കോർണിഷ് തീരം ലക്ഷ്യമാക്കി,
ഉയർന്നു പൊങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ അഴിച്ചുവിട്ട ഒരു വേട്ടനായയെ പോലെ നുര ചിന്തി ലിലി മർലിൻ കുതിക്കവെ മഴ ശക്തി പ്രാപിച്ചിരുന്നു. കിഴക്കൻ ചക്രവാളത്തിൽ അരുണോദയം
ചായം ചാലിച്ചു തുടങ്ങിയിരിക്കുന്നു. ആ ചെറിയ റൂമിലെ ബങ്കിലിരുന്ന് കൊച്ചു ജാലകത്തിലൂടെ
ജെനവീവ് പുറത്തേക്ക് നോക്കി. അങ്ങകലെ വിജനമായ തീരം കാണാനുണ്ട്.
എതിർവശത്തെ ബങ്കിൽ ഇരിക്കുന്ന
ക്രെയ്ഗ് അപ്പോഴും ആ ഷീപ്‌സ്കിൻ ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ഷ്മിഡ്റ്റ് ചായയുമായി
എത്തി. “ഇംഗ്ലണ്ടിന്റെ മനോഹാരിതയിലേക്ക് ഇനി അധിക ദൂരമില്ല…” തന്റെ മഞ്ഞനിറമുള്ള ഓയിൽസ്കിൻ കോട്ടിന് മുകളിൽ ഒരു ലൈഫ് ജാക്കറ്റ്
കൂടി അണിഞ്ഞിരുന്നു അയാൾ.
“എന്താണ്, ലൈഫ് ജാക്കറ്റൊക്കെ
ധരിച്ചിട്ടുണ്ടല്ലോ…?”
“ക്യാപ്റ്റന്റെ ഓർഡറാണ്… ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞത്…” ഷ്മിഡ്റ്റ് താൻ കൊണ്ടുവന്ന മഗ്ഗുകൾ മേശപ്പുറത്ത് വച്ചു. “നിങ്ങളുടെ
ലൈഫ് ജാക്കറ്റുകൾ ബങ്കിനടിയിലുള്ള ലോക്കറിൽ ഉണ്ട്…”
അയാൾ പുറത്തേക്ക് പോയി.
ജെനവീവ് കാലുകൾ ഉയർത്തി. ലോക്കർ തുറന്ന ക്രെയ്ഗ് അതിനുള്ളിൽ നിന്നും രണ്ട് ക്രീഗ്സ്മറീൻ
ലൈഫ് ജാക്കറ്റുകൾ പുറത്തെടുത്തു. അത് ധരിക്കാൻ അവളെ സഹായിച്ചതിന് ശേഷം ഒരെണ്ണമെടുത്ത്
അദ്ദേഹം സ്വയം അണിഞ്ഞു. ശേഷം അവൾക്ക് എതിർവശത്ത് ഇരുന്നിട്ട് അദ്ദേഹം ചായ എടുത്തു കുടിച്ചു.
അവൾ അദ്ദേഹത്തിന് ഒരു
സിഗരറ്റ് നീട്ടി. “ഇതിന്റെ കാര്യത്തിൽ ഇത്തിരി ശ്രദ്ധ കൂടിയേ തീരൂ…” അവൾ ആ സിഗരറ്റ് പാക്കറ്റ് ഉയർത്തിക്കാണിച്ചു. “വെള്ളത്തിൽ മുങ്ങി
ഇതിനുള്ളിലെ ഫിലിം കേടുവരാൻ പാടില്ല…”
“അതേക്കുറിച്ചോർത്ത് ഭയപ്പെടേണ്ട…” അദ്ദേഹം പറഞ്ഞു. “ജീനിയസുകളാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്…”
അല്പനേരത്തേക്ക് അവർക്കിടയിൽ
മൗനം നിറഞ്ഞു. പിന്നെ അവൾ ചോദിച്ചു. “നമ്മുടെ കാര്യത്തിൽ ഇനി എന്താണ് സംഭവിക്കുക, ക്രെയ്ഗ്…?”
“ആർക്കറിയാം… സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞിരിക്കുന്നു… നിന്റെ ദൗത്യം നീ നിറവേറ്റിക്കഴിഞ്ഞു… അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ചുള്ള രേഖകളുടെയെല്ലാം ഫോട്ടോ
നീ എടുത്തിരിക്കുന്നു… ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം ജർമ്മൻകാർക്ക്
അക്കാര്യം അറിയില്ല എന്നതാണ്… അതുകൊണ്ട് അവരുടെ പ്ലാനുകളിൽ ഒരു മാറ്റവും വരുത്താൻ
പോകുന്നില്ല…”
“അതുകൊണ്ട്…?”
