Wednesday, September 25, 2024

കോൾഡ് ഹാർബർ - 10

എന്നാൽ ആ സമയത്ത് അമേരിക്കൻ ആർമി ജനറൽ ഡ്വൈറ്റ് ഡി. ഐസൻഹോവറിനെ കാണുവാനായി ലണ്ടനിലെ ഹെയ്സ് ലോഡ്ജിൽ എത്തിയിരിക്കുകയായിരുന്നു ബ്രിഗേഡിയർ ഡോഗൽ മൺറോ. അവിടുത്തെ ലൈബ്രറിയാണ് തന്റെ താൽക്കാലിക ഹെഡ്ക്വാർട്ടേഴ്സ് ആയി ജനറൽ ഐസൻഹോവർ ഉപയോഗിച്ചിരുന്നത്. കോഫിയും ടോസ്റ്റും ആസ്വദിച്ചു കൊണ്ട് കൈയിൽ ദി ടൈംസിന്റെ മോണിങ്ങ് എഡിഷനുമായി ഇരിക്കുന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് ഡോഗൽ മൺറോയെയും കൂട്ടിക്കൊണ്ട് തിടുക്കത്തിൽ കടന്നു വന്ന ചെറുപ്പക്കാരനായ ക്യാപ്റ്റൻ വാതിൽ ചാരി.

 

“മോണിങ്ങ്, ബ്രിഗേഡിയർ കോഫിയോ ചായയോ ഏതാണ് താല്പര്യമെന്ന് വച്ചാൽ ആ സൈഡ് ബോർഡിലുണ്ട്” ഐസൻഹോവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

 

മൺറോ അതിനുള്ളിൽ നിന്നും ചായ എടുത്ത് കപ്പിലേക്ക് പകർന്നു.

 

“നമ്മുടെ കോൾഡ് ഹാർബർ പ്രോജക്ട് എങ്ങനെ പോകുന്നു?” ഐസൻ‌ഹോവർ ചോദിച്ചു.

 

“നന്നായിത്തന്നെ പോകുന്നു, ജനറൽ

 

“നിങ്ങൾക്കറിയാമല്ലോ, യുദ്ധം എന്നത് ഒരു ഇന്ദ്രജാലക്കാരന്റെ പ്രകടനം പോലെയാണെന്ന് കാണികൾ അയാളുടെ വലതുകൈയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ഇടതുകൈയുടെ നീക്കങ്ങൾ കൊണ്ടായിരിക്കും അയാൾ അവരെ കബളിപ്പിക്കുന്നത്” ഐസൻഹോവർ അല്പം കൂടി കോഫി തന്റെ കപ്പിലേക്ക് പകർന്നു. “ചതി ചതിയിലാണ് മേജർ, ഈ കളിയുടെ വിജയമിരിക്കുന്നത് ചില ഇന്റലിജൻസ് റിപ്പോർട്ടുകൾ എനിക്ക് ലഭിച്ചിരുന്നു ജർമ്മനിയുടെ അറ്റ്‌ലാന്റിക്ക് വാൾ എന്ന പ്രതിരോധനിരയുടെ ചുമതല അവർ റോമലിനെ ഏല്പിച്ച കാര്യം അറിയാമല്ലോ  അവിശ്വസനീയമായ പല കാര്യങ്ങളും നടപ്പിലാക്കിക്കൊണ്ട് അദ്ദേഹം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണത്രെ

 

“വാസ്തവമാണ് സർ

 

“എഞ്ചിനീയർമാരെയും കൊണ്ട് രാത്രികാലങ്ങളിൽ നിങ്ങളുടെ E- ബോട്ട് നിരവധി തവണ ഫ്രഞ്ച് തീരങ്ങളിൽ പോയി നിരീക്ഷണം നടത്തുന്നുണ്ടല്ലോ അധിനിവേശത്തിനായി എവിടെയാണ് ചെന്നിറങ്ങേണ്ടതെന്ന് ഇതിനോടകം വ്യക്തമായ ഒരു ഐഡിയ ലഭിച്ചു കാണുമെന്ന് കരുതുന്നു

 

“ശരിയാണ് സർ” മൺറോ ശാന്തസ്വരത്തിൽ പറഞ്ഞു. “ഇതുവരെയുള്ള സൂചനകൾ പ്രകാരം ഏറ്റവും അനുയോജ്യമായ ഇടം നോർമൻഡി ആണ്

 

“ഓൾറൈറ്റ് അപ്പോൾ നമ്മൾ പറഞ്ഞു വന്ന ചതിയിലേക്ക് വീണ്ടും” ചുമരിലെ ഭൂപടത്തിന് നേർക്ക് നടന്നുകൊണ്ട് ഐസൻഹോവർ പറഞ്ഞു. “പാറ്റൺ നേതൃത്വം നൽകുന്ന ഒരു ഫാന്റം ആർമി ഇതാ ഇവിടെ ഈസ്റ്റ് ആംഗ്ലിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ആർമി ക്യാമ്പുകൾ, വിമാനങ്ങൾ എന്നിവയെല്ലാമായി പക്ഷേ, എല്ലാം ഒരു പുകമറ സൃഷ്ടിക്കാൻ മാത്രം

 

“അതെല്ലാം കാണുമ്പോൾ ജർമ്മൻകാർ വിചാരിക്കുക, ഏറ്റവും എളുപ്പമുള്ള പാസ് ഡി കലൈസ് പ്രദേശമാണ് അധിനിവേശത്തിനായി നാം തെരഞ്ഞെടുക്കുക എന്നായിരിക്കും” മൺറോ അഭിപ്രായപ്പെട്ടു.

 

“അതെ, അങ്ങനെയേ അവർ പ്രതീക്ഷിക്കൂ സൈനിക യുക്തിയ്ക്ക് നിരക്കുന്നതും അതു തന്നെയാണല്ലോ” ഐസൻഹോവർ തലകുലുക്കി. “ആ പ്രദേശത്തേക്ക് നമ്മുടെ യുദ്ധസന്നാഹങ്ങൾ ഇതിനോടകം നീങ്ങിത്തുടങ്ങിയിട്ടുണ്ട് അധിനിവേശത്തിന്റെ നാൾ അടുക്കുന്നതിനോടനുസരിച്ച് RAF ഉം അമേരിക്കൻ വ്യോമസേനയുടെ എട്ടാം ഡിവിഷനും ആ പ്രദേശങ്ങളിൽ അടുപ്പിച്ച് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും അതെല്ലാം കൂടി കാണുമ്പോൾ അവർ കരുതുക നമ്മൾ ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണെന്നായിരിക്കും അതേ സമയം തന്നെ ആ പ്രദേശത്തുള്ള ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ ഗ്രൂപ്പുകൾ വൈദ്യുത കേബിളുകളും റെയിൽവേ ലൈനുകളും ആക്രമിച്ച് നശിപ്പിക്കാൻ തുടങ്ങും സ്വാഭാവികമായും ഒട്ടും വൈകാതെ നമ്മുടെ ഡബിൾ ഏജന്റുമാർ ആ വിവരങ്ങൾ അബ്ഫെർ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിക്കും പക്ഷേ, എല്ലാം തെറ്റായ ഇൻഫർമേഷൻ ആയിരിക്കുമെന്ന് മാത്രം

 

മാപ്പിലേക്ക് കണ്ണും നട്ട് ഐസൻഹോവർ അങ്ങനെ തന്നെ നിന്നു. “പക്ഷേ, എന്തോ ഒന്ന് താങ്കളെ അലട്ടുന്നുണ്ടല്ലോ സർ മൺറോ പറഞ്ഞു.

 

ജാലകത്തിനരികിൽ ചെന്ന് ഐസൻഹോവർ ഒരു സിഗരറ്റിന് തീ കൊളുത്തി. “കഴിഞ്ഞ വർഷം തന്നെ അധിനിവേശം നടത്തണമെന്ന അഭിപ്രായക്കാരായിരുന്നു ഭൂരിഭാഗം പേരും പക്ഷേ, എന്തുകൊണ്ട് നാം അത് ചെയ്തില്ലെന്ന് ഞാൻ വ്യക്തമാക്കാം, ബ്രിഗേഡിയർ എല്ലാ രംഗത്തും ആവശ്യത്തിനുള്ള അംഗബലം ഉണ്ടെങ്കിൽ മാത്രമേ വിജയം കൈവരിക്കാനാവൂ എന്നതായിരുന്നു SHAEF ന്റെ (Supreme Headquarters Allied Expeditionary Force) തീരുമാനം. ജർമ്മനിയ്ക്ക് ഉള്ളതിനേക്കാൾ കൂടുതൽ സൈനികർ, ടാങ്കുകൾ, വിമാനങ്ങൾ എന്നു വേണ്ട, സകലതും കാരണമെന്തെന്ന് അറിയുമോ?  സഖ്യസേനയോട് ഏറ്റുമുട്ടിയ സന്ദർഭങ്ങളിലെല്ലാം തന്നെ ജർമ്മനിക്കായിരുന്നു വിജയം റഷ്യൻ നിരയിലും അങ്ങനെ തന്നെ കണക്കെടുത്തു നോക്കിയാൽ അറിയാം, അമ്പത് ശതമാനത്തിലധികമായിരുന്നു നമ്മുടെ സഖ്യസേനയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളും മരണനിരക്കും

 

“അറിയാം സർ, നിർഭാഗ്യകരമായ ആ വസ്തുതയെക്കുറിച്ച്” മൺറോ പറഞ്ഞു.

