Wednesday, January 21, 2026

കോൾഡ് ഹാർബർ - 72

പ്രീം അപ്പോഴും യൂണിഫോമിൽത്തന്നെയായിരുന്നു. നെരിപ്പോടിനരികിലെ കസേരയിലിരുന്ന് ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ ഫയലുകൾ നോക്കുന്നതിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. തലയുയർത്തി നോക്കിയ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും പ്രകടമായില്ല. പതിവ് പോലെ തികച്ചും ശാന്തനായിത്തന്നെ കാണപ്പെട്ടു.

 

“ആഹ്, നിന്റെ കാമുകൻ ഞാൻ വിചാരിച്ചതു പോലെയല്ലല്ലോ

 

“ഗെറ്റ് ഹിസ് പിസ്റ്റൾ” ക്രെയ്ഗ് ജെനവീവിനോട് പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു.

 

“ഓഹോ, അമേരിക്കക്കാരനാണല്ലേ?” തല കുലുക്കിക്കൊണ്ട് പ്രീം ചോദിച്ചു. “ആ ഷ്മീസറിൽ നിന്നും വെടിയുതിർന്നാൽ ഈ കൊട്ടാരത്തിലുള്ള സകലരും ഉണരും

 

“ശരിയാണ് പക്ഷേ, നിങ്ങൾ ജീവനോടെയുണ്ടാവില്ല എന്നത് ഉറപ്പാണ്

 

“അതെ, എനിക്കും അത് തോന്നായ്കയില്ല

 

പ്രീം എഴുന്നേറ്റ് ഇരുകൈകളും മേശമേൽ കുത്തി നിന്നു. പിറകിൽ എത്തിയ ജെനവീവ് അദ്ദേഹത്തിന്റെ ബെൽറ്റിലെ ഉറയിൽ നിന്നും വാൾട്ടർ പിസ്റ്റൾ കരസ്ഥമാക്കി.

 

“ഇനി ആ പേപ്പറുകൾ” ക്രെയ്ഗ് പറഞ്ഞു. “അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ചുള്ള ആ രേഖകൾ നിങ്ങളുടെ പിന്നിലുള്ള ആ സേഫിലല്ലേ ഉള്ളത്?”

 

“അക്കാര്യത്തിൽ നിങ്ങൾ വെറുതെ സമയം കളയുകയാണെന്നാണ് തോന്നുന്നത് ഫീൽഡ് മാർഷൽ റോമലിന്റെ ബ്രീഫ്കെയ്സിനുള്ളിലാണ് അവയുള്ളത് പാരീസിലേക്കുള്ള യാത്രയിൽ പാതി വഴിയിൽ എത്തിയിരിക്കും അദ്ദേഹമിപ്പോൾ നിർബന്ധമാണെങ്കിൽ നിങ്ങൾക്ക് ആ സേഫ് പരിശോധിക്കാവുന്നതേയുള്ളൂ

 

“അതിന്റെ ആവശ്യമില്ല ക്രെയ്ഗ്” പോക്കറ്റിൽ നിന്നും തന്റെ സിഗരറ്റ് കെയ്സ് എടുത്ത് ഉയർത്തിക്കാണിച്ചു കൊണ്ട് ജെനവീവ് പറഞ്ഞു. “ഏതാണ്ട് അഞ്ചു മിനിറ്റ് നേരത്തേക്ക് ആ രേഖകളെല്ലാം എന്റെ കൈയിൽ കിട്ടിയിരുന്നു കേണൽ പ്രീമിന് അക്കാര്യം അറിയാം നിങ്ങൾ പഠിപ്പിച്ചു തന്നത് പോലെ ഞാനതിന്റെ ഫോട്ടോസ് എടുത്തിട്ടുണ്ട് ഇരുപത് ഫോട്ടോസ്

 

“ആഹാ, അത് ഗംഭീരം” ക്രെയ്ഗ് പറഞ്ഞു. “ശരിയല്ലേ കേണൽ?”

