Tuesday, August 6, 2024

കോൾഡ് ഹാർബർ - 03



വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബേസ്മെന്റ് കവാടത്തിന് മുന്നിൽ ആ ലിമോസിൻ വന്നു നിന്നു. നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീക്രട്ട് ഏജന്റ്സിന്റെയടുത്ത് മൺറോ തന്റെ പാസ് കാണിച്ചു. അവരിലൊരാൾ ഫോൺ എടുത്ത് ആരെയോ വിളിച്ച് ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും പ്രൗഢമായ യൂണിഫോം ധരിച്ച ചെറുപ്പക്കാരനായ ഒരു നേവൽ ലെഫ്റ്റനന്റ് അവിടെയെത്തി.

 

“ബ്രിഗേഡിയർ” മൺറോയെ സ്വാഗതം ചെയ്തിട്ട് അയാൾ ഹെയറിന് നേർക്ക് തിരിഞ്ഞ് തികച്ചും ഔപചാരികമായി അയാളെ സല്യൂട്ട് ചെയ്തു. “താങ്കളെ സന്ധിക്കാനായത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു സർ

 

ചെറിയൊരു ചമ്മലോടെ ഹെയർ പ്രത്യഭിവാദ്യം ചെയ്തു.

 

“ജെന്റിൽമെൻ, എന്റെയൊപ്പം വരൂ, പ്രസിഡന്റ് നിങ്ങളെയും കാത്തിരിക്കുകയാണ്” ആ ചെറുപ്പക്കാരൻ പറഞ്ഞു.

 

                                                    ***

 

ഓവൽ ആകൃതിയിലുള്ള ആ ഓഫീസിനുള്ളിൽ അരണ്ട വെട്ടമേ ഉണ്ടായിരുന്നുള്ളൂ. പേപ്പറുകൾ ചിതറിക്കിടക്കുന്ന ആ മേശയിൽ വച്ചിരിക്കുന്ന വിളക്ക് മാത്രമായിരുന്നു വെളിച്ചത്തിന്റെ ഏക ഉറവിടം. ജാലകത്തിനരികിൽ പുറത്തേക്ക് നോക്കി തന്റെ വീൽചെയറിൽ ഇരിക്കുന്ന പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ ചുണ്ടിലെ നീളമുള്ള പൈപ്പിൽ എരിയുന്ന സിഗരറ്റ് ഇരുട്ടിൽ തിളങ്ങി.

 

തന്റെ വീൽചെയർ വെട്ടിത്തിരിച്ച് അദ്ദേഹം അവരെ അഭിമുഖീകരിച്ചു. “ദേർ യൂ ആർ, ബ്രിഗേഡിയർ

 

“മിസ്റ്റർ പ്രസിഡന്റ്

 

“ഇതാണോ ലെഫ്റ്റനന്റ് കമാൻഡർ ഹെയർ?” ഹസ്തദാനത്തിനായി അദ്ദേഹം കൈ നീട്ടി. “നിങ്ങൾ രാജ്യത്തിന് ഒരു മുതൽക്കൂട്ടാണ് സർപ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾക്ക് ഞാൻ നന്ദി പറയുന്നു ആ ടുലുഗുവിലെ ഓപ്പറേഷൻ ഒരു സംഭവം തന്നെയായിരുന്നു

 

“എന്നെക്കാൾ അംഗീകാരം അർഹിക്കുന്നത് ആ കപ്പൽ തകർക്കുന്നതിനിടയിൽ ജീവൻ വെടിഞ്ഞ എന്റെ സഹപ്രവർത്തകരാണ്, മിസ്റ്റർ പ്രസിഡന്റ്

 

“എനിക്കറിയാം മകനേ” റൂസ്‌വെൽറ്റ് ഇരുകൈകളാലും ഹെയറിന്റെ കരം കവർന്നു. “ശരിയാണ്, രാജ്യത്തിനു വേണ്ടി ജീവൻ ബലികൊടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ സൈനികരാണ് നമ്മളെക്കാൾ അതിനർഹർ എങ്കിലും കഴിവിന്റെ പരമാവധി നമ്മളും രാജ്യത്തിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കണം” പുതിയൊരു സിഗരറ്റ് എടുത്ത് അദ്ദേഹം പൈപ്പ് ഹോൾഡറിൽ വച്ചു. “കോൾഡ് ഹാർബർ വിഷയത്തെക്കുറിച്ച് ബ്രിഗേഡിയർ നിങ്ങളോട് പറഞ്ഞുവോ? അതേക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?”