 

“റോമൽ തന്റെ ജനറൽമാരുടെ മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഇന്റലിജൻസ് എനിക്ക് അയച്ചു തന്നിരുന്നു അധിനിവേശത്തിന് ചെന്നിറങ്ങുന്ന നമ്മളെ ബീച്ചിൽ വച്ചു തന്നെ തകർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജർമ്മനിയ്ക്ക് യുദ്ധം ജയിക്കാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്

 

“ഐ തിങ്ക് ഹീ ഈസ് റൈറ്റ്, സർ

 

ഐസൻഹോവർ തിരിഞ്ഞു. “ബ്രിഗേഡിയർ, ഈ യുദ്ധത്തിൽ നമ്മുടെ സീക്രറ്റ് ഏജന്റുമാരുടെ സംഭാവന എത്രത്തോളമുണ്ടെന്നതിൽ സംശയമുണ്ടെനിക്ക് അവരുടെ റിപ്പോർട്ടുകൾ മിക്കതും ഉപരിപ്ലവവും അപൂർണ്ണവുമാണ് നമ്മുടെ അൾട്രാ സിസ്റ്റം ഉപയോഗിച്ച് ഡീ-കോഡ് ചെയ്തെടുക്കുന്ന സന്ദേശങ്ങളിൽ നിന്നായിരിക്കും കൂടുതൽ വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുക എന്നെനിക്ക് തോന്നുന്നു

 

“യോജിക്കുന്നു സർ” മൺറോ ഒന്ന് സംശയിച്ചു. “അവരുടെ സന്ദേശങ്ങൾ എനിഗ്മാ മെഷീൻ വഴി പ്രോസസ് ചെയ്യുന്നില്ലെങ്കിൽ പിന്നെ ഡീ-കോഡിങ്ങിന്റെ ആവശ്യമേ വരുന്നില്ല അങ്ങനെയാവുമ്പോൾ കാര്യങ്ങൾ എളുപ്പമാകും

 

“എക്സാക്റ്റ്‌ലി” ഐസൻഹോവർ അല്പം മുന്നോട്ട് വന്നു. “കഴിഞ്ഞയാഴ്ച്ച നിങ്ങളെനിക്കൊരു റിപ്പോർട്ട് അയച്ചു തന്നില്ലേ എനിക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല റോമലിന്റെ നേതൃത്വത്തിൽ ഒരു സ്റ്റാഫ് കോൺഫറൻസ് ഉടൻ തന്നെ നടക്കാൻ പോകുന്ന കാര്യം അറ്റ്ലാന്റിക്ക് പ്രതിരോധനിരയാണ് അവരുടെ മുഖ്യ ചർച്ചാ വിഷയം എന്നും

 

“ശരിയാണ് ജനറൽ ബ്രിറ്റനിയിലുള്ള ഷറ്റോ ഡു വോൺകോർട്ട് എന്ന കൊട്ടാരത്തിൽ വച്ച്

 

“ഒരു കാര്യം കൂടി നിങ്ങളതിൽ സൂചിപ്പിച്ചിരുന്നു ആ കോൺഫറൻസിൽ നുഴഞ്ഞു കയറാൻ കഴിവുള്ള ഒരു ഏജന്റ് നിങ്ങൾക്കവിടെയുണ്ടെന്നും

 

“ശരിയാണ് ജനറൽ” മൺറോ തല കുലുക്കി.

 

“മൈ ഗോഡ്! ആ മീറ്റിങ്ങ് ഹാളിലെ ചുമരിൽ ഇരിക്കുന്ന ഒരു ഈച്ചയെങ്കിലും ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു റോമലിന്റെ ചിന്തകളും ഉദ്ദേശ്യങ്ങളും അറിയുവാൻ സാധിച്ചേനെ” ഒരു കൈ അദ്ദേഹം മൺറോയുടെ ചുമലിൽ വച്ചു. “ഇതിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് മനസ്സിലാവുന്നുണ്ടോ  നിങ്ങൾക്ക്? മൂന്ന് മില്യൻ സൈനികർ, ആയിരക്കണക്കിന് കപ്പലുകൾ കൃത്യമായ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല നമുക്ക്

 

“തീർച്ചയായും ജനറൽ

 

“എന്നെ നിരാശപ്പെടുത്തരുത് ബ്രിഗേഡിയർ

 

അദ്ദേഹം തിരിഞ്ഞ് വീണ്ടും മാപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പതുക്കെ പുറത്തിറങ്ങിയ മൺറോ സ്റ്റെയർകെയ്സ് ഇറങ്ങി താഴെയെത്തി തന്റെ കോട്ടും ഹാറ്റും എടുത്ത് പാറാവുകാരനെ നോക്കി തലയാട്ടിയ ശേഷം തന്റെ കാറിനരികിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ക്യാപ്റ്റൻ ജാക്ക് കാർട്ടർ പിൻസീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. ഡൺകിർക്ക് യുദ്ധത്തിൽ വച്ച് ഒരു കാൽ നഷ്ടമായ അദ്ദേഹം കൃത്രിമക്കാലിന്റെയും വാക്കിങ്ങ് സ്റ്റിക്കിന്റെയും സഹായത്തോടെയാണ് നടക്കുന്നത്.

 

“എല്ലാം ഓകെയാണോ സർ?” കാർ മുന്നോട്ട് നീങ്ങവെ കാർട്ടർ ചോദിച്ചു.

 

അവരുടെ സംഭാഷണം ഡ്രൈവർ കേൾക്കാതിരിക്കാനായി മുന്നിലെ ഗ്ലാസ് പാനൽ സ്ലൈഡ് ചെയ്ത് അദ്ദേഹം അടച്ചു. “ഡു വോൺകോർട്ട് കോൺഫറൻസിന് അത്യന്തം പ്രാധാന്യം കൈവന്നിരിക്കുന്നു എത്രയും പെട്ടെന്ന് ആൻ മേരി ട്രെവോൺസുമായി ബന്ധപ്പെടുക അവളെ പിക്ക് ചെയ്യാൻ ഒരു ലൈസാൻഡർ ഏർപ്പാടാക്കണം മൂന്നു ദിവസത്തിനുള്ളിൽ എനിക്ക് നേരിൽ സംസാരിക്കണം അവളോട് അവിടെയുള്ളവരോട് പാരീസിലേക്ക് പോകുകയാണെന്ന് പറഞ്ഞാൽ മതിയെന്ന് പറയൂ

 

“ശരി, സർ

 

എനിതിങ്ങ് എൽസ് ഐ നീഡ് റ്റു നോ?”

 

“കോൾഡ് ഹാർബർ പ്രോജക്ടുമായി ബന്ധപ്പെട്ട് ഒരു സന്ദേശമുണ്ടായിരുന്നു സർ OSS ന് ഇന്നലെ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു ബ്രിറ്റനിയിലെ SD ചീഫ് ജനറൽ ഡൈട്രിച്ചിനെ അവരുടെ ഒരു ഏജന്റ് ഇന്നലെ വകവരുത്തി കാലാവസ്ഥ മോശമായതനിനാൽ അയാളെ തിരിച്ചു കൊണ്ടുവരാൻ ഏർപ്പാടാക്കിയിരുന്ന ലൈസാൻഡറിന് പറന്നുയരാൻ സാധിച്ചില്ല അതുകൊണ്ട് അവർ നമ്മുടെ സഹായം അഭ്യർത്ഥിച്ചു

 

“ഇത്തരം സഹായാഭ്യർത്ഥനകളാണ് എനിക്കിഷ്ടമല്ലാത്തത്, ജാക്ക്

 

“അറിയാം സർ പക്ഷേ, ആ സന്ദേശം കമാൻഡർ ഹെയറിന് നേരിട്ട് ലഭിക്കുകയായിരുന്നു ഗ്രോസ്നെസ് പോയിന്റിൽ ചെന്ന് അദ്ദേഹം ആ ഏജന്റിനെ പിക്ക് ചെയ്തു ഒരു മേജർ ഓസ്ബോൺ

 

ഒരു നിമിഷം അമ്പരന്നു പോയ മൺറോയുടെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. “ക്രെയ്ഗ് ഓസ്ബോൺ?”

 

“എന്ന് തോന്നുന്നു സർ

 

“മൈ ഗോഡ്, അയാൾ ഇപ്പോഴും ഇവിടെയുണ്ടോ? ഭാഗ്യമുണ്ട് അയാൾക്ക് SOE യിൽ എനിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നവരിൽ ഏറ്റവും മിടുക്കനായ വ്യക്തി

 

“അപ്പോൾ ഹാരി മാർട്ടിനോയോ സർ?”

 

“ഓൾറൈറ്റ് അയാളെയും ഞാൻ മറന്നിട്ടില്ല മിടുക്കനായ മറ്റൊരു അമേരിക്കക്കാരൻ ആട്ടെ, ഓസ്ബോൺ ഇപ്പോൾ കോൾഡ് ഹാർബറിലുണ്ടോ?”

 

“യെസ് സർ

 

“റൈറ്റ് അടുത്തു കാണുന്ന ടെലിഫോൺ ബൂത്തിൽ നിർത്തൂ ക്രോയ്ഡണിലെ RAFന്റെ ചീഫ് ഓഫീസറെ വിളിക്കുക ഒരു മണിക്കൂറിനകം എനിക്കൊരു ലൈസാൻഡർ വേണമെന്ന് പറയണം ടോപ് പ്രിയോറിറ്റി ഇവിടുത്തെ കാര്യവും ആൻ മേരി വിഷയവും നിങ്ങൾ കൈകാര്യം ചെയ്യുക ക്രെയ്ഗ് ഓസ്ബോണിനെ കാണാനായി ഞാൻ കോൾഡ് ഹാർബറിലേക്ക് പോകുകയാണ്

 

“അയാളെക്കൊണ്ട് നമുക്ക് പ്രയോജനം ഉണ്ടെന്നാണോ താങ്കൾ കരുതുന്നത് സർ?”

