Tuesday, October 29, 2024

കോൾഡ് ഹാർബർ - 14

അദ്ധ്യായം – നാല്

 

സെന്റ് മാർട്ടിൻ ഗ്രാമത്തിന് പിന്നിലായി ഒരു കുന്ന് തലയുയർത്തി നിന്നിരുന്നു. ഭൂപടങ്ങളിൽ നോക്കിയാൽ ആ പ്രദേശത്തിന് പ്രത്യേകിച്ച് പേരൊന്നും കാണാൻ സാധിക്കില്ല. പണ്ട് കാലത്ത് ഏതോ ഒരു റോമൻ ബ്രിട്ടീഷ് കോട്ട അവിടെ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ജെനിവീവ് ട്രെവോൺസിന്റെ ഇഷ്ടയിടമായിരുന്നു ആ കുന്നിൻമുകൾ. അവിടെയിരുന്ന് നോക്കിയാൽ ദൂരെ ഉൾക്കടലും ഹാർബറിന്റെ പുലിമുട്ടിൽ തട്ടി നുര ചിതറുന്ന തിരമാലകളും കാണാൻ സാധിക്കും. അവൾക്ക് കൂട്ടിന് കടൽപ്പക്ഷികൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

 

ബ്രേക്ക്ഫസ്റ്റ് കഴിഞ്ഞതും കുന്നിൻമുകളിലേക്ക് കയറിയതാണ് അവൾ. ഇൻഫ്ലുവൻസയുടെ പിടിയിൽ നിന്നും മോചനം നേടി ആരോഗ്യം ഒരു വിധം വീണ്ടെടുത്തിരിക്കുന്നു. വീണ്ടും ജോലിയിൽ പ്രവേശിക്കണമല്ലോ എന്ന ചിന്ത ഇന്നലെ മുതൽ വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്. ലണ്ടന് മേൽ ജർമ്മനി വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നതായാണ് BBC വാർത്ത. ഹോസ്പിറ്റലിലെ കാഷ്വാൽറ്റി വാർഡിൽ ആവുന്നത്ര ജീവനക്കാരെ ആവശ്യമുള്ള സമയമാണിത്.

 

പ്രസന്നമായ പ്രഭാതം. നോർത്ത് കോൺവാളിന്റെ മാത്രം പ്രത്യേകതയാണത്. തെളിഞ്ഞ നീലാകാശം. ദൂരെ, തീരത്തെ മണൽപ്പരപ്പിൽ കയറി വന്ന് ചുംബനം നൽകി തിരിച്ചു പോകുന്ന തിരമാലകൾ. അങ്ങോട്ട് നോക്കി ഇരുന്നപ്പോൾ മാസങ്ങൾക്ക് ശേഷം ഇതാദ്യമായി തെല്ല് ആശ്വാസവും സന്തോഷവും തോന്നി അവൾക്ക്. കുന്നിൻ ചെരുവിൽ തന്റെ ബംഗ്ലാവ് ഇരിക്കുന്ന കോമ്പൗണ്ടിലേക്ക് അവൾ കണ്ണോടിച്ചു. പൂന്തോട്ടത്തിൽ ചെറിയ എന്തോ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് തന്റെ പിതാവ്. അല്പമകലെയായി വന്നു കൊണ്ടിരിക്കുന്ന ഒരു കാർ അവളുടെ ശ്രദ്ധയിൽ പെട്ടത് അപ്പോഴാണ്. യുദ്ധകാലമായതിനാൽ പെട്രോളിന് റേഷനിങ്ങ് ഉള്ള സമയമാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഡോക്ടറുടെയോ പൊലീസിന്റെയോ വാഹനം ആകാനേ തരമുള്ളൂ. എന്നാൽ കുറേക്കൂടി അടുത്തെത്തിയപ്പോഴാണ് മിലിട്ടറി വാഹനങ്ങളുടെ ഒലിവ് ഗ്രീൻ നിറമാണ് അതിന്റേത് എന്ന് അവൾ ശ്രദ്ധിച്ചത്.

 

കോമ്പൗണ്ട് ഗേറ്റിന് സമീപം നിർത്തിയ ആ വാഹനത്തിൽ നിന്നും യൂണിഫോം ധരിച്ച ഒരാൾ പുറത്തിറങ്ങി. അതു കണ്ടതും അവൾ എഴുന്നേറ്റ് കുന്നിറങ്ങുവാൻ തുടങ്ങി. ചെയ്യുന്ന ജോലി മതിയാക്കി നിവർന്ന് നിന്ന അവളുടെ പിതാവ് സ്പേഡ് താഴെയിട്ട് ഗേറ്റിന് നേർക്ക് നടക്കുന്നത് അവൾ കണ്ടു. ആഗതനുമായി ഏതാനും വാക്കുകൾ സംസാരിച്ചതിന് ശേഷം അയാളെയും കൂട്ടി നടന്ന അദ്ദേഹം തങ്ങളുടെ ബംഗ്ലാവിനകത്തേക്ക് കയറി.

 

താഴ്‌വാരത്തിലെത്താൻ നാലോ അഞ്ചോ മിനിറ്റുകൾ മാത്രമേ അവൾക്ക് വേണ്ടി വന്നുള്ളൂ. ഗേറ്റിന് മുന്നിൽ എത്തിയ അവൾ കണ്ടത് ബംഗ്ലാവിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വരുന്ന പിതാവിനെയാണ്. മൺപാതയിലൂടെ നടന്നു വന്ന അദ്ദേഹം ഗേറ്റിന് മുന്നിൽ വച്ച് അവളെ സന്ധിച്ചു.

 

ഭീതിയും വേദനയും നിറഞ്ഞിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ. അവൾ അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു. “എന്തു പറ്റി? എന്താണ് സംഭവം?”

 

ഒരു നിമിഷം അവളെ തുറിച്ചു നോക്കിയ അദ്ദേഹം ഭയന്നത് പോലെ തന്റെ നോട്ടം പിൻവലിച്ചു. “ആൻ മേരി” പരുക്കൻ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “അവൾ നമ്മെ വിട്ടുപോയി ആൻ മേരി കൊല്ലപ്പെട്ടു

 

അവളെ തള്ളിമാറ്റി അദ്ദേഹം തൊട്ടപ്പുറത്തെ ദേവാലയത്തിന് നേർക്ക് നടന്നു. സെമിത്തേരിയിലെ ഒറ്റയടിപ്പാതയിലൂടെ മുടന്തിക്കൊണ്ട് പാതി ഓട്ടത്തിലെന്ന പോലെ പോർച്ചിൽ എത്തിയ അദ്ദേഹം ആ വലിയ ഓക്ക് വാതിൽ തള്ളിത്തുറന്ന് ഉള്ളിൽ കയറി. അടുത്ത നിമിഷം ഉച്ചത്തിലുള്ള ശബ്ദത്തോടെ ആ വാതിൽ അടഞ്ഞു.

 

ആകാശത്തിന് അപ്പോഴും നീല നിറമായിരുന്നു. ദേവാലയ ഗോപുരത്തിനപ്പുറമുള്ള മരച്ചില്ലകളിൽ നിന്ന് കാക്കകൾ അന്യോന്യം ഉച്ചത്തിൽ കലപില കൂട്ടി. ഒന്നിനും ഒരു മാറ്റവുമില്ല. എങ്കിലും ഒരു നിമിഷം കൊണ്ട് സകലതും മാറിയിരിക്കുന്നു. മരവിപ്പ് ബാധിച്ചത് പോലെ അവൾ അവിടെ നിന്നു. യാതൊരു വികാരവുമില്ലാതെ മൊത്തം ശൂന്യത മാത്രം.

 

പിന്നിൽ ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു. “മിസ്സ് ട്രെവോൺസ്?”