“എന്നു വച്ചാൽ നീയിപ്പോൾ
ഒരു ഹീറോയിനാണ്… ശരിയല്ലേ…? ഇനി അതല്ല,
ഞാനും മാർട്ടിനും കൂടി നിന്നെ രക്ഷിക്കാൻ അങ്ങോട്ട് വന്നില്ലായിരുന്നെങ്കിലോ…?” അദ്ദേഹം ചുമൽ വെട്ടിച്ചു. “കഴിവിന്റെ പരമാവധി പരിശ്രമിച്ചെങ്കിലും
വിജയിക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറയും… എന്തു തന്നെയായാലും അദ്ദേഹം അത് തനിക്ക് അനുകൂലമാക്കി
മാറ്റും… ഇനിയിപ്പോൾ ജനറൽ ഐസൻഹോവർ ആ ചിത്രങ്ങൾ എല്ലാം കാണും… മൺറോ ഒരു മാന്ത്രികനാണെന്നായിരിക്കും അദ്ദേഹം പറയുക…”
“എന്നിട്ട്…?”
“ഒന്ന് കഴിഞ്ഞിട്ട് അടുത്തതിനെക്കുറിച്ച്
ആലോചിക്കാം…” അദ്ദേഹം എഴുന്നേറ്റു. “വരൂ, നമുക്ക് ഡെക്കിൽ പോയി
അല്പം ശുദ്ധവായു ശ്വസിക്കാം…”
ഡെക്കിലേക്ക് ചെല്ലുമ്പോൾ
തൊട്ടുമുമ്പ് ആഞ്ഞടിച്ച തിരമാലയുടെ വെള്ളം ക്യാൻവാസ് ഷെയ്ഡിന് അടിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
ബോട്ടിന്റെ മുൻഭാഗത്തെ 20mm ആന്റി എയർക്രാഫ്റ്റ് ഗണ്ണും പിൻഭാഗത്തെ ബോഫോഴ്സ് ഗണ്ണും
പ്രവർത്തന സജ്ജമാക്കി രണ്ട് നാവികർ നിൽക്കുന്നുണ്ട്. ജെനവീവും തൊട്ടു പിന്നാലെ ക്രെയ്ഗും
ലാഡർ വഴി ബ്രിഡ്ജിലേക്ക് കയറി. ലാങ്ങ്സ്ഡോർഫ് ആയിരുന്നു വീൽഹൗസിനുള്ളിൽ. മാർട്ടിൻ ഹെയർ
ബോട്ടിന്റെ യാത്രാപഥം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
“എങ്ങനെ പോകുന്നു കാര്യങ്ങൾ…?” ക്രെയ്ഗ് ആരാഞ്ഞു.
“വളരെ നന്നായി പോകുന്നു… ഏറിയാൽ ഒരു മണിക്കൂർ… പക്ഷേ, കടൽ പ്രക്ഷുബ്ധമാണ്…” അദ്ദേഹം പുറത്തേക്ക് നോക്കി. “ഇനിയും മോശമാകാനാണ് സാദ്ധ്യത… അതിന് മുമ്പ് നമുക്കവിടെ എത്താനാകുമെന്ന് കരുതുന്നു…”
ക്രെയ്ഗ് അവളെ ചേർത്തു
പിടിച്ചു. “എനിക്കൊരു ഐഡിയ… ഇന്ന് രാത്രി ഡിന്നർ സാവോയ് ഹോട്ടലിൽ… ഷാംപെയ്നും നൃത്തവും ഒക്കെയായി…”
അവൾക്ക് മറുപടി പറയാൻ
കഴിയുന്നതിന് മുമ്പ് മാർട്ടിൻ ഹെയർ കൈ ഉയർത്തി. “അതിലും നല്ലൊരു ഐഡിയ ഞാൻ പറയാം…” അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു നാണയം പുറത്തെടുത്തു. “ഇതൊന്ന് ടോസ്
ചെയ്ത് നോക്കട്ടെ, ആർക്കാണ് ജെനവീവിനൊപ്പം ചുവട് വയ്ക്കാൻ ആദ്യം അവസരം ലഭിക്കുന്നതെന്ന്…”
***
രാവിലെ അഞ്ചര മണിയായിരിക്കുന്നു.