 

“ഓ, യെസ് ജാക്ക് തീർച്ചയായും” പുറത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് മൺറോ പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, September 17, 2024

കോൾഡ് ഹാർബർ - 09

അദ്ധ്യായം – മൂന്ന്

 

കപ്പലിന്റെ വടം ഹാർബറുമായി ബന്ധിപ്പിക്കുന്ന തിരക്കിൽ ക്രൂ മുഴുകവെ മാർട്ടിൻ ഹെയറും ക്രെയ്ഗ് ഓസ്ബോണും താഴെയിറങ്ങി കല്ല് പാകിയ ജെട്ടിയിലൂടെ പുറത്തേക്ക് നടന്നു.

 

“ഇവിടെയുള്ള വീടുകൾ എല്ലാം ഒരേ മാതൃകയിലാണല്ലോ പണികഴിപ്പിച്ചിരിക്കുന്നത്” ക്രെയ്ഗ് നിരീക്ഷിച്ചു.

 

“അതെ” ഹെയർ പറഞ്ഞു. “പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നാടുവാഴിയായിരുന്ന സർ വില്യം ഷെവ്‌ലി പണികഴിപ്പിച്ചതാണ് ഈ വീടുകളെല്ലാം അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ്, കോട്ടേജുകൾ, ഹാർബർ, ബോട്ടുജെട്ടി തുടങ്ങി സകലതും കള്ളക്കടത്തായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവരുമാന മാർഗ്ഗം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ബ്ലാക്ക് ബിൽ എന്നായിരുന്നത്രെ അദ്ദേഹം അറിയപ്പെട്ടിരുന്നത്

 

“അതുശരി അപ്പോൾ തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കൊരു കവാടവും അതോടൊപ്പം മറയും ആയിട്ടാണല്ലേ അദ്ദേഹം ഈ മാതൃകാ ഗ്രാമം സൃഷ്ടിച്ചത്…?” ക്രെയ്ഗ് ചോദിച്ചു.

 

“എക്സാക്റ്റ്‌ലി ബൈ ദി വേ, ഇതാണ് ഇവിടുത്തെ പബ്ബ് നമ്മുടെ പയ്യന്മാർ ഇപ്പോൾ ഭക്ഷണശാലയായി ഉപയോഗിക്കുന്നു

 

ത്രികോണാകൃതിയിലുള്ള മുഖപ്പുകൾ ഉള്ള ഒറ്റനിലക്കെട്ടിടമായിരുന്നു അത്.  തടി കൊണ്ട് നിർമ്മിച്ച ചെറിയ പാനലുകളും അഴികളും ഉള്ള ജാലകങ്ങൾ അതിന് ഒരു എലിസബത്തൻ പ്രതീതി നൽകി.

 

“ഇത് ജോർജിയൻ എന്ന് പറയാനാവില്ല ട്യൂഡോർ ശൈലിയാണെന്നാണ് എനിക്ക് തോന്നുന്നത്” ക്രെയ്ഗ് അഭിപ്രായപ്പെട്ടു.

 

“ഇതിനുള്ളിലെ മുറികളെല്ലാം മദ്ധ്യകാലഘട്ട ശൈലിയിലുള്ളതാണ് ഒരു സത്രം പോലെ” പുറത്ത് കിടന്നിരുന്ന ഒരു ജീപ്പിനുള്ളിലേക്ക് ചാടിക്കയറിക്കൊണ്ട് ഹെയർ പറഞ്ഞു. “വരൂ, നേരത്തെ പറഞ്ഞ ആ ബംഗ്ലാവ് ഞാൻ കാണിച്ചു തരാം

 

ആ സത്രത്തിന്റെ വാതിലിന് മുകളിലെ സൈൻ ബോർഡിലേക്ക് തലയുയർത്തി നോക്കി ക്രെയ്ഗ് വായിച്ചു. “The Hanged Man

 

“തികച്ചും അനുയോജ്യം” എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകൊണ്ട് ഹെയർ പറഞ്ഞു. “വാസ്തവത്തിൽ ഇത് പുതിയതാണ് പഴയത് ദ്രവിച്ച് വീഴാറായിരുന്നു കൈകൾ കൂട്ടിക്കെട്ടി നാക്കും പുറത്തിട്ട് കയറിന്റെ അറ്റത്ത് തൂങ്ങിയാടുന്ന ഒരു പാവത്താന്റെ ചിത്രമായിരുന്നു അന്നുണ്ടായിരുന്നത്

 

ജീപ്പ് മുന്നോട്ട് നീങ്ങവെ ക്രെയ്ഗ് തിരിഞ്ഞ് ഒരിക്കൽക്കൂടി ആ സൈൻ ബോർഡിലേക്ക് നോക്കി. വലതു കണങ്കാലിൽ കെട്ടിയ കയറിൽ തലകീഴായി കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം. തൂക്കുമരത്തിൽ കിടക്കുന്ന അയാളുടെ മുഖം തികച്ചും ശാന്തമാണ്. തലയ്ക്ക് ചുറ്റും ഒരു പ്രഭാവലയം.

 

“ഇതൊരു ടാരോ കാർഡിലെ ചിത്രമാണെന്ന കാര്യം അറിയാമോ നിങ്ങൾക്ക്?” ക്രെയ്ഗ് ചോദിച്ചു.

 

“തീർച്ചയായും ബംഗ്ലാവിന്റെ സൂക്ഷിപ്പുകാരി മദാം ലെഗ്രാൻഡ് വരപ്പിച്ചതാണത് ഇതിനോടൊക്കെ അല്പം താല്പര്യമുള്ള കൂട്ടത്തിലാണ് അവർ

 

“ലെഗ്രാൻഡ് എന്ന് പറയുമ്പോൾ? ജൂലി ലെഗ്രാൻഡാണോ?” ക്രെയ്ഗ് ചോദിച്ചു.

 

“ദാറ്റ്സ് റൈറ്റ്” അത്ഭുതത്തോടെ ഹെയർ അദ്ദേഹത്തെ നോക്കി. “അവരെ നിങ്ങൾക്കറിയാമോ?”

 

“അവരുടെ ഭർത്താവിനെ എനിക്ക് പരിചയമുണ്ട്യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ സോർബോൺ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി ലെക്ച്ചറർ ആയിരുന്നു പിന്നീടദ്ദേഹം പാരീസിൽ ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. 1942ൽ ആണ് അതിന് ശേഷം ഞാനവരെ കാണുന്നത് ഗെസ്റ്റപ്പോയുടെ നോട്ടപ്പുള്ളികളായിരുന്ന അവരെ അന്ന് ഫ്രാൻസിൽ നിന്നും പുറത്തു കടക്കാൻ സഹായിച്ചത് ഞാനായിരുന്നു

 

“വെൽ, ഈ പ്രോജക്റ്റ് തുടങ്ങിയ അന്നു മുതൽ അവർ ഇവിടെയുണ്ട് SOE യ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു

 

“അവരുടെ ഭർത്താവ് ഹെൻട്രിയോ?”

 

“കഴിഞ്ഞ വർഷം ലണ്ടനിൽ വച്ച് മരണമടഞ്ഞു എന്നാണ് അറിഞ്ഞത് ഹാർട്ട് അറ്റാക്ക് മൂലം

 

“ഐ സീ

 

അവസാനത്തെ കോട്ടേജും കടന്ന് അവർ മുന്നോട്ട് നീങ്ങി. “ഇതൊരു ഡിഫൻസ് ഏരിയ ആണ്” ഹെയർ പറഞ്ഞു. “സിവിലിയൻസ് എല്ലാം ഇവിടെ നിന്നും ഒഴിഞ്ഞു പോയി സൈനികർക്ക് താമസിക്കുവാനാണ് ഈ കോട്ടേജുകൾ ഇപ്പോൾ ഉപയോഗിക്കുന്നത് എന്റെ സംഘാംഗങ്ങളെ കൂടാതെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി റോയൽ എയർഫോഴ്സിന്റെ ഏതാനും മെക്കാനിക്കുകളും ഇവിടെ തങ്ങുന്നുണ്ട്.”

 

“വിമാനങ്ങളുമുണ്ടോ ഇവിടെ? അതെന്തിന്?”

 

“പതിവ് ഉപയോഗത്തിന് ഏജന്റുമാരെ ഡ്രോപ്പ് ചെയ്യുവാനും തിരികെ കൊണ്ടുവരാനും

 

“ഞാൻ കരുതിയത് ടെംസ്ഫോർഡിലെ സ്പെഷ്യൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ ആണ് അതെല്ലാം കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു” ഓസ്ബോൺ പറഞ്ഞു.

 

“അവരും ചെയ്യുന്നുണ്ട് നോർമൽ കേസുകളിൽ പക്ഷേ, ഞങ്ങളുടെ ഓപ്പറേഷൻ അല്പം അസാധാരണമാണ് ഞാൻ കാണിച്ചു തരാം നമ്മൾ അങ്ങോട്ടാണ് പോകുന്നത്

 

മരങ്ങൾക്കിടയിലൂടെയുള്ള പാതയിൽ ഒരു വളവു കഴിഞ്ഞതും അവർ വലിയൊരു പുൽമൈതാനത്തിന് സമീപമെത്തി. വാസ്തവത്തിൽ ഒരു ഗ്രാസ് റൺവേ ആയിരുന്നുവത്. അതിന്റെ ഒരറ്റത്ത് ഒരു ഹാങ്കർ നിർമ്മിച്ചിട്ടുണ്ട്. ഗേറ്റ് കടന്ന് പുൽമൈതാനത്തിൽ ജീപ്പ് നിർത്തി ഹെയർ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി.