 

പ്രീം ഒരു നെടുവീർപ്പിട്ടു. “ഞാൻ പറഞ്ഞിരുന്നു, നീയൊരു മിടുക്കിയാണെന്ന് ശരിയല്ലേ ജെനവീവ്? ഇത്രയുമായ നിലയ്ക്ക്……………..” അദ്ദേഹം മേശയ്ക്ക് മുമ്പിലേക്ക് വന്നു. “ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്?”

 

“നാം മൂവരും സൈഡിലുള്ള വാതിലിലൂടെ പുറത്ത് കടക്കുന്നു” ക്രെയ്ഗ് അദ്ദേഹത്തോട് പറഞ്ഞു. “ക്ലോക്ക്റൂമിന്റെ കവാടത്തിലൂടെ പുറത്തിറങ്ങി കോർട്ട്‌യാർഡിന്റെ പിൻഭാഗത്തേക്ക് ജനറൽ സീംകായുടെ മെഴ്സെഡിസ് കാർ അവിടെ കിടക്കുന്നത് ഞാൻ കണ്ടിരുന്നു അത് ധാരാളം

 

അദ്ദേഹത്തെ അവഗണിച്ച പ്രീം ജെനവീവിന് നേർക്ക് തിരിഞ്ഞു. “ആ കാറുമായി നിങ്ങൾക്ക് രക്ഷപെടാനാവില്ല റൈലിംഗെറാണ് ഇന്ന് ഗേറ്റിൽ ഡ്യൂട്ടിയിലുള്ളത്

 

“ഫീൽഡ് മാർഷൽ ചില സുപ്രധാന രേഖകൾ ഇവിടെ മറന്നു വെച്ചുവെന്ന് നിങ്ങൾ അയാളോട് പറയും” ക്രെയ്ഗ് പറഞ്ഞു. “എന്തെങ്കിലും അഭ്യാസം കാണിക്കാനൊരുങ്ങിയാൽ നിങ്ങളുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും അഥവാ എനിക്ക് സാധിച്ചില്ലെങ്കിൽ ഇവൾ അത് നിർവ്വഹിച്ചിരിക്കും നമ്മുടെ സീറ്റിന് പിറകിൽ തോക്കുമായി ഇവളുണ്ടാകും

 

പ്രീമിന് ചിരി വരുന്നുണ്ടായിരുന്നു. “നിനക്കതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ ജെനവീവ്? എനിക്ക് സംശയമാണ്

 

പ്രീം പറഞ്ഞത് ശരിയായിരുന്നു. അവൾക്കതിന് കഴിയുമായിരുന്നില്ല. അതേക്കുറിച്ച് ഓർത്തതും പിസ്റ്റളിൽ അമർന്നിരിക്കുന്ന അവളുടെ വിരലുകൾ വിറച്ചു. കൈപ്പടം വിയർപ്പ് കൊണ്ട് നനഞ്ഞിരുന്നു.

 

“കൂടുതൽ സംസാരം വേണ്ട” ക്രെയ്ഗ് പറഞ്ഞു. “നിങ്ങൾ ആ ക്യാപ്പ് എടുത്ത് തലയിൽ വയ്ക്കൂ എന്നിട്ട് വരൂ, നമുക്ക് പുറത്തിറങ്ങാം

 

                                                 ***

 

പുറത്തിറങ്ങിയ അവർ കൊട്ടാരത്തിന്റെ പിൻഭാഗത്തെ കല്ല് വിരിച്ച കോർട്ട്‌യാർഡിലൂടെ കാറിനരികിലേക്ക് നടക്കവെ മഴ പെയ്യുന്നുണ്ടായിരുന്നു. എവിടെയും ഒരു ആളനക്കം പോലുമില്ല. ഇരുട്ടിലൂടെ മുന്നോട്ട് നീങ്ങവെ തന്റെ ഹണ്ടിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിലുള്ള വാൾട്ടർ പിസ്റ്റളിൽ അവൾ പിടി മുറുക്കി.

