കപ്പലിന്റെ വടം ഹാർബറുമായി
ബന്ധിപ്പിക്കുന്ന തിരക്കിൽ ക്രൂ മുഴുകവെ മാർട്ടിൻ ഹെയറും ക്രെയ്ഗ് ഓസ്ബോണും താഴെയിറങ്ങി
കല്ല് പാകിയ ജെട്ടിയിലൂടെ പുറത്തേക്ക് നടന്നു.
“ഇവിടെയുള്ള വീടുകൾ എല്ലാം
ഒരേ മാതൃകയിലാണല്ലോ പണികഴിപ്പിച്ചിരിക്കുന്നത്…” ക്രെയ്ഗ്
നിരീക്ഷിച്ചു.
“അതെ…” ഹെയർ പറഞ്ഞു. “പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നാടുവാഴിയായിരുന്ന
സർ വില്യം ഷെവ്‌ലി പണികഴിപ്പിച്ചതാണ് ഈ വീടുകളെല്ലാം… അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ്, കോട്ടേജുകൾ, ഹാർബർ, ബോട്ടുജെട്ടി
തുടങ്ങി സകലതും… കള്ളക്കടത്തായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവരുമാന
മാർഗ്ഗം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്… ബ്ലാക്ക് ബിൽ എന്നായിരുന്നത്രെ അദ്ദേഹം അറിയപ്പെട്ടിരുന്നത്…”
“അതുശരി… അപ്പോൾ തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കൊരു കവാടവും അതോടൊപ്പം മറയും
ആയിട്ടാണല്ലേ അദ്ദേഹം ഈ മാതൃകാ ഗ്രാമം സൃഷ്ടിച്ചത്…?” ക്രെയ്ഗ്
ചോദിച്ചു.
“എക്സാക്റ്റ്‌ലി… ബൈ ദി വേ, ഇതാണ് ഇവിടുത്തെ പബ്ബ്… നമ്മുടെ
പയ്യന്മാർ ഇപ്പോൾ ഭക്ഷണശാലയായി ഉപയോഗിക്കുന്നു…”
ത്രികോണാകൃതിയിലുള്ള മുഖപ്പുകൾ
ഉള്ള ഒറ്റനിലക്കെട്ടിടമായിരുന്നു അത്. തടി
കൊണ്ട് നിർമ്മിച്ച ചെറിയ പാനലുകളും അഴികളും ഉള്ള ജാലകങ്ങൾ അതിന് ഒരു എലിസബത്തൻ പ്രതീതി
നൽകി.
“ഇത് ജോർജിയൻ എന്ന് പറയാനാവില്ല… ട്യൂഡോർ ശൈലിയാണെന്നാണ് എനിക്ക് തോന്നുന്നത്…” ക്രെയ്ഗ് അഭിപ്രായപ്പെട്ടു.
“ഇതിനുള്ളിലെ മുറികളെല്ലാം
മദ്ധ്യകാലഘട്ട ശൈലിയിലുള്ളതാണ്… ഒരു സത്രം പോലെ…” പുറത്ത്
കിടന്നിരുന്ന ഒരു ജീപ്പിനുള്ളിലേക്ക് ചാടിക്കയറിക്കൊണ്ട് ഹെയർ പറഞ്ഞു. “വരൂ, നേരത്തെ
പറഞ്ഞ ആ ബംഗ്ലാവ് ഞാൻ കാണിച്ചു തരാം…”
ആ സത്രത്തിന്റെ വാതിലിന് മുകളിലെ സൈൻ ബോർഡിലേക്ക് തലയുയർത്തി നോക്കി ക്രെയ്ഗ് വായിച്ചു. “The Hanged Man…”
“തികച്ചും അനുയോജ്യം…” എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകൊണ്ട് ഹെയർ പറഞ്ഞു. “വാസ്തവത്തിൽ ഇത് പുതിയതാണ്
… പഴയത് ദ്രവിച്ച് വീഴാറായിരുന്നു… കൈകൾ കൂട്ടിക്കെട്ടി നാക്കും പുറത്തിട്ട് കയറിന്റെ അറ്റത്ത് തൂങ്ങിയാടുന്ന
ഒരു പാവത്താന്റെ ചിത്രമായിരുന്നു അന്നുണ്ടായിരുന്നത്…”
ജീപ്പ് മുന്നോട്ട് നീങ്ങവെ
ക്രെയ്ഗ് തിരിഞ്ഞ് ഒരിക്കൽക്കൂടി ആ സൈൻ ബോർഡിലേക്ക് നോക്കി. വലതു കണങ്കാലിൽ കെട്ടിയ
കയറിൽ തലകീഴായി കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം. തൂക്കുമരത്തിൽ കിടക്കുന്ന
അയാളുടെ മുഖം തികച്ചും ശാന്തമാണ്. തലയ്ക്ക് ചുറ്റും ഒരു പ്രഭാവലയം.
