പഴയ ശൈലിയിലുള്ള ആ വലിയ
ബാത്ത്‌റൂമിലെ സിങ്കിനരികിൽ ഇട്ടിരിക്കുന്ന കസേരയിൽ ക്രെയ്ഗ് ഓസ്ബോൺ അർദ്ധനഗ്നനായി
ഇരുന്നു. ക്രീഗ്സ്മറീൻ യൂണിഫോം ധരിച്ച ഷ്മിഡ്റ്റ് തന്റെ മെഡിക്കൽ കിറ്റ് തറയിൽ വച്ചിട്ട്
അദ്ദേഹത്തിനരികിൽ വന്ന് കൈമുട്ടിന് മുകൾഭാഗത്തെ മുറിവ് വൃത്തിയാക്കാനാരംഭിച്ചു. ജൂലി
ലെഗ്രാൻഡ് വാതിൽക്കൽ വന്ന് അവരെ നോക്കിക്കൊണ്ട് നിന്നു. അയഞ്ഞ പൈജാമയും ബ്രൗൺ നിറമുള്ള
സ്വെറ്ററും ധരിച്ച അവർ തന്റെ ചെമ്പൻ നിറമുള്ള മുടി പിറകോട്ട് വരിഞ്ഞ് മുറുക്കി കെട്ടിവച്ചിരിക്കുന്നു.
മുപ്പതുകളുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന അവരുടെ ഭംഗിയുള്ള മുഖത്തിന് ഒട്ടും
ചേരാത്തത് പോലെ തോന്നി അത്.
“മുറിവ് കണ്ടിട്ട് എങ്ങനെയുണ്ട്…?” ജൂലി ചോദിച്ചു.
“എന്ന് ചോദിച്ചാൽ…” ഷ്മിഡ്റ്റ് ചുമൽ വെട്ടിച്ചു. “വെടിയുണ്ടയേറ്റ മുറിവുകളെക്കുറിച്ച്
ഒന്നും പറയാനാവില്ല… പെനിസിലിൻ എന്നൊരു പുതിയ മരുന്ന് എന്റെ കൈയിലുണ്ട്… ഇൻഫെക്ഷൻ ഉള്ള ഭാഗത്ത് അത് അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നാണ് പറയുന്നത്…” അയാൾ ചെറിയൊരു ബോട്ടിലിൽ നിന്ന് മരുന്ന് സിറിഞ്ചിലേക്ക് വലിച്ചെടുത്തു.
“എന്ന് തന്നെ പ്രതീക്ഷിക്കാം
നമുക്ക്… ഞാൻ കോഫി എടുത്തുകൊണ്ട് വരാം…” ജൂലി പറഞ്ഞു.
ഷ്മിഡ്റ്റ് ഇഞ്ചക്ഷൻ നൽകിയപ്പോൾ
ഓസ്ബോൺ ചെറുതായൊന്ന് ഞരങ്ങി. മുറിവിന് മുകളിൽ ഡ്രെസ്സിങ്ങ് പാഡ് വച്ച് അയാൾ വൃത്തിയായി
ബാൻഡേജ് ഇട്ടു.
“ഒരു ഡോക്ടറെ കാണിക്കുന്നത്
നന്നായിരിക്കുമെന്ന് തോന്നുന്നു, കേണൽ…” ഷ്മിഡ്റ്റ് പറഞ്ഞു.
“നമുക്ക് ആലോചിക്കാം…” ക്രെയ്ഗ് പറഞ്ഞു.
അദ്ദേഹം എഴുന്നേറ്റു.
ജൂലി കൊണ്ടു വന്ന് വച്ചിരുന്ന വൃത്തിയുള്ള കാക്കി ഷർട്ട് ധരിക്കുവാൻ ഷ്മിഡ്റ്റ് അദ്ദേഹത്തെ
സഹായിച്ചു. ബട്ടൻസ് എല്ലാം സ്വയം ഇട്ടിട്ട് അദ്ദേഹം അടുത്ത റൂമിലേക്ക് നടന്നു. ഷ്മിഡ്റ്റ്
തന്റെ സാധനങ്ങളെല്ലാം മെഡിക്കൽ കിറ്റിനുള്ളിലേക്ക് തിരികെ എടുത്തു വച്ചു.
