Wednesday, July 31, 2024

കോൾഡ് ഹാർബർ - 02



തല മുഴുവൻ നരച്ച്, ചേർച്ചയില്ലാത്ത ഒരു വൂളൻ സ്യൂട്ട് ധരിച്ച, ഒട്ടും സുമുഖനല്ലാത്ത ആളായിരുന്നു അറുപത്തിയഞ്ചുകാരനായ ബ്രിഗേഡിയർ ഡോഗൽ മൺറോ. ബ്രിട്ടീഷ് ആർമിയിൽ സാധാരണ മറ്റു റാങ്കുകളിൽ ഉള്ളവർക്ക് നൽകുന്ന തരത്തിലുള്ള സ്റ്റീൽ ഫ്രെയിമോടുകൂടിയ കണ്ണടയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.

 

“ബട്ട്, ഈസ് ഹീ ഫിറ്റ്? അതാണ് എനിക്കറിയേണ്ടത്, ഡോക്ടർ” മൺറോ പറഞ്ഞു.

 

യൂണിഫോമിന് മുകളിൽ ലോറൻസ് ഒരു വെളുത്ത സർജിക്കൽ കോട്ട് ധരിച്ചിരുന്നു. “ശാരീരികക്ഷമതയാണോ താങ്കൾ ഉദ്ദേശിച്ചത്?” അയാൾ തന്റെ മുന്നിലുള്ള ഫയൽ തുറന്നു. “അയാൾക്ക് വയസ്സ് നാല്പത്തിയാറായിരിക്കുന്നു ബ്രിഗേഡിയർ ഇടതുഭാഗത്തെ ശ്വാസകോശത്തിനുള്ളിൽ മൂന്ന് ഷെല്ലുകളാണ് തുളഞ്ഞു കയറിയത് അതുമായി ആറ് ദിവസമാണ് ഒരു ലൈഫ്റാഫ്റ്റിനുള്ളിൽ അയാൾ കടലിൽ കഴിച്ചുകൂട്ടിയത് അയാളിപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ മഹാത്ഭുതമാണ്

 

“യെസ്, ഐ ടേക്ക് യുവർ പോയിന്റ്” മൺറോ പറഞ്ഞു.

 

“ഹാർവാഡിൽ പ്രൊഫസർ ആയിരുന്ന ഒരാളെക്കുറിച്ചാണ് നാം സംസാരിക്കുന്നത് പിന്നീട് നേവൽ ഓഫീസറായി മാറി ഉന്നതങ്ങളിൽ പിടിപാടുണ്ടായിരുന്നു എന്നത് തന്നെ കാരണം യുദ്ധം ആരംഭിച്ച സമയത്ത് തന്റെ നാല്പത്തിമൂന്നാം വയസ്സിലാണ് അയാൾ പട്രോൾ ടോർപിഡോ ബോട്ടുകളിൽ സേവനമനുഷ്ടിക്കുവാൻ തുടങ്ങിയത്” അയാൾ പേജുകൾ മറിച്ചു. “പസഫിക് സമുദ്രത്തിലെ ഏതാണ്ട് എല്ലാ ഏറ്റുമുട്ടലുകളിലും അയാൾ ഭാഗഭാക്കായി ലെഫ്റ്റനന്റ് കമാൻഡർ പദവിയിലെത്തി ധാരാളം മെഡലുകൾക്ക് അർഹനായി” ലോറൻസ് ചുമൽ വെട്ടിച്ചു. “രണ്ട് നേവി ക്രോസുകൾ ഉൾപ്പെടെ ഏതാണ്ട് എല്ലാ മെഡലുകളും തന്നെ പിന്നെയാണ് ടുലുഗുവിലെ പോരാട്ടം നടക്കുന്നത് ജാപ്പനീസ് യുദ്ധക്കപ്പലിന്റെ ആക്രമണത്തിൽ അയാളുടെ ടോർപിഡോ ബോട്ട് തകർന്നു എന്നിട്ടും ആ യുദ്ധക്കപ്പലിനെ ടോർപിഡോ ചെയ്ത് തകർത്തു അയാൾ മരണത്തിൽ നിന്ന് എങ്ങനെയോ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി

 

“ഒപ്പമുണ്ടായിരുന്നവരെല്ലാം തന്നെ കൊല്ലപ്പെട്ടു എന്നാണല്ലോ കേട്ടത്” മൺറോ പറഞ്ഞു.