 

“കണ്ടിട്ട് എന്ത് തോന്നുന്നു?” ഹെയർ ചോദിച്ചു.

 

ഹാങ്കറിനുള്ളിൽ നിന്നും പുറത്തേക്ക് ടാക്സി ചെയ്തു വരുന്ന ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിന്റെ ചിറകുകളിലും ഫ്യൂസലേജിലും ലുഫ്ത്‌വാഫിന്റെ ചിഹ്നമാണുണ്ടായിരുന്നത്. അതിനെ അനുഗമിച്ചു വന്ന രണ്ട് മെക്കാനിക്കുകൾ ധരിച്ചിരുന്നത് ലുഫ്ത്‌വാഫിന്റെ കറുത്ത ഓവറോളുകളും. അവർക്ക് പിന്നിൽ ഹാങ്കറിനുള്ളിൽ ഒരു ജങ്കേഴ്സ് – 88 പോർവിമാനവും കിടക്കുന്നുണ്ടായിരുന്നു.

 

“മൈ ഗോഡ്” ക്രെയ്ഗ് മന്ത്രിച്ചു.

 

“ഞാൻ പറഞ്ഞില്ലേ, ഇവിടുത്തെ കാര്യങ്ങൾ അല്പം അസാധാരണമാണെന്ന്

 

സ്റ്റോർക്ക് വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ പൈലറ്റ് ആ മെക്കാനിക്കുകളോട് എന്തോ സംസാരിച്ചിട്ട് അവർക്ക് നേരെ നടന്നു വന്നു. ലുത്‌വാഫ് ഫൈറ്റർ പൈലറ്റുമാർ ധരിക്കുന്ന തരം ഫ്ലൈയിങ്ങ് ബൂട്ട്സും നീലയും ഗ്രേയും നിറങ്ങളിലുള്ള ബാഗി ട്രൗസേഴ്സും ഇറക്കം കുറഞ്ഞ ഫ്ലൈയിങ്ങ് ജാക്കറ്റുമാണ് അയാൾ അണിഞ്ഞിരുന്നത്. ഇടതു നെഞ്ചിൽ സിൽവർ പൈലറ്റ്സ് ബാഡ്ജും അതിന് മുകളിൽ അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് ബാഡ്ജുമുണ്ട്. വലതു നെഞ്ചിൽ ലുഫ്ത്‌വാഫ് നാഷണൽ എംബ്ലം ആലേഖനം ചെയ്തിരിക്കുന്നു. എല്ലാം കൂടി ആകർഷണീയമായ രൂപം.

 

“നൈറ്റ്സ് ക്രോസ് ഒഴികെ എല്ലാം ഉണ്ടല്ലോ” ഓസ്ബോൺ നിരീക്ഷിച്ചു.

 

“അതെ ഭാവനാലോകത്താണ് ആ പയ്യൻ ജീവിക്കുന്നതെന്ന് പറയാം” ഹെയർ പറഞ്ഞു. “എന്റെ അഭിപ്രായത്തിൽ ഒരു മനോരോഗി എങ്കിലും, ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്ത് രണ്ട് DFC മെഡലുകൾ നേടിയെടുത്തിട്ടുണ്ട്

 

ആ പൈലറ്റ് അവർക്കരികിലെത്തി. ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സ് മതിയ്ക്കുന്ന ആ ചെറുപ്പക്കാരന്റെ മുടി ഏതാണ്ട് മുഴുവനും വെള്ളി നിറമായിരുന്നുവെന്ന് പറയാം. സദാസമയവും പുഞ്ചിരിക്കുന്നുണ്ടെങ്കിലും ശാശ്വതമായ ഒരു ക്രൂരഭാവം ആ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്. നിർവ്വികാരത നിഴലിക്കുന്ന കണ്ണുകൾ.

 

“ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജോ എഡ്ജ് മേജർ ക്രെയ്ഗ് ഓസ്ബോൺ” ഹെയർ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി.

 

ആകർഷകമായി പുഞ്ചിരിച്ചു കൊണ്ട് എഡ്ജ് ഹസ്തദാനത്തിനായി കൈ നീട്ടി. “ഒരു കള്ള ലക്ഷണമുണ്ടല്ലോ

 

ഒറ്റനോട്ടത്തിൽ തന്നെ ക്രെയ്ഗിന് ഒട്ടും ഇഷ്ടമായില്ല അയാളെ. എങ്കിലും അത് പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചു അദ്ദേഹം. “വലിയ സെറ്റപ്പ് തന്നെയാണല്ലോ ഇവിടെ

 

“യെസ് സ്റ്റോർക്കിന് എവിടെ വേണമെങ്കിലും ലാന്റ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കും എന്റെയഭിപ്രായത്തിൽ ലൈസാൻഡറിനേക്കാൾ ഭേദമാണ്” എഡ്ജ് പറഞ്ഞു.

 

“പക്ഷേ, ഇതിലെ എംബ്ലം വിചിത്രമായിരിക്കുന്നു ലുഫ്ത്‌വാഫിന്റേതാണല്ലോ

 

എഡ്ജ് പൊട്ടിച്ചിരിച്ചു. “അത് പലപ്പോഴും ഉപയോഗപ്രദമാണ് കഴിഞ്ഞ മാസം ഒരു നാൾ മോശം കാലാവസ്ഥയിൽ പറന്നുകൊണ്ടിരിക്കെ ഇന്ധനം തീരുമെന്ന് അവസ്ഥ വന്നു ഗ്രാൻവിലേയിലുള്ള ലുഫ്ത്‌വാഫ് ഫൈറ്റർ ബേസിൽ ഞാൻ പോയി ലാന്റ് ചെയ്തു ഒരു ചോദ്യവുമില്ലാതെ തന്നെ അവർ എനിക്ക് ഇന്ധനം നിറച്ചു തരികയും ചെയ്തു

 

“ഞങ്ങളുടെ പക്കൽ ചില വ്യാജ അധികാരപത്രങ്ങളൊക്കെയുണ്ട് SS സെക്യൂരിറ്റിയ്ക്ക് വേണ്ടിയുള്ള സ്പെഷ്യൽ അസൈന്മെന്റിലാണ് ഞങ്ങളെന്ന് കാണിച്ചുകൊണ്ട് ഹിംലർ കൈയൊപ്പ് ചാർത്തിയ ഓർഡർ ഫ്യൂറർ അതിൽ കൗണ്ടർസൈനും ചെയ്തിട്ടുണ്ട് അതിനെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല” ഹെയർ പറഞ്ഞു.

 

“അന്നെന്നെ മെസ്സിൽ കൊണ്ടുപോയി ഡിന്നർ പോലും കഴിപ്പിച്ചിട്ടാണ് അവർ യാത്രയാക്കിയത്” എഡ്ജ് ക്രെയ്ഗിനോട് പറഞ്ഞു. “എന്റെ അമ്മ ഒരു ജർമ്മൻ‌കാരി ആയതുകൊണ്ട് ജർമ്മൻഭാഷ അനായാസം സംസാരിക്കാൻ കഴിയുമെനിക്ക് അതും വലിയൊരു സഹായമാണ്” അയാൾ ഹെയറിന് നേർക്ക് തിരിഞ്ഞു. “ബംഗ്ലാവ് വരെ ഒരു ലിഫ്റ്റ് തരാമോ എനിക്ക്? ലണ്ടനിൽ നിന്നും ബോസ് വരുന്നുണ്ടെന്ന് കേട്ടു

 

“അതെനിക്ക് അറിയില്ലായിരുന്നു” ഹെയർ പറഞ്ഞു. “കയറിക്കോളൂ

 

എഡ്ജ് കാറിന്റെ ബാക്ക് ഡോർ തുറന്ന് ഉള്ളിൽ കയറി. വാഹനം മുന്നോട്ട് നീങ്ങവെ ക്രെയ്ഗ് ചോദിച്ചു. “നിങ്ങളുടെ മാതാവ് ഇപ്പോൾ ഇവിടെയാണോ ഉള്ളത്?”

 

“അതെയതെ വിധവയാണ് ഹാംസ്റ്റെഡിൽ താമസിക്കുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ എന്താണെന്നറിയുമോ? ബ്രിട്ടീഷ് അധിനിവേശത്തിനായി തയ്യാറെടുപ്പുകൾ നടത്തിയ ഹിറ്റ്‌ലർക്ക് 1940ൽ ബക്കിങ്ങ്ഹാം കൊട്ടാരം പിടിച്ചടക്കാൻ സാധിച്ചില്ല എന്നത്

 

അയാൾ ഉറക്കെ ചിരിച്ചു. അയാളോടുള്ള വെറുപ്പ് ഒന്നുകൂടി അധികരിച്ച ക്രെയ്ഗ് തല തിരിച്ചു. “ഞാൻ ആലോചിക്കുകയായിരുന്നു നിങ്ങൾ പറഞ്ഞത് SOEയുടെ സെക്ഷൻ‌-D ആണ് ഇതെല്ലാം ഓപ്പറേറ്റ് ചെയ്യുന്നതെന്നതല്ലേ എന്ന് വച്ചാൽ ആ പഴയ ഡെർട്ടി ട്രിക്ക്സ് ഡിപ്പാർട്ട്മെന്റാണോ?” അദ്ദേഹം ഹെയറിനോട് ചോദിച്ചു.