“ഇതൊരു ടാരോ കാർഡിലെ
ചിത്രമാണെന്ന കാര്യം അറിയാമോ നിങ്ങൾക്ക്…?” ക്രെയ്ഗ് ചോദിച്ചു.
“തീർച്ചയായും… ബംഗ്ലാവിന്റെ സൂക്ഷിപ്പുകാരി മദാം ലെഗ്രാൻഡ് വരപ്പിച്ചതാണത്… ഇതിനോടൊക്കെ അല്പം താല്പര്യമുള്ള കൂട്ടത്തിലാണ് അവർ…”
“ലെഗ്രാൻഡ് എന്ന് പറയുമ്പോൾ…? ജൂലി ലെഗ്രാൻഡാണോ…?” ക്രെയ്ഗ് ചോദിച്ചു.
“ദാറ്റ്സ് റൈറ്റ്…” അത്ഭുതത്തോടെ ഹെയർ അദ്ദേഹത്തെ നോക്കി. “അവരെ നിങ്ങൾക്കറിയാമോ…?”
“അവരുടെ ഭർത്താവിനെ എനിക്ക്
പരിചയമുണ്ട്… യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ… സോർബോൺ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി ലെക്ച്ചറർ ആയിരുന്നു… പിന്നീടദ്ദേഹം പാരീസിൽ ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുവാൻ
തുടങ്ങി. 1942ൽ ആണ് അതിന് ശേഷം ഞാനവരെ കാണുന്നത്… ഗെസ്റ്റപ്പോയുടെ
നോട്ടപ്പുള്ളികളായിരുന്ന അവരെ അന്ന് ഫ്രാൻസിൽ നിന്നും പുറത്തു കടക്കാൻ സഹായിച്ചത് ഞാനായിരുന്നു…”
“വെൽ, ഈ പ്രോജക്റ്റ് തുടങ്ങിയ
അന്നു മുതൽ അവർ ഇവിടെയുണ്ട്… SOE യ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു…”
“അവരുടെ ഭർത്താവ് ഹെൻട്രിയോ…?”
“കഴിഞ്ഞ വർഷം ലണ്ടനിൽ
വച്ച് മരണമടഞ്ഞു എന്നാണ് അറിഞ്ഞത്… ഹാർട്ട് അറ്റാക്ക് മൂലം…”
“ഐ സീ…”
അവസാനത്തെ കോട്ടേജും കടന്ന്
അവർ മുന്നോട്ട് നീങ്ങി. “ഇതൊരു ഡിഫൻസ് ഏരിയ ആണ്…” ഹെയർ
പറഞ്ഞു. “സിവിലിയൻസ് എല്ലാം ഇവിടെ നിന്നും ഒഴിഞ്ഞു പോയി… സൈനികർക്ക് താമസിക്കുവാനാണ് ഈ കോട്ടേജുകൾ ഇപ്പോൾ ഉപയോഗിക്കുന്നത്… എന്റെ സംഘാംഗങ്ങളെ കൂടാതെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി റോയൽ
എയർഫോഴ്സിന്റെ ഏതാനും മെക്കാനിക്കുകളും ഇവിടെ തങ്ങുന്നുണ്ട്….”
