Thursday, May 29, 2025

കോൾഡ് ഹാർബർ - 41

ഫിനിസ്റ്റർ തീരത്തിന് സമീപം കടലിൽ അപ്പോഴും മൂടൽമഞ്ഞ് വ്യാപിച്ചിരുന്നു. വല്ലപ്പോഴും അതിന്റെ ആവരണത്തിൽ നിന്നും പുറത്ത് കടക്കുമ്പോൾ മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും എത്തി നോക്കുന്ന ചന്ദ്രനെ കാണാമായിരുന്നു. സൈലൻസറുകൾ ഓൺ ചെയ്ത് തീരം ലക്ഷ്യമാക്കി ലിലി മർലിൻ നീങ്ങി. കപ്പലിന്റെ മുൻഭാഗത്തും പിൻഭാഗത്തുമുള്ള പീരങ്കികൾക്ക് പിന്നിൽ എന്തിനും സജ്ജരായി നാവികർ നിലയുറപ്പിച്ചു. മാർട്ടിൻ ഹെയറിന്റെ അരപ്പട്ടയിലെ ഹോൾസ്റ്ററിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിൽ ഒരു പിസ്റ്റൾ വിശ്രമിക്കുന്നുണ്ടായിരുന്നു.

 

ലാങ്ങ്സ്ഡോർഫാണ് വീൽ നിയന്ത്രിക്കുന്നത്. ഹെയറും ക്രെയ്ഗും തങ്ങളുടെ നൈറ്റ്‌വിഷൻ ഗ്ലാസുകളിലൂടെ കരയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജെനവീവും റിനേയും അവരുടെ തൊട്ടു പിന്നിൽത്തന്നെ നിലയുറപ്പിച്ചിരിക്കുന്നു. പെട്ടെന്നാണ് അധികം അകലെയല്ലാതെ ഒരു വിളക്കിന്റെ പ്രകാശം ശ്രദ്ധയിൽപ്പെട്ടത്.

 

“അവരവിടെയുണ്ട്” ഹെയർ പറഞ്ഞു. “പെർഫെക്‌റ്റ്” അദ്ദേഹം ലാങ്ങ്സ്ഡോർഫിന്റെ ചുമലിൽ കൈ വച്ചു. “ഇനി കാര്യങ്ങൾ എളുപ്പമാണ് വേഗത കുറച്ചോളൂ ഡെഡ് സ്ലോ

 

ഗ്രോസ്നെസിലെ ആ കടൽപ്പാലം ഇരുട്ടിൽ നിന്നും പതിയെ തെളിഞ്ഞു വന്നു. ഉയരമുള്ള ആ പാലത്തിന്റെ തുരുമ്പിച്ച തൂണുകൾക്കിടയിൽ ആഞ്ഞടിച്ച് തിരമാലകൾ ചിന്നിച്ചിതറുന്നുണ്ടായിരുന്നു. ലോവർ ജെട്ടിയിലേക്ക് പ്രവേശിച്ച കപ്പലിന്റെ ഡെക്കിൽ കയറുകളുമായി നാവികർ തയ്യാറായി നിന്നു. അവർക്കിടയിൽ ഒരു ഷ്മീസർ മെഷീൻ പിസ്റ്റളുമായി എന്തിനും തയ്യാറായി നിൽക്കുന്ന ഷ്മിഡ്റ്റിനെ ജെനവീവ് ശ്രദ്ധിച്ചു.

 

കടൽപ്പാലത്തിന് മേൽ നേർത്ത വെട്ടം കാണാമായിരുന്നു. അവിടെ നിന്നും ഫ്രഞ്ച് ഭാഷയിൽ ആരോ വിളിച്ചു ചോദിച്ചു. “നിങ്ങളാണോ അത്?”

 

“ഗ്രാൻഡ് പിയർ ആണത്വരൂ, നമുക്കിറങ്ങാം” ക്രെയ്ഗ് പറഞ്ഞു.

