Thursday, March 13, 2025

കോൾഡ് ഹാർബർ - 32

രാവിലെ മുതൽ ക്രെയ്ഗ് നൽകിയ ഫയലുകൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ജെനവീവ്. ഉച്ചഭക്ഷണ സമയത്ത് പബ്ബിലേക്ക് പോകുമെന്ന് ജൂലി പറഞ്ഞിരുന്നു. ഉച്ചയോടടുത്തതും ഫയൽ അടച്ചു വച്ച് അവൾ എഴുന്നേറ്റു. ഹാളിലെ കബോർഡിൽ തൂക്കിയിട്ടിരുന്ന ഒരു ഷീപ്‌സ്കിൻ ജാക്കറ്റ് എടുത്തണിഞ്ഞ് അവൾ പുറത്തിറങ്ങി.

 

ഹാർബറിലെ ഡോക്കിൽ നിന്നുകൊണ്ട് ജെട്ടിയിൽ കിടക്കുന്ന ലിലി മർലിനിലേക്ക് അവൾ നോക്കി. ഏതാനും പേർ ഡെക്ക് കഴുകി വൃത്തിയാക്കുന്നുണ്ട്. വീൽഹൗസിന്റെ ജാലകത്തിലൂടെ മാർട്ടിൻ ഹെയർ പുറത്തേക്ക് നോക്കി.

 

“കപ്പലിൽ ഒന്ന് കയറി നോക്കുന്നോ? വരൂ” അദ്ദേഹം അവളോട് പറഞ്ഞു.

 

“തീർച്ചയായും

 

ഡോക്കിൽ നിന്നും തൂങ്ങിക്കിടക്കുന്ന കയറേണിയിലൂടെ ശ്രദ്ധയോടെ അവൾ താഴേയ്ക്കിറങ്ങി. ഡെക്കിൽ ഉണ്ടായിരുന്നവരിൽ ഒരാൾ അവളെ കപ്പലിലേക്ക് ഇറങ്ങുവാൻ സഹായിച്ചു.

 

“ഇങ്ങോട്ട് വന്നോളൂ” ഹെയർ വിളിച്ചു പറഞ്ഞു.

 

ഡെക്കിൽ നിന്നും ബ്രിഡ്ജിലേക്കുള്ള ഇരുമ്പുഗോവണി വഴി അവൾ മുകളിലേക്ക് കയറി. അവിടെ കാത്തു നിന്നിരുന്ന മാർട്ടിൻ ഹെയർ അവളെ വീൽഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

“കൊള്ളാമല്ലോ ഇവിടം” അവൾ പറഞ്ഞു.

 

“നിങ്ങൾക്ക് ബോട്ടുകൾ ഇഷ്ടമാണോ?”

 

“ഇഷ്ടമാണ് വളരെയേറെ

 

“ജർമ്മൻകാർ ഇതിനെ സ്പീഡ്ബോട്ട് എന്നർത്ഥം വരുന്ന ഷ്നെൽബൂട്ട് എന്നാണ് വിളിക്കുന്നത് അക്ഷരാർത്ഥത്തിൽ അത് ശരിയാണ് താനും സുഖസൗകര്യങ്ങളൊക്കെ അല്പം കുറവാണെങ്കിലും വേഗതയുടെ കാര്യത്തിൽ ഇതിനെ തോൽപ്പിക്കാനാവില്ല” ഹെയർ പറഞ്ഞു.

 

“എന്ത് വേഗതയുണ്ടിതിന്?”

 

“മൂന്ന് ഡെയിംലർ ബെൻസ് ഡീസൽ എഞ്ചിനുകൾ കൂടാതെ ബ്രിട്ടീഷുകാരുടെ കൈയിൽ കിട്ടിയപ്പോൾ നടത്തിയ ചില മോഡിഫിക്കേഷനുകളും കൂടി ആയപ്പോൾ ഏതാണ്ട് നാല്പത്തിയഞ്ച് നോട്ടിക്കൽ മൈൽ വരെ ലഭിക്കുന്നുണ്ട്

 

അവൾ അതിന്റെ കൺട്രോൾ ബോർഡിലൂടെ വിരലോടിച്ചു. “ഈ കപ്പലിൽ കടലിലൊന്ന് ചുറ്റിവരാൻ മോഹം തോന്നുന്നു

 

“വരൂ, എല്ലാം വിശദമായി ഞാൻ കാണിച്ചു തരാം

 

അദ്ദേഹം അവളെ താഴെയുള്ള എഞ്ചിൻ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇടുങ്ങിയ ഇടനാഴികളും വാർഡ്റൂമും ഒക്കെ കാണിച്ചു കൊടുത്തിട്ട് അദ്ദേഹം തന്റെ സ്വന്തം ക്യാബിനിലേക്ക് നയിച്ചു. വളരെ ചെറിയ ഒരു റൂമായിരുന്നു അത്. പിന്നെ അവർ പോയത് ആയുധങ്ങൾ കാണുവാനായിരുന്നു. രണ്ട് ടോർപിഡോ ട്യൂബുകൾ, ഡെക്കിൽ ഘടിപ്പിച്ചിരിക്കുന്ന 20mm ബോഫോഴ്സ് ഗണ്ണുകൾ എന്നിവയെല്ലാം അവൾ സാകൂതം പരിശോധിച്ചു.

 

എല്ലാം കണ്ടു കഴിഞ്ഞതും അവൾ പറഞ്ഞു. “അഭിനന്ദനീയം എന്ന് പറയാതെ വയ്യ തീർത്തും പരിമിതമായ സ്ഥലത്ത് ഇത്രയും ആയുധങ്ങളും വസ്തുവകകളും എത്ര ഭംഗിയായി ക്രമീകരിച്ചു വച്ചിരിക്കുന്നു

 

“സത്യമാണ്” ഹെയർ പറഞ്ഞു. “ജർമ്മൻകാരുടെ കഴിവിനെയും കാര്യക്ഷമതയെയും അംഗീകരിച്ചു കൊടുത്തേ തീരൂ അത് പറയാതിരിക്കാൻ പറ്റില്ല പിന്നെ, എന്റെ അമ്മയും ഒരു ജർമ്മൻകാരിയായിരുന്നു കേട്ടോ

 

“അതിൽ നിങ്ങൾക്ക് നാണക്കേട് തോന്നുന്നുണ്ടോ?” അവൾ ചോദിച്ചു.

 

“ഹിറ്റ്‌ലർ, ഗീബൽസ്, ഹിംലർ എന്നിവരെയോർത്ത് നാണക്കേട് തോന്നാറുണ്ട് എങ്കിലും ഗോയ്ഥേ, ഷില്ലർ, ബീഥോവൻ തുടങ്ങി ഏതാനും ചില നല്ല മനുഷ്യരും ഉണ്ടായിരുന്നു എന്നതിൽ അഭിമാനവും ഉണ്ട്

 

അവൾ മുന്നോട്ടാഞ്ഞ് അദ്ദേഹത്തിന്റെ കവിളിൽ ഒരു മുത്തം നൽകി. “ഐ ലൈക്ക് യൂ മാർട്ടിൻ ഹെയർ

 

അദ്ദേഹം ഊഷ്മളമായി പുഞ്ചിരിച്ചു. “ഏയ്, അതൊന്നും ശരിയാവില്ല നാം തമ്മിൽ ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട് പിന്നീട് നിനക്ക് നിരാശപ്പെടേണ്ടി വന്നേക്കാം

 

“വാഗ്ദാനങ്ങൾ എന്നും അത് മാത്രമേ എനിക്ക് ലഭിക്കാറുള്ളൂ” അവൾ പറഞ്ഞു.

 

“അങ്ങനെ പറയരുത് ഇന്നത്തെ ഉച്ചഭക്ഷണം എന്തായാലും ലഭിച്ചിരിക്കും” അദ്ദേഹം അവളെയും കൂട്ടി ഡോക്കിലേക്ക് കയറാനുള്ള കയറേണിയുടെ സമീപത്തേക്ക് നടന്നു.

 

                                              ***

 

ലിലി മർലിനിലെ മുഴുവൻ നാവികരും ക്രെയ്ഗും ഉൾപ്പെടെ എല്ലാവരും തന്നെ The Hanged Man പബ്ബിൽ ഉണ്ടായിരുന്നു. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജോ എഡ്ജ് ആകട്ടെ എല്ലാവരുമായും സൗഹൃദം പങ്കിടുന്ന മട്ടിൽ അവർക്കിടയിൽ ഓടി നടക്കുന്നു. കിച്ചണിൽ നിന്നും പുറത്തു വന്ന ജൂലി ചൂടുള്ള കോർണിഷ് പേസ്റ്റി ഷ്മിഡ്റ്റിന്റെ പക്കൽ കൊടുത്തു. ബീഫ്, ഉരുളക്കിഴങ്ങ്, സവാള, കുരുമുളക് എന്നിവ ചേർത്ത് ഉണ്ടാക്കിയ സ്വാദിഷ്ടമായ ആ വിഭവം അയാൾ തന്റെ പതിവ് നർമ്മഭാഷണത്തിന്റെ അകമ്പടിയോടെ അവർക്ക് വിതരണം ചെയ്യുവാൻ തുടങ്ങി.

