എന്നാൽ ആ സമയത്ത് അമേരിക്കൻ
ആർമി ജനറൽ ഡ്വൈറ്റ് ഡി. ഐസൻഹോവറിനെ കാണുവാനായി ലണ്ടനിലെ ഹെയ്സ് ലോഡ്ജിൽ എത്തിയിരിക്കുകയായിരുന്നു
ബ്രിഗേഡിയർ ഡോഗൽ മൺറോ. അവിടുത്തെ ലൈബ്രറിയാണ് തന്റെ താൽക്കാലിക ഹെഡ്ക്വാർട്ടേഴ്സ് ആയി
ജനറൽ ഐസൻഹോവർ ഉപയോഗിച്ചിരുന്നത്. കോഫിയും ടോസ്റ്റും ആസ്വദിച്ചു കൊണ്ട് കൈയിൽ ദി ടൈംസിന്റെ
മോണിങ്ങ് എഡിഷനുമായി ഇരിക്കുന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് ഡോഗൽ മൺറോയെയും കൂട്ടിക്കൊണ്ട്
തിടുക്കത്തിൽ കടന്നു വന്ന ചെറുപ്പക്കാരനായ ക്യാപ്റ്റൻ വാതിൽ ചാരി.
“മോണിങ്ങ്, ബ്രിഗേഡിയർ… കോഫിയോ ചായയോ ഏതാണ് താല്പര്യമെന്ന് വച്ചാൽ ആ സൈഡ് ബോർഡിലുണ്ട്…” ഐസൻഹോവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
മൺറോ അതിനുള്ളിൽ നിന്നും
ചായ എടുത്ത് കപ്പിലേക്ക് പകർന്നു.
“നമ്മുടെ കോൾഡ് ഹാർബർ
പ്രോജക്ട് എങ്ങനെ പോകുന്നു…?” ഐസൻഹോവർ ചോദിച്ചു.
“നന്നായിത്തന്നെ പോകുന്നു,
ജനറൽ…”
“നിങ്ങൾക്കറിയാമല്ലോ,
യുദ്ധം എന്നത് ഒരു ഇന്ദ്രജാലക്കാരന്റെ പ്രകടനം പോലെയാണെന്ന്… കാണികൾ അയാളുടെ വലതുകൈയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ഇടതുകൈയുടെ
നീക്കങ്ങൾ കൊണ്ടായിരിക്കും അയാൾ അവരെ കബളിപ്പിക്കുന്നത്…” ഐസൻഹോവർ അല്പം കൂടി കോഫി തന്റെ കപ്പിലേക്ക് പകർന്നു. “ചതി… ചതിയിലാണ് മേജർ, ഈ കളിയുടെ വിജയമിരിക്കുന്നത്… ചില ഇന്റലിജൻസ് റിപ്പോർട്ടുകൾ എനിക്ക് ലഭിച്ചിരുന്നു… ജർമ്മനിയുടെ അറ്റ്‌ലാന്റിക്ക് വാൾ എന്ന പ്രതിരോധനിരയുടെ ചുമതല അവർ
റോമലിനെ ഏല്പിച്ച കാര്യം അറിയാമല്ലോ… അവിശ്വസനീയമായ
പല കാര്യങ്ങളും നടപ്പിലാക്കിക്കൊണ്ട് അദ്ദേഹം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണത്രെ…”
“വാസ്തവമാണ് സർ…”
“എഞ്ചിനീയർമാരെയും കൊണ്ട്
രാത്രികാലങ്ങളിൽ നിങ്ങളുടെ E- ബോട്ട് നിരവധി തവണ ഫ്രഞ്ച് തീരങ്ങളിൽ പോയി നിരീക്ഷണം
നടത്തുന്നുണ്ടല്ലോ… അധിനിവേശത്തിനായി എവിടെയാണ് ചെന്നിറങ്ങേണ്ടതെന്ന്
ഇതിനോടകം വ്യക്തമായ ഒരു ഐഡിയ ലഭിച്ചു കാണുമെന്ന് കരുതുന്നു…”
“ശരിയാണ് സർ…” മൺറോ ശാന്തസ്വരത്തിൽ പറഞ്ഞു. “ഇതുവരെയുള്ള സൂചനകൾ പ്രകാരം ഏറ്റവും
അനുയോജ്യമായ ഇടം നോർമൻഡി ആണ്…”
“ഓൾറൈറ്റ്… അപ്പോൾ നമ്മൾ പറഞ്ഞു വന്ന ചതിയിലേക്ക് വീണ്ടും…” ചുമരിലെ ഭൂപടത്തിന് നേർക്ക് നടന്നുകൊണ്ട് ഐസൻഹോവർ പറഞ്ഞു. “പാറ്റൺ
നേതൃത്വം നൽകുന്ന ഒരു ഫാന്റം ആർമി ഇതാ ഇവിടെ ഈസ്റ്റ് ആംഗ്ലിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്… ആർമി ക്യാമ്പുകൾ, വിമാനങ്ങൾ എന്നിവയെല്ലാമായി… പക്ഷേ, എല്ലാം ഒരു പുകമറ സൃഷ്ടിക്കാൻ മാത്രം…”
“അതെല്ലാം കാണുമ്പോൾ ജർമ്മൻകാർ
വിചാരിക്കുക, ഏറ്റവും എളുപ്പമുള്ള പാസ് ഡി കലൈസ് പ്രദേശമാണ് അധിനിവേശത്തിനായി നാം തെരഞ്ഞെടുക്കുക
എന്നായിരിക്കും…” മൺറോ അഭിപ്രായപ്പെട്ടു.