 

ജെനവീവും റിനേയും മുന്നോട്ട് നീങ്ങി. ക്രെയ്ഗും ഹെയറും അവരെ അനുഗമിച്ചു. ജെട്ടിയിൽ ഇറങ്ങിയ അവൾ തിരിഞ്ഞ് ഡെക്കിലേക്ക് നോക്കി. ഷ്മിഡ്റ്റ് അവളെ നോക്കി പുഞ്ചിരിച്ചു. “ആ തെമ്മാടികൾ നിങ്ങളെ നശിപ്പിക്കാൻ അനുവദിക്കരുത് കേട്ടോ” അയാൾ പറഞ്ഞു.

 

ക്രെയ്ഗ് അവളുടെ അരികിലേക്ക് ചേർന്ന് നിന്നു. “ഇത് എന്റെ വക ഒരു സമ്മാനം” ഒരു വാൾട്ടർ പിസ്റ്റളും സ്പെയർ ക്ലിപ്പും അദ്ദേഹം അവൾക്ക് നൽകി. “പോക്കറ്റിൽ വച്ചോളൂ ആയുധമില്ലാതെ ഒരു പെൺകുട്ടിയും കഷ്ടപ്പെടാൻ പാടില്ല

 

“അതെ, പ്രത്യേകിച്ചും ഈ രാജ്യത്ത്” ഹെയർ അവളെ ചേർത്തു പിടിച്ചു. “സ്വന്തം ജീവനിൽ എപ്പോഴും ശ്രദ്ധ വേണം

 

ക്രെയ്ഗ് റിനേയുടെ നേർക്ക് തിരിഞ്ഞു. “ഇവരെ ജീവനോടെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ് പറഞ്ഞില്ലെന്ന് വേണ്ട

 

റിനേ ചുമൽ വെട്ടിച്ചു. “മോസെലാ ജെനവീവിന് സംഭവിക്കുന്നതെന്ത് തന്നെയായാലും ശരി, അത് എനിക്കും സംഭവിച്ചിരിക്കും, മേജർ

 

ക്രെയ്ഗ് ജെനവീവിന് നേർക്ക് തിരിഞ്ഞു. “ഓകെ, ഏയ്ഞ്ചൽ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ ഗംഭീര പ്രകടനത്തിനായി ചെല്ലൂ തകർത്തിട്ട് വരണം

 

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മുഖം തിരിച്ച്, ജെട്ടിയുടെ മുകൾഭാഗത്തേക്കുള്ള പടികൾ കയറുവാൻ തുടങ്ങിയ അവളെ റിനേ അനുഗമിച്ചു. കടൽപ്പാലത്തിന്റെ അറ്റത്ത് കരയിൽ ഒരു ട്രക്ക് കിടക്കുന്നുണ്ടായിരുന്നു. ഇരുട്ടിൽ എന്തൊക്കെയോ രൂപങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത് അവ്യക്തമായി കാണാം. പെട്ടെന്നൊരാൾ അവർക്ക് മുന്നിലെത്തി. ഇതുപോലെ രൗദ്രഭാവമുള്ള ഒരാളെ തന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അവൾ കാണുന്നത്. ഒരു തുണിത്തൊപ്പിയും ലെഗ്ഗിൻസും കോളറില്ലാത്ത ഷർട്ടും അഴുക്കു പുരണ്ട ജാക്കറ്റും ധരിച്ച ഒരു വില്ലൻ രൂപം. താടിയിലെ കുറ്റിരോമങ്ങളും വലതു കവിളിലെ മുറിപ്പാടും വല്ലാത്തൊരു ഭീതിയാണ് അവളിൽ ജനിപ്പിച്ചത്.

 

“ഗ്രാൻഡ് പിയർ?” റിനേ വിളിച്ചു.

 

ജെനവീവിന്റെ വലതുകൈ പോക്കറ്റിനുള്ളിലെ വാൾട്ടറിൽ സ്പർശിച്ചിരുന്നു. “ഇത് നമ്മൾ ഉദ്ദേശിക്കുന്ന ആളാണെന്ന് തോന്നുന്നില്ല” തിടുക്കത്തിൽ റിനേയുടെ കാതിൽ അവൾ മന്ത്രിച്ചത് ഇംഗ്ലീഷിലായിരുന്നു.