 

അവൾ പതുക്കെ തിരിഞ്ഞു. അമേരിക്കൻ യൂണിഫോം ആയിരുന്നു അയാൾ ധരിച്ചിരുന്നത്. ഒലിവ് നിറമുള്ള സൈനിക വേഷത്തിന് മുകളിൽ മുൻഭാഗം തുറന്ന ഒരു ട്രെഞ്ച്കോട്ട് അണിഞ്ഞിരിക്കുന്നു. നിരവധി മെഡൽ റിബണുകൾ അലങ്കരിച്ച യൂണിഫോമിൽ നിന്നും മേജർ പദവിയിലുള്ള ആളാണെന്ന് അദ്ദേഹമെന്ന് അവൾക്ക് മനസ്സിലായി. ചെറുപ്പക്കാരനായ ഒരാൾക്ക് ഇത്രയും മെഡലുകൾ ആദ്യമായിട്ടാണ് അവൾ കാണുന്നത്. സ്വർണ്ണ നിറമുള്ള തലമുടിയ്ക്ക് മേൽ ഒരു വശത്തേക്ക് ചെരിച്ച് വച്ചിരിക്കുന്ന ഫോറേജ് ക്യാപ്. നിർവ്വികാരമായ മുഖത്തെ കണ്ണുകൾക്ക് ശീതകാലത്തെ അറ്റ്‌ലാന്റിക്ക് പോലെ നരച്ച നിറം. എന്തോ പറയുവാൻ തുനിഞ്ഞുവെങ്കിലും അതിന് കഴിയാതെ അദ്ദേഹം വായടച്ചു.

 

“ദുഃഖവാർത്തയുമായിട്ടാണ് എത്തിയിരിക്കുന്നത് അല്ലേ മേജർ?” അവൾ ചോദിച്ചു.

 

“ഞാൻ ഓസ്ബോൺ” അദ്ദേഹം തന്റെ തൊണ്ട ശരിയാക്കി. “ക്രെയ്ഗ് ഓസ്ബോൺ മൈ ഗോഡ്, മിസ്സ് ട്രെവോൺസ് പ്രേതത്തെയാണോ ഞാൻ കാണുന്നത് എന്ന് ഒരു നിമിഷം സംശയിച്ചു പോയി

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, October 22, 2024

കോൾഡ് ഹാർബർ - 13

ആരും പ്രതീക്ഷിക്കുന്ന വിധം ലക്ഷണമൊത്ത ഒരു ഇംഗ്ലീഷ് ഗ്രാമീണ പബ്ബ് ആയിരുന്നു The Hanged Man. കല്ല് പാകിയ തറ. തുറന്ന നെരിപ്പോടിൽ എരിയുന്ന വിറക് കൊള്ളികൾ. ഇരുമ്പ് മേശകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. തടിയിൽ നിർമ്മിച്ച ഉയർന്ന ചാരുകളുള്ള ബെഞ്ചുകൾ. ബീമിൽ പണിതുയർത്തിയ സീലിങ്ങ്. മഹാഗണിയിൽ നിർമ്മിച്ച ബാർ കൗണ്ടറിന് പിന്നിലുള്ള ഷെൽഫിൽ മദ്യക്കുപ്പികൾ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. എന്നാൽ, ബോട്ടിലിൽ നിന്ന് ഗ്ലാസുകളിലേക്ക് മദ്യം പകരുന്ന ജൂലിയും അത് വാങ്ങുവാനായി കൗണ്ടറിൽ കൈകുത്തി മുന്നോട്ടാഞ്ഞ് നിൽക്കുന്ന ക്രീഗ്സ്മറീൻ യൂണിഫോം ധാരികളും ആ അന്തരീക്ഷത്തിന് ഒട്ടും പൊരുത്തപ്പെടാത്തത് പോലെ തോന്നി.

 

ബ്രിഗേഡിയറും ഓസ്ബോണും എഡ്ജും കൂടി അവിടെയെത്തുമ്പോൾ നെരിപ്പോടിനരികിൽ ഇരുന്ന് കോഫി ആസ്വദിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു മാർട്ടിൻ ഹെയർ. അയാൾ എഴുന്നേറ്റ് ജർമ്മൻ ഭാഷയിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “അറ്റൻഷൻ ജനറൽ ഓഫീസർ എത്തിയിരിക്കുന്നു

 

എല്ലാവരും കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു. ബ്രിഗേഡിയർ മൺറോ കൈ ഉയർത്തി തരക്കേടില്ലാത്ത ജർമ്മൻ ഭാഷയിൽ പറഞ്ഞു. “സാരമില്ല, നിങ്ങളുടെ പരിപാടി നടക്കട്ടെ” അദ്ദേഹം ഹെയറിന് ഹസ്തദാനം നൽകിയിട്ട് തുടർന്നു. “പതിവ് ഫോർമാലിറ്റികളുടെയൊന്നും ആവശ്യമില്ല മാർട്ടിൻ നമുക്ക് ഇംഗ്ലീഷിൽ തന്നെ സംസാരിക്കാം അഭിനന്ദനങ്ങൾ ഗുഡ് ജോബ് ലാസ്റ്റ് നൈറ്റ്

 

“താങ്ക് യൂ സർ

 

നെരിപ്പോടിന് പുറംതിരിഞ്ഞു നിന്നുകൊണ്ട് മൺറോ ചൂടു കാഞ്ഞു. “യെസ്, വിവേചനബുദ്ധി ഉപയോഗിച്ച് നിങ്ങൾ മുൻകൈ എടുത്തു അത് നല്ലത് തന്നെ എങ്കിലും ഭാവിയിൽ ഇത്തരം സന്ദർഭങ്ങൾ അഭിമുഖീകരിക്കുമ്പോൾ എന്നോട് ചോദിച്ചിട്ടു വേണം ചെയ്യാൻ

 

“അതൊരു പോയിന്റാണ്, ഓൾഡ് ബോയ്” ഹെയറിന് നേരെ തിരിഞ്ഞ് ജോ എഡ്ജ് പറഞ്ഞു. “ധീരനായ ഈ മേജറിന്റെ ജീവൻ നഷ്ടമായാലും അത്ര പ്രശ്നമൊന്നുമില്ലായിരുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നു

 

ഹെയറിന്റെ കണ്ണുകളിൽ രോഷം ഇരച്ചുകയറിയത് പെട്ടെന്നായിരുന്നു. എഡ്ജിന് ഒന്ന് കൊടുക്കുവാനായി അയാൾ ഒരടി മുന്നോട്ട് വച്ചു. എന്നാൽ ചിരിച്ചുകൊണ്ട് എഡ്ജ് പിറകോട്ട് ഒഴിഞ്ഞു മാറി. “ഓൾറൈറ്റ് ഓൾഡ് ബോയ് ഇവിടെ അക്രമം പാടില്ലെന്ന് അറിഞ്ഞു കൂടേ…?” അയാൾ ബാർ കൗണ്ടറിനരികിലേക്ക് ചെന്നു. “ജൂലീ, മൈ ഡാർലിങ്ങ് ഒരു ലാർജ്ജ് ജിൻ വിത്ത് ടോണിക്ക് പ്ലീസ്

 

“കാം ഡൗൺ മാർട്ടിൻ” മൺറോ പറഞ്ഞു. “യാതൊരു ഔചിത്യവുമില്ലാത്ത പയ്യനാണ് എങ്കിലും വിമാനം പറത്തുന്നതിൽ ജീനിയസാണവൻ വരൂ, നമുക്കും അല്പം കഴിക്കാം” അദ്ദേഹം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “അമിത മദ്യപാനികളൊന്നുമല്ല ഇവർ രാത്രി ഡ്യൂട്ടി ചെയ്യുന്നവരാണ് അതുകൊണ്ട് രാവിലെ കഴിക്കുന്നുവെന്ന് മാത്രം” അദ്ദേഹം ശബ്ദമുയർത്തി. “ലിസൻ എവ്‌രിബഡി ഈ നിൽക്കുന്ന മേജർ ക്രെയ്ഗ് ഓസ്ബോൺ OSS ൽ (Office of Strategic Services) നിന്നാണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട് ഈ നിമിഷം മുതൽ ഇദ്ദേഹവും ഇവിടെ കോൾഡ് ഹാർബറിൽ ഉണ്ടാകും നമ്മളിൽ ഒരുവനായി