 

ജാലകത്തിനരികിലെ മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ജെനവീവിനും ക്രെയ്ഗിനും ഹെയറിനുമായി മൂന്നെണ്ണം അയാൾ കൊണ്ടുവന്നു. “ജൂതമതചര്യകൾ പാലിച്ച് പാചകം ചെയ്തതാണോ എന്നൊന്നും അറിയില്ല, എന്തായാലും ഇതിന്റെ സുഗന്ധം ഒരു രക്ഷയുമില്ല” അയാൾ പറഞ്ഞു.

 

ക്രെയ്ഗ് അതീവ സന്തുഷ്ടനായി കാണപ്പെട്ടു. ബിയറിനൊപ്പം പേസ്റ്റി കഴിച്ചു കൊണ്ടിരിക്കവെ അദ്ദേഹവും ഹെയറും തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ജെനവീവ് ആകട്ടെ സിഗരറ്റ് പാക്കറ്റിൽ നിന്നും വീണ്ടും ഒരു ജിറ്റാൻ എടുത്ത് തീ കൊളുത്തി പുകയെടുത്തു. അംഗീകരിക്കാൻ മടിയാണെങ്കിലും താൻ സിഗരറ്റ് ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം അവൾ പതിയെ അറിയുകയായിരുന്നു.

 

“എക്സ്ക്യൂസ് മീ ഫോർ എ മോമന്റ് ജൂലിയെ കണ്ട് ഒരു കാര്യം പറയാനുണ്ടായിരുന്നു ഞാൻ പെട്ടെന്ന് തന്നെ വരാം ക്രെയ്ഗ് എഴുന്നേറ്റു.

 

ബാറിന് പിറകിലുള്ള കിച്ചണിലേക്ക് അയാൾ പോയി. ഷ്മിഡ്റ്റ് നൽകിയ പേസ്റ്റി ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ് മാർട്ടിൻ ഹെയർ. ബാറിന്റെ അങ്ങേയറ്റത്തെ മേശയ്ക്ക് മുന്നിൽ തിളങ്ങുന്ന കണ്ണുകളോടെ തന്റെ നേർക്ക് തന്നെ നോക്കിയിരിക്കുന്ന ജോ എഡ്ജിനെ ജെനവീവ് ശ്രദ്ധിക്കാതിരുന്നില്ല. വല്ലാത്തൊരു അസ്വസ്ഥതയാണ് അവൾക്കത് സൃഷ്ടിച്ചത്.

 

“മൈ ഗോഡ്, ഈ പേസ്റ്റിയുടെ സ്വാദ് അപാരം തന്നെ ഒരെണ്ണം കൂടി കഴിച്ചാൽ കൊള്ളാമെന്നുണ്ട്” ഹെയർ എഴുന്നേറ്റു.

 

“എനിക്ക് വേണമെന്നില്ല പുറത്തു പോയി അല്പം ശുദ്ധവായു ശ്വസിക്കണം ഞാൻ ഒന്ന് നടന്നിട്ടു വരാം” ജെനവീവ് പറഞ്ഞു.

 

പുറത്തേക്ക് നടക്കവെ ജോ എഡ്ജിന്റെ കണ്ണുകൾ തന്നെ പിന്തുടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവളുടെയുള്ളിൽ രോഷം നുരഞ്ഞു പൊങ്ങി. അയാളുടെ അസഹ്യമായ ആ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാത്രമാണ് താനിപ്പോൾ പുറത്ത് പോകുന്നത്. മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ തലയും താഴ്ത്തി തിടുക്കത്തിൽ അവൾ നടന്നു. ഒരു നിമിഷം കഴിഞ്ഞതും പബ്ബിൽ നിന്നും പുറത്തിറങ്ങിയ എഡ്ജ് അവൾ പോയ വഴി ലക്ഷ്യമാക്കി നീങ്ങി. അല്പദൂരം കഴിഞ്ഞ് സമാന്തരമായ മറ്റൊരു കുറുക്കുവഴിയിലേക്ക് കയറിയ അയാൾ അവൾക്ക് മുന്നിൽ എത്താനായി ഓടി.

 

ഷ്മിഡ്റ്റ് കൊണ്ടു വന്ന് നൽകിയ മറ്റൊരു പേസ്റ്റി എടുത്ത് കഴിക്കാൻ തുടങ്ങുമ്പോഴാണ് മരങ്ങൾക്കിടയിലൂടെ ദൂരേയ്ക്ക് നടന്നകലുന്ന ജെനവീവിനെ ജാലകത്തിലൂടെ ഹെയർ കണ്ടത്. അടുത്ത നിമിഷം, അവൾ പോയ ദിശ ലക്ഷ്യമാക്കി ഓടിപ്പോകുന്ന ജോ എഡ്ജിനെയും. പേസ്റ്റി താഴെ വച്ചിട്ട് അദ്ദേഹം എഴുന്നേറ്റു. “ഇത് ഇവിടെയിരിക്കട്ടെ, ഞാൻ പിന്നെ കഴിച്ചോളാം

 

“അതായിരിക്കും നല്ലത് സർ” ഷ്മിഡ്റ്റ് പറഞ്ഞു.

 

തിടുക്കത്തിൽ പുറത്തിറങ്ങിയ ഹെയർ മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ അതിവേഗം കുതിച്ചു.

                                                            ***

 

കൂടുതൽ പേസ്റ്റി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ജൂലിയെയും വീക്ഷിച്ചുകൊണ്ട് കിച്ചണിലെ സിങ്കിൽ ചാരി നിന്ന് സിഗരറ്റ് പുകയ്ക്കുകയാണ് ക്രെയ്ഗ്.

 

“ഇന്ന് രാത്രി സ്പെഷ്യൽ വിഭവങ്ങൾ വേണം അല്ലേ അത് പറയാനല്ലേ വന്നത്?” അവർ ചോദിച്ചു.

 

“അതെ” അദ്ദേഹം പറഞ്ഞു. “നിങ്ങളും ഞാനും മാർട്ടിനും റിനെയും ജെനവീവും ഇവിടെ അവളുടെ അവസാനത്തെ രാത്രിയല്ലേ ഇന്ന് നല്ലൊരു ഡിന്നർ കൊടുക്കുക തന്നെ വേണം

 

“അതിനെന്താ?” അവൾ പറഞ്ഞു. “നിങ്ങൾ ആവശ്യപ്പെട്ടതു കൊണ്ട് മാത്രം കുറച്ച് മട്ടൺ ബാക്കിയുണ്ട് അധികമൊന്നുമില്ല എങ്കിലും ധാരാളം പിന്നെ മൂന്ന് ബോട്ട്‌ൽ ഷാമ്പെയ്നും ഉണ്ട് മോയ്റ്റ് ആണെന്ന് തോന്നുന്നു

 

“ആഹാ, പിന്നെന്ത് വേണം

 

“ക്രെയ്ഗ്, അവളോട് സ്നേഹത്തോടെ പെരുമാറണം കേട്ടോ” മാവ് പുരണ്ട കൈ കൊണ്ട് ജൂലി അദ്ദേഹത്തിന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ചു. “അവൾക്ക് നിങ്ങളെ ഇഷ്ടമാണ്

 

പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ഷ്മിഡ്റ്റ് അവിടെയെത്തിയത്. “എക്സ്ക്യൂസ് മീ സർ

 

“എന്തു പറ്റി?” ക്രെയ്ഗ് ചോദിച്ചു.

 

“ചെറിയൊരു പ്രശ്നമുണ്ട് മിസ് ട്രെവോൺസ് നടക്കാൻ വേണ്ടി ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് പോയി പിന്നെ ഞങ്ങൾ കാണുന്നത് അവർ പോയ വഴിയ്ക്ക് ഓടിച്ചെല്ലുന്ന ഫ്ലൈറ്റ് ലെഫ്റ്റനന്റ് എഡ്ജ്നെയാണ് അതു കണ്ടതും മറ്റൊന്നും ആലോചിക്കാതെ ഇരുവരുടെയും പിന്നാലെ കമാൻഡർ ഹെയറും പോയിട്ടുണ്ട്

 

“അതിന്?” ക്രെയ്ഗ് ചോദിച്ചു.

 

“ദൈവത്തെയോർത്ത് സർ ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം” ഷ്മിഡ്റ്റ് പറഞ്ഞു. “അദ്ദേഹത്തിന്റെ ഒരു ശ്വാസകോശം മാത്രമേ ശരിയ്ക്കും പ്രവർത്തിക്കുന്നുള്ളൂ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ………….”  അയാൾ അത് പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ പുറത്ത് കടന്ന ക്രെയ്ഗ് ഓസ്ബോൺ ആ ഒറ്റയടിപ്പാതയിലൂടെ മുന്നോട്ട് കുതിച്ചു കഴിഞ്ഞിരുന്നു.

 

(തുടരും)

Thursday, March 6, 2025

കോൾഡ് ഹാർബർ - 31

ക്രെയ്ഗ് തിരികെ വന്നപ്പോൾ ലൈബ്രറിയിലെ നെരിപ്പോടിനരികിൽ നിൽക്കുകയായിരുന്നു ജെനവീവ്. “അദ്ദേഹം പോയോ?” അവൾ ചോദിച്ചു.

 

“യെസ് പക്ഷേ, അത്ര സന്തോഷവാനായിരുന്നില്ല നിങ്ങൾ എന്താണ് ചെയ്തത്?”

