Friday, February 28, 2025

കോൾഡ് ഹാർബർ - 30

തലേന്ന് രാത്രി തന്നെ ചോദ്യം ചെയ്യാൻ വന്നവരൊക്കെ എവിടെപ്പോയി എന്ന് അവൾ അത്ഭുതപ്പെടാതിരുന്നില്ല. സ്റ്റെയർകെയ്സ് വഴി താഴേക്കിറങ്ങവെ ആരെയും തന്നെ അവിടെങ്ങും കാണുവാനുണ്ടായിരുന്നില്ല. ലൈബ്രറിയിൽ ചെന്നപ്പോൾ നെരിപ്പോടിനരികിൽ നിന്ന് പത്രം വായിക്കുന്ന ക്രെയ്ഗിനെയാണ് അവൾ കണ്ടത്.

 

അവളെ കണ്ടതും അദ്ദേഹം തലയുയർത്തി നോക്കി. “നേരെ ചെന്നോളൂ ഏറ്റവും ഒടുവിൽ കാണുന്ന വാതിൽ

 

ലൈബ്രറിയുടെ അറ്റത്തുള്ള ആ വാതിലിന് മുന്നിൽ ചെന്ന് ഒരു നിമിഷം നിന്നിട്ട് അവൾ ഡോറിൽ മുട്ടി. ഉള്ളിൽ നിന്ന് യാതൊരു പ്രതികരണവുമില്ല. ഒന്ന് സംശയിച്ചിട്ട് വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കയറി. ജാലകങ്ങളൊന്നും ഇല്ലാത്ത ഒരു ചെറിയ ഓഫീസ്. അതിന്റെ മൂലയ്ക്ക് മറ്റൊരു വാതിൽ കാണാനുണ്ട്. മൺറോയുടെ ബർബെറി ഓവർകോട്ട് ഒരു കസേരയുടെ മുകളിൽ വിരിച്ചിട്ടിട്ടുണ്ട്. മേശപ്പുറത്ത് വച്ചിരിക്കുന്ന ബ്രീഫ്കെയ്സിനടിയിൽ നിന്നും ഒരു വലിയ ഭൂപടം താഴോട്ട് തൂങ്ങിക്കിടക്കുന്നു. അതെന്താണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി. ഫ്രഞ്ച് തീരത്തിന്റെ ഒരു സെക്ഷൻ. Preliminary Targets, D-Day എന്നായിരുന്നു ആ ഭൂപടത്തിന്റെ തലക്കെട്ട്. അതിലേക്ക് നോക്കിക്കൊണ്ട് നിൽക്കവെ വാതിൽ തുറന്ന് മൺറോ ഉള്ളിലേക്ക് വന്നു.

 

“ആഹാ, എത്തിയോ?” സ്വാഗതമോതിയ അദ്ദേഹം പിന്നെയാണ് ശ്രദ്ധിച്ചത് അവൾ ആ ഭൂപടം നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്നത്. പെട്ടെന്ന് അവൾക്കരികിലെത്തിയ അദ്ദേഹം ആ മാപ്പ് മുകളിലേക്ക് ചുരുട്ടി. താൻ ആ മാപ്പ് നോക്കിക്കൊണ്ട് നിന്നതിൽ അദ്ദേഹത്തിന് നീരസം ഉള്ളത് പോലെ തോന്നി. എങ്കിലും അതേക്കുറിച്ച് ഒന്നും പറയാൻ നിൽക്കാതെ ആ ഭൂപടം ബ്രീഫ്കെയ്സിനുള്ളിൽ വച്ച് അടച്ചിട്ട് അദ്ദേഹം തിരിഞ്ഞു. “നിങ്ങളുടെ പുതിയ രൂപം ഗംഭീരമായിരിക്കുന്നല്ലോ

 

“എന്ന് എനിയ്ക്കും തോന്നുന്നു” ജെനവീവ് പറഞ്ഞു.

 

“കഴിഞ്ഞ രാത്രിയിൽ അവർ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ?” അദ്ദേഹം പുഞ്ചിരിച്ചു. “വേണ്ട, മറുപടി പറയണ്ട ക്രെയ്ഗിന്റെ പ്രവർത്തനരീതി എനിക്കറിയാം” കൈകൾ പിറകിൽ കെട്ടി മേശയ്ക്കരികിൽ നിന്ന അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന് ഗൗരവഭാവം ചേക്കേറി. “നിങ്ങളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല ഇതെന്ന് എനിക്കറിയാം പക്ഷേ, ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല മഹത്തായ ആ ദിനത്തിൽ നമ്മുടെ യൂറോപ്പ് അധിനിവേശം ആരംഭിക്കുമ്പോൾ കടൽത്തീരത്തെ പോരാട്ടത്തെ ആശ്രയിച്ചിരിക്കും നമ്മുടെ വിജയം അവിടെ നമുക്ക് മേൽക്കൈ നേടാനായാൽ പിന്നെ എല്ലാം ഏതാനും ദിവസങ്ങളുടെ കാര്യം മാത്രം നമുക്കെന്നത് പോലെ ജർമ്മൻകാർക്കും അക്കാര്യം നന്നായിട്ടറിയാം