 

ഒരു നിമിഷം അവിടെങ്ങും മൗനം നിറഞ്ഞു. ബാർ കൗണ്ടറിന് പിന്നിൽ ഗ്ലാസുകളിലേക്ക് മദ്യം പകർന്നു കൊണ്ടിരുന്ന ജൂലി അത് നിർത്തി അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. ഷ്മിഡ്റ്റ് തന്റെ ഗ്ലാസ് ഉയർത്തി ഓസ്ബോണിനോട് പറഞ്ഞു. “ഗോഡ് ഹെൽപ് യൂ മേജർ

 

അടുത്ത നിമിഷം, അവിടെ കൂടിയിരുന്നവരുടെ പൊട്ടിച്ചിരി മുഴങ്ങി. “മാർട്ടിൻ, ഇവരെയെല്ലാം പരിചയപ്പെടുത്തിക്കൊടുക്കൂ” ഹെയറിനോട് പറഞ്ഞിട്ട് മൺറോ ഓസ്ബോണിന് നേർക്ക് തിരിഞ്ഞു. “യഥാർത്ഥ പേരുകളല്ല, അവർ ഇപ്പോൾ അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ

 

കഴിഞ്ഞ രാത്രിയിൽ കപ്പലിന്റെ വീൽഹൗസിൽ ഉണ്ടായിരുന്ന ചീഫ് പെറ്റി ഓഫീസർ ലാങ്ങ്സ്ഡോർഫ് ഒരു അമേരിക്കക്കാരനായിരുന്നു. അതുപോലെ തന്നെ ഹാഡ്ട്, വാഗ്‌നർ, ബോവർ എന്നിവരും. എഞ്ചിനീയറായ ഷ്നെയ്ഡെർ ആകട്ടെ ജർമ്മൻ ജൂതനായിരുന്നു. വിറ്റിങ്ങ്, ബ്രൗച്ച് എന്നിവർ ഷ്മിഡ്റ്റിനെപ്പോലെ ഇംഗ്ലീഷ് ജൂതരും.

 

ക്രെയ്ഗിന് തല ചുറ്റുന്നത് പോലെ തോന്നി. അദ്ദേഹം വിയർക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ പൊള്ളുന്നത് പോലുള്ള ചൂട് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. “നല്ല ചൂടാണല്ലോ ഇവിടെ” അദ്ദേഹം പറഞ്ഞു. “വല്ലാത്ത ചൂട്

 

ഹെയർ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. “നല്ല കുളിരുള്ള ഒരു പ്രഭാതമാണല്ലോ താങ്കൾക്ക് നല്ല സുഖമില്ലെന്ന് തോന്നുന്നു? ആർ യൂ ഓകെ?”

 

രണ്ട് ഗ്ലാസുകളുമായി എഡ്ജ് അവിടെയെത്തി. ഒന്ന് മൺറോയ്ക്കും മറ്റേത് ക്രെയ്ഗിനും കൊടുത്തിട്ട് അയാൾ പറഞ്ഞു. “മേജർ, നിങ്ങളെ കണ്ടിട്ട് ജിൻ ഇഷ്ടമുള്ള ആളാണെന്ന് തോന്നുന്നു അതങ്ങ് ഉള്ളിൽ ചെല്ലട്ടെ, പോയ ശേഷിയൊക്കെ തിരികെയെത്തും പിന്നെ ജൂലിയ്ക്ക് എന്തായാലും ഇഷ്ടപ്പെടും

 

“അനാവശ്യം പറയരുത്!” രോഷത്തോടെ പറഞ്ഞിട്ട് ക്രെയ്ഗ് ആ ഗ്ലാസ് കാലിയാക്കി.

 

“എന്ത് അനാവശ്യം…?” അദ്ദേഹത്തിനരികിൽ വന്നിരുന്നിട്ട് ഗൂഢാർത്ഥത്തിൽ എഡ്ജ് പറഞ്ഞു. “അത്തരം ആഗ്രഹങ്ങളൊന്നും ജൂലി പുറമെ പറയില്ലെന്നേയുള്ളൂ

 

“മാന്യത എന്നത് തൊട്ടുതീണ്ടാത്ത ജന്തുവാണ് നിങ്ങൾ, അല്ലേ ജോ?” മാർട്ടിൻ ഹെയറിന് രോഷമടക്കാനായില്ല.

 

മുറിവേറ്റത് പോലെ എഡ്ജ് അയാളെ ഒന്ന് നോക്കി. “ആരെയും ഭയമില്ലാത്ത പക്ഷി അതാണ് ഞാൻ ആകാശത്തിലെ വീരയോദ്ധാവ്

 

“ഹെർമൻ ഗോറിങ്ങും അങ്ങനെ തന്നെയായിരുന്നു” ക്രെയ്ഗ് പറഞ്ഞു.

 

“അതെ മിടുക്കനായ പൈലറ്റ് വോൺ റിച്‌ഹോഫൻ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹമാണ് ലുഫ്ത്‌വാഫിനെ നയിച്ചത്” എഡ്ജ് പറഞ്ഞു.

 

മറ്റാരോ സംസാരിക്കുന്നത് പോലെയാണ് സ്വന്തം സ്വരം കേട്ടിട്ട് ക്രെയ്ഗിന് തോന്നിയത്. “കൊള്ളാം മനോരോഗിയായ ഒരു വാർ ഹീറോ എയർഫീൽഡിൽ കിടക്കുന്ന ആ Ju88ന്റെ കോക്പിറ്റിൽ കയറിയാൽ സ്വന്തം വീട്ടിലെത്തിയത് പോലെ തോന്നുമല്ലേ നിങ്ങൾക്ക്?”

 

“Ju88S, ഓൾഡ് ബോയ് പറയുമ്പോൾ കൃത്യമായിരിക്കണം അതിന്റെ എഞ്ചിൻ ബൂസ്റ്റിങ്ങ് സിസ്റ്റം 400 മൈൽ സ്പീഡ് വരെ എടുക്കാൻ കഴിവുള്ളതാണ്

 

“ഒരു കാര്യം പറയാൻ ഇയാൾ വിട്ടുപോയി നൈട്രസ് ഓക്സൈഡിന്റെ മൂന്ന് സിലിണ്ടറുകളെ ആശ്രയിച്ചാണ് ആ ബൂസ്റ്റിങ്ങ് സിസ്റ്റം പ്രവർത്തിക്കുന്നതെന്ന് അതിൽ ഏതിലെങ്കിലും ഒന്നിൽ വെടിയേറ്റാൽ മതി കഷണം കഷണമായി ഇയാൾ ചിതറിത്തെറിക്കാൻ” മാർട്ടിൻ ഹെയർ പറഞ്ഞു.

 

“അതൊന്നും കാര്യമാക്കണ്ട, ഓൾഡ് ബോയ്” എഡ്ജ് ക്രെയ്ഗിനരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. ഈ വിമാനം ഒരു സംഭവം തന്നെയാണ് സാധാരണ ഗതിയിൽ മൂന്നു പേരാണ് ക്രൂവിൽ വേണ്ടത് പൈലറ്റ്, നാവിഗേറ്റർ, പിന്നെ ഒരു റിയർ ഗണ്ണർ എന്നാൽ ചില മോഡിഫിക്കേഷൻസ് ഒക്കെ നടത്തിയതു കൊണ്ട് എനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകും ഇപ്പോൾ ഉദാഹരണത്തിന്, രാത്രികാലങ്ങളിലെ കാഴ്ച്ചയ്ക്കായുള്ള റഡാറിന്റെ സ്ഥാനം കോക്ക്പിറ്റിൽ മാറ്റി ക്രമീകരിച്ചിരിക്കുന്നതുകൊണ്ട് എനിക്ക് തന്നെ…………….”