 

“അദ്ദേഹത്തിന്റെ തനിനിറം ഞാൻ മനസ്സിലാക്കി എന്നറിഞ്ഞതിന്റെ ജാള്യതയാണ്

 

ഗൗരവഭാവത്തിൽ ഇരുകൈകളും പോക്കറ്റിൽ തിരുകി അവളെ നോക്കിക്കൊണ്ട് അദ്ദേഹം നിന്നു. “സ്വാഭാവികമായും” അദ്ദേഹം മേശയ്ക്കരികിലേക്ക് വന്നു. “നിങ്ങൾക്ക് വേണ്ടി ഒരു സാധനം ഞാൻ കൊണ്ടുവന്നിട്ടുണ്ട്

 

വെള്ളിനിറമുള്ള ഒരു സിഗരറ്റ് കെയ്സ് അദ്ദേഹം അവൾക്ക് നൽകി. മനോഹരമായ ഒരു കെയ്സ്. അവൾ അത് തുറന്നു നോക്കി. ജിറ്റാൻ സിഗരറ്റുകൾ അതിനുള്ളിൽ ഭംഗിയായി പായ്ക്ക് ചെയ്തിരിക്കുന്നു.

 

“വിടപറയൽ സമ്മാനം?” അവൾ ചോദിച്ചു.

 

“ഇതിനൊരു പ്രത്യേകതയുണ്ട്” അദ്ദേഹം ആ സിഗരറ്റ് കെയ്സ് തിരികെ വാങ്ങി. “ഇതിന്റെ പിൻഭാഗത്തുള്ള എൻഗ്രേവിങ്ങ് കണ്ടോ?” അദ്ദേഹം നഖം കൊണ്ട് ആ ഭാഗത്ത് പതുക്കെ അമർത്തി. വെള്ളിനിറമുള്ള ഒരു ചെറിയ ഫ്ലാപ് തുറന്നു വന്നു. ചെറിയ ഒരു ക്യാമറാ ലെൻസ് അതിനുള്ളിൽ കാണാമായിരുന്നു. “ഇത് ഡിസൈൻ ചെയ്ത ആ മിടുക്കൻ പറയുന്നത് മങ്ങിയ വെട്ടത്തിൽ പോലും വ്യക്തതയുള്ള ഫോട്ടോകൾ എടുക്കാമെന്നാണ് അപ്പോൾ, വിലപ്പെട്ട രേഖകളോ ഭൂപടങ്ങളോ കാണുകയാണെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമല്ലോ ഇരുപത് ഷോട്ട്സിനുള്ള ഫിലിം ഇതിൽ ലോഡ് ചെയ്തിട്ടുണ്ട് ഫോട്ടോ എടുക്കേണ്ട വസ്തുവിന്റെ നേരെ പിടിച്ച് ഇതാ ഈ ചെറിയ ബട്ടൺ അമർത്തുക എന്നത് മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ

 

“എപ്പോഴും ടാർഗറ്റിന്റെ കഴിയുന്നതും അടുത്ത് നിൽക്കാൻ ശ്രദ്ധിക്കുകയും കൂടി വേണം അല്ലേ?”

 

പറഞ്ഞു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നിയത്. അദ്ദേഹത്തെ കളിയാക്കുന്നത് പോലെയായിപ്പോയി. അബദ്ധം പറ്റിയ മട്ടിൽ അവൾ നാവ് കടിച്ചു.

 

അത് കാര്യമാക്കാതെ, സിഗരറ്റ് കെയ്സ് അവൾക്ക് തിരികെ നൽകിയിട്ട് അദ്ദേഹം മേശയ്ക്കരികിലേക്ക് നീങ്ങി. “ഇന്ന് ഇനി ബാക്കിയുള്ള സമയം മുഴുവൻ നിങ്ങൾക്ക് തന്നിരിക്കുന്ന കുറിപ്പുകളും ഫോട്ടോകളും പഠിക്കുവാൻ ശ്രമിക്കുക സകലതും ഹൃദിസ്ഥമാക്കുന്നത് വരെയും

 

“അപ്പോൾ നാളെയോ?”

 

“അവിടെയുള്ള ഓരോ കഥാപാത്രത്തെയും കുറിച്ച് വീണ്ടും ഞാൻ ചോദിക്കും തെറ്റ് കൂടാതെ പറയാൻ പറ്റണം നാളെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് നമ്മൾ ടേക്ക് ഓഫ് ചെയ്യുന്നത്

 

“നമ്മളോ?”

 

“അതെ ഡ്രോപ്പ് ഓഫ് പോയിന്റ് വരെ ഞാനും നിങ്ങളോടൊപ്പമുണ്ടാകും

 

“ഐ സീ

 

“പ്ലാൻ പോലെ എല്ലാം നടക്കുകയാണെങ്കിൽ പ്രതിരോധ പ്രസ്ഥാനത്തിന്റെ അവിടുത്തെ പ്രവർത്തകർ നിങ്ങളെയും റിനേയെയും റോഡ് മാർഗ്ഗം സെന്റ് മോറിസിലേക്ക് കൂട്ടിക്കൊണ്ടു പോകും പാരീസിൽ നിന്നുള്ള രാത്രിവണ്ടി വരുന്നത് വരെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ആയിരിക്കും നിങ്ങൾ തങ്ങുക ട്രെയിൻ പോയിക്കഴിഞ്ഞതും പാർക്കിങ്ങ് ഏരിയയിൽ നിന്നും റിനേ നിങ്ങളുടെ കാർ എടുത്തുകൊണ്ടു വരും ട്രെയിനിൽ വന്നിറങ്ങിയതെന്ന പോലെ നിങ്ങൾ അതിൽ കയറി കൊട്ടാരത്തിലേക്ക് തിരിക്കും

 

“അവിടെ ചെന്നാൽ പിന്നെ എല്ലാം ഞാൻ തന്നെ നോക്കേണ്ടി വരും അല്ലേ?”

 

“റിനേ അവിടെത്തന്നെ ഉണ്ടാവുമല്ലോ” ക്രെയ്ഗ് പറഞ്ഞു. “നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ എന്തു തന്നെയായാലും ഉടൻ തന്നെ അത് റിനേയ്ക്ക് കൈമാറുക അയാളുടെ കൈവശം റേഡിയോ ഉണ്ട് ഇവിടെയുള്ള കോസ്റ്റൽ ബൂസ്റ്റർ സ്റ്റേഷൻ വഴി അയാൾക്ക് ഞങ്ങളുമായി ബന്ധപ്പെടാനാവും

 

“ഇവിടെയോ?” അവൾ ആശ്ചര്യപ്പെട്ടു. “എന്നിട്ട്, ഇന്നലെ രാത്രി വന്ന നിങ്ങളുടെ ആ സുഹൃത്തുക്കളെയല്ലാതെ വേറെയാരെയും ഞാനിവിടെ കണ്ടില്ലല്ലോ

 

“നിങ്ങളുടെ കണ്മുന്നിൽ അവർ വരാത്തതാണെന്ന് കൂട്ടിക്കോളൂ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു റേഡിയോ റൂം ഉണ്ട് ഇവിടെ പിന്നെ ഒരു കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റും ജൂലിയാണ് അത് നടത്തിക്കൊണ്ടുപോകുന്നത് അവർക്ക് സപ്ലൈ ചെയ്യാൻ സാധിക്കാത്ത യൂണിഫോമുകളും ഇല്ല, വ്യാജരേഖകളുമില്ല

 

ഒന്നും മിണ്ടാതെ അല്പനേരം അവർ മുഖത്തോട് മുഖം നോക്കി നിന്നു. ഒടുവിൽ മൗനം ഭഞ്ജിച്ച ക്രെയ്ഗ് തികച്ചും സൗമ്യസ്വരത്തിൽ ചോദിച്ചു. “ഇനി എന്തെങ്കിലും സഹായം ഞാൻ ചെയ്യേണ്ടതുണ്ടോ?”

 

“ആൻ മേരി അവളുടെ കാര്യമോർത്ത് എനിക്ക് ഉത്കണ്ഠയുണ്ട് എനിക്കെന്തെങ്കിലും സംഭവിച്ചാൽ…………

 

“അക്കാര്യം ഞാൻ നോക്കിക്കൊള്ളാം ഞാൻ വാക്കു തരുന്നു” ഒരു വിരൽ കൊണ്ട് അദ്ദേഹം അവളുടെ മുഖം പതുക്കെ ഉയർത്തി. “നിങ്ങൾക്ക് ഒരപകടവും സംഭവിക്കില്ല ഭാഗ്യം നിങ്ങളോടൊപ്പമാണ് അതെനിക്ക് ഉറപ്പുണ്ട്

 

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എങ്കിലും പെട്ടെന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് അവൾ ചോദിച്ചു. “നാശം അക്കാര്യത്തിൽ എങ്ങനെ ഉറപ്പ് പറയാൻ കഴിയും നിങ്ങൾക്ക്?”

 

“ഞാനൊരു അമേരിക്കക്കാരൻ ആയതുകൊണ്ട്” അദ്ദേഹം പുഞ്ചിരിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, February 28, 2025

കോൾഡ് ഹാർബർ - 30

തലേന്ന് രാത്രി തന്നെ ചോദ്യം ചെയ്യാൻ വന്നവരൊക്കെ എവിടെപ്പോയി എന്ന് അവൾ അത്ഭുതപ്പെടാതിരുന്നില്ല. സ്റ്റെയർകെയ്സ് വഴി താഴേക്കിറങ്ങവെ ആരെയും തന്നെ അവിടെങ്ങും കാണുവാനുണ്ടായിരുന്നില്ല. ലൈബ്രറിയിൽ ചെന്നപ്പോൾ നെരിപ്പോടിനരികിൽ നിന്ന് പത്രം വായിക്കുന്ന ക്രെയ്ഗിനെയാണ് അവൾ കണ്ടത്.