 

ലോറൻസ് ഫയൽ അടച്ചു വച്ചു. “ആ നേട്ടത്തിനുള്ള ബഹുമതിയായി ഒരു മെഡൽ പോലും അയാൾക്ക് ലഭിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് താങ്കൾക്കറിയുമോ? ജനറൽ മാക് ആർതർ ആയിരുന്നു അതിന് വേണ്ടി ശിപാർശ ചെയ്തത് എന്നത് കൊണ്ട് ആർമിയുടെ ഇടപെടൽ നേവിയ്ക്ക് ഒട്ടും ഉൾക്കൊള്ളാനാവുമായിരുന്നില്ല

 

“നിങ്ങൾ റെഗുലർ നേവിയിൽ ഉള്ള ആളല്ലെന്ന് തോന്നുന്നു?” മൺറോ ചോദിച്ചു.

 

“ഒരിക്കലുമല്ല

 

“ഗുഡ് ഞാനും അങ്ങനെ തന്നെയാണ് റെഗുലർ ആർമിയിൽ നിന്നല്ല അതുകൊണ്ട് മറയില്ലാതെ സംസാരിക്കാം നമുക്ക് ഈസ് ഹീ ഫിറ്റ്?”

 

“ശാരീരികമായിട്ടാണെങ്കിൽ തീർച്ചയായും പക്ഷേ, ഒരു കാര്യം ഇപ്പോഴത്തെ അപകടം അയാളുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ നിന്നും പത്തു വർഷം കവർന്നെടുത്തു എന്ന് പറയാം ഇനിയങ്ങോട്ട് കപ്പൽ ജോലിയ്ക്ക് യോഗ്യനല്ല എന്നാണ് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അയാളുടെ പ്രായം കണക്കിലെടുത്ത് മെഡിക്കൽ ഡിസ്ചാർജ് എന്ന ഒരു മാർഗ്ഗം മാത്രമേ ഇനി മുന്നിലുള്ളൂ

 

“ഐ സീ” മൺറോ തന്റെ നെറ്റിയിൽ വിരൽ കൊണ്ട് പതുക്കെ തട്ടി. “ഇതിന്റെയുള്ളിലെ കാര്യമോ?”

 

“തലയ്ക്കുള്ളിലോ?” ലോറൻസ് ചുമൽ വെട്ടിച്ചു. “ആർക്കറിയാം ഒരു റിയാക്ടീവ് ഡിപ്രഷനിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണയാൾ തികച്ചും സ്വാഭാവികം ക്രമേണ ഭേദമാകുമെന്ന് കരുതുന്നു അമിതമായ ഉറക്കം മുറിയിൽ നിന്ന് പുറത്ത് പോകുന്നത് തന്നെ അപൂർവ്വം ഇനി എന്ത് എന്ന ഉത്കണ്ഠയിലാണ് എപ്പോഴും

 

“എങ്കിലും, ആശുപത്രിവാസം അവസാനിപ്പിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്നർത്ഥം?”

 

“ഒരു കുഴപ്പവുമില്ല ആഴ്ച്ചകൾക്ക് മുമ്പ് തന്നെ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞിരിക്കുന്നു മേലധികാരികളുടെ അനുമതിയുണ്ടെങ്കിൽ തീർച്ചയായും ഡിസ്ചാർജ് ചെയ്യാവുന്നതാണ്

 

“അനുമതി എന്റെ കൈവശമുണ്ട്

 

ഉള്ളിലെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത ലെറ്റർ തുറന്ന് മൺറോ അയാൾക്ക് നേരെ നീട്ടി. അത് വായിച്ച ലോറൻസ് പതിഞ്ഞ സ്വരത്തിൽ ചൂളം കുത്തി. “ജീസസ്, ഇത്രയും പ്രാധാന്യമോ?”