 

അയാളുടെ സ്വരം ദൂരേയ്ക്ക് അകന്ന് പോകുന്നത് പോലെ ക്രെയ്ഗിന് തോന്നി. കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ. അടുത്ത നിമിഷം അദ്ദേഹം നിലത്തേക്ക് മറിഞ്ഞു വീണു. ബാർ കൗണ്ടറിന് സമീപത്ത് നിന്നും ഓടിയെത്തിയ ഷ്മിഡ്റ്റ് അദ്ദേഹത്തെ പരിശോധിച്ചു. ആ ഹാളിലാകെ നിശ്ശബ്ദത പരന്നു. ഷ്മിഡ്റ്റ് തലയുയർത്തി മൺറോയെ നോക്കി. “ജീസസ് ക്രൈസ്റ്റ്! ചുട്ടുപൊള്ളുന്ന പനിയാണല്ലോ ഇദ്ദേഹത്തിന് ഒരു മണിക്കൂർ മുമ്പ് ഞാൻ നോക്കിയപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ ഇതത്ര നല്ലതല്ല, സർ

 

“റൈറ്റ് ഗൗരവത്തോടെ പറഞ്ഞിട്ട് മൺറോ ഹെയറിന് നേർക്ക് തിരിഞ്ഞു. “ഇദ്ദേഹത്തെ ഞാൻ ലണ്ടനിലേക്ക് കൊണ്ടുപോകുകയാണ് അവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാം

 

ഹെയർ തല കുലുക്കി. “ഓകെ സർ” ഷ്മിഡ്റ്റും വേറെ രണ്ടുപേരും ചേർന്ന് ഓസ്ബോണിനെ താങ്ങിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.

 

മൺറോ എഡ്ജിന് നേർക്ക് തിരിഞ്ഞു. “ജോ, എന്റെ ഓഫീസിലേക്ക് വിളിച്ച് ജാക്ക് കാർട്ടറുമായി സംസാരിക്കൂ അവിടെ ലാൻഡ് ചെയ്ത ഉടൻ തന്നെ ഓസ്ബോണിനെ ഹാംസ്റ്റഡ് നേഴ്സിങ്ങ് ഹോമിൽ അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ പറയൂ” അദ്ദേഹം പുറത്തിറങ്ങി ഷ്മിഡ്റ്റിനെയും കൂട്ടരെയും അനുഗമിച്ചു.

 

                                                  ***

 

ഗാഢമായ ഉറക്കത്തിൽ നിന്നും ഉണർന്ന ക്രെയ്ഗിന് നവോന്മേഷം തോന്നി. ഒട്ടും തന്നെ പനിയില്ല ഇപ്പോൾ. കൈമുട്ടു കുത്തി കിടക്കയിൽ നിന്നും എഴുന്നേറ്റ അദ്ദേഹം ചുറ്റിനും നോക്കി. ഏതോ ഹോസ്പിറ്റലിലെ റൂമിലാണ് തോന്നുന്നു. തൂവെള്ള പെയ്ന്റടിച്ച ചുമരുകൾ. തറയിലേക്ക് കാൽ തൂക്കിയിട്ട് ഇരിക്കവെ വാതിൽ തുറന്ന് ചെറുപ്പക്കാരിയായ ഒരു നേഴ്സ് പ്രവേശിച്ചു.

 

“എഴുന്നേറ്റിരിക്കാൻ പാടില്ല സർ” അവൾ അദ്ദേഹത്തെ ബെഡ്ഡിലേക്ക് തന്നെ കിടത്തി.

 

“ഞാൻ എവിടെയാണ്?” അദ്ദേഹം ആരാഞ്ഞു.

 

ഒന്നും ഉരിയാടാതെ അവൾ പുറത്തേക്ക് പോയി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും വാതിൽ തുറന്ന് വെള്ള കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ ഒരു ഡോക്ടർ പ്രവേശിച്ചു.

 

അയാൾ പുഞ്ചിരിച്ചു. “സോ, ഹൗ ആർ വീ, മേജർ?” ക്രെയ്ഗിന്റെ പൾസ് പരിശോധിച്ചുകൊണ്ട് അയാൾ ചോദിച്ചു. ജർമ്മൻ ചുവയുണ്ടായിരുന്നു അയാളുടെ സംസാരത്തിൽ.

 

“ഹൂ ആർ യൂ?”

 

“അയാം ഡോക്ടർ ബാം

 

“ഞാനിപ്പോൾ എവിടെയാണ്?”

 

“വടക്കൻ ലണ്ടനിലുള്ള ഒരു ചെറിയ നേഴ്സിങ്ങ് ഹോമിൽ കൃത്യമായി പറഞ്ഞാൽ ഹാംസ്റ്റഡ് നേഴ്സിങ്ങ് ഹോം” ക്രെയ്ഗിന്റെ വായിൽ തെർമോമീറ്റർ വച്ചിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അയാൾ പരിശോധിച്ചു. “വെരി ഗുഡ് വെരി നൈസ് ഒട്ടും തന്നെ പനിയില്ല ഈ പെനിസിലിൻ ഒരു അത്ഭുതം തന്നെ നിങ്ങളെ അവിടെ നോക്കിയ ആൾ ഒരു ഇഞ്ചക്ഷൻ തന്നിരുന്നു ഇവിടെയെത്തിയതിന് ശേഷം അതേ ഇഞ്ചക്ഷൻ ഞാൻ വീണ്ടും നൽകി ഒന്നല്ല, പല തവണ അതിന്റെ ഫലമാണ് ഈ കാണുന്നത്

 

“ഞാനിവിടെ എത്തിയിട്ട് എത്ര നാളായി?”

 

“ഇത് മൂന്നാമത്തെ ദിവസം വളരെ മോശമായിരുന്നു നിങ്ങളുടെ അവസ്ഥ മരുന്നുകൾ ഒന്നും കഴിക്കാതിരുന്നതിനാൽ” ബാം ചുമൽ വെട്ടിച്ചു. “നിങ്ങൾക്കുള്ള ചായ ഇപ്പോൾ എത്തും ഞാൻ ബ്രിഗേഡിയർ മൺറോയെ വിളിച്ച് നിങ്ങൾക്ക് സുഖമായി എന്നറിയിക്കട്ടെ

 

അയാൾ പുറത്തേക്ക് പോയി. അല്പനേരം കഴിഞ്ഞ് ക്രെയ്ഗ് എഴുന്നേറ്റ് മേൽവസ്ത്രം ധരിച്ച് ജാലകത്തിനരികിൽ ചെന്ന് ഇരുന്നു. ഉയർന്ന മതിലിനാൽ ചുറ്റപ്പെട്ട ഗാർഡനാണ് ജനാലയ്ക്ക് അപ്പുറം. ട്രേയിൽ ചായപ്പാത്രവുമായി നേഴ്സ് ഉള്ളിലെത്തി.

 

“ചായ കുടിക്കുന്നതിൽ വിരോധമില്ലല്ലോ, മേജർ…? ഇവിടെ കോഫി ഇല്ല

 

“അത് സാരമില്ല” അദ്ദേഹം പറഞ്ഞു. “ഒരു സിഗരറ്റ് കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?”

 

“സത്യം പറഞ്ഞാൽ താങ്കൾ സിഗരറ്റ് വലിക്കാൻ പാടില്ല സർ” ഒന്ന് സംശയിച്ചിട്ട് അവൾ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് പ്ലെയേഴ്സും തീപ്പെട്ടിയും പുറത്തെടുത്തു. “ഞാനാണ് തന്നതെന്ന് ഡോക്ടർ ബാമിനോട് പറഞ്ഞേക്കല്ലേ

 

“യൂ ആർ എ ഹണി” അദ്ദേഹം അവളുടെ കൈയിൽ ഒരു മുത്തം നൽകി. “ഇവിടെ നിന്ന് ഡിസ്ചാർജ് ആവുന്ന അന്ന് രാത്രി തന്നെ പിക്കാഡിലിയിലെ റെയിൻബോ കോർണറിൽ ഞാൻ കൊണ്ടുപോകും ലണ്ടനിൽ ലഭ്യമായ ഏറ്റവും നല്ല കോഫിയും പിന്നെ ഒരുമിച്ച് നൃത്തവും

 

ലജ്ജ കൊണ്ട് തുടുത്ത മുഖത്തോടെ ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി. സിഗരറ്റിന് തീ കൊളുത്തി ഗാർഡനിലേക്ക് നോക്കി അദ്ദേഹം അവിടെത്തന്നെ കുറേ നേരം ഇരുന്നു. അല്പസമയം കഴിഞ്ഞ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു. ഒരു കൈയിൽ വാക്കിങ്ങ് സ്റ്റിക്കും മറുകൈയിൽ ഒരു ബ്രീഫ്കെയ്സുമായി വാതിൽ തുറന്ന് ജാക്ക് കാർട്ടർ പ്രവേശിച്ചു.