 

അവളെ കണ്ടതും അദ്ദേഹം തലയുയർത്തി നോക്കി. “നേരെ ചെന്നോളൂ ഏറ്റവും ഒടുവിൽ കാണുന്ന വാതിൽ

 

ലൈബ്രറിയുടെ അറ്റത്തുള്ള ആ വാതിലിന് മുന്നിൽ ചെന്ന് ഒരു നിമിഷം നിന്നിട്ട് അവൾ ഡോറിൽ മുട്ടി. ഉള്ളിൽ നിന്ന് യാതൊരു പ്രതികരണവുമില്ല. ഒന്ന് സംശയിച്ചിട്ട് വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കയറി. ജാലകങ്ങളൊന്നും ഇല്ലാത്ത ഒരു ചെറിയ ഓഫീസ്. അതിന്റെ മൂലയ്ക്ക് മറ്റൊരു വാതിൽ കാണാനുണ്ട്. മൺറോയുടെ ബർബെറി ഓവർകോട്ട് ഒരു കസേരയുടെ മുകളിൽ വിരിച്ചിട്ടിട്ടുണ്ട്. മേശപ്പുറത്ത് വച്ചിരിക്കുന്ന ബ്രീഫ്കെയ്സിനടിയിൽ നിന്നും ഒരു വലിയ ഭൂപടം താഴോട്ട് തൂങ്ങിക്കിടക്കുന്നു. അതെന്താണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി. ഫ്രഞ്ച് തീരത്തിന്റെ ഒരു സെക്ഷൻ. Preliminary Targets, D-Day എന്നായിരുന്നു ആ ഭൂപടത്തിന്റെ തലക്കെട്ട്. അതിലേക്ക് നോക്കിക്കൊണ്ട് നിൽക്കവെ വാതിൽ തുറന്ന് മൺറോ ഉള്ളിലേക്ക് വന്നു.

 

“ആഹാ, എത്തിയോ?” സ്വാഗതമോതിയ അദ്ദേഹം പിന്നെയാണ് ശ്രദ്ധിച്ചത് അവൾ ആ ഭൂപടം നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്നത്. പെട്ടെന്ന് അവൾക്കരികിലെത്തിയ അദ്ദേഹം ആ മാപ്പ് മുകളിലേക്ക് ചുരുട്ടി. താൻ ആ മാപ്പ് നോക്കിക്കൊണ്ട് നിന്നതിൽ അദ്ദേഹത്തിന് നീരസം ഉള്ളത് പോലെ തോന്നി. എങ്കിലും അതേക്കുറിച്ച് ഒന്നും പറയാൻ നിൽക്കാതെ ആ ഭൂപടം ബ്രീഫ്കെയ്സിനുള്ളിൽ വച്ച് അടച്ചിട്ട് അദ്ദേഹം തിരിഞ്ഞു. “നിങ്ങളുടെ പുതിയ രൂപം ഗംഭീരമായിരിക്കുന്നല്ലോ

 

“എന്ന് എനിയ്ക്കും തോന്നുന്നു” ജെനവീവ് പറഞ്ഞു.

 

“കഴിഞ്ഞ രാത്രിയിൽ അവർ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ?” അദ്ദേഹം പുഞ്ചിരിച്ചു. “വേണ്ട, മറുപടി പറയണ്ട ക്രെയ്ഗിന്റെ പ്രവർത്തനരീതി എനിക്കറിയാം” കൈകൾ പിറകിൽ കെട്ടി മേശയ്ക്കരികിൽ നിന്ന അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന് ഗൗരവഭാവം ചേക്കേറി. “നിങ്ങളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല ഇതെന്ന് എനിക്കറിയാം പക്ഷേ, ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല മഹത്തായ ആ ദിനത്തിൽ നമ്മുടെ യൂറോപ്പ് അധിനിവേശം ആരംഭിക്കുമ്പോൾ കടൽത്തീരത്തെ പോരാട്ടത്തെ ആശ്രയിച്ചിരിക്കും നമ്മുടെ വിജയം അവിടെ നമുക്ക് മേൽക്കൈ നേടാനായാൽ പിന്നെ എല്ലാം ഏതാനും ദിവസങ്ങളുടെ കാര്യം മാത്രം നമുക്കെന്നത് പോലെ ജർമ്മൻകാർക്കും അക്കാര്യം നന്നായിട്ടറിയാം

 

തന്റെ മുന്നിൽ സന്നിഹിതരായിരിക്കുന്ന യുവസൈനിക ഓഫീസർമാരുടെ ബാച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. “അതുകൊണ്ടാണ് അറ്റ്ലാന്റിക്ക് പ്രതിരോധ നിരയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതനായി ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെത്തന്നെ അവർ നിയോഗിച്ചിരിക്കുന്നത് ഈ വാരാന്ത്യത്തിൽ അവിടെ നടക്കുന്ന കോൺഫറൻസിൽ നിന്നും നിങ്ങൾ ചോർത്തിയെടുക്കുന്ന വിവരങ്ങൾ എത്ര ചെറുതാണെങ്കിൽ പോലും അതിന്റെ പ്രാധാന്യം എത്രകണ്ട് വലുതാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ

 

“തീർച്ചയായും… എന്റെ കൈയിലെ മാന്ത്രികദണ്ഡ് ഒന്ന് ചുഴറ്റേണ്ട ആവശ്യമേയുള്ളൂ, നിങ്ങൾക്ക് യുദ്ധം ജയിക്കാൻ” പരിഹാസ ഭാവത്തിൽ അവൾ പറഞ്ഞു.

 

അദ്ദേഹം മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ഇതാണ് ജെനവീവ് നിങ്ങളിൽ ഞാൻ ഇഷ്ടപ്പെടുന്നത് ഈ നർമ്മബോധം” കസേരയിൽ നിന്നും അദ്ദേഹം തന്റെ കോട്ട് എടുത്തു. “വെൽ, എനിക്ക് പോകാൻ സമയമായി

 

“അല്ലെങ്കിലും നമുക്ക് എല്ലാവർക്കും സമയമായല്ലോ പോകാൻ” അവൾ പറഞ്ഞു. “പറയൂ ബ്രിഗേഡിയർ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടോ? ഇതിൽ നിന്നും മാനസിക സംതൃപ്തി ലഭിക്കുന്നുണ്ടോ നിങ്ങൾക്ക്?”

 

തന്റെ ബ്രീഫ്കെയ്സ് കൈയിലെടുത്തിട്ട് അദ്ദേഹം അവളെ ഒന്ന് നോക്കി. തികച്ചും നിർവ്വികാരമായിരുന്നു ആ മുഖം. “ഗുഡ്ബൈ മിസ് ട്രെവോൺസ്ഐ ലുക്ക് ഫോർവേഡ് റ്റു ഹിയറിങ്ങ് ഫ്രം യൂ” ഔപചാരിക മട്ടിൽ പറഞ്ഞിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, February 20, 2025

കോൾഡ് ഹാർബർ - 29

അദ്ധ്യായം – എട്ട്

 

രാവിലെ എഴുന്നേൽക്കുമ്പോഴും തലേന്ന് രാത്രിയിലെ സംഭവങ്ങളുടെ ഹാങ്ങോവർ വിട്ടു മാറിയിരുന്നില്ല. ഇതുപോലൊരു അനുഭവം ഇതിന്  മുമ്പ് ഉണ്ടായിട്ടില്ല. കഥാപാത്രങ്ങൾ ഏറെയും മനസ്സിൽ കുടിയേറിക്കഴിഞ്ഞു. അവരുമായി താൻ ഇടപഴകാൻ തുടങ്ങിയിരിക്കുന്നുവെന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഭയമാകുന്നു. താൻ തന്നെയാണ് ആൻ മേരി ട്രെവോൺസ് എന്ന ചിന്ത കടുത്ത മാനസിക സമ്മർദ്ദത്തിനിടയിലും അവളിൽ വേരോടിത്തുടങ്ങിയിരുന്നു.

 

ഒരു ജിറ്റാൻ സിഗരറ്റ് പുകച്ചു കൊണ്ട് ജെനവീവ് ജാലകത്തിനരികിൽ ഇരുന്നു. പുക ഉള്ളിൽ ചെല്ലുമ്പോഴുള്ള ചുമ ഇപ്പോൾ കുറവുണ്ട്. അതുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. നരച്ച മരങ്ങളുടെ ചില്ലകൾക്കപ്പുറം ചക്രവാളത്തിൽ ഓറഞ്ച് നിറമുള്ള സൂര്യൻ പതുക്കെ തല പൊക്കി. പ്രഭാതകിരണങ്ങൾ വീണ് തടാകത്തിലെ വെള്ളം തിളങ്ങുവാൻ തുടങ്ങി.

 

പിന്നെ നടന്നതെല്ലാം പെട്ടെന്നായിരുന്നു. ഒരു ഉൾപ്രേരണയാലെന്നോണം ബാത്ത്റൂം ഡോറിന്റെ പിന്നിൽ കൊളുത്തിയിട്ടിരുന്ന പഴയ ടവൽ എടുത്ത് പുതച്ചു കൊണ്ട് അവൾ പുറത്തിറങ്ങി. ഹാളിൽ ആരെയും കാണാനുണ്ടായിരുന്നില്ല. പുറത്തേക്ക് നടക്കവെ അടുക്കള ഭാഗത്ത് നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും ഒക്കെ കേൾക്കാറായി. കിച്ചണിൽ നിന്നും പതിഞ്ഞ സ്വരത്തിൽ ജൂലിയുടെ മൂളിപ്പാട്ട് കേൾക്കുന്നുണ്ട്.