 

“ദാറ്റ്സ് റൈറ്റ്

 

“ഡോഗൽ മൺറോ തന്നെയാണോ ഇപ്പോഴും അതിന്റെ ഇൻ ചാർജ്?”

 

“അദ്ദേഹത്തെയും നിങ്ങൾക്കറിയാമെന്നോ!”

 

“ഓ, യെസ്” ക്രെയ്ഗ് പറഞ്ഞു. “തുടക്കത്തിൽ ഞാൻ SOE യ്ക്ക് വേണ്ടി വർക്ക് ചെയ്തിട്ടുണ്ട് അമേരിക്ക യുദ്ധത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് പല ദൗത്യങ്ങളിലും ഞാനും ഡോഗലും സഹകരിച്ചിട്ടുണ്ട് കണ്ണിൽ ചോരയില്ലാത്ത ബാസ്റ്റർഡ്

 

“അങ്ങനെയൊക്കെയേ യുദ്ധം ജയിക്കാൻ കഴിയൂ, മനുഷ്യാ” പിന്നിലെ സീറ്റിൽ നിന്നും എഡ്ജ് പറഞ്ഞു.

 

“ഐ സീ അപ്പോൾ ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് നിങ്ങൾ അല്ലേ?” ക്രെയ്ഗ് ചോദിച്ചു.

 

“ഞാൻ വിചാരിച്ചത് നമ്മൾ എല്ലാം ആ ഗണത്തിൽപ്പെട്ടവരാണെന്നായിരുന്നു” എഡ്ജ് പറഞ്ഞു.

 

ഒരു നിമിഷം, കുമ്പസാരക്കൂടിന്റെ ഗ്രില്ലുകൾക്കപ്പുറം ഇരിക്കുന്ന ജനറൽ ഡൈട്രിച്ചിന്റെ ഭയന്നു വിറയ്ക്കുന്ന മുഖം ക്രെയ്ഗിന്റെ ഓർമ്മയിൽ തെളിഞ്ഞു. അസ്വസ്ഥതയോടെ അദ്ദേഹം തല തിരിച്ചു.

 

“മൺറോ ഒരു മാറ്റവുമില്ല അദ്ദേഹത്തിന് എന്ത് ചെയ്തും വിജയം കൈവരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രമാണം അധികം വൈകാതെ തന്നെ കണ്ട് മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റുമെന്ന് തോന്നുന്നു” ഹെയർ പറഞ്ഞു.

 

കോമ്പൗണ്ട് ഗേറ്റ് കടന്ന് ജീപ്പ് ആ ബംഗ്ലാവിന്റെ മുറ്റത്ത് ബ്രേക്ക് ചെയ്തു. കരിങ്കല്ലുകൾ കൊണ്ട് പടുത്തുയർത്തിയ ഒരു മൂന്നു നില കെട്ടിടം. വളരെ പഴക്കമുള്ള ഒരു നിർമ്മിതി. ശാന്തമായ അന്തരീക്ഷം. യുദ്ധം അതിനെ ബാധിച്ചിട്ടേയില്ല.

 

“ഈ ബംഗ്ലാവിനെന്തെങ്കിലും പേരുണ്ടോ?” ക്രെയ്ഗ് ചോദിച്ചു.

 

“ഗ്രാൻസെസ്റ്റർ ആബി പ്രൗഢമായ പേര് തന്നെ” എഡ്ജ് പറഞ്ഞു.

 

“അങ്ങനെ നാം ഇവിടെയെത്തി” ജീപ്പിൽ നിന്നും പുറത്തിറങ്ങിക്കൊണ്ട് ഹെയർ പറഞ്ഞു. “സിംഹം ഈ മടയിലുണ്ടോ എന്ന് നോക്കാം നമുക്ക്

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...




Tuesday, September 10, 2024

കോൾഡ് ഹാർബർ - 08


തന്റെ കൈയിലെ മുറിവിൽ തികഞ്ഞ പരിചയസമ്പന്നതയോടെ ബാൻഡേജിടുന്ന ഷ്മിഡ്റ്റിനെ താഴെ വാർഡ് റൂമിലെ മേശയ്ക്കരികിലുള്ള വീതി കുറഞ്ഞ കസേരയിൽ ഇരുന്നുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ വീക്ഷിച്ചു. “അല്പം മോർഫിൻ കൂടി എടുത്താൽ വേദന അറിയില്ല, മേജർ” തന്റെ കിറ്റിനുള്ളിൽ നിന്നും ഒരു മോർഫിൻ ആംപ്യൂൾ എടുത്ത് അദ്ദേഹത്തിന്റെ കൈയിൽ കുത്തിയിട്ട് അയാൾ പറഞ്ഞു.

 

“നിങ്ങൾ ആരാണ്? ജർമ്മൻകാരൻ അല്ലെന്ന കാര്യം ഉറപ്പാണ്” ക്രെയ്ഗ് ചോദിച്ചു.

 

“വേണമെങ്കിൽ ജർമ്മൻ‌കാരൻ എന്നും പറയാംഎന്തായാലും എന്റെ മാതാപിതാക്കൾ ജർമ്മൻകാർ ആയിരുന്നു ജൂതവംശജർ ബെർലിനെക്കാൾ സുരക്ഷിതം ലണ്ടൻ ആയിരിക്കുമെന്ന് മനസ്സിലാക്കി ബ്രിട്ടനിലേക്ക് കുടിയേറിയവർ വൈറ്റ്ചാപ്പലിലാണ് ഞാൻ ജനിച്ചത്

 

വാതിൽക്കൽ നിന്നിരുന്ന മാർട്ടിൻ ഹെയർ ജർമ്മൻഭാഷയിൽ അയാൾക്ക് താക്കീത് നൽകി. “ഷ്മിഡ്റ്റ്, നിങ്ങളുടെ നാക്കിന് നീളം കൂടുതലാണെന്ന് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്

 

ചാടിയെഴുന്നേറ്റ ഷ്മിഡ്റ്റ് കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു. “Jawohl, Herr Kapitan  (ശരിയാണ്, മിസ്റ്റർ ക്യാപ്റ്റൻ)

 

“ബാൻഡേജ് ഇട്ടു കഴിഞ്ഞില്ലേ ഗെറ്റ് ഔട്ട് ഓഫ് ഹിയർ

 

“Zu befehl, Herr Kapitan” (ഉത്തരവ് പോലെ, മിസ്റ്റർ ക്യാപ്റ്റൻ)

 

ഒരു വിഡ്ഢിച്ചിരിയോടെ തന്റെ മെഡിക്കൽ കിറ്റുമെടുത്ത് ഷ്മിഡ്റ്റ് പുറത്തേക്ക് പോയി. ഹെയർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ഒരു സമ്മിശ്ര ക്രൂവാണ് ഈ കപ്പലിലുള്ളത് അമേരിക്കക്കാർ, ബ്രിട്ടീഷുകാർ, ജൂതന്മാർ പക്ഷേ, എല്ലാവരും ജർമ്മൻ ഭാഷ അനായാസമായി സംസാരിക്കും ജർമ്മൻകാർ എന്ന ഒരൊറ്റ ഐഡന്റിറ്റിയേയൂള്ളൂ ഈ കപ്പലിൽ ജോലി ചെയ്യുമ്പോൾ അവർക്ക്

 

“നമുക്കും സ്വന്തമായി ഒരു E- ബോട്ട്…!” ഓസ്ബോൺ പറഞ്ഞു. “അയാം ഇംപ്രസ്ഡ് ഇങ്ങനെയും ഒരു രഹസ്യ ഓപ്പറേഷൻ നമുക്കുണ്ടെന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു

 

“പക്ഷേ, ഇതൊരു കൈവിട്ട കളിയാണെന്ന് പറയാതിരിക്കാനാവില്ല സാധാരണഗതിയിൽ ഈ കപ്പലിൽ ജർമ്മൻ ഭാഷ മാത്രമേ സംസാരിക്കാറുള്ളൂ ക്രീഗ്സ്മറീൻ യൂണിഫോം മാത്രമേ ധരിക്കാറുള്ളൂ കരയിൽ ഞങ്ങളുടെ താവളത്തിൽ പോലും കഥാപാത്രങ്ങളുമായി അങ്ങേയറ്റം താദാത്മ്യം പ്രാപിക്കുക എന്നതാണ് അതിന് പിന്നിലുള്ള ലക്ഷ്യം പിന്നെ ഭാഷയുടെ കാര്യത്തിൽ ചിലപ്പോഴെല്ലാം ഇവർ നിയമം തെറ്റിക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണ് ഷ്മിഡ്റ്റ് തന്നെ ഏറ്റവും നല്ല ഉദാഹരണം

 

“എവിടെയാണ് നിങ്ങളുടെ താവളം?”

 

“കോൺവാളിലെ ലിസാർഡ് പോയിന്റിനടുത്തുള്ള കോൾഡ് ഹാർബർ എന്നൊരു ചെറിയ തുറമുഖം

 

“എന്തു ദൂരമുണ്ട്?”

 

“ഇവിടെ നിന്നോ? ഏതാണ്ട് നൂറ് മൈൽ നേരം പുലരുമ്പോഴേക്കും അവിടെയെത്താനാവും നമുക്ക് അങ്ങോട്ടുള്ള യാത്രയിൽ സമയം കൂടുതലെടുക്കും നമ്മുടെ റോയൽ നേവി മോട്ടോർ ടോർപിഡോ ബോട്ടുകളുടെ റൂട്ടുകളെക്കുറിച്ച് ഓരോ രാത്രിയും ഞങ്ങൾക്ക് ഇൻഫർമേഷൻ ലഭിക്കാറുണ്ട് അവരുടെ കണ്ണിൽപ്പെടാതെ നീങ്ങുക എന്നതാണല്ലോ ബുദ്ധി

 

“അതെനിക്ക് മനസ്സിലാക്കാൻ സാധിക്കും ഈ ജർമ്മൻ കപ്പൽ അവരുടെ മുന്നിൽപ്പെട്ടാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല ആട്ടെ, ആരാണ് ഈ ഓപ്പറേഷന് പിന്നിൽ?” ഓസ്ബോൺ ചോദിച്ചു.