 

“ഹലോ ക്രെയ്ഗ്

 

അയാളെ കണ്ട ആഹ്ലാദത്തിൽ ക്രെയ്ഗ് എഴുന്നേറ്റു. “ജാക്ക് എത്ര കാലത്തിന് ശേഷമാണ് നാം കാണുന്നത്…! ബ്ലഡി മാർവലസ് നിങ്ങൾ ഇപ്പോഴും ആ കിഴവന്റെ കീഴിലാണോ വർക്ക് ചെയ്യുന്നത്?”

 

“ഓ, യെസ്” കസേരയിൽ ഇരുന്നിട്ട് കാർട്ടർ തന്റെ ബ്രീഫ്കെയ്സ് തുറന്നു. “നിങ്ങളുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർ ബാം പറഞ്ഞു

 

“എന്ന് പറയാം

 

“ഗുഡ് ഒരു ദൗത്യം കൂടി നിങ്ങളെ ഏൽപ്പിക്കണമെന്ന് ബ്രിഗേഡിയർ ആഗ്രഹിക്കുന്നു നിങ്ങളുടെ ആരോഗ്യസ്ഥിതി അനുവദിക്കുകയാണെങ്കിൽ

 

“അപ്പോഴേക്കും അവിടം വരെ എത്തിയോ? എന്താണദ്ദേഹത്തിന് വേണ്ടത്? എന്നെ കൊല്ലാനാണോ ഭാവം?”

 

കാർട്ടർ കൈ ഉയർത്തി. “പ്ലീസ് ക്രെയ്ഗ് എന്നെ പറയാൻ അനുവദിക്കൂ അത്ര നല്ല വാർത്തയല്ല ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ ആ സുഹൃത്തില്ലേ? ആൻ മേരി ട്രെവോൺസ്?”

 

ക്രെയ്ഗ് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചിട്ട് അയാളെ നോക്കി. “എന്തു പറ്റി അവൾക്ക്?”

 

“അവളെ നേരിൽ കാണണമെന്ന് ബ്രിഗേഡിയർ ആവശ്യപ്പെട്ടിരുന്നു വലിയ ഒരു ദൗത്യത്തിന് മുന്നോടിയായി ശരിയ്ക്കും പ്രധാനപ്പെട്ട ഒന്ന്

 

ക്രെയ്ഗ് സിഗരറ്റിന് തീ കൊളുത്തി. “അതു പിന്നെ എപ്പോഴും അങ്ങനെതന്നെ ആയിരുന്നല്ലോ

 

“അല്ല ക്രെയ്ഗ്, ഇത്തവണ ശരിയ്ക്കും പ്രധാനപ്പെട്ട ഒരു ദൗത്യം ഫ്രാൻസിൽ നിന്നും അവളെ കൊണ്ടുവരുവാൻ ഒരു ലൈസാൻഡർ ഏർപ്പാടാക്കിയിരുന്നു എന്നാൽ അതിനിടയിൽ അപ്രതീക്ഷിതമായി ചിലതെല്ലാം സംഭവിച്ചു” ബ്രീഫ്കെയ്സിൽ നിന്നും എടുത്ത ഫയൽ അയാൾ ക്രെയ്ഗിന് നേർക്ക് നീട്ടി. “വായിച്ചു നോക്കൂ

 

ജാലകത്തിനരികിലെ കസേരയിൽ ചെന്നിരുന്ന് ആ ഫയൽ തുറന്ന് ക്രെയ്ഗ് വായിക്കുവാനാരംഭിച്ചു. കുറേ നേരം കഴിഞ്ഞ് ആ ഫയൽ അടച്ചു വയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു.

 

“അയാം സോറി” കാർട്ടർ പറഞ്ഞു. “വല്ലാത്തൊരു ദുരന്തം അല്ലേ…?

 

“ഇതിലേറെ ഇനി എന്ത് സംഭവിക്കാൻ ഭീകരം

 

ആൻ മേരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെയിരുന്നു. ആ പരുക്കൻ സ്വഭാവംഅമിതമായി ലിപ്‌സ്റ്റിക്ക് പുരട്ടിയ ചുണ്ടുകൾ ഇരുണ്ട സ്റ്റോക്കിങ്ങ്സ് ധരിച്ച അഴകാർന്ന കാലുകൾ ചുണ്ടിൽ എപ്പോഴും എരിയുന്ന സിഗരറ്റ് ഒരു ശല്യക്കാരിയായി തോന്നുമെങ്കിലും അതേ സമയം തന്നെ രസികയുമായിരുന്നു എന്നിട്ട് ഇപ്പോൾ…………..

 

“അവൾക്കൊരു ഇരട്ട സഹോദരി ഇവിടെ ഇംഗ്ലണ്ടിലുള്ള കാര്യം നിങ്ങൾക്കറിയുമോ? ജെനിവീവ് ട്രെവോൺസ് എന്നാണ് പേര്” കാർട്ടർ ചോദിച്ചു.

 

“ഇല്ല” ക്രെയ്ഗ് ആ ഫയൽ തിരികെ നൽകി. “ആൻ മേരി ഒരിക്കലും അങ്ങനെയൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ല അവളുടെ പിതാവ് ഇംഗ്ലീഷുകാരനാണെന്ന് ഞാൻ കേട്ടിരുന്നു ട്രെവോൺസ് എന്നത് കോൺവാൾ പ്രദേശത്തെ ഒരു കുടുംബ നാമമാണെന്നാണ് അവൾ ഒരിക്കൽ പറഞ്ഞത് അദ്ദേഹം മരിച്ചു കാണുമെന്നാണ് ഞാൻ കരുതിയിരുന്നത്

 

“ഇല്ല അദ്ദേഹം ഒരു ഡോക്ടറാണ് കോൺവാളിൽ ജീവിക്കുന്നു നോർത്ത് കോൺവാളിൽ സെന്റ് മാർട്ടിൻ എന്നൊരു കൊച്ചു ഗ്രാമത്തിൽ

 

“അപ്പോൾ, ഈ ജെനിവീവ് എന്ന് പറയുന്ന മകളോ?”

 

“ഇവിടെ ലണ്ടനിൽ സെന്റ് ബർത്തലോമ്യൂവ്സ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സാണ് ഈ അടുത്തയിടെയാണ് അവൾക്ക് ഇൻഫ്ലൂവെൻസ പിടിപെട്ടത് നീട്ടി വാങ്ങിയ അവധിയുമായി പിതാവിനൊപ്പം സെന്റ് മാർട്ടിനിലാണ് അവളിപ്പോൾ

 

“സോ?”