 

അടുത്തു കണ്ട മറ്റൊരു വാതിൽ തുറന്നത് ഒരു സിറ്റിങ്ങ് റൂമിലേക്കായിരുന്നു. അതിന്റെ ഫ്രഞ്ച് ജാലകം തുറന്ന് പുറത്തേക്ക് കാലെടുത്തു വച്ചതും പ്രഭാതത്തിലെ മഞ്ഞുകണങ്ങളെയും കൊണ്ടു വന്ന മന്ദമാരുതൻ അവളുടെ ദേഹമാസകലം തഴുകി. കുളിരുകോരുന്ന ശരീരവുമായി തെല്ല് ചെരിഞ്ഞ് കിടക്കുന്ന ആ പുൽത്തകിടിയിലൂടെ തടാകത്തിനരികിലേക്ക് ഓടവെ ആ വെളുത്ത ടവൽ ഒരു പട്ടം കണക്കെ പിറകോട്ട് ചാഞ്ചാടി.

 

പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് ആ കൊച്ചുതടാകം വെള്ളിയും സ്വർണ്ണവും നിറങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന മൂടൽമഞ്ഞ് ചുരുളുകളായി തടാകത്തിന് മുകളിൽ തത്തിക്കളിക്കുന്നു. പുതച്ചിരുന്ന ടവൽ താഴെയിട്ട് അവൾ തന്റെ നിശാവസ്ത്രം തലവഴി മുകളിലേക്ക് ഊരിയെടുത്തു. തടാകത്തിന്റെ കരയിലെ ആറ്റുവഞ്ഞികൾ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങിയ അവൾ പൂർണ്ണനഗ്നയായി വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു.

 

അസ്ഥികൾ ഉറയുന്ന തണുപ്പായിരുന്നു വെള്ളത്തിന്. ശരീരം മരവിക്കുന്നതൊന്നും അവൾ അറിഞ്ഞതേയില്ല. കാറ്റിലാടുന്ന ആറ്റുവഞ്ഞിച്ചെടികളെയും അതിനപ്പുറം തലയുയർത്തി നിൽക്കുന്ന മരങ്ങളെയും നോക്കിക്കൊണ്ട് മറ്റേതോ ലോകത്തെന്ന പോലെ അവൾ നീന്തിത്തുടിച്ച് കിടന്നു. തികച്ചും ശാന്തമായിരുന്നു തടാകം. കറുത്ത സ്ഫടികത്തിന്റെ പ്രതലം പോലെ. തലേന്ന് രാത്രി കണ്ട സ്വപ്നം അവൾക്കോർമ്മ വന്നു. ഇതുപോലെ ഇരുണ്ട ഒരു തടാകത്തിനടിയിൽ നിന്നും സ്ലോ മോഷനിൽ എന്ന പോലെ ഉയർന്നു വരുന്ന ആൻ മേരി. വെള്ളത്തിലേക്ക് വലിച്ചിറക്കുവാനായി തന്റെ നേർക്ക് നീണ്ടു വരുന്ന അവളുടെ കൈകൾ.

 

പരിഭ്രാന്തിയെക്കാൾ ഉപരി ഒരു തരം മടുപ്പാണ് പെട്ടെന്നവൾക്ക് തോന്നിയത്. ജെനവീവ് തിരിഞ്ഞ് കരയിലേക്ക് നീന്തി. ആറ്റുവഞ്ഞികൾ വകഞ്ഞ് മാറ്റി അവൾ കരയിൽ കയറി. ടവൽ എടുത്ത് ദേഹത്ത് ചുറ്റി നിശാവസ്ത്രം കൊണ്ട് തല തുവർത്തിക്കൊണ്ട് മരങ്ങൾക്കിടയിലൂടെ അവൾ വീടിന് നേർക്ക് നടന്നു.

 

മുറ്റത്തിന്റെ അതിരിലുള്ള അരമതിലിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ ഇരിക്കുന്നുണ്ടായിരുന്നു. പുൽത്തകിടിയിലൂടെ പാതിവഴി എത്തിയപ്പോഴാണ് അദ്ദേഹം അവിടെ ഇരിക്കുന്ന കാര്യം ജെനവീവ് ശ്രദ്ധിച്ചത്.

 

“എങ്ങനെയുണ്ടായിരുന്നു? നീന്തൽ ആസ്വദിച്ചുവോ?” അദ്ദേഹം ചോദിച്ചു.

 

“നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നോ?”

 

“അതെ നിങ്ങൾ പുറത്തേക്കിറങ്ങുന്നത് ഞാൻ കണ്ടു അതുകൊണ്ട് പിന്തുടർന്നു

 

“ബുദ്ധിമാനായ ഒരു ഇന്റലിജൻസ് ഓഫീസറെപ്പോലെ? ഞാൻ എന്ത് ചെയ്യാൻ  പോകുകയാണെന്നാണ് നിങ്ങൾ കരുതിയത്? തടാകത്തിൽ ചാടി മരിക്കാൻ പോകുകയാണെന്നോ? അങ്ങനെയാവുമ്പോൾ നിങ്ങളുടെ പദ്ധതികളെല്ലാം വെള്ളത്തിലാവുമല്ലോ അല്ലേ?”

 

“അത് പിന്നെ പറയാനുണ്ടോ?”

 

                                                       ***

 

ബെഡ്‌റൂമിന്റെ വാതിൽ തുറന്ന അവൾ കണ്ടത് ജാലകത്തിനരികിലുള്ള ചെറിയ മേശപ്പുറത്ത് ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ചുകൊണ്ടിരിക്കുന്ന ജൂലിയെയാണ്. പച്ച നിറമുള്ള വെൽവെറ്റ് ഹൗസ്കോട്ടിൽ അവർ അതിമനോഹരിയായി കാണപ്പെട്ടു.

 

“മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ ഷെറീ എന്തു പറ്റി?” അവർ ചോദിച്ചു.

 

“ആ നശിച്ച മനുഷ്യൻ” ജെനവീവ് പറഞ്ഞു.

 

“ആര്, ക്രെയ്ഗിന്റെ കാര്യമാണോ?”

 

“അതെ നീന്തുവാനായി ഞാൻ തടാകത്തിൽ പോയിരുന്നു എന്നെ പിന്തുടർന്ന് വന്ന് ആദ്യന്തം നോക്കിക്കൊണ്ട് നിന്നു

 

“കോഫി കുടിച്ചിട്ട് നീ ഇതൊന്ന് കഴിച്ചു നോക്കൂ എന്റെ സ്പെഷ്യൽ ഐറ്റമാണ് മുട്ട ചിക്കിപ്പൊരിച്ചത് സമാശ്വസിപ്പിക്കുന്ന മട്ടിൽ ജൂലി പറഞ്ഞു.

 

അവൾ കോഫി കുടിക്കുവാൻ തുടങ്ങി. “ആവശ്യമില്ലാതെ വെറുപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹമെന്ന് തോന്നുന്നു” മുട്ട പൊരിച്ചത് രുചിച്ചു നോക്കിക്കൊണ്ട് ജെനവീവ് പറഞ്ഞു.

 

അവൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നിട്ട് ജൂലി കോഫി എടുത്ത് അല്പം കുടിച്ചു. “റിയലി? എനിക്ക് അങ്ങനെയല്ല തോന്നിയത് നിന്നെ വലിയ കാര്യമാണ് അദ്ദേഹത്തിന്

 

പെട്ടെന്നാണ് വാതിൽ തുറന്ന് ക്രെയ്ഗ് ഓസ്ബോൺ എത്തി നോക്കിയത്. വാതിലിൽ ഒന്ന് മുട്ടുവാൻ പോലും അദ്ദേഹം തുനിഞ്ഞിരുന്നില്ല. “നിങ്ങൾ ഇവിടെയുണ്ടായിരുന്നോ?”

 

“മൈ ഗോഡ്, ഇതെന്തൊരു കഷ്ടമാണ്…!” ജെനവീവ് പറഞ്ഞു. “അല്പം പോലും സ്വകാര്യത തരില്ലെന്ന് വച്ചാൽ

 

ആ പറഞ്ഞത് അദ്ദേഹം അവഗണിച്ചു. “നിങ്ങളെ എത്രയും പെട്ടെന്ന് കാണണമെന്ന് മൺറോ പറഞ്ഞു അദ്ദേഹത്തെ തിരികെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ തന്നെ ഗ്രാന്റ് എത്തുന്നുണ്ട് ഞാൻ ലൈബ്രറിയിലുണ്ടാവും” അദ്ദേഹം പുറത്തിറങ്ങി വാതിൽ ചാരി.

 

“എന്താണാവോ മൺറോയ്ക്ക് വേണ്ടത്…!” ജൂലി അത്ഭുതപ്പെട്ടു.