“അതെ, അങ്ങനെയേ അവർ പ്രതീക്ഷിക്കൂ… സൈനിക യുക്തിയ്ക്ക് നിരക്കുന്നതും അതു തന്നെയാണല്ലോ…” ഐസൻഹോവർ തലകുലുക്കി. “ആ പ്രദേശത്തേക്ക് നമ്മുടെ യുദ്ധസന്നാഹങ്ങൾ ഇതിനോടകം
നീങ്ങിത്തുടങ്ങിയിട്ടുണ്ട്… അധിനിവേശത്തിന്റെ നാൾ അടുക്കുന്നതിനോടനുസരിച്ച്
RAF ഉം അമേരിക്കൻ വ്യോമസേനയുടെ എട്ടാം ഡിവിഷനും ആ പ്രദേശങ്ങളിൽ അടുപ്പിച്ച് റെയ്ഡ്
നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും… അതെല്ലാം കൂടി കാണുമ്പോൾ അവർ കരുതുക നമ്മൾ ആക്രമണത്തിനുള്ള
തയ്യാറെടുപ്പിലാണെന്നായിരിക്കും… അതേ സമയം തന്നെ ആ പ്രദേശത്തുള്ള ഫ്രഞ്ച് പ്രതിരോധ
പ്രസ്ഥാനത്തിന്റെ ഗ്രൂപ്പുകൾ വൈദ്യുത കേബിളുകളും റെയിൽവേ ലൈനുകളും ആക്രമിച്ച് നശിപ്പിക്കാൻ
തുടങ്ങും… സ്വാഭാവികമായും ഒട്ടും വൈകാതെ നമ്മുടെ ഡബിൾ ഏജന്റുമാർ
ആ വിവരങ്ങൾ അബ്ഫെർ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിക്കും… പക്ഷേ,
എല്ലാം തെറ്റായ ഇൻഫർമേഷൻ ആയിരിക്കുമെന്ന് മാത്രം…”
മാപ്പിലേക്ക് കണ്ണും നട്ട്
ഐസൻഹോവർ അങ്ങനെ തന്നെ നിന്നു. “പക്ഷേ, എന്തോ ഒന്ന് താങ്കളെ അലട്ടുന്നുണ്ടല്ലോ സർ…” മൺറോ പറഞ്ഞു.