 

“നിങ്ങളോട് അവിടെ പോയി അവളെ കാണുവാനാണ് ബ്രിഗേഡിയർ പറയുന്നത്” ബ്രീഫ്കെയ്സിൽ നിന്നും വെള്ള നിറമുള്ള വലിയൊരു എൻവലപ്പ് എടുത്ത് കാർട്ടർ അദ്ദേഹത്തിന് നൽകി. “ഈ വിഷയം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും നിങ്ങളുടെ സഹായം എത്രത്തോളം വിലപ്പെട്ടതാണെന്നും ഇത് വായിച്ചു കഴിയുമ്പോൾ മനസ്സിലാവും

 

എൻവലപ്പ് തുറന്ന്, ടൈപ്പ് ചെയ്തിരിക്കുന്ന കത്ത് പുറത്തെടുത്ത് ക്രെയ്ഗ് സാവധാനം വായിക്കുവാൻ തുടങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, October 15, 2024

കോൾഡ് ഹാർബർ - 12

പ്രൗഢഗംഭീരമായിരുന്നു ആ ലൈബ്രറി റൂം. തറ മുതൽ സീലിങ്ങ് വരെ മുട്ടുന്ന ഷെൽഫിനുള്ളിൽ നിറയെ പുസ്തകങ്ങൾ. ഹാളിന് നടുവിൽ സജ്ജീകരിച്ചിരിക്കുന്ന തുറന്ന നെരിപ്പോടിൽ വിറകു കഷണങ്ങൾ എരിയുന്നുണ്ട്. അതിന് ചുറ്റിനുമായി സോഫകളും കസേരകളും ക്രമീകരിച്ചിരിക്കുന്നു. ക്രെയ്ഗ് ഓസ്ബോൺ പ്രവേശിക്കുമ്പോൾ നെരിപ്പോടിനരികിൽ നിന്നുകൊണ്ട് തന്റെ കണ്ണട ശ്രദ്ധാപൂർവ്വം തുടയ്ക്കുകയായിരുന്നു ബ്രിഗേഡിയർ ഡോഗൽ മൺറോ. ഉള്ളിൽ കടന്ന ജോ ഏഡ്ജ് വാതിലിന് സമീപം ചുമരിൽ ചാരിക്കൊണ്ട് നിന്നു. മൺറോ കണ്ണട മുഖത്ത് വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് ശാന്തയോടെ ഓസ്ബോണിനെ നോക്കി.

 

“ജോ, നിങ്ങൾ പുറത്ത് വെയ്റ്റ് ചെയ്യൂ” മൺറോ പറഞ്ഞു.

 

“ഓ, ഡിയർ അപ്പോൾ ഇവിടെ നടക്കുന്ന തമാശയൊന്നും എനിക്ക് കാണാനാവില്ലെന്ന്, അല്ലേ…?” അയാൾ പുറത്തേക്കിറങ്ങി.

 

“ഗുഡ് റ്റു സീ യൂ, ക്രെയ്ഗ്” മൺറോ പറഞ്ഞു.

 

“പക്ഷേ, എനിക്ക് അങ്ങനെ പറയാൻ തോന്നുന്നില്ല” ക്രെയ്ഗ് അവിടെയുള്ള ഒരു കസേരയിൽ ചെന്നിരുന്നിട്ട് സിഗരറ്റിന് തീ കൊളുത്തി. “നാം തമ്മിൽ അത്രയ്ക്ക് അകന്നു പോയിരിക്കുന്നു

 

“ഡിയർ ബോയ്, ഇങ്ങനെ കടുപ്പിച്ച് പറയല്ലേ അത് ശരിയല്ല

 

“എങ്ങനെ പറയാതിരിക്കും? എന്നും വെറുമൊരു ഉപകരണം മാത്രമായിരുന്നു ഞാൻ നിങ്ങൾക്ക്

 

മൺറോ എതിർവശത്തുള്ള കസേരയിൽ ഇരുന്നു. “ആലങ്കാരികമായിട്ടാണ് നിങ്ങൾ പറഞ്ഞതെങ്കിലും അതിൽ കാര്യമില്ലാതില്ല ആട്ടെ, നിങ്ങളുടെ കൈ എങ്ങനെയുണ്ട്? ഷ്മിഡ്റ്റ് വന്ന് നോക്കിയിരുന്നുവെന്ന് കേട്ടു

 

“കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്താൻ ഒരു ഡോക്ടറെ കാണിക്കണമെന്നാണ് അയാളുടെ അഭിപ്രായം

 

“നോ പ്രോബ്ലം അക്കാര്യം നമുക്ക് അറേഞ്ച് ചെയ്യാം പിന്നെ, ആ ഡൈട്രിച്ചിനെ വധിച്ചത് അതൊരു സംഭവമായിരുന്നു കേട്ടോ നിങ്ങളുടെ സകല കഴിവുകളും പുറത്തെടുത്തുവെന്ന് പറയാം ഹിംലറിനും SDയ്ക്കും ഒരു കനത്ത അടി തന്നെയായിരിക്കും അതെന്നതിൽ സംശയമില്ല

 

“അതിന് പ്രതികാരമായി എത്ര ബന്ദികളെയാണ് അവർ വെടിവെച്ചു കൊന്നത്?”

 

മൺറോ ചുമൽ വെട്ടിച്ചു. “അത് നിങ്ങളുടെ കുറ്റമല്ല യുദ്ധം എന്ന് പറഞ്ഞാൽ അങ്ങനെയാണ്

 

“ഇതു തന്നെയാണ് ആൻ മേരിയും പറയാറുള്ളത് ഇതേ വാക്കുകൾ തന്നെ” ക്രെയ്ഗ് പറഞ്ഞു.

 

“ആഹ്, യെസ് നിങ്ങളെ സഹായിക്കാൻ അവൾ ഉണ്ടായിരുന്നുവെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി എന്റെ കീഴിലാണ് അവൾ വർക്ക് ചെയ്യുന്നത് അറിയാമോ?”

 

“ദെൻ ഗോഡ് ഹെൽപ് ഹെർ” ക്രെയ്ഗ് കടുപ്പിച്ച് പറഞ്ഞു.

 

“ആന്റ് യൂ, ഡിയർ ബോയ് ഇപ്പോൾ മുതൽ നിങ്ങളും SOE യുടെ ഭാഗമാണ്

 

തന്റെ സിഗരറ്റ് നെരിപ്പോടിനുള്ളിലേക്ക് വലിച്ചെറിഞ്ഞിട്ട് ക്രെയ്ഗ് മുന്നോട്ടാഞ്ഞു. “ലൈക്ക് ഹെൽ അയാം ഞാനൊരു അമേരിക്കൻ ഓഫീസറാണ് OSSലെ ഒരു മേജർ എന്നെ തൊടാൻ പോലും നിങ്ങൾക്കാവില്ല

 

“ഓ, യെസ് എനിക്കാവും സുഹൃത്തേ ജനറൽ ഐസൻഹോവറിന്റെ നേരിട്ടുള്ള നിർദ്ദേശമനുസരിച്ചാണ് ഞാൻ ദൗത്യങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത് കോൾഡ് ഹാർബർ പ്രോജക്ട് എന്നു പറയുന്നത് ഒരു സംയുക്ത സംരംഭമാണ് ഹെയറും അയാളുടെ നാല് സഹപ്രവർത്തകരും അമേരിക്കൻ പൗരന്മാരാണ് നിങ്ങളും എന്നോടൊപ്പം ചേരാൻ പോകുകയാണ് ക്രെയ്ഗ് മൂന്ന് കാരണങ്ങൾ കൊണ്ട് ഒന്നാമത്തേത്, കോൾഡ് ഹാർബർ പ്രോജക്ടിനെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാം രണ്ടാമതായി, എനിക്ക് നിങ്ങളെ ഇവിടെ വേണമെന്നത് തന്നെ യൂറോപ്പ് അധിനിവേശം അടുത്തിരിക്കുന്ന വേളയിൽ നിർണ്ണായകമായ പല കാര്യങ്ങളും നാം ചെയ്തുകൊണ്ടിരിക്കുകയാണ് അതിലേക്ക് നിങ്ങൾക്കും നല്ലൊരു സംഭാവന നൽകാൻ കഴിയും

 

“ശരി, മൂന്നാമത്തെ കാരണം എന്താണ്?” ക്രെയ്ഗ് ആരാഞ്ഞു.

 

“വളരെ ലളിതം അമേരിക്കൻ ആംഡ് ഫോഴ്സസിലെ ഒരു ഓഫീസറാണ് നിങ്ങൾ എന്നെപ്പോലെ തന്നെ ആജ്ഞകൾ അനുസരിക്കാൻ മാത്രമേ നിങ്ങൾക്കും കഴിയൂ” മൺറോ എഴുന്നേറ്റു.