 

മൺറോയെ ഒന്ന് നോക്കി, തെല്ല് സംശയിച്ചിട്ട് ഹെയർ പറഞ്ഞു. “കേട്ടിട്ട് വളരെ ഇന്ററസ്റ്റിങ്ങ് ആയി തോന്നുന്നു, മിസ്റ്റർ പ്രസിഡന്റ്

 

റുസ്‌വെൽറ്റ് തല പിറകോട്ട് ചരിച്ച് പൊട്ടിച്ചിരിച്ചു. “നിങ്ങളുടെ മറുപടി എനിക്കിഷ്ടപ്പെട്ടു” വീൽചെയർ ഉരുട്ടി അദ്ദേഹം മേശയുടെ സമീപത്ത് എത്തി തിരിഞ്ഞു. “ശത്രുരാജ്യത്തിന്റെ യൂണിഫോം ധരിക്കുക എന്നത് ജനീവ കൺവെൻഷന്റെ നിബന്ധനകൾക്ക് കടകവിരുദ്ധമാണ് നിങ്ങൾക്കറിയില്ലേ അത്?”

 

“യെസ്, മിസ്റ്റർ പ്രസിഡന്റ്

 

റൂസ്‌വെൽറ്റ് മുകളിലെ സീലിങ്ങിലേക്ക് നോക്കി. “ചരിത്രത്തിലുള്ള എന്റെ അറിവ് തെറ്റാണെങ്കിൽ പറയണം, ബ്രിഗേഡിയർ നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളിൽ ബ്രിട്ടീഷ് നേവി ചിലപ്പോഴൊക്കെ ഫ്രഞ്ച് പതാക വഹിച്ചുകൊണ്ട് ആക്രമണം നടത്തിയിരുന്നില്ലേ?”

 

“ശരിയാണ്, മിസ്റ്റർ പ്രസിഡന്റ് പ്രത്യേകിച്ചും യുദ്ധത്തിൽ പിടിച്ചെടുത്ത ഫ്രഞ്ച് കപ്പലുകളുമായി മടങ്ങുമ്പോൾ പിന്നീട് അവ ബ്രീട്ടീഷ് നേവിയുടെ ഭാഗമായി റീകമ്മീഷൻ ചെയ്യുകയായിരുന്നു പതിവ്

 

“അപ്പോൾ ഇത്തരം കൗശലങ്ങൾ നിയമാനുസൃതമായി ഇതിനു മുമ്പും നടത്തിയിട്ടുള്ള ചരിത്രമുണ്ട്” റൂസ്‌വെൽറ്റ് പറഞ്ഞു.

 

“തീർച്ചയായും, മിസ്റ്റർ പ്രസിഡന്റ്

 

“ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ടെന്ന് തോന്നുന്നു” ഹെയർ പറഞ്ഞു. “അത്തരം ദൗത്യങ്ങളിൽ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്വന്തം പതാക ഉയർത്തണമെന്നത് ബ്രിട്ടീഷുകാരുടെ കീഴ്വഴക്കമായിരുന്നു

 

“ഐ ലൈക്ക് ദാറ്റ്” റൂസ്‌വെൽറ്റ് തല കുലുക്കി. “അതെനിക്ക് മനസ്സിലാവും ഒരാൾ മരിക്കുന്നുവെങ്കിൽ അത് അയാളുടെ സ്വന്തം പതാകയുടെ കീഴിലായിരിക്കണം” അദ്ദേഹം ഹെയറിന് നേരെ നോക്കി. “ഇത് കമാൻഡർ ഇൻ ചീഫിന്റെ ഡയറക്റ്റ് ഓർഡറാണ് ഇപ്പറയുന്ന E-ബോട്ടിൽ ഒരു അമേരിക്കൻ പതാക എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കണം എപ്പോഴെങ്കിലും ഒരു ആക്രമണത്തിലേക്ക് നീങ്ങുന്നു എന്ന് തോന്നിയാൽ ക്രീഗ്സ്മറീൻ പതാകയ്ക്ക് പകരം നിങ്ങൾ അമേരിക്കൻ പതാക ഉയർത്തണം മനസ്സിലായോ?”