ജാലകത്തിനരികിൽ ചെന്ന്
ഐസൻഹോവർ ഒരു സിഗരറ്റിന് തീ കൊളുത്തി. “കഴിഞ്ഞ വർഷം തന്നെ അധിനിവേശം നടത്തണമെന്ന അഭിപ്രായക്കാരായിരുന്നു
ഭൂരിഭാഗം പേരും… പക്ഷേ, എന്തുകൊണ്ട് നാം അത് ചെയ്തില്ലെന്ന് ഞാൻ
വ്യക്തമാക്കാം, ബ്രിഗേഡിയർ… എല്ലാ രംഗത്തും ആവശ്യത്തിനുള്ള അംഗബലം ഉണ്ടെങ്കിൽ
മാത്രമേ വിജയം കൈവരിക്കാനാവൂ എന്നതായിരുന്നു SHAEF ന്റെ (Supreme Headquarters
Allied Expeditionary Force) തീരുമാനം. ജർമ്മനിയ്ക്ക് ഉള്ളതിനേക്കാൾ കൂടുതൽ സൈനികർ,
ടാങ്കുകൾ, വിമാനങ്ങൾ എന്നു വേണ്ട, സകലതും… കാരണമെന്തെന്ന് അറിയുമോ…? സഖ്യസേനയോട് ഏറ്റുമുട്ടിയ
സന്ദർഭങ്ങളിലെല്ലാം തന്നെ ജർമ്മനിക്കായിരുന്നു വിജയം… റഷ്യൻ നിരയിലും അങ്ങനെ തന്നെ… കണക്കെടുത്തു
നോക്കിയാൽ അറിയാം, അമ്പത് ശതമാനത്തിലധികമായിരുന്നു നമ്മുടെ സഖ്യസേനയ്ക്ക് സംഭവിച്ച
നാശനഷ്ടങ്ങളും മരണനിരക്കും…”
“അറിയാം സർ, നിർഭാഗ്യകരമായ
ആ വസ്തുതയെക്കുറിച്ച്…” മൺറോ പറഞ്ഞു.
“റോമൽ തന്റെ ജനറൽമാരുടെ
മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഇന്റലിജൻസ് എനിക്ക് അയച്ചു തന്നിരുന്നു… അധിനിവേശത്തിന് ചെന്നിറങ്ങുന്ന നമ്മളെ ബീച്ചിൽ വച്ചു തന്നെ തകർക്കാൻ
കഴിഞ്ഞില്ലെങ്കിൽ പിന്നെ ജർമ്മനിയ്ക്ക് യുദ്ധം ജയിക്കാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്…”
“ഐ തിങ്ക് ഹീ ഈസ് റൈറ്റ്,
സർ…”
ഐസൻഹോവർ തിരിഞ്ഞു. “ബ്രിഗേഡിയർ,
ഈ യുദ്ധത്തിൽ നമ്മുടെ സീക്രറ്റ് ഏജന്റുമാരുടെ സംഭാവന എത്രത്തോളമുണ്ടെന്നതിൽ സംശയമുണ്ടെനിക്ക്… അവരുടെ റിപ്പോർട്ടുകൾ മിക്കതും ഉപരിപ്ലവവും അപൂർണ്ണവുമാണ്… നമ്മുടെ അൾട്രാ സിസ്റ്റം ഉപയോഗിച്ച് ഡീ-കോഡ് ചെയ്തെടുക്കുന്ന സന്ദേശങ്ങളിൽ
നിന്നായിരിക്കും കൂടുതൽ വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുക എന്നെനിക്ക് തോന്നുന്നു…”
“യോജിക്കുന്നു സർ…” മൺറോ ഒന്ന് സംശയിച്ചു. “അവരുടെ സന്ദേശങ്ങൾ എനിഗ്മാ മെഷീൻ വഴി പ്രോസസ്
ചെയ്യുന്നില്ലെങ്കിൽ പിന്നെ ഡീ-കോഡിങ്ങിന്റെ ആവശ്യമേ വരുന്നില്ല… അങ്ങനെയാവുമ്പോൾ കാര്യങ്ങൾ എളുപ്പമാകും…”
“എക്സാക്റ്റ്‌ലി…” ഐസൻഹോവർ അല്പം മുന്നോട്ട് വന്നു. “കഴിഞ്ഞയാഴ്ച്ച നിങ്ങളെനിക്കൊരു
റിപ്പോർട്ട് അയച്ചു തന്നില്ലേ… എനിക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല… റോമലിന്റെ നേതൃത്വത്തിൽ ഒരു സ്റ്റാഫ് കോൺഫറൻസ് ഉടൻ തന്നെ നടക്കാൻ പോകുന്ന
കാര്യം… അറ്റ്ലാന്റിക്ക് പ്രതിരോധനിരയാണ് അവരുടെ മുഖ്യ
ചർച്ചാ വിഷയം എന്നും…”
“ശരിയാണ് ജനറൽ… ബ്രിറ്റനിയിലുള്ള ഷറ്റോ ഡു വോൺകോർട്ട് എന്ന കൊട്ടാരത്തിൽ വച്ച്…”
“ഒരു കാര്യം കൂടി നിങ്ങളതിൽ
സൂചിപ്പിച്ചിരുന്നു… ആ കോൺഫറൻസിൽ നുഴഞ്ഞു കയറാൻ കഴിവുള്ള ഒരു ഏജന്റ്
നിങ്ങൾക്കവിടെയുണ്ടെന്നും…”
“ശരിയാണ് ജനറൽ…” മൺറോ തല കുലുക്കി.