 

“അതുകൊണ്ട്, മണ്ടത്തരങ്ങൾ പറയാതിരിക്കൂ ക്രെയ്ഗ് നമുക്ക് പബ്ബിൽ ചെന്ന് ഹെയറിനെയും സഹപ്രവർത്തകരെയും കണ്ട് നിങ്ങളും അവരുടെ സംഘത്തിന്റെ ഭാഗമാണെന്ന കാര്യം അറിയിക്കാം

 

മൺറോ തിരിഞ്ഞ് വാതിലിന് നേർക്ക് നടന്നു. ആശയറ്റ മനസ്സുമായി ഇനിയെന്ത് എന്ന ആകാംക്ഷയിൽ ക്രെയ്ഗ് അദ്ദേഹത്തെ അനുഗമിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, October 10, 2024

കോൾഡ് ഹാർബർ - 11

പഴയ ശൈലിയിലുള്ള ആ വലിയ ബാത്ത്‌റൂമിലെ സിങ്കിനരികിൽ ഇട്ടിരിക്കുന്ന കസേരയിൽ ക്രെയ്ഗ് ഓസ്ബോൺ അർദ്ധനഗ്നനായി ഇരുന്നു. ക്രീഗ്സ്മറീൻ യൂണിഫോം ധരിച്ച ഷ്മിഡ്റ്റ് തന്റെ മെഡിക്കൽ കിറ്റ് തറയിൽ വച്ചിട്ട് അദ്ദേഹത്തിനരികിൽ വന്ന് കൈമുട്ടിന് മുകൾഭാഗത്തെ മുറിവ് വൃത്തിയാക്കാനാരംഭിച്ചു. ജൂലി ലെഗ്രാൻഡ് വാതിൽക്കൽ വന്ന് അവരെ നോക്കിക്കൊണ്ട് നിന്നു. അയഞ്ഞ പൈജാമയും ബ്രൗൺ നിറമുള്ള സ്വെറ്ററും ധരിച്ച അവർ തന്റെ ചെമ്പൻ നിറമുള്ള മുടി പിറകോട്ട് വരിഞ്ഞ് മുറുക്കി കെട്ടിവച്ചിരിക്കുന്നു. മുപ്പതുകളുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന അവരുടെ ഭംഗിയുള്ള മുഖത്തിന് ഒട്ടും ചേരാത്തത് പോലെ തോന്നി അത്.

 

“മുറിവ് കണ്ടിട്ട് എങ്ങനെയുണ്ട്?” ജൂലി ചോദിച്ചു.

 

“എന്ന് ചോദിച്ചാൽ” ഷ്മിഡ്റ്റ് ചുമൽ വെട്ടിച്ചു. “വെടിയുണ്ടയേറ്റ മുറിവുകളെക്കുറിച്ച് ഒന്നും പറയാനാവില്ല പെനിസിലിൻ എന്നൊരു പുതിയ മരുന്ന് എന്റെ കൈയിലുണ്ട് ഇൻഫെക്ഷൻ ഉള്ള ഭാഗത്ത് അത് അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നാണ് പറയുന്നത്” അയാൾ ചെറിയൊരു ബോട്ടിലിൽ നിന്ന് മരുന്ന് സിറിഞ്ചിലേക്ക് വലിച്ചെടുത്തു.

 

“എന്ന് തന്നെ പ്രതീക്ഷിക്കാം നമുക്ക് ഞാൻ കോഫി എടുത്തുകൊണ്ട് വരാം” ജൂലി പറഞ്ഞു.

 

ഷ്മിഡ്റ്റ് ഇഞ്ചക്ഷൻ നൽകിയപ്പോൾ ഓസ്ബോൺ ചെറുതായൊന്ന് ഞരങ്ങി. മുറിവിന് മുകളിൽ ഡ്രെസ്സിങ്ങ് പാഡ് വച്ച് അയാൾ വൃത്തിയായി ബാൻഡേജ് ഇട്ടു.

 

“ഒരു ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു, കേണൽ” ഷ്മിഡ്റ്റ് പറഞ്ഞു.

 

“നമുക്ക് ആലോചിക്കാം” ക്രെയ്ഗ് പറഞ്ഞു.

 

അദ്ദേഹം എഴുന്നേറ്റു. ജൂലി കൊണ്ടു വന്ന് വച്ചിരുന്ന വൃത്തിയുള്ള കാക്കി ഷർട്ട് ധരിക്കുവാൻ ഷ്മിഡ്റ്റ് അദ്ദേഹത്തെ സഹായിച്ചു. ബട്ടൻസ് എല്ലാം സ്വയം ഇട്ടിട്ട് അദ്ദേഹം അടുത്ത റൂമിലേക്ക് നടന്നു. ഷ്മിഡ്റ്റ് തന്റെ സാധനങ്ങളെല്ലാം മെഡിക്കൽ കിറ്റിനുള്ളിലേക്ക് തിരികെ എടുത്തു വച്ചു.

 

അല്പം പഴക്കമുണ്ടെങ്കിലും വളരെ പ്രസന്നമായിരുന്നു ആ റൂം. അലങ്കാരപ്പണികളുടെ കുറവ് കാണാനുണ്ട്. മഹാഗണി കൊണ്ട് നിർമ്മിച്ച ഒരു കട്ടിൽ. ജാലകത്തിനരികിലായി മേശയും രണ്ട് ചാരുകസേരകളും. ക്രെയ്ഗ് ജാലകത്തിലൂടെ പുറത്തേക്ക് എത്തി നോക്കി. പുറത്തുള്ള ടെറസ് കാണാനുണ്ട്. കാര്യമായി പരിപാലിക്കപ്പെടാത്ത ഒരു ഗാർഡനാണ് അതിനപ്പുറത്ത്. ബീച്ച് മരങ്ങളും ചെറിയൊരു തടാകവും ഒക്കെയായി തികച്ചും ശാന്തമായ അന്തരീക്ഷം.

 

കൈയിൽ മെഡിക്കൽ കിറ്റുമായി ഷ്മിഡ്റ്റ് ബാത്ത്റൂമിൽ നിന്നും പുറത്ത് വന്നു. “ഞാൻ പിന്നെ വന്ന് നോക്കിക്കോളാം ബ്രേക്ക്ഫാസ്റ്റിനുള്ള സമയമായി പന്നിയിറച്ചിയും മുട്ടയും ഇനിയും കാത്തു നിൽക്കാൻ വയ്യ” പുറത്തേക്കുള്ള വാതിലിന്റെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് അയാൾ ചിരിച്ചു. “നിങ്ങളൊരു ജൂതനല്ലേ എന്നൊന്നും ചോദിക്കണ്ട ഈ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റിന്റെ രുചി വർഷങ്ങൾക്ക് മുമ്പേ എന്നെ ചീത്തയാക്കിയതാണ്

 

അയാൾ വാതിൽ തുറന്നതും കൈയിൽ ഒരു ട്രേയുമായി ജൂലി അകത്തേക്ക് പ്രവേശിച്ചു. ഷ്മിഡ്റ്റ് പുറത്തേക്ക് പോയി. അവർ ആ ട്രേ ജാലകത്തിനരികിലുള്ള മേശയിൽ വച്ചു. കോഫി, ടോസ്റ്റ്, ഓറഞ്ച് ജാം, ഫ്രഷ് റോൾസ് തുടങ്ങി വിഭവസമൃദ്ധം. മേശയ്ക്ക് ഇരുവശത്തുമായി ഇരുവരും ഇരുന്നു.

 

“നിങ്ങളെ വീണ്ടും കാണുവാൻ കഴിഞ്ഞതിൽ എനിക്കെന്തു മാത്രം സന്തോഷമുണ്ടെന്നറിയുമോ, ക്രെയ്ഗ്” കപ്പിലേക്ക് കോഫി പകരവെ ജൂലി പറഞ്ഞു.