 

“ഉറപ്പായും, മിസ്റ്റർ പ്രസിഡന്റ്

 

റൂസ്‌വെൽറ്റ് വീണ്ടും കൈ നീട്ടി. “ഗുഡ് വിജയാശംസകൾ നേരാൻ മാത്രമേ എനിക്കാവൂ

 

അവർ ഇരുവരും പ്രസിഡന്റിന് ഹസ്തദാനം നൽകി. പൊടുന്നനെ നിഴലുകൾക്കിടയിൽ നിന്നും വീണ്ടും പ്രത്യക്ഷപ്പെട്ട  ചെറുപ്പക്കാരനായ ആ ലെഫ്റ്റനന്റ് അവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

 

കോൺസ്റ്റിറ്റ്യൂഷണൽ അവന്യൂ  താണ്ടി ലിമോസിൻ മുന്നോട്ട് നീങ്ങവെ ഹെയർ പറഞ്ഞു. “എ റിമാർക്കബ്‌ൾ മാൻ

 

“എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞു പോകും” മൺറോ പറഞ്ഞു. “അദ്ദേഹവും ചർച്ചിലും കൂടി കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ്” അദ്ദേഹം ഒരു നെടുവീർപ്പിട്ടു. “പക്ഷേ, എത്ര കാലത്തേക്ക്! ചരിത്രം മാറ്റിയെഴുതുന്നവർ ഈ നേട്ടങ്ങളുടെ പ്രാധാന്യമെല്ലാം തമസ്കരിക്കുന്നത് വരെ മാത്രം

 

“പേരെടുക്കുക എന്നത് മാത്രം ലക്ഷ്യമുള്ള രണ്ടാംകിട പണ്ഡിതന്മാർ…?” ഹെയർ ചോദിച്ചു. “നമ്മളെപ്പോലെ?”

 

“എക്സാക്റ്റ്‌ലി” പ്രകാശമാനമായ തെരുവുകളിലേക്ക് മൺറോ നോക്കി. “ഈ നഗരത്തെ ശരിയ്ക്കും ഞാൻ മിസ് ചെയ്യും ലണ്ടനിൽ ചെല്ലുമ്പോൾ നിങ്ങൾക്കത് മനസ്സിലാവും രാത്രി കാലങ്ങളിലെ ബ്ലാക്കൗട്ട് അതിനിടയിൽ ബോംബിങ്ങിനായി പറന്നെത്തുന്ന ലുഫ്ത്‌വാഫ് ഫൈറ്ററുകൾ

 

സീറ്റിൽ പിറകിലേക്ക് ചാരിയിരുന്ന് ഹെയർ കണ്ണടച്ചു. ക്ഷീണം കൊണ്ടായിരുന്നില്ല അത്. പൈശാചികമായ ഒരു ഉന്മാദം ഉള്ളിൽ നുരയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. നീണ്ട ഒരു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് പോലെ.

 

                                                ***

 

അമേരിക്കൻ എയർഫോഴ്സിന്റെ ലണ്ടനിലുള്ള എട്ടാം സ്ക്വാഡ്രണിൽ ചേരുവാനായി പോകുന്ന ഏറ്റവും പുതിയ ഒരു B-17 ബോംബർ ആയിരുന്നു അത്. ആർമി ബ്ലാങ്കറ്റുകളും തലയിണകളും തെർമോസ് ഫ്ലാസ്കുകളും ഒക്കെ നൽകി മൺറോയുടെയും ഹെയറിന്റെയും യാത്ര കഴിയുന്നതും സുഖകരമാക്കുവാൻ വിമാനത്തിന്റെ ക്രൂ ശ്രദ്ധിച്ചു. ന്യൂ ഇംഗ്ലണ്ട് തീരം കടന്ന് വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലേക്ക് പ്രവേശിക്കവെ ഹെയർ ഫ്ലാസ്ക് തുറന്നു. “അല്പം കോഫി ആയാലോ?”