“മൈ ഗോഡ്…! ആ മീറ്റിങ്ങ് ഹാളിലെ ചുമരിൽ ഇരിക്കുന്ന ഒരു ഈച്ചയെങ്കിലും ആകാൻ കഴിഞ്ഞിരുന്നെങ്കിൽ
എന്നാഗ്രഹിച്ചു പോകുന്നു… റോമലിന്റെ ചിന്തകളും ഉദ്ദേശ്യങ്ങളും അറിയുവാൻ സാധിച്ചേനെ…” ഒരു കൈ അദ്ദേഹം മൺറോയുടെ ചുമലിൽ വച്ചു. “ഇതിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന്
മനസ്സിലാവുന്നുണ്ടോ നിങ്ങൾക്ക്…? മൂന്ന് മില്യൻ സൈനികർ, ആയിരക്കണക്കിന് കപ്പലുകൾ… കൃത്യമായ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല നമുക്ക്…”
“തീർച്ചയായും ജനറൽ…”
“എന്നെ നിരാശപ്പെടുത്തരുത്
ബ്രിഗേഡിയർ…”
അദ്ദേഹം തിരിഞ്ഞ് വീണ്ടും
മാപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പതുക്കെ പുറത്തിറങ്ങിയ മൺറോ സ്റ്റെയർകെയ്സ് ഇറങ്ങി
താഴെയെത്തി തന്റെ കോട്ടും ഹാറ്റും എടുത്ത് പാറാവുകാരനെ നോക്കി തലയാട്ടിയ ശേഷം തന്റെ
കാറിനരികിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ക്യാപ്റ്റൻ ജാക്ക് കാർട്ടർ പിൻസീറ്റിൽ
ഇരിക്കുന്നുണ്ടായിരുന്നു. ഡൺകിർക്ക് യുദ്ധത്തിൽ വച്ച് ഒരു കാൽ നഷ്ടമായ അദ്ദേഹം കൃത്രിമക്കാലിന്റെയും
വാക്കിങ്ങ് സ്റ്റിക്കിന്റെയും സഹായത്തോടെയാണ് നടക്കുന്നത്.
“എല്ലാം ഓകെയാണോ സർ…?” കാർ മുന്നോട്ട് നീങ്ങവെ കാർട്ടർ ചോദിച്ചു.
അവരുടെ സംഭാഷണം ഡ്രൈവർ
കേൾക്കാതിരിക്കാനായി മുന്നിലെ ഗ്ലാസ് പാനൽ സ്ലൈഡ് ചെയ്ത് അദ്ദേഹം അടച്ചു. “ഡു വോൺകോർട്ട്
കോൺഫറൻസിന് അത്യന്തം പ്രാധാന്യം കൈവന്നിരിക്കുന്നു… എത്രയും
പെട്ടെന്ന് ആൻ മേരി ട്രെവോൺസുമായി ബന്ധപ്പെടുക… അവളെ പിക്ക്
ചെയ്യാൻ ഒരു ലൈസാൻഡർ ഏർപ്പാടാക്കണം… മൂന്നു ദിവസത്തിനുള്ളിൽ… എനിക്ക് നേരിൽ സംസാരിക്കണം അവളോട്… അവിടെയുള്ളവരോട്
പാരീസിലേക്ക് പോകുകയാണെന്ന് പറഞ്ഞാൽ മതിയെന്ന് പറയൂ…”
“ശരി, സർ…”
എനിതിങ്ങ് എൽസ് ഐ നീഡ്
റ്റു നോ…?”