“വിമാനങ്ങളുമുണ്ടോ ഇവിടെ…? അതെന്തിന്…?”
“പതിവ് ഉപയോഗത്തിന്… ഏജന്റുമാരെ ഡ്രോപ്പ് ചെയ്യുവാനും തിരികെ കൊണ്ടുവരാനും…”
“ഞാൻ കരുതിയത് ടെംസ്ഫോർഡിലെ
സ്പെഷ്യൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ ആണ് അതെല്ലാം കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു…” ഓസ്ബോൺ പറഞ്ഞു.
“അവരും ചെയ്യുന്നുണ്ട്… നോർമൽ കേസുകളിൽ… പക്ഷേ, ഞങ്ങളുടെ ഓപ്പറേഷൻ അല്പം അസാധാരണമാണ്… ഞാൻ കാണിച്ചു തരാം… നമ്മൾ അങ്ങോട്ടാണ് പോകുന്നത്…”
മരങ്ങൾക്കിടയിലൂടെയുള്ള
പാതയിൽ ഒരു വളവു കഴിഞ്ഞതും അവർ വലിയൊരു പുൽമൈതാനത്തിന് സമീപമെത്തി. വാസ്തവത്തിൽ ഒരു
ഗ്രാസ് റൺവേ ആയിരുന്നുവത്. അതിന്റെ ഒരറ്റത്ത് ഒരു ഹാങ്കർ നിർമ്മിച്ചിട്ടുണ്ട്. ഗേറ്റ്
കടന്ന് പുൽമൈതാനത്തിൽ ജീപ്പ് നിർത്തി ഹെയർ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി.
“കണ്ടിട്ട് എന്ത് തോന്നുന്നു…?” ഹെയർ ചോദിച്ചു.
ഹാങ്കറിനുള്ളിൽ നിന്നും
പുറത്തേക്ക് ടാക്സി ചെയ്തു വരുന്ന ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിന്റെ ചിറകുകളിലും ഫ്യൂസലേജിലും
ലുഫ്ത്‌വാഫിന്റെ ചിഹ്നമാണുണ്ടായിരുന്നത്. അതിനെ അനുഗമിച്ചു വന്ന രണ്ട് മെക്കാനിക്കുകൾ
ധരിച്ചിരുന്നത് ലുഫ്ത്‌വാഫിന്റെ കറുത്ത ഓവറോളുകളും. അവർക്ക് പിന്നിൽ ഹാങ്കറിനുള്ളിൽ
ഒരു ജങ്കേഴ്സ് – 88 പോർവിമാനവും കിടക്കുന്നുണ്ടായിരുന്നു.
“മൈ ഗോഡ്…” ക്രെയ്ഗ് മന്ത്രിച്ചു.
“ഞാൻ പറഞ്ഞില്ലേ, ഇവിടുത്തെ
കാര്യങ്ങൾ അല്പം അസാധാരണമാണെന്ന്…”
സ്റ്റോർക്ക് വിമാനത്തിൽ
നിന്നും പുറത്തിറങ്ങിയ പൈലറ്റ് ആ മെക്കാനിക്കുകളോട് എന്തോ സംസാരിച്ചിട്ട് അവർക്ക് നേരെ
നടന്നു വന്നു. ലുത്‌വാഫ് ഫൈറ്റർ പൈലറ്റുമാർ ധരിക്കുന്ന തരം ഫ്ലൈയിങ്ങ് ബൂട്ട്സും നീലയും
ഗ്രേയും നിറങ്ങളിലുള്ള ബാഗി ട്രൗസേഴ്സും ഇറക്കം കുറഞ്ഞ ഫ്ലൈയിങ്ങ് ജാക്കറ്റുമാണ് അയാൾ
അണിഞ്ഞിരുന്നത്. ഇടതു നെഞ്ചിൽ സിൽവർ പൈലറ്റ്സ് ബാഡ്ജും അതിന് മുകളിൽ അയേൺ ക്രോസ് ഫസ്റ്റ്
ക്ലാസ് ബാഡ്ജുമുണ്ട്. വലതു നെഞ്ചിൽ ലുഫ്ത്‌വാഫ് നാഷണൽ എംബ്ലം ആലേഖനം ചെയ്തിരിക്കുന്നു.