 

“യെസ്” ആ ലെറ്റർ തിരികെ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് മൺറോ തന്റെ ബർബെറി റെയിൻകോട്ടും കുടയും എടുത്തു.

 

“മൈ ഗോഡ്, അയാളെ വീണ്ടും കപ്പലിലേക്ക് വിടുകയാണല്ലേ?” ലോറൻസ് ചോദിച്ചു.

 

സൗമ്യഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് മൺറോ വാതിൽ തുറന്നു. “വരൂ കമാൻഡർ, എനിക്ക് അയാളെയൊന്ന് കാണണം

 

                                                  ***

 

ബാൽക്കണിയിലൂടെ മൺറോ പുറത്തേക്ക് നോക്കി. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. പൂന്തോട്ടത്തിനപ്പുറം വൈദ്യുതി ദീപങ്ങൾ പ്രഭ ചൊരിയുന്ന വാഷിങ്ങ്ടൺ നഗരം. “മനോഹരം ഈ സീസണിൽ വാഷിങ്ങ്ടൺ ഇങ്ങനെയാണല്ലേ” അദ്ദേഹം തിരിഞ്ഞ് ഹസ്തദാനത്തിനായി കൈ നീട്ടി. “ഞാൻ മൺറോ... ഡോഗൽ മൺറോ

 

“ബ്രിഗേഡിയർ?” മാർട്ടിൻ ഹെയർ സംശയത്തോടെ ചോദിച്ചു.

 

“ദാറ്റ്സ് റൈറ്റ്

 

ഒരു അയഞ്ഞ പൈജാമയും തുറന്ന കഴുത്തുള്ള ഷർട്ടുമായിരുന്നു ഹെയറിന്റെ വേഷം. കുളി കഴിഞ്ഞു വന്നതിന്റെ നനവ് മുഖത്ത് കാണാം. “പറയുന്നതിൽ ക്ഷമിക്കണം ബ്രിഗേഡിയർ, താങ്കളെ കണ്ടാൽ ഒരു മിലിട്ടറിക്കാരനാണെന്ന് തോന്നുകയേയില്ല

 

“താങ്ക് ഗോഡ് ഫോർ ദാറ്റ്” മൺറോ പറഞ്ഞു. “1939 വരെ ഞാൻ ഓക്സ്ഫഡിൽ ഒരു ഫെലോ ആയിരുന്നു ഈജിപ്റ്റോളജിസ്റ്റ് എന്ന് പറയാം പിന്നെ എന്റെ ബ്രിഗേഡിയർ റാങ്ക് ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റിന്റെ അധികാര സ്ഥാനത്ത് പ്രവർത്തിക്കുവാൻ വേണ്ടി അവർ എനിക്ക് നൽകിയതാണ് 

 

ഹെയർ നെറ്റി ചുളിച്ചു. “ഒരു മിനിറ്റ് ഇന്റലിജൻസ് വിഭാഗത്തിന്റെ മണമടിക്കുന്നത് പോലെ?”

 

“നിങ്ങളുടെ ഊഹം ശരിയാണ് നിങ്ങൾ SOE എന്ന് കേട്ടിട്ടുണ്ടോ കമാൻഡർ?”

 

“സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ്” ഹെയർ പറഞ്ഞു. “അധിനിവേശ ഫ്രാൻസിലേക്ക് ഏജന്റുമാരെ അയയ്ക്കുക തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് നിങ്ങളല്ലേ?”

 

“എക്സാക്റ്റ്‌ലി നിങ്ങളുടെ സ്വന്തം OSS (Office of Strategic Services) ന്റെ മുൻഗാമികളാണ് ഞങ്ങളെന്ന് പറയാം ഞങ്ങളുമായി അടുത്ത് സഹകരിച്ചുകൊണ്ടാണ് ഇപ്പോൾ അവർ പ്രവർത്തിക്കുന്നതെന്ന് പറയാൻ സന്തോഷമേയുള്ളൂ SOE യിലെ Section-D യുടെ ഇൻ‌ചാർജാണ് ഞാൻ ഡെർട്ടി ട്രിക്‌സ് ഡിപ്പാർട്ട്മെന്റ് എന്നാണ് സാധാരണയായി അറിയപ്പെടുന്നത്

 

“ഓകെ പക്ഷേ, എന്നിൽ നിന്നും എന്താണ് താങ്കൾക്ക് വേണ്ടത്?” ഹെയർ ചോദിച്ചു.