 

ഏതാണ്ട് ഒരു വാര അടുത്തെത്തിയ അയാൾ പുഞ്ചിരിച്ചു. “നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതിൽ ഖേദിക്കുന്നു കുട്ടീ” ശുദ്ധമായ ഓക്സ്ഫഡ് ശൈലിയിലായിരുന്നു അയാളുടെ വാക്കുകൾ. “ഗ്രാൻഡ് പിയറിനെയാണ് നിങ്ങൾ തേടുന്നതെങ്കിൽ അത് ഈ ഞാൻ തന്നെയാണ്

 

അയാൾക്ക് പിന്നിൽ റൈഫിളുകളും സ്റ്റെൻ ഗണ്ണുകളും ഒക്കെയായി നടന്നു വന്ന ഏതാണ്ട് ഒരു ഡസനോളം പേർ അവളെയും നോക്കിക്കൊണ്ട് ഒരക്ഷരം പോലും ഉരിയാടാതെ അവിടെ നിലയുറപ്പിച്ചു.

 

പതിഞ്ഞ സ്വരത്തിൽ അവൾ ഗ്രാൻഡ് പിയറിനോട് പറഞ്ഞു. “ജർമ്മൻ‌കാരോട് ഇവർ എങ്ങനെയാണ് പെരുമാറുന്നതെന്ന് എനിക്കറിയില്ല പക്ഷേ, കണ്ടിട്ട് എനിക്ക് വല്ലാത്ത ഭയം തോന്നുന്നു

 

“അതെയതെ, അവരെ കണ്ടാൽ അങ്ങനെ തന്നെയേ തോന്നൂ” അയാൾ കൈ കൊട്ടി അവരെ വിളിച്ചു. “കൂട്ടരേ, വന്നോളൂ നമുക്ക് നീങ്ങാം പിന്നെ, നിങ്ങളുടെ നാക്കിനെ സൂക്ഷിച്ചോണം നമ്മുടെ കൂടെ ഒരു വനിത ഉള്ള കാര്യം മറക്കേണ്ട” ഫ്രഞ്ച് ഭാഷയിലായിരുന്നു അയാൾ അവരോട് സംസാരിച്ചത്.

 

                                                           ***

 

ഗ്യാസോജെൻ എന്ന് അറിയപ്പെടുന്ന ഒരു ട്രക്ക് ആയിരുന്നു അത്. പിൻഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള സ്റ്റൗവിൽ കൽക്കരി കത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്നയിനം വാഹനം. ഒരു മൈൽ പിന്നിട്ടതും പിയറിന്റെ സഹപ്രവർത്തകർ വഴിയിൽ ഇറങ്ങിപ്പോയിരുന്നു. പ്രത്യേകിച്ചൊരു ഈണവുമില്ലാതെ ചൂളം കുത്തിക്കൊണ്ട് സാമാന്യം വേഗതയിൽ ഡ്രൈവ് ചെയ്യുകയാണ് അയാൾ.

 

“പോകുന്ന വഴിയിൽ ജർമ്മൻ പട്രോൾ സംഘത്തിന്റെ മുന്നിൽ പെട്ടാൽ എന്തു ചെയ്യും നാം?” അവൾ ചോദിച്ചു.

 

“ജർമ്മൻ എന്തിന്റെ?” 

 

“പട്രോൾ സംഘത്തിന്റെ” അയാളുടെ ദേഹത്ത് നിന്നും വമിക്കുന്ന ദുർഗന്ധം സഹിച്ചുകൊണ്ട് അവൾ പറഞ്ഞു.