എല്ലാം കൂടി ആകർഷണീയമായ രൂപം.
“നൈറ്റ്സ് ക്രോസ് ഒഴികെ
എല്ലാം ഉണ്ടല്ലോ…” ഓസ്ബോൺ നിരീക്ഷിച്ചു.
“അതെ… ഭാവനാലോകത്താണ് ആ പയ്യൻ ജീവിക്കുന്നതെന്ന് പറയാം…” ഹെയർ പറഞ്ഞു. “എന്റെ അഭിപ്രായത്തിൽ ഒരു മനോരോഗി… എങ്കിലും, ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്ത് രണ്ട് DFC മെഡലുകൾ നേടിയെടുത്തിട്ടുണ്ട്…”
ആ പൈലറ്റ് അവർക്കരികിലെത്തി.
ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സ് മതിയ്ക്കുന്ന ആ ചെറുപ്പക്കാരന്റെ മുടി ഏതാണ്ട് മുഴുവനും
വെള്ളി നിറമായിരുന്നുവെന്ന് പറയാം. സദാസമയവും പുഞ്ചിരിക്കുന്നുണ്ടെങ്കിലും ശാശ്വതമായ
ഒരു ക്രൂരഭാവം ആ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്. നിർവ്വികാരത നിഴലിക്കുന്ന കണ്ണുകൾ.
“ഫ്ലൈറ്റ് ലെഫ്റ്റനന്റ്
ജോ എഡ്ജ്… മേജർ ക്രെയ്ഗ് ഓസ്ബോൺ…” ഹെയർ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി.
ആകർഷകമായി പുഞ്ചിരിച്ചു
കൊണ്ട് എഡ്ജ് ഹസ്തദാനത്തിനായി കൈ നീട്ടി. “ഒരു കള്ള ലക്ഷണമുണ്ടല്ലോ…”
ഒറ്റനോട്ടത്തിൽ തന്നെ
ക്രെയ്ഗിന് ഒട്ടും ഇഷ്ടമായില്ല അയാളെ. എങ്കിലും അത് പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചു
അദ്ദേഹം. “വലിയ സെറ്റപ്പ് തന്നെയാണല്ലോ ഇവിടെ…”
“യെസ്… സ്റ്റോർക്കിന് എവിടെ വേണമെങ്കിലും ലാന്റ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും
സാധിക്കും… എന്റെയഭിപ്രായത്തിൽ ലൈസാൻഡറിനേക്കാൾ ഭേദമാണ്…” എഡ്ജ് പറഞ്ഞു.
“പക്ഷേ, ഇതിലെ എംബ്ലം
വിചിത്രമായിരിക്കുന്നു… ലുഫ്ത്‌വാഫിന്റേതാണല്ലോ…”
എഡ്ജ് പൊട്ടിച്ചിരിച്ചു.
“അത് പലപ്പോഴും ഉപയോഗപ്രദമാണ്… കഴിഞ്ഞ മാസം ഒരു നാൾ മോശം കാലാവസ്ഥയിൽ പറന്നുകൊണ്ടിരിക്കെ
ഇന്ധനം തീരുമെന്ന് അവസ്ഥ വന്നു… ഗ്രാൻവിലേയിലുള്ള ലുഫ്ത്‌വാഫ് ഫൈറ്റർ ബേസിൽ ഞാൻ
പോയി ലാന്റ് ചെയ്തു… ഒരു ചോദ്യവുമില്ലാതെ തന്നെ അവർ എനിക്ക് ഇന്ധനം
നിറച്ചു തരികയും ചെയ്തു…”
“ഞങ്ങളുടെ പക്കൽ ചില വ്യാജ
അധികാരപത്രങ്ങളൊക്കെയുണ്ട്… SS സെക്യൂരിറ്റിയ്ക്ക് വേണ്ടിയുള്ള സ്പെഷ്യൽ അസൈന്മെന്റിലാണ്
ഞങ്ങളെന്ന് കാണിച്ചുകൊണ്ട് ഹിംലർ കൈയൊപ്പ് ചാർത്തിയ ഓർഡർ… ഫ്യൂറർ അതിൽ കൗണ്ടർസൈനും ചെയ്തിട്ടുണ്ട്… അതിനെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല…” ഹെയർ പറഞ്ഞു.