 

“ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ജർമ്മൻ ലിറ്റിറേച്ചറിൽ പ്രൊഫസറായിരുന്നു നിങ്ങൾ ശരിയല്ലേ?”

 

“സോ വാട്ട്?”

 

“നിങ്ങളുടെ മാതാവ് ജർമ്മൻകാരിയായിരുന്നു അവരുടെ മാതാപിതാക്കൾക്കൊപ്പം ജർമ്മനിയിലായിരുന്നു നിങ്ങളുടെ ബാല്യകാലം നിങ്ങൾ ബിരുദം നേടിയത് തന്നെ ഡ്രെസ്ഡെൻ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു

 

“അതുകൊണ്ട്?”

 

“അനായാസം നിങ്ങൾക്ക് ജർമ്മൻ ഭാഷ സംസാരിക്കാനാവുമെന്നാണ് ഞാൻ മനസ്സിലാക്കിയത് അങ്ങനെയാണ് നിങ്ങളുടെ നേവൽ ഇന്റലിജൻസ് സർവീസ് എന്നോട് പറഞ്ഞത് പിന്നെ ഫ്രഞ്ച് ഭാഷയും തരക്കേടില്ലാതെ സംസാരിക്കാൻ കഴിയും

 

ഹെയർ നെറ്റി ചുളിച്ചു. “താങ്കളെന്താണ് പറഞ്ഞു വരുന്നത്? എന്നെ ഒരു ചാരനായി റിക്രൂട്ട് ചെയ്യാനോ മറ്റോ ഉള്ള പരിപാടിയാണോ?”

 

“ഒരിക്കലുമല്ല” മൺറോ പറഞ്ഞു. “യൂ സീ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ, കമാൻഡർ അനായാസം ജർമ്മൻ ഭാഷ സംസാരിക്കാനാവും എന്നതവിടെ നിൽക്കട്ടെ... ജർമ്മൻ ഭാഷ സംസാരിക്കാൻ കഴിയുന്ന, ടോർപിഡോ ബോട്ടുകളിൽ ഏറെക്കാലത്തെ പ്രവർത്തന പരിചയമുള്ള ഒരു നേവൽ ഓഫീസറാണ് നിങ്ങൾ അതാണ് നിങ്ങളെ വ്യത്യസ്ഥനാക്കുന്നത്

 

“കാര്യങ്ങൾ തെളിച്ചു പറഞ്ഞാൽ നന്നായിരിക്കും

 

“ഓൾറൈറ്റ്” മൺറോ കസേരയിൽ ഇരുന്നു. “സോളമൻസ് ദ്വീപുസമൂഹങ്ങൾക്ക് സമീപം സ്ക്വാഡ്രൺ-2 ൽ പട്രോൾ ടോർപിഡോ ബോട്ടുകളിൽ നിങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട് ആം ഐ റൈറ്റ്?”

 

“യെസ്

 

“വെൽ, ഇനി പറയാൻ പോകുന്ന കാര്യം ടോപ് സീക്രറ്റാണ് OSS ന്റെ അടിയന്തര അഭ്യർത്ഥന പ്രകാരം നിങ്ങളെയെല്ലാം ഇംഗ്ലീഷ് ചാനലിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ഫ്രഞ്ച് തീരത്തേക്ക് ഏജന്റുമാരെ കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരുവാനും

 

“അതിനായിരിക്കും താങ്കൾക്കെന്നെ വേണ്ടത്?” അത്ഭുതത്തോടെ ഹെയർ ചോദിച്ചു. “താങ്കൾക്കെന്താ ഭ്രാന്തുണ്ടോ? എന്റെ ആരോഗ്യമെല്ലാം ക്ഷയിച്ചിരിക്കുന്നു എനിക്ക് മെഡിക്കൽ ഡിസ്ചാർജ് തരാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്

 

“ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം” മൺറോ പറഞ്ഞു. “ഇംഗ്ലീഷ് ചാനലിൽ ജർമ്മൻ ടോർപിഡോ ബോട്ടുകളുമായി പൊരുതുവാൻ ശരിയ്ക്കും പാടുപെടുകയാണ് ബ്രിട്ടീഷ് മോട്ടോർ ടോർപിഡോ ബോട്ടുകൾ

 

ഷ്നെൽബൂട്ട് എന്ന് ജർമ്മൻ‌കാർ വിളിക്കുന്ന ബോട്ട്” ഹെയർ പറഞ്ഞു. “വളരെ വേഗതയുള്ള ബോട്ടാണ് യോജിച്ച പേര് തന്നെ

 

“യെസ് വെൽ, ചില പ്രത്യേക കാരണങ്ങളാൽ ഞങ്ങളതിനെ വിളിക്കുന്നത് E-Boat എന്നാണ് നിങ്ങൾ പറഞ്ഞത് പോലെ അതിന്റെ വേഗതയെന്ന് പറഞ്ഞാൽ അപാര വേഗതയാണ് യുദ്ധം ആരംഭിച്ച നാൾ മുതൽ ഞങ്ങൾ ശ്രമിക്കുന്നതാണ് അതിലൊന്നിനെ പിടിച്ചെടുക്കാൻ കഴിഞ്ഞ മാസം ഞങ്ങളതിൽ വിജയിച്ചുവെന്ന് കൂട്ടിക്കോളൂ

 

“താങ്കളെന്താ തമാശ പറയുകയാണോ?” അവിശ്വസനീയതയോടെ ഹെയർ ചോദിച്ചു.

 

“ഞാൻ തമാശ പറയാറില്ല എന്ന് വഴിയേ നിങ്ങൾക്ക് മനസ്സിലാവും, കമാൻഡർ” മൺറോ പറഞ്ഞു. “ഒരു S-80 സീരീസ് ഡെവൺ തീരത്തിന് സമീപം നൈറ്റ് പട്രോളിങ്ങ് നടത്തവേ എന്തോ ചില എഞ്ചിൻ ട്രബിൾ നേരിട്ടു പുലർകാലത്ത് ഞങ്ങളുടെ ഒരു യുദ്ധകപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ അരികിൽ ചെന്നതും ബോട്ട് ഉപേക്ഷിച്ച് അതിന്റെ ക്രൂ കടന്നുകളഞ്ഞു സ്വാഭാവികമായും അതിന്റെ ക്യാപ്റ്റൻ കപ്പൽ തകർക്കുവാനായി അതിനടിയിൽ ടൈം ബോംബ് വച്ചിരുന്നു എന്നാൽ അയാളുടെ നിർഭാഗ്യമെന്ന് പറയട്ടെ, സ്ഫോടനം നടന്നില്ല അതിന്റെ റേഡിയോ ഓപ്പറേറ്ററെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലായത് ബോംബ് വച്ച് ബോട്ട് നശിപ്പിക്കുകയാണെന്നുള്ള സന്ദേശം ഷെർബർഗിലുള്ള അവരുടെ നേവൽ ബേസിലേക്ക് അയച്ചിരുന്നുവെന്നാണ് എന്ന് വച്ചാൽ അവരുടെ ബോട്ട് ഞങ്ങളുടെ കൈവശം ഉള്ള കാര്യം ക്രീഗ്സ്മറീന് അറിയില്ല എന്നർത്ഥം” അദ്ദേഹം പുഞ്ചിരിച്ചു. “മനസ്സിലാവുന്നുണ്ടോ?”

 

“സത്യം പറഞ്ഞാൽ, ഇല്ല

 