“കോൾഡ് ഹാർബർ പ്രോജക്ടുമായി
ബന്ധപ്പെട്ട് ഒരു സന്ദേശമുണ്ടായിരുന്നു സർ… OSS ന് ഇന്നലെ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു… ബ്രിറ്റനിയിലെ SD ചീഫ് ജനറൽ ഡൈട്രിച്ചിനെ അവരുടെ ഒരു ഏജന്റ് ഇന്നലെ
വകവരുത്തി… കാലാവസ്ഥ മോശമായതനിനാൽ അയാളെ തിരിച്ചു കൊണ്ടുവരാൻ
ഏർപ്പാടാക്കിയിരുന്ന ലൈസാൻഡറിന് പറന്നുയരാൻ സാധിച്ചില്ല… അതുകൊണ്ട് അവർ നമ്മുടെ സഹായം അഭ്യർത്ഥിച്ചു…”
“ഇത്തരം സഹായാഭ്യർത്ഥനകളാണ്
എനിക്കിഷ്ടമല്ലാത്തത്, ജാക്ക്…”
“അറിയാം സർ… പക്ഷേ, ആ സന്ദേശം കമാൻഡർ ഹെയറിന് നേരിട്ട് ലഭിക്കുകയായിരുന്നു… ഗ്രോസ്നെസ് പോയിന്റിൽ ചെന്ന് അദ്ദേഹം ആ ഏജന്റിനെ പിക്ക് ചെയ്തു… ഒരു മേജർ ഓസ്ബോൺ…”
ഒരു നിമിഷം അമ്പരന്നു
പോയ മൺറോയുടെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. “ക്രെയ്ഗ് ഓസ്ബോൺ…?”
“എന്ന് തോന്നുന്നു സർ…”
“മൈ ഗോഡ്, അയാൾ ഇപ്പോഴും
ഇവിടെയുണ്ടോ…? ഭാഗ്യമുണ്ട് അയാൾക്ക്… SOE യിൽ എനിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നവരിൽ ഏറ്റവും മിടുക്കനായ
വ്യക്തി…”
“അപ്പോൾ ഹാരി മാർട്ടിനോയോ
സർ…?”
“ഓൾറൈറ്റ്… അയാളെയും ഞാൻ മറന്നിട്ടില്ല… മിടുക്കനായ മറ്റൊരു അമേരിക്കക്കാരൻ… ആട്ടെ, ഓസ്ബോൺ ഇപ്പോൾ കോൾഡ് ഹാർബറിലുണ്ടോ…?”
“യെസ് സർ…”
“റൈറ്റ്… അടുത്തു കാണുന്ന ടെലിഫോൺ ബൂത്തിൽ നിർത്തൂ… ക്രോയ്ഡണിലെ RAFന്റെ ചീഫ് ഓഫീസറെ വിളിക്കുക… ഒരു മണിക്കൂറിനകം എനിക്കൊരു ലൈസാൻഡർ വേണമെന്ന് പറയണം… ടോപ് പ്രിയോറിറ്റി… ഇവിടുത്തെ കാര്യവും ആൻ മേരി വിഷയവും നിങ്ങൾ കൈകാര്യം
ചെയ്യുക… ക്രെയ്ഗ് ഓസ്ബോണിനെ കാണാനായി ഞാൻ കോൾഡ് ഹാർബറിലേക്ക്
പോകുകയാണ്…”
“അയാളെക്കൊണ്ട് നമുക്ക്
പ്രയോജനം ഉണ്ടെന്നാണോ താങ്കൾ കരുതുന്നത് സർ…?”
“ഓ, യെസ് ജാക്ക്… തീർച്ചയായും…” പുറത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് മൺറോ
പറഞ്ഞു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അങ്ങനെ ഓസ്‌ബോണ് വീണ്ടും പണി
ReplyDeleteആനി ചേച്ചി തയ്യാർ ആണല്ലോ അല്ലെ
രണ്ട് പേർക്കും നല്ല പണിയാണ് കിട്ടാൻ പോകുന്നത്...
Deleteചതിയും പുകമറ സൃഷ്ടിക്കലും. എതിർ ഭാഗത്തും ഇത്തരം നീക്കങ്ങൾ ഉണ്ടാകും
ReplyDeleteതീർച്ചയായും... ഒരു സംശയവും വേണ്ട സുകന്യാജീ...
Deleteഗൂഢാലോചനകളുടെ ഒരു കേന്ദ്രമാണ് കോൾഡ് ഹാർബർ എന്നു തോന്നുന്നു.
ReplyDeleteഅതെ... ജർമ്മൻ പതാക വഹിക്കുന്ന ക്രീഗ്സ്മറീൻ E- ബോട്ടും സ്റ്റോർക്ക്, ജങ്കേഴ്സ് തുടങ്ങിയ വിമാനങ്ങളും ഒക്കെയായി ഒരു ഗംഭീര സെറ്റപ്പ്...
Delete"ചതി… ചതിയിലാണ് മേജർ, ഈ കളിയുടെ വിജയമിരിക്കുന്നത്…"
ReplyDeleteഅതെ...
Delete