 

“SOE യുടെ സെക്ഷൻ-D ആണ് ഔദ്യോഗികമായി ഇത് ഓപ്പറേറ്റ് ചെയ്യുന്നത് എന്നാലും ഇതൊരു കൂട്ടുസംരംഭം ആണെന്ന് പറയാം നിങ്ങൾ OSS ൽ നിന്നല്ലേ?”

 

“അതെ

 

“അത്ര എളുപ്പമുള്ള ജോലിയല്ല ഹെയർ പറഞ്ഞു.

 

“ഒരു സംശയവുമില്ല അക്കാര്യത്തിൽ

 

മാർട്ടിൻ ഹെയർ പുഞ്ചിരിച്ചു. “വരൂ, സാൻഡ്‌വിച്ച് വല്ലതും കിട്ടുമോ എന്ന് നോക്കിയിട്ട് വരാം നിങ്ങൾക്കിപ്പോൾ ഭക്ഷണമാണ് ആവശ്യം” അയാൾ ഓസ്ബോണിനെയും കൂട്ടി വാർഡ് റൂമിന് പുറത്തേക്കിറങ്ങി.

 

                                               ***

 

ഓസ്ബോൺ ഡെക്കിലേക്ക് ചെല്ലുമ്പോൾ സൂര്യൻ ഉദിച്ചിട്ടുണ്ടായിരുന്നില്ല. കടൽ സാമാന്യം പ്രക്ഷുബ്ധമാണെന്ന് പറയാം. ഉയർന്ന് പൊങ്ങുന്ന തിരമാലകളിൽ നിന്ന് ചിതറുന്ന ജലകണങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് വന്ന് വീണു. ഗോവണി കയറി അദ്ദേഹം വീൽഹൗസിൽ എത്തി. മാർട്ടിൻ ഹെയർ മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. കോമ്പസ്സിന്റെ മങ്ങിയ വെട്ടത്തിൽ അദ്ദേഹം ചിന്താമഗ്നനായി കാണപ്പെട്ടു. ചാർട്ട് ടേബിളിനരികിലെ കസേരയിൽ ഇരുന്നിട്ട് ഓസ്ബോൺ ഒരു സിഗരറ്റിന് തീ കൊളുത്തി.

 

“എന്ത് പറ്റി? ഉറങ്ങാൻ പറ്റുന്നില്ലേ?” ഹെയർ ചോദിച്ചു.

 

“കടൽ‌യാത്ര തീരെ പിടിക്കില്ല എനിക്ക് നിങ്ങൾക്ക് പക്ഷേ അങ്ങനെയല്ല അല്ലേ?”

 

“ശരിയാണ് സർ” ഹെയർ പറഞ്ഞു. “ബോട്ട് ഇല്ലാത്ത ഒരു ജീവിതം എന്റെ ഓർമ്മയിലേ ഇല്ല എട്ട് വയസ്സുള്ളപ്പോഴാണ് എന്റെ മുത്തശ്ശൻ ഒരു ഡിങ്കിയിൽ കയറ്റി ആദ്യമായി എന്നെ കടലിൽ കൊണ്ടുപോയത്

 

“ഇംഗ്ലീഷ് ചാനൽ തികച്ചും വ്യത്യസ്തമാണെന്നാണല്ലോ എല്ലാവരും പറയുന്നത്?”

 

“സോളമൻസ് ദ്വീപുകൾക്ക് ചുറ്റുമുള്ള കടലുമായി താരതമ്യം ചെയ്യുവാനേ കഴിയില്ല അതെനിക്ക് പറയാനാവും

 

“അവിടെയായിരുന്നോ നിങ്ങൾ ഇതിനു മുമ്പ്?”

 

“അതെ” ഹെയർ തല കുലുക്കി.

 

“ടോർപിഡോ ബോട്ടുകൾ ചെറുപ്പക്കാർക്ക് പറഞ്ഞിട്ടുള്ളതാണെന്നാണല്ലോ ഞാൻ കേട്ടിട്ടുള്ളത്” ആകാംക്ഷയോടെ ഓസ്ബോൺ പറഞ്ഞു.

 

“വെൽ, ജോലിയിൽ നല്ല അവഗാഹവും ഒരു ജർമ്മൻകാരനെപ്പോലെ എവിടെയും കടന്നു ചെല്ലാൻ സാധിക്കുന്നവനുമായ ഒരാളെ കിട്ടിയാൽ പിന്നെ പ്രായമൊന്നും അവർ നോക്കില്ല” ഹെയർ പൊട്ടിച്ചിരിച്ചു.

 

നേരം പുലർന്നു തുടങ്ങിയിരിക്കുന്നു. കടൽ ശാന്തമാണിപ്പോൾ. ദൂരെയായി കര കാണാൻ സാധിക്കുന്നുണ്ട്.

 

“ലിസാർഡ് പോയിന്റ് ആണ്” പുഞ്ചിരിച്ചുകൊണ്ട് ഹെയർ പറഞ്ഞു.

 

“അപകടം നിറഞ്ഞതെങ്കിലും ഈ ജോലി നിങ്ങൾ ഇഷ്ടപ്പെടുന്നു അല്ലേ?” ഓസ്ബോൺ ചോദിച്ചു.

 

“എന്ന് തോന്നുന്നു” ഹെയർ ചുമൽ ഒന്ന് വെട്ടിച്ചു.

 

“തോന്നുകയല്ല, വല്ലാത്തൊരു അഭിനിവേശമാണ് ഈ ജോലിയോട് നിങ്ങൾക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ഒട്ടും താല്പര്യമില്ലാത്തത് പോലെ ഹാർവാർഡിലെ ജോലിയാണ് ഞാൻ ഉദ്ദേശിച്ചത്

 

“ആയിരിക്കാം” ദൃഢമായിരുന്നു ഹെയറിന്റെ സ്വരം. “ഈ യുദ്ധമെല്ലാം അവസാനിക്കുമ്പോൾ പിന്നെ എന്തു ചെയ്യുമെന്ന് വല്ല രൂപവുമുണ്ടോ നമുക്ക് ആർക്കെങ്കിലും? നിങ്ങളുടെ കാര്യം എങ്ങനെയാണ്?”

 

“ശരിയാണ്, തിരിച്ചു പോകുവാൻ ഒരിടമെന്ന് പറയാൻ ഒന്നും തന്നെയില്ല എനിക്കാണെങ്കിൽ ഒരു പ്രത്യേക പ്രശ്നവുമുണ്ട്” ഓസ്ബോൺ പറഞ്ഞു. “ഈ ജോലിയിൽ  പ്രഗത്ഭനാണെന്നാണ് എന്റെ വിശ്വാസം ഇന്നലെ ഞാൻ ഒരു ജർമ്മൻ ജനറലിനെ വകവരുത്തി ഒരു ദേവാലയത്തിൽ വച്ച് മൃദുലവികാരങ്ങൾക്കൊന്നും എന്റെ മനസ്സിൽ ഇടമില്ല എന്ന് കാണിക്കാൻ വേണ്ടി പറഞ്ഞതാണ് ബ്രിറ്റനിയുടെ  ചുമതലയുള്ള SS ഇന്റലിജൻസ് മേധാവിയായിരുന്നു മരണം അർഹിക്കുന്ന ഒരു കാപാലികൻ

 

“അപ്പോൾ പിന്നെ നിങ്ങളുടെ പ്രശ്നം എന്താണ്?”

 

“അയാളെ കൊന്നതിന് പകരം വീട്ടാൻ അവർ ഇരുപത് പേരെയാണ് പിടിച്ചുകൊണ്ടു പോയത് വെടിവെച്ച് കൊല്ലുവാൻ ഞാൻ പോകുന്നിടത്തെല്ലാം മരണവും കൂടെയുണ്ടെന്ന് തോന്നുന്നു.. സദാസമയവും ഞാൻ ഉദ്ദേശിച്ചത് മനസ്സിലാവുന്നുണ്ടോ…?

 

ഹെയർ ഒന്നും ഉരിയാടിയില്ല. കപ്പലിന്റെ വേഗത കുറച്ചിട്ട് അയാൾ വീൽഹൗസിന്റെ ചില്ല് ജാലകം തുറന്നു. മഴത്തുള്ളികൾ ഉള്ളിലേക്ക് അടിച്ചു കയറി. കടലിലേക്ക് നീണ്ടു നിൽക്കുന്ന മുനമ്പിനെ ചുറ്റി അല്പം ചെന്നതും ഉൾക്കടലിൽ നിന്നും ഹാർബറിലേക്കുള്ള പ്രവേശനകവാടം കാണാറായി. ഹാർബറിനപ്പുറം മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന താഴ്‌വരയും.

 

ചെറിയൊരു ഹാർബറായിരുന്നു അത്. രണ്ട് ഡസനോളം കോട്ടേജുകളും ഒരു ബംഗ്ലാവും ആ താഴ്‌വരയിൽ കാണാനുണ്ട്. കപ്പലിലെ ജോലിക്കാർ എല്ലാവരും ഡെക്കിലേക്ക് എത്തി.