“കമാൻഡർ ഹെയർ, കോൺവാളിൽ കോൾഡ് ഹാർബർ എന്നൊരു ചെറിയ മത്സ്യബന്ധന തുറമുഖമുണ്ട് രണ്ടോ മൂന്നോ ഡസൻ കോട്ടേജുകളും ഒരു പ്രഭുഭവനവും മാത്രമുള്ള ചെറിയൊരു ഗ്രാമം ഡിഫൻസ് ഏരിയ ആയതുകൊണ്ട് പ്രദേശവാസികൾ എല്ലാം തന്നെ കുടിയൊഴിഞ്ഞു പോയിട്ട് ഏറെക്കാലമായി ചില പ്രത്യേക ആവശ്യങ്ങൾക്ക് എന്റെ ഡിപ്പാർട്ട്മെന്റ് അവിടം ഉപയോഗിച്ചു വരുന്നു ഏതാനും വിമാനങ്ങൾ അവിടെ നിന്നും ഞങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നു അതും ജർമ്മൻ വിമാനങ്ങൾ ഒരു സ്റ്റോർക്ക്, ഒരു ജങ്കേഴ്സ്-88S എന്നിവ ജർമ്മൻ എംബ്ലമാണ് ഇപ്പോഴും അവ വഹിക്കുന്നത് അവ പറത്തുന്നത് RAF ലെ വിദഗ്ദ്ധനായ ഒരു പൈലറ്റ് ആണെങ്കിലും ലുഫ്ത്‌വാഫ് യൂണിഫോമാണ് അയാൾ ധരിക്കുന്നത്

 

“അപ്പോൾ അത്തരത്തിലുള്ള ദൗത്യങ്ങൾ താങ്കൾ സൂചിപ്പിച്ച ആ E-ബോട്ടു കൊണ്ടും നടത്തുവാനുദ്ദേശിക്കുന്നുവെന്നാണോ?” ഹെയർ ചോദിച്ചു.

 

“എക്സാക്‌റ്റ്ലി അവിടെയാണ് നിങ്ങൾ രംഗപ്രവേശം ചെയ്യുന്നത് ഒരു ക്രീഗ്സ്മറീൻ ബോട്ടിന് ഒരു ക്രീഗ്സ്മറീൻ ക്രൂവിനെയും ആവശ്യമാണ്

 

“പക്ഷേ, അത് അന്താരാഷ്ട്ര യുദ്ധനിയമങ്ങൾക്ക് എതിരാണല്ലോ പിടിക്കപ്പെട്ടാൽ ആ ക്രൂ ഒന്നടങ്കം ഫയറിങ്ങ് സ്ക്വാഡിന് ഇരയാകും” ഹെയർ പറഞ്ഞു.

 

“ഐ നോ നിങ്ങളുടെ ജനറൽ ഷെർമാൻ ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ടോ? വാർ ഈസ് ഹെൽ” കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് മൺറോ എഴുന്നേറ്റു. “ഇതിന്റെ സാദ്ധ്യതകൾ അനന്തമാണ് ഇനി ഞാൻ പറയാൻ പോകുന്നതും ഒരു രഹസ്യവിവരമാണ് ജർമ്മൻ മിലിട്ടറിയുടെയും നേവിയുടെയും നീക്കങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ എനിഗ്മാ മെഷീനുകൾ വഴി എൻകോഡ് ചെയ്തതിന് ശേഷമാണ് അയയ്ക്കുന്നത് നൂറു ശതമാനവും സുരക്ഷിതമെന്ന് അവർ കരുതുന്ന ഉപകരണം എന്നാൽ അവരുടെ നിർഭാഗ്യമെന്ന് പറയട്ടെ, അവരുടെ സിസ്റ്റത്തിൽ നുഴഞ്ഞു കയറുന്നതിൽ വിജയം കൈവരിച്ച അൾട്രാ എന്നൊരു പ്രോജക്റ്റ് നമുക്കുണ്ട് ക്രീഗ്സ്മറീനിൽ നിന്നും നമുക്ക് ചോർന്നു കിട്ടുന്ന വിവരങ്ങളെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ റെക്കഗ്നിഷൻ സിഗ്നൽസ്, തുറമുഖങ്ങളിലേക്ക് അവർ പ്രവേശിക്കുന്ന ദിവസവും സമയവും അടങ്ങിയ ഇൻഫർമേഷൻ തുടങ്ങിയവ

 

“ക്രെയ്സി” ഹെയർ പറഞ്ഞു. “ഇതിനെല്ലാം ഒരു ക്രൂ തന്നെ വേണമല്ലോ

 