 

“പോകുന്നതിന് മുമ്പ് എനിക്ക് ആശംസകൾ നേരാനായിരിക്കുമോ…? ആർക്കറിയാം…!” ജെനവീവ് ചുമൽ വെട്ടിച്ചു. “അദ്ദേഹം അല്പനേരം കൂടി അവിടെ കാത്തിരിക്കട്ടെ എനിക്ക് ഒരു കോഫി കൂടി വേണം” അവൾ കാപ്പിപ്പാത്രം എടുക്കാാനായി എഴുന്നേറ്റു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, February 11, 2025

കോൾഡ് ഹാർബർ - 28

അവർ നൽകിയ കുറിപ്പുകൾ വായിച്ചു പഠിക്കുവാനായി ഉച്ചയ്ക്ക് ശേഷമുള്ള സമയം അവൾ മാറ്റി വച്ചു. അതിൽ പ്രതിപാദിച്ചിരിക്കുന്ന ഓരോരുത്തരും ആരൊക്കെയാണെന്നും അവരുടെ പശ്ചാത്തലം എന്താണെന്നും ഒക്കെ ഹൃദിസ്ഥമായി എന്നുറപ്പായപ്പോൾ റിനേയോടൊപ്പമുള്ള അടുത്ത സെഷനായി അവൾ ലൈബ്രറിയിലേക്ക് ചെന്നു. അത് കഴിഞ്ഞപ്പോഴേക്കും ഡിന്നറിനുള്ള സമയമായിക്കഴിഞ്ഞിരുന്നു.

 

അത്താഴത്തിന് ക്രെയ്ഗും മൺറോയും റിനേയും കിച്ചണിൽ ഉണ്ടായിരുന്നു. ഗംഭീരമായിരുന്നു ജൂലി തയ്യാറാക്കിയ വിഭവങ്ങൾ. സ്റ്റീക്ക്, പുഡ്ഡിങ്ങ്, പൊട്ടാറ്റോ റോസ്റ്റ്, ക്യാബേജ്, ആപ്പിൾ പൈ, മുന്തിയ ഇനം വൈൻ എല്ലാം ഒന്നിനൊന്ന് മെച്ചം. എങ്കിലും അവയൊന്നും തന്നെ ക്രെയ്ഗിന് ഉണർവ്വേകിയില്ല എന്നതാണ് യാഥാർത്ഥ്യം. വിവിധ ചിന്തകളുമായി അസ്വസ്ഥനായിരുന്നു അദ്ദേഹം.

 

“നല്ല ഒന്നാം തരം ഇംഗ്ലീഷ് ഭക്ഷണം” ജൂലിയുടെ കവിളിൽ മുത്തം നൽകിയിട്ട് മൺറോ പറഞ്ഞു. “ഒരു ഫ്രഞ്ച്കാരി എന്ന നിലയിൽ ശരിയ്ക്കും ബുദ്ധിമുട്ടിക്കാണുമല്ലോ ഇതൊക്കെ ഉണ്ടാക്കാൻ” അദ്ദേഹം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “ഞാൻ പബ്ബിലേക്ക് പോകുകയാണ് എന്നോടൊപ്പം വരുന്നോ നടക്കാൻ?”

 

“ഇല്ല, ഞാനില്ല” ക്രെയ്ഗ് പറഞ്ഞു.

 

“ശരി, നിങ്ങളുടെ ഇഷ്ടം പോലെ റിനേ, നിങ്ങൾ എന്തു പറയുന്നു? വരുന്നോ? അല്പം ഡ്രിങ്ക്സ് അകത്താക്കുകയും ചെയ്യാം

 

“തീർച്ചയായും മൊസ്യേ ജനറൽ” ചിരിച്ചു കൊണ്ട് റിനേ അദ്ദേഹത്തോടൊപ്പം പുറത്തേക്ക് നടന്നു.

 

“ക്രെയ്ഗ്, ഞാൻ കോഫി കൊണ്ടു വരാം ജെനവീവിനെയും കൂട്ടി ബ്ലൂ റൂമിലേക്ക് ചെന്നോളൂ” ജൂലി പറഞ്ഞു.

 

ലൈബ്രറിയുടെ തൊട്ടടുത്ത റൂം ആയിരുന്നു അത്. നല്ലയിനം ഫർണീച്ചറും കനൽ എരിയുന്ന നെരിപ്പോടും ഒക്കെയായി സുഖകരമായ ഒരു സിറ്റിങ്ങ് റൂം. മനോഹരമായ ഒരു പിയാനോയും അവിടെയുണ്ടായിരുന്നു.

 

ജെനവീവ് ശ്രദ്ധാപൂർവ്വം പിയാനോയുടെ മൂടി ഉയർത്തി വച്ചു. ഈ ലോകത്ത് മറ്റെന്തിനെക്കാളും അധികം പിയാനോയെയും സംഗീതത്തെയും സ്നേഹിച്ചിരുന്ന, അല്ലെങ്കിൽ അതായിരിക്കണം തന്റെ മേഖല എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷ പോലെ ആയിരിക്കില്ലല്ലോ ജീവിതം മുന്നോട്ട് പോകുന്നത്.

 

പോളിഷ് സംഗീതജ്ഞൻ ചോപ്പിൻ ഈണം നൽകിയ ഒരു മെലഡിയാണ് അവൾ വായിച്ചു തുടങ്ങിയത്. ബേസ് നോട്ടിലുള്ള ആ ഈണം വിഷാദവീചികളായി പ്രവഹിക്കുമ്പോൾ അവിടെങ്ങും ദുഃഖം ഘനീഭവിച്ചു നിൽക്കുന്നത് പോലെ തോന്നി. കിച്ചണിൽ നിന്നും കോഫിയുമായി എത്തിയ ജൂലി താൻ കൊണ്ടുവന്ന ട്രേ നെരിപ്പോടിനരികിൽ വച്ചു. ക്രെയ്ഗ് ആകട്ടെ, അവൾക്കരികിൽ വന്ന് ജെനവീവിന്റെ വിരലുകൾ പിയാനോയിൽ ഇന്ദ്രജാലം തീർക്കുന്നത് നോക്കി നിന്നു.

 

‘Claire de Lune’ എന്ന ഗാനത്തിലേക്ക് മാറിയതും അദ്ദേഹം ചോദ്യരൂപേണ അവളെ നോക്കി. വിഷാദത്തിന്റെ മൂർദ്ധന്യമായിരുന്നു മനോഹരമായ ആ ഗാനം. ഏറെക്കാലത്തിന് ശേഷമാണെങ്കിലും വളരെ നന്നായിട്ട് തന്നെയായിരുന്നു അവൾ അത് വായിച്ചത്. അവൾക്കത് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തു. ഗാനം കഴിഞ്ഞ് അവൾ തലയുയർത്തി നോക്കിയപ്പോൾ ക്രെയ്ഗിനെ അവിടെ കാണാനുണ്ടായിരുന്നില്ല. ഒന്ന് സംശയിച്ചിട്ട് പിയാനോയുടെ മൂടി താഴ്ത്തി വച്ച് അവൾ അദ്ദേഹത്തെ തേടി പുറത്തേക്ക് ഇറങ്ങി.

 

                                                       ***

 

ടെറസിലെ ഇരുട്ടിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ സ്റ്റെയർകെയ്സിന്റെ പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. പാരപെറ്റിൽ ചാരി അവൾ അദ്ദേഹത്തെയും നോക്കി നിന്നു.

 

“നിങ്ങളുടെ പ്രകടനം തരക്കേടില്ലായിരുന്നു” അദ്ദേഹം പറഞ്ഞു.

 

“ശത്രുവിന്റെ കഴിയുന്നതും അടുത്ത് നിൽക്കുകയാണെങ്കിൽ, അല്ലേ?” ജെനവീവ് ചോദിച്ചു.

 

“ഓൾറൈറ്റ്” ക്രെയ്ഗ് പറഞ്ഞു. “ഞാൻ കുറച്ച് കഷ്ടപ്പെടുത്തി, അല്ലേ? പക്ഷേ, അങ്ങനെ ചെയ്യാതെ മാർഗ്ഗമില്ലായിരുന്നു ഫ്രാൻസിൽ ചെല്ലുമ്പോൾ എന്താണവിടുത്തെ അവസ്ഥ എന്ന് പറയാൻ കഴിയില്ല

 

“എന്താണ് നിങ്ങൾക്ക് വേണ്ടത്? എന്റെ ക്ഷമയോ?” അവൾ ചോദിച്ചു. “ഞാൻ അങ്ങോട്ട് പോയേ തീരൂ എന്നല്ലേ നിങ്ങൾ പറഞ്ഞത്? അതല്ലാതെ ഒരു മാർഗ്ഗവുമില്ലെന്നും കാരണം ആൻ മേരിയായി അങ്ങോട്ട് പോകാൻ വേറെ ആളില്ലെന്നത് തന്നെ അത് നിങ്ങളുടെ കുറ്റമല്ല കാരണം, നിങ്ങൾ വെറുമൊരു ഉപകരണം മാത്രമാണ്

 

അദ്ദേഹം എഴുന്നേറ്റ് സിഗരറ്റ് താഴേക്ക് വലിച്ചെറിഞ്ഞു. മുറ്റത്തെ ചരലിൽ വീണുരുണ്ട് അത് ജ്വലിച്ചു. “നാളെ ഒരു ദിവസം കൂടിയുണ്ട് തയ്യാറെടുപ്പിന് രാവിലെ തന്നെ നിങ്ങൾ മൺറോയെ ചെന്ന് കാണണം പോയി ഉറങ്ങാൻ നോക്കൂ” അദ്ദേഹം പറഞ്ഞു.