“അന്നെന്നെ മെസ്സിൽ കൊണ്ടുപോയി
ഡിന്നർ പോലും കഴിപ്പിച്ചിട്ടാണ് അവർ യാത്രയാക്കിയത്…” എഡ്ജ്
ക്രെയ്ഗിനോട് പറഞ്ഞു. “എന്റെ അമ്മ ഒരു ജർമ്മൻകാരി ആയതുകൊണ്ട് ജർമ്മൻഭാഷ അനായാസം സംസാരിക്കാൻ
കഴിയുമെനിക്ക്… അതും വലിയൊരു സഹായമാണ്…” അയാൾ ഹെയറിന് നേർക്ക് തിരിഞ്ഞു. “ബംഗ്ലാവ് വരെ ഒരു ലിഫ്റ്റ് തരാമോ
എനിക്ക്…? ലണ്ടനിൽ നിന്നും ബോസ് വരുന്നുണ്ടെന്ന് കേട്ടു…”
“അതെനിക്ക് അറിയില്ലായിരുന്നു…” ഹെയർ പറഞ്ഞു. “കയറിക്കോളൂ…”
എഡ്ജ് കാറിന്റെ ബാക്ക്
ഡോർ തുറന്ന് ഉള്ളിൽ കയറി. വാഹനം മുന്നോട്ട് നീങ്ങവെ ക്രെയ്ഗ് ചോദിച്ചു. “നിങ്ങളുടെ
മാതാവ് ഇപ്പോൾ ഇവിടെയാണോ ഉള്ളത്…?”
“അതെയതെ… വിധവയാണ്… ഹാംസ്റ്റെഡിൽ താമസിക്കുന്നു… അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ എന്താണെന്നറിയുമോ…? ബ്രിട്ടീഷ് അധിനിവേശത്തിനായി തയ്യാറെടുപ്പുകൾ നടത്തിയ ഹിറ്റ്‌ലർക്ക്
1940ൽ ബക്കിങ്ങ്ഹാം കൊട്ടാരം പിടിച്ചടക്കാൻ സാധിച്ചില്ല എന്നത്…”
അയാൾ ഉറക്കെ ചിരിച്ചു.
അയാളോടുള്ള വെറുപ്പ് ഒന്നുകൂടി അധികരിച്ച ക്രെയ്ഗ് തല തിരിച്ചു. “ഞാൻ ആലോചിക്കുകയായിരുന്നു… നിങ്ങൾ പറഞ്ഞത് SOEയുടെ സെക്ഷൻ-D ആണ് ഇതെല്ലാം ഓപ്പറേറ്റ് ചെയ്യുന്നതെന്നതല്ലേ… എന്ന് വച്ചാൽ ആ പഴയ ഡെർട്ടി ട്രിക്ക്സ് ഡിപ്പാർട്ട്മെന്റാണോ…?” അദ്ദേഹം ഹെയറിനോട് ചോദിച്ചു.
“ദാറ്റ്സ് റൈറ്റ്…”
“ഡോഗൽ മൺറോ തന്നെയാണോ
ഇപ്പോഴും അതിന്റെ ഇൻ ചാർജ്…?”
“അദ്ദേഹത്തെയും നിങ്ങൾക്കറിയാമെന്നോ…!”