 

അവർ മെഴ്സെഡിസ് കാറിന് അരികിലെത്തി. കാറിന്റെ പിന്നിലെ ഡോർ തുറന്ന് ഉള്ളിൽ കയറിയ ജെനവീവ് വലതുകൈയിൽ പിസ്റ്റളുമായി സീറ്റുകൾക്ക് ഇടയിൽ താഴെ കുത്തിയിരുന്നു. പ്രീം ഡ്രൈവിങ്ങ് സീറ്റിലും ക്രെയ്ഗ് അദ്ദേഹത്തിനരികിലെ പാസഞ്ചർ സീറ്റിലും കയറിയിരുന്നു. ആരും ഒരക്ഷരം പോലും ഉരിയാടിയില്ല. മുന്നോട്ട് നീങ്ങിയ വാഹനം അധികദൂരം ചെല്ലുന്നതിന് മുമ്പ് തന്നെ വേഗത കുറഞ്ഞ് നിന്നു. ഗേറ്റിലെ പാറാവുകാരന്റെ ചോദ്യവും ഉടൻ തന്നെ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിൽക്കുന്നതിന്റെ ശബ്ദവും അവൾ കേട്ടു.

 

“ക്ഷമിക്കണം, സ്റ്റാൻഡർടെൻഫ്യൂറർ

 

പ്രീമിന് ഒരു വാക്ക് പോലും ഉരിയാടേണ്ട ആവശ്യം വന്നില്ല. ചെറിയൊരു ഞരക്കത്തോടെ ഗേറ്റ് തുറക്കപ്പെട്ടു. ആ നേരത്ത് തന്നെയാണ് ഗാർഡ്‌ഹൗസിൽ നിന്നും മറ്റൊരു ശബ്ദം കേട്ടത്. ആരാണത് എന്ന് അന്വേഷിച്ചുകൊണ്ട് റൈലിംഗെറിന്റെ സ്വരമായിരുന്നു അത്.

 

ചരലിലൂടെ കാറിനടുത്തേക്ക് നടന്നു വരുന്ന റൈലിംഗെറിന്റെ കാലടിശബ്ദം കേട്ട ജെനവീവ് ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നു. ഗാർഡ്‌ഹൗസിൽ നിന്നും പുറത്തേക്ക് വരുന്ന മങ്ങിയ വെട്ടം മാത്രമേയുണ്ടായിരുന്നു എന്നതിനാൽ ആദ്യം അയാൾക്ക് പ്രീമിനെ മനസ്സിലായില്ല എന്ന് തോന്നുന്നു. ഡ്രൈവറുടെ സൈഡിൽ വന്ന് തല താഴ്ത്തി അയാൾ ജർമ്മൻ ഭാഷയിൽ എന്തോ ചോദിച്ചത് ജെനവീവിന് മനസ്സിലായില്ല.

 

പ്രീം എന്തോ മറുപടി പറഞ്ഞു. റോമൽ എന്ന വാക്ക് മാത്രമാണ് അവൾക്ക് മനസ്സിലായത്. ക്രെയ്ഗ് നിർദ്ദേശിച്ചത് പോലെ പ്രവർത്തിക്കുകയാണ് പ്രീം എന്നവൾ ഊഹിച്ചു. റൈലിംഗെറിന്റെ മറുപടിയ്ക്ക് ശേഷം ചെറിയൊരു മൗനം. പിന്നെ റൈലിംഗെറിന്റെ ബൂട്ട്സ് ചരലിൽ പതിയുന്ന ശബ്ദം വീണ്ടും. അയാൾ തിരിച്ചു പോകുകയായിരിക്കും എന്ന കണക്കുകൂട്ടലിൽ കരുതലോടെ അവൾ മുകളിലേക്ക് നോക്കി. അവളുടെ ശ്വാസമിടിപ്പ് നിലച്ചു പോയി എന്നു പറയുന്നതായിരിക്കും ശരി. സൈഡ് വിൻഡോയിലൂടെ തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന റൈലിംഗെറിനെ കണ്ട് അവൾ ഭയന്നു വിറച്ചു പോയി.