അല്പം പഴക്കമുണ്ടെങ്കിലും
വളരെ പ്രസന്നമായിരുന്നു ആ റൂം. അലങ്കാരപ്പണികളുടെ കുറവ് കാണാനുണ്ട്. മഹാഗണി കൊണ്ട്
നിർമ്മിച്ച ഒരു കട്ടിൽ. ജാലകത്തിനരികിലായി മേശയും രണ്ട് ചാരുകസേരകളും. ക്രെയ്ഗ് ജാലകത്തിലൂടെ
പുറത്തേക്ക് എത്തി നോക്കി. പുറത്തുള്ള ടെറസ് കാണാനുണ്ട്. കാര്യമായി പരിപാലിക്കപ്പെടാത്ത
ഒരു ഗാർഡനാണ് അതിനപ്പുറത്ത്. ബീച്ച് മരങ്ങളും ചെറിയൊരു തടാകവും ഒക്കെയായി തികച്ചും
ശാന്തമായ അന്തരീക്ഷം.
കൈയിൽ മെഡിക്കൽ കിറ്റുമായി
ഷ്മിഡ്റ്റ് ബാത്ത്റൂമിൽ നിന്നും പുറത്ത് വന്നു. “ഞാൻ പിന്നെ വന്ന് നോക്കിക്കോളാം… ബ്രേക്ക്ഫാസ്റ്റിനുള്ള സമയമായി… പന്നിയിറച്ചിയും
മുട്ടയും… ഇനിയും കാത്തു നിൽക്കാൻ വയ്യ…” പുറത്തേക്കുള്ള വാതിലിന്റെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് അയാൾ ചിരിച്ചു.
“നിങ്ങളൊരു ജൂതനല്ലേ എന്നൊന്നും ചോദിക്കണ്ട… ഈ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റിന്റെ രുചി വർഷങ്ങൾക്ക്
മുമ്പേ എന്നെ ചീത്തയാക്കിയതാണ്…”
അയാൾ വാതിൽ തുറന്നതും
കൈയിൽ ഒരു ട്രേയുമായി ജൂലി അകത്തേക്ക് പ്രവേശിച്ചു. ഷ്മിഡ്റ്റ് പുറത്തേക്ക് പോയി. അവർ
ആ ട്രേ ജാലകത്തിനരികിലുള്ള മേശയിൽ വച്ചു. കോഫി, ടോസ്റ്റ്, ഓറഞ്ച് ജാം, ഫ്രഷ് റോൾസ്
തുടങ്ങി വിഭവസമൃദ്ധം. മേശയ്ക്ക് ഇരുവശത്തുമായി ഇരുവരും ഇരുന്നു.
“നിങ്ങളെ വീണ്ടും കാണുവാൻ
കഴിഞ്ഞതിൽ എനിക്കെന്തു മാത്രം സന്തോഷമുണ്ടെന്നറിയുമോ, ക്രെയ്ഗ്…” കപ്പിലേക്ക് കോഫി പകരവെ ജൂലി പറഞ്ഞു.
“പാരീസിലെ ആ ദിനങ്ങൾ… വളരെക്കാലം ആയത് പോലെ…” കോഫി എടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ആയിരം വർഷങ്ങൾ പോലെ…”
“ഹെൻട്രിയുടെ കാര്യം അറിഞ്ഞത്
ഏറെ കഴിഞ്ഞിട്ടായിരുന്നു…” അദ്ദേഹം പറഞ്ഞു. “ഹാർട്ട് അറ്റാക്ക് ആയിരുന്നു
അല്ലേ…?”
അവർ തല കുലുക്കി. “ഒന്നും
അറിഞ്ഞില്ല അദ്ദേഹം… ഉറക്കത്തിലായിരുന്നു… അവസാനത്തെ പതിനെട്ട് മാസങ്ങൾ ലണ്ടനിൽ താമസിക്കാൻ പറ്റിയെന്നത് തന്നെ
വലിയ ഭാഗ്യം… നിങ്ങളോട് മാത്രമാണ് അതിന് ഞങ്ങൾ നന്ദി പറയേണ്ടത്…”
“നോൺസെൻസ്…” ചമ്മലോടെ ക്രെയ്ഗ് പറഞ്ഞു.
“ഇല്ല ക്രെയ്ഗ്, അതാണ്
സത്യം… ആട്ടെ, കഴിക്കാൻ ഏതാണ് വേണ്ടത്…? ടോസ്റ്റ് വേണോ റോൾ വേണോ…?”