 

“ഇവിടെ അവരങ്ങനെ ഇറങ്ങാറില്ല ആവശ്യമുള്ളപ്പോൾ മാത്രമേ റോന്ത് ചുറ്റാൻ അവർ ഇറങ്ങൂ അതായത് പകൽ സമയത്ത്  ഇന്ന് രാത്രി ഈ പ്രദേശത്തിന്റെ പതിനഞ്ച് മൈൽ ചുറ്റളവിൽ അവർ ഉണ്ടെങ്കിൽ ഞാനത് അറിഞ്ഞിരിക്കും ബിലീവ് മീ

 

അയാളുടെ അമിതവിശ്വാസം കണ്ട് ചിരിക്കാനാണ് തോന്നിയതെങ്കിലും അവളുടെയുള്ളിലെ ഭീതി അതിനനുവദിച്ചില്ല. “അത്രയ്ക്കും കാര്യക്ഷമമാണ് നിങ്ങളുടെ സംഘടനയുടെ പ്രവർത്തനം എന്നാണോ പറഞ്ഞു വരുന്നത്?”

 

“നിങ്ങളെക്കുറിച്ച് കേട്ടിട്ടേയുള്ളൂ എങ്കിലും നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം എപ്പോഴെങ്കിലും ഓക്സ്ഫഡിൽ പോയിട്ടുണ്ടോ നിങ്ങൾ?” ഗ്രാൻഡ് പിയർ ചോദിച്ചു.

 

“ഇല്ല

 

“നോർഫോക്കിൽ?”

 

“അവിടെയും പോയിട്ടില്ല

 

അവർ ഒരു കുന്നിൻ ചരിവിൽ എത്തി. ആ സമയത്താണ് മഞ്ഞിന്റെ ആവരണം നീങ്ങിയതും ആകാശത്ത് ചന്ദ്രനെ കാണാനായതും. താഴ്‌‌വാരത്തിലൂടെ കടന്നു പോകുന്ന റെയിൽവേ ലൈനും കുറേയധികം കെട്ടിടങ്ങളും നിലാവെട്ടത്തിൽ ദൃശ്യമായി. സെന്റ് മോറീസ് പട്ടണമായിരുന്നു അത്.

 

“കഷ്ടം” അയാൾ പറഞ്ഞു. “അവിടെ വേട്ടയാടാൻ പോകാറുണ്ടായിരുന്നു ഞാൻ സാൻഡ്രിങ്ങ്ഹാമിന് സമീപം അവിടെയാണ് രാജാവിന്റെ എസ്റ്റേറ്റൊക്കെയുള്ളത് മനോഹരമായ സ്ഥലം

 

“അതൊക്കെ മിസ് ചെയ്യുന്നുണ്ടോ നിങ്ങൾ?”

 

“ശരിക്കും പറഞ്ഞാൽ ഇല്ല ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി മിസ് ചെയ്യുന്നുണ്ടെന്ന് നടിക്കുന്നുണ്ടെങ്കിലും ഈ കഷ്ടപ്പാടൊന്നും ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തു ചെയ്യും? കണ്ടില്ലേ എന്റെ വേഷം? ദുർഗന്ധം വമിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും നല്ല നിലയിൽ കഴിഞ്ഞിരുന്ന ഞാൻ ഏതവസ്ഥയിലേക്ക് എത്തിയെന്ന് നോക്കൂ

 

“ഇതിന് മുമ്പ് നിങ്ങൾ എന്താണ് ചെയ്തിരുന്നത്?”

 

“യുദ്ധം തുടങ്ങുന്നതിന് മുമ്പ് എന്നാണോ ഉദ്ദേശിച്ചത്? ഒരു ഇടത്തരം പബ്ലിക്ക് സ്കൂളിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുകയായിരുന്നു

 

“അപകടം നിറഞ്ഞ ഇപ്പോഴത്തെ ഈ ജോലി നിങ്ങൾ ആസ്വദിക്കുന്നുണ്ടോ?”