 

“നോ താങ്ക്സ്” തലയ്ക്ക് പിറകിലേക്ക് ഒരു തലയിണ എടുത്ത് വച്ചിട്ട് മൺറോ ബ്ലാങ്കറ്റ് എടുത്തു. “ഞാനൊരു ചായ പ്രിയനാണ്

 

“ഈ ലോകം അവർക്കും കൂടിയുള്ളതാണ്” ഹെയർ അല്പം ചൂടു കോഫി നുകർന്നു.

 

“അണിയറയിൽ ചില നീക്കങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് എനിക്ക് സംശയം തോന്നിയിരുന്നു ” മൺറോ പറഞ്ഞു. “നിങ്ങളോടത് പറയാൻ മറന്നു ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഒരു പ്രൊമോഷൻ തരുവാൻ നിങ്ങളുടെ നേവി തീരുമാനിച്ചിരിക്കുന്നു

 

“ഫുൾ കമാൻഡർ ആയിട്ടാണോ?” ഹെയർ ആശ്ചര്യം കൂറി.

 

“അല്ല ഫ്രെഗാറ്റൻ‌കപ്പിറ്റാൻ* ആയിട്ട്” ബ്ലാങ്കറ്റ് കഴുത്തറ്റം മൂടിയിട്ട് മൺറോ ഉറങ്ങാൻ കിടന്നു.

 

(തുടരും)

 

ഫ്രെഗാറ്റൻകപ്പിറ്റാൻ* -  ക്രീഗ്സ്മറീനിൽ (ജർമ്മൻ നേവി) കോർവെറ്റൻ‌കപ്പിറ്റാന് (ലെഫ്റ്റനന്റ് കമാൻഡർ) മുകളിലും കപ്പിറ്റാൻ സുർ സീയുടെ (ക്യാപ്റ്റൻ) തൊട്ടു താഴെയും ഉള്ള പദവി.


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



11 comments:

  1. അങ്ങനെ നായകൻ കളത്തിലേക്ക്!!

    ReplyDelete
    Replies
    1. നായകൻ എന്ന് പറയാനാവില്ല... നായകൻ‌ രംഗപ്രവേശം ചെയ്യാനിരിക്കുന്നതേയുള്ളൂ...

      Delete
  2. "ഈ ലോകം അവർക്കും കൂടിയുള്ളതാണ്. " ആയിക്കോട്ടെ. എനിക്ക് പക്ഷേ കാപ്പി മതി😄

    ReplyDelete
    Replies
    1. അതുശരി... അപ്പോൾ കാപ്പിപ്രേമിയാണല്ലേ... ? 😄

      Delete
    2. @കുറിഞ്ഞി : ആഹാ, ഇവിടെ കാപ്പിപ്രേമികളുടെ സംസ്ഥാന സമ്മേളനമാണല്ലോ... 😄

      Delete
  3. എത്രകാലേത്തേക്ക്, ചരിത്രം മാറ്റിയെഴുതിയ ഈ നേട്ടങ്ങളുടെ പ്രാധാന്യെമെല്ലാം തമസ്ക്കരികുന്നതുവരെ മാത്രം....
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. സത്യമാണ് തങ്കപ്പേട്ടാ... ചരിത്രത്തിന്റെ അപനിർമ്മിതിയാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്... അഭിനവ ഇന്ത്യ തന്നെ ഏറ്റവും നല്ല ഉദാഹരണം...

      Delete
  4. എല്ലാ കാലത്തും ഈ ചരിത്ര മാറ്റിമറിക്കലൊക്കെ നടന്നിട്ടുണ്ടല്ലേ ... ശരിക്കുള്ള ചരിത്രം എത്ര വിചിത്രമായിരിക്കും.

    ReplyDelete
    Replies
    1. അതെ അശോകേട്ടാ... ഓരോ കാലത്തും ഭരണത്തിലിരിക്കുന്നവർ തങ്ങളുടെ നിലനില്പിനായി ചരിത്രം മാറ്റി രചിക്കുന്നു...

      Delete
  5. ചായ പ്രിയമെങ്കിലും ഇടയ്ക്കൊരു കോഫി നല്ലതാണ്

    ReplyDelete