“ഒന്നും വേണ്ട… ഇപ്പോൾ തീരെ വിശപ്പില്ല… ഒരു കപ്പ് കോഫി കൂടി ആയാൽ ധാരാളം…”
കപ്പിലേക്ക് കോഫി പകർന്നു
കൊണ്ട് അവർ തുടർന്നു. “നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അന്ന് രാത്രി ഗെസ്റ്റപ്പോയുടെ വലയിൽ
നിന്നും ഞങ്ങൾക്ക് രക്ഷപെടാനാവില്ലായിരുന്നു… നിങ്ങൾക്കന്ന് തീരെ സുഖമില്ലായിരുന്നു… ആ മൃഗങ്ങൾ നിങ്ങളോട് ചെയ്തതെന്താണെന്ന് മറന്നു പോയോ ക്രെയ്ഗ്…? എന്നിട്ടും അന്ന് രാത്രി ആ ട്രക്കിൽ നിങ്ങൾ ഹെൻട്രിയെയും തേടി പോയി… മറ്റ് ആരായിരുന്നാലും ശരി അദ്ദേഹത്തെ ഉപേക്ഷിച്ച് വന്നേനെ…” വികാരാധീനയായ ജൂലിയുടെ കണ്ണുകൾ നിറഞ്ഞു. “നിങ്ങളാണ് ക്രെയ്ഗ്, അദ്ദേഹത്തിന്
പുതിയൊരു ജീവിതം നൽകിയത്… അവസാന കാലത്ത് ഇംഗ്ലണ്ടിൽ ഏതാനും മാസങ്ങൾ… ആ കടപ്പാട് എന്നുമുണ്ടാകും എനിക്ക്…”
ഒരു സിഗരറ്റിന് തീ കൊളുത്തി
അദ്ദേഹം എഴുന്നേറ്റ് അദ്ദേഹം ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. “ആ സംഭവത്തിന് ശേഷം
ഞാൻ SOE യുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ആ സമയത്തായിരുന്നു ഞങ്ങളുടെ ആൾക്കാർ
OSS (Office of Stategic Services) തുടങ്ങി വച്ചത്. അവർക്ക് എന്നെയും എന്റെ പ്രവൃത്തി
പരിചയത്തെയും ആവശ്യമുണ്ടായിരുന്നു… മാത്രവുമല്ല, സത്യം പറഞ്ഞാൽ, ഡോഗൽ മൺറോയോടൊപ്പമുള്ള
ജോലി എനിക്ക് മതിയാവുകയും ചെയ്തിരുന്നു…”
“കഴിഞ്ഞ നാലു മാസമായി
അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് ഞാൻ…” ജൂലി പറഞ്ഞു. “ഒരു ജമ്പിങ്ങ് ഓഫ് പോയിന്റ്, സുരക്ഷിത
താവളം എന്നിങ്ങനെയൊക്കെയായി ഉപയോഗിക്കുന്നു ഇവിടം…”
“മൺറോയോടൊപ്പം യോജിച്ചു
പോകുന്നുവെന്നോ…?”
“ഒരു പരുക്കൻ മനുഷ്യനാണദ്ദേഹം…” അവർ ചുമൽ വെട്ടിച്ചു. “പക്ഷേ, യുദ്ധവും അങ്ങനെ തന്നെയല്ലേ…”
അദ്ദേഹം തല കുലുക്കി.
“വളരെ വിചിത്രമായിരിക്കുന്നു ഇവിടെയുള്ള സകലതും… മനുഷ്യർ
പോലും... ഉദാഹരണത്തിന് ആ പൈലറ്റ് ജോ എഡ്ജ്… ലുഫ്ത്‌വാഫ് യൂണിഫോമും ധരിച്ച് താൻ അഡോൾഫ് ഗാലന്റ്
ആണെന്ന മട്ടിലാണ് അയാൾ ഇവിടെ ചുറ്റിക്കറങ്ങുന്നത്…”
“അതെ… അവന് വട്ടാണ്…
സാധാരണ ദിവസങ്ങളിൽ പോലും…” അവർ പറഞ്ഞു. “താൻ ജർമ്മൻ വ്യോമസേനയുടെ ഭാഗമാണെന്നാണ് അവന്റെ വിചാരം… നമ്മളൊക്കെ അവന്റെ ശത്രുക്കളാണെന്നും… പക്ഷേ, മൺറോയുടെ ചിന്താഗതി മറ്റൊന്നാണ്… അവന്റെ വ്യോമ വൈദഗ്ദ്ധ്യത്തിലാണ് അദ്ദേഹം വിശ്വാസമർപ്പിച്ചിരിക്കുന്നത്… ആ വിഷയത്തിൽ അവൻ മിടുക്കനാണ് താനും…”
“ഹെയർ ആളെങ്ങനെയാണ്…?”