 

“ഓ, യെസ് ജർമ്മൻ അധിനിവേശത്തെ ചെറുക്കുവാനായി ചെറുപ്പക്കാർക്ക് ട്രെയിനിങ്ങ് കൊടുക്കുക പോലുള്ള ജോലികൾ അല്ലെങ്കിലും റോസച്ചെടിയുടെ മുള്ളിനെക്കാൾ ചിലപ്പോൾ വേദനിപ്പിക്കുക അതിന്റെ ഉണങ്ങിച്ചുരുണ്ട ഇലകളായിരിക്കും ശരിയല്ലേ?”

 

“നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോ എന്ന് തന്നെ എനിക്ക് സംശയമാണ്

 

“എന്റെ വിദ്യാർത്ഥികളും ഇതു തന്നെയാണ് പറയാറുള്ളത്” നാട്ടിൻപുറത്തേക്ക് പ്രവേശിക്കവെ അയാൾ ട്രക്കിന്റെ വേഗത കുറച്ചു. “റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് യാർഡിലേക്കാണ് നാം പോകുന്നത്

 

ഇരുവശത്തും വലിയ തൂണുകളുള്ള കവാടം കടന്ന് കല്ലു പതിച്ച യാർഡിലേക്ക് കയറിയ വാഹനം അറ്റത്തുള്ള കെട്ടിടത്തിന് മുന്നിൽ ചെന്ന് നിന്നു. ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന് ആരോ എത്തി നോക്കി. ഡോർ തുറന്ന് റിനേ താഴേക്കിറങ്ങി. തൊട്ടു പിന്നാലെ ജെനവീവും.

 

“താങ്ക് യൂ വെരി മച്ച്” അവൾ പറഞ്ഞു.

 

“നിങ്ങളെ സേവിക്കുക എന്നതാണ് ഞങ്ങളുടെ കടമ” താഴെ നിൽക്കുന്ന അവളെ നോക്കി ഗ്രാൻഡ് പിയർ പുഞ്ചിരിച്ചു. “റോസച്ചെടിയുടെ ഉണങ്ങിച്ചുരുണ്ട ഇലകൾ അത് മറക്കണ്ട

 

തിരിച്ചു പോകുന്ന ട്രക്കിനെ നോക്കി ഒരു നിമിഷം നിന്ന അവൾ കെട്ടിടത്തിനുള്ളിലേക്ക് കയറിയ റിനേയെ അനുഗമിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


7 comments:

  1. ഒത്തിരി നാളിനു ശേഷം ഒരു തേങ്ങാ

    ReplyDelete
    Replies
    1. ഒരു തേങ്ങ, എന്റെ വകയും..

      Delete
    2. രണ്ട് തേങ്ങ... 75 രൂപയാ ഇപ്പോൾ രണ്ട് തേങ്ങയ്ക്ക്... സന്തോഷം... 😄

      Delete
  2. "അല്ലെങ്കിലും റോസച്ചെടിയുടെ മുള്ളിനെക്കാൾ ചിലപ്പോൾ വേദനിപ്പിക്കുക അതിന്റെ ഉണങ്ങിച്ചുരുണ്ട ഇലകളായിരിക്കും…"

    അങ്ങനെയൊക്കെയുണ്ടോ??

    ReplyDelete
    Replies
    1. ഫിലോസഫി പറഞ്ഞതാ ഗ്രാന്റ് പിയർ... പ്രത്യക്ഷത്തിൽ കാണുന്ന ശത്രുക്കൾ ഒന്നും ആകണമെന്നില്ല നമ്മളെ അപകടപ്പെടുത്തുന്നത്, നാം‌ പ്രതീക്ഷിക്കാത്ത ആരെങ്കിലും ആയിരിക്കുമെന്ന്...

      Delete
  3. "റോസ ചെടിയുടെ ഉണങ്ങി ചുരുണ്ട ഇലകൾ". ആരാണ് ശത്രുവായി വരുന്നതെന്ന് അറിയില്ല. കരുതിയിരിക്കുക

    ReplyDelete
    Replies
    1. അതെ... അതു തന്നെയാണ് ഗ്രാൻഡ് പിയർ അവൾക്ക് നൽകിയ മുന്നറിയിപ്പ്...

      Delete