 

“അതെ, ഞാൻ പോകുകയാണ്” അവൾ അദ്ദേഹത്തിന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ചു. “വളരെ നന്ദിയുണ്ട് മനുഷ്യജീവിയെപ്പോലെ ഒരു തവണയെങ്കിലും എന്നോട് പെരുമാറിയതിന്

 

മറുപടി പറയവെ അദ്ദേഹത്തിന്റെ സ്വരത്തിൽ ഒരു അപരിചിതത്വം നിറഞ്ഞിരുന്നു. “എന്നോട് അത്ര അലിവൊന്നും കാണിക്കേണ്ട ആവശ്യമില്ല പ്രത്യേകിച്ചും ഇപ്പോൾ നിങ്ങളുടെ പരിശീലന പരിപാടി ഇനിയും അവസാനിച്ചിട്ടില്ല” അദ്ദേഹം തിരിഞ്ഞ് ധൃതിയിൽ തന്റെ മുറിയ്ക്കുള്ളിലേക്ക് കയറിപ്പോയി.

 

                                                   ***

 

അന്ന് രാത്രിയാണ് അവളെ തേടി അവരെത്തിയത്. ഉറക്കത്തിൽ നിന്നും അവളെ ശക്തിയായി കുലുക്കിയുണർത്തിയ അവർ കണ്ണുകളിലേക്ക് ടോർച്ച് ലൈറ്റ് തെളിയിച്ചു പിടിച്ചു. പുതച്ചിരുന്ന ബ്ലാങ്കെറ്റും ബെഡ്ഷീറ്റുമെല്ലാം വലിച്ചു ദൂരേയ്ക്കെറിഞ്ഞിട്ട് അവളെ വലിച്ചുയർത്തി കിടക്കയിൽ ഇരുത്തി.

 

“നിങ്ങളാണോ ആൻ മേരി ട്രെവോൺസ്?” ഫ്രഞ്ച് ഭാഷയിൽ ദാക്ഷിണ്യമില്ലാത്ത സ്വരത്തിൽ അവരിലൊരുവൻ ചോദിച്ചു.

 

“നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെയൊക്കെ വിചാരം?” അപ്രതീക്ഷിതമായ അതിക്രമത്തിൽ അങ്ങേയറ്റം രോഷാകുലയായിരുന്നു അവൾ. കട്ടിലിൽ നിന്നും ചാടിയെഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ മുഖത്ത് ആരുടെയോ പ്രഹരമേറ്റു.

 

“ചോദിച്ചതിന് ഉത്തരം പറയൂ, നിങ്ങളാണോ ആൻ മേരി ട്രെവോൺസ്?”

 

പ്രകാശവലയത്തിനപ്പുറം നിഴൽ രൂപത്തിൽ കാണപ്പെട്ട ആ രണ്ടുപേരും ധരിച്ചിരിക്കുന്നത് ജർമ്മൻ യൂണിഫോം ആണെന്ന വസ്തുത അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ പെട്ടത്. കാര്യങ്ങളുടെ ഒരു ഏകദേശ രൂപം അവൾക്ക് പിടികിട്ടി.

 

“അതെ, ഞാൻ തന്നെയാണ് ആൻ മേരി ട്രെവോൺസ്... നിങ്ങൾക്കെന്താണ് വേണ്ടത്?” ഫ്രഞ്ച് ഭാഷയിൽത്തന്നെ അവൾ ചോദിച്ചു.

 

“നന്നായി വളരെ നന്നായി ഇനി മേലങ്കി എടുത്ത് ധരിച്ച് ഞങ്ങളോടൊപ്പം വരൂ

 

                                                ***

 

“നിങ്ങളാണോ ആൻ മേരി ട്രെവോൺസ്?”

 

ലൈബ്രറിയിലെ മേശയ്ക്കരികിൽ പിടിച്ചിരുത്തിയ അവളോട് ചുരുങ്ങിയത് ഒരു ഇരുപതാമത്തെ തവണയെങ്കിലും ആയിരിക്കും ആ ചോദ്യം അവർ ചോദിക്കുന്നത്. മുഖത്തേയ്ക്ക് പതിയ്ക്കുന്ന ലൈറ്റുകളുടെ വെള്ള വെളിച്ചത്തിന്റെ തീവ്രതയിൽ അവൾക്ക് ഒന്നും തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

“അതെ” പരിക്ഷീണിതയായി അവൾ പറഞ്ഞു. “എത്ര വട്ടം ഞാനിത് പറയണം നിങ്ങളോട്…?

 

“വോൺകോർട്ട് കൊട്ടാരത്തിൽ നിങ്ങളുടെ ആന്റിയോടൊപ്പമാണോ താമസിക്കുന്നത്?”

 

“അതെ

 

“നിങ്ങളുടെ പരിചാരിക മരീസയുടെ കുടുംബത്തെക്കുറിച്ച് പറയൂ

 

അവൾ ഒരു ദീർഘശ്വാസമെടുത്തു. “അവളുടെ മാതാവ് ഒരു വിധവയാണ് കൊട്ടാരത്തിൽ നിന്നും ഏകദേശം പത്ത് മൈൽ ദൂരെ ചെറിയൊരു ഫാമുണ്ട് അവർക്ക് തന്റെ മകൻ ജ്വാങ്ങിനൊപ്പം ആ കൃഷിയിടം നോക്കി നടത്തുകയാണവർ മരീസയ്ക്ക് പിയർ എന്ന് പേരുള്ള മറ്റൊരു സഹോദരൻ കൂടിയുണ്ട് ഒരു ഫ്രഞ്ച് ടാങ്ക് റെജിമെന്റിൽ കോർപ്പറൽ ആണയാൾ ചാനൽ ഐലണ്ട്സിലെ ആൽഡർണിയിലുള്ള ഒരു ലേബർ ക്യാമ്പിലാണ് അയാളുടെ ഡ്യൂട്ടി

 

“ശരി, ഇനി ജനറൽ സീംകാ അദ്ദേഹത്തെക്കുറിച്ച് പറയൂ

 

“അദ്ദേഹത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണല്ലോ സകല കാര്യങ്ങളും ചുരുങ്ങിയത് ഒരു നാല് തവണയെങ്കിലും

 

“ഒരിക്കൽക്കൂടി പറയൂ നിർവ്വികാരതയോടെ അയാൾ പറഞ്ഞു.

 

                                               ***

 

ആരോ വാതിലിനടുത്ത് ചെന്ന് മെയിൻ ലൈറ്റ് ഓൺ ചെയ്തു. അതോടെ ആ നാടകത്തിന് അന്ത്യമായി. നേരത്തെ അവൾ സംശയിച്ചത് പോലെ അവരിൽ രണ്ടു പേർ ജർമ്മൻ യൂണിഫോം ധരിച്ചവരായിരുന്നു. നെരിപ്പോടിനരികിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ക്രെയ്ഗ് ഓസ്ബോൺ നിൽക്കുന്നുണ്ടായിരുന്നു.

 

“മോശമില്ല ഒട്ടും മോശമില്ല” അദ്ദേഹം അഭിപ്രായപ്പെട്ടു.

 

“വിചിത്രം എന്നല്ലാതെ എന്തു പറയാൻ” അവൾ പറഞ്ഞു.

 

“ഇനി നിങ്ങൾ പോയി ഉറങ്ങിക്കോളൂ” അവൾ വാതിൽക്കൽ എത്തിയതും അദ്ദേഹം വിളിച്ചു. “ഓ, ജെനവീവ്?”

 

അവൾ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. “യെസ്?” ക്ഷീണിത സ്വരത്തിൽ അവൾ ചോദിച്ചു.

 

ഒരു നീണ്ട മൗനം. ഇരുവരും മുഖത്തോട് മുഖം നോക്കി അല്പനേരം നിന്നു. ചിരപുരാതനമായ ആ കെണിയിൽ അവൾ വീണിരിക്കുന്നു.

 

“ഈ വിഡ്ഢിത്തം അവിടെ ചെന്ന് നിങ്ങൾ ആവർത്തിക്കില്ലെന്ന് വിശ്വസിക്കുന്നു” ശാന്തസ്വരത്തിൽ അദ്ദേഹം പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Thursday, February 6, 2025

കോൾഡ് ഹാർബർ - 27

കിച്ചണിലേക്കുള്ള വാതിലിനോട് ചേർന്ന് തന്നെയായിരുന്നു ബേസ്മെന്റിലേക്കുള്ള കവാടവും. അതിന്റെ വാതിൽ തുറന്നപ്പോൾ താഴെ നിന്നും വെടിയൊച്ച അവൾക്ക് കേൾക്കാൻ സാധിച്ചു. രണ്ട് മുറികളുടെ ഇടയിലെ ചുമർ പൊളിച്ചു കളഞ്ഞിട്ടാണ് ആ ഫയറിങ്ങ് റേഞ്ച് ഉണ്ടാക്കിയിരിക്കുന്നത്. മുറിയുടെ അറ്റത്തുള്ള പ്രകാശമാനമായ ചുമരിനോട് ചേർന്ന് മണൽച്ചാക്കുകൾക്ക് മുന്നിൽ കാർഡ്ബോർഡു കൊണ്ട് നിർമ്മിച്ച ജർമ്മൻ സൈനികരുടെ രൂപങ്ങൾ നിരയായി ചാരി വച്ചിരിക്കുന്നു. റിവോൾവറിൽ തിര നിറച്ചുകൊണ്ട് അവിടെയുള്ള മേശയ്ക്കരികിൽ നിൽക്കുകയാണ് ക്രെയ്ഗ് ഓസ്ബോൺ. വേറെയും ധാരാളം ആയുധങ്ങൾ മേശപ്പുറത്ത് കിടക്കുന്നുണ്ട്. അവളുടെ കാലടിശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അദ്ദേഹം തരിച്ചു നിന്നുപോയി.