“മാർട്ടിൻ ഹെയർ…?” പുഞ്ചിരിച്ചുകൊണ്ട് കപ്പെടുത്ത് ട്രേയിൽ വച്ചു. “മാർട്ടിൻ തികച്ചും
വ്യത്യസ്തനാണ്… എനിക്കദ്ദേഹത്തോട് ചെറിയൊരു പ്രണയവുമുണ്ടെന്ന്
കൂട്ടിക്കോളൂ…”
ഒന്ന് മുട്ടുക പോലും ചെയ്യാതെ
വാതിൽ തള്ളിത്തുറന്ന് ജോ എഡ്ജ് മുറിയിൽ പ്രവേശിച്ചു. “എന്താണിവിടെ…? രണ്ടു പേരും കൂടി ഒരു സ്വകാര്യം…?”
ചുമരിൽ ചാരി നിന്ന് ഒരു
സിഗരറ്റ് എടുത്ത് അയാൾ തന്റെ ചുണ്ടിൽ വച്ചു. “മര്യാദ എന്ന് പറയുന്നത് ഒട്ടും തന്നെയില്ല
അല്ലേ ജോ, നിങ്ങൾക്ക്…?” നീരസത്തോടെ ജൂലി ചോദിച്ചു.
“ഞാൻ പറഞ്ഞത് ഫീൽ ചെയ്തു
അല്ലേ സ്വീറ്റീ…? സാരമില്ല…” അയാൾ ഓസ്ബോണിന്
നേർക്ക് തിരിഞ്ഞു. “ക്രോയ്ഡണിൽ നിന്നും ബോസ് എത്തിയിട്ടുണ്ട്…”
“ആര്, മൺറോയോ…?”
“അത്യാവശ്യമായി നിങ്ങളെ
കാണണമെന്ന് പറഞ്ഞു… അദ്ദേഹം ലൈബ്രറിയിൽ കാത്തിരിക്കുന്നുണ്ട്… എന്റെയൊപ്പം വരൂ…”
അയാൾ പുറത്തേക്ക് നടന്നു.
ഓസ്ബോൺ തിരിഞ്ഞ് ജൂലിയെ നോക്കി പുഞ്ചിരിച്ചു. “നമുക്ക് പിന്നെ കാണാം…” അദ്ദേഹം അയാളെ അനുഗമിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
"അതെ… അവന് വട്ടാണ്… സാധാരണ ദിവസങ്ങളിൽ പോലും…”
ReplyDeleteഅത് ഇഷ്ടായി.. 😄😄
അല്ല പിന്നെ... ലുഫ്ത്‌വാഫ് യൂണിഫോം ധരിച്ചെന്ന് വച്ച്... താനാരാണെന്ന് പോലും മറന്ന് നടക്കുന്നു...
Deleteവളരെ വിചിത്രമായിരിക്കുന്നു ഇവിടെയുള്ള സകലതും… മനുഷ്യർ പോലും...
ReplyDeleteതികച്ചും രഹസ്യമായ ഓപ്പറേഷൻസാണ് കോൾഡ് ഹാർബറിൽ നിന്ന് നടക്കുന്നത്... ജർമ്മൻ വിമാനങ്ങളും കപ്പലും ഒക്കെ ഉപയോഗിച്ച് അവരുടെ യൂണിഫോമും അണിഞ്ഞ്...
Deleteപരുക്കൻ മനുഷ്യർ. യുദ്ധവും അങ്ങനെ തന്നെ. യുദ്ധത്തിനെന്ത് sentiments
ReplyDeleteസത്യം...
Deleteഈ ജൂലിയെ തന്നെ ആണോ നമ്മൾ പഴയ ഏതോ കഥയിലും കണ്ടത് ..
ReplyDeleteപിന്നെ പന്നിയിറച്ചിയും മുട്ടയും...നല്ല തീറ്റ ആണല്ലോ യുദ്ധകാലത്തും
അതെ ഉണ്ടാപ്രീ... ഫ്ലൈറ്റ് ഓഫ് ഈഗിൾസിൽ... അതേ ജൂലി തന്നെ ഈ ജൂലി...
Delete