“ഒരു S-80 E-ബോട്ട് ഓപ്പറേറ്റ് ചെയ്യുവാൻ സാധാരണഗതിയിൽ പതിനാറ് പേർ വേണം എന്നാൽ അഡ്മിറാൽറ്റിയിലുള്ള എന്റെ സുഹൃത്തുക്കൾ പറയുന്നത്, നിങ്ങൾ ഉൾപ്പെടെ പത്തു പേരെക്കൊണ്ട് അതിന് സാധിക്കുമെന്നാണ് ഒരു സംയുക്ത സംരംഭമെന്ന നിലയിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്റലിജൻസ് വിഭാഗങ്ങൾ അതിന് യോജിച്ച ഒരു ക്രൂവിനെ തേടിക്കൊണ്ടിരിക്കുകയാണ് മിടുക്കനായ ഒരു എഞ്ചിനീയറെ നിങ്ങൾക്കായി ഞാൻ കണ്ടെത്തിയിട്ടുണ്ട് ഡെയിംലർ ബെൻസ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ജൂതവംശജനായ ഒരു ജർമ്മൻ അഭയാർത്ഥി എല്ലാ തരം E-ബോട്ടുകളുടെയും എഞ്ചിനുകൾ അവരാണ് നിർമ്മിക്കുന്നത്

 

ഒരു നീണ്ട മൗനം അവിടെങ്ങും നിറഞ്ഞു. ഗാർഡനപ്പുറമുള്ള നഗരത്തിലേക്ക് നോക്കിക്കൊണ്ട് ഹെയർ നിന്നു. പൂർണ്ണമായും ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ടുലുഗുവിലെ ആ രാത്രിയെക്കുറിച്ച് ഓർത്തതും അയാളുടെ ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. സിഗരറ്റ് എടുക്കുവാനായി തുനിയുമ്പോൾ അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾ തിരിഞ്ഞ് തന്റെ കൈ മൺറോയുടെ നേർക്ക് നീട്ടി.

 

“ഈ കൈ വിറയ്ക്കുന്നത് താങ്കൾ കണ്ടോ? എന്താണ് കാരണമെന്നറിയുമോ? ഭയം കൊണ്ട് വിറയ്ക്കുന്നതാണ്

 

“ആ ബോംബർ വിമാനത്തിൽ ലണ്ടനിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ എന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു “ മൺ‌റോ പറഞ്ഞു. “ഇന്ന് രാത്രി നാം ലണ്ടനിലേക്ക് പറക്കുന്നത് ഒരു B-17 ബോംബറിലാണെന്നാണ് കേട്ടത് കുറേക്കൂടി വലിയ വിമാനമാണെങ്കിലും എന്റെ ഭയത്തിന് കുറവൊന്നുമുണ്ടാകില്ല

 

“ഇല്ല” പരുഷ സ്വരത്തിൽ ഹെയർ പറഞ്ഞു. “ഞാനീ ജോലി ചെയ്യില്ല

 

“തീർച്ചയായും നിങ്ങൾ ചെയ്യും കമാൻഡർ” മൺറോ പറഞ്ഞു. “എന്തുകൊണ്ടെന്ന് ഞാൻ പറയട്ടേ? നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനാവില്ല എന്നത് തന്നെ കാരണം ഒരു കാരണവശാലും ഹാർവാഡിലേക്ക് മടങ്ങിപ്പോകാൻ നിങ്ങൾക്കാവില്ല ഇത്രയും കാലത്തെ സാഹസിക ജീവിതത്തിന് ശേഷം ക്ലാസ്റൂമിലേക്ക് മടങ്ങുകയോ? നമ്മൾ രണ്ടുപേരും ഒരേ അവസ്ഥയിലുള്ളവരായതു കൊണ്ട് നിങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ ഞാൻ പറയാം ജീവിതത്തിൽ ഏറെക്കാലവും ബൗദ്ധികമായ തലങ്ങളിൽ ചെലവഴിച്ചവരാണ് നമ്മൾ മറ്റുള്ളവരുടെ കഥകളും പുസ്തകങ്ങളും ഒക്കെയായി അപ്പോഴാണ് യുദ്ധം വരുന്നത് ഞാനൊരു സത്യം പറയട്ടെ സുഹൃത്തേ? പുതിയ ജീവിതത്തിലെ ഓരോ സുവർണ്ണ നിമിഷവും നിങ്ങൾ ആസ്വദിക്കുകയായിരുന്നു

 

“യൂ ഗോ റ്റു ഹെൽ” മാർട്ടിൻ ഹെയർ പറഞ്ഞു.