 

“ഗുഡ് ഗോഡ്!”

 

“എന്നു വച്ചാൽ ആൻ മേരിയാവാൻ എനിക്ക് കഴിയുമെന്ന്

 

അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു. “യെസ് തീർച്ചയായും എന്നാലും ഈ രൂപമാറ്റം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല” അദ്ദേഹം റിവോൾവർ താഴെ വച്ചു. “ഒരിക്കലും തോക്ക് ഉപയോഗിച്ചിട്ടില്ലെന്നല്ലേ നിങ്ങൾ പറഞ്ഞത്?”

 

“ഒരിക്കൽ ഒരു മേളയിൽ വച്ച് എയർ റൈഫിൾ ഉപയോഗിച്ചിട്ടുണ്ട്

 

അദ്ദേഹം പുഞ്ചിരിച്ചു. “അത്രയെങ്കിലും ആയല്ലോ ഞാനെന്തായാലും ഈ ലോകത്തുള്ള സകല തോക്കുകളെയും കുറിച്ച് ക്ലാസെടുക്കാനൊന്നും പോകുന്നില്ല നിങ്ങൾ ഉപയോഗിക്കാൻ സാദ്ധ്യതയുള്ള രണ്ട് തരം കൈത്തോക്കുകളെക്കുറിച്ച് മാത്രം പറഞ്ഞു തരാം

 

“ഇരയുടെ കഴിയുന്നതും അടുത്ത് നിന്ന് കാഞ്ചി വലിക്കുക അങ്ങനെയല്ലേ അന്ന് പറഞ്ഞു തന്നത്?”

 

“കൗബോയ് ഫിലിമുകളിൽ കാണുന്നത് പോലെ അതത്ര എളുപ്പമാണെന്ന് കരുതിയോ? ശരി, നമുക്ക് നോക്കാം” അദ്ദേഹം ഒരു റിവോൾവർ അവൾക്ക് നൽകി. “അധികം ദൂരെയല്ല  പതിനഞ്ച് വാര മാത്രം നടുവിൽ കാണുന്ന ടാർഗറ്റ് ലക്ഷ്യം വയ്ക്കുക എന്നിട്ട് കാഞ്ചി വലിക്കുക

 

അവൾ വിചാരിച്ചതിലും ഭാരമുണ്ടായിരുന്നു അതിന്. എങ്കിലും അവളുടെ കൈപ്പിടിയിൽ പെട്ടെന്ന് തന്നെ ഒതുങ്ങി. ഇനിയാണ് തന്റെ കഴിവ് അദ്ദേഹത്തിന് മുന്നിൽ പ്രകടിപ്പിക്കുക എന്ന കടമ്പ. കൈകൾ നീട്ടിപ്പിടിച്ച് ഒരു കണ്ണടച്ച് ബാരലിന് സമാന്തരമായി ടാർഗറ്റിലേക്ക് നോക്കിക്കൊണ്ട് കാഞ്ചി വലിച്ചു. ടാർഗറ്റിൽ എവിടെയും സ്പർശിക്കാതെ വെടിയുണ്ട മണൽച്ചാക്കിൽ തുളഞ്ഞു കയറി.

 

“ആദ്യമൊക്കെ ഇങ്ങനെയായിരിക്കും” അദ്ദേഹം പറഞ്ഞു. “എന്നെക്കൊണ്ട് പറ്റില്ല എന്ന് വിചാരിക്കുകയൊന്നും വേണ്ട ഇത്രയും അടുത്ത് നിൽക്കുന്ന ഒരു ശത്രുവിനെ എങ്ങനെയാണ് മിസ് ചെയ്യാൻ കഴിയുക? രണ്ടു കണ്ണും തുറന്ന് പിടിച്ച് കാഞ്ചി വലിക്കണം

 

തിരിഞ്ഞ് അല്പമൊന്ന് താഴ്ന്ന് നിന്ന് അദ്ദേഹം റിവോൾവർ നീട്ടിപ്പിടിച്ചു. പ്രത്യേകിച്ചൊരു ഉന്നം പിടിക്കുന്നത് പോലെയൊന്നും അവൾക്ക് തോന്നിയില്ല. തുരുതുരെ നാല് തവണ വെടിയുതിർന്നു. ശബ്ദം കെട്ടടങ്ങിയതും അവൾ ടാർഗറ്റിലേക്ക് നോക്കി. മദ്ധ്യത്തിൽ വച്ചിട്ടുള്ള ആൾരൂപത്തിന്റെ ഹൃദയഭാഗത്ത് അടുത്തടുത്തായി നാല് ദ്വാരങ്ങൾ. തികഞ്ഞ കൈയടക്കത്തോടെ ഒരു നിമിഷം അങ്ങനെ തന്നെ നിന്ന അദ്ദേഹം സാവധാനം തിരിഞ്ഞു. ഒരു പ്രൊഫഷണൽ കില്ലറുടെ ശൗര്യമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ അവൾക്ക് കാണാനായത്.

 

“ആവർത്തിച്ച് പരിശീലിച്ചാൽ സ്വായത്തമാക്കാവുന്നതേയുള്ളൂ” റിവോൾവർ താഴെ വച്ചിട്ട് വേറെ രണ്ട് തോക്കുകൾ അദ്ദേഹം എടുത്തു. “ല്യൂഗറും വാൾട്ടറും ഇതു രണ്ടും ജർമ്മൻ ആർമി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക്ക് തോക്കുകളാണ് എങ്ങനെയാണ് ലോഡ് ചെയ്യേണ്ടതെന്നും ഷൂട്ട് ചെയ്യേണ്ടതെന്നും ഞാൻ കാണിച്ചു തരാം പക്ഷേ, അധികം സമയമില്ലെന്നത് മാത്രമാണ് നമ്മുടെ പ്രശ്നം അല്ലെങ്കിലും ഇതൊന്നും നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ

 

“അങ്ങനെ പറയാൻ വരട്ടെ” ശാന്തസ്വരത്തിൽ ജെനവീവ് പറഞ്ഞു.

 

എങ്ങനെയാണ് കാർട്രിഡ്ജ് ക്ലിപ്പ് ലോഡ് ചെയ്യുന്നതെന്നും അതിന് ശേഷം ഫയർ ചെയ്യാൻ റെഡിയാക്കുന്നതെന്നും ഇരുപത് മിനിറ്റോളം എടുത്ത് അദ്ദേഹം കാണിച്ചു കൊടുത്തു. അതെല്ലാം സ്വയം ചെയ്യാൻ സാധിക്കുമെന്ന് അവൾ തെളിയിച്ചതിന് ശേഷമാണ് അദ്ദേഹം ഷൂട്ടിങ്ങ് റേഞ്ചിന്റെ അറ്റത്തേക്ക് അവളെ കൂട്ടിക്കൊണ്ടു പോയത്.

 

ഇത്തവണ ഒരു വാൾട്ടർ ഗൺ ആയിരുന്നു അവളുടെ കൈയിൽ. വെടിയുതിർക്കുമ്പോൾ ശബ്ദം പുറത്തു വരാതിരിക്കാനായി കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ച് അതിനെ പരിഷ്കരിച്ചത് SOE ആയിരുന്നു. ഫയർ ചെയ്യുമ്പോൾ ചെറുതായൊരു മുരടനക്കം മാത്രമേ പുറത്ത് കേൾക്കുമായിരുന്നുള്ളൂ.

 

ടാർഗറ്റിൽ നിന്നും ഒരു വാര ദൂരത്തിൽ ചെന്ന് അവർ നിന്നു. “ശത്രുവിന്റെ കഴിയുന്നതും അടുത്ത് എന്നാൽ നിങ്ങളിൽ നിന്നും തോക്ക് പിടിച്ചു വാങ്ങാൻ സാധിക്കുന്നത്ര അടുത്താവരുത് താനും അത് ഓർമ്മ വേണം” അദ്ദേഹം പറഞ്ഞു.

 

“ഓൾറൈറ്റ്

 

“ഇനി അരയ്ക്ക് മുകളിൽ തോക്ക് നീട്ടിപ്പിടിക്കുക ചുമലുകൾ രണ്ടും നേർരേഖയിൽ എന്നിട്ട് തോക്കിന് ഇളക്കം തട്ടാതെ കാഞ്ചി വലിക്കുക

 

പാടില്ല എന്ന് വിചാരിച്ചിട്ടും കാഞ്ചി വലിച്ചപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി. വീണ്ടും കണ്ണുകൾ തുറന്നപ്പോൾ ടാർഗറ്റിന്റെ വയറ്റിൽ വെടിയുണ്ട ഏറ്റിരിക്കുന്നതായാണ് അവൾ കണ്ടത്.

 

“വെരി ഗുഡ്” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “ഞാൻ പറഞ്ഞിരുന്നത് ഓർമ്മയില്ലേ, കഴിയുന്നതും അടുത്ത് നിൽക്കുകയാണെങ്കിൽ കാര്യം എളുപ്പമാണെന്ന്? ഇനി ഒരു വട്ടം കൂടി ചെയ്തു നോക്കൂ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...