 

തന്റെ മുന്നിൽ സന്നിഹിതരായിരിക്കുന്ന യുവസൈനിക ഓഫീസർമാരുടെ ബാച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. “അതുകൊണ്ടാണ് അറ്റ്ലാന്റിക്ക് പ്രതിരോധ നിരയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതനായി ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെത്തന്നെ അവർ നിയോഗിച്ചിരിക്കുന്നത് ഈ വാരാന്ത്യത്തിൽ അവിടെ നടക്കുന്ന കോൺഫറൻസിൽ നിന്നും നിങ്ങൾ ചോർത്തിയെടുക്കുന്ന വിവരങ്ങൾ എത്ര ചെറുതാണെങ്കിൽ പോലും അതിന്റെ പ്രാധാന്യം എത്രകണ്ട് വലുതാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ

 

“തീർച്ചയായും… എന്റെ കൈയിലെ മാന്ത്രികദണ്ഡ് ഒന്ന് ചുഴറ്റേണ്ട ആവശ്യമേയുള്ളൂ, നിങ്ങൾക്ക് യുദ്ധം ജയിക്കാൻ” പരിഹാസ ഭാവത്തിൽ അവൾ പറഞ്ഞു.

 

അദ്ദേഹം മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ഇതാണ് ജെനവീവ് നിങ്ങളിൽ ഞാൻ ഇഷ്ടപ്പെടുന്നത് ഈ നർമ്മബോധം” കസേരയിൽ നിന്നും അദ്ദേഹം തന്റെ കോട്ട് എടുത്തു. “വെൽ, എനിക്ക് പോകാൻ സമയമായി

 

“അല്ലെങ്കിലും നമുക്ക് എല്ലാവർക്കും സമയമായല്ലോ പോകാൻ” അവൾ പറഞ്ഞു. “പറയൂ ബ്രിഗേഡിയർ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടോ? ഇതിൽ നിന്നും മാനസിക സംതൃപ്തി ലഭിക്കുന്നുണ്ടോ നിങ്ങൾക്ക്?”

 

തന്റെ ബ്രീഫ്കെയ്സ് കൈയിലെടുത്തിട്ട് അദ്ദേഹം അവളെ ഒന്ന് നോക്കി. തികച്ചും നിർവ്വികാരമായിരുന്നു ആ മുഖം. “ഗുഡ്ബൈ മിസ് ട്രെവോൺസ്ഐ ലുക്ക് ഫോർവേഡ് റ്റു ഹിയറിങ്ങ് ഫ്രം യൂ” ഔപചാരിക മട്ടിൽ പറഞ്ഞിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


6 comments:

  1. എന്റെ കൈയിലെ മാന്ത്രികദണ്ഡ് ഒന്ന് ചുഴറ്റേണ്ട ആവശ്യമേയുള്ളൂ, നിങ്ങൾ യുദ്ധം ജയിച്ചിരിക്കും.. എന്താലേ..

    ReplyDelete
    Replies
    1. അത് ജെനവീവ് ബ്രിഗേഡിയർ മൺറോയ്ക്ക് ഒരു കൊട്ട് കൊടുത്തതല്ലേ...

      Delete
  2. "നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടോ…? ഇതിൽ നിന്നും മാനസിക സംതൃപ്തി ലഭിക്കുന്നുണ്ടോ നിങ്ങൾക്ക്…?”

    ബ്രിഗേഡിയർക്ക് മാത്രമല്ല, ഏതൊരാൾക്കും ബാധകമായ ചോദ്യം!!

    ReplyDelete
    Replies
    1. അതെ... ജോലിയിൽ ഇരിക്കുമ്പോൾ ആരും അതിൽ സംതൃപ്തരല്ല...

      Delete
  3. ചെറിയ വിവരങ്ങൾക്കും വലിയ പ്രാധാന്യം..

    ReplyDelete
    Replies
    1. തീർച്ചയായും... ജർമ്മൻ സേനയുടെ ഓരോ നീക്കവും സഖ്യകക്ഷികൾക്ക് പ്രധാനമാണ്...

      Delete