കോൾഡ് ഹാർബറിൽ ഇപ്പോഴും മഴ തുടരുകയാണ്. ഗ്രാൻസെസ്റ്റർ ആബേയിലെ റൂമിന്റെ ജാലകത്തിനരികിൽ
ഇരുന്ന് ടിൻ മഗ്ഗിലെ ജിൻ കഴിച്ചു കൊണ്ടിരിക്കുകയാണ് ജോ എഡ്ജ്. ആ നരച്ച പ്രഭാതത്തിലേക്ക്
അവൻ നീരസത്തോടെ നോക്കി. അരക്കുപ്പിയിലേറെ ഇതിനോടകം അകത്താക്കിയിരിക്കുന്നു. പക ഇപ്പോഴും
ഉള്ളിൽ എരിഞ്ഞ് കത്തുകയാണ്. ഇനി അധികം താമസിയാതെ ലിലി മർലിൻ ഹാർബറിലേക്ക് എത്തിച്ചേരും.
വീരനായകരുടെ മടങ്ങി വരവ്… മാർട്ടിൻ ഹെയറും ജെനവീവ് ട്രെവോൺസ് എന്ന ആ കൊടിച്ചിപ്പട്ടിയും… പിന്നെ ആ അമേരിക്കക്കാരൻ ക്രെയ്ഗ്… തന്നെയും
തന്റെ വംശത്തെയും അധിക്ഷേപിച്ചവൻ… അവന്റെ രോഷം ആളിക്കത്തി. കുറേക്കൂടി ജിൻ അവൻ മഗ്ഗിലേക്കൊഴിച്ചു.
അത് ചുണ്ടോടടുപ്പിക്കാൻ തുനിയവെ അവന്റെ മനസ്സിലൂടെ പെട്ടെന്ന് ഒരു ചിന്ത പാഞ്ഞു പോയി.
അതെ… ഇതു തന്നെ അവസരം… എല്ലാത്തിനെയും ഒരു പാഠം പഠിപ്പിക്കാനുള്ള പറ്റിയ അവസരം…
“മൈ ഗോഡ്, ഇറ്റ്സ് ബ്യൂട്ടിഫുൾ…” അവൻ ആർത്തുചിരിച്ചു. “ഞാൻ ആരാണെന്ന് ആ ബാസ്റ്റർഡുകളെ ഒന്ന് കാണിച്ചു
കൊടുത്തിട്ടു തന്നെ കാര്യം…”
ഫോൺ എടുത്ത് അവൻ ചീഫ്
മെക്കാനിക്ക് സെർജന്റ് ഹെൻഡേഴ്സണ് ഡയൽ ചെയ്തു. ബാക്കിയുള്ള ഗ്രൗണ്ട് ക്രൂവിനൊപ്പം ഹാങ്കറിന്
പിന്നിലെ കൂടാരത്തിലാണ് അവൻ തങ്ങുന്നത്. കുറേയേറെ നേരം റിങ്ങ് ചെയ്തതിന് ശേഷമാണ് അപ്പുറത്ത്
റിസീവർ എടുത്തത്. ഹെൻഡേഴ്സന്റെ ഉറക്കച്ചടവോടെയുള്ള സ്വരം കാതിലെത്തി. “യെസ്, ആരാണിത്…?”
“യൂ ഫൂൾ, ഇത് ഞാനാണ്…” എഡ്ജ് പറഞ്ഞു. “അവിടെ കിടക്കുന്ന ജങ്കേഴ്സ് പത്ത് മിനിറ്റിനുള്ളിൽ
ടേക്ക് ഓഫ് ചെയ്യാൻ റെഡിയായിരിക്കണം…”
“എന്തു പറ്റി സർ…? എമർജൻസിയാണോ…?” ഹെൻഡേഴ്സൺ പെട്ടെന്ന് തന്നെ ജാഗരൂകനായി.
“അതെ… അവിടെ വന്നിട്ട് കാണാം നമുക്ക്…” ഫോൺ താഴെ
വച്ചിട്ട് എഡ്ജ് തന്റെ ഫ്ലൈയിങ്ങ് ബൂട്ട്സും ജാക്കറ്റും എടുത്തണിഞ്ഞു. ശേഷം പുറത്ത്
കടന്ന് സ്റ്റെയർകെയ്സിലൂടെ താഴേക്ക് ഓടിയിറങ്ങി.
(തുടരും)
No comments:
Post a Comment