 

അല്പം പിറകോട്ട് മാറിയ റൈലിംഗെർ പിസ്റ്റൾ എടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. തന്റെ കൈയിലെ ഷ്മീസർ ഉയർത്തിയ ക്രെയ്ഗ്, ജെനവീവ് ഇരിക്കുന്ന ഭാഗത്തെ സൈഡ് വിൻഡോയിലൂടെ വെടിയുതിർത്തു. വിൻഡോഗ്ലാസ് പൊട്ടിച്ചിതറി അവളുടെ തലയിൽ വീണു. ഭ്രാന്തമായ ഒരലർച്ചയോടെ റൈലിംഗെർ പിറകോട്ട് തെറിച്ച് താഴെ വീണു. ശേഷം അദ്ദേഹം ഷ്മീസറിന്റെ ബാരൽ പ്രീമിന്റെ കഴുത്തിൽ മുട്ടിച്ചു പിടിച്ചു.

 

പ്രീം ആക്സിലേറ്റർ കൊടുത്തതും വാഹനം ഇരുട്ടിലേക്ക് കുതിച്ചു. ഗേറ്റിൽ നിന്നിരുന്ന പാറാവുകാരൻ കാറിന് നേർക്ക് വെടിയുതിർത്തു തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴേയ്ക്കും ഇരുട്ടിന്റെ മറയ്ക്കുള്ളിലേക്ക് അപ്രത്യക്ഷമായ ആ മേഴ്സെഡിസ് കാർ സുരക്ഷിത ദൂരത്തിൽ എത്തിക്കഴിഞ്ഞിരുന്നു.

 

                                                        ***

 

“യൂ ഓകേ ബാക്ക് ദേർ?” ക്രെയ്ഗ് ചോദിച്ചു.

 

പൊട്ടിച്ചിതറിയ ചില്ല് തട്ടി അവളുടെ വലതു കവിളിൽ രക്തം കിനിയുന്നുണ്ടായിരുന്നു. ഇടതു കൈപ്പത്തിയുടെ പുറംഭാഗം കൊണ്ട് അവൾ അത് തുടച്ചു കളഞ്ഞു. വേദനയൊന്നും തോന്നുന്നില്ല. ഗ്ലാസ് ഉടഞ്ഞ വിൻഡോയിലൂടെ കടന്നു വരുന്ന തണുത്ത കാറ്റും മഴത്തുള്ളികളും മാത്രം.

 

“യെസ്, അയാം ഫൈൻ

 

“ഗുഡ് ഗേൾ

 

തീർത്തും വിജനമായ ആ കൊച്ചു ഗ്രാമം പിന്നിട്ട് അവർ മലമ്പാതയിലേക്ക് കയറി. “നിങ്ങൾക്ക് രക്ഷപെടാനാവില്ല ” പ്രീം പറഞ്ഞു. “ഒരു വിധം എല്ലാ കമാൻഡ് പോയിന്റുകളിലും റേഡിയോ വഴി ഈ വിവരം ഇപ്പോൾ എത്തിയിട്ടുണ്ടാവും ഒരു മണിക്കൂറിനുള്ളിൽ കഴിയുന്നത്ര ഇടങ്ങളിൽ അവർ റോഡ് ബ്ലോക്ക് ചെയ്തിരിക്കും

 

“ഞങ്ങളുടെ ആവശ്യത്തിന് ആ ഒരു മണിക്കൂർ തന്നെ ധാരാളം” ക്രെയ്ഗ് അദ്ദേഹത്തോട് പറഞ്ഞു. “ഡ്രൈവിങ്ങ് തുടർന്നോളൂ ഞാൻ പറയുന്ന വഴിയിലൂടെ

 

(തുടരും)

2 comments:

  1. “ഞങ്ങളുടെ ആവശ്യത്തിന് ആ ഒരു മണിക്കൂർ തന്നെ ധാരാളം…”

    പിന്നല്ല!!

    ReplyDelete
    Replies
    1. അതേന്ന്... പിന്നെ, നമ്മുടെ റൈലിംഗെറിന്റെ കാര്യം ഇത്തവണ തീരുമാനമായീട്ടോ... ശ്രദ്ധിച്ചില്ലായിരുന്നോ...?

      Delete