 

“കോൾഡ് ഹാർബർ, മേജർ ഓസ്ബോൺലിലി മർലിൻ ഹാർബറിലേക്ക് പ്രവേശിക്കവെ ഹെയർ പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, September 3, 2024

കോൾഡ് ഹാർബർ - 07


കരുതിയത് പോലെ എളുപ്പമല്ല കാര്യങ്ങൾ എന്ന് പുറംകടലിലേക്ക് എത്തിയതോടെ ക്രെയ്ഗ് ഓസ്ബോണിന് മനസ്സിലായി. കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു. വെൺനുര ചിന്നി ഉയർന്നു പൊങ്ങുന്ന തിരമാലകൾ. വശങ്ങളിൽ നിന്നും വെള്ളം അടിച്ചു കയറി കണങ്കാലിനൊപ്പം ഉയർന്നിരിക്കുന്നു. ബ്ലേരിയോ പറഞ്ഞത് ശരിയായിരുന്നു. കാറ്റ് വീശുമ്പോൾ അങ്ങിങ്ങായി അകന്നു മാറുന്ന മൂടൽമഞ്ഞിന്റെ വിടവിലൂടെ ഗ്രോസ്നെസ് പോയിന്റിലെ ലൈറ്റ് കാണാൻ സാധിക്കുന്നുണ്ട്. അതിന് നേർക്ക് നീങ്ങിക്കൊണ്ടിരിക്കവെയാണ് പൊടുന്നനെ അത് സംഭവിച്ചത്. ബോട്ടിന്റെ ഔട്ട്ബോർഡ് എഞ്ചിൻ നിശ്ചലമായി. എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനുപയോഗിക്കുന്ന ചരടിൽ പരിഭ്രാന്തിയോടെ പലവട്ടം ആഞ്ഞു വലിച്ചെങ്കിലും ഫലം കണ്ടില്ല.  ഒഴുക്കിൽപ്പെട്ട് ലക്ഷ്യമില്ലാതെ ആ ഡിങ്കി അലയുവാൻ തുടങ്ങി.

 

ഭീമാകാരമായ ഒരു തിരമാല ഉയർന്നു വന്ന് ഡിങ്കിയുടെ ഉള്ളിലേക്ക് പതിച്ചത് അപ്പോഴായിരുന്നു. അതിന്റെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ചു പോയ ഡിങ്കി ഒരു സ്ലോമോഷൻ ചിത്രത്തിലെന്ന പോലെ ഒരു നിമിഷം അന്തരീക്ഷത്തിൽ തങ്ങി നിന്നിട്ട് വലിയ ഒരു കല്ല് കണക്കെ വീണ്ടും വെള്ളത്തിലേക്ക് പതിച്ചു. ഡിങ്കിയിൽ നിന്നും പുറത്തേക്ക് തെറിച്ച ക്രെയ്ഗ് ഓസ്ബോൺ ലൈഫ് ജാക്കറ്റിന്റെ ബലത്തിൽ വെള്ളത്തിൽ പൊന്തിക്കിടന്നു.

 

അതികഠിനമായ തണുപ്പായിരുന്നു വെള്ളത്തിന്. കൈകളുടെയും കാലുകളുടെയും അസ്ഥികൾക്കുള്ളിലേക്ക് അരിച്ചു കയറുന്ന തണുപ്പ്. കുറച്ച് നേരത്തേക്ക് തന്റെ കൈയിലെ പരിക്കിന്റെ വേദന പോലും അദ്ദേഹം മറന്നുപോയി. ഉയർന്നു വന്ന മറ്റൊരു തിരമാല അദ്ദേഹത്തെ എടുത്തു പൊക്കി താരതമ്യേന ശാന്തമായ മറുവശത്തേക്കിട്ടു.

 

“നോട്ട് ഗുഡ്, മൈ ബോയ് നോട്ട് ഗുഡ് അറ്റ് ഓൾ” അദ്ദേഹം മന്ത്രിച്ചു. പൊടുന്നനെ വീശിയെത്തിയ കാറ്റ് മൂടൽമഞ്ഞിന്റെ തിരശ്ശീലയിൽ ചെറിയൊരു വിടവുണ്ടാക്കി. ഗ്രോസ്നെസ് പോയിന്റിലെ ലൈറ്റ് ഹൗസ് വീണ്ടും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു. അടുത്തെവിടെ നിന്നോ ഒരു എഞ്ചിന്റെ പതിഞ്ഞ ശബ്ദവും കേൾക്കാനാവുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ കപ്പലിന്റേതെന്ന് തോന്നിക്കുന്ന ഒരു കറുത്ത രൂപം അവിടെ കാണുവാനായി.

 

“ഇവിടെ ഇവിടെ…!” ശബ്ദമുയർത്തി അദ്ദേഹം വിളിച്ചു കൂവാൻ തുടങ്ങി. അപ്പോഴാണ് ബ്ലേരിയൊ തനിക്ക് നൽകിയ ആ ഫ്ലൂറസെന്റ് സിഗ്നൽ ബോളിനെക്കുറിച്ച് ഓസ്ബോൺ ഓർത്തത്. പെട്ടെന്ന് പോക്കറ്റിൽ നിന്നും അത് പുറത്തെടുത്ത് അദ്ദേഹം വലതു കൈയിൽ ഉയർത്തിപ്പിടിച്ചു.

 

മൂടൽമഞ്ഞിന്റെ തിരശ്ശീല വീണ്ടും താഴോട്ട് വീണു. ലൈറ്റ് ഹൗസ് അപ്രത്യക്ഷമായിരിക്കുന്നു. എഞ്ചിന്റെ പതിഞ്ഞ ശബ്ദം രാത്രിയുടെ വിജനതയിൽ അലിഞ്ഞില്ലാതായി.

 

“നാശം! ഞാൻ ഇവിടെയുണ്ട്” ഒസ്ബോൺ അലറി വിളിച്ചു. പൊടുന്നനെയാണ് മഞ്ഞിന്റെ മറയ്ക്കുള്ളിൽ നിന്നും ആ ടോർപിഡോ ബോട്ട് ഒരു പ്രേതയാനം കണക്കെ പുറത്തേക്ക് വന്നത്.

 

അതിൽ നിന്നും തെളിഞ്ഞ സെർച്ച് ലൈറ്റിന്റെ വെട്ടം അദ്ദേഹത്തിന്റെ മേൽ പതിഞ്ഞു. ജീവിതത്തിൽ ഇത്രയും ആശ്വാസം തോന്നിയ നിമിഷങ്ങളില്ല എന്ന് പറയാം. തന്റെ കൈയിലെ വേദനയെ മറന്ന് അതിനരികിലേക്ക് നീന്തുവാൻ തുടങ്ങിയ ക്രെയ്ഗ് ഓസ്ബോൺ പൊടുന്നനെ നിന്നു. എന്തോ ഒരു പിശക് പോലെ ആ ബോട്ടിന്റെ പെയിന്റ് ഹരിതവർണ്ണത്തിലേക്ക് ഇഴുകിച്ചേരുന്ന അഴുക്ക് പിടിച്ച വെള്ള നിറം. കാമൂഫ്ലാഷ് ഡിസൈന് മേൽ റീ‌പെയിന്റ് ചെയ്തതായിരിക്കാം. പക്ഷേ, അതിന്റെ കൊടിമരത്തിൽ പാറിക്കളിക്കുന്ന പതാകയിലെ സ്വസ്തിക ചിഹ്നം അത് അദ്ദേഹം വ്യക്തമായും കണ്ടു. അതിന്റെ ഇടതുഭാഗത്ത് മുകളിലത്തെ മൂലയിൽ കടുംചുവപ്പും കറുപ്പും നിറങ്ങൾ ചേർന്ന കുരിശടയാളം ക്രീഗ്സ്മറീനിന്റെയാണ്! ഇത് ബ്രിട്ടീഷ് മോട്ടോർ ടോർപിഡോ ബോട്ട് അല്ല ഒരു ജർമ്മൻ E- ബോട്ട് ആണ്! അതിന്റെ മുൻഭാഗത്ത് എഴുതിയിരിക്കുന്ന പേർ അദ്ദേഹം ശ്രദ്ധിച്ചു. ലിലി മർലീൻ

 

ആ E- ബോട്ട് സാവധാനം നിശ്ചലമായി. ഇപ്പോൾ എഞ്ചിന്റെ പതിഞ്ഞ മുരൾച്ച മാത്രം. തന്നെ  നോക്കിക്കൊണ്ട് ഡെക്കിൽ നിൽക്കുന്ന രണ്ട് ജർമ്മൻ നാവികരുടെ നേർക്ക് ദൃഷ്ടി പായിച്ച്, തന്റെ ദുർവിധിയോർത്ത് വിങ്ങുന്ന ഹൃദയവുമായി ക്രെയ്ഗ് ഓസ്ബോൺ വെള്ളത്തിൽ അനങ്ങാതെ കിടന്നു. അവരിലൊരാൾ കൈവരികൾക്ക് മുകളിലൂടെ ഒരു കയറേണി താഴോട്ടിട്ടു കൊടുത്തു.

 

“ഓൾറൈറ്റ് മൈ ഓൾഡ് സൺ” കോക്നീ ചുവയുള്ള ഇംഗ്ലീഷിൽ അയാൾ വിളിച്ചു പറഞ്ഞു. “ലെറ്റ്സ് ബീ ഹാവിങ്ങ് യൂ

 

                                                      ***

 

കൈവരികൾക്ക് മുകളിലൂടെ ഡെക്കിലേക്ക് കയറുവാൻ അവർ അദ്ദേഹത്തെ സഹായിച്ചു. ക്ഷീണിതനായി ഡെക്കിൽ കുത്തിയിരുന്നതും അദ്ദേഹം ചെറുതായി ഛർദ്ദിച്ചു. തന്റെ മുന്നിൽ നിൽക്കുന്ന ആ ജർമ്മൻ നാവികരെ ഓസ്ബോൺ തെല്ല് ആശങ്കയോടെ നോക്കി. “മേജർ ഓസ്ബോൺ, ഈസ് ഇറ്റ്?” കോക്നീ ചുവയുള്ള ഇംഗ്ലീഷിൽ അവരിലൊരുവൻ ചോദിച്ചു.

