്യം…?” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.
“ഇനി ഒരു മാസം… ഏറിയാൽ രണ്ട്… അവസാന കാലത്ത് കഠിനമായ വേദന അനുഭവിക്കേണ്ടി വരും… ഇപ്പോഴേ അത് തുടങ്ങിയിട്ടുണ്ട്… ഡോക്ടർ
മറൈസിന് എന്നോട് നുണ പറയേണ്ട ആവശ്യമില്ല… ഏറെ നാളത്തെ സൗഹൃദമുള്ള ആളാണ്…”
“ഇല്ല, ഞാൻ വിശ്വസിക്കില്ല… ഈ പറഞ്ഞതൊന്നും ഞാൻ വിശ്വസിക്കില്ല…” ജെനവീവിന്
ദ്വേഷ്യം വരുന്നുണ്ടായിരുന്നു.
“നിന്റെ ഈ കണ്ണുകൾ ആരിൽ
നിന്നാണ് ലഭിച്ചതാണെന്ന് എപ്പോഴെങ്കിലും നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഷെറീ…?” അവർ അവളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ചു. “നീ എന്റെ കണ്ണുകളിലേക്ക്
ഒന്ന് സൂക്ഷിച്ചു നോക്കൂ…”
മഞ്ഞ വെളിച്ചത്തിൽ തിളങ്ങുന്ന
പച്ച നിറമുള്ള ആ കണ്ണുകൾ നിറയെ സ്നേഹം മാത്രമായിരുന്നു. സ്നേഹം എന്ന വാക്കിനുമപ്പുറം
ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം ആ കണ്ണുകളിൽ കാണാമായിരുന്നു. അവർ പറയുന്നത്
സത്യം തന്നെയാണെന്ന് വേദനയോടെ അവൾ മനസ്സിലാക്കി. തന്റെ ബാല്യം തന്നിൽ നിന്നും വഴുതി
പോകുന്നത് പോലെ അവൾക്ക് തോന്നി. ആരോരുമില്ലാത്ത ആ അവസ്ഥ അസഹനീയമായിരുന്നു അവൾക്ക്.
“അതുകൊണ്ട് എനിക്ക് വേണ്ടി,
ജെനവീവ്…” അവളുടെ കവിളിണകളിൽ അവർ മുത്തം നൽകി. “എനിക്ക്
വേണ്ടി നീ ഇത് ചെയ്തേ പറ്റൂ… നിസ്വാർത്ഥമായ സ്നേഹം എന്നും നീ എനിക്ക് നൽകിയിട്ടുണ്ട്… എന്റെ ജീവിതത്തിലെ അമൂല്യമായ സമ്പത്താണ് നിന്റെ സ്നേഹം എന്നെനിക്ക്
നിസ്സംശയം പറയാം… പക്ഷേ, അതേ അളവിൽ അത് തിരിച്ചു തരുവാൻ എനിക്ക്
കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്…”
ജെനവീവ് അവരിൽ നിന്നും
അല്പം പിറകോട്ട് മാറി. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മറുപടി പറയാൻ വാക്കുകൾ
കിട്ടുന്നില്ല.
“നിങ്ങളുടെ കൈയിലെ തോക്കുകളിൽ
ഒന്ന് എനിക്ക് തന്നിട്ട് പോകില്ലേ മേജർ…?” ഹോർടെൻസ് ക്രെയ്ഗിനോട് ചോദിച്ചു. ഒരു അപേക്ഷ
എന്നതിനേക്കാൾ ഒരു ആജ്ഞ ആയിരുന്നു അതെന്ന് വേണമെങ്കിൽ പറയാം. തന്റെ വാൾട്ടർ പിസ്റ്റൾ
എടുത്ത് ക്രെയ്ഗ് അവരുടെ അരികിൽ വച്ചു.
“ആന്റീ…” ജെനവീവ് അവരുടെയരികിലേക്ക് വീണ്ടും ചെല്ലുവാൻ തുടങ്ങിയെങ്കിലും ക്രെയ്ഗ്
പിടിച്ചു നിർത്തി.
“പോകാൻ നോക്കൂ കുട്ടീ…” ഹോർടെൻസ് പറഞ്ഞു. “എത്രയും പെട്ടെന്ന്…”
ക്രെയ്ഗ് വാതിൽ തുറന്നു.
ജെനവീവിന്റെ കൈയിൽ പിടിച്ച് നിർബന്ധിച്ച് പുറത്തേക്കിറക്കവെ അവളുടെ കണ്ണുകൾ ജ്വലിക്കുകയായിരുന്നു.
മിഴിനീർക്കണങ്ങൾക്ക് ഇനിയവിടെ സ്ഥാനമില്ല. അവസാനമായി ഒന്ന് തിരിഞ്ഞു നോക്കിയ അവൾ കണ്ടത്
ഒരു കൈയിൽ വാൾട്ടറുമായി കട്ടിലിൽ ചാരിയിരുന്ന്, തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹോർടെൻസ്
ആന്റിയെയാണ്.
***
വിശാലമായ ആ സ്റ്റെയർകെയ്സിലൂടെ
ശബ്ദമുണ്ടാക്കാതെ അവർ താഴേക്കിറങ്ങി. ഹാളിൽ നിറയെ നിഴൽ രൂപങ്ങളായിരുന്നു. എവിടെയും
ആരുടെയും അനക്കമില്ല.
“പ്രീം എവിടെയായിരിക്കും…?” പതിഞ്ഞ സ്വരത്തിൽ ക്രെയ്ഗ് ചോദിച്ചു.
“ലൈബ്രറിയിൽ അദ്ദേഹത്തിന്റെ
ഓഫീസിൽ… അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ ഉറക്കവും…”
ആ ഓഫീസ് റൂമിന്റെ വാതിലിന്റെ
അടിഭാഗത്തെ പഴുതിലൂടെ ഉള്ളിലെ വെളിച്ചം കാണാമായിരുന്നു. ഒന്ന് നിന്നിട്ട്, കൈയിലെ ഷ്മീസർ
മെഷീൻ പിസ്റ്റൾ ഉപയോഗിക്കാൻ പാകത്തിന് പിടിച്ച്, പതുക്കെ വാതിൽ തുറന്ന് ജെനവീവിനോടൊപ്പം അദ്ദേഹം ഉള്ളിലേക്ക്
കടന്നു.
(തുടരും)
അവസാനമായി ഒന്ന് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ഒരു കൈയിൽ വാൾട്ടറുമായി കട്ടിലിൽ ചാരിയിരുന്ന്, തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹോർടെൻസ് ആന്റിയെയാണ്.
ReplyDeleteഅങ്ങനെ ആന്റിയും യാത്രയായി 😔
യാത്രയായോ...? ഉറപ്പിച്ചോ...?
Delete