 

“പാരീസിലെ ആ ദിനങ്ങൾ വളരെക്കാലം ആയത് പോലെ” കോഫി എടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

“ആയിരം വർഷങ്ങൾ പോലെ

 

“ഹെൻട്രിയുടെ കാര്യം അറിഞ്ഞത് ഏറെ കഴിഞ്ഞിട്ടായിരുന്നു” അദ്ദേഹം പറഞ്ഞു. “ഹാർട്ട് അറ്റാക്ക് ആയിരുന്നു അല്ലേ?”

 

അവർ തല കുലുക്കി. “ഒന്നും അറിഞ്ഞില്ല അദ്ദേഹം ഉറക്കത്തിലായിരുന്നു അവസാനത്തെ പതിനെട്ട് മാസങ്ങൾ ലണ്ടനിൽ താമസിക്കാൻ പറ്റിയെന്നത് തന്നെ വലിയ ഭാഗ്യം നിങ്ങളോട് മാത്രമാണ് അതിന് ഞങ്ങൾ നന്ദി പറയേണ്ടത്

 

“നോൺസെൻസ്” ചമ്മലോടെ ക്രെയ്ഗ് പറഞ്ഞു.

 

“ഇല്ല ക്രെയ്ഗ്, അതാണ് സത്യം ആട്ടെ, കഴിക്കാൻ ഏതാണ് വേണ്ടത്? ടോസ്റ്റ് വേണോ റോൾ വേണോ?”

 

“ഒന്നും വേണ്ട ഇപ്പോൾ തീരെ വിശപ്പില്ല ഒരു കപ്പ് കോഫി കൂടി ആയാൽ ധാരാളം

 

കപ്പിലേക്ക് കോഫി പകർന്നു കൊണ്ട് അവർ തുടർന്നു. “നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അന്ന് രാത്രി ഗെസ്റ്റപ്പോയുടെ വലയിൽ നിന്നും ഞങ്ങൾക്ക് രക്ഷപെടാനാവില്ലായിരുന്നു നിങ്ങൾക്കന്ന് തീരെ സുഖമില്ലായിരുന്നു ആ മൃഗങ്ങൾ നിങ്ങളോട് ചെയ്തതെന്താണെന്ന് മറന്നു പോയോ ക്രെയ്ഗ്? എന്നിട്ടും അന്ന് രാത്രി ആ ട്രക്കിൽ നിങ്ങൾ ഹെൻട്രിയെയും തേടി പോയി മറ്റ് ആരായിരുന്നാലും ശരി അദ്ദേഹത്തെ ഉപേക്ഷിച്ച് വന്നേനെ” വികാരാധീനയായ ജൂലിയുടെ കണ്ണുകൾ നിറഞ്ഞു. “നിങ്ങളാണ് ക്രെയ്ഗ്, അദ്ദേഹത്തിന് പുതിയൊരു ജീവിതം നൽകിയത് അവസാന കാലത്ത് ഇംഗ്ലണ്ടിൽ ഏതാനും മാസങ്ങൾ ആ കടപ്പാട് എന്നുമുണ്ടാകും എനിക്ക്

 

ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം എഴുന്നേറ്റ് അദ്ദേഹം ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. “ആ സംഭവത്തിന് ശേഷം ഞാൻ SOE യുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ആ സമയത്തായിരുന്നു ഞങ്ങളുടെ ആൾക്കാർ OSS (Office of Stategic Services) തുടങ്ങി വച്ചത്. അവർക്ക് എന്നെയും എന്റെ പ്രവൃത്തി പരിചയത്തെയും ആവശ്യമുണ്ടായിരുന്നു മാത്രവുമല്ല, സത്യം പറഞ്ഞാൽ, ഡോഗൽ മൺറോയോടൊപ്പമുള്ള ജോലി എനിക്ക് മതിയാവുകയും ചെയ്തിരുന്നു

 

“കഴിഞ്ഞ നാലു മാസമായി അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് ഞാൻ” ജൂലി പറഞ്ഞു. “ഒരു ജമ്പിങ്ങ് ഓഫ് പോയിന്റ്, സുരക്ഷിത താവളം എന്നിങ്ങനെയൊക്കെയായി ഉപയോഗിക്കുന്നു ഇവിടം

 

“മൺറോയോടൊപ്പം യോജിച്ചു പോകുന്നുവെന്നോ?”

 

“ഒരു പരുക്കൻ മനുഷ്യനാണദ്ദേഹം” അവർ ചുമൽ വെട്ടിച്ചു. “പക്ഷേ, യുദ്ധവും അങ്ങനെ തന്നെയല്ലേ

 

അദ്ദേഹം തല കുലുക്കി. “വളരെ വിചിത്രമായിരിക്കുന്നു ഇവിടെയുള്ള സകലതും മനുഷ്യർ പോലും... ഉദാഹരണത്തിന് ആ പൈലറ്റ് ജോ എഡ്ജ് ലുഫ്ത്‌വാഫ് യൂണിഫോമും ധരിച്ച് താൻ അഡോൾഫ് ഗാലന്റ് ആണെന്ന മട്ടിലാണ് അയാൾ ഇവിടെ ചുറ്റിക്കറങ്ങുന്നത്

 

“അതെ അവന് വട്ടാണ്സാധാരണ ദിവസങ്ങളിൽ പോലും” അവർ പറഞ്ഞു. “താൻ ജർമ്മൻ വ്യോമസേനയുടെ ഭാഗമാണെന്നാണ് അവന്റെ വിചാരം നമ്മളൊക്കെ അവന്റെ ശത്രുക്കളാണെന്നും പക്ഷേ, മൺറോയുടെ ചിന്താഗതി മറ്റൊന്നാണ് അവന്റെ വ്യോമ വൈദഗ്ദ്ധ്യത്തിലാണ് അദ്ദേഹം വിശ്വാസമർപ്പിച്ചിരിക്കുന്നത് ആ വിഷയത്തിൽ അവൻ മിടുക്കനാണ് താനും

 

“ഹെയർ ആളെങ്ങനെയാണ്?”

 

“മാർട്ടിൻ ഹെയർ?” പുഞ്ചിരിച്ചുകൊണ്ട് കപ്പെടുത്ത് ട്രേയിൽ വച്ചു. “മാർട്ടിൻ തികച്ചും വ്യത്യസ്തനാണ് എനിക്കദ്ദേഹത്തോട് ചെറിയൊരു പ്രണയവുമുണ്ടെന്ന് കൂട്ടിക്കോളൂ

 

ഒന്ന് മുട്ടുക പോലും ചെയ്യാതെ വാതിൽ തള്ളിത്തുറന്ന് ജോ എഡ്ജ് മുറിയിൽ പ്രവേശിച്ചു. “എന്താണിവിടെ? രണ്ടു പേരും കൂടി ഒരു സ്വകാര്യം?”

 

ചുമരിൽ ചാരി നിന്ന് ഒരു സിഗരറ്റ് എടുത്ത് അയാൾ തന്റെ ചുണ്ടിൽ വച്ചു. “മര്യാദ എന്ന് പറയുന്നത് ഒട്ടും തന്നെയില്ല അല്ലേ ജോ, നിങ്ങൾക്ക്?” നീരസത്തോടെ ജൂലി ചോദിച്ചു.

 

“ഞാൻ പറഞ്ഞത് ഫീൽ ചെയ്തു അല്ലേ സ്വീറ്റീ? സാരമില്ല” അയാൾ ഓസ്ബോണിന് നേർക്ക് തിരിഞ്ഞു. “ക്രോയ്ഡണിൽ നിന്നും ബോസ് എത്തിയിട്ടുണ്ട്

 

“ആര്, മൺറോയോ?”

 

“അത്യാവശ്യമായി നിങ്ങളെ കാണണമെന്ന് പറഞ്ഞു അദ്ദേഹം ലൈബ്രറിയിൽ കാത്തിരിക്കുന്നുണ്ട് എന്റെയൊപ്പം വരൂ

 

അയാൾ പുറത്തേക്ക് നടന്നു. ഓസ്ബോൺ തിരിഞ്ഞ് ജൂലിയെ നോക്കി പുഞ്ചിരിച്ചു. “നമുക്ക് പിന്നെ കാണാം” അദ്ദേഹം അയാളെ അനുഗമിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...