 

“ദാറ്റ്സ് റൈറ്റ്” ഓസ്ബോൺ പറഞ്ഞു.

 

ആ ജർമ്മൻകാരൻ അദ്ദേഹത്തിന്റെയടുത്തേക്ക് കുനിഞ്ഞു. “താങ്കളുടെ കൈയിൽ നിന്നും രക്തം വാർന്നു കൊണ്ടിരിക്കുന്നുണ്ട് ആദ്യം അത് നിർത്തേണ്ടിയിരിക്കുന്നു ഞാൻ ഇവിടുത്തെ മെഡിക്കൽ അറ്റൻഡന്റ് ആണ്

 

“എന്താണിതെല്ലാം? എനിക്കൊന്നും മനസ്സിലാവുന്നില്ല” ഓസ്ബോൺ പറഞ്ഞു.

 

“അത് ഞാനല്ല പറയേണ്ടത് സർ അത് കപ്പിത്താന്റെ ഡിപ്പാർട്ട്മെന്റാണ് ഫ്രെഗാറ്റൻ കപ്പിറ്റാൻ ബെർഗർ, സർ അദ്ദേഹം ബ്രിഡ്ജിലുണ്ട്

 

ക്രെയ്ഗ് ഓസ്ബോൺ ശ്രദ്ധയോടെ എഴുന്നേറ്റ് അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ലൈഫ് ജാക്കറ്റ് അഴിച്ചുമാറ്റി. പിന്നെ ചെറിയ കോണി വഴി മുകളിലേക്ക് കയറി വീൽ ഹൗസിലേക്ക് കടന്നു ചെന്നു. വീൽ നിയന്ത്രിച്ചിരുന്നത് ഒരു ഓബർസ്റ്റീർമാൻ ആണെന്ന് അയാളുടെ റാങ്ക് സൂചിപ്പിക്കുന്ന ബാഡ്ജുകളിൽ നിന്നും അദ്ദേഹം ഊഹിച്ചു. സമീപത്തുള്ള കറങ്ങുന്ന കസേരയിൽ ഇരിക്കുന്നയാൾ ഒരു ക്രീഗ്സ്മറീൻ ക്യാപ്പ് ആണ് തലയിൽ ധരിച്ചിരിക്കുന്നത്. അതിന്റെ മുകൾ ഭാഗത്തെ വെള്ള നിറത്തിൽ നിന്നും അയാളൊരു U- ബോട്ട് കമാൻഡർ ആയിരുന്നു എന്ന് മനസ്സിലാക്കാം. ക്രീഗ്സ്മറീനിലെ ക്യാപ്റ്റന്മാരിൽ അത്തരക്കാർക്ക് ഒരു പ്രത്യേക ബഹുമാനവും ലഭിച്ചിരുന്നുവെന്ന് വേണം പറയാൻ. റീഫർകോട്ടിനടിയിൽ വെള്ള നിറമുള്ള ഒരു പഴയ പോളോ നെക്ക് സ്വെറ്റർ ആണ് ധരിച്ചിരുന്നത്. കസേര തിരിച്ച് നിർവ്വികാരമായ മുഖത്തോടെ അയാൾ ഓസ്ബോണിനെ നോക്കി.

 

“മേജർ ഓസ്ബോൺ, ഗ്ലാഡ് റ്റു ഹാവ് യൂ എബോർഡ്” അമേരിക്കൻ ചുവയുള്ള ഇംഗ്ലീഷിൽ അയാൾ പറഞ്ഞു. “ഒരു മിനിറ്റ് വെയ്റ്റ് ചെയ്യണേ, ആദ്യം നമുക്ക് ഇവിടെ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്

 

അയാൾ വീൽ നിയന്ത്രിക്കുന്ന നാവികന് നേർക്ക് തിരിഞ്ഞ് ജർമ്മൻ ഭാഷയിൽ നിർദ്ദേശം നൽകി. “ലാങ്ങ്സ്ഡോർഫ്, ഒരു അഞ്ച് മൈൽ പുറംകടലിൽ എത്തുന്നത് വരെ സൈലൻസർ ഓണായിത്തന്നെ ഇരിക്കട്ടെ കോഴ്സ് റ്റൂ-വൺ-ഓ ഞാൻ പറയുന്നത് വരെ ട്വന്റിഫൈവ് നോട്ട്സ് സ്പീഡിൽ പോകട്ടെ

 

“കോഴ്സ് റ്റൂ-വൺ-ഓ, സ്പീഡ് ട്വന്റിഫൈവ് നോട്ട്സ്, ഹെർ കപ്പിറ്റാൻ” വേഗത വർദ്ധിച്ച് മുന്നോട്ട് കുതിക്കുന്ന E- ബോട്ടിനെ പുറംകടലിലേക്ക് തിരിച്ചുകൊണ്ട് ആ നാവികൻ പറഞ്ഞു.

 

“ഹെയർ?” ഓസ്ബോൺ തെല്ല് സംശയത്തോടെ ചോദിച്ചു. “പ്രൊഫസർ മാർട്ടിൻ ഹെയർ?”

 

ബെൻസൻ & ഹെഡ്ജസിന്റെ ടിന്നിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അയാൾ ഓസ്ബോണിന് നേർക്ക് നീട്ടി. “നിങ്ങൾക്കെന്നെ അറിയാമോ? നാം പരസ്പരം കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്?”

 

വിറയ്ക്കുന്ന വിരലുകളോടെ ഒസ്ബോൺ ആ സിഗരറ്റ് വാങ്ങി. “യേൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം ഒരു ജേർണലിസ്റ്റായി ജോലി നോക്കുകയായിരുന്നു ഞാൻ വിവിധ സ്ഥാപനങ്ങളിലും പിന്നെ ലൈഫ് മാഗസിന് വേണ്ടിയും പാരീസിലും ബെർലിനിലും ഒക്കെ വർക്ക് ചെയ്തിട്ടുണ്ട് യൗവനകാലത്ത് ഏറെ വർഷങ്ങൾ അവിടെയെല്ലാം ഞാൻ കഴിച്ചുകൂട്ടിയിട്ടുണ്ട് എന്റെ പിതാവ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഡിപ്ലോമാറ്റ് ആയിരുന്നു

 

“പക്ഷേ, എപ്പോഴാണ് നാം തമ്മിൽ കണ്ടുമുട്ടിയത്?”

 

“1939 ഏപ്രിലിൽ ബോസ്റ്റണിൽ വച്ച് ഞാൻ വെക്കേഷന് നാട്ടിലെത്തിയതായിരുന്നു ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ലെക്ച്ചറുകളെക്കുറിച്ച് ഒരു സുഹൃത്താണ് എന്നോട് പറഞ്ഞത് വിഷയം ജർമ്മൻ സാഹിത്യമായിരുന്നുവെന്നാണ് വയ്പ്പ് പക്ഷേ, പ്രധാനമായും നാസിവിരുദ്ധ നിലപാടുകളായിരുന്നു നിങ്ങളുടെ അന്നത്തെ ക്ലാസുകളിൽ അതിൽ നാലെണ്ണം ഞാൻ അറ്റൻഡ് ചെയ്തു

 

“കലാപ സമയത്ത് നിങ്ങളവിടെ ഉണ്ടായിരുന്നോ?”

 

“ചില നാസി അനുകൂല അമേരിക്കൻ സംഘടനകൾ ക്ലാസുകൾ അലങ്കോലപ്പെടുത്താൻ വന്നപ്പോഴല്ലേ? തീർച്ചയായും, ഞാനവിടെ ഉണ്ടായിരുന്നു അതിലേതോ ഒരു കിരാതന്റെ മുഖം ഞാൻ ഇടിച്ച് ശരിയാക്കുകയും ചെയ്തു നിങ്ങളുടെ ക്ലാസുകൾ ഗംഭീരം തന്നെയായിരുന്നു കേട്ടോ” ഓസ്ബോണിന്റെ ശരീരം വിറച്ചു. വാതിൽ തുറന്ന് കോക്നീ ഇംഗ്ലീഷ് സംസാരിക്കുന്ന ആ നാവികൻ പ്രവേശിച്ചു.

 

“എന്താണ് ഷ്മിഡ്റ്റ്?” ജർമ്മൻ ഭാഷയിൽ ഹെയർ ചോദിച്ചു.

 

ഷ്മിഡ്റ്റിന്റെ കൈയിൽ ഒരു ബ്ലാങ്കറ്റ് ഉണ്ടായിരുന്നു. “മേജറിന് ഇത് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി പിന്നെ, ഇദ്ദേഹത്തിന്റെ ഇടതു കൈയിൽ പരിക്കേറ്റിട്ടുണ്ട് ഹെർ കപ്പിറ്റാൻ മെഡിക്കൽ അറ്റൻഷൻ കൂടിയേ തീരൂ

 

“എങ്കിൽ പെട്ടെന്നത് ചെയ്യൂ  ഷ്മിഡ്റ്റ്” മാർട്ടിൻ ഹെയർ അയാളോട് പറഞ്ഞു. “സമയം കളയണ്ട

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...