“ഓ, യെസ്…” ക്രെയ്ഗ് പറഞ്ഞു. “തുടക്കത്തിൽ ഞാൻ SOE യ്ക്ക് വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്… അമേരിക്ക യുദ്ധത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്… പല ദൗത്യങ്ങളിലും ഞാനും ഡോഗലും സഹകരിച്ചിട്ടുണ്ട്… കണ്ണിൽ ചോരയില്ലാത്ത ബാസ്റ്റർഡ്…”
“അങ്ങനെയൊക്കെയേ യുദ്ധം
ജയിക്കാൻ കഴിയൂ, മനുഷ്യാ…” പിന്നിലെ സീറ്റിൽ നിന്നും എഡ്ജ് പറഞ്ഞു.
“ഐ സീ… അപ്പോൾ ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് നിങ്ങൾ അല്ലേ…?” ക്രെയ്ഗ് ചോദിച്ചു.
“ഞാൻ വിചാരിച്ചത് നമ്മൾ
എല്ലാം ആ ഗണത്തിൽപ്പെട്ടവരാണെന്നായിരുന്നു…” എഡ്ജ് പറഞ്ഞു.
ഒരു നിമിഷം, കുമ്പസാരക്കൂടിന്റെ
ഗ്രില്ലുകൾക്കപ്പുറം ഇരിക്കുന്ന ജനറൽ ഡൈട്രിച്ചിന്റെ ഭയന്നു വിറയ്ക്കുന്ന മുഖം ക്രെയ്ഗിന്റെ
ഓർമ്മയിൽ തെളിഞ്ഞു. അസ്വസ്ഥതയോടെ അദ്ദേഹം തല തിരിച്ചു.
“മൺറോ… ഒരു മാറ്റവുമില്ല അദ്ദേഹത്തിന്… എന്ത്
ചെയ്തും വിജയം കൈവരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രമാണം… അധികം വൈകാതെ തന്നെ കണ്ട് മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റുമെന്ന് തോന്നുന്നു…” ഹെയർ പറഞ്ഞു.
കോമ്പൗണ്ട് ഗേറ്റ് കടന്ന്
ജീപ്പ് ആ ബംഗ്ലാവിന്റെ മുറ്റത്ത് ബ്രേക്ക് ചെയ്തു. കരിങ്കല്ലുകൾ കൊണ്ട് പടുത്തുയർത്തിയ
ഒരു മൂന്നു നില കെട്ടിടം. വളരെ പഴക്കമുള്ള ഒരു നിർമ്മിതി. ശാന്തമായ അന്തരീക്ഷം. യുദ്ധം
അതിനെ ബാധിച്ചിട്ടേയില്ല.
“ഈ ബംഗ്ലാവിനെന്തെങ്കിലും
പേരുണ്ടോ…?” ക്രെയ്ഗ് ചോദിച്ചു.
“ഗ്രാൻസെസ്റ്റർ ആബി… പ്രൗഢമായ പേര് തന്നെ…” എഡ്ജ് പറഞ്ഞു.
“അങ്ങനെ നാം ഇവിടെയെത്തി…” ജീപ്പിൽ നിന്നും പുറത്തിറങ്ങിക്കൊണ്ട് ഹെയർ പറഞ്ഞു. “സിംഹം ഈ മടയിലുണ്ടോ
എന്ന് നോക്കാം നമുക്ക്…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
സിംഹത്തിനെ അതിൻ്റെ മടയിൽ തന്നെ പോയി കാണണം
ReplyDeleteഅതെയതെ... നമുക്കെല്ലാം സുപരിചിതനായ ബ്രിഗേഡിയർ ഡോഗൽ മൺറോ എന്ന സിംഹം...
Deleteജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ.
ReplyDeleteകണ്ണിൽ ചോരയില്ലാത്തവർ എന്നും പറയാം...
Deleteഡോഗൽ മൺറോ! ആർക്കാണ് അയാളെ അറിയില്ലാത്തത്..!!
ReplyDeleteനമ്മുടെ ഉണ്ടാപ്രിയ്ക്കും ശ്രീക്കുട്ടനും ആളെ അത്ര പരിചയമില്ലാന്ന് തോന്നുന്നു...
Deleteസിംഹം അടുത്ത ലക്കത്തിൽ വരുമായിരിക്കും...!
ReplyDeleteതീർച്ചയായും ടീച്ചർ...
Delete