 

“അത് മിക്കവാറും അങ്ങനെ തന്നെയായിരിക്കും

 

“വരാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞാൽ?”

 

“ഓ, ഡിയർ” ഉള്ളിലെ പോക്കറ്റിൽ നിന്നും മൺറോ ഒരു ലെറ്റർ പുറത്തെടുത്തു. “ഈ ലെറ്ററിന്റെ അടിഭാഗത്ത് കൈയൊപ്പ് വച്ചിരിക്കുന്ന അമേരിക്കൻ ആംഡ് ഫോഴ്സസ് കമാൻഡർ ഇൻ ചീഫിനെ നിങ്ങൾ മാനിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം

 

“ഗുഡ് ഗോഡ്!” ആ ലെറ്ററിലേക്ക് നോക്കി ഇതികർത്തവ്യതാ മൂഢനായി നിന്നു പോയി മാർട്ടിൻ ഹെയർ.

 

“യെസ് നാം യാത്ര തിരിക്കുന്നതിന് മുമ്പ് നമ്മളോട് എന്തോ പറയാനുണ്ട് അദ്ദേഹത്തിന് അതുകൊണ്ട് ഒഴിഞ്ഞു മാറാനാവില്ല നിങ്ങൾക്ക് നല്ല കുട്ടിയായി യൂണിഫോമൊക്കെ ധരിച്ച് പെട്ടെന്ന് വരൂ അധികം സമയമില്ല നമുക്ക്

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



10 comments:

  1. മൺറോയുടെ നിർദ്ദേശപ്രകാരം മാർട്ടിൻ ഹെയർ യൂണിഫോം ധരിക്കുമോ?
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. ധരിക്കാതിരിക്കാൻ പറ്റില്ല തങ്കപ്പേട്ടാ... കമാൻഡർ ഇൻ ചീഫ് ഓഫ് ദി അമേരിക്കൻ ആംഡ് ഫോഴ്സസ് അതായത് അമേരിക്കൻ പ്രസിഡന്റ് ആണ് ആ ലെറ്ററിൽ ഒപ്പ് വച്ചിരിക്കുന്നത്...

      Delete
  2. എന്താണല്ലേ ഇവരുടെയൊക്കെ ഒരു ജീവിതം

    ReplyDelete
    Replies
    1. നേർച്ചക്കോഴികളെപ്പോലെ...

      Delete
  3. മാർട്ടിന് പോകാതിരിക്കാൻ ആവില്ല

    ReplyDelete
    Replies
    1. അമേരിക്കൻ പ്രസിഡന്റിന്റെ കല്പനയാണ്... പോകാതിരിക്കാനാവില്ല...

      Delete
  4. മാർട്ടിൻ പോകണം.. പോകാതിരുന്നാൽ എങ്ങനാ..?

    ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞപോലായി..!

    ReplyDelete
    Replies
    1. പോയേ തീരൂ... പ്രസിഡന്റാണ് വിളിക്കുന്നത്...

      Delete
  5. E- ബോട്ട്.. പിന്നേ..ഇത് നമുക്ക് നല്ല പരിചയം ഉള്ളതാ .. മോളികുട്ടിയേയും പറ്റിച്ചു പണ്ട് Devlin കേറിപ്പോയ ഐറ്റം... ക്രൂ ആള് കുറവുണ്ടേൽ നമ്മ കൂടി പോകാം കേട്ടോ.

    ReplyDelete
    Replies
    1. അതെ, അതു തന്നെ സാധനം... ജർമ്മൻകാർ ഇട്ടിരിക്കുന്ന പേര് Schnellboot എന്നാണ്... ബ്രിട്ടീഷുകാർ അതിനെ E-Boat അതായത് Enemy Boat എന്ന് വിളിക്കുന്നു...

      Delete